Current Date

Search
Close this search box.
Search
Close this search box.

ഖൗലഃ തർക്കിക്കുകയാണ്..

قَدْ سَمِعَ ٱللَّهُ قَوْلَ ٱلَّتِى تُجَٰدِلُكَ فِى زَوْجِهَا وَتَشْتَكِىٓ إِلَى ٱللَّهِ وَٱللَّهُ يَسْمَعُ تَحَاوُرَكُمَآ إِنَّ ٱللَّهَ سَمِيعٌۢ بَصِيرٌ ﴿١

തന്റെ ഭര്‍ത്താവിനെക്കുറിച്ച് നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവോട് ആവലാതിപ്പെടുകയും ചെയ്യുന്നവളുടെ  വാക്കുകള്‍ അല്ലാഹു കേട്ടിരിക്കുന്നു; തീര്‍ച്ച. അല്ലാഹു നിങ്ങളിരുവരുടെയും സംഭാഷണം ശ്രവിക്കുന്നുണ്ട്. നിശ്ചയമായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു.

 

തന്റെ പ്രിയതമൻ ഔസ് ഇന്നലെ തന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു. തനിക്ക് വേണ്ടപ്പെട്ടതെല്ലാം സമർപ്പിച്ച , ഇത്രയും നാൾ തന്റെ ഓജസും തേജസുമുള്ളേടത്തോളം കൂടെ നിന്ന ചങ്ക് ഭർത്താവ് , വാർധക്യത്തിന്റെ അസ്കൃതയിലാവണം ആ കൊടും വർത്തമാനം പറഞ്ഞു കളഞ്ഞു. أنتِ علي كظهر أمي നീ എനിക്ക് ന്റെ ഉമ്മാന്റെ മുതുക് കണക്കെയാണ്. ജാഹിലിയ്യ കാലത്തിന്റെ വിവാഹമോചന രീതികളിൽ ഏറ്റവും ക്രൂരമായ ഒന്ന്. ഇന്നലെ വരെ ഒന്നായിരുന്നവർ ഇന്ന് അന്യരാവുന്ന കൊടും ക്രൂരത . ഖൗല എങ്ങനെ സഹിക്കും !? അവർ പരാതിയുമായി തന്റെ നേതാവിന്റെ സവിതത്തിലേക്കോടി, ലേശം ഗൗരവത്തിൽ തന്നെ തന്റെ നിസ്സഹായാവസ്ഥ തുറന്നു പറഞ്ഞു. അവർക്ക് അദ്ദേഹമല്ലാതെ ഇത്തരം വിഷയങ്ങൾ തുറന്നു പറയാൻ ഒരു സൗഹൃദമില്ല , ഖൗല കരഞ്ഞ് പറഞ്ഞു:

“പ്രവാചകരേ, എനിക്ക് അദ്ദേഹത്തിൽ നിന്ന് മക്കളുണ്ട്. ഞാൻ അവരെ അദ്ദേഹത്തോടൊപ്പം
വിട്ടാൽ അവർ നഷ്ടപ്പെടും, അവരെ എന്റെ കൂടെ ചേർത്താൽ അവർ പട്ടിണിയാവും ” … സംസാരം അവസാനം തർക്കത്തിന്റെ ഘട്ടത്തിലെത്തി.

എല്ലാം കേട്ട പ്രവാചകൻ കൈമലർത്തി. അങ്ങിനെയൊരു വർത്തമാനം കൊണ്ട് ഭാര്യ ഉമ്മയാവില്ലായെന്ന് അദ്ദേഹം കുറച്ചു മുന്നേ സൂറ: അഹ്സാബിൽ പഠിച്ച് കഴിഞ്ഞിരുന്നു. സ്വഹാബത്തിനെ പ്രസ്തുത വിഷയം ആ ഗൗരവം ഒട്ടും ചോരാതെ പഠിപ്പിക്കുകയും ചെയ്തു കഴിഞ്ഞതാണ്. എന്നാലിതാ സംഗതി തന്റെ തൊട്ടു മുന്നിൽ കണ്ണീരൊലിപ്പിച്ച് നില്ക്കുന്നു. ഔസും തന്റെ വേണ്ടപ്പെട്ടവൻ, അത്തുപിത്തുമാണെന്ന് എഴുതിതള്ളാൻ മാത്രം വാർധക്യം ബാധിച്ചിട്ടില്ലാത്ത ഒരു വിനീത അനുയായി !
മധ്യവയസ്കയായ ഒരു സ്ത്രീ തന്റെ ഇണയുടെ അവസ്ഥാന്തരങ്ങൾ ആവലാതിയായിപ്പറഞ്ഞ് പൊട്ടിക്കരഞ്ഞതിന് പക്ഷേ, ഏഴാനാകാശത്ത് നിന്ന് വിധി വന്നു. സംഭവിച്ചത് സംഭവിച്ചു. ഔസിനെ വിഷയത്തിന്റെ ഗൗരവം പറഞ്ഞ് മനസ്സിലാക്കിച്ച് പ്രായശ്ചിത്തത്തിന് തയ്യാറാക്കുക.

Also read: മക്കളെ സ്കൂളിലയക്കുന്നതെന്തിന്?

60 നോമ്പെടുക്കാനുള്ള ശാരീരിക ശേഷിയോ 60 അഗതികൾക്ക് ഭക്ഷണമൊരുക്കാനോ അടിമയെ മോചിപ്പിക്കാനോ ഉള്ള സാമ്പത്തിക ഭദ്രതയോ ഇല്ലാതിരുന്ന അദ്ദേഹത്തിന്റെ പ്രശ്നം പ്രവാചകൻ ഇഷ്ടസമ്മാനമായി നല്കിയ ദാനത്തിലൂടെയാണ് പരിഹരിച്ചതെന്ന് തഫ്സീർ ഗ്രന്ഥങ്ങൾ പറയുന്നു.

വർഷങ്ങൾ കൊഴിഞ്ഞു പോയി , അവരുടെ ഭർത്താവ് ഔസ് മരിച്ചു. നേതാവും നാടുനീങ്ങി, കാലം അധികം തീരുന്നതിന് മുന്നേ ഒന്നാം ഉത്തരാധികാരിയായ അബൂബക്റും ദിവംഗതനായി. ഉമർ (റ) ന്റെ ഭരണകാലം, ഈജിപ്തും കടന്നു ശാമിന്റെ അങ്ങേതല മുതൽ അറേബ്യൻ പെനിൻസുലയുടെ ഇങ്ങേയറ്റം വരെയുള്ള പ്രവിശാലമായ സാമ്രാജ്യത്തിന്റെ പ്രസിഡന്റായ ഉമർ സ്വന്തം വാഹനപ്പുറത്ത് കൂട്ടുകാരനായ ജാറൂദിനോടപ്പം മദീനത്തിന് പുറത്തേക്ക് പോവുമ്പോൾ അദ്ദേഹത്തിന്റെ വാഹനത്തിന് കൈകാട്ടി നിർത്തി പറയാനുള്ള മുഴുവൻ സങ്കടങ്ങളും ഖൗല പറഞ്ഞു. ഒരക്ഷരം ഉരിയാടാതെ അദ്ദേഹം എല്ലാം സാകൂതം കേട്ടു എല്ലാം തല കുലുക്കി സമ്മതിച്ചു. അവരവരുടെ സങ്കേതത്തിലേക്കു പോയി. ജാറൂദ് ഉമറിനോട് :
“ഒരു വൃദ്ധ വന്ന് കൈകാട്ടിയപ്പോഴേക്കും വണ്ടി സൈഡാക്കി അവരുടെ രൂക്ഷമായ വർത്തമാനം മുഴുവൻ തലകുലുക്കി കേൾക്കാൻ മാത്രം താങ്കൾ ക്ഷമാലുവായോ ?”
ഉമറതിന് പ്രതിവചിച്ചത്: “അവരുടെ പരാതിക്ക് എന്നേക്കാൾ ശ്രേഷ്ഠനായ എന്റെ ഹബീബ് ശ്രദ്ധിച്ചു കേൾക്കാൻ മനസ്സു കാണിച്ചുവെങ്കിൽ, ഏഴാനാകാശത്ത് നിന്ന് മറുപടി ഉണ്ടായി എങ്കിൽ എനിക്കെന്തു കൊണ്ട് അവർ പറയുന്നത് മിണ്ടാതിരുന്നു കേട്ടുകൂടാ എന്നായിരുന്നു.

നബി (സ)യോടും ഉമറിനോടുമെല്ലാം സംസാരിച്ച് കാര്യം നേടിയെടുത്ത സഹോദരിമാരോട് പുറത്തിറങ്ങരുതെന്നും മിണ്ടരുതെന്നും മുഷ്ടി ചുരുട്ടരുതെന്നും മറ്റും ഉപദേശിക്കാൻ അന്ന് ഉസ്താദുമാർ ഇല്ലാതെ പോയി.

Related Articles