Current Date

Search
Close this search box.
Search
Close this search box.

ജുമുഅയുടെ നാഗരിക മുഖം

jumua.jpg

വിശുദ്ധ വേദത്തിലെ സൂക്തം അവതരിക്കാനുള്ള ഒരു സംഭവം നടന്ന അന്നേദിവസം ഒരു വെള്ളിയാഴ്ചയായിരുന്നു. മദീനയിലാകെ പട്ടിണിയും പരിവട്ടവും വ്യാപിച്ച കാലം. നബി തിരുമേനി(സ) ഖുത്വുബ നിര്‍വഹിച്ച് കൊണ്ടിരിക്കുന്നു. അപ്പോഴാണ് തങ്ങളുടെ കച്ചവടസംഘം തിരിച്ച് വരുന്നതായി അവര്‍ കണ്ടത്. ഉടനെ അവരെല്ലാവരും അവിടേക്ക് ഓടി. പട്ടിണിയില്‍ നിന്നും രക്ഷ നേടാന്‍ വല്ലതും തടഞ്ഞിട്ടുണ്ടോ എന്നന്വേഷിക്കാനായിരുന്നു അത്. പ്രവാചകന്റെ കൂടെ പള്ളിയില്‍ അവശേഷിച്ചത് കേവലം 12 പേര്‍ മാത്രമായിരുന്നു.

ഉടനെ സൂറത്തുല്‍ ജുമുഅഃ അവതീര്‍ണമായി. പ്രസ്തുത സംഭവത്തെ മാത്രമല്ല ആ സൂക്തം പരാമര്‍ശിച്ചത്്. മറിച്ച് മുസ്‌ലിം ഉമ്മത്ത് എല്ലാകാലത്തും സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. അതിനാല്‍ തന്നെ പ്രസ്തുത അദ്ധ്യായത്തെ ഒരു നാഗരിക കാഴ്ചപ്പാടോട് കൂടി സമീപിക്കുന്ന പക്ഷം പുതിയ ചില ഫലങ്ങള്‍ നമുക്ക് ലഭിച്ചേക്കാം. ഒരു പക്ഷേ മുന്‍കാല മുഫസ്സിറുകള്‍ക്ക് ലഭിക്കാത്ത ചില ആശയങ്ങളും നാം കണ്ടെത്തിയേക്കാം. മുസ്‌ലിം ഉമ്മത്തിന്റെ നാഗരിക സവിശേഷതകളാണ് ഈ അദ്ധ്യാത്തില്‍ നമുക്ക് കാണാവുന്ന സുപ്രധാന കാര്യം. പരസ്പര ബന്ധിതമായ മൂന്ന് ആശയങ്ങളെ അത് ഊട്ടിയുറപ്പിക്കുന്നതായി കാണാവുന്നതാണ്.

1- മുസ്‌ലിം ഉമ്മത്ത് ദൈവത്താല്‍ നിയോഗിക്കപ്പെട്ടവരാണ്.
2- ചരിത്രത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് തങ്ങളുടെ പ്രയാണം നല്ലരീതിയിലാക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്.
3- ദൈവിക സന്ദേശം ജീവിതത്തില്‍ പാലിച്ച് ദുന്‍യാവിനെ കീഴ്‌പെടത്താന്‍ സാധിക്കണമെന്നും ദുന്‍യാവിന് കീഴ്‌പെടരുതെന്നും ഉണര്‍ത്തി.

ഇസ്‌ലാമിന്റെ ചരിത്രം ആരംഭിക്കുന്നത് വളരെ പെട്ടന്നായിരുന്നു. ചരിത്രത്തിന്റെ ഭൂപടത്തില്‍ അവഗണിക്കപ്പെട്ട് കിടന്നിരുന്ന ഈ പ്രദേശം ഇത്രത്തോളം പ്രാധാന്യമുള്ളതാവുമെന്ന് ഒരിക്കലും പ്രതീക്ഷിക്കപ്പെട്ടിരുന്നില്ല. അത് ഗോത്രവര്‍ഗക്കാര്‍ നിറഞ്ഞ പ്രദേശമായിരുന്നു. ആളുകളാവട്ടെ തീര്‍ത്തും നിരക്ഷരരും. പ്രവര്‍ത്തനത്തിലും ചിന്തയിലും അവര്‍ പടുവിഢികളായിരുന്നു. ഒരു നാഗരികനിര്‍മാണത്തെകുറിച്ചവര്‍ ചിന്തിച്ചിട്ട് പോലുമില്ല. ദൈവിക ഇടപെടലുകള്‍ തന്നെയായിരുന്നു അധികാരത്തിലേക്കും നേതൃത്ത്വത്തിലേക്കുമുള്ള അവരുടെ പ്രയാണത്തിന് സഹായകമായതും സാമ്രാജ്യത്വ ശക്തികള്‍ക്ക് മേല്‍ വിജയം കൈവരിക്കാന്‍ സാധിച്ചതും . അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമായിരുന്നു അവരുടെ നാഗരികനിര്‍മാണം. ‘തീര്‍ത്തും നിരക്ഷരനായ അവര്‍ക്കിടയില്‍ അദ്ദേഹത്തെ നിയോഗിച്ചത് അവനാകുന്നു(അല്ലാഹു). അദ്ദേഹം അവര്‍ക്ക് മേല്‍ വിശുദ്ധ വേദത്തിന്റെ വചനങ്ങള്‍ പാരായണം ചെയ്യുകയും, അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് വേദവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്തു. അവരാകട്ടെ ഇതിന് മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു താനും.’ (ജുമുഅഃ 2)

ഈ ഉമ്മത്തിന്റെ ദീനിന്റെ രഹസ്യവും അത് തന്നെയാണ്. അപരിഷ്‌കൃതത്തില്‍ നിന്ന് നാഗരികതയിലേക്കും ജാഹിലിയ്യത്തില്‍ നിന്ന് നേതൃത്വത്തിലേക്കും അവരെ നയിച്ചത് അതായിരുന്നു. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ആട്ടിടയന്മാരെ ലോകത്തിന്റെ ഇടയന്മാരാക്കി മാറ്റാന്‍ അവരെ സഹായിച്ചത് ദൈവിക സാന്നിദ്ധ്യം തന്നെയായിരുന്നു.

സമൂഹങ്ങളെ ഭരിക്കുക എന്നതിന്റെ വിവക്ഷ അവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കുകയെന്നോ, അടിച്ചമര്‍ത്തുകയെന്നോ അല്ല. മറിച്ച് ദൈവികസന്ദേശം കൃത്യമായി അവരിലേക്ക് എത്തിക്കുകയെന്നതാണ് ദൗത്യം. കാരണം ഇത് സാര്‍വലൗകികയും മാനവികവുമായ സന്ദേശമാണ്. അറബികള്‍ക്കിടയിലുണ്ടായിരുന്ന വര്‍ഗീയതയും, ഗോത്രമഹിമയും വളര്‍ത്താനോ, പിന്തുണക്കാനോ അല്ല ഇസ്‌ലാം വന്നത്. മറിച്ച് ഇസ്‌ലാമിക പ്രബോധനത്തിന്റെ മഹത്തായ ഉത്തരവാദിത്തം ഏറ്റെടുത്ത് ജനങ്ങളെ അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്ക് കൈപിടിച്ചാനയിക്കാനാണ് അത് ആഗതമായത്.

അതിന്‍മേലാണ് ഈ ഉമ്മത്തിന്റെ ആയുസ്സ് നിലനില്‍ക്കുന്നത്. ശാശ്വതികത്വത്തിന്റെ ചരിത്രത്തില്‍ അവര്‍ ഇടം പിടിച്ചതും അത് കൊണ്ട് തന്നെയാണ്. ധൈഷണികതയില്‍ നിന്നും രൂപപ്പെട്ട സമൂഹമാണത്. ഇസ്‌ലാമിക സന്ദേശമാണ് അതിനെ രൂപപ്പെടുത്തിയത്. തലമുറകള്‍ നീണ്ട് നില്‍ക്കുന്ന സന്ദേശമാണത്. ‘അവരില്‍ പെട്ട മറ്റ് ചിലരുണ്ട് അവര്‍ വന്ന് ചേര്‍ന്നിട്ടില്ല, അവന്‍ പ്രതാപശാലിയും യുക്തിജ്ഞനുമത്രെ.’ (ജുമുഅ: 3)

ഈ ആയത്തിനെ കുറിച്ച് നബി തിരുമേനി(സ) ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം സല്‍മാനുല്‍ ഫാരിസിയിലേക്ക് ചൂണ്ടി ഇപ്രകാരം പറഞ്ഞു ‘ഈമാന്‍ സുരയ്യ നക്ഷത്രത്തിന്റെ അടുത്താണെങ്കില്‍ പോലും ഇക്കൂട്ടര്‍ അവിടെചെന്ന് അത് കണ്ടെത്തുക തന്നെ ചെയ്യും.’ ബുഖാരി. സല്‍മാന്‍(റ) അറബികളില്‍ പെട്ടവനായിരുന്നില്ല മറിച്ച് പേര്‍ഷ്യക്കാരനായിരുന്നു. അത് കൊണ്ട് തന്നെ പണ്ഡിതന്മാര്‍ പറയുന്നത് അറബികള്‍ക്ക് പുറമെ പ്രവാചകനെ സത്യപ്പെടുത്തിയ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് മേല്‍പറഞ്ഞ സൂക്തം.
വിവിധങ്ങളായ ജനവിഭാഗങ്ങളും തലമുറകളും ഉള്‍പെടുന്ന ഈ ഉമ്മത്ത് അറേബ്യന്‍ ആത്മാവും സംസ്‌കാരവും മുറുകെപിടിച്ച, അറബി ഭാഷയെ കേന്ദ്രീകരിച്ച സമൂഹമാണ്. ഇമാം ത്വാഹിര്‍ ബിന്‍ ആശൂര്‍ നേരത്തെ ഉദ്ധരിച്ച ആയത്തിനെ വിശദീകരിക്കുന്നത് ഇപ്രകാരമാണ്. അറബികളും മറ്റുള്ളവരും തമ്മിലുള്ള ബന്ധത്തെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. പരസ്പര ബന്ധമുള്ള ഒരു സമൂഹം. പിന്നീട് അവര്‍ അറബികളുമായി ചേരുകയും വിശുദ്ധ ഖുര്‍ആനും ദീനും പഠിക്കുകയും ചെയ്യും. പ്രവാചക സന്ദേശം അനറിബകളായ സമൂഹങ്ങളില്‍ വ്യാപിക്കുമെന്നതിനെ കുറിക്കുന്ന അദൃശ്യ സന്തോഷ വാര്‍ത്തയാണിത്. ആറാം നൂറ്റാണ്ടില്‍ അറേബ്യയില്‍ ജീവിക്കുന്ന ആര്‍ക്കെങ്കിലും ഈ പറഞ്ഞ നേതൃസ്ഥാനവും വിജയവും സ്വപ്‌നം കാണാന്‍ സാധിക്കുമായിരുന്നോ? ഇല്ല ഒരിക്കലുമില്ല. ‘അല്ലാഹു അവനിച്ചിക്കുന്നവര്‍ക്ക് നല്‍കുന്ന ഔദാര്യമാണത്. അല്ലാഹുവാകട്ടെ മഹത്തായ ഔദാര്യം നല്‍കുന്നവനാകുന്നു.’ (ജുമുഅ; 4)

സൂറത്തുല്‍ ജുമുഅയുടെ ഒന്നാമത്തെ രംഗം ഇവിടെ അവസാനിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ രൂപപ്പെട്ട ഉമ്മത്താണ് തങ്ങളെന്ന് മുസ്‌ലിംകള്‍ക്ക് ബോധ്യപ്പെടാനാണത്. അതിന്റെ നവോത്ഥാനത്തിന്റെയും വിജയത്തിന്റെയും രഹസ്യം ഈ ദീന്‍ ആയിരുന്നു.

ജുമുഅയുടെ രണ്ടാമത്തെ സീന്‍ ഫഌഷ് ബാക്ക് ആണ്. മുന്‍കഴിഞ്ഞ സമൂഹത്തിന്റെ ചരിത്രത്തിലേക്കുള്ള എത്തിനോട്ടം. അതില്‍ നിന്നും പാഠമുള്‍ക്കൊണ്ട് നമ്മുടെ മാര്‍ഗം നിര്‍ണയിക്കുകയാണ് അത് കൊണ്ടുള്ള ലക്ഷ്യം. ദൈവസന്ദേശം ജനങ്ങള്‍ക്കെത്തിക്കുകയെന്ന മഹത്തായ ദൗത്യം ഏല്‍പിക്കപ്പെടുകയും പിന്നീട് അത് നിര്‍വ്വഹിക്കാതിരിക്കുകയും ചെയ്തവരാണവര്‍. അത് കൊണ്ടാണ് അവരെ മാറ്റി അല്ലാഹു ഈ സമൂഹത്തെ കൊണ്ട് വന്നത്.

അവരാണ് ബനൂ ഇസ്രയേല്‍. അല്ലാഹു അവര്‍ക്ക് തൗറാത്ത് നല്‍കി. അതില്‍ സന്മാര്‍ഗവും ദൈവികപ്രകാശവുമാണുണ്ടായിരുന്നത്. പക്ഷേ അവരതില്‍ നിന്നും പ്രയോജനം സ്വീകരിച്ചില്ല. അവരുടെ വിശ്വാസമോ സ്വഭാവമോ അത് മുഖേന സംസ്‌കരിക്കപ്പെട്ടില്ല. അപ്പോള്‍ അല്ലാഹു അവരെ ഇപ്രകാരം ഉദാഹരിച്ചു ‘തൗറാത്ത് വഹിപ്പിക്കപ്പെടുകയും എന്നിട്ട് അതിന്റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാതിരിക്കുകയും ചെയ്തവര്‍ വേദഗ്രന്ഥങ്ങള്‍ വഹിക്കുന്ന കഴുതകളെപ്പോലെയാണ്. അല്ലാഹുവിന്റെ വചനങ്ങളെ കളവാക്കിയ ഇക്കൂട്ടരുടെ ഉദാഹരണം എത്ര മോശം. അല്ലാഹു അക്രമികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല താനും.'( ജുമുഅ :5)
പ്രവര്‍ത്തനത്തിന്റെയും പ്രായോഗികതയുടെയും നാഗരികതയാണ് തങ്ങളുടേതെന്ന് വിശ്വാസികള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. കേവലം വിശ്വാസങ്ങളും പ്രകടനങ്ങളുമല്ല അത്. ലൈബ്രറികളിലോ, വാഹനങ്ങളിലോ സൂക്ഷിച്ച് വെക്കേണ്ട തത്വങ്ങളല്ല അവ. അല്ലെങ്കില്‍ ആഘോഷ വേളയിലോ, മറ്റ് സന്ദര്‍ഭങ്ങളിലോ പാരായണം ചെയ്യാനുള്ളവ മാത്രമല്ല അത്. വേദഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുതയെന്നത് സംയോജിത ഉപമയാണ്. കഴുതക്ക് താന്‍ ചുമക്കുന്നതിന്റെ മൂല്യം അറിയുകയില്ല. എന്നല്ല അവ അതിന്റെ കണ്‍മുന്നില്‍ തുറന്ന് വെച്ചാല്‍ പോലും അതിന് പ്രയോജനം ചെയ്യുകയുമില്ല. അതു പോലെ തന്നെയാണ് ബനൂ ഇസ്രയേലിന് മുന്നില്‍ അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥവും.

ഇത് മുസ്‌ലിം ഉമ്മത്തിന്റെ മുന്നില്‍ സമര്‍പ്പിക്കപ്പെട്ട ഉദാഹരണമാണ്. വിശുദ്ധ ഖുര്‍ആനിന് അവരുടെ ജീവിതത്തിലുള്ള സ്ഥാനത്തെ കുറിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. അതിന്റെ അദ്ധ്യാപനങ്ങളെ നടപ്പിലാക്കാനും പ്രായോഗികമാക്കാനുമുള്ള ക്ഷണമാണത്. അതിന്റെ സരണി ഹൃദയങ്ങളിലും ഗ്രന്ഥങ്ങളിലും മാത്രമല്ല മറിച്ച് ജീവിതത്തിലും ചിന്തയിലുമുണ്ടായിരിക്കണം.
അല്ലാഹുവിന്റെ സാമീപ്യം തേടലും അവനോടുള്ള ബന്ധം സുദൃഢമാക്കലും ഈ അമാനത്തിന്റെ തന്നെ ഭാഗമാണ്. കേവലമായ വാദം കൊണ്ടോ സത്യത്തിന്റെ വാഹകരാണെന്ന അവകാശവാദം കൊണ്ടോ അത് ലഭിക്കുകയില്ല. അത് കൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ ഇപ്രകാരം പറഞ്ഞത്. ‘അല്ലയോ യഹൂദരെ, നിങ്ങള്‍ മറ്റുള്ളവരെ കൂടാതെ അല്ലാഹുവിന്റെ പ്രിയപ്പെട്ടവരാണെന്ന വാദം സത്യമാണെങ്കില്‍ നിങ്ങള്‍ മരണത്തെ ആഗ്രഹിക്കുവിന്‍. ചെയ്തു കൂട്ടിയ അധര്‍മ്മങ്ങള്‍ കാരണത്താല്‍ അവരത് ആഗ്രഹിക്കുക തന്നെയില്ല. അക്രമികളെ കുറിച്ച് നന്നായി അറിയുന്നവനാണ് അല്ലാഹു. (പ്രവാചകരെ താങ്കള്‍ അവരോട്) പറയുക നിങ്ങള്‍ ഓടിയൊളിച്ച് കൊണ്ടിരിക്കുന്ന മരണം നിങ്ങളെ കണ്ട് മുട്ടുക തന്നെ ചെയ്യും. പിന്നീട് നിങ്ങള്‍ അദൃശ്യത്തിന്റെയും സാക്ഷ്യത്തിന്റെയും ലോകത്തേക്ക് മടക്കപ്പെടും. നിങ്ങള്‍ എന്തായിരുന്നു ചെയ്തിരുന്നതെന്ന് അറിയിക്കപ്പെടുകയും ചെയ്യും.’ (ജുമുഅ 6-8)

മരണമെന്ന ഈ അനിഷേധ്യമായ യാഥാര്‍ത്ഥ്യം വിവരിച്ച് കൊണ്ടാണ് രണ്ടാമത്തെ രംഗം അവസാനിക്കുന്നത്. മുന്‍കഴിഞ്ഞ സമൂഹത്തിന്റെ ചരിത്രസംഗ്രഹം മുസ്‌ലിം ഉമ്മത്തിന് മുമ്പില്‍ സമര്‍പ്പിച്ചു. ദൈവിക സന്ദേശത്തിന്റെയും നാഗരികതയുടെയും വ്യതിരിക്തതകളും സവിശേഷതകളും വ്യക്തമാക്കുന്നതിനും അവ നിരൂപിച്ച് ശരിയായ സരണി മുന്നില്‍ വെക്കാനും വേണ്ടിയാണിത്.

ഇനിയുള്ളത് ഒടുവിലത്തെ രംഗം ആണ്. അതിന് വേണ്ടിയാണ് ഈ അദ്ധ്യായം അവതരിച്ചത് തന്നെ. ഈ ഉമ്മത്ത് ഐഹിക ലോകത്തെക്കാള്‍ മുന്‍ഗണന നല്‍കേണ്ടത് പരലോകത്തിനാണെന്ന് ഇവിടെ സൂചിപ്പിക്കുന്നു. ഇഹ-പരലോകങ്ങള്‍ക്കിടയില്‍ സന്തുലിതത്വം കാത്ത് സൂക്ഷിക്കാന്‍ സാധിക്കേണ്ടതുണ്ട്. ഖുര്‍ആന്‍ പറയുന്നു ‘അല്ലയോ വിശ്വാസികളെ, വെള്ളിയാഴ്ച ദിനത്തില്‍ നമസ്‌കാരത്തിലേക്ക് വിളിക്കപ്പെട്ടാല്‍ നിങ്ങള്‍ കച്ചവടമുപേക്ഷിച്ച് അല്ലാഹുവിനെ സ്മരിക്കുന്നതിലേക്ക് ഓടി വരുവിന്‍. നിങ്ങള്‍ക്കറിയുമെങ്കില്‍ അതാണ് ഏറ്റവും ഉത്തമമായിട്ടുള്ളത്.’ (ജുമുഅ: 9)

അല്ലാഹു ജീവിതായോധനം തേടാന്‍ നിര്‍ദേശിച്ച കച്ചവടം ഈയൊരു സന്ദര്‍ഭത്തില്‍ മറ്റുള്ളവയെപോലെതന്നെ മാറ്റിവെക്കപ്പെടേണ്ടവയാണ്. ആ സമയത്ത് നടക്കുന്ന ഏതൊരു ഇടപാടും ബാത്വിലാണെന്ന് മുസ്‌ലിം കര്‍മ്മശാസ്ത്രകാരന്‍മാര്‍ വ്യക്തമാക്കിയിരിക്കുന്നു. മുസ്‌ലിമിന്റെ ജീവിതത്തിലെ അസുലഭമുഹൂര്‍ത്തങ്ങളിലൊന്നാണത്. മറ്റൊരു ഇടപാടും സൂചിപ്പിക്കാതെ കച്ചവടം മാത്രം എടുത്ത് പറഞ്ഞത് മനുഷ്യന്‍ ലാഭം പ്രതീക്ഷിച്ച് ചെയ്യുന്ന ഏര്‍പാട് ആയത് കൊണ്ടാണ്. പരലോകമാണ് ലക്ഷ്യവും മാനദണ്ഡവുമെന്നിരിക്കെതന്നെ ഇസ്‌ലാം സന്തുലിതത്വം കാത്ത് സൂക്ഷിക്കുന്നു. ‘നമസ്‌കാരം നിര്‍വ്വഹിച്ചാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹം തേടുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവിനെ ധാരാളമായി സ്മരിക്കുക. ഒരു പക്ഷെ വിജയിച്ചേക്കാം.'( ജുമുഅ:11)

ഇഹലോകത്തിന് വേണ്ടി പുറപ്പെടുന്നതും അന്നം തേടുന്നതും ദൈവസ്മരണയോട് കൂടിയായിരിക്കണം. നമസ്‌കാരം അതിന്റെ പൂര്‍ണാര്‍ത്ഥത്തില്‍ നിര്‍വഹിച്ചതിന് ശേഷമേ സമ്പാദ്യത്തിന് വേണ്ടി പുറത്തിറങ്ങേണ്ടതുള്ളൂ. അത് കൊണ്ട് തന്നെ യാത്രാസംഘം കൊണ്ട് വന്ന ചരക്കുകള്‍ ആഗ്രഹിച്ചുവെന്നതല്ല ഇവിടെ തെറ്റായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നത്. മറിച്ച് അതിന് വേണ്ടി നമസ്‌കാരം ഉപേക്ഷിച്ചുവെന്നതാണ്. ‘അവര്‍ വല്ല കച്ചവടമോ, വിനോദമോ കണ്ടാല്‍ താങ്കളെ ഉപേക്ഷിച്ച് അതിലേക്ക് പിരിഞ്ഞ് പോവും. ‘അല്ലയോ (പ്രവാചകരെ) പറയുക. കച്ചവടത്തെക്കാളും വിനോദത്തെക്കാളും ഉത്തമമായിട്ടുള്ളത് അല്ലാഹുവിന്റെ അടുത്തുള്ളതാണ്. അല്ലാഹുവാകുന്നു ഏറ്റവും നല്ല അന്നദാതാവ്.’ ( ജുമുഅ: 11)

അര്‍റാക് ബിന്‍ മാലിക് ജുമുഅ നമസ്‌കരിച്ചാല്‍ പളളി വാതിലില്‍ വന്ന് നിന്നിട്ട് പറയും. ‘അല്ലാഹുവെ, ഞാന്‍ നിന്റെ വിളിക്കുത്തരം നല്‍കിയിരിക്കുന്നു. നിര്‍ബന്ധ നമസ്‌കാരം നിര്‍വഹിച്ചിരിക്കുന്നു. നീ കല്‍പിച്ചത് പോലെ പുറത്തിറങ്ങുകയും ചെയ്തിരിക്കുന്നു. അതിനാല്‍ നീ എനിക്ക് നിന്റെ ഔദാര്യം കനിഞ്ഞരുളിയാലും. നീയാണല്ലോ മഹത്തായ അന്നദാതാവ്.’
എല്ലാറ്റിനും മുകളില്‍ അല്ലാഹുവാണെന്ന് വിശ്വസിക്കുന്ന മുസ്‌ലിമിന്റെ മനസ്സാണിത്. നമുക്ക് നല്ലതെന്ന് തോന്നുന്ന കാര്യങ്ങളെക്കാള്‍ ഉത്തമമായിട്ടുള്ളത് അല്ലാഹുവിന്റെ അടുത്തുള്ളതാണ്.

( കടപ്പാട് )

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU