മൃഗതുല്യം ജീവിച്ചുപോന്ന ഒരു ജനതിയിലേക്കായിരുന്നു മനുഷ്യനെ മനുഷ്യനായി കാണാൻ ഖുർആൻ പ്രഘോഷിച്ചത്. എല്ലാ മേഖലകളിലും ഇരുട്ട്മൂടിയ ജഹിലിയ്യതയിലേക്ക് വിശുദ്ധ ഖുർആൻ യഥാർത്ഥ ധർമ്മികമൂല്യങ്ങളും മാനുഷികമൂല്യങ്ങളും നിരത്തുകയായിരുന്നു. ഓരോ മനുഷ്യനെയും പ്രബുദ്ധ പൗരനായി പരിവർത്തിപ്പിച്ച് അവനെ ദൈവികതയുടെ ഔന്നത്യത്തിലേക്ക് ഉയർത്തിക്കൊണ്ട് പോകലായിരുന്നു ഖുർആനിക ലക്ഷ്യം. മൃഗപ്രായനെ മനുഷ്യനാക്കുവാനും മനുഷ്യനെ ആദ്ധ്യാത്മിക സമുന്നതിയിലേക്ക് ഉയർത്തുവാനും വേദവാക്യങ്ങൾ കൈവിളക്കായി വർത്തിക്കുകയായിരുന്നു. അഖില പ്രപഞ്ചങ്ങളുടെ സൃഷ്ടാവാണ് പരാമർശിക്കുന്നത്:
“وَلَقَدۡ كَرَّمۡنَا بَنِيٓ ءَادَمَ وَحَمَلۡنَٰهُمۡ فِي ٱلۡبَرِّ وَٱلۡبَحۡرِ وَرَزَقۡنَٰهُم مِّنَ ٱلطَّيِّبَٰتِ وَفَضَّلۡنَٰهُمۡ عَلَىٰ كَثِيرٖ مِّمَّنۡ خَلَقۡنَا تَفۡضِيلٗا٠”
“തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കരയിലും കടലിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും,വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു”(17:70).
ഇതില്പരം മനുഷ്യകുലത്തിന് എന്ത് ബഹുമാനവും ഔന്നത്യവുമാണ് ലഭിക്കേണ്ടത്! മനുഷ്യനെ ചൂഷണവിധേയനാക്കിത്തീർക്കുന്ന അടിസ്ഥാന ഘടകങ്ങളായ തിന്മകളിൽനിന്ന് അവനെ ശുദ്ധീകരിച്ച് അവന്റെ മോചനത്തിന് സ്ഥായീഭാവം നൽകുകയാണ് യഥാർത്ഥത്തിൽ ഖുർആൻ ചെയ്യുന്നത്. തിന്മകൾ എങ്ങനെ മനുഷ്യ ജീവിതത്തെ ഗ്രസിക്കുന്നുവെന്നും തിന്മകളിൽ നിന്നുമുള്ള മുക്തി ജീവിതത്തെ എങ്ങനെ മഹത്വപൂർണ്ണവും വിജയപ്രദവും ആക്കിത്തീർക്കുന്നുവെന്നും വ്യക്തമാക്കിക്കൊടുത്തുകൊണ്ട് ജീവിതത്തെ ആകെ ശുദ്ധീകരിക്കുകയും സംസ്കരിക്കുകയും ചെയ്യുകയാണ് അല്ലാഹു. ഖുർആൻ പറയുന്നു: ‘ എന്നിട്ട് ആ മലമ്പാതയില്‍ അവന്‍ തള്ളിക്കടന്നില്ല. ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ? ഒരു അടിമയെ മോചിപ്പിക്കുക. അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക. കുടുംബബന്ധമുള്ള അനാഥയ്ക്ക്, അല്ലെങ്കില്‍ കടുത്ത ദാരിദ്ര്യമുള്ള സാധുവിന്. പുറമെ, വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയിത്തീരുകയും ചെയ്യുക ‘ (90:11-16).
മാത്രവുമല്ല , പ്രവാചകന്മാരുടെ കഥനങ്ങളിലൂടെ തിന്മകൾക്കെതിരായ പടയൊരുക്കത്തിന് അവർ നേതൃത്വം വഹിച്ചതെങ്ങനെയെന്നും ഖുർആൻ ഉണർത്തുന്നുണ്ട്. സദൂം സമൂഹം ബഹുദൈവ വിശ്വാസികളായി അധാർമികതയും അനാശാസ്യവും പുല്കികൊണ്ടിരിക്കെ അവരെ സദാചാരത്തിലേക്ക് നയിക്കുവാനായിരുന്നു ലൂത്ത് നബി (അ) നിയോഗിതനായത്, ‘ ലൂത്വിനെയും (നാം അയച്ചു.) അദ്ദേഹം തന്‍റെ ജനതയോട്, നിങ്ങള്‍ക്ക് മുമ്പ് ലോകരില്‍ ഒരാളും തന്നെ ചെയ്തിട്ടില്ലാത്ത ഈ നീചവൃത്തിക്ക് നിങ്ങള്‍ ചെല്ലുകയോ? എന്ന് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക), സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുത്ത് തന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു’ (7:80-81). ശത്രുവിന് മാപ്പ് നൽകണമെന്നും തിന്മയെ നന്മകൊണ്ട് നേരിടണമെന്നുമുള്ള പാഠം യൂസുഫ് നബി സമൂഹത്തെ പഠിപ്പിക്കുന്നുണ്ട്. ഹിജാസിനും ഫലസ്തീനുമിടയിലുള്ള മദ്‌യൻ നിവാസികൾ ബഹുദൈവാരാധകരും ഇടപാടുകളിൽ സത്യസന്ധത പാലിക്കാത്തവരും അളവിലും തൂക്കത്തിലും കൃത്രിമം കാണിച്ച് ജനങ്ങളെ വഞ്ചിക്കുന്നവരുമായിരുന്നു. ഇവരെ സന്മാർഗ്ഗത്തിലേക്ക് നയിക്കുവാനായിരുന്നു ശുഐബ് നബിയും നിയുകതനായത്. മൂസാ നബി (അ) ഇസ്രായേലി ജനസമൂഹത്തെ ഫിർഔന്റെ അടിമത്തത്തിൽനിന്ന് മോചിപ്പിക്കാനായി അത്യദ്ധ്വാനം ചെയ്തത് കാണാം. മുഹമ്മദീയ പ്രവാചകത്വമാകട്ടെ, ഇവയുടെയൊക്കെ പൂർത്തീകരണവുമായിരുന്നു:
“كَمَآ أَرۡسَلۡنَا فِيكُمۡ رَسُولٗا مِّنكُمۡ يَتۡلُواْ عَلَيۡكُمۡ ءَايَٰتِنَا وَيُزَكِّيكُمۡ وَيُعَلِّمُكُمُ ٱلۡكِتَٰبَ وَٱلۡحِكۡمَةَ وَيُعَلِّمُكُم مَّا لَمۡ تَكُونُواْ تَعۡلَمُونَ”
‘നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് ഓതികേള്‍പിച്ച് തരികയും, നിങ്ങളെ സംസ്കരിക്കുകയും, നിങ്ങള്‍ക്ക് വേദവും വിജ്ഞാനവും പഠിപ്പിച്ചുതരികയും, നിങ്ങള്‍ക്ക് അറിവില്ലാത്തത് നിങ്ങള്‍ക്ക് അറിയിച്ചുതരികയും ചെയ്യുന്ന, നിങ്ങളുടെ കൂട്ടത്തില്‍ നിന്നു തന്നെയുള്ള ഒരു ദൂതനെ നിങ്ങളിലേക്ക് നാം നിയോഗിച്ചത് (വഴി നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം) പോലെത്തന്നെയാകുന്നു ഇതും’ (2:151).
എന്താണ് യഥാർത്ഥത്തിൽ പുണ്ണ്യമെന്ന് അദ്ദേഹത്തിലൂടെ പഠിപ്പിക്കപ്പെട്ടു. ചുറ്റുമുള്ള ജനതയുടെ വിചാരവികാരങ്ങൾ പരിഗണിച്ച് പ്രബോധന സംസ്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനാണ് ഖുർആൻ ആവശ്യപ്പെടുന്നത്. എത്യോപ്യയിലേക്ക് ഹിജ്‌റപോയ മുസ്ലിങ്ങളെ വിട്ടുകിട്ടാനായി നജ്ജാശി രാജാവിനെ സമീപിച്ച ഖുറൈശി പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ കൊട്ടാരത്തിൽവെച്ച് മുസ്ലിം നേതാവ് ജഅഫർ ബിൻ അബീത്വാലിബ് നടത്തിയ പ്രഭാഷണം റസൂൽ (സ) അറേബ്യായിൽ വരുത്തിയ മാനുഷികവും ധാർമികവുമായ പരിവർത്തനങ്ങൾ കൃത്യമായി വരച്ചുകാട്ടാൻ പോന്നതാണ്.
ഏകദൈവത്തെ മാത്രം ആരാധിക്കുവാനും പരമ്പരാഗതമായി ആരാധിച്ചുവന്ന ബിംബങ്ങളെയും വിഗ്രഹങ്ങളെയും ഉപേക്ഷിക്കുവാനും അദ്ദേഹം ഉപദേശിച്ചു, സത്യം മാത്രം പറയുവാനും കരാറുകൾ പാലിക്കുവാനും കുടുംബ ബന്ധം മാനിക്കുവാനും അയൽവാസിയെ സ്നേഹിക്കുവാനും അക്രമങ്ങളിൽ നിന്നും തിന്മകളിൽ നിന്നും അകന്നു നിൽക്കുവാനും റസൂൽ (സ ) അവരെ പഠിപ്പിച്ചു. ജാതി, ദേശം, ശ്രേണി, കുലം എന്നിവയനുസരിച്ച് ധർമങ്ങളെ പരിശോധിച്ച് വേണം രാജാവ് വ്യവഹാരത്തിൽ തീർപ്പുകല്പിക്കേണ്ടതെന്ന് മനുസ്‌മൃതി (8:41) കൽപ്പിക്കുന്നത് കാണാം. ‘ മുഹമ്മദിന്റെ മകൾ ഫത്വിമയാണ് കട്ടതെങ്കിലും കരം ഛേദിക്കു’മെന്ന നബിയുടെ വജനവുമായി ഇതൊന്ന് തട്ടിച്ച്നോക്കുക. മാത്രവുമല്ല, ‘വിശ്വസികളുടെ പിതാവ്’ എന്നപേരിൽ അറിയപ്പെടുന്ന അബ്രഹാമിനെ സഹോദരന്റെ പുത്രിയെ ഭാര്യയാക്കിയവനായും കാര്യസാധ്യത്തിന് പരപുഷന്മാരുടെ കിടപ്പറയിലേക്കാനയിച്ചവനെന്നും (ഉൽപ്പത്തി 11:27-27) ആരോപണമുയർത്തുമ്പോൾ വിശുദ്ധ ഖുർആൻ ഇബ്രാഹിമിനെ (അ) ഏറ്റവും മഹാനായ മനുഷ്യനായിത്തന്നെ വിലയിരുത്തുന്നു. അദ്ദേഹം ഒരു പ്രസ്ഥാനം തന്നെയാണെന്നും, അദ്ദേഹത്തെ പിൻപറ്റുക എന്നതാണ് ഒരു വിശ്വാസിയുടെ ധർമ്മമെന്നും ഖുർആൻ പരിചയപ്പെടുത്തുന്നുണ്ട്.
പൊതുവെ ക്രിസ്തുമതം വിവാഹത്തെ അനിവാര്യമായ തിന്മയായി കരുതുമ്പോൾ (1 കൊരി 7:38, 7:27, 7:8) ഖുർആൻ വിവാഹത്തെ വിശുദ്ധന്മാരുടെ മാർഗമായി പരിചയപ്പെടുത്തുന്നു. (ഖു,13:38). ചെകുത്താന്റെ പ്രഥമ ഏജന്റായി പ്രവർത്തിച്ച് സ്ത്രീ, പുരുഷനെ വഞ്ചിച്ച യവനകഥനം സ്വന്തം മിത്തുകളിലേക്കാവാഹിച്ച് സ്ത്രീത്വത്തെ ഇകഴ്ത്തുകയായിരുന്നു പഴയ-പുതിയ നിയമങ്ങൾ. ഈ അധ:സ്ഥിതാവസ്ഥയിൽനിന്ന് ഖുർആനാണ് സ്ത്രീകളെ രക്ഷപ്പെടുത്തിയത്, ധാരാളം സൂക്തങ്ങൾ കാണാം. വിശുദ്ധ ഖുർആനെക്കുറിച്ച് പഠിച്ചവരൊക്കെത്തന്നെ അതിന്റെ സംഗതമായ (Coherent) ധാർമ്മിക അധ്യാപനങ്ങളുടെ മഹത്വവും സമ്മതിച്ചിട്ടുണ്ട്. ലോകത്ത് ധൈഷണികപരമായി വിപ്ലവം സൃഷ്ടിച്ച ചിന്തകന്മാരുടെ പഠനങ്ങളും നമുക്ക് മുന്നിലുണ്ട് . പിൽക്കാലത്ത് ‘മുഹമ്മദ് അസദ്’ എന്ന പേരിൽ അറിയപ്പെട്ട ലിയോപോർഡ് വെയിസ് രേഖപ്പെടുത്തുന്നു: ‘ ഇസ്ലാമിന്റേത് ഏതെങ്കിലും പ്രത്യേക അധ്യാപനങ്ങളല്ല, അത്ഭുതകരവും അവിശ്വസനീയമാംവിധം സംശ്ലേഷിതവുമായ (Cohrent) ധാർമിക അധ്യാപനങ്ങളും പ്രായോഗിക ജീവിത പദ്ധതിയുമാണ് , അവ (മുഹമ്മദ് നബിയുടെ അധ്യാപനങ്ങൾ ) മനുഷ്യരാശിയുടെ നിധികളാണ്; അവ മുസ്ലിങ്ങൾക്ക് മാത്രമുള്ളതുമല്ല’. എസ്. രാധാകൃഷ്ണൻ ‘മറ്റു പല മതങ്ങളിലും കാണാത്ത ഒന്നാണ് എല്ലാ വർഗങ്ങളെയും ദേശീയതകളെയും അതിജയിച്ച് നിൽക്കുന്നതാണ് ഇസ്ലാമിന്റെ സാഹോദര്യ സങ്കൽപ്പം എന്നദ്ദേഹം രേഖപ്പെടുത്തി’.
മനുഷ്യന്റെ ഒട്ടുമിക്ക എല്ലാ മേഖലകളിലും കെട്ടിക്കിടന്ന അനാചാര നീചവൃത്തികളെ മുഴുവനായി തുടച്ച് നീക്കുകയായിരുന്നു യഥാർത്ഥത്തിൽ ഖുർആൻ . ഇന്നും ലോകത്തെ കോടിക്കണക്കിന് വ്യക്തികളെ മദ്യവിചാരത്തിൽനിന്ന് മുക്തരാക്കിനിർത്തിയിരിക്കുന്നത് തീർച്ചയായും ഖുർആനാണെന്ന് കാണാൻ കഴിയും. മദ്യവും കുറ്റകൃത്യങ്ങളും തമ്മിലുള്ള സ്റ്റാറ്റിസ്റ്റിക്കൽ ബന്ധം ഏറെ സ്ഥാപിതമാണ്. 60 ശതമാനം കൊലപാതങ്ങളിലും 40 ശതമാനം ബലാൽസംഗങ്ങളിലും മദ്യം സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട് എന്ന് പഠനങ്ങളുണ്ട്. മദ്യത്തിനെതിരെ നിർണിതമായ ഇസ്ലാമിൽ മാത്രമാണ്. ഖുർആനിലും സുന്നത്തിലും ഇല്ലാത്ത ഒരു ധാർമികാധ്യാപനങ്ങളും മാനുഷികമൂല്യങ്ങളും മറ്റൊരു ദർശനത്തിലും കാണാൻ കഴിയില്ല. നൂറ്റാണ്ടുകളായി കൊള്ളാവുന്ന ഒരു വ്യക്തിയെപോലും ജനിപ്പിക്കാത്ത അത്രയും വന്ദ്യയായ അറേബ്യാൻ മരുഭൂമിയെ ആയിരമായിരം മഹാന്മാരെയും ലോകനേതാക്കളെയും ജനിപ്പിച്ച് വീരപ്രസുവക്കിതീർത്തു. ഈ മഹാന്മാരാണ് മനുഷ്യവംശത്തിന് നീതിയും ധർമവും സംസ്കാരവും സദാചാരവും പഠിപ്പിക്കാനായി ലോകത്തിന്റെ നാനാദിക്കുകളിലേക്ക് പരന്നത്. നീതിക്കും ധർമ്മത്തിനും വേണ്ടി നടക്കുന്ന ഏത് പോരാട്ടത്തിലും ഖുർആന്റെ സ്പന്ദനം കാണാം. കാളരാത്രിയുടെ കരാളതയിൽ പ്രകാശപൂരിതമായ വിളക്കുപോലെ, ചരൽകൂമ്പാരത്തിൽ മിന്നിത്തിളങ്ങുന്ന രത്നംപോലെ വിശുദ്ധ ഖുർആനിന്റെ അധ്യാപനങ്ങൾ ഒരു സത്യാന്വേഷിക്കുമുന്നിൽ വിരാജിക്കുകയാണ്.!
🪀 കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE