Current Date

Search
Close this search box.
Search
Close this search box.

തിന്മകളെ നേരിടേണ്ടതിങ്ങനെ!

وَلَا تَسْتَوِي الْحَسَنَةُ وَلَا السَّيِّئَةُ ۚ ادْفَعْ بِالَّتِي هِيَ أَحْسَنُ فَإِذَا الَّذِي بَيْنَكَ وَبَيْنَهُ عَدَاوَةٌ كَأَنَّهُ وَلِيٌّ حَمِيمٌ ﴿٣٤﴾
( നന്മയും തിന്മയും തുല്യമാവുകയില്ല. തിന്മയെ ഏറ്റവും നല്ല നന്മകൊണ്ട് തടയുക. അപ്പോള്‍ നിന്നോട് ശത്രുതയില്‍ കഴിയുന്നവന്‍ ആത്മമിത്രത്തെപ്പോലെയായിത്തീരും.)

“തിന്മയെ ഉത്കൃഷ്ടമായ നന്മ കൊണ്ട് നേരിടണം” എന്ന വിശുദ്ധ ഖുർആൻ വചനത്തിന് (41:34) തഫ്ഹീമുൽ ഖുർആനിൽ സയ്യിദ് മൗദൂദി നൽകുന്ന വ്യാഖ്യാനത്തിൻ്റെ പ്രസക്ത ഭാഗം:

“തിന്മയെ കേവലം നന്മ കൊണ്ടല്ല, പ്രത്യുത വളരെ ഉയർന്ന നിലവാരത്തിലുള്ള നന്മ കൊണ്ടാണ് (അഹ്സൻ /ഇഹ് സാൻ) നേരിടേണ്ടത്.

അതായത് ഒരാള്‍ നിങ്ങളോട് തിന്മ ചെയ്യുകയും നിങ്ങള്‍ അയാള്‍ക്ക് മാപ്പുകൊടുക്കുകയുമാണെങ്കില്‍ അത് വെറുമൊരു നന്മയാണ്. നിങ്ങളോട് ദുഷിച്ച രീതിയില്‍ പെരുമാറിയ ആളോട് നിങ്ങള്‍ക്ക് അവസരം കിട്ടുമ്പോള്‍ ഏറ്റം ശ്രേഷ്ഠമായ രീതിയില്‍ പെരുമാറുക എന്നുള്ളതാണ് ഉന്നത നിലവാരത്തിലുള്ള നന്മ.

ബദ്ധശത്രു പോലും പിന്നീട് ആത്മമിത്രമായിത്തീരുന്നു. എന്തുകൊണ്ടെന്നാല്‍, അതാണ് മനുഷ്യപ്രകൃതി. ശകാരത്തിന്റെ മുമ്പില്‍ നിങ്ങള്‍ മൗനം പാലിച്ചാല്‍ തീര്‍ച്ചയായും അതൊരു നന്മയാണ്. പക്ഷേ, അതുകൊണ്ട് ശകാരക്കാരന്റെ നാവടക്കാന്‍ സാധിക്കുകയില്ല.

എന്നാല്‍, ശകാരത്തിന് മറുപടിയായി ശകാരിക്കുന്നവന്നുവേണ്ടി പ്രാര്‍ഥിക്കുകയാണെങ്കില്‍ ഏറ്റം നിര്‍ലജ്ജനായ വൈരിപോലും ലജ്ജിച്ചു പോകും. പിന്നെ വളരെ പ്രയാസത്തോടുകൂടിയേ നിങ്ങളെ പുലഭ്യം പറയാന്‍ അയാള്‍ക്ക് വാതുറക്കാന്‍ കഴിയൂ.

ഒരാള്‍ നിങ്ങളെ ദ്രോഹിക്കാന്‍ കിട്ടുന്ന ഒരവസരവും കൈവിടാതിരിക്കുകയും നിങ്ങള്‍ അയാളുടെ അതിക്രമങ്ങള്‍ എല്ലാം നിശ്ശബ്ദം സഹിച്ചുപോരുകയും ചെയ്താല്‍, അയാള്‍ തന്റെ ദുഷ്ടതകളില്‍ കൂടുതല്‍ ഉത് സുകനായി എന്നുവരാം. പക്ഷേ, അവന്ന് കഷ്ടത നേരിടുന്ന ഒരവസരം വരുമ്പോള്‍ നിങ്ങള്‍ അവനെ രക്ഷിക്കുകയാണെങ്കില്‍ അവന്‍ നിങ്ങളുടെ കാല്‍ക്കീഴില്‍ വരും. കാരണം, ആ നന്മയെ എതിരിടുക ഏത് ദുഷ്ടതക്കും നന്നെ പ്രയാസകരമാകുന്നു”.

സമ്പാ- ജമാൽ കടന്നപ്പള്ളി

Related Articles