Current Date

Search
Close this search box.
Search
Close this search box.

കുടുംബത്തെ പ്രചോദിപ്പിക്കുന്നതിൽ സൂറ. മര്‍യമിനുള്ള പങ്ക്

വിവാഹം കഴിച്ച് ഇമ്പമാർന്ന കുടുംബം പുലർത്തി വിവേകമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്നുള്ളത് അല്ലാഹു മനുഷ്യ സമൂഹത്തിന് നൽകിയിരിക്കുന്ന അതിമനോഹരവും സസ്വാഭാവികവുമായ സഹജാവബോധമാണ്. സൂറത്ത് മര്‍യം ഈ പ്രവണതയെക്കുറിച്ച്, പിതാവ്-പുത്ര ബന്ധത്തിന് ആത്മീയ മാനം ചേർത്തുകൊണ്ട് ചർച്ച ചെയ്യുന്നുണ്ട്.

വിവാഹത്തിനും കുട്ടികൾ ജനിക്കുന്നതിനും പിന്നിലെ നിങ്ങളുടെ യഥാർത്ഥ ഉദ്ദേശ്യം എന്താണ്? നിങ്ങളുടെ മക്കളുടെ ലൗകികജീവിതം ആസൂത്രണം ചെയ്ത് പരലോകവിജയത്തിനായി അവരെ പ്രാപ്തരാക്കിയിട്ടുണ്ടോ ?

ഒരു കുടുംബമുണ്ടാക്കാനുള്ള സ്വാഭാവിക താൽപര്യമല്ല, മറിച്ച് ദൈവാരാധനയുള്ള ഒരു ഭാവിതലമുറയെ വാർത്തെടുകണമെന്ന അതിയായ ആഗ്രഹമാണ് കുട്ടികളുണ്ടാകുന്നതിനു പിന്നിലെ പ്രധാന ലക്ഷ്യമായി വേണ്ടതെന്ന് സൂറത്ത് മര്‍യം നമ്മെ പഠിപ്പിക്കുന്നു. സൂറത്തിൽ ഏറെ ആവർത്തിക്കുന്ന സൂചകപദങ്ങൾ കുടുംബം, മാതാപിതാക്കൾ, അനന്തരാവകാശം എന്നിവയെ ചുറ്റിപ്പറ്റിയുള്ളവയാണ്.

ഉദ്ദേശ്യമുള്ള കുടുംബങ്ങൾ:

ഇസ്രായേൽ മക്കൾക്കിടയിൽ നന്മ പ്രചരിപ്പിക്കുന്ന തന്റെ പാരമ്പര്യം നിലനിർത്തുന്ന ഒരു പിൻഗാമിയെ തനിക്ക് നൽകേണമേയെന്ന സഖറിയ നബി (അ) ന്റെ അല്ലാഹുവിനോടുള്ള ഒരു എളിയ പ്രാർഥനയോടെയാണ് സൂറത്ത് ആരംഭിക്കുന്നത്:

“എനിക്ക്‌ പുറകെ വരാനുള്ള ബന്ധുമിത്രാദികളെപ്പറ്റി എനിക്ക്‌ ഭയമാകുന്നു. എൻറെ ഭാര്യയാണെങ്കിൽ വന്ധ്യയുമാകുന്നു. അതിനാൽ നിൻറെ പക്കൽ നിന്ന്‌ നീ എനിക്ക്‌ ഒരു അവകാശിയെ നൽകേണമേ. എനിക്ക്‌ അവൻ അനന്തരാവകാശിയായിരിക്കും. യഅ്ഖൂബ്‌ കുടുംബത്തിനും അവൻ അനന്തരാവകാശിയായിരിക്കും. എൻറെ രക്ഷിതാവേ, അവനെ നീ ( ഏവർക്കും ) തൃപ്തിപ്പെട്ടവനാക്കുകയും ചെയ്യേണമേ.” ( മര്‍യം19:5-6)

സക്കറിയയുടെ പ്രാർത്ഥനകൾക്ക് അല്ലാഹു ഉത്തരം നൽകി. മഹത്തായ തത്ത്വങ്ങളിൽ വളർന്ന യഹ്‌യാ (അ) നെ പുത്രനായി നൽകി അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിച്ചു: “ഹേ, യഹ്‌യാ വേദഗ്രന്ഥം ബലമായി സ്വീകരിച്ച്‌ കൊള്ളുക. ( എന്ന്‌ നാം പറഞ്ഞു: ) കുട്ടിയായിരിക്കെത്തന്നെ അദ്ദേഹത്തിന്‌ നാം ജ്ഞാനം നൽകുകയും ചെയ്തു. നമ്മുടെ പക്കൽ നിന്നുള്ള അനുകമ്പയും പരിശുദ്ധിയും (നൽകി. ) അദ്ദേഹം ധർമ്മനിഷ്ഠയുള്ളവനുമായിരുന്നു. തൻറെ മാതാപിതാക്കൾക്ക്‌ നൻമചെയ്യുന്നവനുമായിരുന്നു. നിഷ്ഠൂരനും അനുസരണം കെട്ടവനുമായിരുന്നില്ല” ( മര്‍യം19:12-14)

അതിനുശേഷം, സൂറത്ത് മര്‍യം ഈസാ നബി (അ) യുടെ അത്ഭുതകരമായ ജനനത്തെക്കുറിച്ച് വിവരിക്കുകയും അവന്റെ ഉമ്മ മര്‍യത്തിന്റെ നീതിയും പവിത്രതയും എടുത്തുകാണിക്കുകയും ചെയ്യുന്നു: “അവൾ പറഞ്ഞു: എനിക്കെങ്ങനെ ഒരു ആൺകുട്ടിയുണ്ടാകും? യാതൊരു മനുഷ്യനും എന്നെ സ്പർശിച്ചിട്ടില്ല. ഞാൻ ഒരു ദുർനടപടിക്കാരിയായിട്ടുമില്ല.” ( മര്‍യം19:20)

നീതിപൂർവകമായ അനുസരണയുള്ള കുട്ടികളുണ്ടാകുന്നതിന്റെ രഹസ്യം ഒരേ ജീവിതശൈലിയിലൂടെ സ്വയം ജീവിക്കുക എന്നതാണ്. ഈസാ നബി (അ) തൊട്ടിലിൽ സംസാരിച്ചതായി നമുക്കറിയാം.അദ്ദേഹം പറഞ്ഞു: “( അവൻ എന്നെ ) എൻറെ മാതാവിനോട്‌ നല്ല നിലയിൽ പെരുമാറുന്നവനും ( ആക്കിയിരിക്കുന്നു. ) അവൻ എന്നെ നിഷ്ഠൂരനും ഭാഗ്യം കെട്ടവനുമാക്കിയിട്ടില്ല.”( മര്‍യം19:32)

പ്രതിഫലിപ്പിക്കാനുള്ള സന്ദേശങ്ങൾ:

ഈ അതിമനോഹരമായ സൂറത്തിന്റെ തലക്കെട്ടായി അല്ലാഹു മര്‍യം എന്ന പേര് തിരഞ്ഞെടുത്തത് എന്തുകൊണ്ട്? മാതാവിന്റെ മൂല്യത്തെക്കുറിച്ചും, മുഴുവൻ കുടുംബത്തിന്റെയും ആത്മീയതയുടെ പ്രധാന ഉറവിടം മാതാവാണെന്നുമുള്ള യാഥാർത്ഥ്യം അല്ലാഹു നമ്മെ ഓർമപ്പെടുത്തുന്നു. എല്ലാ വിശ്വാസികൾക്കും വളരെ പ്രധാനപ്പെട്ട ഒരു സന്ദേശമാണിത്.

മുസ്‌ലിം സ്ത്രീകൾ:
സ്ഥിരതയെയും ആത്മീയതയെയും ഒരു വീട്ടിൽ പുലർത്തികൊണ്ടുവരുന്നതിൽ ഇസ്‌ലാം നിങ്ങളെയും നിങ്ങളുടെ പങ്കിനെയും എങ്ങനെ വിലമതിക്കുന്നുവെന്ന് മനസ്സിലാക്കുക.

വിവാഹിതരായ മുസ്‌ലിം പുരുഷന്മാർ:
നിങ്ങളുടെ ഭാര്യയെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുക, കാരണം അവൾ നിങ്ങളുടെ വീട്ടിലെ ആത്യന്തിക അധ്യാപകയാണ്.

അവിവാഹിതർ:
നിങ്ങളുടെ ഭാവി ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിലെ ഒന്നാം മാനദണ്ഡം അല്ലാഹുവുമായുള്ള അവളുടെ ബന്ധമാണ്.

നീതിമാനായ പുത്രനും അനുസരണക്കേട് കാണിക്കുന്ന അച്ഛനും:
പിതാവിന്റെ വഴിതെറ്റിക്കലിൽ നിന്ന് അല്ലാഹു സംരക്ഷിച്ച നീതിമാനായ ഒരു പുത്രൻ, ഇബ്രാഹീം (അ) ന്റെ കഥയിലൂടെ നമ്മൾ ഈ സൂറത്തുമായി മുന്നോട്ട് പോകുന്നു. പിതാവിനെപ്പോലെ വിഗ്രഹാരാധകനാകാതിരിക്കാൻ സാധിച്ചതിൽ അദ്ദേഹം ഭാഗ്യവാനായിരുന്നു. മാത്രമല്ല, മാന്യമായ രീതിയിൽ പിതാവിനെ ഉപദേശിക്കാനും, ന്യായവാദം ചെയ്യാനും അദ്ദേഹം ശ്രമിച്ചു:

“എൻറെ പിതാവേ, താങ്കൾ പിശാചിനെ ആരാധിക്കരുത്‌. തീർച്ചയായും പിശാച്‌ പരമകാരുണികനോട്‌ അനുസരണയില്ലാത്തവനാകുന്നു.
എൻറെ പിതാവേ, തീർച്ചയായും പരമകാരുണികനിൽ നിന്നുള്ള ശിക്ഷ താങ്കളെ ബാധിക്കുമെന്ന്‌ അത് താങ്കളെ പിശാചിൻറെ മിത്രമാക്കാൻ
കാരണമാക്കുമെന്നും ഞാൻ ഭയപ്പെടുന്നു.”( മര്‍യം19:44-45)

അത്യന്തം ബുദ്ധിമുട്ടുകളനുഭവിച്ച് കുടുംബത്തോടൊപ്പം താമസിക്കുന്ന എല്ലാവർക്കും ഈ കഥ പ്രചോദനം നൽകുന്നു. മാതാപിതാക്കൾ എതിരാണെങ്കിലും സ്വന്തം മതവിശ്വാസങ്ങളിൽ ദൃഢവും ശക്തവുമായിരിക്കണമെന്നും ഈ അയത്ത് നമ്മെ പഠിപ്പിക്കുന്നു.

കൂടാതെ, മുതിർന്നവരോടും പ്രത്യേകിച്ച് മാതാപിതാക്കളോട് അങ്ങേയറ്റം മാന്യതയോടെ മാത്രമേ മതകാര്യങ്ങൾ സംസാരിക്കാവു എന്നും ഈ സൂക്തം വ്യക്തമാക്കുന്നു. മതവിശ്വാസികളായിത്തീരുകയും കുടുംബത്തോട് പരുഷമായി പെരുമാറുകയും ചെയ്യുന്ന കുട്ടികൾ ഇബ്രാഹിം നബി (അ)യുടെ പാരമ്പര്യം യഥാർത്ഥത്തിൽ ഗ്രഹിച്ചിട്ടില്ല എന്നർത്ഥം.

കൂടുതൽ നീതിമാനായ കുടുംബങ്ങൾ:
മൂസാ നബി (അ) നെക്കുറിച്ചും, അദ്ദേഹത്തിന് സ്വന്തം കുടുംബത്തിൽ നിന്നുതന്നെ കൂട്ടുകാരനായി ഹാറൂണിനെ നൽകിയതെങ്ങനെയെന്നും അല്ലാഹു ഹ്രസ്വമായി ഈ സൂറത്തിൽ പരാമർശിക്കുന്നു.

തുടർന്ന് ഇബ്രാഹീം (അ) ന്റെ മകൻ ഇസ്മാഈൽ (അ) നെക്കുറിച്ച് പരാമർശിക്കുന്നു. ഭക്തനായ, ക്ഷമയുള്ള ഇബ്രാഹിം നബി (അ) ക്കുള്ള സമ്മാനമായിരുന്നു അദ്ദേഹം. അല്ലാഹുവിനോട് പ്രാർത്ഥിക്കുവാനും, ദാനധർമ്മം നടത്താനും ഇസ്മാഈൽ(അ) തന്റെ കുടുംബത്തോട് കൽപ്പിച്ചിരുന്നു.

“വേദഗ്രന്ഥത്തിൽ ഇസ്മാഈലിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീർച്ചയായും അദ്ദേഹം വാഗ്ദാനം പാലിക്കുന്നവനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു. തൻറെ ആളുകളോട്‌ നമസ്കരിക്കുവാനും സകാത്ത്‌ നൽകുവാനും അദ്ദേഹം കൽപിക്കുമായിരുന്നു. തൻറെ രക്ഷിതാവിൻറെ അടുക്കൽ അദ്ദേഹം പ്രീതി ലഭിച്ചവനായിരുന്നു” ( മര്‍യം19:54-55)

സൂറത്തിലെ മനോഹരമായ ഒരു വാക്യത്തിൽ പ്രവാചകന്മാരായ ആദം നബി(അ), നൂഹ് നബി (അ), യഅ്ഖൂബ് നബി (അ) തുടങ്ങി നിരവധി തലമുറകളുടെ കുടുംബങ്ങളെക്കുറിച്ച് പരാമർശിക്കുന്നു:

“പരമകാരുണികൻറെ തെളിവുകൾ അവർക്ക്‌ വായിച്ചുകേൾപ്പിക്കപ്പെടുന്ന പക്ഷം പ്രണമിക്കുന്നവരും കരയുന്നവരുമായി കൊണ്ട് അവർ താഴെ വീഴുന്നതാണ്‌.” ( മര്‍യം19:58)

ഖുർആൻ സമ്പൂർണ്ണമായും ആത്മീയവും വിദ്യാഭ്യാസപരവുമായ കാര്യങ്ങളിൽ ഊന്നൽ നൽകുന്നതിനാൽ ഖുർആനിലെ മറ്റ് പതിമൂന്ന് വാക്യങ്ങൾക്ക് പുറമേ ഈ വാക്യം പാരായണം ചെയ്യുമ്പോൾ സാഷ്ടാംഗം പ്രണമിക്കൽ പ്രോത്സാഹിപ്പിക്കപ്പെടുന്നു.

പൂർണ്ണമായും അല്ലാഹുവിന് കീഴടങ്ങുകയും അവന് സാഷ്ടാംഗം പ്രണമിക്കുകയും ചെയ്യുന്നതിൽ ഖുർആനിൽ പരാമർശിച്ചിരിക്കുന്ന ആദർശമാതൃകളെ പിന്തുടരുക എന്ന ആശയമാണ് ഇത് മുന്നോട്ടുവെക്കുന്നത്.

എന്നിരുന്നാലും, വിശ്വാസമുള്ള കുടുംബശൃംഖലയ്ക്ക് ശേഷം തുടർന്നുള്ള തലമുറകൾ സന്ദേശത്തെ മുറുകെ പിടിച്ചില്ല. പ്രാർത്ഥനകളെ അവഗണിക്കുകയും പ്രലോഭനങ്ങൾ പിന്തുടരുകയും ചെയ്തതിന്റെ ഫലമാണിത്.

“എന്നിട്ട്‌ അവർക്ക്‌ ശേഷം അവരുടെ സ്ഥാനത്ത്‌ ഒരു പിൻതലമുറ വന്നു. അവർ നമസ്കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തൻമൂലം ദുർമാർഗത്തിൻറെ ഫലം അവർ കണ്ടെത്തുന്നതാണ്‌.” ( മര്‍യം19:59)

അല്ലാഹുവിന് ഒരു കുടുംബം ആവശ്യമില്ല:
മനുഷ്യവംശത്തിന് കുടുംബ ബന്ധങ്ങൾ ആവശ്യമാണ്, അല്ലാഹുവിന് അത് ആവശ്യമില്ല. അവന് കൂട്ടുകാരോ, ഇണയോ, കുട്ടികളോ ഇല്ല എന്ന പരമയാഥാർത്ഥ്യം ഊന്നിപറഞ്ഞു കൊണ്ട് ഈ സൂറത്ത് അവസാനിക്കുന്നു.

“പരമകാരുണികൻ ഒരു സന്താനത്തെ സ്വീകരിച്ചിട്ടുണ്ടെന്ന്‌ അവർ പറഞ്ഞിരിക്കുന്നു. ( അപ്രകാരം പറയുന്നവരേ, ) തീർച്ചയായും നിങ്ങൾ ചെയ്തിരിക്കുന്നത്‌ ഗുരുതരമായ ഒരു കാര്യമാകുന്നു. അത്‌ നിമിത്തം ആകാശങ്ങൾ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, പർവ്വതങ്ങൾ തകർന്ന്‌ വീഴുകയും ചെയ്യുമാറാകും. ( അതെ, ) പരമകാരുണികന്‌ സന്താനമുണ്ടെന്ന്‌ അവർ വാദിച്ചത്‌ നിമിത്തം.” ( മര്‍യം19:88-91)

ചുരുക്കത്തിൽ, മനോഹരമായ ഈ സൂറത്ത് വായിക്കുമ്പോൾ “കരുണ” എന്ന പദവും അതിന്റെ ഉൽപ്പന്നങ്ങളും പതിവായി ഉപയോഗിക്കുന്നതും, അല്ലാഹുവിന്റെ നാമം “കരുണയുടെ നാഥൻ” എന്ന് ഉപയോഗിക്കുന്നതും നമുക്ക് കാണാൻ സാധിക്കും. നമ്മുടെ കുടുംബാംഗങ്ങളുമായുള്ള നമ്മുടെ ബന്ധത്തെക്കുറിച്ചും അവരോട് നാം എത്ര കാരുണ്യമുള്ളവരായിരിക്കണമെന്നതിനെക്കുറിച്ചും ചിന്തിക്കാൻ ഇതു നമ്മെ പ്രേരിപ്പിക്കുന്നു.

സർവ്വശക്തനായ അല്ലാഹുവിനെ ആരാധിക്കുകയും മറ്റ് സൃഷ്ടികളോട് കരുണ കാണിക്കുകയും ചെയ്യുന്ന നീതിപൂർവകമായ കുടുംബത്തെ വളർത്തിയെടുക്കുക എന്ന ഉന്നതമായ ലക്ഷ്യത്തിനായി വിവാഹം, മക്കളെ ജനിപ്പിക്കുക തുടങ്ങിയ ലൗകിക കാര്യങ്ങൾ ഉപാധികളായിത്തീരുന്നതിന് നമ്മുടെ ഉദ്ദേശ്യങ്ങൾ ശരിയായി ക്രമീകരിക്കേണ്ടത് പ്രധാനമാണ്.

വിവ- തഫ്സീല സി.കെ

Related Articles