Current Date

Search
Close this search box.
Search
Close this search box.

നാഥന്റെ അതി മനോജ്ഞമായ സൃഷ്ടിയാണ് പറവകൾ

കോടാനുകോടി സൃഷ്ടി ജാലങ്ങളിൽ ഒന്ന് മാത്രം! അവൻ തന്നെ അതിനെ പറക്കാൻ യോഗ്യമായ വിധം രൂപപ്പെടുത്തി. വിശുദ്ധ ഖുർആനിന്റെ 67-ാം സർഗം 19-ാം വചനത്തിൽ സൃഷ്ടാവ് പറയുന്നത് ചിന്തനീയമാണ്;
أوَلَمۡ یَرَوۡا۟ إِلَى ٱلطَّیۡرِ فَوۡقَهُمۡ صَـٰۤفَّـٰتࣲ وَیَقۡبِضۡنَۚ مَا یُمۡسِكُهُنَّ إِلَّا ٱلرَّحۡمَـٰنُۚ إِنَّهُۥ بِكُلِّ شَیۡءِۭ بَصِیرٌ.
( അവര്‍ക്കു മുകളില്‍ ചിറക് വിടര്‍ത്തിക്കൊണ്ടും ചിറകു കൂട്ടിപ്പിടിച്ചു കൊണ്ടും പറക്കുന്ന പക്ഷികളുടെ നേര്‍ക്ക് അവര്‍ നോക്കിയില്ലേ? പരമകാരുണികനല്ലാതെ (മറ്റാരും) അവയെ താങ്ങി നിറുത്തുന്നില്ല. തീര്‍ച്ചയായും അവന്‍ എല്ലാ കാര്യവും കണ്ടറിയുന്നവനാകുന്നു.) സമാനമായി പടച്ച റബ്ബ് വീണ്ടും 16-ാം സർഗം 79-ാം വചനത്തിലും ഇതേ ചോദ്യം മറ്റൊരു പാറ്റേണിൽ ആവർത്തിക്കുന്നതായി കാണാം.

أَلَمۡ یَرَوۡا۟ إِلَى ٱلطَّیۡرِ مُسَخَّرَ ٰ⁠تࣲ فِی جَوِّ ٱلسَّمَاۤءِ مَا یُمۡسِكُهُنَّ إِلَّا ٱللَّهُۚ إِنَّ فِی ذَ ٰ⁠لِكَ لَـَٔایَـٰتࣲ لِّقَوۡمࣲ یُؤۡمِنُونَ.
( അന്തരീക്ഷത്തില്‍ (ദൈവിക കല്‍പനക്ക്‌) വിധേയമായിക്കൊണ്ടു പറക്കുന്ന പക്ഷികളുടെ നേര്‍ക്ക് അവര്‍ നോക്കിയില്ലേ? അല്ലാഹു അല്ലാതെ ആരും അവയെ താങ്ങി നിര്‍ത്തുന്നില്ല. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌.) ഇവിടെ പക്ഷികളെ നിരീക്ഷിക്കുക എന്നത് എത്ര തന്നെ തഫ്സീറുകൾ വായിച്ചാലും അതിന്റെ യഥാർത്ഥ തഫ്സീർ എന്നുള്ളത് വായിക്കുന്ന ഗ്രന്ഥം പൂട്ടിവെച്ച് വിഹായസ്സിൽ ചിറകടിച്ച് അത്ഭുതകരമായി പറക്കുന്ന പറവകളെ നോക്കുക എന്നതാണ്.! ഇന്ന് Ornithology എന്നറിയപ്പെടുന്ന ഒരു ശാസ്ത്ര ശാഖ തന്നെ നിലവിലുണ്ട്. പക്ഷികളുടെ സൃഷ്ടി വൈഭവം ആഴത്തിൽ നിരീക്ഷിക്കാൻ മനുഷ്യ മസ്തിഷ്കത്തോടും മനസ്സിനോടും അല്ലാഹു ആവശ്യപ്പെടുന്നു.

ما يمسكهن إلا الرحمان
( പരമകാരുണികനല്ലാതെ (മറ്റാരും) അവയെ താങ്ങി നിർത്തുന്നില്ല.) ഇവിടെ താങ്ങി നിർത്തുക എന്നത് നമുക്കറിയാം. ഗുരുത്വാകർഷണവും വായു പ്രതിരോധവുമൊക്കെ ഉണ്ടായിട്ടും ഇതെല്ലാം തരണം ചെയ്ത് പറക്കാൻ കൃത്യമായ, അതിന് യോഗ്യമായ ശാരീരിക ഘടന അതിന് നൽകിയത് പരമകാരുണികൻ തന്നെ എന്നതാണ്!

ഹുജ്ജത്തുൽ ഇസ്ലാം ഇമാം ഗസ്സാലി (റ) അദ്ധേഹത്തിന്റെ പ്രസിദ്ധമായ ” الحكمة في مخلوقات الله ” (ദൈവാസ്തിക്യത്തിന്റെ ഭൗതിക ദൃഷ്ടാന്തങ്ങൾ) എന്ന കൃതിയിൽ പക്ഷികളുടെ സൃഷ്ടിപ്പിന്റെ അത്ഭുതകരമായ യുക്തി, മനോഹരമായി മഹാനവർകൾ വിവരിക്കുന്നുണ്ട്.;
” اعلم رحمك الله أن الله تعالى خلق الطير وأحكمه حكمة تقتضي الخفة للطيران. ولم يخلق فيه ما يثقله. وخلق فيه ما يحتاج إليه وما فيه قوامه وصرف غذائه فقسم لكل عضو منه ما يناسبه. فإن كان رخوا أو يابسا أو بين ذلك، انصرف إلى كل عضو من غذائه ما هو لائق به. فخلق للطير الرجلين دون اليدين لضرورة مشيه وتنقله. وإعانة له في ارتفاعه عن الأرض وقت طيرانه، واسعة الأسفل ليثبت في موطن على الأرض وهي خف فيه. أو بعض أصابع مخلوقة من جلد رقيق صلب من نسبة جلد ساقيه. وجعل جلد ساقيه غليظا متقنا جدا ليستغني به عن الريش في الحر والبرد. وكان من الحكمة، خلقه على هذه الصفة. لأنه في رعيه وطلب قوته لا يستغني عن مواضع فيها الطين والماء. فلو كسيت ساقاه بريش لتضرر ببلله وتلويثه..! ” ( ص. ٧١,٧٢).
[ പക്ഷികളെ സൃഷ്ടിച്ചതും പറക്കാൻ യോഗ്യമായ വിധം അവയെ രൂപപ്പെടുത്തിയതും, ഭാരിച്ചതൊന്നും തന്നെ അവയിൽ സൃഷ്ടിച്ച് വെക്കാത്തതും പ്രപഞ്ച നാഥൻ തന്നെ. എന്നാൽ ആവശ്യമുള്ളതും നിലനിൽപ്പ് ഭദ്രമാകുന്നതുമായ എല്ലാം സൃഷ്ടിച്ചു വെക്കുകയും അവയുടെ ആഹാരം അവൻ തിരിച്ചു വെക്കുകയും ചെയ്തു. അതിൻ്റെ അവയവങ്ങൾക്ക് അനുയോജ്യമായ വിവിധതരം ആഹാരങ്ങൾ അവനതിന് നൽകി. പച്ചയോ ഉണങ്ങിയതോ രണ്ടിനുമിടയിലുള്ളതോ ആയ ആഹാരം അതിന്റെ ശരീരത്തിൽ ചെന്നെത്തി അതവയവങ്ങളിലേക്ക് ആവശ്യമായ പോഷകങ്ങളായി പോകുന്നു. പക്ഷികൾക്ക് കൈകളില്ല, രണ്ട് കാലുകൾ മാത്രമുണ്ട്. നിൽക്കുന്നതിനും നടക്കുന്നതിനും പറക്കാനായി ഭൂമിയിൽ നിന്ന് മേലോട്ട് ഉയരാനും കാലുകൾ സഹായിക്കുന്നു. മാത്രവുമല്ല പാദം വീതിയുള്ളതാക്കിയിരിക്കുന്നു. ഭൂമിയിൽ ഉറച്ച് നിൽക്കാൻ വേണ്ടിയാണിത്. കണങ്കാലിന്റെ ചർമത്തിന് നല്ല കടുപ്പവും ഉറപ്പുമുണ്ട്. കണങ്കാലുകൾക്ക് തൂവലില്ല. ചൂടിനെയും തണുപ്പിനെയും തടുക്കാൻ വേണ്ടിയാണിത്. മാത്രവുമല്ല, കണങ്കാലുകൾക്ക് തൂവൽ നൽകാത്തതിലും ഒരു യുക്തിയുണ്ട്. പക്ഷികൾ ആഹാരം തേടുമ്പോൾ ചളിയും വെള്ളവും ഉള്ള സ്ഥലങ്ങളിൽ നടക്കേണ്ടി വരുന്നു. കണങ്കാലിൽ തൂവലുകൾ ഉണ്ടായാൽ അവിടെ നനവും ചളിയും പറ്റും. പറക്കുന്നതിന് പ്രതിബന്ധമാകും. അതുകൊണ്ട്, അനുയോജ്യമല്ലാത്തിടത്ത് അല്ലാഹു അതിന് തൂവൽ നൽകിയില്ല; സഞ്ചാരം സുഗമമാകാൻ.!].

മറ്റൊരു കാര്യം, പക്ഷികൾ വിഹായസ്സിൽ മനോഹരമായ ചില പാറ്റേണുകൾ നിർമ്മിക്കാറുണ്ട്. പ്രത്യേകമായ താളത്തോടെ അതവിടെ നൃത്തം ചവിട്ടുന്നു. പതിനായിരക്കണക്കിന് പക്ഷികൾ ഒരേ പാറ്റേണിൽ ഒരു പ്രാക്ടീസും ഇല്ലാതെ പറന്നുയരുന്നതും താഴുന്നതുമെല്ലാം അത് നിരീക്ഷിക്കുന്നവർക്ക് അത്ഭുതകരമാണ്. ഈ ഒരു പ്രക്രിയ ഇന്ന് Starling Murmuration എന്ന പേരിൽ അറിയപ്പെടുന്നു. ഇതിന്റെ ഗണിത ശാസ്ത്ര പഠനം തന്നെ മറ്റൊരു വിഷയമാണ്. നമ്മെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം പക്ഷികളുടെ പര്യടനമാണ്.!ആയിരക്കണക്കിന്, ലക്ഷക്കണക്കിന് കിലോമീറ്ററുകൾ താണ്ടിയുള്ള അവയുടെ വഴിതെറ്റാത്ത യാത്രകൾ! ഈ പക്ഷികൾ നടത്തുന്ന ദേശാന്തരഗമനം തന്നെ നോക്കുക.! അതിൽ ഏറ്റവും കൂടുതൽ ദൂരം അഥവാ, Longest Fliying Bird എന്നറിയപ്പെടുന്നത് Bar-tailed godwit എന്ന വരവാലൻ പക്ഷിയാണ്. ഇത് അമേരിക്കയിലെ അങ്ങേയറ്റത്തുള അലാസ്കയിൽ നിന്നും പറന്ന് ന്യൂസിലാന്ഡിൽ ലാൻഡ് ചെയ്യുന്നു.!! ഏകദേശം 12,000 കി.മി അത് നിർത്താതെ പറന്നു കൊണ്ടിരിക്കുന്നു. 11 ദിവസത്തെ ഒരു ലോങ് ട്രിപ്പ്.! ഏകദേശം 250 ൽ പരം മണിക്കൂറുകൾ തുടർച്ചയായി പറക്കുന്നുണ്ട് അല്ലാഹുവിന്റെ ഈ സൃഷ്ടി. ഇതിനിടയിൽ എത്രയെത്ര രാജ്യങ്ങളാണത് താണ്ടുന്നത്. അവിടെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ, വെയിലും ചൂടും മഴയും തണുപ്പും മഞ്ഞും അതൊന്നും തന്നെ അതിനെ ബാധിക്കുന്നില്ല.! വിശാലമായ സമുദ്രങ്ങളും കാടുകളും മലകളും മരുഭൂമികളും പിന്നിട്ട് അവസാനമത് അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നു. സുബ്ഹാനല്ലാഹ്!! കാലങ്ങളുടെയും വ്യതിയാനങ്ങളുടെയും സൃഷ്ടാവ് അതിനെ കൃത്യമായി എത്തിക്കുന്നു എന്നതാണ് മർമ്മം.!

പക്ഷികളുടെ ഈ സഞ്ചാരം മനുഷ്യരെ അതിശയിപ്പിച്ചിട്ടുണ്ട്. 3,000 വര്‍ഷങ്ങള്‍ക്കു മുമ്പേ ഗ്രീക്ക് തത്വ ചിന്തകരായ ഹോമറും അരിസ്റ്റോട്ടിലും പക്ഷികളുടെ ദേശാടനത്തെ പറ്റി മനസ്സിലാക്കിയിരുന്നതായും ചില പ്രാചീന രേഖകളിൽ കാണാം. പക്ഷികള്‍ ആരോടും വഴി ചോദിക്കാതെ ലക്ഷ്യ സ്ഥാനത്ത് എത്തുന്നത് എങ്ങിനെയെന്ന് നിങ്ങള്‍ ചിന്തിക്കുന്നില്ലേയെന്ന് പൗരാണിക ഇസ്‌ലാമിക ആത്മീയ ചിന്തകരും മനുഷ്യരെ ഉദ്‌ബോധിപ്പിച്ചിട്ടുണ്ട്.

എങ്ങനെയാണ് ഇവക്ക് അന്നപാനീയങ്ങൾ ഒന്നുമില്ലാതെ തന്നെ തുടർച്ചയായി ഈ രൂപത്തിൽ യാത്ര ചെയ്യാൻ സാധിക്കുന്നത്.? പഠന വിധേയമാക്കിയപ്പോൾ മനസ്സിലായത് ഈ പക്ഷിയുടെ ശരീര ഭാരം എന്നത് 400 മുതൽ 600 ഗ്രാം വരെയാണ്. യാത്ര തുടങ്ങുന്നതിനു തൊട്ടു മുമ്പ് അത് ധാരാളം ഭക്ഷണം കഴിച്ച് ആ സുദീർഘമായ യാത്രക്ക് വേണ്ടി തയ്യാറെടുക്കുന്നു എന്നതാണ്! പിന്നീട് താൻ ശേഖരിച്ചു വെച്ച ആ ഭക്ഷണമാണ് തന്റെ 11 ദിവസത്തെ അന്നം.! ഇവിടെയും ചിന്തിപ്പിക്കുന്ന മറ്റൊരു കാര്യം, ഇത്രയും ഭക്ഷണം വഹിച്ച് സഞ്ചരിക്കുന്ന അതിന് ഉറക്ക് വേണ്ടേ.? വിശ്രമം വേണ്ടേ? ഏത് രൂപത്തിലാണ് അതിന് വിശ്രമം ലഭിക്കുന്നത്.!

മനുഷ്യൻ്റെ മസ്തിഷ്കം എന്നത് രണ്ട് അർദ്ദ ഗോള സ്പിയറുകളാണ്. സമാനമാണ് പക്ഷികളുടെതും. പക്ഷേ, നമ്മെ സംബന്ധിച്ചിടത്തോളം ഉറങ്ങുന്ന സന്ദർഭത്തിൽ മസ്തിഷ്കത്തിലെ രണ്ടു ഭാഗവും ഒരേ രൂപത്തിലേക്ക് അഥവാ ഉറക്ക മൂഡിലേക്കാണ് പോകുന്നത്. പക്ഷേ, പക്ഷികളെ സംബന്ധിച്ചിടത്തോളം ഒരു അർദ്ധ ഭാഗം ഉറങ്ങുന്ന സന്ദർഭത്തിൽ മറ്റേ അർദ്ധ ഭാഗം ഉണർന്നിരിക്കുകയാണ്.! Half brain on, and Half brain off. ചുരുക്കത്തിൽ ശരീരത്തിലെ ഒരു ഭാഗം പ്രവർത്തിക്കുമ്പോൾ മറ്റൊരു ഭാഗം വിശ്രമത്തിലാകുന്നു. പിന്നീട് വിശ്രമത്തിലായ ഭാഗം പ്രവർത്തിക്കുമ്പോൾ പ്രവർത്തിക്കുന്ന ഭാഗം വീണ്ടും വിശ്രമത്തിലേക്ക്, ഇങ്ങനെ മാറി മാറി നടക്കുന്ന ഒരത്ഭുത പ്രതിഭാസമാണ് അള്ളാഹു പക്ഷികളുടെ ശരീരത്തിൽ രേഖപ്പെടുത്തി വെച്ചിരിക്കുന്നത്.!! ഇതിന്ന് #Unihemispheric_slow-wave sleep (USWS) എന്ന ആധുനിക ടെക്നിക്കൽ പേരിൽ അറിയപ്പെടുന്നു. ഡോൾഫിൻ പോലുള്ള ജീവികളിലും ഈ അപൂർവ്വമായ കഴിവ് കാണപ്പെടുന്നു. സുദീർഘമായി പറക്കുന്ന പക്ഷികളെ നാം നിരീക്ഷിക്കുമ്പോൾ യഥാർത്ഥത്തിൽ അവ പറക്കുന്നതോടൊപ്പം ഒരു ഭാഗം വിശ്രമാവസ്ഥയിലായിട്ടാണ് പറക്കുന്നത് എന്ന യാഥാർത്ഥ്യം നാം മനസ്സിലാക്കാറില്ല.!

ഓരോ പക്ഷികളും ദേശാടനത്തിനു വ്യത്യസ്ത സമയങ്ങളാണ് തിരഞ്ഞെടുക്കുന്നതെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇങ്ങിനെ യഥാര്‍ഥത്തില്‍ വര്‍ഷം മുഴുവന്‍ പക്ഷി സഞ്ചാരം തുടര്‍ന്നു കൊണ്ടിരിക്കുന്നുണ്ട്. ദിശ നിര്‍ണയത്തിന് അവയിലോരോന്നും വ്യത്യസ്ത മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്. ചിലത് സൂര്യനെ കണക്കാക്കി പകല്‍ മാത്രം പറക്കുന്നു. നക്ഷത്രങ്ങളെയും ചന്ദ്രനെയും പരിഗണിക്കുന്നവയുമുണ്ട്. ഭൂഗുരുത്വാകര്‍ഷണം നോക്കി ചില പക്ഷികള്‍ പറന്നുകൊണ്ടിരിക്കും. കൊക്കുകളില്‍ സെന്‍സര്‍ പോലുള്ള ഒരു വസ്തുവുണ്ടെന്നും അതിലൂടെയാണ് ദിശ നിര്‍ണയിക്കപ്പെടുന്നതെന്നും അഭിപ്രായപ്പെടുന്ന പക്ഷി ശാസ്ത്രജ്ഞരുണ്ട്. ഏതായാലും ആധുനിക ജി പി എസ് സംവിധാനത്തെ വെല്ലുന്ന ക്ലിപ്തതയോടെയാണ് പക്ഷികള്‍ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പോയിക്കൊണ്ടിരിക്കുന്നത്. ഓരോ വര്‍ഷവും അതേ സമയത്ത്, അതേ സ്ഥലത്ത് പ്രത്യക്ഷപ്പെടുന്ന ഇവക്ക് കൃത്യമായ സ്ഥാന നിര്‍ണയം നടത്താനുള്ള ശക്തി അപാരം തന്നെ.!

ഭക്ഷണത്തിന് വേണ്ടിയാണ് പക്ഷികളുടെ ദേശാടനമെന്ന് പൊതുവെ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതുമാത്രമല്ല കാരണങ്ങളെന്ന് പുതിയ പഠനങ്ങള്‍ ബോധ്യപ്പെടുത്തുന്നു. കാലാവസ്ഥ, രാത്രിയും പകലും തമ്മിലുള്ള ദൈര്‍ഘ്യം, പ്രജനനത്തിന് അനുയോജ്യമായ ഇടം തുടങ്ങിയവയൊക്കെ അവയുടെ സഞ്ചാരത്തിന് ഹേതുവാണ്. ഉത്തരാര്‍ധ ഗോളത്തിലും ആര്‍ടിക് മേഖലയിലും പക്ഷികള്‍ക്ക് ഭക്ഷണം ലഭിക്കുന്ന കാലം വളരെ കുറവാണ്. അത്തരമൊരവസ്ഥയാണ് ദീര്‍ഘ സഞ്ചാരത്തിന്നായി പക്ഷികള്‍ തിരഞ്ഞെടുക്കുന്ന ഒരു കാലഘട്ടം. അതേ സമയം കഠിനമായ തണുപ്പും ചൂടും വരുമ്പോള്‍ അത് താങ്ങാനാവാതെ ജീവന്‍ നിലനിര്‍ത്താന്‍ ഇണങ്ങിയ കാലാവസ്ഥയിലേക്ക് പറക്കുന്നവയുണ്ട്. രാത്രി ദീര്‍ഘമാകുന്ന പ്രദേശങ്ങളില്‍ നിന്ന് കുറഞ്ഞിടത്തേക്കും കുറഞ്ഞിടത്ത് നിന്ന് കൂടിയ സ്ഥലങ്ങളിലേക്കും പറക്കുന്നവയുമുണ്ട്. അടയിരിക്കാന്‍ കൂടുതല്‍ അനുയോജ്യമായ സ്ഥലം തേടിപ്പോകുന്നവയുമുണ്ട്. പക്ഷികളുടെ വംശനാശം പഠിക്കുന്നതിന്റെ ഭാഗമായി ഒരു പക്ഷിയെ അമേരിക്കന്‍ ഐക്യ നാടുകളിലെ വിദൂര ദ്വീപില്‍ നിന്ന് പിടിച്ച് ഉത്തര അമേരിക്കയിലെ ഒരു പക്ഷി സങ്കേതത്തില്‍ കൊണ്ടുവന്ന് തുറന്നിട്ട ഒരു കഥയുണ്ട്. ഇത് ചെയ്ത ശാസ്ത്രജ്ഞര്‍ സ്വന്തം സ്ഥലത്ത് തിരിച്ചെത്തുന്നതിന് മുമ്പ് പക്ഷി തന്റെ കൂട്ടില്‍ തിരിച്ചെത്തിയിരുന്നു. നൂറു കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ച് കൂട്ടംകൂട്ടമായാണ് പക്ഷികള്‍ ദേശാടനത്തിനിറങ്ങാറ്. ഒരു മണിക്കൂറില്‍ 9,000 പക്ഷികള്‍ വരെ ആകാശത്തിൻ മേലെ കടക്കുന്നുവെന്ന് റഡാറില്‍ പതിഞ്ഞിട്ടുണ്ട്. അതിശയിപ്പിക്കുന്ന നിരവധി ചോദ്യങ്ങള്‍ ബാക്കിയാക്കുന്ന ഒന്നാണിത്. ഇവ തമ്മിലുള്ള ആശയ വിനിമയം എങ്ങിനെ? ഒറ്റപ്പെട്ടു പോവുന്ന പക്ഷികള്‍ അധിക സമയമെടുക്കാതെ കൂട്ടം തേടിപ്പിടിക്കുന്നതെങ്ങിനെ? യാത്രാ വേളയില്‍ എത്ര നേരം പറക്കണം, എവിടെ വിശ്രമിക്കണം, യാത്ര എപ്പോള്‍ പുനരാരംഭിക്കണം എന്നൊക്കെ എങ്ങിനെയാവും ഇവ തീര്‍ച്ചപ്പെടുത്തുന്നത്? ഇതൊക്കെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ്. അവയുടെ വര്‍ധിച്ച മസ്തിഷ്‌ക ശേഷിയും ഇന്ദ്രിയ ക്ഷമതയും ഒരു കാരണമാണ്. പഠനങ്ങള്‍ നടക്കേണ്ട മേഖലയാണിതൊക്കെ.

രാത്രി സഞ്ചരിക്കുന്ന പക്ഷികള്‍ നക്ഷത്രങ്ങളെ നോക്കിയാണ് ദിശ നിര്‍ണയിക്കുന്നതെന്ന് പറഞ്ഞുവല്ലോ. ചെറിയ പക്ഷികളാണ് ഇങ്ങിനെ രാത്രി പറക്കാന്‍ തിരഞ്ഞെടുക്കുന്നവയില്‍ അധികവും. സൂര്യന്റെ ചൂട് സഹിക്കാനാവാത്തതും ശത്രുക്കളുടെ ആക്രമണം ഇല്ലാതിരിക്കാനുമാണ് ഇവ രാത്രിയില്‍ പറക്കുന്നത്. അസ്തമയം കഴിഞ്ഞ ഉടന്‍ ഇവ യാത്ര തിരിക്കും. സൂര്യോദയത്തിനു മുമ്പ് വരെ ഏകദേശം 2000 മൈലുകള്‍ സഞ്ചരിക്കാറുണ്ട് ഇവ.

ദേശാടന പക്ഷികള്‍ക്ക് ശാരീരികമായ ചില പ്രത്യേകതകളും കണ്ടെത്തിയിട്ടുണ്ട്. അതും ഇവിടെ കുറിക്കുന്നു; ഭാരം പൊതുവെ കുറവായിരിക്കും ഇവക്ക്. കൂടാതെ രക്തത്തിലെ ചൂടു നിലനിര്‍ത്താന്‍ പ്രാപ്തമായ തൂവലുകള്‍ എണ്ണ മയമുള്ളതിനാല്‍ വെള്ളം നനയുമ്പോള്‍ ഒട്ടിപ്പിടിക്കാതിരിക്കുകയും ചെയ്യും. ശക്തിയേറിയ ശ്വാസ കോശങ്ങളും ഭാരം കുറഞ്ഞ എല്ലുകളുമാണ് ഇവക്കുള്ളത്. ഇതൊക്കെയാണ് ദീര്‍ഘ ദൂരം പറക്കാനുള്ള ശേഷി നല്‍കുന്ന ഘടകങ്ങള്‍.

ഇടത്താവളങ്ങളില്‍ തങ്ങേണ്ട സാഹചര്യമാണ് പലപ്പോഴും ദേശാടന പക്ഷികള്‍ക്ക് ഭീഷണി ഉണ്ടാക്കുന്നത്. ഇവിടങ്ങളിലെ കാലാവസ്ഥ അനുയോജ്യമായിരിക്കണമെന്നില്ല. നിര്‍ത്താതെ പറക്കുമ്പോഴുള്ള ശരീര താപം കുറക്കാനാണ് ഇടത്താവളങ്ങളില്‍ തങ്ങുന്നത്. പക്ഷെ, ഇത്തരം വേളകളിലും യാത്ര പൂര്‍ത്തിയാകുമ്പോഴുമൊക്കെ വേട്ടക്കാരും മറ്റു ജന്തുക്കളും ശല്യമായി എത്താറുണ്ട്. ദേശാടന പക്ഷികളെ പിടിക്കുന്നതും വേട്ടയാടുന്നതും നിയമം മൂലം പല രാജ്യങ്ങളും കുറ്റകരമാക്കിയിട്ടുണ്ട്. എന്നാലും മനുഷ്യര്‍ കൂട് വിട്ട് വിദൂരങ്ങളിലേക്ക് പറന്നെത്തിയ അതിഥികളെ നിഷ്‌കരുണം കൊല്ലുന്നു. കൊന്ന ശേഷമായിരിക്കും ചിലപ്പോള്‍ ഭക്ഷണത്തിന് പറ്റിയതല്ലെന്ന് മനസ്സിലാവുക! അത് മറ്റൊരു കാര്യം.
ഏതായാലും പക്ഷികളുടെ ദേശാന്തരം മനുഷ്യര്‍ ഏറെ ചിന്തിക്കേണ്ട, പഠന വിധേയമാക്കേണ്ട വിഷയമാണ്. അവയുടെ കൂട്ടങ്ങള്‍, കലപില ശബ്ദം തുടങ്ങിയവ..!

പരുന്ത് പോലുള്ള പക്ഷികൾ പറക്കുന്നതുമായി ബന്ധപ്പെട്ട് ചില പഠനങ്ങൾ ഈ അടുത്ത കാലത്ത് ശ്രദ്ധയിൽ പെട്ടത് ഇവിടെ സൂചിപ്പിക്കുന്നു; മിഷിഗണ്‍ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രഫസര്‍ ബ്രയാന്‍ വീക്‌സ് പറയുന്നു : അനായാസമായി കണ്ണെത്താ ദൂരത്തോളം ഉയരത്തില്‍ ചില പക്ഷികള്‍ പറക്കുന്നത് കണ്ട് നമ്മള്‍ അന്തിച്ചു പോയിട്ടുണ്ട്, പക്ഷികള്‍ ഭൂമിയില്‍ നിന്നും ഉഷ്ണ വാതകങ്ങളുടെ സഹായത്താല്‍ മുകളിലേക്കു പറക്കുന്നതിന്റെ ചിത്രങ്ങളും അല്‍ഗോരിതവും അദ്ദേഹം തയ്യാറാക്കിയിരുന്നു . ചിറകടിച്ച് ഊര്‍ജ്ജം കളയാതെ കാറ്റിന്റെ ഗതിക്കനുസരിച്ച് സഞ്ചരിച്ചാണ് പക്ഷികള്‍ മുകളിലേക്ക് എത്തുന്നത്. മാത്രവുമല്ല, ലോകത്തില്‍ നമ്മളെക്കാളും കൂടുതല്‍ പക്ഷികളാണെന്നുള്ള ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലയിലെ (യുഎന്‍എസ്ഡബ്ല്യു) ഗവേഷകര്‍ നടത്തിയ പഠനം ഈ വർഷം ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടിരുന്നു., ഇന്ന് ലോകത്തില്‍ ഏകദേശം 5000 കോടി പക്ഷികളുണ്ടെന്നാണ് കണക്ക്. ലോക ജനസംഖ്യ 7.8 ബില്യണ്‍ ആണെന്നാണ് കണക്ക്. അങ്ങനെയെന്നാല്‍ ഭൂമിയില്‍ വസിക്കുന്ന മനുഷ്യരുടെ ആറ് മടങ്ങ് അധികമാണ് പക്ഷികളുടെ എണ്ണം., പക്ഷികളില്‍ ഏറ്റവും കൂടുതലുള്ള ഇനം വീട്ടു കുരുവികളാണ്. 1.6 ശതകോടി കുരുവികളാണ് ലോകത്തുള്ളത്. കൂടാതെ യൂറോപ്യന്‍ സ്റ്റെര്‍ലിങ്, ബാണ്‍ സ്വാലോ എന്നിവയുടെ എണ്ണവും ശതകോടിക്ക് മീതെയാണ്. അതേസമയം, പത്തില്‍ ഒന്ന് പക്ഷിവര്‍ഗ്ഗങ്ങളുടെ എണ്ണം 5000 ല്‍ താഴെയാണ്. ആകെയുള്ള പക്ഷികളുടെ എണ്ണത്തിന്റെ 12 ശതമാനം വരുമിത്. ചൈനീസ് ക്രെസ്റ്റഡ് ടെര്‍ണ്‍, നോയിസി സ്‌ക്രബ്-ബേര്‍ഡ്, ഇന്‍വിസിബിള്‍ റെയില്‍ തുടങ്ങിയവയാണ് കുറവ് എണ്ണമുള്ള പക്ഷി വര്‍ഗ്ഗങ്ങളില്‍ ചിലത്. അറിയപ്പെടുന്ന 9,700 പക്ഷി വര്‍ഗ്ഗങ്ങളെ വിശകലനം ചെയ്തതിനെ തുടര്‍ന്നാണ് ഈ കണ്ടെത്തലുകള്‍. ഇത് ജീവിച്ചിരിക്കുന്ന ആകെ പക്ഷികളുടെ 92 ശതമാനത്തെ ഉള്‍ക്കൊള്ളുന്നു. മനുഷ്യരുടെ ജനസംഖ്യ കണക്കാക്കാന്‍ മുന്‍പും ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും, പക്ഷികളുടെ എണ്ണത്തെ കണക്കാക്കാനുള്ള ആദ്യത്തെ സമഗ്ര ശ്രമമാണിത് എന്ന് പഠന സംഘത്തിലെ അംഗമായ മുതിര്‍ന്ന പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ വില്‍ കോൺവെൽ പറഞ്ഞു.!

ഇമാം ഗസ്സാലി (റ) ചിന്തനീയമായ മറ്റൊരു കാര്യം കൂടി പങ്കു വെക്കുന്നുണ്ട്.;
” وجعل له منفذا واحدا للولادة وخروج فضلاته لأجل خفته. وخلق ريش ذنبه معونة له على استقامته في طيرانه . فلولاه لما مالت به الأجنحة في حال الطيران يمينا وشمالا . فكان له بمنزل رجل السفينة الذي يعدل بها سيرها . وخلق في طباعه الحذر وقاية لسلامته . ولما كان طعامه يبتلعه بلعا بلا مضغ ، جعل لبعضه منقارا صلبا يقطع به اللحم ويقوم له مقام ما يقطع بالمدية . وصار يزدرد ما يأكله صحيحا . وأعين بفضل حرارة في جوفه تطحن الطعام طحنا يستغنى به عن المضغ وثقل الأسنان . واعتبر ذلك بحبّ العنب وغيره . فإنه يخرج من بطون الحيوان صحيحا وينسحق في أجواف الطير . ثم إنه خلقه يبيض ولا يلد لئلا يثقل عن الطيران . فإنه لو خلقت فراخه في جوفه حتى يكمل خلقها لثقل بها وتعوّق عن النهوض للطيران . أفلا ترى كيف دبر كل شيء من خلقه بما يليق به من الحكمة” ؟ (ص. ٧٣, ٧٤ ).
[പക്ഷികൾക്കു മുട്ടയിടുന്നതിനും വിസർജനത്തിനും ഒരൊറ്റ ദ്വാരമേയുള്ളൂ. ശരീരം ലഘുവായതു കൊണ്ടാണത്. പറക്കുമ്പോൾ വായുവിൽ ബാലൻസ് നില നിർത്തുന്നതിനു സഹായകമായ രൂപത്തിലാണ് പക്ഷിയുടെ വാലിന്റെ അറ്റം. ഇതില്ലെങ്കിൽ പറക്കുമ്പോൾ വലത്തോട്ടും ഇടത്തോട്ടും ചാഞ്ഞു പോകും. ഒരു കപ്പൽ സഞ്ചരിക്കുമ്പോൾ അതിൻ്റെ ബാലൻസ് ശെരിപ്പെടുത്തുന്ന അമരത്തിന് സമമാണ് പറക്കുന്ന പക്ഷിക്ക് അവയുടെ വാല്. എപ്പോഴും സൂക്ഷ്മതയും ജാഗ്രതയും പാലിക്കുക എന്നത് പക്ഷിയുടെ സഹജ സ്വഭാവമാണ്. മാത്രവുമല്ല, അതിൻ്റെ രക്ഷക്ക് വേണ്ടിയാണ് ഈ പ്രത്യേക പ്രകൃതി നൽകിയത്. പക്ഷികൾ ആഹാരം ചവക്കുന്നില്ല, അപ്പാടെ വിഴുങ്ങുകയാണ് ചെയ്യാറ്.! അതിനാൽ ചിലയിനം പക്ഷികൾക്ക് ഉറപ്പും മൂർച്ചയുമുള്ള കൊക്കുകൾ സൃഷ്ടിച്ചു കൊടുത്തിരിക്കുന്നു. അതുകൊണ്ട് മാംസവും കൊത്തിക്കൊണ്ടുവന്ന് അറുത്തു വിഴുങ്ങാം. ഉദരത്തിലെ വർധിച്ച താപം കൊണ്ടും പക്ഷികൾ സഹായിക്കപ്പെട്ടിരിക്കുന്നു. ദന്ത ഭാരമോ ചവയ്ക്കാനുള്ള യന്ത്രമോ വേണ്ടാതെ തന്നെ ദഹനം സുഗമമാക്കുന്നു. പക്ഷികളെയും മറ്റു ജീവികളെയും പരിശോധിച്ചു നോക്കുക. മറ്റു ജന്തുക്കളുടെ വിസർജ്യത്തിൽ ദഹിക്കാത്ത വസ്തു പക്ഷിയുടെ വിസർജ്യത്തിൽ ദഹിച്ചതായി കാണാം !പക്ഷികളുടെ പ്രജനനം മുട്ടയിട്ടാണ്, അവ പ്രസവിക്കാറില്ല. ഗർഭ ധാരണത്തിനു കൂടെയായിരുന്നു പ്രജനനം എങ്കിൽ ഗർഭ കാലത്ത് തള്ള പക്ഷികൾക്ക് പറക്കൽ ദുർവഹമാകുമായിരുന്നു. സൃഷ്ടാവായ അല്ലാഹു ഓരോ വസ്തുവിനെയും എത്ര യുക്തിയോടെയാണ് സംവിധാനം ചെയ്തതെന്ന് ആലോചിച്ചുനോക്കൂ!!! അടയിരുന്നു മുട്ടക്ക് ചൂടു പകരണം എന്ന് പക്ഷിയെ പഠിപ്പിക്കുന്നത് ആരാണ്!?? ധാന്യമണികൾ കൊത്തിപ്പെറുക്കി വായിലിട്ടു നേർപ്പിച്ച ശേഷം കുഞ്ഞുങ്ങൾക്ക് കൊടുക്കണമെന്ന് പഠിപ്പിക്കുന്നത് ഏത് ശക്തിയാണ്!??]

ഇവിടെയാണ് ഒരു ഖുർആനിക സൂക്തം പ്രസക്തമാകുന്നത്; قَالَ رَبُّنَا ٱلَّذِیۤ أَعۡطَىٰ كُلَّ شَیۡءٍ خَلۡقَهُۥ ثُمَّ هَدَىٰ (അദ്ദേഹം (മൂസാ) പറഞ്ഞു: ഓരോ വസ്തുവിനും അതിന്‍റെ പ്രകൃതം നല്‍കുകയും, എന്നിട്ട് (അതിന്‌) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്‌.) Surah Ta-Ha 50. ഓരോ സൃഷ്ടിയിലും അല്ലാഹുവിൻ്റെ ആസൂത്രണ മികവും അനുഗ്രഹത്തികവും യുക്തിബോധവും നിറഞ്ഞിരിക്കുന്നു. സൃഷ്ടാവ് തന്റെ സൃഷ്ടികൾക്ക് മികച്ച രൂപകൽപന നൽകിയതോടൊപ്പം അതിന് അതിജീവിക്കാനുള്ള പ്രക്രിയയും അവൻ തന്നെ ഏർപ്പെടുത്തിയിരിക്കുന്നു. മുകളിൽ സൂചിപ്പിച്ച ദേശാന്തര പക്ഷികൾക്ക് പുറമെ കടലിൽ ജീവിക്കുന്ന സാൽമൺ മത്സ്യങ്ങൾ തുടങ്ങിയവയൊക്കെ ഒരു ജി പി എസിന്റെയും സഹായമില്ലാതെ എങ്ങനെ ഇത്ര കൃത്യമായി അവയുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നത്.! ഒരു ഉറുമ്പിന്റെ കാര്യം പോലും കിറുകൃത്യമായി അറിയുന്ന മഹാശക്തി.!!
سبحان الله، والحمد لله، ولا إله إلا الله، والله أكبر.!

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles