Current Date

Search
Close this search box.
Search
Close this search box.

സുന്ദരനായവനേ സുബ്ഹാനല്ലാഹ്…

സർവ്വശക്തനായ റബ്ബ് വിശുദ്ധ ഖുർആനിൽ വിവരിച്ച ഏറ്റവും സുന്ദരമായ മൂന്ന് കാര്യങ്ങളുണ്ട് … സുന്ദരമായ ക്ഷമ ( صبر جميل) സുന്ദരമായ അവഗണന ( هجر جميل ) സുന്ദരമായ വിട്ടുവീഴ്ച ( صفح جميل)

പരാതിപ്പെടാതെ ക്ഷമിക്കുക .. ഉപദ്രവിക്കാതെ വിടുക .. ആക്ഷേപിക്കാതെ പൊറുക്കുക .. സുന്ദരനായ നാഥന്റെ അതി മനോഹരമായ നിർദ്ദേശങ്ങൾ …

فَصَبْرٌ جَمِيلٌ وَاللَّهُ الْمُسْتَعَانُ عَلَى مَا تَصِفُونَ” يوسف :،18. സുന്ദരമായ ക്ഷമ! നിങ്ങള്‍ (ഈ) വിവരിക്കുന്നതിനെപ്പറ്റി സഹായമപേക്ഷിക്കപ്പെടുന്നവന്‍ അല്ലാഹുവത്രെ.’ സ്വന്തം മക്കൾ അവരുടെ കൂടെപ്പിറപ്പിനെ കുറിച്ച് നട്ടാൽ മുളക്കാത്ത നുണ പറഞ്ഞു കരഞ്ഞു അഭിനയിച്ചപ്പോൾ എല്ലാം തന്റെ റബ്ബിൽ സമർപ്പിച്ച് സ്വയം നിയന്ത്രിച്ച യഅ്ഖൂബ് പിതാവിന്റെ ആ സമീപനം അന്ത്യനാൾ വരെ വരാനിക്കുന്നവർക്കുള്ള ക്ഷമയുടെ മാതൃകയായാണ് ഖുർആൻ പരിചയപ്പെടുത്തുന്നത്. വേണെമെങ്കിൽ നിങ്ങൾ പറയുന്നത് പച്ചക്കള്ളമാണെന്ന് പറഞ്ഞ് അവരെ പടിയടച്ച് പിണ്ഡം വെയ്ക്കുവാൻ ആ പിതാവിനാവുമായിരുന്നു. എങ്കിൽ റബ്ബ് നേരത്തെ സംവിധാനം ചെയ്ത് വെച്ച കഥാന്ത്യം ക്ലൈമാക്സിലെത്തില്ലായിരുന്നു. കഥയുടെ രസച്ചരട് അവിടെ വെച്ച് പൊട്ടിയേനേ…

ഈ ക്ഷമയുടെ നെല്ലിപ്പടി കാണുമ്പോൾ അനിവാര്യമായി പുലർത്തേണ്ടി വരുന്ന രണ്ടാം ഘട്ടമാണ് സുന്ദരമായ ഉപേക്ഷ / അവഗണന
(هجرا جميلا)
وَٱصْبِرْ عَلَىٰ مَا يَقُولُونَ وَٱهْجُرْهُمْ هَجْرًا جَمِيلًا” المزمل: 10

അവിശ്വാസികള്‍ പറഞ്ഞു വരുന്നതിനെക്കുറിച്ച് ക്ഷമ കൈക്കൊള്ളുകയും, സുന്ദരമായ വിധത്തില്‍ അവരെ വെടിഞ്ഞു നില്‍ക്കുകയും ചെയ്യുക. അവര് പറയുന്നതിനെയെല്ലാം തുല്യമായ ഭാഷയിലോ അതിനേക്കാൾ എത്രയോ ഇരട്ടിയായോ തിരിച്ചു കൊടുക്കാനുള്ള ആളും അർഥവും ഉണ്ടായിട്ടും ആക്ഷേപങ്ങളോട് നബി തിരുമേനി(സ) പുലർത്തേണ്ടതുണ്ട് എന്ന് ഖുർആൻ ഉദ്ബോധിപ്പിച്ച ശക്തമായ നിലപാടാണ് ഹജർ (അവഗണന ) ..

ആവശ്യമില്ലാത്ത കാര്യങ്ങൾ ഊതിവീർപ്പിച്ച് അവർക്ക് അമിതമായ ദൃശ്യത ഉണ്ടാക്കരുത് എന്നാണ് (هجرا جميلا) എന്നാലർഥം. ( فَاصْفَحِ الصَّفْحَ الْجَمِيلَ ) الحجر :85

ആകയാല്‍ നബിയേ നീ സുന്ദരമായ വിട്ടുവീഴ്ച ചെയ്തു കൊള്ളുക. വേണമെങ്കിൽ നിഷേധികളെ ശക്തമായ നടപടികളുമായി നേരിടാനുള്ള കരുത്ത് നബിയുടെ കുടുംബബലം കൊണ്ടും സംഘശക്തി കൊണ്ടും കഴിയുമായിരിന്നിട്ടും സുന്ദരമായ വിട്ടുവീഴ്ച അവലംബിക്കാനാണ് ഖുർആന്റെ കല്പന. മനുഷ്യഹൃദയങ്ങളിൽ സ്‌നേഹത്തിന്റെ വിത്തുകൾ പാകുവാനും അവ നല്ല രീതിയിൽ നനയ്ക്കുക എന്നുമാണ് നമ്മോട് നിർദ്ദേശം . ജീവിതം ക്ഷണികമാണ്, നാമെല്ലാവരും ഈ ലോകം വിട്ടു പിരിയേണ്ടവരാണ്.നാം വിതയ്ക്കുന്ന നന്മ മാത്രമേ നിലനിൽക്കുന്നുള്ളൂ … ആയതിനാൽ സുന്ദരമായി ക്ഷമിക്കുവാനും അവഗണിക്കുവാനും വിട്ടുവീഴ്ച ചെയ്യാനും നാം പ്രത്യേകം ശ്രദ്ധിക്കണം.

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles