Current Date

Search
Close this search box.
Search
Close this search box.

അവതരണഘട്ടങ്ങൾ

ഖുർആന്റെ പ്രതിപാദനരീതിയും ക്രോഡീകരണക്രമവും ഉള്ളടക്കവും ശരിയാംവണ്ണം ഗ്രഹിക്കണമെങ്കിൽ അതിന്റെ അവതരണ സ്വഭാവത്തെക്കുറിച്ചും ഗ്രഹിക്കേണ്ടതുണ്ട്. അല്ലാഹു മുഹമ്മദ്‌നബിക്ക് എഴുതി അയച്ചുകൊടുക്കുകയും അത് പ്രസിദ്ധീകരിച്ച് ഒരു സവിശേഷ ജീവിതരീതിയിലേക്ക് ജനങ്ങളെ ക്ഷണിക്കണമെന്നുദ്‌ബോധിപ്പിക്കുകയും ചെയ്തുവെന്നതല്ല, ഒരു ഗ്രന്ഥമെന്ന നിലയിൽ ഖുർആന്റെ സ്വഭാവം. പ്രതിപാദ്യവും ഉള്ളടക്കങ്ങളും ഗ്രന്ഥരചനാ സമ്പ്രദായത്തിൽ ക്രോഡീകരിച്ചുമല്ല അതവതരിച്ചിട്ടുള്ളത്. അതിനാൽ, ഇതര കൃതികളുടെ ക്രമവും ക്രോഡീകരണവും ഇവിടെ കാണില്ല. യഥാർഥത്തിൽ ഖുർആന്റെ അവതരണം താഴെ വിവരിക്കും പ്രകാരമാണ് ഉണ്ടായത്.

ഒന്നാംഘട്ടം
അറേബ്യയിലെ മക്കാ പട്ടണത്തിൽ ദൈവം തന്റെ ഒരു ദാസനെ പ്രവാചകത്വ ദൗത്യത്തിനായി തെരഞ്ഞെടുത്തു. പ്രബോധനം ആരംഭിക്കുന്നത് സ്വന്തം പട്ടണത്തിലും ഗോത്ര(ഖുറൈശ്) ത്തിലുംതന്നെ വേണമെന്ന് അദ്ദേഹത്തോട് ആജ്ഞാപിക്കുകയും ചെയ്തു. ഈ പ്രവർത്തനത്തിന് പ്രാരംഭമായി വേണ്ടിയിരുന്ന നിർദേശങ്ങൾ മാത്രമേ അപ്പോൾ നൽകപ്പെട്ടുള്ളൂ. അവ മിക്കവാറും മൂന്നു വിഷയങ്ങളടങ്ങിയതായിരുന്നു:

1. ഈ മഹത്കൃത്യത്തിന് സ്വയം തയ്യാറെടുക്കേണ്ടതെങ്ങനെയെന്നും പ്രവർത്തനം ഏതു രീതിയിൽ വേണമെന്നും പ്രവാചകനെ പഠിപ്പിക്കുക.

2. യാഥാർഥ്യത്തെക്കുറിച്ച പ്രാരംഭ പരാമർശം; ചുറ്റുപാടുമുള്ള ജനങ്ങളിൽ സ്ഥലംപിടിച്ചിരുന്നതും അവരുടെ അബദ്ധനയത്തിനു പ്രേരകമായി വർത്തിച്ചിരുന്നതുമായ തെറ്റുധാരണകളുടെ പൊതുവായ ഖണ്ഡനം.

3. ശരിയായ നയത്തിന്റെ പ്രബോധനം; മനുഷ്യന്റെ വിജയ-സൗഭാഗ്യത്തിന് നിദാനമായ ദൈവികമാർഗദർശനത്തിന്റെ പ്രാഥമിക തത്ത്വങ്ങളേയും മൗലികധർമങ്ങളേയും കുറിച്ച പ്രതിപാദനം.

പ്രബോധനാരംഭത്തിന് ചേർന്നവിധം അതീവസുന്ദരമായ ഏതാനും കൊച്ചുകൊച്ചു വചനങ്ങളായിരുന്നു ഈ ആദ്യഘട്ട സന്ദേശങ്ങൾ. അവയുടെ ഭാഷ അത്യന്തം സ്ഫുടവും ശക്തവും സരളവുമായിരുന്നു. അനുവാചകാഭിരുചിക്ക് അനുഗുണമായി, അവ ഏറ്റവും മുന്തിയ കലാഭംഗിയിൽ കടഞ്ഞെടുത്തതായിരുന്നു. ഹൃദയങ്ങളിൽ അവ അസ്ത്രം കണക്കെ ആഞ്ഞുതറക്കുന്നു. രചനാസൗകുമാര്യത്തിൽ മതിമറന്ന് അധരങ്ങൾ അവ സ്വയം ഉരുവിട്ടുപോകുന്നു. പ്രാദേശികച്ചുവ തുലോം കൂടുതലായിരുന്നു ഇവയിൽ. സാർവലൗകിക സത്യങ്ങളാണ് ഉള്ളടക്കമെങ്കിലും തെളിവുകളും സാക്ഷ്യങ്ങളും ഉപമകളും അലങ്കാരങ്ങളുമൊക്കെ അനുവാചകവൃന്ദത്തിന് സുപരിചിതമായ സമീപ ചുറ്റുപാടുകളിൽനിന്ന് എടുത്തിട്ടുള്ളതായിരുന്നു. അവരുടെ ചരിത്ര-പാരമ്പര്യങ്ങളും അനുദിനം അവർക്ക് ദൃശ്യമായിരുന്ന ദൃഷ്ടാന്തങ്ങളും അവരുടെത്തന്നെ വിശ്വാസപരവും ധാർമികവും സാമൂഹികവുമായ വൈകല്യങ്ങളുമാണവയിൽ പ്രതിപാദിച്ചിരുന്നത്. എങ്കിലേ, അവ അവരെ സ്വാധീനിക്കുമായിരുന്നുള്ളൂ.

ഈ ഒന്നാം ഘട്ടം ഉദ്ദേശം നാലഞ്ചു വർഷം തുടർന്നു. ഈ ഘട്ടത്തിൽ തിരുമേനിയുടെ പ്രബോധനത്തിന്റെ പ്രതിധ്വനി മൂന്നു രൂപങ്ങളിൽ പ്രകടമായി:

ഒന്ന്: ഏതാനും നല്ല മനുഷ്യർ ഈ പ്രബോധനം സ്വീകരിച്ച് മുസ്‌ലിം പാർട്ടിയായി രൂപംകൊള്ളാൻ സന്നദ്ധരായി പ്രവാചകന്റെ കൂടെ നിന്നു.

രണ്ട്: വലിയൊരു വിഭാഗം ആളുകൾ അജ്ഞതകൊണ്ടോ സ്വാർഥംകൊണ്ടോ പൂർവാചാര പ്രതിപത്തികൊണ്ടോ എതിർപ്പിന് മുന്നോട്ടുവന്നു.

മൂന്ന്: മക്കയുടെയും ഖുറൈശികളുടെയും അതിരുകൾ കടന്ന് ഈ ശബ്ദം കുറേക്കൂടി വ്യാപകമായ വൃത്തങ്ങളിൽ എത്തിത്തുടങ്ങി.

രണ്ടാംഘട്ടം
ഇവിടംമുതൽ പ്രബോധനത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുകയായി. ഇസ്‌ലാമിക പ്രസ്ഥാനവും പഴഞ്ചൻ ജാഹിലിയ്യതും തമ്മിൽ ഈ ഘട്ടത്തിൽ അതികഠിനമായ ജീവൻമരണസമരംതന്നെ നടന്നു. ആ പരമ്പര എട്ടൊമ്പതു വർഷത്തോളം തുടർന്നു. മക്കയിൽ മാത്രമല്ല, ഖുറൈശി ഗോത്രത്തിൽ മാത്രമല്ല, അറേബ്യയുടെ മിക്കഭാഗങ്ങളിലും പഴഞ്ചൻ യാഥാസ്ഥിതികത്വം നിലനിർത്താനാഗ്രഹിച്ചിരുന്നവർ ഈ പ്രസ്ഥാനത്തെ ശക്തികൊണ്ട് തകർക്കാൻ തുനിഞ്ഞിറങ്ങി. അതിനെ അടിച്ചമർത്താൻ എല്ലാ അടവുകളും അവർ പ്രയോഗിച്ചു. വ്യാജപ്രചാരണങ്ങൾ നടത്തി. ദൂഷ്യാരോപണങ്ങളുടെയും ദുഷ്തർക്കങ്ങളുടെയും കെട്ടഴിച്ചുവിട്ടു. ബഹുജനങ്ങളിൽ പലവിധ സംശയങ്ങളും ആശയക്കുഴപ്പങ്ങളും സൃഷ്ടിച്ചു. വിവരമില്ലാത്ത ജനങ്ങളെ നബിയുടെ സന്ദേശങ്ങൾ ശ്രവിക്കുന്നതിൽനിന്ന് തടഞ്ഞു. ഇസ്‌ലാം ആശ്ലേഷിക്കുന്നവരെ ക്രൂരവും മൃഗീയവുമായ മർദനപീഡനങ്ങൾക്കിരയാക്കി. അവർക്കെതിരെ സാമ്പത്തികോപരോധവും സാമൂഹിക ബഹിഷ്‌കരണവും ഏർപ്പെടുത്തി. അവരെ എത്രമേൽ ക്ലേശിപ്പിച്ചു എന്നാൽ, അനേകമാളുകൾ സ്വഗേഹങ്ങളുപേക്ഷിച്ച് രണ്ടുവട്ടം അബിസീനിയായിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരായി. ഒടുവിൽ മൂന്നാംവട്ടം അവർക്കെല്ലാം മദീനയിലേക്ക് ഹിജ്‌റ(പലായനം)ചെയ്യേണ്ടതായും വന്നു. എന്നാൽ, ഈ അതിശക്തവും അനുദിനം ശക്തിപ്രാപിച്ചുകൊണ്ടിരുന്നതുമായ എതിർപ്പുകളെല്ലാം ഉണ്ടായിരുന്നിട്ടും പ്രസ്ഥാനം വളരുകയായിരുന്നു. ഏതെങ്കിലുമൊരാൾ ഇസ്‌ലാം സ്വീകരിക്കാതെ ഒരു വീടോ ഗോത്രമോ മക്കയിൽ അവശേഷിച്ചില്ല. തങ്ങൾക്ക് ബന്ധപ്പെട്ട പലരും ഇസ്‌ലാം ആശ്ലേഷിച്ചുകൊണ്ടിരിക്കുന്നു എന്നതായിരുന്നു, ഒട്ടനേകം വിരുദ്ധൻമാരുടെ ശത്രുത ശക്തിപ്പെടാൻതന്നെ കാരണം. തങ്ങളുടെ സഹോദരീ സഹോദരന്മാരും മക്കളും ജാമാതാക്കളുമായ പലരും ഇസ്‌ലാമികപ്രബോധനം അംഗീകരിച്ചു എന്നു മാത്രമല്ല, പ്രസ്ഥാനത്തിന്റെ സന്നദ്ധ ഭടന്മാരായിത്തീരുകയും ചെയ്തിരുന്നു. തങ്ങളുടെ രക്തത്തിന്റെയും മാംസത്തിന്റെയും ഭാഗമായ അരുമക്കിടാങ്ങളിതാ, തങ്ങളുടെ നേരെത്തന്നെ സമരോത്സുകരായി നിൽക്കുന്നു! മറ്റൊരു പ്രത്യേകതകൂടി: പഴകിയളിഞ്ഞ ജാഹിലിയ്യതുമായി ബന്ധം വിച്ഛേദിച്ച് വളരുന്ന നൂതനപ്രസ്ഥാനത്തിലേക്ക് ആനയിക്കപ്പെട്ടുകൊണ്ടിരുന്നവർ ആദ്യമേ സമൂഹത്തിൽ ഏറ്റവും നല്ലവരായി അംഗീകാരം നേടിയവരായിരുന്നു. പ്രസ്ഥാനത്തിൽ വന്നുകഴിഞ്ഞ ശേഷമാകട്ടെ അവർ പൂർവോപരി നന്മയും പരിശുദ്ധ സ്വഭാവചര്യകളുമാർജിച്ച സാത്വികരായി മാറി. ഇത്തരം നല്ല മനുഷ്യരെ തന്നിലേക്കാകർഷിക്കുകയും അവരെ ഇത്രമേൽ നല്ലവരായി പരിവർത്തിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്ന ഒരു പ്രസ്ഥാനത്തിന്റെ മഹിമയും മേന്മയും മനസ്സിലാക്കാതിരിക്കാൻ ലോകത്തിന് സാധ്യമായിരുന്നില്ല.

തീവ്രവും ദീർഘവുമായ ഈ സംഘട്ടനത്തിനിടയിൽ സന്ദർഭോചിതവും അവശ്യാനുസൃതവുമായ ഏതാനും ഉജ്ജ്വല പ്രഭാഷണങ്ങൾ അല്ലാഹു പ്രവാചകന് അവതരിപ്പിച്ചുകൊണ്ടിരുന്നു. നദീജലത്തിന്റെ ഒഴുക്കും കൊടുങ്കാറ്റിന്റെ ഉഗ്രതയും തീജ്വാലകളുടെ ആക്രമണശേഷിയുമുള്ള പ്രൗഢവും ആവേശനിർഭരവുമായ പ്രഭാഷണങ്ങൾ. ആ വാഗ്ധാരകളിലൂടെ, ഒരുവശത്ത്, വിശ്വാസികൾക്ക് അവരുടെ പ്രാരംഭചുമതലകൾ അറിയിച്ചുകൊടുത്തു. അവരിൽ സംഘടനാബോധം വളർത്തി. അവർക്ക് ഭക്തിയുടെയും ധാർമിക മേന്മയുടെയും സ്വഭാവപരിശുദ്ധിയുടെയും ശിക്ഷണങ്ങൾ നൽകി. സത്യദീനിന്റെ ബോധനരീതികൾ വിവരിച്ചുകൊടുത്തു. വിജയത്തിന്റെ വാഗ്ദാനങ്ങളും സ്വർഗത്തെക്കുറിച്ച സന്തോഷവാർത്തയുംകൊണ്ട് അവരിൽ ആത്മബലം പകർന്നു. ക്ഷമയോടും ധൈര്യത്തോടും ഉയർന്ന മനോവീര്യത്തോടും ദൈവമാർഗത്തിൽ കഠിനാധ്വാനം ചെയ്യാൻ അവരെ പ്രേരിപ്പിച്ചു. എന്തെന്തു വിഷമങ്ങൾ തരണംചെയ്യാനും എതിർപ്പുകളുടെ എത്രവലിയ കൊടുങ്കാറ്റുകളോടെതിരിടാനും സദാ സന്നദ്ധരാകുമാറ്, ത്യാഗത്തിന്റെയും അർപ്പണത്തിന്റെയും ശക്തമായ ആവേശ-വികാരങ്ങൾ അവരിൽ ഉദ്ദീപിപ്പിച്ചു. മറുവശത്ത്, അതേ പ്രഭാഷണങ്ങളിൽ, പ്രതിയോഗികളെയും ആലസ്യനിദ്രയിൽ ലയിച്ചിരിക്കുന്ന സൻമാർഗവിമുഖരെയും പൂർവജനസമുദായങ്ങളുടെ ദുരന്തകഥകളനുസ്മരിപ്പിച്ച് കഠിനമായി താക്കീത് ചെയ്യുകയുണ്ടായി- ആ പൂർവികചരിത്രമാവട്ടെ, തങ്ങൾക്കറിവുള്ളതായിരുന്നു. തങ്ങൾ നിത്യവും കടന്നുപോകാറുള്ള, തകർന്നടിഞ്ഞ നാടുകളുടെ നഷ്ടാവശിഷ്ടങ്ങൾ കണ്ട് പാഠം പഠിക്കാൻ അവരെ ശക്തിയായി ഉദ്‌ബോധിപ്പിച്ചു. ആകാശ-ഭൂമികളിൽ ദൃശ്യമായിരുന്നതും സ്വജീവിതത്തിൽ സദാ അനുഭവപ്പെട്ടിരുന്നതുമായ സുവ്യക്ത ദൃഷ്ടാന്തങ്ങൾ നിരത്തി ഏകദൈവത്വത്തിന്റെയും മരണാനന്തര ജീവിതത്തിന്റെയും സാധുത സമർഥിക്കപ്പെട്ടു. ബഹുദൈവത്വത്തിന്റെയും പരലോകനിഷേധത്തിന്റെയും മനുഷ്യന്റെ സ്വാധികാരവാദത്തിന്റെയും അനാശാസ്യത, ആഴത്തിലിറങ്ങിച്ചെല്ലുന്ന പ്രസ്പഷ്ടമായ തെളിവുകൾകൊണ്ട് വ്യക്തമാക്കപ്പെട്ടു. അതോടൊപ്പം എതിരാളികളുടെ ഓരോ സംശയവും ദൂരീകരിക്കുകയും ഓരോ ആക്ഷേപത്തിനും വ്യക്തമായി മറുപടി നൽകുകയും ചെയ്തു. തങ്ങൾ സ്വയം കുടുങ്ങിയിരുന്നതോ അന്യരെ കുടുക്കാനുപയോഗിച്ചിരുന്നതോ ആയ ഓരോ കുരുക്കും അങ്ങനെ സമർഥമായി അഴിച്ചുമാറ്റപ്പെട്ടു. ചുരുക്കത്തിൽ, ജാഹിലിയ്യതിനെ നാനാഭാഗത്തുനിന്ന് വലയംചെയ്ത് പരമാവധി ഇടുക്കുകയും രക്ഷപ്പെടാൻ പഴുതില്ലാത്തവിധം കെണിയിൽപ്പെടുത്തുകയും ചെയ്തു. ബുദ്ധിയുടെയും യുക്തിബോധത്തിന്റെയും മേഖലയിൽ അതിന് ഒട്ടും നിൽക്കപ്പൊറുതിയില്ലെന്നായി. അതേസമയം, ദൈവത്തിന്റെ കോപ-ശാപങ്ങളെക്കുറിച്ച് സത്യനിഷേധികൾക്ക് മുന്നറിയിപ്പുനൽകി. അന്ത്യനാളിന്റെ ഭയങ്കരതകളെയും നരകശിക്ഷയുടെ കാഠിന്യത്തെയുംകുറിച്ച് അവരെ ഭയപ്പെടുത്തി. അവരുടെ ദുഷിച്ച സ്വഭാവ-ചര്യകളെയും സത്യവിരോധത്തെയും സത്യവിശ്വാസികളുടെ നേരെയുള്ള മർദനങ്ങളെയും ശക്തിയായി അപലപിച്ചു. ദൈവാഭീഷ്ടത്തിലധിഷ്ഠിതമായ ഉത്തമസംസ്‌കാര-നാഗരികതകളുടെ നിർമാണത്തിന് എക്കാലത്തും നിദാനമായിരുന്നിട്ടുള്ള സുപ്രധാന ധാർമിക തത്ത്വങ്ങൾ അവരുടെ മുമ്പാകെ സമർപ്പിക്കപ്പെടുകയും ചെയ്തു.

ഈ ഘട്ടം, പല ഉപഘട്ടങ്ങളടങ്ങിയതായിരുന്നു. അതിലോരോ ഘട്ടത്തിലും, പ്രബോധനം കൂടുതൽ വ്യാപകമായിക്കൊണ്ടിരുന്നു. പ്രവർത്തനവും ഒപ്പം പ്രതിരോധവും ശക്തിയാർജിച്ചുവന്നു. വിശ്വാസാദർശങ്ങളിലും കർമരീതികളിലും വ്യത്യസ്തരായ ജനപദങ്ങളുമായി ഇടപെടേണ്ടതായിവന്നു. ഇതിനെല്ലാം അനുയോജ്യമായി അല്ലാഹുവിങ്കൽനിന്ന് ലഭിച്ച സന്ദേശങ്ങളിൽ വിഷയങ്ങൾക്ക് വൈവിധ്യം കൂടിക്കൂടിവരുകയുംചെയ്തു- ഇതത്രേ വിശുദ്ധഖുർആനിൽ മക്കാ ജീവിതഘട്ടത്തിന്റെ പശ്ചാത്തലം.

മൂന്നാംഘട്ടം
മക്കയിൽ പ്രസ്ഥാനം അതിന്റെ പ്രവർത്തനത്തിൽ മുഴുകി പതിമൂന്നുവർഷം പിന്നിട്ടു. അപ്പോഴാണ് അതിന് പൊടുന്നനെ മദീനയിൽ ഒരു കേന്ദ്രം കൈവരുന്നത്. അവിടെ പ്രസ്ഥാനത്തിന് തദനുയായികളെ അറേബ്യയുടെ എല്ലാ ഭാഗങ്ങളിൽനിന്നും ഏകീകരിച്ച് ഒരിടത്ത് ഒരുമിച്ചുകൂട്ടാൻ സാധ്യമായി. നബിയും ഭൂരിഭാഗം മുസ്‌ലിംകളും ഹിജ്‌റചെയ്ത് മദീനയിലെത്തി. പ്രബോധനം, ഇതോടെ മൂന്നാമത്തെ ഘട്ടത്തിൽ പ്രവേശിക്കുകയായി.

സ്ഥിതിഗതികളുടെ ചിത്രം, ഈ ഘട്ടത്തിൽ പാടെ മാറിക്കഴിഞ്ഞിരുന്നു. മുസ്‌ലിംസമൂഹം വ്യവസ്ഥാപിതമായി ഒരു രാഷ്ട്രത്തിന് അടിത്തറ പാകുന്നതിൽ വിജയംവരിച്ചു. പഴമയുടെ-ജാഹിലിയ്യതിന്റെ-ധ്വജവാഹകരുമായി സായുധസംഘട്ടനങ്ങൾ നടന്നു. പൂർവപ്രവാചകന്മാരുടെ സമുദായങ്ങളു(ജൂതരും ക്രിസ്ത്യാനികളും)മായി ഇടപെടേണ്ടിവന്നു. മുസ്‌ലിം സംഘടനയുടെ ഉള്ളിൽത്തന്നെ പലതരം കപടവിശ്വാസികൾ (മുനാഫിഖുകൾ) കടന്നുകൂടി. അവരെ നേരിടേണ്ടതായും വന്നു. അങ്ങനെ, പത്തുവർഷത്തെ കഠിനമായ സംഘട്ടനങ്ങൾ തരണംചെയ്ത്, ഒടുവിൽ പ്രസ്ഥാനം വിജയത്തിന്റെ ഘട്ടത്തിലെത്തിയപ്പോൾ അറേബ്യ മുഴുക്കെ അതിന്റെ കൊടിക്കൂറക്കടിയിൽ വന്നുകഴിയുകയും സാർവലൗകികമായ പ്രബോധനസംരംഭങ്ങളുടെ കവാടം തുറക്കപ്പെടുകയും ചെയ്തു. ഈ ഘട്ടത്തിനും പല ഉപഘട്ടങ്ങളുണ്ടായിരുന്നു. ഓരോ ഘട്ടത്തിലും പ്രസ്ഥാനത്തിന് സവിശേഷമായ ആവശ്യങ്ങളുമുണ്ടായി. ഈ ആവശ്യങ്ങൾക്കനുസൃതമായ പ്രഭാഷണങ്ങളാണ് അല്ലാഹു തിരുമേനിക്ക് അവതരിപ്പിച്ചുകൊണ്ടിരുന്നത്. അവ ചിലപ്പോൾ തീപ്പൊരി പ്രസംഗങ്ങളുടെ രീതിയിലാണെങ്കിൽ, ചിലപ്പോൾ രാജകീയ വിളംബരങ്ങളുടെ രൂപത്തിലായിരുന്നു. അവയിൽ ചിലത് ശിക്ഷണനിർദേശങ്ങളാണെങ്കിൽ മറ്റുചിലത് സംസ്‌കരണപ്രധാനമായ സാരോപദേശങ്ങളായിരുന്നു.

സമൂഹത്തിന്റെ ഘടനയും രാഷ്ട്രത്തിന്റെ നിർമാണവും നാഗരികതയുടെ സംവിധാനവും ഏതുവിധത്തിൽ വേണം; ജീവിതത്തിന്റെ ബഹുമുഖമായ മേഖലകൾ എന്തെന്തു തത്ത്വങ്ങളിലധിഷ്ഠിതമാവണം; കപടവിശ്വാസികളോടനുവർത്തിക്കേണ്ട നയമെന്ത്; രാഷ്ട്രത്തിന് വിധേയരായ വിമതസ്ഥരോ(ദിമ്മികൾ)ടെങ്ങനെ വർത്തിക്കണം; വേദക്കാരോടുള്ള സമീപനത്തിന്റെ സ്വഭാവമെന്ത്; യുദ്ധാവസ്ഥയിലുള്ള ശത്രുജനതകളോടും ഉടമ്പടി ചെയ്ത സമുദായങ്ങളോടും എന്തു നയം കൈക്കൊള്ളണം; സർവോപരി, വിശ്വാസികളുടേതായ ഈ സന്നദ്ധസംഘം ഭൂലോകത്ത് ജഗന്നിയന്താവിന്റെ പ്രതിനിധികളെന്ന നിലക്കുള്ള ബാധ്യതകളുടെ നിർവഹണത്തിന് തങ്ങളെത്തന്നെ എവ്വിധമെല്ലാം പാകപ്പെടുത്തണം- ഇതെല്ലാമായിരുന്നു ആ പ്രഭാഷണങ്ങളിലെ പ്രമേയങ്ങൾ. അവയിലൂടെ മുസ്‌ലിംകൾക്ക് അവശ്യം ആവശ്യമായ പരിശീലനമുറകൾ അഭ്യസിപ്പിച്ചു. അവരുടെ വൈകല്യങ്ങളും ദൗർബല്യങ്ങളും ചൂണ്ടിക്കാണിച്ചു. ദൈവമാർഗത്തിൽ ജീവ-ധനത്യാഗത്തിന് അവരെ ഉദ്യുക്തരാക്കി. വിജയത്തിലും പരാജയത്തിലും, സന്തോഷത്തിലും സന്താപത്തിലും, സുസ്ഥിതിയിലും ദുഃസ്ഥിതിയിലും, സമാധാനാന്തരീക്ഷത്തിലും അടിയന്തരഘട്ടങ്ങളിലും- അങ്ങനെ ഭിന്നങ്ങളായ പരിതഃസ്ഥിതികളിൽ അതതിനനുയുക്തമായ സദാചാര ശിക്ഷണങ്ങൾ അവർക്ക്

നൽകി. തദ്വാരാ, നബിതിരുമേനിയുടെ വിയോഗാനന്തരം അവിടത്തെ പ്രതിപുരുഷന്മാരായി സത്യപ്രബോധന ദൗത്യവും ലോകോദ്ധാരണ കൃത്യവും യഥായോഗ്യം നിർവഹിക്കാൻ അവരെ സർവഥാ സന്നദ്ധരാക്കി. മറുവശത്ത്, വിശ്വാസികൾക്കും അവിശ്വാസികൾക്കും അന്ധവിശ്വാസികൾക്കുമെല്ലാം അവരുടെ അവസ്ഥാന്തരങ്ങൾ പരിഗണിച്ച്, യാഥാർഥ്യം ഗ്രഹിപ്പിക്കാൻ പരമാവധി ശ്രമിച്ചുപോന്നു. മധുര-മൃദുലമായി ഉപദേശിച്ചും കർക്കശമായി ഗുണദോഷിച്ചും ദൈവശിക്ഷയെക്കുറിച്ച് ഭയപ്പെടുത്തിയും ശ്രദ്ധേയങ്ങളായ സംഭവങ്ങളിൽനിന്ന് പാഠംപഠിക്കാൻ ഉദ്‌ബോധിപ്പിച്ചും നാനാവിധേന, അവരിൽ പ്രബോധനബാധ്യത പൂർത്തീകരിക്കാൻ ശ്രമിച്ചുവന്നു.

ഇതത്രേ, വിശുദ്ധഖുർആനിൽ മദനി (മദീനയിൽ അവതരിപ്പിക്കപ്പെട്ട) അധ്യായങ്ങളുടെ പശ്ചാത്തലം.( തുടരും )

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles