Current Date

Search
Close this search box.
Search
Close this search box.

വിശദാംശങ്ങളുടെ ഗ്രന്ഥമല്ല

ഖുർആനെപ്പറ്റി, അതൊരു സവിസ്തരമായ സാന്മാർഗിക പുസ്തകവും നിയമസംഹിതയുമാണെന്ന് ഒരു ശരാശരി വായനക്കാരൻ നേരത്തേ ധരിച്ചുവെച്ചിരിക്കുന്നു. പക്ഷേ, അയാളത് വായിച്ചുനോക്കുമ്പോൾ സാമൂഹിക- നാഗരിക-രാഷ്ട്രീയ-സാമ്പത്തികാദി ജീവിതമേഖലകളെക്കുറിച്ച സുവിശദമായ നിയമാവലികൾ അതിൽ കാണുന്നില്ലെന്നു മാത്രമല്ല, ഖുർആൻ ആവർത്തിച്ചൂന്നുന്ന നമസ്‌കാരം, സകാത് മുതലായ നിർബന്ധ കർമങ്ങളെക്കുറിച്ചുപോലും ആവശ്യമായ വിശദാംശങ്ങളുടെ ഒരു നിയമാവലി അത് സമർപ്പിച്ചിട്ടില്ലെന്നതാണ് വസ്തുത. ഇതും വായനക്കാരന്റെ മനസ്സിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഖുർആൻ ഏതർഥത്തിലുള്ള സാന്മാർഗിക ഗ്രന്ഥമാണെന്ന് അയാൾ ചിന്തിച്ചുപോകുന്നു.

വസ്തുതയുടെ ഒരു വശം നമ്മുടെ കാഴ്ചപ്പാടിൽ തീരെ പെടാതിരുന്നതാണ് ഈ ചിന്താക്കുഴപ്പങ്ങൾക്കെല്ലാം കാരണമായിരിക്കുന്നത്. ദൈവം ഒരു ഗ്രന്ഥം അവതരിപ്പിക്കുക മാത്രമല്ല ചെയ്തിട്ടുള്ളത്; ആ ഗ്രന്ഥത്തിന്റെ വക്താവും പ്രയോക്താവുമായി ഒരു പ്രവാചകനെ നിയോഗിക്കുകയും ചെയ്തിരിക്കുന്നു എന്നതാണാവശം. ജനങ്ങൾക്ക് ഒരു പ്ലാൻ നൽകി, തദനുസൃതമായ കെട്ടിടം അവർതന്നെ നിർമിച്ചുകൊള്ളണമെന്നായിരുന്നു ദൈവഹിതമെങ്കിൽ തീർച്ചയായും നിർമാണത്തിന്റെ എല്ലാ വിശദാംശങ്ങളും അവർക്കു ലഭിക്കേണ്ടതുണ്ടായിരുന്നു.

പക്ഷേ, നിർമാണസംബന്ധമായ നിർദേശങ്ങൾക്കൊപ്പം ഔദ്യോഗികമായിത്തന്നെ ഒരു എഞ്ചിനീയറെക്കൂടി നിശ്ചയിച്ചുതരുകയും നിർദിഷ്ടപദ്ധതിയനുസരിച്ച് അദ്ദേഹം കെട്ടിടനിർമാണം ഭംഗിയായി പൂർത്തീകരിച്ചുതരുകയും ചെയ്തിട്ടുണ്ടെന്നിരിക്കട്ടെ; എഞ്ചിനീയറെയും അദ്ദേഹത്താൽ നിർമിതമായ കെട്ടിടത്തെയും അവഗണിച്ച്, രൂപരേഖയിൽത്തന്നെ ശാഖാപരമായ വിശദാംശങ്ങൾ അന്വേഷിക്കുന്നതും അതവിടെയില്ലെന്നുകണ്ട് ആ രൂപരേഖയുടെ അപൂർണതയെ പഴിക്കുന്നതും തെറ്റാണ്. ഖുർആൻ ശാഖോപശാഖകളുടെ ഗ്രന്ഥമല്ല; മൗലികതത്ത്വങ്ങളുടെ ഗ്രന്ഥമാണ്. ഇസ്‌ലാമിക വ്യവസ്ഥിതിയുടെ ധൈഷണികവും ധാർമികവുമായ അടിത്തറകളെ പൂർണവ്യക്തതയോടെ ഉന്നയിക്കുകയും ബുദ്ധിപരമായ സമർഥനംകൊണ്ടും വൈകാരികമായ സമീപനംകൊണ്ടും അവയെ മേൽക്കുമേൽ ഭദ്രമാക്കുകയുമാണ് അതിന്റെ സാക്ഷാൽ കൃത്യം.

അതിനപ്പുറം, ഇസ്‌ലാമിക ജീവിതത്തിന്റെ പ്രായോഗികരൂപത്തെ സംബന്ധിച്ചേടത്തോളം ഖുർആൻ നൽകുന്ന മാർഗദർശനം ഓരോ ജീവിതത്തെയുംപറ്റി സവിസ്തരം നിയമ-ചട്ടങ്ങൾ പഠിപ്പിച്ചുകൊണ്ടല്ല; പ്രത്യുത, ജീവിതത്തിന്റെ ഓരോ മേഖലയുടെയും നാലതിരുകൾ നിർണയിക്കുകയും ചില പ്രത്യേകസ്ഥാനങ്ങളിൽ പ്രകടമാംവണ്ണം നാഴികക്കല്ലുകൾ സ്ഥാപിക്കുകയും ചെയ്തുകൊണ്ട് ആ ജീവിതമേഖലകൾ ദൈവഹിതാനുസാരം എങ്ങനെ സംവിധാനിക്കപ്പെടണമെന്നു നിർദേശിച്ചുതരുകയാണതു ചെയ്യുന്നത്. ഈ നിർദേശാനുസൃതമായി ഇസ്‌ലാമികജീവിതത്തിന് പ്രാവർത്തികരൂപം നൽകുക പ്രവാചകന്റെ കർത്തവ്യമായിരുന്നു. അതായത്, ഖുർആൻ അവതരിപ്പിച്ച മൗലികതത്ത്വങ്ങളെ പ്രയോഗവത്കരിച്ച് , വൈയക്തിക സ്വഭാവ-ചര്യകളുടെയും സാമൂഹിക-രാഷ്ട്രീയ സംവിധാനത്തിന്റെയും സമൂർത്തമാതൃകകൾ സമർപ്പിക്കുകയായിരുന്നു പ്രവാചകന്റെ ദൗത്യം. അതിനുവേണ്ടിയായിരുന്നു, അവിടുന്ന് നിയോഗിതനായതുതന്നെ.( തുടരും )

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles