Current Date

Search
Close this search box.
Search
Close this search box.

മാനവിക സാഹോദര്യം ഖുര്‍ആനില്‍

hug.jpg

വ്യക്തികളുടെയും സമൂഹത്തിന്റെയും സുരക്ഷിതത്തിന്റെ പ്രധാന്യം നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. സമൂഹത്തിലെ ഓരോ വ്യക്തിയും തേടുന്ന അനുഗ്രഹവുമാണത്. ഈ കാലഘട്ടത്തില്‍ മനുഷ്യന്‍ വളരെയധികം പുരോഗതി പ്രാപിച്ചിട്ടുണ്ട്. എന്നാല്‍ അവന്റെ പുരോഗതിയും വളര്‍ച്ചയും നാഗരികതയിലും ഭൗതിക ജീവിതത്തിലും ശാസ്ത്ര മേഖലകളിലുമാണ്. വ്യത്യസ്ത സംസ്‌കാരങ്ങളെയും ഭാഷകളെയും ദേശീയതകളെയും ഉള്‍ക്കൊള്ളുന്ന ആഗോള സമൂഹത്തിന് അന്യമായിരിക്കുന്ന ഒന്നാണ് സമാധാനവും സുരക്ഷിതത്വവും. വ്യക്തികളും സമൂഹങ്ങളും ഒരുപോലെ അരാജകത്വത്തിനും അക്രമത്തിനും ഇവിടെ വിധേയരാകുന്നു. സാമൂഹികാതിക്രമങ്ങളും പക്ഷപാതിത്വവും ദേശീയതയും പ്രാദേശികവാദവും ആഗോള പ്രതിസന്ധികളും പ്രകൃതി ദുരന്തങ്ങളും ബുദ്ധിപരവും ചിന്താപരവുമായ പ്രശ്‌നങ്ങളും അതിന് കാരണമായി വര്‍ത്തിക്കുന്നു.

വിശുദ്ധ ഖുര്‍ആനില്‍ നിന്നും അതിന്റെ അധ്യാപനങ്ങളില്‍ നിന്നും അകന്നതാണ് മനുഷ്യന് ഈ അനുഗ്രഹം ഇല്ലാതായതിന്റെ കാരണം എന്ന് അന്വേഷണത്തില്‍ വ്യക്തമാകും. ഖുര്‍ആന്‍ നിശ്ചയിച്ച പരിധികളും അടിസ്ഥാനങ്ങളും വ്യവസ്ഥകളും മുറുകെ പിടിക്കാതെ സമാധാനത്തിന്റെ ലോകം സാക്ഷാത്കരിക്കാനാവില്ല. അവ പ്രായോഗിക ജീവിതത്തില്‍ നടപ്പാക്കകുയാണ് അതിനുള്ള പരിഹാരം.

നാല് അര്‍ഥങ്ങളിലാണ് വിശുദ്ധ ഖുര്‍ആന്‍ സാഹോദര്യം (ഉഖ്‌വത്) എന്ന പദം പ്രയോഗിച്ചിട്ടുള്ളത്:
1) രക്തബന്ധത്തിലെ സാഹോദര്യം : ഒരേ മാതാവിന്റെയോ പിതാവിന്റെയോ മക്കളായി ജനിക്കുന്നതിലൂടെയുള്ള സാഹോദര്യമാണിത്. വ്യത്യസ്ത രൂപങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ അതവതരിപ്പിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: ‘നിങ്ങളുടെ മാതാക്കളും പെണ്‍മക്കളും പെങ്ങന്‍മാരും പിതൃസഹോദരികളും മാതൃസഹോദരികളും സഹോദര പുത്രിമാരും സഹോദരീ പുത്രിമാരും നിങ്ങള്‍ക്കു മൂലയൂട്ടിയവരായ മാതാക്കളും മുലകുടി ബന്ധത്തിലുള്ള സഹോദരിമാരും നിങ്ങള്‍ക്കു നിരോധിക്കപ്പെട്ടിരിക്കുന്നു.’ (അന്നിസാഅ് : 23) മറ്റൊരിടത്ത് അല്ലാഹു പറയുന്നു : ‘ആണും പെണ്ണുമായി പല സഹോദരങ്ങളുണ്ടെങ്കില്‍ അപ്പോള്‍ ഒരു പുരുഷവിഹിതം രണ്ടു സ്ത്രീ വിഹിതത്തിനു തുല്യമായിരിക്കും.’ (അന്നിസാഅ് : 176) മറ്റൊരിടത്ത് ഇങ്ങനെ പറയുന്നു : ‘യൂസുഫിന്റെ സഹോദരന്മാര്‍ മിസ്വ്‌റില്‍ വന്നു. അവര്‍ അദ്ദേഹത്തിന്റെ മുമ്പില്‍ ഹാജരായി.50 അദ്ദേഹം അവരെ തിരിച്ചറിഞ്ഞു. പക്ഷേ, അവര്‍ക്കദ്ദേഹത്തെ മനസ്സിലായില്ല.’ (യൂസുഫ് : 58)

2) സ്‌നേഹവും സൗഹൃദവും എന്ന അര്‍ഥത്തിലുള്ള സാഹോദര്യം : അല്ലാഹു പറയുന്നു : ‘അല്ലാഹു നിങ്ങളില്‍ ചൊരിഞ്ഞ അനുഗ്രഹത്തെ സ്മരിക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ പരസ്പരം വൈരികളായിരുന്നു. അപ്പോള്‍ അവന്‍ നിങ്ങളുടെ ഹൃദയങ്ങളെ തമ്മിലിണക്കി. അവന്റെ മഹത്തായ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. ഒരഗ്‌നികുണ്ഡത്തിന്റെ തെല്ലിലായിരുന്നു നിങ്ങള്‍.’ (ആലുഇംറാന്‍ : 103)

3) ആദര്‍ശ സഹോദരന്‍മാര്‍ എന്ന അര്‍ഥത്തില്‍ : അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുന്നതിന്റെ പേരില്‍ സഹോദരന്‍മാരാവുന്നവര്‍. അതിനെ തുടര്‍ന്നുള്ള അവകാശങ്ങള്‍ നിര്‍വഹിക്കുന്നവരുമായിരിക്കും അവര്‍. അല്ലാഹു പറയുന്നു : ‘വിശ്വാസികള്‍ പരസ്പരം സഹോദരന്മാര്‍ തന്നെയാകുന്നു. അതിനാല്‍, നിങ്ങളുടെ സഹോദരന്മാര്‍ക്കിടയില്‍ ബന്ധങ്ങള്‍ നന്നാക്കുവിന്‍.’ (അല്‍-ഹുജുറാത്ത് : 10)

4) മാനവിക സാഹോദര്യം : മുഴുവന്‍ മനുഷ്യരും ഒരേ അടിസ്ഥാനത്തില്‍ നിന്ന് വന്നവരാണെന്നതിന്റെ അടിസ്ഥാനത്തിലുള്ള സാഹോദര്യമാണിത്. അല്ലാഹു പറയുന്നു : ‘അല്ലയോ മനുഷ്യരേ, ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമത്രെ നാം നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്. പിന്നെ നിങ്ങളെ സമുദായങ്ങളും ഗോത്രങ്ങളുമാക്കി; പരസ്പരം തിരിച്ചറിയേണ്ടതിന്ന്.’ (അല്‍-ഹുജുറാത്ത് : 13) മറ്റൊരിടത്ത് പറയുന്നു : ‘അല്ലയോ മനുഷ്യരേ, നിങ്ങളുടെ റബ്ബിനെ ഭയപ്പെടുവിന്‍. ഒരൊറ്റ ആത്മാവില്‍നിന്നു നിങ്ങളെ സൃഷ്ടിക്കുകയും അതേ ആത്മാവില്‍നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവ രണ്ടില്‍നിന്നുമായി പെരുത്തു സ്ത്രീപുരുഷന്മാരെ ലോകത്തു പരത്തുകയും ചെയ്തവനത്രെ അവന്‍.’ (അന്നിസാഅ് : 1)

മാനവിക സാഹോദര്യത്തിന്റെ അടിസ്ഥാനം
മാനവിക സാഹോദര്യത്തിന് ഖുര്‍ആന്റെ അടിസ്ഥാനം വളരെയധികം ആകര്‍ഷകമാണ്. മനുഷ്യരെയെല്ലാം ഒരു അടിസ്ഥാനത്തില്‍ ബന്ധിപ്പിക്കുകയാണത് ചെയ്യുന്നത്. അവരുടെ രക്തവും മാംസവും തൊലിയുമെല്ലാം പരസ്പര ബന്ധമുള്ളതാണെന്നും എല്ലാവരും സൃഷ്ടിക്കപ്പെട്ടത് ആദമില്‍ നിന്നും ഹവ്വയില്‍ നിന്നുമാണെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. ഈ മാനവിക സാഹോദര്യമാണ് അവരെ പരസ്പരം ബന്ധിപ്പിക്കുന്നത്. അവരോട് പരസ്പരം സ്‌നേഹിക്കാനും ദയകാണിക്കാനും അനുകമ്പ പ്രകടിപ്പിക്കാനും സഹകരിക്കാനും ആവശ്യപ്പെടുന്നതും ഇതിന്റെ അടിസ്ഥാനത്തിലാണ്. സാമ്പത്തികവും സാമൂഹികവുമായുള്ള അവര്‍ക്കിടയിലെ ബന്ധങ്ങള്‍ നില നിര്‍ത്തുന്നതും ഇതിന്റെ അടിസ്ഥാനത്തില്‍ തന്നെ. മനുഷ്യര്‍ പാലിക്കേണ്ട പരിധികള്‍ അവര്‍ക്ക് മേല്‍ നിര്‍ബന്ധമാക്കി പരസ്പര സഹവര്‍ത്തിത്വത്തോടെയുള്ള ജീവിതം സാധ്യമാക്കുന്നു. ഗോത്രങ്ങളുടെയോ വംശത്തിന്റെയോ പേരിലുള്ള പെരുമ നടിക്കലോ പൊങ്ങച്ചമോ കുഴപ്പങ്ങളോ അവിടെ ഉണ്ടാവതല്ല. പൊങ്ങച്ചവും അഹങ്കാരവുമാണ് ഭൂമിയില്‍ കുഴപ്പങ്ങളുണ്ടാകുന്നതിന്റെ കാരണമെന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്.
‘അധികാരം ലഭിച്ചാല്‍ അവര്‍ ശ്രമിക്കുക ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനാണ്; കൃഷിനാശം വരുത്താനും മനുഷ്യകുലത്തെ നശിപ്പിക്കാനുമാണ്. എന്നാല്‍ അല്ലാഹു കുഴപ്പം ഇഷ്ടപ്പെടുന്നില്ല. ‘അല്ലാഹുവെ സൂക്ഷിക്കുക’ എന്ന് അവനോട് ആരെങ്കിലും പറഞ്ഞാല്‍ അഹങ്കാരം അവനെ അതിനനുവദിക്കാതെ പാപത്തില്‍ തന്നെ ഉറപ്പിച്ചുനിര്‍ത്തുന്നു.’ (അല്‍-ബഖറ : 205-206)
അക്രമവും അനീതിയും അല്ലാഹു ഇഷ്ടപ്പെടുന്നില്ലെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ‘അക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.’ (ആലുഇംറാന്‍ : 57)
അപ്രകാരം അഹങ്കാരികളെയും അല്ലാഹു ഒട്ടും ഇഷ്ടപ്പെടുന്നില്ല, ‘അഹങ്കാരികളെ അവന്‍ ഇഷ്ടപ്പെടുന്നില്ല; തീര്‍ച്ച.’ (അന്നഹ്ല്‍ : 23)
‘പൊങ്ങച്ചവും ദുരഹങ്കാരവുമുള്ള ആരെയും അല്ലാഹു ഒട്ടും ഇഷ്ടപ്പെടുന്നില്ല.’ (അന്നിസാഅ് : 36)

നബി തിരുമേനി(സ) പറഞ്ഞതായി അബൂഹുറൈറ റിപോര്‍ട്ട് ചെയ്യുന്നു : ‘ജാഹിലിയത്തിന്റെ അഹങ്കാരത്തെ അല്ലാഹു നിങ്ങളില്‍ നിന്നും നീക്കിയിരിക്കുന്നു, പിതാക്കന്‍മാരുടെ പേരിലുള്ള പെരുമനടിക്കലും. (ജനങ്ങളില്‍) സൂക്ഷ്മത പുലര്‍ത്തുന്ന വിശ്വാസികളും ദൗര്‍ഭാഗ്യവാന്‍മാരായ അധര്‍മികളുമുണ്ട്. നിങ്ങളെല്ലാം ആദമിന്റെ മക്കളാണ്, ആദമോ മണ്ണില്‍ നിന്നും. ഗോത്രങ്ങളുടെ പേരിലുള്ള പെരുമനടിക്കല്‍ ആളുകള്‍ ഉപേക്ഷിക്കട്ടെ, അത്തരക്കാര്‍ നരകത്തിലെ കരിക്കട്ട മാത്രമാണ്. അല്ലെങ്കില്‍ അല്ലാഹുവിന്റെ അടുക്കല്‍ പഴുത്ത മുറിവിലെ പുഴുക്കളേക്കാള്‍ നിന്ദ്യരാണ് അത്തരക്കാര്‍.’ (തിര്‍മിദി)

സാഹോദര്യം അനിവാര്യമാക്കുന്ന ഒന്നാണ് പരസ്പരം നന്മകള്‍ ചെയ്യല്‍. അല്ലാഹു പറയുന്നു : ‘അല്ലാഹു നിനക്കു നന്മ ചെയ്തപോലെ നീയും നന്മ ചെയ്യുക. നാട്ടില്‍ നാശം വരുത്താന്‍ തുനിയരുത്. നാശകാരികളെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.’ (അല്‍-ഖസസ് : 77)  ഇത്തരത്തില്‍ ജനങ്ങള്‍ക്ക് നന്മ ചെയ്ത് അല്ലാഹുവിന്റെ അനുഗ്രഹത്തിന് നന്ദി കാണ്ക്കുമ്പോള്‍ കൂടുതല്‍ അനുഗ്രഹങ്ങള്‍ വര്‍ധിപ്പിച്ചു തരുമെന്ന് ഖുര്‍ആന്‍ പറയുന്നു. മറ്റൊരിടത്ത് ഖുര്‍ആന്‍ പറയുന്നത് കാണുക : ‘മതത്തിന്റെ പേരില്‍ നിങ്ങളോട് പൊരുതുകയോ, നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ ആട്ടിപ്പുറത്താക്കുകയോ ചെയ്യാത്തവരോട് നന്മ ചെയ്യുന്നതും നീതി കാണിക്കുന്നതും അല്ലാഹു വിലക്കുന്നില്ല. നീതി കാട്ടുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു.’ (അല്‍-മുംതഹന : 8) പ്രവാചകന്‍(സ) പറഞ്ഞതായി അനസ്(റ) ഉദ്ധരിക്കുന്നു : ‘സൃഷ്ടികള്‍ അല്ലാഹുവിന്റെ ആശ്രിതരാണ്, തന്റെ ആശ്രിതര്‍ക്ക് ഏറ്റവുമധികം ഉപകാരം ചെയ്യുന്നവരാണ് അല്ലാഹുവിന് ഏറെ പ്രിയപ്പെട്ടവര്‍.’

മാനവിക സാഹോദര്യം അനിവാര്യമാക്കുന്ന ഒന്നാണ് എല്ലാവരോടുമുള്ള സല്‍പ്പെരുമാറ്റം. എല്ലാവരോടും പ്രസന്ന വദനരായും അനുകമ്പയോടെയും കാര്യണ്യത്തോടെയുമാണ് വര്‍ത്തിക്കേണ്ടതെന്ന് ലുഖ്മാന്റെ ഉപദേശത്തിലൂടെ ഖുര്‍ആന്‍ പഠിപ്പിക്കുന്നു : ”നീ ജനങ്ങളുടെ നേരെ മുഖം കോട്ടരുത്. പൊങ്ങച്ചത്തോടെ ഭൂമിയില്‍ നടക്കരുത്. അഹന്ത നടിച്ചും പൊങ്ങച്ചം കാണിച്ചും നടക്കുന്ന ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല; തീര്‍ച്ച.’നീ നിന്റെ നടത്തത്തില്‍ മിതത്വം പുലര്‍ത്തുക. ശബ്ദത്തില്‍ ഒതുക്കം പാലിക്കുക. തീര്‍ച്ചയായും ഒച്ചകളിലേറ്റം അരോചകം കഴുതയുടെ ശബ്ദം തന്നെ!” (ലുഖ്മാന്‍ : 18-19) സല്‍പെരുമാറ്റത്തിന്റെ ഏറ്റവും മികച്ച മാതൃകയായിരുന്നു പ്രവാചകന്‍(സ) എന്ന് നമുക്ക് ഹദീസുകളില്‍ നിന്ന് മനസ്സിലാവുന്നതാണ്.

മനുഷ്യജീവന് കല്‍പിച്ചിരിക്കുന്ന ആദരവ് സാഹോദര്യത്തിന്റെ ഭാഗമാണ്. അതിനെ നേരെയുള്ള കയ്യേറ്റങ്ങളെ ഇസ്‌ലാം ശക്തമായി വിരോധിച്ചിരിക്കുന്നു. ‘അല്ലാഹു ആദരിച്ച മനുഷ്യജീവനെ അന്യായമായി നിങ്ങള്‍ ഹനിക്കരുത്. ആരെങ്കിലും അന്യായമായി വധിക്കപ്പെട്ടാല്‍ അവന്റെ അവകാശികള്‍ക്കു നാം പ്രതിക്രിയക്ക് അധികാരം നല്‍കിയിരിക്കുന്നു.’ (അല്‍-ഇസ്‌റാഅ് : 33) അന്യായമായി ഒരാളുടെ ജീവന്‍ എടുക്കുന്നത് വന്‍പാപമായിട്ടാണ് ഇസ്‌ലാം കണക്കാക്കുന്നത് എന്നത് എത്രത്തോളം പരിഗണന മനുഷ്യ ജീവന് ഇസ്‌ലാം നല്‍കിയിരിക്കുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്.

മാനവിക സാഹോദര്യത്തിന്റെ ഭാഗമായി സാമൂഹിക ബാധ്യതകള്‍ നിര്‍വഹിക്കാനും ഇസ്‌ലാം കല്‍പിച്ചിട്ടുണ്ട്. ‘ഇന്ന് എല്ലാ നല്ല വസ്തുക്കളും നിങ്ങള്‍ക്ക് അനുവദനീയമാക്കിയിരിക്കുന്നു. വേദക്കാരുടെ ആഹാരം നിങ്ങള്‍ക്കും നിങ്ങളുടെ ആഹാരം അവര്‍ക്കും അനുവദനീയമാണ്.’ എന്ന ഖുര്‍ആന്‍ സൂക്തം അതിലേക്കാണ് സൂചന നല്‍കുന്നത്. നബി(സ) ജൂതന്‍മാരുടെ ആതിഥ്യം സ്വീകരിച്ചിരുന്നതായും അമുസ്‌ലിംകളായവര്‍ക്ക് ആതിഥ്യം അരുളിയിരുന്നതായും ഹദീസുകളില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സാമൂഹിക ബാധ്യതകളില്‍ പെട്ട ഒന്നാണ് രോഗികളെ സന്ദര്‍ശിക്കല്‍. രോഗികളെ അവരുടെ വിശ്വാസം ഏതാണെന്ന് നോക്കാതെ അമുസ്‌ലിംകളായവരെയും നബി(സ) സന്ദര്‍ശിച്ചതായി ഹദീസുകള്‍ പറയുന്നു. ജൂതന്റെ ജനാസ കൊണ്ടു പോകുമ്പോള്‍ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ച പ്രവാചക ചരിത്രവും ഏറെ പ്രസിദ്ധമാണ്.

സാമൂഹികമായി ജീവിക്കുമ്പോള്‍ പരസ്പരം ആദരവും നന്മകാംക്ഷിക്കലും അനിവാര്യമാണെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ പരസ്പര സഹകരണവും സഹവര്‍ത്തിത്വവും സ്‌നേഹവും അനുകമ്പയും ഉണ്ടാക്കാനുള്ള ഏറ്റവും വലിയ മാര്‍ഗമാണ് ഖുര്‍ആന്‍ വിവരിക്കുന്ന മാനവിക സാഹോദര്യം. മനുഷ്യകുലത്തെ പ്രയാസപ്പെടുത്തിയ, ഇപ്പോഴും പ്രയാസപ്പെടുത്തി കൊണ്ടിരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം അതിലൂടെ കണ്ടെത്താനാവും.

വിവ : അഹ്മദ് നസീഫ്‌

Related Articles