Current Date

Search
Close this search box.
Search
Close this search box.

നിങ്ങളെ നാം ഇണകളാക്കി സൃഷ്ടിച്ചു

pair.jpg

മനുഷ്യകുലത്തെ ആണ്‍, പെണ്‍ വിഭാഗങ്ങളായി സൃഷ്ടിച്ചതിനെ കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ഒരു വിഭാഗം മറ്റേ വിഭാഗത്തിന്റെ അടുക്കലേക്ക് സമാധാനം കാംക്ഷിച്ച് വന്നണയുന്നതിന് വേണ്ടിയാണിത്. ഈ പ്രക്രിയ പൂര്‍ത്തീകരിക്കപ്പെടുന്നതിലൂടെ അവര്‍ പരിപൂര്‍ണ്ണരാവുന്നു. ‘ഒന്ന് മറ്റൊന്നില്‍ നിന്ന്’ എന്നാണ് അല്ലാഹു പറഞ്ഞിരിക്കുന്നത്. (ആലുഇംറാന്‍: 195) പരസ്പര സഹകരണത്തിലധിഷ്ഠിതമായ ഒരുമിച്ചുള്ള ജീവിതം ഇവ്വിധമാണ് ക്രമപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഇതിലൂടെ വംശപരമ്പര രൂപമെടുക്കുന്നു, അല്ലാഹു ഉദ്ദേശിച്ചത് പ്രകാരം മനുഷ്യകുലം തുടര്‍ച്ചയറ്റു പോവാതെ നിലനില്‍ക്കുന്നു.     പ്രാപഞ്ചിക വ്യവസ്ഥക്കൊപ്പം മനുഷ്യ വ്യവസ്ഥയും പരസ്പര പൂരകങ്ങളായി വര്‍ത്തിക്കുന്നതിനും. ഇണകള്‍ എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് പ്രപഞ്ചത്തിലെ സകലചരാചരങ്ങളെയും അല്ലാഹു നിലനിര്‍ത്തിയിരിക്കുന്നത്. ഓരോന്നിലും എതിര്‍വര്‍ഗങ്ങളെ കൂടിയവന്‍ സൃഷ്ടിച്ചു, സ്ത്രീ വര്‍ഗത്തോടൊപ്പം പുരുഷ വര്‍ഗത്തെയും. വളരെ സൂക്ഷ്മമായ ആറ്റത്തില്‍ പോലും പോസിറ്റീവും നെഗറ്റീവുമായ ഘടകങ്ങളെ സംവിധാനിച്ചു. ഈയൊരു അടിസ്ഥാനത്തിലാണ് പ്രാപഞ്ചിക സംവിധാനം നിലകൊള്ളുന്നത്. അല്ലാഹു പറയുന്നു: ‘ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും അവരുടെ സ്വന്തം വര്‍ഗങ്ങളിലും, അവര്‍ക്കറിയാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവന്‍ എത്ര പരിശുദ്ധന്‍.’ (36:36) മറ്റൊരിടത്ത് പറയുന്നു: ‘നാം സകല വസ്തുക്കളുടെയും ജോടികളെ സൃഷ്ടിച്ചു. നിങ്ങള്‍ പാഠമുള്‍ക്കൊള്ളാന്‍.’ (51:49) എല്ലാ വസ്തുക്കളില്‍ നിന്നും എന്ന് പ്രത്യേകമായി ഇവിടെ പരാമര്‍ശിച്ചിരിക്കുന്നു.

നിങ്ങളുടെ ഉറക്കത്തെ വിശ്രമമാക്കി
മനുഷ്യരേയും ജന്തുജാലങ്ങളെയും അല്ലാഹു ഉറക്കം ആവശ്യമായ പ്രകൃതത്തില്‍ സൃഷ്ടിച്ചു. ഈ ഉറക്കത്തെ അവന്‍ വിശ്രമമാക്കി. അതായത് തുടര്‍ച്ചയായ പ്രയത്‌നങ്ങളില്‍ നിന്ന് അവനെ തടഞ്ഞ് വിശ്രമം എന്ന ശരീരത്തിന്റെ അവകാശത്തെ അത് സാധിക്കുന്നു. സുബാത് എന്ന വാക്ക് മരണത്തിനും പ്രയോഗിച്ചിട്ടുണ്ട്. ജീവിതത്തില്‍ നിന്നുള്ള വേര്‍പിരിയലില്‍ ഉറക്കത്തിനും മരണത്തിനും വളരെ സാദൃശ്യമുള്ളതിനാലാണ് ‘ഉറക്കം ഒരു ചെറിയ മരണവും, മരണം വലിയ ഉറക്കവുമാണ്’ എന്ന് പറയുന്നത്. അപ്പോള്‍ ഉറക്കം ലഘുമരണവും മരണം  ഗാഢനിദ്രയുമാണ്. അല്ലാഹു പറയുന്നു: ‘അവനെത്രെ രാത്രിയില്‍ നിങ്ങളെ ഏറ്റെടുക്കുന്നവന്‍. പകലില്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചതെല്ലാം അവന്‍ അറിയുകയും ചെയ്യുന്നു. പിന്നീട് നിര്‍ണിതമായ ജീവിതാവധി പൂര്‍ത്തിയാക്കാന്‍ പകലില്‍ നിങ്ങളെയവന്‍ എഴുന്നേല്‍പിക്കുന്നു. പിന്നീട് അവങ്കലേക്കാണ് നിങ്ങളുടെ മടക്കം.’ (6:60)
‘മരണസമയത്ത് ആത്മാക്കളെ പിടിയിലൊതുക്കുന്നതും ഇനിയും മരിച്ചിട്ടില്ലാത്തവരുടെ ആത്മാവിനെ നിദ്രയില്‍ പിടിച്ചുവെക്കുന്നതും അല്ലാഹുവാകുന്നു. പിന്നെ മരണം വിധിക്കപ്പെട്ടവര്‍ക്ക് അവന്‍ അതിനെ വിലക്കിനിര്‍ത്തുന്നു.” (39:42)
ലുഖ്മാന്‍ തന്റെ മകനെ ഉപദേശിച്ചു: ‘പ്രിയ മകനേ, നീ ഉറക്കത്തില്‍ നിന്ന് ഉണരുന്നത് പോലെ മരണശേഷവും ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടും’.

‘രാത്രിയെ നാം ഒരു വസ്ത്രമാക്കുകയും ചെയ്തു’
അല്ലാഹു തന്റെ അടിമകള്‍ക്ക് കനിഞ്ഞരുളിയ മറ്റൊരു മഹത്തായ അനുഗ്രഹമാണിത്. സമാധാനപൂര്‍ണ്ണവും ആശ്വാസദായകവുമായ തരത്തില്‍ ഉറക്കം പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണ് അല്ലാഹു രാത്രിയെ ഒരുക്കിയിരിക്കുന്നത്. സുഖപ്രദമായ ഉറക്കത്തിന് അനുയോജ്യമായ അവസ്ഥ സംജാതമാകുന്ന തരത്തിലാണ് സൂര്യനോടൊത്തുള്ള ഭൂമിയുടെ ചലന ക്രമം വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്. മനുഷ്യനഗ്നതയെ മറക്കുന്ന വസ്ത്രത്തിന് ബദലായാണ് അല്ലാഹു രാത്രിയെ വെച്ചിരിക്കുന്നത്. അതൊരു പുതപ്പ് പോലെയാണ്. ഇവിടെ രാത്രിയെ വസ്ത്രത്തോടാണ് ഉപമിച്ചിരിക്കുന്നത്, രാത്രി മനുഷ്യനെ അതിന്റെ ഇരുട്ടു കൊണ്ട് ശരീരത്തെ വസ്ത്രമെന്ന പോലെ പൊതിയുന്നു.
“രാവിനെ, അതില്‍ നിങ്ങള്‍ ശാന്തി നേടുന്നതിനു നിശ്ചയിച്ചുതന്നവനും പകലിനെ വെളിച്ചമുളളതാക്കിയവനും ആ അല്ലാഹു തന്നെയാകുന്നു.” (യൂനുസ് :67)
“ഇവരോട് ചോദിക്കുക: നിങ്ങള്‍ വല്ലപ്പോഴും ആലോചിച്ചുനോക്കിയിട്ടുണ്ടോ, അല്ലാഹു പുനരുത്ഥാനനാള്‍വരെ പകലിനെ സ്ഥിരമാക്കി നിര്‍ത്തുകയാണെങ്കില്‍, അല്ലാഹുവല്ലാതെ നിങ്ങള്‍ക്ക് വിശ്രമത്തിനുവേണ്ടി രാവിനെ തരാന്‍ മറ്റേത് ദൈവമാണുള്ളത്?” (ഖസസ്: 72)

‘പകലിനെ നാം ഉപജീവനവേളയാക്കി’
പകലിനെ സുഗമമായ സഞ്ചാരത്തിനും, ഉപജീവനമാര്‍ഗം തേടാനും ഭക്ഷണം അന്വേഷിക്കുന്നതിനും അനുയോജ്യമാക്കി എന്നാണ് ഇതുകൊണ്ടര്‍ത്ഥമാക്കുന്നത്. മറ്റൊരു സന്ദര്‍ഭത്തില്‍ അല്ലാഹു പറയുന്നു: ‘അവനത്രെ നിങ്ങള്‍ക്ക് രാത്രിയെ വസ്ത്രവും, ഉറക്കത്തെ വിശ്രമവും ആക്കിത്തന്നവന്‍. പകലിനെ അവന്‍ എഴുന്നേല്‍പ്പ് സമയവുമാക്കിയിരിക്കുന്നു.’ (19:47) മരണത്തിന് ശേഷമുള്ള ഉയിര്‍ത്തെഴുന്നേല്‍പിനെ കുറിക്കുന്നു ‘നുശൂര്‍’ എന്ന പദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. മരണ ശേഷം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് പോലെയാണ് ഉറക്കത്തില്‍ നിന്നും മനുഷ്യന്‍ ഉണര്‍ന്നെഴുന്നേല്‍ക്കുക.

ഇതാണ് മനുഷ്യജീവിതത്തിന്റെ പ്രകൃത്യായുള്ള വ്യവസ്ഥ. അത് പ്രാപഞ്ചിക വ്യവസ്ഥയോട് ചേര്‍ന്നു നില്‍ക്കുന്നു. പക്ഷെ മനുഷ്യന്‍ തന്റെ അടിസ്ഥാന പ്രകൃതത്തിന് വിരുദ്ധമായാണ് പലപ്പോഴും പ്രവര്‍ത്തിക്കുന്നത്. പ്രകൃത്യായുള്ള വ്യവസ്ഥക്കെതിരാണിത്. ഉറങ്ങേണ്ട സമയത്ത് ഉറങ്ങാതെ ഒരുപാട് നേരം അവന്‍ ഉണര്‍ന്നിരിക്കും. നേരം വൈകിമാത്രം ഉറങ്ങാന്‍ കിടക്കും. അതുപോലെത്തന്നെ നേരം വൈകി മാത്രം ഉണര്‍ന്നെണീക്കും. അതിനാല്‍ തന്നെ അനുഗ്രഹീത പ്രഭാതം അവന് നഷ്ടപ്പെട്ടു പോകുന്നു. പ്രസ്തുത പ്രഭാതത്തിന്റെ അനുഗ്രഹം തന്റെ അനുചരന്‍മാര്‍ക്ക് ചൊരിഞ്ഞ് നല്‍കുന്നതിന് വേണ്ടി പ്രവാചകന്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു ‘അല്ലാഹുവേ, എന്റെ സമുദായത്തിന് നീ പ്രഭാതത്തിന്റെ അനുഗ്രഹാശിസ്സുകള്‍ ചൊരിഞ്ഞ് നല്‍കേണമേ’. (തുടരും)

ഭൂമിയെ നാം ഒരു വിരിപ്പാക്കിയില്ലയോ
സപ്തവാനങ്ങളെയും പടച്ചവന്‍

Related Articles