Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ വഴികാട്ടുന്നതാര്‍ക്ക്?

shifa.jpg

മനുഷ്യന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കൊതിക്കുന്നത് മനശ്ശാന്തിയാണ്. ഖുര്‍ആന്‍ പഠനവും പാരായണവും അതിന്റെ പ്രയോഗവുമെല്ലാം മനുഷ്യ മനസ്സുകളില്‍ ശാന്തിയും സമാധാനവും നല്‍കുമെന്നാണ് ഖുര്‍ആന്‍ പറയുന്നത്: ‘സത്യവിശ്വാസം സ്വീകരിക്കുകയും ദൈവസ്മരണയാല്‍ മനസ്സുകള്‍ ശാന്തമാവുകയും ചെയ്യുന്നവരാണവര്‍. അറിയുക: ദൈവസ്മരണ കൊണ്ട് മാത്രമാണ് മനസ്സുകള്‍ ശാന്തമാകുന്നത്.’ (13: 28) അപ്രകാരം ഖുര്‍ആനെ കുറിച്ച് ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളതാണ് രോഗങ്ങള്‍ക്കുള്ള ഔഷധമാണതെന്ന്. രണ്ട് തരത്തിലാണ് മനുഷ്യരെ രോഗങ്ങള്‍ പിടി കൂടുക. ഒന്ന് ശാരീരികമായി മറ്റൊന്ന് മാനസികമായും. ശാരീരിക രോഗങ്ങളും മാനസിക അവസ്ഥയും തമ്മിലുള്ള ബന്ധം അവിതര്‍ക്കമാണ്. ഖുര്‍ആനില്‍ വിശ്വസിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും അതിന്റെ തണലില്‍ നിലകൊള്ളുകയും ചെയ്യുന്നവര്‍ക്ക് മനഃസ്സമാധാനം സിദ്ധിക്കുകയും അതിലൂടെ അവരുടെ മാനസികവും ശാരീരികവുമായ രോഗങ്ങള്‍ക്ക് ഖുര്‍ആന്‍ ശമനമാകുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികള്‍ക്ക് രോഗശമനവും കാരുണ്യവുമേകുന്നവ ഈ ഖുര്‍ആനിലൂടെ നാം, ഇറക്കിക്കൊണ്ടിരിക്കുന്നു. എന്നാല്‍ അതിക്രമികള്‍ക്കിത് നഷ്ടമല്ലാതൊന്നും വര്‍ധിപ്പിക്കുന്നില്ല.’ (17:82) ഖുര്‍ആന്റെ മറ്റൊരു സവിശേഷതയാണ് കാരുണ്യത്തിന്റെ ഉറവിടമാണതെന്നുള്ളത്. അത് ശ്രദ്ധയോടെ കേള്‍ക്കുന്നത് പോലും അല്ലാഹുവിന്റെ കാരുണ്യ ഹസ്തം നമുക്ക് നേരെ തിരിയാന്‍ കാരണമാണ്. അതിനാലാണ് ഖുര്‍ആന്‍ നമ്മോട് ആവശ്യപ്പെടുന്നത്: ‘ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ നിങ്ങളത് ശ്രദ്ധയോടെ കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം കിട്ടിയേക്കാം.’ (7: 204)

വിശ്വാസികളും ഖുര്‍ആനും
നമ്മുടെ മുന്‍ഗാമികളായ ആളുകളില്‍ ഖുര്‍ആന്‍ എപ്രകാരം സ്വാധീനം ചെലുത്തിയിരുന്നുവെന്നതിന് ഈ സംഭവം സാക്ഷ്യം വഹിക്കും. അബ്ദുല്ലാഹ് ബിന്‍ ഉര്‍വ്വതുബ്‌നു സുബൈര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഞാന്‍ എന്റെ വല്ല്യുമ്മ അബൂബക്കറിന്റെ മകള്‍ അസ്മാഇനോട് ചോദിച്ചു: ഖുര്‍ആന്‍ കേള്‍ക്കുമ്പോള്‍ നബി തിരുമേനി യുടെ സഹാബികള്‍ എങ്ങനെയായിരുന്നു? അവര്‍ പറഞ്ഞു: അല്ലാഹു വിശേഷിപ്പിച്ച പോലെ അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകും, തൊലികള്‍ രോമാഞ്ചമണിയും.’ (ശുഅബുല്‍ ഈമാന്‍ –  ബൈഹഖി)

ഇബ്‌നു അബീമുലൈക പറയുന്നു: ‘ഒരിക്കല്‍ ഞാന്‍ ഇബ്‌നു ഉമര്‍(റ)നോടൊപ്പം ഒരുമിച്ച് യാത്ര ചെയ്തു. എവിടെയെങ്കിലും തമ്പടിച്ചാല്‍ അദ്ദേഹം രാത്രിയുടെ പകുതിയാകുന്നതോടെ ഖുര്‍ആന്‍ ഓരോ അക്ഷരങ്ങളായി സാവകാശത്തില്‍ പാരായണം ചെയ്യും. മിക്കവാറും അദ്ദേഹത്തിന്റെ തേങ്ങലും കരച്ചിലും അതിലട ങ്ങിയിരിക്കും. (ശുഅബുല്‍ ഈമാന്‍ – ബൈഹഖി)

അബുല്‍ ആലിയക്ക് ആരെങ്കിലും ഖുര്‍ആന്‍ സൂറകളെക്കുറിച്ച് ചെറിയ സൂറത് എന്ന് പറയുന്നത് ഇഷ്ടമല്ലായിരുന്നു. ആരെങ്കിലും അങ്ങനെ പറയുന്നത് കേട്ടാല്‍ അദ്ദേഹം പറയും: ‘ഹേ.. നീയാണ് അതിനെക്കാള്‍ നിസ്സാരന്‍ ഖുര്‍ആനാകട്ടെ മുഴുവനും മഹത്തരമാണ്.’

ദൈവികാനുഗ്രഹമാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ നാം ധാരാളമായി ഖുര്‍ആന്‍ ഓതുകയും, ഖുര്‍ആന്‍ ഓതുന്നത് കേള്‍ക്കുമ്പോള്‍ ശ്രദ്ധിക്കുയും ചെയ്യേണ്ടതുണ്ട്. അല്ലാഹു നമ്മോട് ആവശ്യപ്പെടുന്നു: ‘ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ നിങ്ങളത് ശ്രദ്ധയോടെ കേള്‍ക്കുകയും, നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം കിട്ടിയേക്കാം. ‘(7: 204) നബിതിരുമേനിയുടെ വാക്യം ഇപ്രകാരമാണ്: ‘ആരെങ്കിലും ഖുര്‍ആനില്‍ നിന്ന് ഒരു അക്ഷരം ഓതിയാല്‍ അത് അവന് ഒരു നന്മയാണ്. ഓരോ നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം. അലിഫ് ലാം മീം എന്നത് ഒരു അക്ഷരമല്ല മറിച്ച് അലിഫ് ഒരക്ഷരമാണ്, ലാം വേറൊരു അക്ഷരമാണ്, മീം മറ്റൊരു അക്ഷരവുമാണ്.

വിചിന്തനം
ഖുര്‍ആന്‍ പാരായണം കേള്‍ക്കുമ്പോള്‍ ശ്രദ്ധിച്ച് കേള്‍ക്കണം, അതിനെക്കുറിച്ച് ചിന്തിക്കണം കാരണം അതിലൂടെ മാത്രമേ ഖുര്‍ആന്‍ താല്‍പര്യപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ സാധിക്കുകയുള്ളൂ: ‘നിനക്കു നാം ഇറക്കിത്തന്ന അനുഗ്രഹീതമായ വേദപുസ്തകമാണിത്. ഇതിലെ വചനങ്ങളെപ്പറ്റി ഇവര്‍ ചിന്തിച്ചറിയാന്‍. വിചാരശാലികള്‍ പാഠമുള്‍ക്കൊള്ളാനും. (38:29) അല്ലാഹു ഹൃദയങ്ങളില്‍ താഴിട്ട് പൂട്ടിയവര്‍ ചിന്തിക്കാവരെ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്. ‘അവര്‍ ഖുര്‍ആന്‍ ആഴത്തില്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? അതല്ല; അവരുടെ ഹൃദയങ്ങളെ താഴിട്ട് പൂട്ടിയിട്ടുണ്ടോ?’ (47:24)

ചിന്തിക്കുന്നതിലൂടെ മാത്രമേ ഖുര്‍ആന്‍ മനസ്സിനെ സ്വാധീനിക്കുകയുള്ളൂ. അതിനാല്‍ അംറുബ്‌നുല്‍ ആസ്(റ)നോട് മൂന്ന് ദിവസത്തില്‍ കുറഞ്ഞ സമയം കൊണ്ട് ഖുര്‍ആന്‍ ഓതിത്തീര്‍ക്കരുതെന്ന് നബി(സ) നിര്‍ദേശിച്ചത്. നബി പറഞ്ഞു: ‘മൂന്നില്‍ കുറഞ്ഞ ദിവസം കൊണ്ട് ഖുര്‍ആന്‍ ഓതിതീര്‍ക്കുന്നവന്‍ അത് ഗ്രഹിക്കുന്നില്ല.’ (അബൂദാവൂദ്, തിര്‍മിദി, ഇബ്‌നുമാജ)

അതിനാല്‍ തന്നെ പ്രവാചകരുടെ സഹചാരികള്‍ ഖുര്‍ആന്‍ കേള്‍ക്കുമ്പോള്‍ അവരുടെ ഹൃദയങ്ങള്‍ ഭയപ്പെടുകയും, കണ്ണുകള്‍ നിറഞ്ഞൊഴുകുകയും, തൊലികള്‍ രോമാഞ്ചമണിയുകയും ചെയ്തിരുന്നതായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു. ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീസില്‍ നബി(സ) രോഗശയ്യയിലായപ്പോള്‍ അബൂബക്കറിനോട് ജനങ്ങള്‍ക്ക് ഇമാമായി നമസ്‌കരിക്കാന്‍ കല്പിക്കുകയുണ്ടായി അപ്പോള്‍ ആയിശ(റ) പറഞ്ഞു: ‘അബൂബക്കര്‍ നിര്‍മ്മല ഹൃദയനാണ്, ഓതിയാല്‍ അദ്ദേഹത്തിന് കരച്ചിലടക്കാനാവില്ല. നബി പറഞ്ഞു: ‘അബൂബക്കറിനോട് ഇമാമത്തിനു കല്‍പ്പിക്കൂ..’

ഹൃദയത്തിന്റെ നൈര്‍മ്മല്ല്യവും കരച്ചിലുമെല്ലാം ഉദാത്ത ഗുണങ്ങളായി പ്രവാചകര്‍ കണക്കാക്കുകയായിരുന്നു. ഉമര്‍(റ)വിനെക്കുറിച്ച് അബ്ദുല്ലാഹ് ബിന്‍ ശദ്ദാദ് പറയുന്നതായി സഈദുബ്‌നു മന്‍സൂര്‍ ശരിയായ പരമ്പരയിലൂടെ ഉദ്ധരിക്കുന്നത്: ‘നമസ്‌കാരത്തില്‍ ഏറ്റവും പിന്നിലായിരുന്നു ഞാന്‍ എന്നാല്‍ ഉമര്‍ ഖത്താബിന്റെ തേങ്ങല്‍ ഞാന്‍ കേള്‍ക്കാറുണ്ടായിരുന്നു. അദ്ദേഹം പ്രാര്‍ത്ഥിക്കും. എന്റെ നാഥാ.. എന്റെ പ്രയാസങ്ങളും ദുഖങ്ങളും ഞാനിതാ നിന്നോട് ആവലാതിപ്പെടുകയാണ്.’

ഇന്ന് ഖുര്‍ആന്‍ നമ്മില്‍ സ്വാധീനം ചെലുത്തുന്നില്ലെങ്കില്‍ അതിന് കാരണം അധാര്‍മ്മിക പ്രവൃത്തികള്‍ മുഖേന മുരടിച്ചുപോയ നമ്മുടെ മനസ്സുകളാകാനേ തരമുള്ളൂ. അക്കാര്യം ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കിയതുമാണ്. ‘സത്യവിശ്വാസികളുടെ ഹൃദയങ്ങള്‍ ദൈവസ്മരണയ്ക്കും തങ്ങള്‍ക്ക് അവതീര്‍ണമായ സത്യവേദത്തിനും വിധേയമാകാന്‍ സമയമായില്ലേ? മുമ്പ് വേദം കിട്ടിയവരെപ്പോലെ ആകാതിരിക്കാനും. കാലം കുറേയേറെ കടന്നുപോയതിനാല്‍ അവരുടെ ഹൃദയങ്ങള്‍ കടുത്തുപോയി. അവരിലേറെ പേരും അധാര്‍മികരാണ്.’ (അല്‍ ഹദീദ്: 16)

നബി തിരുമേനി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അല്ലാഹുവേ, ഉപകാരമില്ലാത്ത അറിവില്‍ നിന്നും ദൈവഭക്തിയില്ലാത്ത മനസ്സില്‍ നിന്നും ആര്‍ത്തി തീരാത്ത ശരീരത്തില്‍ നിന്നും ഉത്തരം ലഭിക്കാത്ത പ്രാര്‍ഥനയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു. (മുസ്‌ലിം) ഇബ്‌നുല്‍ ഖയ്യിം(റ) അല്‍ഫറാഇദില്‍ പറയുന്നത് കാണുക: ‘നീ ഖുര്‍ആന്‍ പ്രയോജനപ്പെടണമെന്ന് ആശിക്കുന്നുവെങ്കില്‍ അത് ഓതുമ്പോഴും കേള്‍ക്കുമ്പോഴും നിന്റെ മനസ്സിനെക്കൂടി അതില്‍ പങ്കാളിയാക്കണം, അല്ലാഹു നിന്നോട് നേരിട്ട് സംസാരിക്കുകയാണെന്ന ഭാവത്തില്‍ ശ്രദ്ധിക്കണം, കാരണം അത് നിന്റെ നാഥന്‍ പ്രവാചകരുടെ നാവിലൂടെ നിന്നോട് സംവദിക്കുകയാണ്. അല്ലാഹു പറയുന്നത് ‘ഹൃദയമുള്ളവന്നും മനസ്സറിഞ്ഞ് കേള്‍ക്കുന്നവന്നും ഇതില്‍ ഓര്‍ക്കാനേറെയുണ്ട്.’ (ഖാഫ് :37) എന്നാണല്ലോ.’

ഇവിടെ ഖുര്‍ആന്‍ പ്രയോജനപ്പെടുന്നതിന് മൂന്ന് വ്യവസ്ഥകളാണ് വെച്ചത്. ഒന്ന്, ചിന്തിക്കുന്ന ഹൃദയം മറ്റൊന്ന്, ശ്രദ്ധാപൂര്‍വ്വം കേള്‍ക്കല്‍. മൂന്ന്, സാന്നിദ്ധ്യം. അബൂത്വല്‍ഹയായിരുന്നു മദീനയില്‍ ഏറ്റവും കൂടുതല്‍ ഈത്തപ്പനകളുണ്ടായിരുന്നയാള്‍. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ടതാകട്ടെ പള്ളിക്കഭിമുഖമായി നില്‍ക്കുന്ന ബൈറുഹാ എന്ന തോട്ടവും. നബി തിരുമേനി ആ തോട്ടത്തില്‍ പ്രവേശിക്കുകയും അതിലെ ശുദ്ധജലം പാനം ചെയ്യുകയും ചെയ്തിരുന്നു. അങ്ങനെ ഖുര്‍ആനിലെ ആലുഇംറാന്‍ സൂറയിലെ 92 സൂക്തം അവതരിച്ചപ്പോള്‍ അബൂത്വല്‍ഹ നബിയുടെ അടുക്കല്‍ വന്ന് പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകരെ, അത്യുന്നതനായ അല്ലാഹു അവതരിപ്പിച്ചത് നോക്കൂ: ‘ഏറ്റവും പ്രിയപ്പെട്ടവയില്‍ നിന്ന് ചെലവഴിക്കാതെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല. നിങ്ങള്‍ ചെലവഴിക്കുന്നതെന്തും നന്നായറിയുന്നവനാണ് അല്ലാഹു.’ എനിക്കാവട്ടെ, ഏറ്റവും പ്രിയപ്പെട്ടത് ബൈറുഹാ തോട്ടമാണ്. അത് ഞാനിതാ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ദാനം ചെയ്യുകയാണ്. താങ്കള്‍ക്ക് ഇഷ്ടമുള്ളത് ചെയ്താലും. പ്രവാചകന്‍ പറഞ്ഞു: ‘ഹോ, വളരെ ലാഭകരമായ കച്ചവടം തന്നെ, അത് വളരെ ലാഭകരമായ കച്ചവടം തന്നെ. നീ പറഞ്ഞതെല്ലാം ഞാന്‍ കേട്ടിരിക്കുന്നു. നീ അത് നിന്റെ അടുത്ത ബന്ധുക്കള്‍ക്കു വീതിച്ചു നല്‍കുക.’ അബൂത്വല്‍ഹ പറഞ്ഞു: ‘അങ്ങനെ ചെയ്യാം പ്രവാചകരെ. ‘അങ്ങനെ അദ്ദേഹമത് തന്റെ പിതൃസഹോദരന്മാര്‍ക്കിടയിലും, അടുത്ത ബന്ധുക്കള്‍ക്കിടയിലുമായി വിതരണം ചെയ്തു. (ബുഖാരി, മുസ്‌ലിം)

ഇതാണ് ഖുര്‍ആന്‍. അതിന്റെ വശ്യത അത് ആളുകളെ പ്രവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നുവെന്നതാണ്. എന്നല്ല, മാതൃകയില്ലാത്ത ഉദാത്തമായ പ്രവര്‍ത്തനങ്ങള്‍ അതിന്റെ സ്വാധീനത്തില്‍ രൂപപ്പെടുന്നു. കഠിന ഹൃദയങ്ങളെ തരളിതമാക്കുന്നു. ശത്രുക്കളെ മിത്രങ്ങളാക്കുന്നു. ശത്രു മനസ്സുകളില്‍ പോലും മതിപ്പുളവാക്കുന്നു. നീതിയുടെ ആള്‍രൂപങ്ങള്‍ ഉയിരെടുക്കുന്നു. പക്ഷെ അതിന്റെ പാരായണത്തിന് ജീവന്‍ വേണമെന്ന് മാത്രം. ‘അവര്‍ ഖുര്‍ആന്‍ ആഴത്തില്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? അതല്ല; അവരുടെ ഹൃദയങ്ങളെ താഴിട്ട് പൂട്ടിയിട്ടുണ്ടോ?'(സൂറഃ മുഹമ്മദ്: 24) എന്ന ചോദ്യം മരിച്ച് പിരിഞ്ഞ മക്കാ മുശ്‌രിക്കുകളോടോ ആധുനിക കാലത്തെ നിഷേധികളോടോ മാത്രമല്ലെന്നും നമ്മോടു കൂടിയുള്ളതാണെന്നും ബോധ്യപ്പെടണമെന്ന് മാത്രം.

Related Articles