Current Date

Search
Close this search box.
Search
Close this search box.

അതിക്രമികള്‍ക്കായി ഒരുക്കപ്പെട്ട നരകം

hell.jpg

‘നിശ്ചയം, നരകം ഒരു പതിസ്ഥലമത്രെ. അതിരുവിട്ടവരുടെ താവളം. യുഗങ്ങളോളം അവരതില്‍ വസിക്കുന്നതാകുന്നു. അതില്‍ കുളിരോ പാനീയമോ ആസ്വദിക്കുന്നതല്ല. വല്ലതും ലഭിക്കുന്നുവെങ്കില്‍ അത് ചുട്ടുതിളച്ച വെള്ളവും വ്രണങ്ങളുടെ ദുര്‍ന്നീരുമായിരിക്കും. (അവരുടെ കര്‍മങ്ങള്‍ക്ക്) ഉചിതമായ പ്രതിഫലം. അവര്‍ വിചാരണയെക്കുറിച്ച് വിചാരമേയില്ലാത്തവരായിരുന്നു. നമ്മുടെ സൂക്തങ്ങളെ നിശ്ശേഷം തള്ളിക്കളഞ്ഞവര്‍. എന്നാല്‍ നാമോ, ഓരോ സംഗതിയും തിട്ടമായി രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. അതിനാല്‍ അനുഭവിച്ചുകൊള്ളുക. നിങ്ങള്‍ക്ക് ശിക്ഷയല്ലാതെ വര്‍ധിപ്പിക്കാന്‍ പോകുന്നില്ല.’ (അന്നബഅ്: 21-30)

നരകമെന്ന പതിസ്ഥലം
മറഞ്ഞിരുന്ന് ഒരാളുദ്ദേശിക്കുന്നവയെ നിരീക്ഷിക്കാനുള്ള സ്ഥലത്തിനാണ് ‘മിര്‍സ്വാദ്’ എന്ന് പറയുന്നത്. അല്ലാഹുവിന്റെ വിധിവ്യവസ്ഥ പ്രകാരം നിരീക്ഷിക്കാനുള്ള കേന്ദ്രമാണത്. നരകത്തിന്റെ കാവല്‍ക്കാരായവര്‍ നിഷേധികളെ ശിക്ഷിക്കുന്നതിനായി അവരെ മറഞ്ഞിരുന്ന് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.

ഹസന്‍(റ) ‘നിശ്ചയം, നരകം ഒരു പതിസ്ഥലമത്രെ’ എന്ന സൂക്തം പാരായണം ചെയ്ത ശേഷം പറഞ്ഞു: കവാടത്തില്‍ കാവല്‍ക്കാരുണ്ടാകും, അനുമതിയുമായി വരുന്നവര്‍ക്ക് അവര്‍ പ്രവേശനം അനുവദിക്കും, അല്ലാത്തവര്‍ തടഞ്ഞു വെക്കപ്പെടും.
ഖദാദ പറയുന്നു: നരകം മുറിച്ചു കടക്കാതെ സ്വര്‍ഗത്തിലേക്ക് ഒരു വഴിയില്ലെന്നാണ് ഞങ്ങള്‍ പഠിപ്പിക്കപ്പെടുന്നത്.

അതിരുവിട്ടവരുടെ സങ്കേതം
നരകം അതിരുവിട്ടവരുടെ അഭയസ്ഥാനമാണെന്ന് അഥവാ സങ്കേതമാണെന്ന് അല്ലാഹു പറയുന്നു. അതിരുകള്‍ ലംഘിച്ച് അക്രമവും തെമ്മാടിത്തരവും വഴികേടും പ്രവര്‍ത്തിച്ചവനാണ് അതിരുവിട്ടവന്‍. അല്ലാഹു പറയുന്നു:
‘ഒരിക്കലുമല്ല. തീര്‍ച്ചയായും മനുഷ്യന്‍ അതിരുവിട്ട് പ്രവര്‍ത്തിക്കുന്നു, തന്നെ സ്വയം പര്യാപ്തനായി കാണുകയാല്‍.’ (96:6-7)
‘അതിരുവിട്ട് പ്രവര്‍ത്തിക്കുകയും ഐഹികജീവിതത്തിന് മുന്‍ഗണന കല്‍പിക്കുകയും ചെയ്തിരുന്നവന്റെ താവളം നരകം തന്നെയാകുന്നു.’ (79: 37-39)
‘ഇനി നീ ഫിര്‍ഔന്റെ അടുക്കലേക്കു പോവുക. അവന്‍ അതിരുവിട്ടിരിക്കുന്നു.’ (20:24) അതിരുവിട്ട പ്രവര്‍ത്തനങ്ങളും അല്ലാഹുവിന്റെ സൃഷ്ടികളുടെ മേലുള്ള സ്വേച്ഛാധിപത്യവും ദൈവിക സന്ദേശത്തിന്റെ ഏറ്റവും വലിയ ആവശ്യക്കാരനാക്കി അയാളെ മാറ്റിയിരിക്കുന്നു എന്നാണ് ഈ സൂക്തം വ്യക്തമാക്കുന്നത്.

അല്ലാഹുവിന്റെയും അവന്റെ സൃഷ്ടികളുടെയും മുമ്പില്‍ അഹങ്കാരം കാണിച്ച ആദ്, സമൂദ്, ഫിര്‍ഔന്‍ പോലുള്ളവരെ അല്ലാഹു ശക്തമായി ആക്ഷേപിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നത് കാണുക: ‘ദേശങ്ങളില്‍ കടുത്ത അതിക്രമം വര്‍ത്തിക്കുകയും നാശം പെരുപ്പിക്കുകയും ചെയ്ത ജനമത്രെ അവര്‍. ഒടുവില്‍ നിന്റെ നാഥന്‍ അവരുടെ മേല്‍ ശിക്ഷയുടെ ചമ്മട്ടി ചൊരിഞ്ഞു.’ (89:11-13) കൊള്ളരുതായ്മകളെ കൂടെ കൊണ്ടു നടക്കുന്ന അതിക്രമികള്‍ക്കായി അല്ലാഹു നരകം ഒരുക്കിയിരിക്കുന്നു എന്നതില്‍ ഒരു സംശയവും വേണ്ട. ജീവിതവും സമൂഹങ്ങളും സംരക്ഷിക്കപ്പെടുന്നതിന് വേണ്ടിയാണത് ഒരുക്കിയിരിക്കുന്നത്. ധിക്കാരികളായ ഈ ആളുകള്‍ ഭൂമിയില്‍ അവശേഷിക്കുന്നത് അതിനെ നശിപ്പിക്കുകയും അതിലെ വാസത്തെ ഇല്ലാതാക്കുകയും ചെയ്യും. ‘അവനാകുന്നു നിങ്ങളെ ഭൂമിയില്‍നിന്നു സൃഷ്ടിച്ചതും അതില്‍ പാര്‍പ്പിച്ചതും.’ (11:61) നൂഹ് നബിയുടെ വാക്കുകളിലൂടെ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.

യുഗങ്ങളോളം അതില്‍ വസിക്കുന്നവര്‍
നിരന്തരം വളരെ ദീര്‍ഘിച്ച കാലഘട്ടങ്ങള്‍ നരകത്തില്‍ വസിക്കുന്നവര്‍ എന്നാണ് ഉദ്ദേശ്യം. ഒരു കാലഘട്ടം കഴിയുന്നതോടെ അതിനെ തുടര്‍ന്ന് അടുത്തത് കടന്നു വരുന്നു. ഇവിടെ ഉപയോഗിച്ച ‘അഹ്ഖാബ്’ന്റെ ഏകവചനമാണ് ‘ഹുഖ്ബ്’. അതിന്റെ പരിധി എത്രയാണെന്നതില്‍ പല അഭിപ്രായങ്ങളുമുണ്ട്. എണ്‍പത് വര്‍ഷമാണത് എന്ന അഭിപ്രായം മുതല്‍ പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ ആണെന്ന് വരെയുള്ള അഭിപ്രായങ്ങള്‍ അതിലുണ്ട്. എന്നാല്‍ ആ അഭിപ്രായങ്ങളൊന്നും പ്രവാചകന്‍(സ)യില്‍ നിന്നും ഉണ്ടായിട്ടുള്ളതല്ല. (തുടരും)

മൊഴിമാറ്റം: നസീഫ്

ആകാശകവാടങ്ങള്‍ തുറക്കപ്പെടും ദിനം
നരകത്തിലെ ശിക്ഷ അവസാനിക്കുമോ?

Related Articles