Current Date

Search
Close this search box.
Search
Close this search box.

ദാമ്പത്യം ബാധ്യതകളും പ്രതിഫലവും

عن أبي سعيد الخضريى رضي الله عنه قال: قال رسول اللہ ﷺ : إن الرجل إذا نظر إلى امرأته ونظرت إليه نظر الله تعالى إليهما نظرة رحمة، فإذا أخذ بكفها تساقطت ذنوبهما من خلال أصابعهما

അബൂസഈദിൽ ഖുദ് രി (റ)യിൽ നിന്ന്: നബി (സ) പറഞ്ഞു: “ഒരു പുരുഷൻ ഭാര്യയെയും അവൾ അയാളെയും പരസ്പരം നോക്കിയാൽ അവരിരുവരെയും കാരുണ്യപൂർവം അല്ലാഹു കടാക്ഷിക്കും. ഇനി അയാൾ തന്റെ ഭാര്യയെ ഹസ്തദാനം ചെയ്താൽ അവർ ചെയ്ത പാപങ്ങൾ അവരുടെ കൈവിരലുകൾക്കിടയിലൂടെ ഊർന്നുവീഴും. ” ( ഇമാം സുയൂത്വി ജാമിഉസ്വഗീറി’ൽ ഉദ്ധരിച്ചത്. നിവേദക പരമ്പര സ്വഹീഹ് ആണെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നു (ജാമിഉസ്വഗീർ, ഹദീസ് നമ്പർ: 1977)

ദാമ്പത്യജീവിതത്തിൽ ഭാര്യയും ഭർത്താവും പരസ്പരം പുലർത്തേണ്ട സ്നേഹകാരുണ്യ വികാരങ്ങളിലേക്ക് വിരൽചൂണ്ടുന്ന നബിവചനമാണിത്. ദാമ്പത്യത്തേക്കാൾ വിശുദ്ധവും ആനന്ദകരവുമായ മറ്റൊരു ബന്ധവും മനുഷ്യജീവിതത്തിലില്ല. പ്രപഞ്ചസ്രഷ്ടാവ് തന്റെ സൃഷ്ടികളിൽ ശ്രേഷ്ഠരായ മനുഷ്യർക്കുവേണ്ടി ഒരുക്കിവെച്ചിട്ടുള്ള തേൻകനിയാണത്.

ഖുർആൻ ഓർമപ്പെടുത്തുന്നു: “നിങ്ങൾക്ക് നിങ്ങളിൽ നിന്നുതന്നെയുള്ള ഇണകളെ സൃഷ്ടിച്ചുതന്നത് അല്ലാഹുവാണ്; നിങ്ങൾ പരസ്പരം ചേർന്ന് ശാന്തി നുകരുന്നതിനുവേണ്ടി. നിങ്ങൾക്കിടയിൽ അവൻ സ്നേഹവും കാരുണ്യവും ഉണ്ടാക്കിയിരിക്കുന്നു. ഇതെല്ലാം അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ട താകുന്നു. ചിന്തിക്കുന്ന ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട് (അർറൂം: 21).

ഭാര്യയും ഭർത്താവും ഒരുപോലെ ശ്രദ്ധിച്ചാലേ ദാമ്പത്യജീവിതം മനോഹരമാകൂ. ഭാര്യയോട് മാന്യമായി പെരുമാറാൻ ഭർത്താവും ഭർത്താവിനോട്
നന്നായി വർത്തിക്കാൻ ഭാര്യയും ശ്രദ്ധിക്കണം. അപ്പോൾ മാത്രമേ വൈവാഹിക ജീവിതം സുദൃഢവും ആനന്ദകരവുമായിത്തീരുകയുള്ളൂ.

അല്ലാഹു പറയുന്നു: “നിങ്ങൾ സ്ത്രീകളോട് ഏറ്റവും നന്നായി പെരുമാറുക” (അന്നിസാഅ് 19). “അവർക്ക് ബാധ്യതകളുള്ളതുപോലെ തന്നെ പുരുഷന്മാരിൽ നിന്ന് ലഭിക്കേണ്ട ന്യായമായ ചില അവകാശങ്ങളുമുണ്ട് (അൽബഖറ 228). ഹജ്ജത്തുൽ വിദാഇലെ പ്രസംഗത്തിൽ പ്രവാചകൻ(സ) ഇപ്രകാരം ഓർമപ്പെടുത്തുകയുണ്ടായി ألا واستوصوا بالنساء خيرا، فإنما هن عوان عندكم، ليس تملكون منهن شيئا … ألا إن لكم على نسائكم حقا، ولنسائكم عليكم حقا
(അറിയുക: ഭാര്യമാരോട് ഏറ്റവും നന്നായി വർത്തിക്കാനുള്ള എന്റെ ഉപദേശം നിങ്ങൾ സ്വീകരിക്കുവിൻ. അവർ നിങ്ങളോടൊപ്പമുള്ള നിങ്ങളുടെ ആശ്രിതരാണ് എന്നേയുള്ളൂ. മറ്റൊരധികാരവും നിങ്ങൾക്കവരുടെ മേൽ ഇല്ല. അറിയുക, നിങ്ങൾക്ക് സ്ത്രീകളുടെ മേൽ ചില അവകാശങ്ങളുണ്ട്. അപ്രകാരം തന്നെ അവർക്ക് നിങ്ങളുടെ മേലും ചില അവകാശങ്ങളുണ്ട്. ( ഇബ്നുമാജ, തിർമിദി )

ഒരാൾ പ്രവാചകനോട് ചോദിച്ചു: (അല്ലാഹുവിന്റെ റസൂലേ, ഞങ്ങളുടെ ഭാര്യമാർക്ക് ഞങ്ങളിൽനിന്ന് കിട്ടേണ്ട അവകാശങ്ങളെന്തെല്ലാമാണ്? അവിടുന്ന് പറഞ്ഞു: أن تطعمها إذا طعمت، وتكسوها إذاكتسيت، ولا تضرب الوجه، ولا تقبح، ولا تهجر إلا في البيت
(നീ ആഹരിച്ചാൽ അവളെയും ആഹരിപ്പിക്കുക, നീ വസ്ത്രം ധരിച്ചാൽ അവളെയും വസ്ത്രം ധരിപ്പിക്കുക. മുഖത്തടിക്കുകയോ അസഭ്യം പറയു കയോ ചെയ്യരുത്; വീട്ടിൽ വെച്ചല്ലാതെ അവളോട് പിണങ്ങിനിൽക്കുകയുമരുത്). ( അബൂദാവൂദ് , ഇബ്നുമാജ, ഹാകിം)

ഭാര്യമാരോടുള്ള പ്രവാചകന്റെ പെരുമാറ്റം ഹൃദ്യവും മനോഹരവുമായിരുന്നു. അവിടുന്ന് പറയാറുണ്ടായിരുന്നു.
خيركم خيركم لأهله وأنا خيركم لأهلي
(നിങ്ങളിൽ ഏറ്റവും ശ്രേഷ്ഠൻ ഭാര്യമാരോട് ഏറ്റവും നന്നായി പെരുമാറുന്നവനാണ്; ഞാൻ എന്റെ ഭാര്യമാരോട് ഏറ്റവും നന്നായി വർത്തിക്കുന്ന വനത്രെ). ( തിർമിദി, ഇബ്നുമാജ, ഹാകിം )

പത്നിമാരുടെ ആവശ്യങ്ങളും താൽപര്യങ്ങളും കണ്ടറിഞ്ഞ് അവരുടെ മനസ്സിന് കുളിർമയും സന്തോഷവുമുണ്ടാക്കുന്ന സാഹചര്യങ്ങൾ സൃഷ്ടി ക്കാൻ ബോധപൂർവം പ്രവാചകൻ (സ) ശ്രദ്ധിക്കാറുണ്ടായിരുന്നു. ഭാര്യമാരുടെ കൂടെയിരിക്കുമ്പോൾ അവരുടെ മാനസിക നിലവാരത്തിലേക്ക് ഇറ ങ്ങിവരാൻ ശ്രദ്ധിച്ചിരുന്നു. തമാശകൾ പറഞ്ഞ് ചിരിച്ചുല്ലസിക്കാൻ അവിടുന്ന് സമയം കണ്ടെത്തിയിരുന്നു. അനസ് (റ) പറയുന്നു.
كان رسول اللہ ﷺ أفكه الناس مع نسائه
(ജനങ്ങളിൽ ഭാര്യമാരോട് ഏറ്റവുമധികം തമാശ പറയുന്ന ആളായിരുന്നു നബി(സ) ( ബസ്സാർ)

ആഇശ(റ)യുടെ കൂടെ പലപ്പോഴും അവിടുന്ന് ഓട്ടമത്സരം നടത്താറുണ്ടായിരുന്നു. ചിലപ്പോൾ അദ്ദേഹം ജയിക്കും, മറ്റു ചിലപ്പോൾ അവർ ജയി ക്കും. ഒരിക്കൽ എത്യോപ്യയിൽനിന്നുള്ള ചിലർ മദീനയിലെ പള്ളിയിൽ വെച്ച് ആയോധനകലാപ്രകടനങ്ങൾ നടത്തിയപ്പോൾ അതു വീക്ഷിക്കാൻ പ്രവാചകൻ(സ), ആഇശ(റ)യെ ക്ഷണിക്കുകയുണ്ടായി. തന്റെ കവിൾ പ്രവാചകന്റെ ചുമലിൽ ചേർത്തുവെച്ച് മതിയാവോളം ആ കളി കണ്ടുനിന്ന തിനെക്കുറിച്ച് പിൽക്കാലത്ത് ആഇശ(റ) വാചാലയാവുന്നുണ്ട്. ഈ സംഭവം വിവരിച്ചുകൊണ്ട് അവർ ഇത്രകൂടി ഓർമിപ്പിക്കുന്നു.
فاقدروا قدر الجارية الحديثة السن، الحريصة على الهو
(അതിനാൽ കൗമാരപ്രായക്കാരും വിനോദപ്രിയരുമായ സ്ത്രീകൾക്ക് അർഹമായത് നിങ്ങൾ വകവെച്ചു കൊടുക്കുക). ( ബുഖാരി, മുസ്ലിം, നസാഇ, അഹ്മദ് )

കളികളിലും വിനോദങ്ങളിലും പങ്കുകൊള്ളാനും ആസ്വദിക്കാനും ഭാര്യമാരെ അനുവദിക്കുക എന്നത് ദാമ്പത്യത്തിന്റെ ഭദ്രതയും ഊഷ്മളതയും നിലനിർത്താൻ സഹായകമാണ്. ഉമർ (റ) ഒരിക്കൽ പറഞ്ഞു:
ينبغي للرجل أن يكون في أهله مثل الصبي، فإذا التمسوا ما عنده وجد رجلاً
(പുരുഷൻ തന്റെ ഭാര്യാസന്താനങ്ങളുടെ അടുക്കലെത്തിയാൽ ഒരു ശിശുവിനെപ്പോലെ പെരുമാറട്ടെ. എന്നാൽ, അവന്റെ പക്കലുള്ള പൗരുഷം എന്താണെന്ന് അവർ തേടുമ്പോൾ അവൻ ഒരു പുരുഷനായിത്തന്നെ നിലകൊള്ളുകയും ചെയ്യട്ടെ). ( ഇഹ് യാ ഉലൂമിദ്ദീൻ, വാല്യം 2, പേജ് 44)

തന്നെ വിമർശിക്കാനും എതിർക്കാനുമുള്ള സ്വാതന്ത്ര്യം പോലും നബി(സ) ഭാര്യമാർക്ക് വകവെച്ചുകൊടുത്തിരുന്നു. ഏകപക്ഷീയമായി കൽപ നകൾ പുറപ്പെടുവിക്കുകയും അതനുസരിക്കാൻ ഭാര്യമാരെ നിർബന്ധിക്കുകയും ചെയ്യുന്ന പരുക്കൻ സ്വഭാവമായിരുന്നില്ല അദ്ദേഹത്തിന്റേത്. ആക്ഷേപങ്ങൾ പക്വതയോടെ കേൾക്കുകയും ഉൾക്കൊള്ളുകയും ചെയ്യും.

ഒരിക്കൽ ആഇശ(റ)യും പ്രവാചകനും തമ്മിൽ ചെറുതായൊന്ന് പിണങ്ങി. ദേഷ്യത്തോടെ ആഇശ (റ) പറഞ്ഞു: (നിങ്ങളാണോ അല്ലാഹുവിന്റെ റസൂലെന്ന് വാദിക്കുന്ന വ്യക്തി?). ഇതു കേട്ട് അങ്ങേയറ്റത്തെ ഔദാര്യത്തോടും വിവേകത്തോടും കൂടി പുഞ്ചിരിക്കുക മാത്രമാണ് നബി(സ) ചെയ്തത്! ( അബൂയഅ് ല മുസ്നദ്, അബൂശൈഖ്-കിതാബുൽ അംഥാൽ)

അവിടുന്ന് പറയാറുണ്ടായിരുന്നു. ( ആഇശാ എനിക്കറിയാം, നീ എപ്പോഴാണ് എന്നോട് ദേഷ്യപ്പെടുന്നതെന്നും എപ്പോഴാണ് എന്നെ ഇഷ്ടപ്പെടുന്നതെന്നും). അവർ ചോദിച്ചു: (അല്ലാഹുവിന്റെ റസൂലേ, അതെങ്ങനെയാണ്? നബി (സ) പറഞ്ഞു:
إنك إذا كنت راضية قلت : بلى ورب محمد! وإذا كنت ساخطة قلت: لا ورب إبراهيم
(എന്നെ ഇഷ്ടമാണെങ്കിൽ നീ പറയും: “മുഹമ്മദിന്റെ നാഥനാണ് സത്യം എന്ന്. എന്നോട് ദേഷ്യമുള്ള സമയത്താണെങ്കിൽ “ഇബ്റാഹീമിന്റെ നാഥ നാണ് സത്യം’ എന്നായിരിക്കും നീ പറയുക). ആഇശ ചിരിച്ചുകൊണ്ട് പറഞ്ഞു … .. (ശരിയാണ്; എങ്കിലും, നിങ്ങളുടെ പേരിനോടല്ലാതെ, നിങ്ങളോട് ഞാൻ പിണങ്ങാറില്ല). ( ബുഖാരി, മുസ്ലിം)

ഭർത്താവിന് ഭാര്യയോടെന്നപോലെ, ഭാര്യക്ക് ഭർത്താവിനോടും കടമകളും കടപ്പാടുകളുമുണ്ട്. നബി (സ) പറഞ്ഞു:
إذا صلت المرأة خمسها، وصامت شهرها، وحفظت فرجها، وأطاعت زوجها، قيل لها : أدخلي الجنة من أي ابواب الجنة شئت
(അഞ്ചുനേരത്തെ നമസ്കാരം നിർവഹിക്കുകയും റമദാനിൽ നോമ്പെടുക്കുകയും തന്റെ പാതിവ്രത്യം സംരക്ഷിക്കുന്നതോടൊപ്പം ഭർത്താവിനെ അനുസരിക്കുകയും ചെയ്ത സ്ത്രീയോട് അന്ത്യനാളിൽ ഇപ്രകാരം പറയപ്പെടും. ഇഷ്ടമുള്ള കവാടത്തിലൂടെ സ്വർഗത്തിൽ പ്രവേശിച്ചുകൊള്ളൂ). (അഹ്മദ് 1/191, ത്വബ്റാനി – ഔസത്ത്)

നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങൾക്കു പോലും ദാമ്പത്യജീവിതത്തിൽ വലിയ പ്രാധാന്യമുണ്ട്. ആർദ്രമായ ഒരു നോട്ടം, സ്നേഹപൂർണമായ ഒരു തലോടൽ, ഇത്തിരി നല്ല വാക്കുകൾ ഒക്കെ ചിലപ്പോൾ ദാമ്പത്യ ജീവിതത്തെ അടിമുടി ഊഷ്മളവും ആനന്ദനിർഭരവുമാക്കാം. ഒരു വാക്കിന്റെ ഒരു നോട്ടത്തിന്റെ, ഒരു സ്പർശനത്തിന്റെ അഭാവമായിരിക്കും ചിലപ്പോൾ വലിയ പ്രശ്നങ്ങളായി മാറുക. ഇണയുടെ നേരെയുള്ള പ്രണയാർദ്രമായ ഒരു മന്ദഹാസം ചില നേരങ്ങളിൽ പ്രശ്നങ്ങളുടെ തീക്കടലുകളെ മുഴുവൻ ഇല്ലാ താക്കിയേക്കും. അതുകൊണ്ടാണ് ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള മനസ്സറിഞ്ഞ ഒരു നോട്ടത്തെപ്പോലും ദൈവികകാരുണ്യത്തിന്റെ ഇടപെടലായി പ്രവാചകൻ (സ) ചിത്രീകരിക്കുന്നത്. അതോടൊപ്പം സ്നേഹം പ്രകടിപ്പി ക്കാനുള്ളതാണ്; മനസ്സിൽ കൊണ്ടുനടക്കാനുള്ളതല്ല എന്ന ഒരാശയം കൂടി ഈ നബിവചനം ഉൾക്കൊള്ളുന്നുണ്ട്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles