Current Date

Search
Close this search box.
Search
Close this search box.

പ്രതീക്ഷ കൈവിടാതെ മുന്നോട്ട്

عَنْ أَنَسِ بْنِ مَالِكٍ قَالَ : قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : إِنْ قَامَتْ عَلَى أَحَدِكُمُ الْقِيَامَةُ ، وَفِي يَدِهِ فَسِيلَةٌ فَلْيَغْرِسْهَا.

അനസുബ്‌നു മാലികില്‍(റ) നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: നബി(സ) അരുളിു: നിങ്ങളിലൊരാളുടെ കൈവശം ഒരു വൃക്ഷത്തെ ഉണ്ടായിരിക്കെ ഉയിര്‍ത്തെഴുന്നേല്‍പു നാള്‍ സമാഗതമായാല്‍ അവന്‍ അത് നടട്ടെ (അഹ്മദ്).

ഭൗതികമായ വീക്ഷണത്തില്‍ സാഹചര്യങ്ങള്‍ അനുകൂലമാകുന്നതിന്റെ കണിക പോലും കാണാനില്ലെങ്കിലും നിരാശപ്പെടാതെ ശുഭപ്രതീക്ഷയോടെ മുന്നേറാനുളള പ്രചോദനമാണ് ഈ വചനം.  അന്ത്യനാള്‍ സമാഗതമായി എന്നുറപ്പായാല്‍ ദുനിയാവിനെ കുറിച്ച ചിന്തകളൊന്നും മനുഷ്യര്‍ക്ക് ഉണ്ടാവില്ല എന്നത് സ്വാഭാവികമാണ്. പരിഭ്രാന്തരായി നില്‍ക്കുന്ന ആ സന്ദര്‍ഭത്തില്‍ അല്ലാഹുവിനോട് പശ്ചാത്തപിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യണമെന്ന് പ്രത്യേകം ഉണര്‍ത്തേണ്ടതില്ലല്ലോ. പക്ഷേ, ആ സന്ദര്‍ഭത്തില്‍ നമ്മുടെയൊന്നും ചിന്തയില്‍ കടന്നുവരാന്‍ സാധ്യതയില്ലാത്ത ഒരു കാര്യമാണ് ഉപരിസൂചിത ഹദീസില്‍ പ്രവാചകന്‍ നിര്‍ദ്ദേശിക്കുന്നത്.  വര്‍ഷങ്ങള്‍ കഴിഞ്ഞ് മാത്രം ഫലം കായ്ക്കുന്ന വൃക്ഷത്തൈ നടാന്‍ പറയുന്നു! അതും അന്ത്യനാള്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍!! പ്രവാചകന് മാത്രമേ ഇങ്ങനെ പറയാന്‍സാധിക്കൂ. ജനമനസ്സുകളെ ഇവ്വിധം നയിക്കാനുള്ള കരുത്ത് ഇസ്‌ലാമിന് മാത്രമേയുള്ളൂ.

പ്രത്യക്ഷത്തില്‍ വിചിത്രമെന്ന് തോന്നാമെങ്കിലും തീര്‍ത്തും ലളിത സുന്ദരവും സമാനതകളില്ലാത്തതുമാണ് ഈ വചനം. അനേകം ആശയങ്ങളെ അത് ഗര്‍ഭം ധരിച്ചിരിക്കുന്നു. പരലോകത്തിന്റെയും ഇഹലോകത്തിന്റെയും വഴികള്‍ ഭിന്നമല്ല എന്നാണ് അതിലൊന്ന്. നേര്‍മാര്‍ഗം ഒന്നേയുള്ളൂ. അതിന്റെ ആദ്യഭാഗം ദുന്‍യാവിലും അവസാനഭാഗം ആഖിറത്തിലുമാണെന്നു മാത്രം. മുസ്‌ലിമിന്റെ ജീവിതത്തില്‍ എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ പ്രീതിക്കനുസൃതമായി ക്രമീകരിക്കുമ്പോള്‍ അത് അവയെല്ലാം പ്രതിഫലാര്‍ഹമായ ഇബാദത്തുകളായി മാറുന്നു.

നിങ്ങള്‍ കര്‍മനിരതരാവൂ, അവസാന ശ്വാസം വരെ എന്ന സന്ദേശമാണ് ഈ ഹദീസ് നല്‍കുന്ന രണ്ടാമത്തെ പാഠം. അധ്വാനത്തിന്റെ മൂല്യം അടയാളപ്പെടുത്തുക മാത്രമല്ല, അത് പരലോകത്തേക്കുള്ള വഴിയാണെന്ന് വ്യക്തമാക്കുക കൂടി ചെയ്യുന്ന പ്രസ്തുത തിരുവചനം. റിട്ടയര്‍മെന്റ് എന്നത് വെറും സാങ്കേതിക പദം മാത്രമാണെന്നര്‍ഥം. പരലോകത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെങ്കില്‍ ഐഹിക വിരക്തനാവണമെന്നും ഇഹലോകത്തിലെ ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ പരലോകത്തിന്റെ സമയം കവര്‍ന്നെടുക്കുന്നുവെന്നുമുള്ള ധാരണയെ ഈ ഹദീസ് തിരുത്തുന്നു.
യഥാര്‍ഥ ഈ ഇഹപര വിഭജനത്തിന്റെ മുറിവുകള്‍ വളരെ ആഴത്തിലുള്ളതാണ്. ജീവിതത്തിലെ വിവിധ രംഗങ്ങളെ അത് ഛിന്നഭിന്നമാക്കുന്നു. പലയിടത്തും ഏറ്റുമുട്ടലുകളും വൈരുധ്യങ്ങളും സംഭവിക്കുന്നു. ആ ഛിദ്രതകളെ ഏകോപിപ്പിക്കാനുള്ള മാര്‍ഗമറിയാതെ മനുഷ്യന്‍ പ്രയാസപ്പെടുന്നു. ദുന്‍യാവിനെയും ആഖിറത്തിനെയും കുറിച്ച ചിന്തകള്‍ ഒരേ വഴിയില്‍ സംഗമിപ്പിക്കുകയാണ് അതിനുള്ള പരിഹാരം. ഇഹപര ലോകങ്ങളെ ഖുര്‍ആന്‍ ഒരേ ചരടില്‍ കോര്‍ക്കുന്നു (അല്‍ഖസ്വസ്വ് 77, അല്‍ അഅ്‌റാഫ് 32).

ഇസ്‌ലാമിന്റെ അന്യൂനമായ പരിഭാഷയായിരുന്നല്ലോ മുഹമ്മദ് നബി(സ). പരലോകത്തെ പ്രതിഫലവും അല്ലാഹുവിന്റെ പ്രീതിയും കാംക്ഷിക്കാത്ത എന്തു കര്‍മമാണ് പ്രവാചകന്‍ ചെയ്തിട്ടുള്ളത്? ഇന്നയിന്ന പ്രവര്‍ത്തനങ്ങളൊക്കെ ഇഹലോകത്തിന് വേണ്ടി മാത്രമുള്ളതാണ്. അതില്‍ അല്ലാഹുവിന് പ്രത്യേകിച്ച് ഇടമൊന്നുമില്ല എന്ന ധാരണ തികച്ചും അംസംബന്ധമാണ്. ഒരു മുസ്‌ലിം രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ വ്യവസ്ഥകള്‍ പഠിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുമ്പോള്‍ അല്ലാഹുവുമായുള്ള ബന്ധം വിഛേദിച്ചുകൊണ്ടാവരുത് അത്. മനുഷ്യന്‍ ചെയ്യുന്ന ഏത് കര്‍മത്തിനും അനുകൂലമോ പ്രതികൂലമോ ആയ പ്രതികരണങ്ങള്‍ പരലോകത്ത് ഉണ്ടാവുമെന്ന് തീര്‍ച്ച.

Related Articles