Hadith Padanam

ഇസ് ലാം നസ്വീഹതാണ്

“عَنْ تَمِيمٍ الدَّارِيِّ رضي الله عنه : أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ :(الدِّينُ النَّصِيحَةُ ) قُلْنَا لِمَنْ ؟ ، قال : ( لِلَّهِ وَلِكِتَابِهِ وَلِرَسُولِهِ وَلِأَئِمَّةِ الْمُسْلِمِينَ وَعَامَّتِهِمْ ) – صحيح مسلم

തമീമുദ്ദാരി(റ)യിൽ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ദീൻ നസ്വീഹത്താണ്. ഞങ്ങൾ ചോദിച്ചു: ആരോട്? നബി(സ) പറഞ്ഞു: അല്ലാഹുവിനോടും അവന്റെ കിതാബിനോടും റസൂലിനോടും മുസ് ലിംകളുടെ നായകരോടും മുസ്‌ലിം പൊതുജനങ്ങളോടും

നസ്വീഹത് എന്ന പദത്തിന്റെ ആശയാടിത്തറയാണ് ഈ ഹദീസ്. ഈ വചനത്തിലെ അദ്ദീൻ കൊണ്ടുള്ള വിവക്ഷ ഇസ്‌ലാമാണ്.

മനസാ വാചാ കർമണായുള്ള നിഷ്കളങ്കതയാണ് നസ്വീഹത്. വാക്കിൽ മാത്രം പരിമിതമായ ഒന്നല്ല ഇത്. എല്ലാ സംസാരവും നസ്വീഹതല്ല. ആത്മാർഥത ഉണ്ടെങ്കിലേ അത് നസ്വീഹതാവുകയുള്ളൂ. ഇഖ്ലാസാണ് നസ്വീഹതിന്റെ അച്ചുതണ്ട്. കലർപ്പുകളിൽ നിന്ന് മുക്തമാക്കുക എന്ന അർഥത്തിൽ നസ്വീഹത് എന്ന പദം ഉപയോഗിക്കാറുണ്ട്. نصحت العسل (ഞാൻ തേൻ ശുദ്ധമാക്കി) എന്നത് ഉദാഹരണം.

ഉപരി സൂചിത ഹദീസിൽ നസ്വീഹതിന്റെ 5 ഇനങ്ങൾ പരാമർശിക്കപ്പെട്ടിരിക്കുന്നു:
1. അല്ലാഹുവിനോടുള്ള നസ്വീഹത്: അല്ലാഹുവിലുള്ള നിഷ്കപടമായ വിശ്വാസമാണ് ഇതിന്റെ ഉദ്ദേശ്യം. സത്തയിലും ഗുണവിശേഷണങ്ങളിലും അധികാരാവകാശങ്ങളിലുമെല്ലാമുള്ള അല്ലാഹു വിന്റെ ഏകത്വം അംഗീകരിക്കുക, അവന്റെ സകല വിധി വിലക്കുകളും പാലിക്കുക, നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ അവന് വിധേയമാക്കുക, ദീനിന് സേവനം ചെയ്യുക തുടങ്ങിയവ ഇതിന്റെ ഭാഗമാണ്.

2. അല്ലാഹുവിന്റെ  വേദത്തോടുള്ള നസ്വീഹത്: ഖുർആൻ ദൈവിക വചനമാണെന്ന് ഉറച്ച് വിശ്വസിക്കുക, അത് വായിക്കുക, മനഃപാഠമാക്കുക, അതിന്റെ ആശയം ഗ്രഹിക്കുക, ജീവിതത്തിൽ പകർത്തുക, അത് ജനങ്ങളെ പഠിപ്പിക്കുക, അതിനെ കുറിച്ച അബദ്ധ ധാരണകൾ തിരുത്തുക തുടങ്ങിയവയാണ് ഇതിന്റെ വിവക്ഷ.

3. അല്ലാഹു വിന്റെ ദൂതനോടുള്ള നസ്വീഹത്: മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിൽ വിശ്വസിക്കുക, അദ്ദേഹം സർവലോകരിലേക്കും നിയോഗിക്കപ്പെട്ട ദൂതനാണെന്നും അന്ത്യപ്രവാചകനാണെന്നും അംഗീകരിക്കുക, സകല ജനങ്ങളേക്കാളും അദ്ദേഹത്തെ സ്നേഹിക്കുക, അനുസരിക്കുക, മാതൃകയാക്കുക, അദ്ദേഹത്തിന്റെ ചര്യകൾ പിൻപറ്റുക , അദ്ദേഹത്തിന്റെ അധ്യാപനങ്ങൾ പ്രചരിപ്പിക്കുക, റസൂലിനെയും അദ്ദേഹത്തിന്റെ സന്ദേശങ്ങളെയും കുറിച്ച തെറ്റിദ്ധാരണകൾ അകറ്റുക തുടങ്ങിയവയാണ് ഇതിന്റെ ഉദ്ദേശ്യം.

4. മുസ് ലിംകളുടെ നായകരോടുള്ള നസ്വീഹത്: മുസ് ലിംകളുടെ നേതാക്കളെയും പണ്ഡിതരെയും ഭരണാധികാരികളെയും ആദരിക്കുക, ബഹുമാനിക്കുക, നല്ല കാര്യങ്ങളിൽ അനുസരിക്കുക, ധർമ സംസ്ഥാപനത്തിന് അവരെ സഹായിക്കുക, പിന്തുണയും പ്രോൽസാഹനവും നൽകുക, അവർ അക്രമത്തിന് ഇരയാവുമ്പോൾ അവരുടെ കൂടെ നിൽക്കുക, അവർക്കാവശ്യമായ സേവനങ്ങൾ ചെയ്യുക, അവരുടെ ഉത്തരവാദിത്തങ്ങൾ ഓർമപ്പെടുത്തുക, അവർക്ക് വേണ്ടി പ്രാർഥിക്കുക മുതലായവയെല്ലാം ഇതിൽ പെടുന്നു.

5. മുസ് ലിം പൊതുജനങ്ങളോടുള്ള നസ്വീഹത്: ഇഹപര നേട്ടങ്ങൾ ആർജിക്കാൻ ആവശ്യമായ ഉപദേശ നിർദേശങ്ങൾ നൽകുക, സഹായ സഹകരണങ്ങൾ ലഭ്യമാക്കുക, വിജ്ഞരാക്കുക, ദ്രോഹങ്ങൾ തടയുക, സൽപ്രവർത്തനങ്ങൾക്ക് പ്രോൽസാഹനം നൽകുക, തിൻമകളിൽ നിന്ന് മോചിപ്പിക്കുക, കുഞ്ഞുങ്ങളോട് കാരുണ്യം കാണിക്കുക, പ്രായമായവരെ ആദരിക്കുക തുടങ്ങിയവ ഈ ഗണത്തിൽ പെടുന്നു.

നസ്വീഹത് പൊതുവെ നിർബന്ധമാണ്. അതിൽ വ്യക്തിപരവും സാമൂഹികവും ഉണ്ട്. നബി(സ) പറഞ്ഞു: നിങ്ങളിലൊരാൾ അവന്റെ സഹോദരനോട് നസ്വീഹത് തേടിയാൽ അവന് നസ്വീഹത് നൽകുക ( ബുഖാരി) 1

നൻമ വളർത്തുക, തിൻമ വിപാടനം ചെയ്യുക എന്ന അർഥത്തിലുള്ള നസ്വീഹത് രഹസ്യമായിട്ടാവുന്നതാണ് പലപ്പോഴും അഭികാമ്യം. ഇല്ലായെങ്കിൽ ചിലപ്പോൾ അത് അവഹേളനമാവും. അന്നേരം അത് വിപരീത ഫലമുളവാക്കും. സാഹചര്യങ്ങളും അനന്ത സ്ഥലങ്ങളും വിലയിരുത്തി ശ്രദ്ധയോടെ നിർവഹിക്കേണ്ട കർമമാണ് ഇതെന്ന് സാരം.

ന്യൂനതകൾ ചൂണ്ടിക്കാണിക്കലിനെ ഒരു ഗിഫ്റ്റിനോട് ഉപമിക്കാം. മനോഹരമായി പൊതിഞ്ഞ് സന്തോഷം പകരും വിധമാണല്ലോ അത് സമ്മാനിക്കാറുള്ളത്.

1. َقَالَ النَّبِيُّ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ-: إِذَا اسْتَنْصَحَ أَحَدُكُمْ أَخَاهُ فَلْيَنْصَحْ لَهُ ٠

Facebook Comments

അബൂദര്‍റ് എടയൂര്‍

1981 മെയ് 23ന് മലപ്പുറം ജില്ലയിലെ എടയൂരില്‍ ജനനം. പിതാവ് സി.ടി. സ്വാദിഖ് മൗലവി. മാതാവ് സൈനബ്. ഐ. ആര്‍. എസ് എടയൂര്‍, അല്‍ജാമിഅ അല്‍ഇസ്‌ലാമിയ ശാന്തപുരം എന്നിവിടങ്ങളില്‍ പഠനം. തഫ്ഹീമുല്‍ ഖുര്‍ആന്‍ ഡിജിറ്റൈസേഷന്‍ പ്രൊജക്റ്റിന്റെ കോ ഓഡിനേറ്ററായും അല്‍ജാമിഅ അല്‍ഇസ്‌ലാമിയയില്‍ ചീഫ് ലൈബ്രേറിയനായും പ്രവര്‍ത്തിച്ചു. ഭാര്യ: രഹ്‌ന. കൃതികള്‍: സഹനം, തവക്കുല്‍, വിശ്വാസ സ്വാതന്ത്ര്യം, ഖുര്‍ആന്‍ ചരിത്രം സത്യവും മിഥ്യയും (വിവര്‍ത്തനം).

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker