Current Date

Search
Close this search box.
Search
Close this search box.

വുദൂഇന്റെ ഫർദുകൾ

വുദൂഇന്റെ ഫർദുകൾ ആറാകുന്നു
1. നിയ്യത്ത്. അതായത് ശുദ്ധി വരുത്തുവാനായി വുദൂഅ് ഉണ്ടാക്കുകയാണെന്ന് കരുതുക.
2. മുഖം കഴുകുക.
3. കൈ രണ്ടും മുട്ടുകൾ ഉൾപ്പെടെ കഴുകുക.
4. തല തടവുക.
5. കാൽ രണ്ടും ഞരിയാണി ഉൾപ്പെടെ കഴുകുക.
6. ക്രമപ്രകാരം ചെയ്യുക. അതായത് വുദൂഇന്റെ പ്രവൃത്തികൾ മേൽ വിവരിച്ചപോലെ ക്രമം തെറ്റാതെ ചെയ്യുക. ഇതിന്നു അറബിയിൽ തർതീബ് എന്നു പറയുന്നു.
വുദൂഉ് ഉദ്ദേശിച്ച് വെള്ളത്തിൽ മുങ്ങിയാൽ അത് വുദൂഇന്ന് പകരം മതിയാവുന്നതാണ്.

വുദൂഇന്റെ സുന്നത്തുകൾ
1.  بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ എന്നു ചൊല്ലിക്കൊണ്ട് വുദൂഅ് ഉണ്ടാക്കാൻ തുടങ്ങുക.
2. മുൻകൈ രണ്ടും മൂന്നു പ്രാവശ്യം കഴുകുക. മറ്റു അവയവങ്ങൾ കഴുകുന്നത് മുൻകൈകൊണ്ടാണല്ലോ. അതുകൊണ്ട് മുൻകൈ ആദ്യമേ വൃത്തിയായിരിക്കേണ്ടതാവശ്യമാകുന്നു.
3. പല്ലുതേച്ചു വൃത്തിയാക്കുക. ദന്തശുദ്ധിയെക്കുറിച്ചു നബി(സ) വളരെ ശക്തിയായി ഉപദേശിച്ചിട്ടുണ്ട്. ദീനുൽ ഇസ്‌ലാമിൽ അതിന്ന് വളരെ പ്രാധാന്യമുണ്ട്.
4. വായിൽ വെള്ളം കൊടുത്ത് കൊപ്പിളിക്കുക. അതോടൊപ്പം മൂക്കിൽ വെള്ളം കയറ്റി ചീറ്റുകയും ചെയ്യുക. ഇത് മൂന്നു കോരൽ വെള്ളംകൊണ്ട് മൂന്നു പ്രാവശ്യം ചെയ്യേണ്ടതാകുന്നു.
5. തല മുഴുവൻ തടവുന്നതോടൊന്നിച്ച് ചെവി രണ്ടും തടവുക. തള്ളവിരൽകൊണ്ട് ചെവിയുടെ പുറവും ചൂണ്ടുവിരൽകൊണ്ട് ചെവിയുടെ ഉള്ളും തടവണം.
6. തിങ്ങിയ താടി വിരൽകൊണ്ട് ചീകിക്കഴുകുക.
7. അവയവങ്ങൾ തേച്ചുകഴുകുക.
8. മുഖവും കൈകാലുകളും കയറ്റിക്കഴുകുക.
9. മൂന്നു പ്രാവശ്യം കഴുകുക.
10. കൈകാലുകൾ കഴുകുമ്പോൾ വലത്തേതുകൊണ്ടു തുടങ്ങുക.
11. വുദൂഇന്നുശേഷം, താഴെ ചേർത്ത ശഹാദത്തും പ്രാർഥനയും ചൊല്ലുക.

أشهد ألا إله إلا الله وحده لا شريك له، وأشهد أن محمدا عبده ورسوله، اللهم اجعلني من التوابين واجعلني من المتطهرين، سبحانك اللهم وبحمدك أشهد أن لا إله إلا أنت، أستغفرك اللهم وأتوب إليك

ഇങ്ങനെ വുദൂഅ് ഉണ്ടാക്കിയാൽ നമ്മുടെ ബാഹ്യമായ അവയവങ്ങൾ മാത്രമല്ല, ഹൃദയവും ശുദ്ധിയായിത്തീരുന്നതാണ്. പാപങ്ങളിൽനിന്ന് പരിശുദ്ധമാകുവാൻ അതേറ്റവും സഹായകമാകുന്നു.

കുളി
വലിയ അശുദ്ധിയിൽനിന്ന് ശുദ്ധിവരുത്തുവാൻ കുളിക്കുകയാണ് വേണ്ടതെന്ന് നിങ്ങൾ മനസ്സിലാക്കിയല്ലോ. ഇനി കുളിയുടെ ക്രമം വിവരിക്കാം.

കുളിയുടെ ഫർദുകളും സുന്നതുകളും കൂടിച്ചേരുമ്പോൾ കുളി ഏറ്റവും ഉത്തമമായ നിലയിൽ ആയിത്തീരുന്നു. കുളിയുടെ ഫർദുകൾ രണ്ടാകുന്നു.

1. നിയ്യത്ത്. അതായത് വലിയ അശുദ്ധിയിൽനിന്ന് ശുദ്ധിയാകുവാൻ വേണ്ടി കുളിക്കുകയാണെന്ന് കരുതുക.
2. ശരീരം മുഴുവൻ വെള്ളം ഒഴുക്കിക്കഴുകുക.
കുളിയുടെ സുന്നത്തുകളിൽ ചിലത് താഴെ വിവരിക്കുന്നു:
1. ആദ്യമായി ശരീരത്തിലെ മാലിന്യങ്ങൾ കഴുകിക്കളയുക.
2. കുളി ആരംഭിക്കുമ്പോൾ വുദൂഅ് ഉണ്ടാക്കുക.
3. തലമുടി വിരൽകൊണ്ട് ചീകിക്കഴുകുക.
4. വെള്ളം ശരീരത്തിൽ മൂന്നുപ്രാവശ്യം ഒഴുക്കുക. മൂന്നു പ്രാവശ്യം വെള്ളത്തിൽ മുങ്ങിയാലും മതിയാകുന്നതാണ്.

തയമ്മും
വുദൂഅ് ഉണ്ടാക്കുവാനും കുളിക്കുവാനും ത്വഹൂർ ആയ വെള്ളം വേണമെന്ന് നിങ്ങൾ പഠിച്ചുവല്ലോ. എന്നാൽ ചില പ്രത്യേക സന്ദർഭങ്ങളിൽ വെള്ളം കിട്ടാതിരുന്നാൽ എന്തു ചെയ്യും? അല്ലെങ്കിൽ രോഗം നിമിത്തം വെള്ളം ഉപയോഗിക്കുന്നത് വിഷമമായാൽ എന്തു ചെയ്യും? അപ്പോൾ വെള്ളത്തിനു പകരം മണ്ണുപയോഗിച്ച് ശുദ്ധി വരുത്താവുന്നതാണ്. ഇത് അല്ലാഹു നമുക്കനുവദിച്ചുതന്ന ഒരു അനുഗ്രഹമാകുന്നു.

മണ്ണുപയോഗിച്ച് ശുദ്ധിവരുത്തുന്നതിന്ന് തയമ്മും എന്നു പറയുന്നു. ശുദ്ധിയുള്ള മണ്ണിൽ മുൻകൈ രണ്ടും അടിക്കുക; എന്നിട്ട് മുഖവും കൈ രണ്ടും തടവുകയും ചെയ്യുക. ഇതാണ് തയമ്മും ചെയ്യുന്നതിന്റെ ക്രമം.
തയമ്മുമിനെക്കുറിച്ചു വിശദമായി പറഞ്ഞാൽ അഞ്ചു ഫർദുകളുണ്ടെന്ന് മനസ്സിലാക്കാം.

1. മണ്ണിൽ അടിക്കുക.
2. നിയ്യത്ത് (നമസ്‌കാരം മുതലായ കർമങ്ങൾക്കു വേണ്ടി തയമ്മും ചെയ്യുകയാണെന്ന് കരുതുക.)
3. മുഖം തടവുക.
4. കൈ രണ്ടും തടവുക.
5. തർത്തീബ് (ക്രമം പാലിക്കുക.)

Related Articles