Current Date

Search
Close this search box.
Search
Close this search box.

കടത്തിന്റെ കച്ചവടം

എല്ലാകാലത്തും ജനജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് സാമ്പത്തിക ഇടപാടുകള്‍. അതുകൊണ്ട് തന്നെ ഖുര്‍ആന്‍ അതിന് വലിയ പ്രാധാന്യം നല്‍കിയിരിക്കുന്നത് കാണാം. ”അല്ലയോ വിശ്വസിച്ചവരേ, നിങ്ങളുടെ മുതലുകള്‍ നിഷിദ്ധമാര്‍ഗങ്ങളിലൂടെ പരസ്പരം തിന്നാതിരിക്കുക. അത് ഉഭയസമ്മതത്തോടെയുള്ള ക്രയവിക്രയമായിരിക്കണം.നിങ്ങള്‍ സ്വയം കൊല്ലരുത്.അല്ലാഹു നിങ്ങളോട് കരുണയുള്ളവനെന്നറിയുവിന്‍.” (അന്നിസ്സാഅ്: 29) അല്ലാഹു പറയുന്നു: ”കച്ചവടത്തെ അല്ലാഹു അനുവദിക്കുകയും പലിശയെ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്.” (അല്‍ബഖറ: 275)

ആധുനിക കാലത്ത് ജനങ്ങളില്‍ പലരും അകപ്പെട്ടിട്ടുള്ള സാമ്പത്തിക ഇടപാടുകളിലൊന്നാണ് ‘കടത്തിന്റെ കച്ചവടം’. ഈ കച്ചവടത്തിന്റെ രീതി ചുവടെ വിവരിക്കാം. ഒരു വ്യക്തി മറ്റൊരാളില്‍ നിന്ന് കടം വാങ്ങിയിട്ടുണ്ട്. കടം നല്‍കിയ വ്യക്തി തനിക്ക് തിരികെ ലഭിക്കാനുള്ള കടത്തെ അതിന്റെ അടിസ്ഥാന മൂല്യത്തേക്കാള്‍ കുറഞ്ഞ വിലക്ക് അത് ഒരു വ്യക്തിക്കോ കമ്പനിക്കോ വില്‍ക്കുന്നു. പിന്നീട് കടം വാങ്ങിയ വ്യക്തി അല്ലെങ്കില്‍ കമ്പനി കടം വാങ്ങിയവനോട് അത് വീട്ടാന്‍ ആവശ്യപ്പെടുന്നു.

ആളുകളില്‍ പലരും വളരെ ലാഘവത്തോടെ കാണുന്ന ഇടപാടുകളിലൊന്നാണിത്. അതില്‍ നിഷിദ്ധമൊന്നുമില്ല, അനുവദനീയമാണെന്നാണ് അവര്‍ ധരിച്ചിരിക്കുന്നത്. ഈ ഇടപാടിന്റെ വിധി പണ്ഡിതന്‍മാര്‍ വിവരിക്കുന്നത് കാണാം: ഭൂരിപക്ഷം പണ്ഡിതന്‍മാരുടെയും വീക്ഷണത്തില്‍ കടം മറ്റൊരാള്‍ക്ക് വില്‍ക്കുന്നത് അനുവദനീയമല്ല. (അല്‍മൗസൂഅത്തുല്‍ ഫിഖ്ഹിയ്യ: 21/131)

കടം മറ്റൊരാള്‍ക്ക് വില്‍ക്കുന്നത് രണ്ട് കാരണങ്ങളാലാണ് വിലക്കുന്നത്:
ഒന്ന്, ഏല്‍പ്പിച്ചു കൊടുക്കാന്‍ സാധിക്കുന്നതല്ല. വില്‍പന വസ്തു ഏല്‍പിച്ചു കൊടുക്കാന്‍ സാധിക്കുന്നതായിരിക്കണമെന്നത് കച്ചവടം സാധുവാകുന്നതിനുള്ള നിബന്ധനകളില്‍ ഒന്നാണ്. വില്‍പന നടത്തുന്നവന് വില്‍പനവസ്തു ഏല്‍പ്പിച്ചു കൊടുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ വഞ്ചനയിലധിഷ്ടിതമായ വിലക്കപ്പെട്ട ഇടപാടാണത്.
രണ്ട്, പലിശ കടന്നുവരാവുന്ന പണം പോലുള്ള വസ്തുക്കളുടെ ഇനത്തില്‍ പെട്ടതാണ് കടമെങ്കില്‍ ഏറ്റവ്യത്യാസത്തോടെ അവ കച്ചവടം ചെയ്യുന്നുവെങ്കില്‍ നിഷിദ്ധമാക്കപ്പെട്ട പലിശയിലധിഷ്ടിതമായ ഇടപാടാണത്. ഒരേ ഇനത്തില്‍പ്പെട്ട വസ്തുവായതിനാല്‍ ‘രിബല്‍ഫദ്ല്‍’ വൈകുന്നതിന് പകരം അധികം നല്‍കുന്നതിനാല്‍ ‘രിബാന്നസീഅ്’ എന്നീ പലിശയുടെ രണ്ടിനങ്ങള്‍ അതില്‍ കടന്നുവരുന്നു. മറ്റൊരാളുടെ കടം വാങ്ങുന്ന വ്യക്തി അല്ലെങ്കില്‍ കമ്പനി നേരത്തെ നല്‍കിയതിനേക്കാള്‍ കൂടുതല്‍ പിന്നീട് തിരിച്ചു കിട്ടുന്നതിന് വേണ്ടി വില്‍ക്കുന്നയാള്‍ക്ക് വായ്പ നല്‍കുന്നത് പോലെയാണ്.

മുസ്‌ലിം വേള്‍ഡ് ലീഗിന് (റാബിത്വ) കീഴിലുള്ള ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി അതിന്റെ 16ാം സമ്മേളന പ്രമേയത്തില്‍ കടത്തിന്റെ കച്ചവടം കൈകാര്യം ചെയ്യുന്നുണ്ട്.

അനുവദനീയമല്ലാത്ത കടത്തിന്റെ കച്ചവട രീതികള്‍:
1) കടം വാങ്ങിയ വ്യക്തി (കടക്കാരന്‍) കടത്തിന്റെ മൂല്യത്തേക്കാള്‍ അധിക വിലക്ക് അവധി നിശ്ചയിച്ച് കച്ചവടം നടത്തുക. ഒരുതരത്തില്‍ പലിശ തന്നെയാണത്. കടത്തിന്റെ പുനക്രമീകരണം (Debt restuctre) എന്ന പേരില്‍ അറിയപ്പെടുന്ന ഇത് ഇസ്‌ലാമിക ശരീഅത്തനുസരിച്ച് നിഷിദ്ധം തന്നെ.
2) കടം മറ്റൊരാള്‍ക്ക് അവധിക്ക് വില്‍ക്കലാണ് രണ്ടാമത്തെ ഇനം. കടം കടമായി വില്‍ക്കുന്ന രീതിയാണിത്. ഇതും ശരീഅത്തില്‍ നിഷിദ്ധമാണ്.

കടവുമായി ബന്ധപ്പെട്ട ഇക്കാലത്തെ ഇടപാടുകള്‍:
വാണിജ്യ പേപ്പറുകളായ ചെക്ക്, പ്രോമിസറി നോട്ട് പോലുള്ളവയും അതില്‍ രേഖപ്പെടുത്ത മൂല്യത്തേക്കാള്‍ കുറഞ്ഞതിന് വില്‍ക്കുന്നത് പലിശയായി തന്നെയാണ് പരിഗണിക്കുക. വാണിജ്യ പേപ്പറുകള്‍ വില കുറച്ച് നല്‍കുന്നത് അനുവദനീയമല്ലെന്ന് ഒ.ഐ.സിക്ക് കീഴിലുള്ള ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി പ്രമേയത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. (മജല്ലത്തു മജ്മഉല്‍ ഫിഖ്ഹ്, ലക്കം 7, വാള്യം 2, പേജ് 9)

അതിന്റെ ഫത്‌വ കൗണ്‍സിലിന് മുമ്പില്‍ വന്ന ചെക്കുകളും ബില്‍ ഓഫ് എക്‌സേഞ്ചും അതില്‍ രേഖപ്പെടുത്തപ്പെട്ട വിലയേക്കാള്‍ കുറച്ച് നല്‍കുന്നത് അനുവദനീയമാണോ? എന്ന ചോദ്യത്തിന് നല്‍കിയ മറുപടി: മേല്‍പറയപ്പെട്ട രീതിയിലുള്ള ചെക്കുകളുടെ വില്‍പന അനുവദനീയമല്ല. പലിശയുടെ രണ്ട് രൂപങ്ങളും അതില്‍ കടന്നു വരുന്നു എന്നതാണ് കാരണം.

മൊഴിമാറ്റം: അബൂഅയാശ്‌

Related Articles