Current Date

Search
Close this search box.
Search
Close this search box.

മയ്യിത്ത് നമസ്കാരം ( 4 – 15 )

ഇടയ്ക്കിടയ്ക്ക് മരണത്തെ ഓർമിക്കുകയും അതിനു വേണ്ടി ഒരുങ്ങിയിരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഇബ്നുഉമർ(റ) പറയുന്നു:

أتيت النبي ﷺﷺ عاشر عشرة فقام رجل من الأنصار فقال : يا نبي الله من أكيس الناس وأحزم الناس ؟ قال: أكثرهم ذكرا للموت وأكثرهم استعدادا للموت أولئك الأكياس، ذهبوا بشرف الدنيا وكرامة الآخرة

(പത്തുപേരിൽ ഒരാളായി ഞാൻ നബി (സ)യെ സമീപിച്ചു. അപ്പോൾ അൻസാറുകളിൽ പെട്ട ഒരാൾ എഴുന്നേറ്റ് ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരേ, തന്റേടിയും ദൃഢചിത്തനുമായ മനുഷ്യൻ ആരാണ്? നബി (സ) പറഞ്ഞു: മരണം കൂടുതലായി ഓർക്കുകയും മരണത്തിന് വേണ്ടി കൂടുതൽ തയാറെടുപ്പു നടത്തുകയും ചെയ്യുന്നവർ അവരാണ് തന്റേടികൾ. അവർ ഇഹത്തിലെ മഹത്വവും പരത്തിലെ അന്തസ്സും നേടിയെടുത്തു- ത്വബ് റാനി)

എന്നാൽ രോഗം, ദാരിദ്ര്യം, ജീവിത പ്രയാസങ്ങൾ ആദിയായ കാരണങ്ങളാൽ മരിച്ചുകിട്ടിയെങ്കിൽ’ എന്ന് കൊതിക്കുന്നത് തെറ്റാണ്. സഹനവും ക്ഷമയും കൈകൊള്ളുകയും അതിനുവേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയുമാണ് അത്തരം ഘട്ടങ്ങളിൽ ചെയ്യേണ്ടത്. ഉമ്മുൽ ഫദ്ൽ (റ) പറയുന്നു. രോഗബാധിതനായി കിടക്കുകയായിരുന്ന അബ്ബാസ് (റ) മരിച്ചുകിട്ടിയെങ്കിൽ എന്ന് പറഞ്ഞു കേട്ടപ്പോൾ നബി (സ) പറഞ്ഞു:

يا عباس ياعم رسول الله لا تتمن الموت إن كنت محسنا تزداد إحسانا إلى إحسانك خير لك، وإن كنت مسيئا فأن تؤخر تستعتب خير لك، فلا تمن الموت (أحمد، حاكم)

(അബ്ബാസ്, അല്ലാഹുവിന്റെ ദൂതന്റെ പിതൃവ്യൻ, താങ്കൾ മരണം കൊതിക്കരുത്. കാരണം, താങ്കൾ സുകൃതവാനാണെങ്കിൽ താങ്കൾക്ക് സുകൃതം വർദ്ധിപ്പിക്കാം. അത് താങ്കൾക്ക് നല്ലതാണ്. താങ്കൾ ദുഷ്കൃത്യം ചെയ്തവനെങ്കിലോ, ജീവിതം നീട്ടിക്കിട്ടിയാൽ താങ്കൾക്ക് തെറ്റിൽ നിന്ന് വിരമിക്കാം അതും താങ്കൾക്ക് നല്ലതാണ്. അതിനാൽ മരണം കൊതിക്കരുത്.)

അല്ലാഹുവിന്റെ കാരുണ്യത്തിൽ പ്രതീക്ഷ അർപ്പിക്കുകയും അവനെ സംബന്ധിച്ച് ശുഭാപ്തി വിശ്വാസം വെച്ചു പുലർത്തുകയും വേണം. ജീവിത പ്രയാസങ്ങളിൽ നിരാശപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. മരിക്കുന്നതിനു മൂന്ന് ദിവസം മുമ്പ് നബി (സ) പറഞ്ഞതായി ജാബിർ (റ) ഉദ്ധരിക്കുന്നു:
لا يموتن أحدكم إلا وهو يحسن الظن بالله (مسلم)
(അല്ലാഹുവിനെ സംബന്ധിച്ചുള്ള ശുഭാപ്തി വിശ്വാസം പുലർത്തിക്കൊണ്ടല്ലാതെ നിങ്ങളിൽ ആരും മരിക്കാനിടവരരുത്.)

ആത്മഹത്യ പാടില്ല
പ്രയാസങ്ങൾ കാരണമായി മരണം ആഗ്രഹിക്കാൻ പാടില്ലാത്തതു പോലെ സ്വയം മരണം വരിക്കാനും പാടില്ല. മാറാരോഗമോ, മാനസിക വിഷമതകളോ, സാമ്പത്തിക പ്രയാസങ്ങളോ കാരണമായി ആത്മഹത്യ ചെയ്യുന്നത് നിഷിദ്ധമാണ്. ഖുർആൻ പറയുന്നു:

(നിങ്ങൾ സ്വന്തത്തെ നാശത്തിൽ ഇടരുത്.- അൽ ബഖറ 195 )
(നിങ്ങൾ നിങ്ങളെത്തന്നെ കൊന്നുകളയരുത് – അന്നിസാഅ് 29 ) എന്നും ഖുർആൻ ആഹ്വാനം ചെയ്യുന്നു. നബിതിരുമേനി (സ) അരുളിയതായി അബൂഹുറൈറ (റ) റിപ്പോർട്ടു ചെയ്യുന്നു.

ഒരാൾ ഇരുമ്പിന്റെ ആയുധമുപയോഗിച്ച് ആത്മഹത്യ ചെയ്താൽ നരകാഗ്നിയിൽ അവൻ ആ ആയുധവുമേന്തി അത് സ്വന്തം വയറ്റിൽ കുത്തിയിറക്കിക്കൊണ്ടേയിരിക്കും, വിഷം കുടിച്ച് ആത്മഹത്യ ചെയ്തവൻ നരകാഗ്നിയിൽ ആ വിഷം കുടിച്ചിറക്കിക്കൊണ്ടിരിക്കും, ഒരു മലമുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്താൽ അയാൾ നരകാഗ്നിയിൽ താഴോട്ടു പതിച്ചുകൊണ്ടേയിരിക്കും.

മനുഷ്യന് സുഖവും ദുഃഖവും, ഗുണവും ദോഷവുമെല്ലാം അല്ലാഹുവിന്റെ അറിവും തീരുമാനവുമനുസരിച്ചാണ് ഉണ്ടാവുന്നതെന്ന് അടിയുറച്ചു വിശ്വസിക്കുകയും, ദുഃഖകരമായ എന്തു സംഭവിച്ചാലും ക്ഷമ കൈക്കൊണ്ട് പ്രയാസങ്ങളകറ്റാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയുമാണു വേണ്ടത്. അല്ലാഹു നല്കിയതാണ് ജീവൻ. അതിനെ സ്വയം നശിപ്പിക്കാൻ മനുഷ്യന്നവകാശമില്ല. ആത്മഹത്യചെയ്യുന്നത് ദൈവ വിശ്വാസത്തിനെതിരാണ്. ( തുടരും)

Related Articles