Current Date

Search
Close this search box.
Search
Close this search box.

മയ്യിത്ത് നമസ്കാരം ( 11- 15 )

ജനാസ സംസ്കരണം കഴിയുന്നതും വേഗത്തിലാക്കുകയാണ് വേണ്ടത്. മറമാടാൻ ജനാസ കൊണ്ടു പോവുന്നതും അങ്ങനെ തന്നെ. പതുക്കെ നടന്നു നീങ്ങുകയല്ല, അല്പം ധൃതിയിൽ നടക്കണം. അബൂബകർ (റ) പറയുന്നു:

لقد رأيتنا مع رسول الله ﷺ وسلم وإنا لنكاد نرمل بالجنازة رملا

(ഞങ്ങൾ ജനാസയും കൊണ്ട് നബി(സ)യോടൊപ്പം വേഗത്തിൽ നടക്കുന്നതു ഞാൻ കണ്ടതാണ്- അഹ്മദ്, നസാഈ)

ചുമലിളക്കി ധൃതിപിടിച്ചുള്ള നടത്തമാണ് റമൽ. മയ്യിത്ത് കട്ടിലിന്റെ നാലുതണ്ട് നാല് മൂലകളിൽ നിന്നും പിടിക്കുന്നതല്ല, ചുറ്റും താങ്ങുന്ന രീതിയാണ് ഉത്തമം. ഇബ്നു മസ്ഊദ് (റ) പറയുന്നു.

من اتبع جنازة فليحمل بجوانب السرير كلها فإنه من السنة (ابن ماجه البيهقي، أبوداود)

(ജനാസയെ അനുഗമിക്കുന്നവർ കട്ടിലിന്റെ എല്ലാ ഭാഗത്തുനിന്നും താങ്ങണം. അതാണ് പ്രവാചകചര്യ.)

നടക്കുന്നവർ മയ്യിത്ത് കട്ടിലിന് മുമ്പിലും പിമ്പിലും വലത്തും ഇടത്തുമായി സഞ്ചരിക്കുകയാണ് വേണ്ടത്. വാഹനത്തിൽ സഞ്ചരിക്കുന്നവർ പിന്നിലും. നബി(സ) പറഞ്ഞതായി മുഗീറതുബ്നു ശുഅ്ബ(റ) ഉദ്ധരിക്കുന്നു.

الراكب خلف الجنازة والماشي خلفها وأمامها وعن يمينها و عن يسارها قريبا منها والسقط يصلى عليه ويدعى لوالديه بالمغفرة والرحمة

(വാഹനത്തിൽ സഞ്ചരിക്കുന്നവൻ ജനാസക്കു പിന്നിലും, കാൽ നടയായി സഞ്ചരിക്കുന്നവൻ അതിനു മുമ്പിലോ പിമ്പിലോ വലതു ഭാഗത്തോ ഇടതു ഭാഗത്തോ തൊട്ടടുത്തായും സഞ്ചരിക്കണം. ചാപിള്ളക്കും നമസ്കരിക്കണം. അതിന്റെ മാതാപിതാക്കൾക്കു പാപ മോചനത്തിനും കാരുണ്യത്തിനും വേണ്ടിയാണ് പ്രാർത്ഥിക്കേണ്ടത് – അഹ്മദ്, അബൂദാവൂദ്)

ജനാസക്കൊപ്പം അരുതാത്ത കാര്യങ്ങൾ

1. ശബ്ദമുയർത്തി ദിക്ർ ചൊല്ലുക, ഖുർആൻ ഓതുക, മുതലായവ ചെയ്യരുത്. ഖൈസുബ്നു ഉബ്ബാദ് (റ) പറഞ്ഞതായി ഇബ്നുൽ മുൻദിർ ഉദ്ധരിക്കുന്നു.

كان أصحاب رسول الله ﷺﷺ يكرهون رفع الصوت عند ثلاث: عند الجنائز وعند الذكر وعند القتال
(മൂന്ന് സന്ദർഭത്തിൽ ശബ്ദമുയർത്തുന്നതു നബി(സ)യുടെ സഹാബിമാർ വെറുത്തിരുന്നു. ജനാസയുടെ അരികിൽ, ദിക്ർ ചൊല്ലുമ്പോൾ, യുദ്ധത്തിൽ.)
ജനാസയോടൊപ്പം പോകുമ്പോൾ ഒരാൾ അരികിൽ വെച്ച് അയാൾക്ക് വേണ്ടി മാപ്പിരന്നുകൊണ്ട് അല്ലാഹു അയാൾക്ക് പൊറുക്കട്ടെ’ എന്ന് പറഞ്ഞു കേട്ടപ്പോൾ പറഞ്ഞയാളോട് അല്ലാഹു നിനക്ക് പൊറുക്കാതിരി ക്കട്ടെ’ എന്ന് ഇബ്നു ഉമർ (റ) പറഞ്ഞതായി ഫുദൈലുബ്നു അംറ് ഉദ്ധരിച്ചിട്ടുണ്ട്.

2. ജനാസ യോടൊപ്പം തീ കൊണ്ടു പോകരുത്. അതൊരു അനിസ്ലാമികാചാരമാണ് എന്നതാണ് കാരണം. മരിക്കാൻ സമയത്ത് അബൂമൂസൽ അശ്അരി (റ) പറഞ്ഞു:

لا تتبعوني بمجمر. قالوا : أو سمعت فيه شيئا قال : نعم من رسول الله
(എന്റെ കൂടെ നിങ്ങൾ തീ കൊണ്ടുവരരുത്. അവർ ചോദിച്ചു: ഇതു സംബന്ധിച്ച് താങ്കൾ വല്ലതും കേട്ടിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു: അതെ, അല്ലാഹുവിന്റെ റസൂലിൽ നിന്ന്- ഇബ്നു മാജ)

3. ജനാസക്കൊപ്പം പോകുന്നവർ ജനാസ താഴെ വെയ്ക്കും മുമ്പ് ഇരിക്കരുത്. നബി(സ) പറഞ്ഞതായി അബൂ സഈദിൽ ഖിദ്രി (റ) ഉദ്ധരിക്കുന്നു.

إذا رأيتم الجنازة فقوموا فمن تبعها فلا يقعد حتى توضع (البخاري)
(നിങ്ങൾ ജനാസ കണ്ടാൽ എഴുന്നേറ്റു നിൽക്കുക. അതിനെ പിന്തുടരുന്നവൻ അത് താഴെ വെക്കും മുമ്പ് ഇരിക്കരുത്.) .

4. സ്ത്രീകൾ ജനാസയെ പിന്തുടരരുത്. ഉമ്മു അത്വിയ്യ (റ) പറയുന്നു

نهينا أن نتبع الجنائز ولم يعزم علينا (أحمد، البخاري، مسلم، ابن ماجه)
(ജനാസയെ പിന്തുടരുന്നത് ഞങ്ങളോട് നിരോധിച്ചിട്ടുണ്ട്. എന്നാൽ അതു ഞങ്ങളോട് കർക്കശമായി തടഞ്ഞിട്ടില്ല.)

ജനാസ കൊണ്ടു വരുന്നതു കണ്ടാൽ മുസ്ലിമിന്റേതല്ലെങ്കിലുംഎഴുന്നേറ്റു നിൽക്കൽ സുന്നത്താണ്. അലി (റ) പറയുന്നു.

رأينا النبي ﷺﷺ قام فقمنا فقعد فقعدنا (مسلم)
(നബി (സ) നിന്നത് ഞങ്ങൾ കണ്ടു. ഞങ്ങളും നിന്നു. നബി(സ) ഇരുന്നു. ഞങ്ങളും ഇരുന്നു.

ജനാസയോടൊപ്പം അനിസ്ലാമിക നടപടികൾ വല്ലതും കണ്ടാൽ കഴിയുമെങ്കിൽ അതു തടയണം. സാധ്യമല്ലെങ്കിൽ വെറുപ്പ് പ്രകടിപ്പിക്കു കയെങ്കിലും വേണം. ( തുടരും)

Related Articles