Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത് ഫത്‌വ കൗൺസിൽ രാഷ്ട്രീയം മാത്രം പറയുന്നുവോ?

1895ൽ സ്ഥാപിതമായ ഫത്‌വ കൗൺസിൽ – ദാറുൽ ഇഫ്താ ഈജിപ്തിലെ സുപ്രധാന മതകാര്യ സ്ഥാപനങ്ങളിൽ ഒന്നാണ്. പൊതുരംഗം നിയന്ത്രിക്കുന്നതിനും, മതകാര്യങ്ങൾ ഉൾപ്പെടുന്ന ജീവിതത്തിന്റെ വിവിധ വശങ്ങളെ കൈകാര്യം ചെയ്യുന്നതിനും വേണ്ടി ആധുനിക രാഷ്ട്ര തന്ത്രത്തിന്റെ ഭാഗമായാണ് ഇത് രൂപീകരിക്കപ്പെടുന്നത്. ഫത്‌വ നൽകുന്നവരെ നിയന്ത്രിക്കാനും, യോഗ്യതയില്ലാത്തവരെയും വൈദഗ്ധമില്ലാത്തവരെയും ഫത്‌വ നൽകുന്നതിൽ നിന്ന് തടയാനും ഭരണകൂടത്തിന് താൽപര്യമുണ്ടായിരുന്നു. അതുപോലെ അനധികൃതമായവരെ ഔദ്യോഗികമായി തടയാനും. അതിൽ ഇന്നുവരെ രാഷ്ട്രത്തിന് വിജയിക്കാനായിട്ടില്ല. സ്ഥാപിതമായത് മുതൽ ഫത്‌വ കൗൺസിൽ നീതിന്യായ മന്ത്രാലയത്തോട് ബന്ധിക്കപ്പെടുകയും, കോടതികൾ ഇറക്കുന്ന വധശിക്ഷ വിധികളല്ലാത്തതിൽ അഭിപ്രായം പറയാൻ ഗ്രാന്റ് മുഫ്തിക്ക് അധികാരം നൽകുകയും ചെയ്തു. ഈയൊരു അധികാരം ഇന്ന് ചർച്ചക്ക് വഴിവെച്ചിരിക്കുകയാണ്. ചന്ദ്രവർഷത്തിലെ മാസങ്ങൾ കണക്കാക്കി അതിന്റെ പ്രാരംഭം പ്രഖ്യാപിക്കുവാനും അതുപോലെ ഫത്‌വ കൗൺസിലിന് അധികാരമുണ്ട്. അതിൽ പ്രത്യേകമായത് റമദാനിന്റെ ഉദയ ചന്ദ്രനും, നിർബന്ധ നോമ്പിന്റെ തുടക്കവും അവസാനവുമാണ്. 2007ലാണ് ഫത്‌വ കൗൺസിൽ നീതിന്യായ മന്ത്രാലയത്തിൽ നിന്ന് സ്വതന്ത്രമാകുന്നത്.

അസ്ഹറിന്റെ അവസ്ഥപോലെ, ഭരണകൂടവും ദാറുൽ ഇഫ്തായും തമ്മിൽ ശക്തവും സുദൃഢവുമായ ബന്ധം കാണാൻ കഴിയുന്നു. ഭരണകൂടത്തിൽ നിന്ന് സ്വതന്ത്ര്യം നേടാൻ ചില മുഫ്തികൾ ശ്രമിച്ചു. പ്രത്യേകിച്ച് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ. എന്നിരുന്നാലും, ദാറുൽ ഇഫ്താ സ്ഥാപനത്തിന് മേൽ അധികാരം ഉറപ്പിക്കുന്നതിലും, അതിന്റെ കാര്യങ്ങൾ നടത്തുന്നതിലും ഭരണകൂടം വിജയിച്ചു. അത്, കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ദാറുൽ ഇഫ്തായുടെ സ്വാതന്ത്ര്യം കൂടുതൽ ദുർബലാവസ്ഥയിലാക്കി. അസ്ഹറുമായി ഏറ്റുമുട്ടുന്നതിന് ഭരണകൂടം പലപ്പോഴും ദാറുൽ ഇഫ്തായെ ഉപയോഗിക്കാൻ ശ്രമിച്ചിട്ടുണ്ട്. 2013 ജൂലൈ അട്ടിമറിക്ക് ശേഷമുള്ള ഘട്ടത്തിൽ പ്രത്യേകിച്ചും. അതിന് ഉദാഹരണമാണ് അബ്ദുൽ ഫത്താഹ് അൽ സീസി ഭരണകൂടം ദാറുൽ ഇഫ്താ മിസ്രിയ്യയെ നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരാൻ ശ്രമിച്ചത്. അത് അസ്ഹറിന് സമാന്തരമായി മറ്റൊരു സ്ഥാപനം രൂപീകരിക്കാനും, ദാറുൽ ഇഫ്താക്ക് അനുഗുണമായി അസ്ഹറിന്റെ ഉത്തരവാദിത്തം മാറ്റിനിർത്താനും ലക്ഷ്യംവെച്ചായിരുന്നു. അത് ശൈഖുൽ അസ്ഹർ ഇമാം അഹ്മദ് അത്വയ്യിബ് തള്ളിക്കളയുകയും, അസ്ഹർ സ്ഥാപനത്തെ കൈപിടിയിലൊതുക്കാനുള്ള ശ്രമത്തെ ഭരണഘടനാ വിരുദ്ധമായി കാണുകയും ചെയ്തു.

സത്യത്തിൽ, നിലവിലെ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസി അധികാരത്തിലേറിയത് മുതൽ ദാറുൽ ഇഫ്താ ഭരണകൂടത്തിന് കുഴലൂതുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. ഭരണകൂട നയങ്ങളെ നിയമാനുസൃതമാക്കാനുള്ള രാഷ്ട്രീയ ആയുധമായി ദാറുൽ ഇഫ്താ ഉപയോഗിക്കപ്പെടുകയുമാണ്. നിലവിലെ ഭരണകൂടത്തിന് ദാറുൽ ഇഫ്തായിലെ നിരവധി പണ്ഡിതന്മാർ പിന്തുണ പ്രഖ്യാപിച്ചത് സ്ഥാപനത്തിന്റെ ചരിത്രത്തിൽ അഭൂതപൂർവമാണ്. അവരിൽ പ്രധാനികൾ ഈജിപ്ത് മുൻ ഗ്രാന്റ് മുഫ്തി അലി ജുംഅയും, നിലവിലെ ഗ്രാന്റ് മുഫ്തി ശൈഖ് ശൗഖി അല്ലാമുമാണ്. അവർ രണ്ടുപേരും പ്രസിഡന്റ് സീസിക്ക് വ്യക്തമായ പിന്തുണ നൽകിയവരിൽ പ്രമുഖരാണ്. അൽഇഖ്‌വാനുല്‍ മുസ്‌ലിമൂനെതിരെ അടിച്ചമർത്തൽ നടപടികൾ കൈകൊണ്ടപ്പോൾ പ്രത്യേകിച്ചും. ഇവ്വിഷയകമായി അവരുടെ പ്രസ്താവനകൾ വ്യക്തമാണ്.

ദീനിനെ ഇസ്‌ലാമിക പ്രസ്ഥാനങ്ങൾ രാഷ്ട്രീയ മേഖലകളിൽ ഉപയോഗപ്പെടുത്തുന്നത് തടയുന്നതിനാണ് തങ്ങൾ അധികാരത്തിലേറിയിരിക്കുന്നതെന്ന് നിലവിലെ ഭരണകൂടം വാദിക്കുന്നുണ്ടെങ്കിലും, രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ദീനിനെ ഉപയോഗപ്പെടുത്തുന്ന ഈജിപ്തിലെ പൊതു സംവിധാനങ്ങളിലൊന്നല്ലാതെ ഈജിപ്ഷ്യൻ ഭരണകൂടത്തെ കാണാതിരിക്കാൻ കഴിയില്ല. ആഭ്യന്തരവും രാഷ്ട്രീയവുമായ നിലവിലെ ഭരണകൂടത്തിന്റെ നയങ്ങൾ നിയമാനുസൃതമാക്കാൻ നിരവധി ദീനീ ഫത്‌വകളാണ് ദാറുൽ ഇഫ്താ പുറപ്പെടുവിച്ചിരിക്കുന്നത്. ഉദാഹരണമായി, സീസി ഭരണകൂടത്തിന്റെ ലിബിയയിലെ നിലപാടിനെ പിന്തുണച്ച് ഫത്‌വയിറക്കുന്നു, ഇസ്‌ലാമിസ്റ്റുകൾക്കെതിരെയുള്ള അതിക്രമങ്ങളെ പിന്തണയ്ക്കുന്നു, തുർക്കി പ്രസി‍ഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനെ നിശിതമായ വിമർശിക്കുന്നു, കോവിഡ് -19നെ പ്രതിരോധിക്കുന്നതിൽ ഈജിപ്ത് ഭരണകൂടത്തിന്റെ നയങ്ങളെ ന്യായീകരിക്കുന്നു. 2020 ജനുവരി ഒന്ന് മുതൽ 2020 ജൂൺ വരെയുള്ള കാലയളവിൽ ദാറുൽ ഇഫ്താ മീഡിയ സെന്റർ പുറത്തിറക്കിയ ഏകദേശം മൂന്നിലൊന്ന് പ്രസ്താവനകൾ രാഷ്ട്രീയ വിഷയം കൈകാര്യം ചെയ്യുന്നതാണ്. ഇത് അത്ഭുതമുളവാക്കുന്നതാണ്. ദാറുൽ ഇഫ്തായുടെ യഥാർഥ ജോലിയെന്നത് ജനങ്ങൾക്ക് അവരുടെ ദീനുമായും ദുനിയാവുമായും ബന്ധപ്പെട്ട കാര്യങ്ങളിൽ ഫത്‌വ നൽകുകയെന്നതാണ്. രാഷ്ട്രീയ ധ്രുവീകരണത്തിലേക്കും വിഭാഗീയതയിലേക്കും നീങ്ങിയ നിലവിലെ ഈജിപ്തിലെയും അറബ് മേഖലയിലെയും സാഹചര്യത്തിൽ പ്രത്യേകിച്ചും.

അസ്ഹറുൾപ്പെടയുള്ള മുഴുവൻ മതകാര്യ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്രോതസ്സുകളും, നടത്തിപ്പും ഈജിപ്ഷ്യൻ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണെന്ന് കൃത്യമാണ്. ഉദാഹരണം, മുഴുവൻ ഇമാമുമാരെയും ശൈഖുമാരെയും ഭരണകൂടം നിയമിക്കുകുയും, അംഗീകൃത മസ്ജിദിലെ നിസ്കാരമുൾപ്പെടയുള്ള അവരുടെ പ്രവർത്തനം നിരീക്ഷിക്കുകയും, ശമ്പളം നൽകുകയും ചെയ്യുന്നു. അസ്ഹറിന്റെയോ ഔഖാഫ് മന്ത്രാലയത്തിന്റെയോ അനുമതിയില്ലാതെ ദീനീ ക്ലാസുകളോ ഉപദേശങ്ങളോ നൽകുന്നത് നിയമമനുസരിച്ച് ഒരു വർഷം വരെ തടവും 50000 ഈജിപ്ഷ്യൻ പൗണ്ട് (3100 ‍ഡോളർ) പിഴ ഈടാക്കാനും പര്യാപ്തമായ കുറ്റമാണ്. നിയമലംഘനം ആവർത്തിക്കുന്നവർക്ക് ശിക്ഷ ഇരട്ടിക്കുന്നതായിരിക്കും. ഈ നിയമം ലംഘിക്കുന്ന ഇമാമുമാരെ തടവിലാക്കുന്നതിന് ഔഖാഫ് മന്ത്രാലയത്തിന്റെ പരിശോധകർക്കും ജുഡീഷ്യൽ അധികാരമുണ്ട്.

ഇങ്ങനൊയൊക്കെയാണെങ്കിലും, എല്ലാ മതകാര്യ സ്ഥാപനങ്ങളും നിലവിലെ ഭരണകൂടത്തിന് രാഷ്ട്രീയ പിന്തുണ നൽകുന്നില്ല എന്നത് തിരിച്ചറിയേണ്ടതുണ്ട്. ഹയ്അത്തുൽ കിബാറി ഉലമാഇൽ അസ്ഹർ, അൽ മർകസുൽ അസ്ഹർ ലിദ്ദിറാസാത്തിൽ ഇസ്‌ലാമിയ്യ, ദാറുൽ ഇഫ്താ, ഇദാറത്തുൽ ഇഫ്താഇൽ ആമി ഫി വിസാറത്തിൽ ഔഖാഫ് എന്നീ നാല് സ്ഥാപനങ്ങൾ മുസ്‌ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഫത്‌വ പുറപ്പെടുവിക്കുന്നുണ്ട്. ഭരണകൂടത്തിന്റെ പല നയങ്ങൾക്കെതിരെയും അൽ അസ്ഹർ രംഗത്തുവന്നിരുന്നു. അത് സീസിക്കും ശൈഖുൽ അസ്ഹറിനുമിടയിൽ അസ്വസ്ഥതക്ക് കാരണമാവുകയും ചെയ്തിരുന്നു. ചില സ്ഥാപനങ്ങൾ നിലവിലെ ഭരണകൂടത്തിന് പിന്തുണ നൽകുന്നത് ഭരണകൂട രാഷ്ട്രീയവുമായി ഒത്തുചേരുന്നതുകൊണ്ടല്ല. ഒരുപക്ഷേ, ഇസ്‌ലാമിസ്റ്റുകൾ അധികാരത്തിലേറുമെന്ന ഭയത്താലാണ്. പ്രത്യേകിച്ച് അൽഇഖ്‌വാനുല്‍ മുസ്‌ലിമൂൻ. ഈ സ്ഥാപനങ്ങളും അൽഇഖ്‌വാനുല്‍ മുസ്‌ലിമൂനും തമ്മിൽ ചരിത്രപരമായി ശത്രുതയുണ്ട്. അത് വ്യക്തമായി പുറത്തുവന്നത് 2012-2013ൽ ഇഖ്‌വാൻ ഈജിപ്ത് ഭരിച്ച കാലത്താണ്. ഈ സ്ഥാപനങ്ങളിൽ അധികാരം നേടിയെടുക്കാൻ ഇഖ്‌വാൻ ശ്രമിച്ചിരുന്നെങ്കിലും അത് പരാജയപ്പെട്ടു. ഒരുപക്ഷേ, ഇഖ്‌വാനോട് ദാറുൽ ഇഫ്താക്കും ഔഖാഫ് മന്ത്രാലയത്തിനും ശക്തമായ വിരോധമുണ്ടാകാനുള്ള കാരണവും ഇതായിരിക്കാം.

(ഈജിപ്ഷ്യൻ എഴുത്തുകാരനും ഗവേഷകനുമാണ് ലേഖകൻ)

മൊഴിമാറ്റം: അർശദ് കാരക്കാട്

Related Articles