Current Date

Search
Close this search box.
Search
Close this search box.

ഹജ്ജും ഉംറയും നിര്‍വഹിക്കുന്നതിനു പകരം ആ പണം ഫലസ്തീന് നല്‍കുകയാണോ വേണ്ടത് ?

നിലവിലെ സാഹചര്യത്തിൽ ഹജ്ജോ ഉംറയോ നിർവഹിക്കുന്നതിനു പകരം അതിനു ചെലവാകുന്ന പണം ഗസ്സയിലെ മുസ്ലിംകൾക്ക് നൽകുകയാണ് ശറഇയ്യായ ബാധ്യത എന്ന് പറഞ്ഞുകൊണ്ടുള്ള ചില പ്രതികരണങ്ങൾ ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ ശരിയായ ഫിഖ്‌ഹി വീക്ഷണം മനസ്സിലാക്കുന്നതിൻ് പകരം കേവലമായ ആവേശവും അതിവൈകാരികതയുമാണ് ഇത്തരം വാദങ്ങളിൽ മുന്നിട്ടുനിൽക്കുന്നത്. താരതമ്യ ഫിഖ്ഹ് എന്ന രൂപത്തിലാണ് ഈ വാദം മുന്നോട്ടു വെക്കുന്നതെങ്കിലും ഈ വാദത്തിൽ യാതൊരു അടിസ്ഥാനവുമില്ല എന്നതാണ് വസ്തുത.

ഹജ്ജും ജിഹാദും തമ്മിലെ താരതമ്യം

ഹജ്ജ് ഉംറ തുടങ്ങിയ ആരാധനാ കർമ്മങ്ങളും അല്ലാഹുവിൻറെ മാർഗത്തിൽ യുദ്ധം ചെയ്യുന്ന യോദ്ധാക്കൾക്ക് ചെലവ് കൊടുക്കുക എന്ന കർമ്മവും തമ്മിൽ താരതമ്യ പഠനം നടത്തുമ്പോൾ ഇങ്ങനെ ചുരുക്കി മനസ്സിലാക്കാം:

ഒന്ന്: ഹജ്ജ് എന്നത് നിർബന്ധ ബാധ്യത (ഫരീദ) യാണ് . അത് നിർവഹിക്കാനുള്ള മാർഗങ്ങൾ എളുപ്പമാകുന്ന മുറക്ക് ബുദ്ധിയും പ്രായപൂർത്തിയുമായ ഓരോ മുസ്ലിമിനും അത് നിർവഹിക്കുക എന്നത് വ്യക്തിഗത ബാധ്യത (ഫർദ് ഐൻ) ആണ് . എന്നാൽ ഫലസ്തീനിലുള്ള ജിഹാദ് ആ നാട്ടിൽ താമസിക്കുന്ന ആളുകൾക്ക് ഫർദ് ഐനും പൊതുവിൽ മുസ്ലിം ഉമ്മത്തിന് സാമൂഹിക ബാധ്യത (ഫർദ് കിഫായ) യും ആണ്. ഒരു വ്യക്തിയെന്ന നിലക്ക് ഒരാൾ സാമൂഹിക ബാധ്യതയെക്കാൾ വ്യക്തിഗത ബാധ്യതക്കാണ് കൂടുതൽ മുൻഗണന നൽകേണ്ടത്.

രണ്ട് : ഹജ്ജും ഉംറയും ഉപേക്ഷിക്കണമെന്ന് അഭിസംബോധന ചെയ്യപ്പെടുന്നത് മുസ്ലീങ്ങളാണ്. ഇതാകട്ടെ ഇസ്ലാമിൻറെ പഞ്ചസ്തംഭങ്ങളെ പൊളിക്കുന്ന തരത്തിലുള്ള ഒരു അഭിസംബോധനയാണ്. ജിഹാദ് ഇസ്ലാമിലെ ഏറ്റവും മഹത്വമേറിയ പ്രവർത്തനമാണെങ്കിലും ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഉൾപ്പെടുന്നില്ല .

മൂന്ന്: ഹജ്ജും ഉംറയും നിർത്തലാക്കിക്കൊണ്ട് ലോകമെമ്പാടുമുള്ള മുഴുവൻ ഹാജിമാരുടെയും പണം ഫലസ്തീനിലെ യോദ്ധാക്കൾക്ക് ആവശ്യം വരുന്നില്ല. ജിഹാദിന് ആവശ്യമാവുകയും അനിവാര്യമായ ജീവിതാവശ്യങ്ങൾക്ക് വേണ്ടിവരുന്ന പണം മാത്രമാണ് അവർക്കുവേണ്ടി ചെലവഴിക്കപ്പെടേണ്ടി വരിക.

മൊത്തത്തിൽ ഈ വാദഗതിയുമായി ബന്ധപ്പെട്ട ചില ചർച്ചകളാണ് മേൽ പറഞ്ഞത്.
എന്നാൽ ഈ മസ്അലയുടെ അടിസ്ഥാനം ഹജ്ജ് നിർവഹിക്കുന്നതിന്റെ വിധിയിലേക്കാണ്. ഹജ്ജ് ഉടൻ ചെയ്യേണ്ടതുണ്ടോ, അതോ പിന്തിപ്പിച്ചു ചെയ്താൽ മതിയോ എന്നതാണ് ആ ചർച്ചയുടെ കാതൽ. കർമശാസ്ത്ര പണ്ഡിതന്മാർ ഈ മസ്അലയിൽ പ്രധാനമായും രണ്ട് അഭിപ്രായമാണ് ഉന്നയിച്ചിട്ടുള്ളത്.

ഒന്ന് : ഹജ്ജ് ഉടനെ ചെയ്യേണ്ട ഒരു ആരാധനയാണ്. ഒരാൾക്ക് ഹജ്ജ് ചെയ്യാനുള്ള കഴിവുണ്ടായാൽ ഉടനടി അവൻ ഹജ്ജ് ചെയ്യണം. പിന്തിപ്പിക്കുന്ന പക്ഷം അവൻ തെറ്റുകാരനാകും. ഇതാണ് ഭൂരിപക്ഷം കർമ്മ ശാസ്ത്ര പണ്ഡിതന്മാരുടെയും വീക്ഷണം. ഭാവിയിൽ ദാരിദ്ര്യം,രോഗം തുടങ്ങിയവ വന്ന് ഹജ്ജ് നിർവഹിക്കാൻ കഴിയാതെ വന്നേക്കാം എന്ന് ഭയപ്പെട്ടുകൊണ്ടുള്ള സൂക്ഷ്മത പരിഗണിച്ചുകൊണ്ടാണ് ഉടനെ ചെയ്യണമെന്ന് ഈ പണ്ഡിതന്മാർ വാദിക്കുന്നത്. അതേസമയം ഈ ഒരു വാദഗതിക്ക് വേണ്ടി തെളിവായി അവലംബിക്കുന്നവർ ദുർബലമായതും തെളിവായി സ്വീകരിക്കാൻ പറ്റാത്തതുമായ “ഒരാൾക്ക് ഹജ്ജ് ചെയ്യാനുള്ള പാതയവും അല്ലാഹുവിൻറെ ഭവനത്തിലേക്ക് അവനെ എത്തിക്കുവാനുള്ള വാഹനവും ഉണ്ടായിരിക്കവേ അവൻ ഹജ്ജ് ചെയ്യുന്നതിൽ നിന്നും വിട്ടു നിന്നാൽ അവൻ ജൂതനായോ ക്രിസ്ത്യാനിയായോ മരിക്കുന്നതിൽ പ്രശ്നമില്ല” എന്ന അർത്ഥം നൽകുന്ന ഹദീസാണ്.

രണ്ട്: ഒരാളിന് ഹജ്ജ് ചെയ്യുവാനുള്ള കഴിവുണ്ടായിക്കഴിഞ്ഞാൽ ഉടനടി ചെയ്യൽ നിർബന്ധമില്ല.പിന്തിപ്പിച്ചു ചെയ്താലും മതി. ഇതാണ് ഇമാം ശാഫി (റ) യുടെയും ഇമാം മുഹമ്മദ് ബിൻ ഹസൻ (റ)യുടെയും അഭിപ്രായം. ഭാവിയിൽ ഹജ്ജ് നിർവഹിക്കുമെന്ന ദൃഢനിശ്ചയത്തോടെ അത് പിന്തിപ്പിക്കുകയും അത് ചെയ്യുമെന്ന് അവൻ പ്രതീക്ഷിക്കുകയും ചെയ്യുന്ന പക്ഷം അവൻ തെറ്റുകാരൻ ആകുന്നില്ല. അതേസമയം രോഗം കാരണത്താലോ ദാരിദ്ര്യം നിമിത്തമോ അവന് ഹജ്ജ് ചെയ്യാൻ പറ്റാത്ത സ്ഥിതിവിശേഷം ഭാവിയിൽ സംജാതമാകുമെന്ന് അവൻ പ്രതീക്ഷിക്കുന്നു എന്നാണെങ്കിൽ – കഴിവുണ്ടായിട്ട് അവൻ ഉടനടി ഹജ്ജ് നിർവഹിച്ചിട്ടില്ല എങ്കിൽ – അവൻ കുറ്റക്കാരനാകും.

ഇമാം ശാഫി ( റ )യുടെയും അദ്ദേഹത്തിൻറെ അനുകൂലികളുടെയും ഈ വിഷയത്തിലുള്ളവാദം ശക്തമായ തെളിവുകൾക്ക് അനുസരിച്ചിട്ടുള്ളതാണ്.

ഇമാം ശാഫി ( റ) ഉം അദ്ദേഹത്തിൻറെ അനുയായികളും പ്രവർത്തിച്ചത് പ്രധാനമായും രണ്ടു തെളിവുകൾക്കനുസൃതമായാണ് . അല്ലാഹു ഹജ്ജ് ചെയ്യണമെന്ന് നിർദ്ദേശിക്കുന്ന ഭാഗത്ത് പ്രത്യേകമായ ഒരു കാലവുമായി ബന്ധിപ്പിക്കാതെയാണ് അല്ലാഹുവിൻറെ കൽപ്പന ഖുർആനിൽ വന്നിട്ടുള്ളത്. ഖുർആൻ പറയുന്നു “ആ പുണ്യഗേഹത്തിലെത്താന്‍ കഴിവുള്ളയാളുകള്‍ അങ്ങോട്ടു തീര്‍ത്ഥാടനം നടത്തല്‍ അല്ലാഹുവിനോടുള്ള ബാധ്യതയാണ്.” (ആലു ഇംറാൻ : 97). അപ്രകാരം തന്നെ നബി (സ) ഹജ്ജ് ചെയ്യുന്നത് മക്ക കീഴടക്കിയതിനു(ഫതഹു മക്ക) ശേഷം ഹിജ്റ പത്താം വർഷമായിരുന്നു.പെട്ടെന്ന് ചെയ്യേണ്ട ഒരു കർമ്മമായിരുന്നെങ്കിൽ നബി (സ ) ഇത്രയും കാലം വൈകിപ്പിക്കുമായിരുന്നില്ല.

ഈ ഒരു അടിസ്ഥാനം പരിഗണിച്ചുകൊണ്ട് തന്നെ ആളുകളെ രണ്ടായി തരം തിരിക്കാം.

ഒന്ന് : രണ്ടാമത്തെ ഹജ്ജ് ചെയ്യുന്നതിന് മുമ്പ് മുൻകാലങ്ങളിൽ ഒരു ഹജ്ജോ അല്ലെങ്കിൽ ഒരു ഉംറയോ ചെയ്ത ഒരാൾ . അവനെ സംബന്ധിച്ചെടു ത്തോളം അവന്റെ പണം അല്ലാഹുവിൻറെ മാർഗത്തിലുള്ള ധർമ്മസമരത്തിനു (ജിഹാദ് )വേണ്ടി വിനിയോഗിക്കലായിരിക്കും ഏറ്റവും ഉത്തമം. മുൻഗണനാ ക്രമം പാലിക്കുന്നതുമായി ബന്ധപ്പെട്ട കർമശാസ്ത്രമാണിത് ( ഫിഖ്ഹ് )

അതേസമയം അവൻ ധർമ്മസമരത്തിന് ചെലവഴിക്കാതെ വീണ്ടും സുന്നത്തായ ഹജ്ജോ അല്ലെങ്കിൽ ഉംറയോ നിർവഹിക്കുന്നതിന് ചെലവഴിക്കുന്നതിലൂടെ അവൻ ഒരിക്കലും തെറ്റുകാരനാവുന്നുമില്ല.
.
രണ്ട്: ആദ്യമായി ഹജ്ജും ഉംറയും നിർവഹിക്കുന്നയാൾ. അവനെ സംബന്ധിച്ചിടത്തോളം ഭൂരിപക്ഷം കർമശാസ്ത്ര പണ്ഡിതന്മാരും അവൻ നിർബന്ധമായ ഹജ്ജ് നിർവഹിച്ചിട്ടില്ല എങ്കിൽ കുറ്റക്കാരനായിരിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഈ അവസരത്തിൽ ഇമാം ശാഫി ( റ ) യുടെയും അദ്ദേഹത്തിൻറെ അനുകൂലികളുടെയും അഭിപ്രായം ഭാവിയിൽ ഹജ്ജ് ചെയ്യുവാനുള്ള കഴിവ് അവന് ഉണ്ടാവുന്ന പക്ഷം അവനെ അല്ലാഹുവിൻറെ മാർഗത്തിൽ ചെലവഴിക്കാവുന്നതാണ് എന്നാണ്. ഉംറ നിർബന്ധമാണ് എന്ന് അഭിപ്രായമുള്ളവരുടെ കാര്യത്തിലും ഇപ്രകാരം തന്നെയാണ്. ഭാവിയിൽ നിർബന്ധമായ ഉംറ നിർവഹിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുണ്ട് എങ്കിൽ അവന് അല്ലാഹുവിൻറെ മാർഗത്തിൽ പണം ചെലവഴിക്കാം. എന്നാൽ ഉംറ നിർവഹിക്കൽ സുന്നത്താണ് എന്ന് അഭിപ്രായപ്പെടുന്നവരുടെ അഭിപ്രായം അനുസരിച്ച് അവിടെ ഏറ്റവും ഉത്തമമായത് ജിഹാദിന് വേണ്ടി പണം ചെലവഴിക്കൽ ആകുന്നു.

എന്തുതന്നെയായാലും ഹജ്ജും ഉംറയും പൊതു മുസ്ലീങ്ങൾ പൂർണ്ണമായി ഉപേക്ഷിക്കുന്നത് ഹറാമായ കാര്യമാണ്. ഓരോ വർഷവും അത് നിർവഹിക്കപ്പെടൽ അനിവാര്യമാണ്. കാരണം അത് ഇസ്ലാമിന്റെ ചിഹ്നങ്ങളിൽ പെട്ടതാണ്. അല്ലാഹുവിൻറെ ചിഹ്നങ്ങളെ ബഹുമാനിക്കണം എന്ന് ഖുർആൻ പഠിപ്പിച്ചിട്ടുണ്ട് . “അല്ലാഹുവിന്റെ മതചിഹ്നങ്ങള്‍ ഒരാള്‍ ആദരിക്കുന്നുവെങ്കില്‍ അത് ഹൃദയങ്ങളിലെ സൂക്ഷ്മതയില്‍ നിന്നുത്ഭൂതമാകുന്നതു തന്നെയത്രേ! ” (ഹജ്ജ്: 32)

 

വിവ: ഇക്ബാൽ പി. ഏലംകുളം

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles