Current Date

Search
Close this search box.
Search
Close this search box.

സത്യം ചെയ്യലും കള്ളസത്യവും

truth.jpg

ആവശ്യത്തിനും അല്ലാത്തതിനും സത്യംചെയ്യുന്നത് പലര്‍ക്കും ശീലമാണിന്ന്. അല്ലാഹുവിന്റെ പേരില്‍ മാത്രമേ സത്യം ചെയ്യാന്‍ പാടുള്ളുവെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. റസൂലാണെ, കഅ്ബയാണെ, മമ്പുറത്തെ തങ്ങളാണെ, ഉപ്പയാണെ, ഉമ്മയാണെ എന്നൊക്കെ ആളുകള്‍ സത്യം ചെയ്യുന്നുണ്ടെങ്കിലും അതൊന്നും അനുവദനീയമല്ല. ഇബ്‌നു ഉമര്‍(റ) നിവേദനം ചെയ്യുന്നു: ഉമര്‍ ബിന്‍ ഖത്ത്വാബ് ഒരിക്കല്‍ വാഹനപ്പുറത്ത് വെച്ച് പിതാവിനെ കൊണ്ട് സത്യം ചയ്യുന്നതായി നബി(സ) കണ്ടു. റസൂല്‍(സ) അദ്ദേഹത്തോട് വിളിച്ചുപറഞ്ഞു: അറിയുക, നിങ്ങളുടെ പിതാക്കന്മാരെ കൊണ്ട് സത്യംചെയ്യുന്നത് അല്ലാഹു നിങ്ങള്‍ക്ക് വിരോധിച്ചിരിക്കുന്നു. ആര്‍ക്കെങ്കിലും സത്യംചെയ്യണമെങ്കില്‍ അല്ലാഹുവിനെ കൊണ്ട് സത്യംചയ്യുക അല്ലെങ്കില്‍ മിണ്ടാതിരിക്കുക. (ബുഖാരി, മുസ്‌ലിം). അബൂ ഹുറൈറ(റ) നിവേദനം ചെയ്യുന്നു. നബി തിരുമേനി(സ) പറഞ്ഞു: നിങ്ങളുടെ പിതാക്കന്മാരെ കൊണ്ടും മാതാക്കളെ കൊണ്ടും ദൈവങ്ങളെപ്പോലെ കണക്കാക്കപ്പെടുന്നവരെ കൊണ്ടും സത്യംചെയ്യരുത്. സത്യസന്ധമായിട്ടല്ലാതെ നിങ്ങള്‍ അല്ലാഹുവിനെ കൊണ്ടും സത്യംചെയ്യരുത്. (അബൂദാവൂദ്, നസാഈ)

അല്ലാഹുവിലേക്ക് ചേര്‍ത്തു പറയപ്പെടുന്ന വസ്തുക്കളും സത്യംചെയ്യുവാന്‍ ഉപയോഗിച്ചുകൂടാ. ഒരാള്‍ കഅ്ബയെക്കൊണ്ട് സത്യം ചെയ്യുന്നതായി ഇബ്‌നു ഉമര്‍(റ) കേട്ടു. അദ്ദേഹം പറഞ്ഞു: അല്ലാഹു അല്ലാത്തതിനെക്കൊണ്ട് സത്യം ചെയ്യാവതല്ല. നബി തിരുമേനി(സ) അരുളിയതായി ഞാന്‍ കേട്ടിട്ടുണ്ട്. ആരെങ്കിലും അല്ലാഹു അല്ലാത്തവയെ കൊണ്ട് സത്യം ചെയ്താല്‍ അവന്‍ കാഫിറോ മുശ്‌രിക്കോ ആകുന്നു. (തിര്‍മിദീ, ഹാകിം, ബൈഹഖി)

കള്ളസത്യം ചെയ്യുന്നത് പ്രായശ്ചിത്തം നിര്‍ബന്ധമായ തെറ്റാണ്. അല്ലാഹുവിനെ കൊണ്ട് കള്ളസത്യം ചെയ്യാതിരിക്കാനായി ചിലര്‍ മറ്റുള്ളവയെക്കൊണ്ട് കള്ളസത്യം ചെയ്യാറുണ്ട്. വാസ്തവമായതാണെങ്കിലും കള്ളസത്യമാണെങ്കിലും സത്യം അല്ലാഹുവിന്റെ പേരില്‍ മാത്രമേ ആകാവൂ. സ്വഹാബികളില്‍ പ്രമുഖരായ ഇബ്‌നു മസ്ഊദ്, അബ്ദുല്ലാ ബിന്‍ അബ്ബാസ്, അബ്ദുല്ലാ ബിന്‍ ഉമര്‍(റ) എന്നിവരുടേതായി ഉദ്ധരിക്കപ്പെട്ട വചനങ്ങളില്‍ കാണുന്നു: വാസ്തവമായ കാര്യങ്ങളില്‍ അല്ലാഹു അല്ലാത്തവരെ കൊണ്ട് സത്യംചെയ്യുന്നതിനേക്കാള്‍ എനിക്ക് ഇഷ്ടം അല്ലാഹുവിന്റെ പേരില്‍ കള്ളസത്യം ചെയ്യുന്നതാണ്.

അല്ലാഹു അല്ലാത്തവരെക്കൊണ്ട് സത്യം ചെയ്യുന്നവന്‍ വിശ്വാസം പുതുക്കണം. അബൂ ഹുറൈറ(റ) നിവേദനം ചെയ്യുന്നു. നബി(സ) പറഞ്ഞു: ആര് സത്യംചെയ്യുകയും അവന്റെ സത്യത്തില്‍ ലാതയെയും ഉസ്സയെയും പരാമര്‍ശിക്കുകയും ചെയ്താല്‍ അവന്‍ ലാഇലാഹ ഇല്ലല്ലാ എന്ന് പറഞ്ഞുകൊള്ളട്ടെ. (ബുഖാരി, മുസ്‌ലിം). സഅ്ദ് ബിന്‍ അബീ വഖാസ് ലാതയെയും ഉസ്സയെയും കൊണ്ട് സത്യംചെയ്തു. നബി തിരുമേനിയോട് അതിനെ സംബന്ധിച്ച് അദ്ദേഹം ചോദിച്ചു. പ്രവാചകന്‍ പറഞ്ഞു: നീ പറയുക: لا إله إلا الله وحده لا شريك له، له الملك وله الحمد وهو على كل شيء قدير (അല്ലാഹു അല്ലാതെ വേറെ ആരാദ്ധ്യനില്ല, അവന്‍ ഏകനാണ്, അവന് പങ്കുകാരില്ല, അവനാണ് അധികാരം, അവനാണ് സര്‍വ സ്തുതികളും, അവന്‍ എല്ലാത്തിനും കഴിവുള്ളവനാണ്). ഇടത്തേക്ക് മൂന്ന് വട്ടം തുപ്പുകയും ആട്ടിയോടിക്കപ്പെട്ട പിശാചില്‍ നിന്നും അല്ലാഹുവിനോട് കാവല്‍ തേടുകയും ചെയ്യുക, ഇനി നീ ഇത് ആവര്‍ത്തിക്കുകയും അരുത്. (നസാഈ)

അല്ലാഹു അല്ലാത്തവരെ കൊണ്ട് അബദ്ധവശാല്‍ സത്യം ചെയ്തതാണെങ്കില്‍ പോലും വിശ്വാസം പുതുക്കണമെന്നതില്‍ ഒഴിവ് കാണുന്നില്ല. മുസ്അബ് ബിന്‍ സഅ്ദ് പിതാവില്‍ നിന്നും ഉദ്ധരിക്കുന്നു: ഞാന്‍ ലാതയെയും ഉസ്സയെയും കൊണ്ട് സത്യംചെയ്തു. എന്റെ കൂട്ടുകാര്‍ പറഞ്ഞു: ഇസ്‌ലാമിന്റെ പുറത്തുപോകുന്ന കാര്യമാണ് താങ്കള്‍ പറഞ്ഞത്. ഞാന്‍ നബി തിരുമേനി(സ) യുടെ അടുക്കലെത്തി പറഞ്ഞു: ഞാന്‍ മുസ്‌ലിമായിട്ട് അധിക കാലമായില്ല. ലാതയെയും ഉസ്സയെയും കൊണ്ട് ഞാന്‍ സത്യം ചെയ്തുപോയി. പ്രവാചകന്‍(സ) പറഞ്ഞു: ലാഇലാഹ ഇല്ലല്ലാ വഹ്ദഹു എന്ന് മൂന്ന് പ്രാവശ്യം പറയുക. ശേഷം ഇടത്തേക്ക് മൂന്ന് വട്ടം തുപ്പുകയും കാവല്‍ തേടുകയും ചെയ്യുക, ഇനി നീ ഇത് ആവര്‍ത്തിക്കുകയും അരുത്. (ഇബ്‌നു മാജ, ഇബ്‌നു ഹിബ്ബാന്‍, ഇബ്‌നു അബീ ശൈബ, ദൗറഖീ, ബസാര്‍, അബൂ യഅ്‌ല, നസാഈ)

ഇത്രയും ശക്തമായ നിലപാട് ഈ വിഷയത്തില്‍ നബി തിരുമേനി സ്വീകരിച്ചത് അല്ലാഹു അല്ലാത്തവരെ കൊണ്ടുള്ള സത്യം അവിശ്വാസത്തിന്റെ ഭാഗമായത് കൊണ്ടാണ്. ഇബ്‌നു ഉമര്‍(റ) നിവേദനം ചെയ്യുന്നു. നബി തിരുമേനി(സ) അരുളി. ആരെങ്കിലും അല്ലാഹു അല്ലാത്തവയെ കൊണ്ട് സത്യം ചെയ്താല്‍ അവന്‍ കാഫിറോ മുശ്‌രിക്കോ ആയിരിക്കുന്നു. (തിര്‍മിദീ, ഹാകിം). ഇസ്‌ലാമിക ആദര്‍ശ പ്രകാരം ശിര്‍ക് കൊടുംപാതകമാണ്. അബ്ദുല്ല(റ) പറയുന്നു. ഞാന്‍ പ്രവാചകന്‍(സ) യോട് ചോദിച്ചു: അല്ലാഹുവിന്റെ അടുക്കല്‍ കൊടുംപാപം ഏതാണ്? അവിടുന്ന് പറഞ്ഞു: നിന്നെ സൃഷ്ടിച്ച അല്ലാഹുവിന് പകരക്കാരനെ വെക്കലാണ്. (ബുഖാരി)
അതീവ ഗൗരവതരമായ ഈ തെറ്റിന് നേരെ കണ്ണടയ്ക്കന്നത് ഭൂഷണമല്ല. അന്വേഷിച്ച് കണ്ടെത്തി തിരുത്തിക്കൊടുക്കല്‍ ഓരോരുത്തര്‍ക്കും ബാദ്ധ്യതയാണ്.

വിശുദ്ധ ഖുര്‍ആനില്‍ കൈവെച്ച് സത്യം ചെയ്യുന്നതും ചിലരുടെ പതിവാണ്. അത് ശരിയോ തെറ്റോ എന്നതില്‍ പണ്ഡിതര്‍ അഭിപ്രായ വ്യത്യാസത്തിലാണ്. തിരുവചനങ്ങളില്‍ അത് പ്രതിപാദിക്കപ്പെട്ടു കാണുന്നില്ല. തദ്വിഷയകമായി ശൈഖ് ഇബ്‌നുല്‍ അഥീമൈനോട് ചോദിക്കപ്പെട്ടപ്പോളുള്ള മറുപടി നോക്കുക. ‘സത്യം ചെയ്യുന്നത് അല്ലാഹുവിനെ കൊണ്ടോ അവന്റെ സ്വിഫത്തുകള്‍ കൊണ്ടോ അല്ലാതെ അനുവദനീയമാകുകയില്ല. അല്ലാഹുവിനെ കൊണ്ട് സത്യം ചെയ്യുന്ന പക്ഷം മുസ്ഹഫ് ഹാജരാക്കേണ്ട ആവശ്യമില്ല. മുസ്ഹഫിനെ കൊണ്ട് സത്യം ചെയ്യല്‍ നബിയുടേയാ സ്വഹാബികളുടേയോ കാലഘട്ടത്തിലുണ്ടായിരുന്നില്ല. ഖുര്‍ആന്‍ പുസ്തക രൂപത്തില്‍ ആകാതിരുന്നത് കൊണ്ടല്ലായിരുന്നു ഇങ്ങിനെ ചെയ്യാതിരുന്നത്. അതിന് ശേഷവും ഇങ്ങിനെ ഒന്നുണ്ടായിട്ടില്ല. (ഫതാവാ നൂറുന്‍ അലദ്ദര്‍ബ്). അതിനാല്‍ സത്യം ചെയ്യുമ്പോള്‍ മുസ്ഹഫ് ഉപയോഗിക്കാതിരിക്കലാണ് ഉത്തമം. എന്നാല്‍ അനിവാര്യമെന്ന് തോന്നുന്ന ഘട്ടത്തില്‍ ന്യായാധിപന് അങ്ങിനെ ചെയ്യിക്കല്‍ അനുവദനീയമാണ്.

ഏത് വിധേന സത്യംചെയ്താലും പാലിക്കല്‍ നിര്‍ബന്ധമാണ്. നിഷിദ്ധമായത് പ്രവര്‍ത്തിക്കുമെന്ന് സത്യംചെയ്ത് പറഞ്ഞവന്‍ അങ്ങിനെ ചെയ്യുന്നത് ഇസ്‌ലാം അനുവദിക്കുന്നില്ല. പകരം സത്യലംഘനത്തിന്റെ പ്രായ്ശ്ചിത്തം ചെയ്യേണ്ടതുണ്ട്.

‘അപ്പോള്‍ അതിന്റെ (അത് ലംഘിക്കുന്നതിന്റെ) പ്രായശ്ചിത്തം നിങ്ങള്‍ നിങ്ങളുടെ വീട്ടുകാര്‍ക്ക് നല്‍കാറുള്ള മധ്യമനിലയിലുള്ള ഭക്ഷണത്തില്‍ നിന്ന് പത്തു സാധുക്കള്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുകയോ, അല്ലെങ്കില്‍ അവര്‍ക്ക് വസ്ത്രം നല്‍കുകയോ, അല്ലെങ്കില്‍ ഒരു അടിമയെ മോചിപ്പിക്കുകയോ ആകുന്നു. ഇനി വല്ലവന്നും (അതൊന്നും) കിട്ടിയില്ലെങ്കില്‍ മൂന്നു ദിവസം നോമ്പെടുക്കുകയാണ് വേണ്ടത്. നിങ്ങള്‍ സത്യംചെയ്തു പറഞ്ഞാല്‍, നിങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുന്നതിനുള്ള പ്രായശ്ചിത്തമാകുന്നു അത്. നിങ്ങളുടെ ശപഥങ്ങളെ നിങ്ങള്‍ സൂക്ഷിച്ച് കൊള്ളുക. അപ്രകാരം അല്ലാഹു അവന്റെ വചനങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി.’ (ഖുര്‍ആന്‍: 5: 89)

Related Articles