Current Date

Search
Close this search box.
Search
Close this search box.

ശസ്ത്രക്രിയക്ക് വിധേയനാകുന്ന രോഗിയുടെ നമസ്‌കാരം

patient.jpg

രോഗങ്ങളും അതിന്റെ ചികിത്സയുടെ ഭാഗമായി വരുന്ന ശസ്ത്രക്രിയകളും ഇന്ന് സര്‍വസാധാരണമാണ്. ശസ്ത്രക്രിയ കഴിഞ്ഞശേഷം കുറച്ച് സമയം രോഗി അബോധാവസ്ഥയിലായിരിക്കും. പിന്നീട് ബോധം തെളിയുന്ന ഏതാനും മണിക്കൂര്‍ അതിന്റെ വേദനയിലുമായിരിക്കും രോഗിയെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ഇത്തരം സന്ദര്‍ഭങ്ങളിലെ നമസ്‌കാരം ഓപറേഷന് മുമ്പ് തന്നെ നിര്‍വഹിക്കാമോ, അതല്ല ഓപറേഷനും അതുണ്ടാക്കുന്ന അബോധാവസ്ഥയും മാറിയ ശേഷം നിര്‍വഹിച്ചാല്‍ മതിയോ എന്നുള്ളത് പലര്‍ക്കും ഉണ്ടാവാറുള്ള സംശയമാണ്.

ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒന്നാമതായി വേണ്ടത് ഓപറേഷന്റെ സമയത്തെയും അതിന്റെ അബോധാവസ്ഥയില്‍ നിന്നും മുക്തനാകാന്‍ വേണ്ടി വരുന്ന സമയത്തെ കുറിച്ച് ഡോക്ടറോട് അന്വേഷിച്ചു മനസ്സിലാക്കുകയാണ്. ള്വുഹ്ര്‍ നമസ്‌കാരത്തിന്റെ സമയമായ ശേഷം നടക്കുന്ന സര്‍ജറിയാണെങ്കില്‍ സര്‍ജറിക്ക് മുമ്പായി ള്വുഹ്‌റും അസ്വ്‌റും ജംഅ് ചെയ്ത് നമസ്‌കരിക്കണം. ഇനി രാത്രി സമയത്താണ് ശസ്ത്രക്രിയയെങ്കില്‍ മഗ്‌രിബ്‌നോട് ചേര്‍ത്ത് ഇശാഅ് കൂടി ജംഅ് ചെയ്ത് നമസ്‌കരിക്കണം. ഓപറേഷന്‍ നടക്കുന്നത് പ്രഭാത സമയത്താണെങ്കില്‍ നേരത്തെ നമസ്‌കരിക്കാന്‍ രോഗിക്ക് നിര്‍വാഹമില്ല. പിന്നീട് ബോധം തെളിയുമ്പോള്‍ നഷ്ടപ്പെട്ട ഓരോ നമസ്‌കാരവും നിര്‍വഹിക്കുകയാണ് അപ്പോള്‍ വേണ്ടത്. ബോധം തെളിയാന്‍ ഒന്നോ രണ്ടോ ദിവസം വേണ്ടി വന്നാല്‍ പോലും ബോധം വന്ന ശേഷം നമസ്‌കാരങ്ങള്‍ അവയുടെ ക്രമത്തില്‍ നിര്‍വഹിച്ചു വീട്ടണം.

ഉറക്കം കാരണം നമസ്‌കാരം നഷ്ടപ്പെട്ടവന്റെ വിധി തന്നെയാണ് ഇവിടെയും. പ്രവാചകന്‍(സ) പറഞ്ഞു : ‘ഉറക്കമോ മറവിയോ കാരണം ആര്‍ക്കെങ്കിലും നമസ്‌കാരം നഷ്ടപ്പെട്ടാല്‍ ഓര്‍മവരുമ്പോള്‍ അവനത് നമസ്‌കരിക്കട്ടെ. അതല്ലാത്ത മറ്റു പ്രായശ്ചിത്തമൊന്നും അതിനില്ല.’ രോഗമോ ചികിത്സയോ കാരണം സംഭവിക്കുന്ന ബോധക്ഷയത്തിനും ഉറക്കത്തിന്റെ വിധി തന്നെയാണുള്ളത്. എന്നാല്‍ മൂന്ന് ദിവസത്തിലധികം നീണ്ടു നില്‍ക്കുന്ന ബോധക്ഷയത്തിന് ഈ വിധി ബാധകമല്ല. മൂന്ന് ദിവസത്തിലധികമാകുന്ന ബോധക്ഷയത്തിന് ഭ്രാന്തിന്റെ വിധിയാണ്. അതായത് സ്വബോധം വീണ്ടെടുക്കുന്നത് വരെ അവന് നമസ്‌കാരം നിര്‍ബന്ധമില്ല. നബി(സ) പറഞ്ഞു : ‘മൂന്ന് പേരില്‍ നിന്ന് പേനകള്‍ ഉയര്‍ത്തപ്പെട്ടിരിക്കുന്നു (അതിന്റെ പേരില്‍ അവര്‍ ചോദ്യം ചെയ്യപ്പെടുകയില്ലെന്ന് ഉദ്ദേശ്യം). ഉറങ്ങുന്നവന്‍ ഉണരുന്നത് വരെ, ചെറിയകുട്ടി പ്രായപൂര്‍ത്തിയെത്തുന്ന് വരെ, ഭ്രാന്തന് വിവേകം ഉണ്ടാകുന്നത് വരെ.’ ഉറങ്ങിപ്പോയവനും മറന്നവനും നഷ്ടപ്പെട്ട ബാധ്യത വീട്ടണമെന്ന് കല്‍പിച്ച നബി(സ) കുട്ടിയുടെയും ഭ്രാന്തന്റെയും കാര്യത്തില്‍ അക്കാര്യം പറഞ്ഞിട്ടില്ലെന്ന് കാണാം.

വിവ : നസീഫ്‌

Related Articles