Current Date

Search
Close this search box.
Search
Close this search box.

ശരീഅത്തും കര്‍മശാസ്ത്രവും

sharia.jpg

രാഷ്ട്രീയവും രാഷ്ട്രവും ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നതിന്റെ മുമ്പ് ശരീഅത്തും കര്‍മശാസ്ത്രവും വിശകലനം ചെയ്യുന്നത് ദുര്‍ഗ്രാഹ്യത ഒഴിവാക്കാന്‍ സഹായിക്കും. ശരീഅത്തിനും കര്‍മശാസ്ത്രത്തിനുമിടയില്‍ ചില വേര്‍തിരിവുകള്‍ ഉണ്ട്. കര്‍മശാസ്ത്രം (فِقْه) എന്ന് പറഞ്ഞാല്‍ മനസ്സിലാക്കുക, വീക്ഷണം രൂപീകരിക്കുക എന്നാണ് അര്‍ത്ഥമാക്കുന്നത്. അതായത് ഖുര്‍ആനും സുന്നത്തുമെന്ന ദൈവിക ശരീഅത്തില്‍ നിന്ന് കര്‍മശാസ്ത്ര പണ്ഡിതന്‍മാര്‍ മനസ്സിലാക്കിയിട്ടുള്ള കര്‍മപരമായ നിയമങ്ങളും ചിന്തകളുമാണത്. ശരീഅത്ത് അല്ലാഹു അവതരിപ്പിച്ചതാണ്, എന്നാല്‍ കര്‍മശാസ്ത്രം രൂപപ്പെടുത്തിയത് മനുഷ്യരാണ്. അത്‌കൊണ്ടാണ് ഫഖീഹ് (കര്‍മശാസ്ത്രകാരന്‍) എന്ന് അല്ലാഹുവിനെയും അവന്റെ ദൂതനെയും വിശേഷിപ്പിക്കാത്തത്. കാരണം ആ വിശേഷണത്തില്‍ പരിമിതികളുടെയും ന്യൂനതകളുടെയും ധ്വനിയുണ്ട്. കര്‍മശാസ്ത്രകാരന് വീക്ഷണത്തില്‍ തെറ്റുപറ്റാനും ശരി സംഭവിക്കാനും സാധ്യതയുണ്ട്. കാലത്തിന്റെയും ലോകത്തിന്റെയും സാഹചര്യങ്ങളുടെയും മാറ്റത്തിന്റെ ഫലമായി അവന്‍ തന്റെ വീക്ഷണങ്ങള്‍ മാറ്റുകയും പുതിയ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.

എന്നാല്‍ ശരീഅതത് കര്‍മശാസ്ത്രപരമായ ഗവേഷണങ്ങള്‍ക്ക് വിധേയമല്ല. പ്രത്യേകിച്ചും അതിനെ കുറിച്ച് സ്വത്വ രൂപീകരണത്തിന്റെ അടിസ്ഥാനം എന്ന് പറയുമ്പോള്‍. കാരണം, ആഗോളാടിസ്ഥാനത്തില്‍ മുസ്‌ലിംകളെ ഒന്നിപ്പിക്കുന്ന സ്വത്വം എന്ന നിലയില്‍ ശരീഅത്തിനെ പരിഗണിക്കുമ്പോള്‍ അത് സാഹചര്യങ്ങള്‍ക്കും സമ്പ്രദായങ്ങള്‍ക്കും ഭൂമിശാസ്ത്രപരമായ അതിര്‍വരമ്പുകളുടെയും അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ക്ക് വിധേയമാകാന്‍ പാടില്ല. അതോടൊപ്പം തന്നെ വീക്ഷണ വ്യത്യാസങ്ങള്‍ക്ക് പഴുതുകളുള്ള ശരീഅത്തിന്റെ ശാഖാപരമായ കാര്യങ്ങളില്‍ സ്വത്വ അടിസ്ഥാനങ്ങള്‍ കാണാനും പാടില്ല. സ്വത്വം എന്ന അര്‍ത്ഥത്തിലുള്ള ശരീഅത്ത് കൊണ്ട് ഇവിടെ അര്‍ത്ഥമാക്കുന്നത് പ്രവാചകനിലേക്ക് വെളിപാട് അയക്കപ്പെട്ട് ആദര്‍ശപരവും നിയമപരവുമായ അടിസ്ഥാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രമാണങ്ങളാണ്. പ്രസ്തുത അടിസ്ഥാനങ്ങളിലാണ് വിശ്വാസ കാര്യങ്ങളും, അഭിപ്രായ ഭിന്നത കടന്നുവരാത്ത പ്രമാണബദ്ധമായ നിയമങ്ങളും സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. അതിന്റെ വൃത്തം പരിമിതമാണെങ്കിലും അവയാണ് മുഖ്യമായ അടിസ്ഥാനങ്ങള്‍.

എന്നാല്‍ ശരീഅത്തിനെ വിശാലമായ കര്‍മശാസ്ത്രാര്‍ത്ഥത്തില്‍ മനസ്സിലാക്കുമ്പോള്‍ ഇതില്‍ നിന്ന് ഭിന്നമായി, ധാരാളം അഭിപ്രായ വ്യത്യാസങ്ങള്‍ കടന്ന് വരുന്ന ഒരു വ്യവസ്ഥയായിട്ടാണ് കാണാന്‍ കഴിയുക. കര്‍മശാസ്ത്രത്തിന്റെ ശാഖാപരമായ വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ കര്‍മശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങളില്‍ (ഉസൂല്‍) പണ്ഡിതന്‍മാര്‍ക്ക് ഏകാഭിപ്രായങ്ങളാണുള്ളത്. അതെല്ലാവരും ഒരുപോലെ അംഗീകരിക്കുന്ന, ഇജ്മാഉള്ള കാര്യങ്ങളാണ്. അത്തരം കാര്യങ്ങളെ തന്നെയാണ് ‘ഖത്ഇയ്യാത്’ (ഖണ്ഡിതവിധികള്‍) എന്നും പറയുന്നത്. അവയെയാണ് ഇസ്‌ലാമിക സ്വത്വത്തിന്റെ ഘടകങ്ങളായും പരിഗണിക്കുന്നത്. എന്നാല്‍ മുകളില്‍ പറഞ്ഞ കര്‍മശാസ്ത്ര പ്രശ്‌നങ്ങളുടെ ശാഖാപരമായ കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങളും ശരിയും തെറ്റുമെല്ലാം സംഭവിക്കാനുള്ള സാധ്യതകളുണ്ട്.

ഇന്ന് ചില മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ ഭരണഘടനയില്‍ നിന്ന് ഇസ്‌ലാമിക ശരീഅത്തിനെ നീക്കാനുള്ള മുറവിളികള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ഇസ്‌ലാമിക ശരീഅത്ത് സിവിലിറ്റിക് എതിരാണ് എന്നാണ് അവര്‍ വാദിക്കുന്നത്. ശരീഅത്ത് നിയമങ്ങളും സിവില്‍ നിയമങ്ങളും ഏറ്റുമുട്ടുമ്പോള്‍ സിവില്‍ നിയമങ്ങള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുന്നവരാണവര്‍.

ശരീഅത്തും സിവില്‍ നിയമങ്ങളും
പൊതുവ്യവസ്ഥയില്‍ ഇസ്‌ലാമിക ശരീഅത്ത് ഇടപെടുന്നതിന്റെ പരിധി എത്രയാണെന്ന് പ്രധാനമായും ഉയര്‍ന്ന് വരുന്ന ഒരു ചോദ്യമാണ്. അതിന്റെ എല്ലാ വിശദാംശങ്ങളിലും ശരീഅത്ത് ഇടപെടുന്നുണ്ട? ഇവിടെ ശരീഅത്ത് എന്നത് അഭിപ്രായ വ്യത്യാസങ്ങളും വ്യത്യസ്ത ഗവേഷണങ്ങളും ഉള്‍ക്കൊള്ളുന്ന കര്‍മശാസ്ത്രത്തിന്റെ വിശദാംശങ്ങളുമാണ് എന്ന തെറ്റിധാരണയില്‍ നിന്നാണ് മുകളില്‍ പറഞ്ഞ വേവലാതികളും ആവശ്യങ്ങളും ഉയര്‍ന്ന് വരുന്നത്. മനുഷ്യ ജീവിതത്തിന്റെ സൂക്ഷ്മമായ വശങ്ങളില്‍ വരെ വിധി പറയുന്ന കര്‍മശാസ്ത്രത്തെ ശരീഅത്തായി തെറ്റിധരിച്ചതു കൊണ്ടാണ് ശരീഅത്തിനെ പൊതുവ്യവസ്ഥയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് അവര്‍ ആവശ്യപ്പെടുന്നത്.

എന്നാല്‍ ഇസ്‌ലാമിക ശരീഅത്ത് ഖുര്‍ആനും സുന്നത്തുമാണ്. അതില്‍ മനുഷ്യന് കൈകടത്താനോ മാറ്റത്തിരുത്തലുകള്‍ വരുത്താനോ അനുവാദമില്ല. അതില്‍ അല്ലാഹുവിന്റെ നിയമങ്ങള്‍ മാത്രമാണുള്ളത്. പ്രസ്തുത നിയമങ്ങള്‍ ജീവിതത്തിന്റെ വിശദാംശങ്ങളില്‍ വിധി പറയുന്നില്ല. മറിച്ച് പൊതുഅടിസ്ഥാനങ്ങളും ലക്ഷ്യങ്ങളും, നീതി, സാഹോദര്യം, സ്വാതന്ത്ര്യം, സഹകരണം തുടങ്ങിയിട്ടുള്ള പൊതുവായ ആശയങ്ങളാണുള്ളത്. കൂടുതല്‍ വിശദീകരണം അര്‍ഹിക്കുന്ന ഒന്നാണിത്. (തുടരും)

ശരീഅത്ത് ലക്ഷ്യം വെക്കുന്ന രാഷ്ട്രസങ്കല്‍പം
ശരീഅത്തിന്റെ അടിസ്ഥാന വിധികളും അവക്കിടയിലെ വേര്‍തിരിവും

Related Articles