Current Date

Search
Close this search box.
Search
Close this search box.

ശരീഅത്തിന്റെ അടിസ്ഥാന വിധികളും അവക്കിടയിലെ വേര്‍തിരിവും

hammer.jpg

എന്താണ് ശരീഅത്തിന്റെ അടിസ്ഥാനങ്ങള്‍? വ്യത്യസ്ത കര്‍മശാസ്ത്ര വിധികളുമായി അവക്കുള്ള ബന്ധം എന്താണ്? ഇവയുടെ ആധികാരികത എത്രത്തോളമാണ്?

ശരീഅത്തിന്റെ അടിസ്ഥാനങ്ങളെയും പൊതുനിയമങ്ങളെയും ലക്ഷ്യങ്ങളെയും കുറിച്ചുള്ള പഠനശാഖയുടെ വൈജ്ഞാനിക നാമമാണ് മഖാസിദുശ്ശരീഅ (ശരീഅത്തിന്റെ ലക്ഷ്യങ്ങള്‍) ശരീഅത്തിന്റെ ലക്ഷ്യങ്ങള്‍ എന്നത് കൊണ്ടുദ്ദേശിക്കുന്നത്, അതിന്റെ ആശയങ്ങളും താല്‍പര്യങ്ങളും കാരണങ്ങളുമാണ്. കാരണം ഈ ലക്ഷ്യസാക്ഷാല്‍കാരത്തിന് വേണ്ടിയാണ് ശരീഅത്ത് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇത് മനുഷ്യന്റെ ഐഹികവും പാരത്രികവുമായ നന്മകളായിരിക്കും. അതായത് ‘മഖാസിദുശ്ശരീഅ’ കെട്ടിപ്പടുക്കപ്പെട്ടിട്ടുള്ള തത്വശാസ്ത്രപരമായ അടിസ്ഥാനം ഇങ്ങനെ വിശദീകരിക്കാം. അല്ലാഹു വെറുതെ ഒരു കാര്യവും ചെയ്യുകയില്ല. അവന്‍ നമുക്ക് പ്രവാചകന്‍മാരെ അയച്ചതും അവരിലൂടെ ശരീഅത്ത് അവതരിപ്പിച്ചതും വെറുതെയല്ല. മറിച്ച് ചില ലക്ഷ്യങ്ങളും താല്‍പര്യങ്ങളും സാക്ഷാല്‍കരിക്കാന്‍ വേണ്ടിയാണ്. അതില്‍ ഏറ്റവും മുഖ്യമായത് ‘നീതി’യുടെ സാക്ഷാല്‍കാരമാണ്. അല്ലാഹു പറയുന്നു : ‘തെളിഞ്ഞ ദൃഷ്ടാന്തങ്ങളും മാര്‍ഗദര്‍ശനങ്ങളുമായി നാം നമ്മുടെ ദൂതന്‍മാരെ അയച്ചിരിക്കുന്നു. അവരോടൊപ്പം വേദവും ത്രാസും അവതരിപ്പിച്ചിട്ടുള്ളത് –  മനുഷ്യന്‍ നീതിപൂര്‍വം നിലകൊള്ളാന്‍.’ (അല്‍-ഹദീദ് : 25) നീതിയാണ് പ്രവാചകന്‍മാരെയും വേദഗ്രന്ഥങ്ങളേയും അവതരിപ്പിച്ചതിന്റെ ഉദ്ദേശ്യമെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. ഈ ഉദ്ദേശം തന്നെയാണ് ശരീഅത്തിന്റെ പൊതുലക്ഷ്യവും. വ്യത്യസ്ത പണ്ഡിതന്‍മാരുടെ വീക്ഷണങ്ങളില്‍ ഇത് അടിസ്ഥാനമായി കടന്ന് വരുന്നതും കാണാന്‍ കഴിയും. അതുകൊണ്ടാണ് നീതിയുടെ സംസ്ഥാപനത്തിനും അക്രമങ്ങളെയും അനീതികളേയും ഇല്ലായ്മ ചെയ്യാനും വേണ്ടിയുള്ള പരിശ്രമത്തിനിടയില്‍ ഒരാള്‍ മരണപ്പെട്ടാല്‍ അയാള്‍ രക്താസാക്ഷിയായി പരിഗണിക്കപ്പെടുന്നു. ഈ വസ്തുത പ്രവാചക വചനങ്ങളില്‍ കാണാന്‍ കഴിയും.

ശരീഅത്തിന്റെ ലക്ഷ്യങ്ങളെയും താല്‍പര്യങ്ങളെയും മൂന്നായി വിഭജിക്കാവുന്നതാണ്. ضَرُورِيات (അനിവാര്യതകള്‍) حَاجِيات (ആവശ്യങ്ങള്‍), تَحْسِينِيات (സൗന്ദര്യം വരുത്തുന്ന കാര്യങ്ങള്‍).

ജീവിതത്തിന്റെ നിലനില്‍പിന് ആധാരമായി വര്‍ത്തിക്കുന്ന കാര്യങ്ങളാണ് ‘ദറൂറിയാത്ത്’. അതില്ലാതെ ജീവിതം സാധ്യമാവുകയില്ല. മനുഷ്യന്റെ ജീവിതവും മരണവും അതിന്റെ അടിസ്ഥാനത്തിലാണ് നിലകൊള്ളുന്നത്. വിജയവും പരാജയവുംനിലകൊള്ളുന്നതും അതില്‍ തന്നെ.

ഹാജിയാത്ത് എന്നാല്‍, ദറൂറിയാത്തുകള്‍ക്ക് ശേഷം അവയെ പൂര്‍ണതയിലേക്ക് എത്തിക്കാന്‍ വേണ്ടി വരുന്ന കാര്യങ്ങള്‍ അത് മനുഷ്യന്റെ ജീവിതത്തില്‍ ആവശ്യമുള്ള കാര്യങ്ങളാണ്. എങ്കിലും അതില്ലാതെ മനുഷ്യന് ജീവിക്കാന്‍ കഴിയും. അതവന്റെ നിലനില്‍പിനെ ബാധിക്കുകയൊന്നുമില്ല. പക്ഷെ അതില്ലാതായാല്‍ ജീവിതത്തില്‍ പ്രയാസങ്ങള്‍ നേരിടും. ഇത്തരം കാര്യങ്ങളാണ് ഹാജിയാത്തുകള്‍.

തഹ്‌സീനിയായ കാര്യങ്ങള്‍ എന്നാല്‍ അനിവാര്യമോ ആവശ്യമോ അല്ലാത്ത കാര്യങ്ങളാണ്. അത് ജീവിതത്തില്‍ സൗകര്യങ്ങളും ഭംഗിയും കൊണ്ട് വരുന്ന കാര്യങ്ങളാണ്. അത് അനിവാര്യതകള്‍ക്കും ആവശ്യങ്ങള്‍ക്കും ഭംഗിയും തികവും നല്‍കുന്നു. പ്രസ്തുത മൂന്ന് താല്‍പര്യങ്ങളെ (മസാലിഹ്) സംരക്ഷിക്കലും പ്രതിരോധിക്കലുമാണ് ശരീഅത്തിന്റെ ദൗത്യം. അതിലൂടെ ഇസ്‌ലാമിക ശരീഅത്ത് ജീവിതത്തിന്റെ ഐഹികതയെയും പരലോകത്തെയും വിജയകരമാക്കുന്നു. നന്മകളെ സാക്ഷാല്‍കരിക്കുകയും തിന്മകളെ വിപാടനം ചെയ്യുകയും നീതിയും സാമൂഹിക സുരക്ഷിതത്വവും സാമ്പത്തിക അഭിവൃധിയും പരിസ്ഥിതി സംരക്ഷണവും ഉറപ്പ് വരുത്തുകയും ചെയ്യുന്നു. അങ്ങനെയാണ് ഇസ്‌ലാമിക ശരീഅത്ത് മനുഷ്യജീവിതത്തില്‍ നന്മ വിളയിക്കുന്നത്. (തുടരും)

ശരീഅത്തും കര്‍മശാസ്ത്രവും
ശരീഅത്തിന്റെ പ്രാഥമിക താല്‍പര്യങ്ങള്‍

Related Articles