Current Date

Search
Close this search box.
Search
Close this search box.

മദ്ഹബുകളില്‍ നിന്ന് എളുപ്പമുള്ളത് സ്വീകരിക്കല്‍

madhab.jpg

ഏതെങ്കിലും ഒരു മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്ന് ശരീഅത്ത് അനുശാസിക്കുന്നില്ല. എന്നാല്‍ മദ്ഹബുകളിലെ ഏറ്റവും എളുപ്പമായതിനെയും ഇളവുകളെയും തെരെഞ്ഞെടുത്ത് പിന്തുടരുന്ന രീതിയുണ്ട്. ഒരാള്‍ തന്നെ സംബന്ധിച്ച് ഏറ്റവും എളുപ്പമുള്ള കാര്യങ്ങള്‍ ഓരോ മദ്ഹബുകളില്‍ നിന്നും സ്വീകരിക്കുന്ന രീതിയാണത്. ഈ വിഷയത്തില്‍ കര്‍മശാസ്ത്ര വിദഗ്ദര്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്.

1) ഒരാള്‍ക്ക് തനിക്കിഷ്ടമുള്ള നിലപാട് അവയില്‍ നിന്ന് സ്വീകരിക്കാമെന്നാണ് ശാഫിഈ സരണി പിന്തുടരുന്ന ഭൂരിഭാഗത്തിന്റെയും അഭിപ്രായം. ഇമാം ശീറാസി, ഖതീബ് അല്‍-ബഗ്ദാദി, ഇബ്‌നു സ്സ്വബാഗ്, ബാക്കില്ലാനി, ആമുദി തുടങ്ങിയ പണ്ഡിതര്‍ ഈ അഭിപ്രായത്തെ ശരിവെക്കുകയും ചെയ്തിട്ടുണ്ട്.
2) ഏറ്റവും ശക്തവും കടുത്തതുമായതിനെ സ്വീകരിക്കണമെന്നാണ് ളാഹിരികളുടെയും ഹമ്പലികളുടെയും നിലപാട്.
3) ഏറ്റവും ലഘുവായതിനെ സ്വീകരിക്കണമെന്നുള്ള നിലപാടുള്ളവരുമുണ്ട്.
4) മുജ്തഹിദുകളില്‍ കൂടുതല്‍ സ്വീകാര്യതയുള്ളവരുടെ നിലപാടിനെ പിന്തുടരണം.
5) ആദ്യത്തെ അഭിപ്രായമാണ് സ്വീകരിക്കേണ്ടത്.
6) സ്വന്തം അഭിപ്രായത്തിന് പകരം റിപോര്‍ട്ടുകള്‍ അടിസ്ഥാനമാക്കിയുള്ള അഭിപ്രായത്തിന് മുന്‍ഗണന നല്‍കണം.
7) അഭിപ്രായവ്യത്യാസമുള്ള നിലപാടുകളില്‍ ഏത് സ്വീകരിക്കുമെന്ന് ഇജ്തിഹാദ് നടത്തണം.
8) അല്ലാഹുവിന്റെ അവകാശവുമായി ബന്ധപ്പെട്ടവയില്‍ ഏറ്റവും ലഘുവായത് സ്വീകരിക്കണം. സൃഷ്ടികളുടെ അവകാശവുമായ ബന്ധപ്പെട്ട കാര്യത്തില്‍ ഏറ്റവും കടുത്ത നിലപാട് സ്വീകരിക്കണമെന്നുമാണ് അബൂമന്‍സൂര്‍ മാതുരീദിയുടെ അഭിപ്രായം.

ഇത്രയൊക്കെ അഭിപ്രായങ്ങള്‍ ഈ വിഷയത്തിലുണ്ടെങ്കിലും അതില്‍ ഏറ്റവും പ്രബലമായിട്ടുള്ളത് മൂന്നഭിപ്രായങ്ങളാണ്. അവയെ കുറിച്ച് ഒന്നു കൂടി വിശദീകരിക്കേണ്ടതുണ്ട്.

1. മദ്ഹബുകളിലെ ഇളവുകളെ മാത്രം തേടിപ്പിടിക്കുന്നത് ശരിയല്ലെന്നാണ് ഹനഫികളുടെയും ഇമാം ഗസ്സാലിയുടെയും അഭിപ്രായം. മാലികി മദ്ഹബിന്റെ ഏറ്റവും പ്രബലമായ അഭിപ്രായവും ഇതുതന്നെയാണ്. മനസിന്റെ ഇച്ഛക്കനുസരിച്ച് ചായലാണ് അതെന്നതാണ് കാരണം. ദേഹേച്ഛയെ പിന്തുടരുന്നത് ഇസ്‌ലാം വിലക്കുന്നുണ്ട്. അല്ലാഹു പറയുന്നത് കാണുക : ‘ഏതെങ്കിലും കാര്യത്തില്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ അതിനെ അല്ലാഹുവിങ്കലേക്കും ദൂതനിലേക്കും മടക്കുവിന്‍.’ അതുകൊണ്ടു തന്നെ തര്‍ക്കവിഷയങ്ങള്‍ സ്വന്തം ഇച്ഛക്ക് വിട്ടുകൊടുക്കുന്നത് ശരിയല്ല. അവയില്‍ ശരീഅത്തിന്റെ അടിസ്ഥാനങ്ങളിലേക്ക് മടങ്ങുകയാണ് വേണ്ടത്.

തുല്ല്യ ശ്രേഷ്ഠതയുള്ള രണ്ട് മുഫ്തികള്‍ ഒരേ വിഷയത്തില്‍ രണ്ട് വ്യത്യസ്ത ഫത്‌വകള്‍ നല്‍കിയാല്‍ അതില്‍ ഏറ്റവും കഠിനമായത് സ്വീകരിക്കണമെന്നാണ് ഹമ്പലി മദ്ഹബില്‍ അഭിപ്രായപ്പെടുന്നത്. മദ്ഹബുകളിലെ ഇളവകള്‍ പിന്തുടരുന്നത് ശരിയല്ലെന്നാണ് ഏറ്റവും ശരിയായ നിലപാടെന്ന് മാലികി മദ്ഹബും വ്യക്തമാക്കിയിട്ടുണ്ട്.

2. മദ്ഹബുകളിലെ ഇളവുകള്‍ പിന്തുടല്‍ അനുവദനീയമാണെന്നതാണ് ശാഫിഈ മദ്ഹബ് പിന്തുടരുന്ന ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. ഇത്തരത്തില്‍ പിന്തുടരുന്നത് ശരീഅത്തില്‍ വിലക്കുകളൊന്നുമില്ലെന്നതാണ് അവരുടെ ന്യായം. ഒരു മനുഷ്യന് ഏറ്റവും ലളിതമായത് ചെയ്യാന്‍ സാധിക്കുമെങ്കില്‍ അത് സ്വീകരിക്കാവുന്നതാണ്. പ്രവാചക ചര്യ പഠിപ്പിക്കുന്നത് അതാണ്. കുറ്റകരമാവുന്നില്ലെങ്കില്‍ രണ്ടു കാര്യങ്ങളില്‍ ഏറ്റവും ലളിതമായതിനെയായിരുന്ന നബി(സ) സ്വീകരിച്ചിരുന്നത്. ആഇശ(റ) ഉദ്ധരിക്കുന്ന ഒരു റിപോര്‍ട്ടില്‍ പറയുന്നു : ‘തന്റെ ഉമ്മത്തിന് ലഘുവായവയായിരുന്നു നബി(സ) ഇഷ്ടപ്പെട്ടിരുന്നത്.’ ‘വക്രതയില്ലാത്തതും ലളിതവുമായതും കൊണ്ടാണ് ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്.’ നബി(സ) പറഞ്ഞിട്ടുണ്ട്. സമാനമായ അര്‍ത്ഥത്തിലുള്ള വേറെയും ഹദീസുകളുണ്ട്.

3. മദ്ഹബുകളില്‍ അഭിപ്രായങ്ങളില്‍ ഏറ്റവും ശക്തമായ തെളിവുള്ളത് ഏതാണോ അതിന് മുന്‍ഗണന നല്‍കി സ്വീകരിക്കണമെന്നാണ് ഇബ്‌നു സംആനിയുടെയും ഇമാം ശ്വാത്വിബിയുടെയും അഭിപ്രായം. മുജ്തഹിദുകള്‍ തെളിവുകള്‍ തുലനം ചെയ്യുന്നത് പോലെ അവരെ പിന്തുടരുന്നവരും തെളിവുകളെ വിലയിരുത്തണം. അവ പരിഗണിക്കാതെ ഏതെങ്കിലും ഒന്ന് തെരെഞ്ഞെടുക്കുന്നത് ഇച്ഛക്ക് വഴിമാറലാണ്.

വിവ : അഹ്മദ് നസീഫ്

Related Articles