മനുഷ്യ വംശത്തിന്‍റെയും പ്രപഞ്ചമാസകലത്തിന്‍റെയും വിധി നിര്‍ണ്ണയിക്കുന്ന രാവ് എന്ന അര്‍ത്ഥത്തിലാണ് ഖുര്‍ആനിലും മറ്റ് ഇസ്ലാമിക സംജ്ഞകളിലും ലൈലത്തുല്‍ ഖദ്ര്‍ എന്ന അറബി പദം ഉപയോഗിച്ച് വരുന്നത്. റസൂല്‍ തിരുമേനി (സ) പ്രസ്താവിച്ചതായി ആഇശ (റ) യില്‍നിന്ന് ബുഖാരിയും മുസ്ലിമും അഹ്മദും തിര്‍മിദിയും ഉദ്ധരിക്കുന്നു: ‘റമദാനിലെ അവസാന പത്തിലെ ഒറ്റ രാത്രികളില്‍ ലൈലതുല്‍ ഖദ്റിനെ അന്വേഷിക്കുക. ലൈലത്തുല്‍ ഖദ്റിനെ അളന്ന് തിട്ടപ്പെടുത്തിയാല്‍ അത് 83 വര്‍ഷവും നാല് മാസവും ചേര്‍ന്നാല്‍ ആയിരം മാസമായി. ഒരു ആയുഷ്കാലത്തെക്കാള്‍ ഈ ഒരൊറ്റ രാത്രി ശ്രേഷ്ടമാണ്.
ലൈലത്തുല്‍ ഖദ്ര്‍ ആയിരം മാസങ്ങളെക്കാള്‍ ഉത്തമമാണെന്ന് ഖുര്‍ആന്‍ പറയുന്നു (97:3). ആ രാത്രിയില്‍ ഖുര്‍ആന്‍ പരായണം, അല്ലാഹുവിനെ സ്മരിക്കല്‍ തുടങ്ങിയ ഏത് സല്‍കര്‍മ്മങ്ങള്‍ അനുഷ്ടിച്ചാലും മറ്റ് ആയിരം മാസങ്ങളില്‍ പ്രവൃത്തിക്കുന്നതിനെക്കാള്‍ ഉത്തമമാണ്. നബി (സ) ഈ ദിവസങ്ങളില്‍ കച്ചകെട്ടി ഇറങ്ങി ആരാധനകളില്‍ മുഴുകുമായിരുന്നുവെന്ന് ഹദീസുകളില്‍ ധാരാളമായി പരാമര്‍ശങ്ങള്‍ വന്നിട്ടുണ്ട്. ഈ ദിവസങ്ങളിലും അതിലെ രാത്രികളിലും ഒഴിച്ചുകൂടാന്‍ പറ്റാതെ നിര്‍വ്വഹിക്കേണ്ട പത്ത് കാര്യങ്ങളാണ് ചുവടെ:
1. അല്ലാഹുവിന് പൂര്‍ണ്ണമായി നീക്കിവെക്കല്‍
റമദാനിലെ അവസാന പത്ത് വിശ്വാസികള്‍ അല്ലാഹുവിന് പൂര്‍ണ്ണമായും നീക്കിവെക്കല്‍ വലിയ പുണ്യമുള്ള കാര്യമാണ്. പലപ്പോഴും ജീവിത തിരക്കില്‍ അതിന് നമുക്ക് സമയം കിട്ടാറില്ല. ഇന്ന് നമ്മുടെ വീടുകള്‍ കേവലം ഊട്ടുപുരകളല്ല. നിശാ വിശ്രമത്തിനുള്ള സത്രവുമല്ല അത്. നമ്മുടെ ഭവനങ്ങള്‍ ശിക്ഷണ ശാലയാണ്. ആരാധനാലയമാണ്. ഇനിയുള്ള പത്ത് ദിവസങ്ങള്‍ അല്ലാഹുവിന് പൂര്‍ണ്ണമായും നീക്കിവെക്കുക.
2. ഇഅ്തികാഫ് ഇരിക്കുക
അബ്ദുല്ലാഹിബ്നു ഉമര്‍ (റ) റസൂല്‍ തിരുമേനി റമദാനിലെ അവസാനത്തെ പത്തു രാവുകളില്‍ ഇഅ്തികാഫ് അനുഷ്ഠിച്ചതായി നിവേദനം ചെയ്തിരിക്കുന്നു. അല്ലാഹുവിന് ഭജനമിരിക്കുക എന്നാണ് അത്കൊണ്ട് അര്‍ത്ഥമാക്കുന്നത്. പള്ളിയില്‍ ഇഅ്തികാഫ് ഇരുന്ന് ദിക്ര്‍, ഖുര്‍ആന്‍ പാരായണം, നമസ്കാരം തുടങ്ങിയ കര്‍മ്മങ്ങളെല്ലാം അനുഷ്ടിക്കാറുള്ളത് ഭവനങ്ങളിലുംവെച്ച് നിര്‍വ്വഹിക്കുക. ഇഅ്തികാഫിന് ഭംഗം വരുത്തുന്ന കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക.
3. പ്രത്യേക പ്രാര്‍ത്ഥന
നമ്മുടെ എല്ലാ ആവശ്യങ്ങളും പുര്‍ത്തീകരിച്ച് കിട്ടാനുള്ള അതുല്യമായ ആയുധമാണ് പ്രാര്‍ത്ഥന. അതിനുള്ള സന്ദര്‍ഭമാണ് ലൈലതുല്‍ ഖദ്ര്‍. ആയിശ (റ) നിവേദനം: ഞാന്‍ ചോദിച്ചു: അല്ലാഹുവിന്‍റെ പ്രവാചകരെ, ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുന്ന സന്ദര്‍ഭത്തില്‍ ഞാന്‍ എന്താണ് പ്രാര്‍ത്ഥിക്കേണ്ടത്? നബി (സ) പറഞ്ഞു: അല്ലാഹുവേ, നിശ്ചയം നീ മാപ്പ് ചെയ്യുന്നവനാണ്. മാപ്പ് ചെയ്യല്‍ നിനക്കിഷ്ടമാണ്. അത്കൊണ്ട് നീ എനിക്ക് മാപ്പ് തരൂ. (അല്ലാഹുമ്മ ഇന്നക്ക അഫുവ്വും തുഹിബ്ബുല്‍ അഫ്വ ഫഅ്ഫു അന്നീ). കൂടാതെ നരക മോചനത്തിന് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കേണ്ട പത്ത് ദിനങ്ങള്‍ കൂടിയാണിത്.
4. ഖുര്‍ആനുമായുള്ള ബന്ധം
സമ്പൂര്‍ണ്ണ സന്മാര്‍ഗ്ഗദര്‍ശകമായ ഖുര്‍ആന്‍ അവതരിച്ചതിനുള്ള നന്ദിസൂചകമാണ് നാം വൃതമനുഷ്ടിക്കുന്നത്. എന്നാല്‍ അതേ ഖുര്‍ആനുമായി റമദാന്‍ മാസത്തിന്‍റെ അവസാന പഥത്തില്‍ നാം നിരന്തരമായി പരായണം ചെയ്യുകയും അതിലെ ആശയങ്ങള്‍ ഗ്രഹിക്കുകയും സാധ്യമാവുന്നത്ര മന:പ്പാഠമാക്കുകയും ചെയ്യേണ്ടത് അതിനോടുള്ള നമ്മുടെ വളരെ പ്രഥമിക ബാധ്യതകളത്രെ. നാളെ പരലോകത്ത് സാക്ഷ്യം വഹിക്കുന്ന രണ്ട് കാര്യങ്ങളാണ് റമദാനും ഖുര്‍ആനുമെന്ന് നബി (സ) അരുളീട്ടുണ്ട്.
5. രാത്രി നമസ്കാരം
മനസ്സിന് കരുത്തും സന്തോഷവും നല്‍കുന്ന നമസ്കാരമാണ് ബ്രഹമമുഹൂര്‍ത്തത്തിലെ നമസ്കാരം. പ്രശസ്ത സാഹിത്യകാരി കമലാ സമുറയ്യയെ ഇസ്ലാമിലേക്ക് ആഘര്‍ഷിച്ച അനുഭൂതികളില്‍ ഒന്ന് ഈ നമസ്കാരമായിരുന്നുവെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. റമദാനിലെ, വിശിഷ്യ ലൈലതുല്‍ ഖദ്റിലെ രാത്രിയുടെ അന്ത്യയാമത്തിലുള്ള നമസ്കാരം ഖിയാമു ലൈല്‍ എന്നാണ് അറിയപ്പെടുന്നത്. അബൂഹുറൈറ (റ) നിവേദനം: നബി (സ) അരുളി: ലൈലത്തുല്‍ ഖദ്റിന്‍റെ രാത്രയില്‍ വിശ്വസിച്ച്കൊണ്ടും പ്രതിഫലം ആഗ്രഹിച്ച്കൊണ്ടും ആരെങ്കിലും നമസ്കരിച്ചാല്‍ അവന്‍റെ മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടും. (മുസ്ലിം 760)
6. സ്വയം വിചാരണ ചെയ്യാം
വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പായി സ്വയം വിചാരണ ചെയ്യുക എന്നത് നമ്മുടെ പരലോക വിജയത്തിന് ഏറ്റവും സഹായകരമായ കാര്യമാണ്. ദുരിത ഘട്ടം ആസന്നമാകുന്നതിന് മുമ്പ് ഐശര്യഘട്ടത്തില്‍ നിങ്ങള്‍ സ്വയം വിചാരണ ചെയ്യണമെന്ന് ഖലീഫ ഉമര്‍ തന്‍റെ ഉദ്യോഗസ്ഥരോട് കല്‍പിച്ചിരുന്നു. ഖുര്‍ആന്‍ നമ്മോട് ആവശ്യപ്പെടുന്നതും മറ്റൊന്നല്ല. അധ്യായം അല്‍ ഹഷ്ര്‍ 18,19 വിശ്വാസി ജീവിതത്തിന്‍റെ ഓരോ പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പും ശേഷവും വിചാരണ ചെയ്ത്കൊണ്ടേയിരിക്കും. എന്നാല്‍ അതൊന്നും തെമ്മാടികളുടെ അജണ്ടയിലുണ്ടാവുകയില്ല.
7. രക്ഷിതാക്കളെ പ്രത്യേകം പരിഗണിക്കുക
ലൈലതുല്‍ ഖദ്റിന്‍റെ ആനുകൂല്യത്തില്‍ രക്ഷിതാക്കളെ പ്രത്യേകം പരിഗണിക്കുകയും അവര്‍ക്കായി ഹൃദയത്തില്‍ സ്പര്‍ഷിക്കുന്ന പ്രാര്‍ത്ഥന നിര്‍വ്വഹിക്കുകയും ചെയ്യുക. കാരണം അവരാണ് നമ്മെ നാമാക്കിയത്. അവരാണ് നമ്മുടെ സ്വര്‍ഗ്ഗത്തിലേക്കുള്ള ഗോവണിപ്പടികള്‍. ജിബ്രീല്‍ പ്രാര്‍ത്ഥിക്കുകയും നബി തിരുമേനി ആമീന്‍ പറയുകയും ചെയ്ത അപൂര്‍വ്വ പ്രാര്‍ത്ഥനകളില്‍ ഒന്ന് പ്രായമുള്ള രക്ഷിതാക്കള്‍ ജീവിച്ചിരിക്കുകയും അവരിലൂടെ സ്വര്‍ഗ്ഗ പ്രവേശം നേടാത്തവര്‍ നശിക്കട്ടെ എന്നായിരുന്നുവല്ലോ?
8. സഹാനുഭൂതി പ്രകടിപ്പിക്കുക
പ്രവാചകന്‍ (സ) ഏറ്റവും കൂടുതല്‍ സഹാനുഭൂതി കാണിച്ചിരുന്നതും ഔദാര്യവായിനിരുന്നതും റമദാനിലായിരുന്നുവെന്നത് സുവിതിദമാണല്ലോ? ആ മാതൃക പിന്തുടര്‍ന്നു ലൈലതുല്‍ ഖദ്റിന്‍റെ നാളുകളില്‍ സാധ്യമാവുന്നതിന്‍റെ പരമാവധി ഈ കൊറോണയുടെ ദുരിത നാളുകളില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കുകയും ഇസ്ലാമിക സ്ഥാപനങ്ങള്‍ക്ക് കൈതാങ്ങായി വര്‍ത്തിക്കുകയും ചെയ്യേണ്ടത് നമ്മുടെ നന്മയുടെ തുലാസില്‍ തൂക്കം വര്‍ധിക്കാന്‍ ഇടയാക്കും.
9.അപഹര്‍ത്താക്കളെ സൂക്ഷിക്കുക
ഇന്ന് നമ്മുടെ സമയം എട്ട് മുതല്‍ പത്ത് മണിക്കുര്‍ വരെ കവര്‍ന്നെടുക്കുന്ന ഒരു ഉപകരമാണ് മൊബൈലും സോഷ്യല്‍ മീഡിയകളും. ഫെയ്സ്ബുക്ക്,വാട്ട്സപ്പ്, ഇന്‍സ്റ്റൊഗ്രാം,ടീറ്റ്വര്‍ തുടങ്ങിയവയിലൂടെ നമുക്ക് കിട്ടുന്ന മെസേജുകള്‍ക്ക് കൈയ്യും കണക്കുമില്ല. ലൈലത്തുല്‍ ഖദ്റിന്‍റെ അസുലഭ സന്ദര്‍ഭത്തില്‍ ഇത്തരം അപഹര്‍ത്താക്കളെ സൂക്ഷിക്കുക. വൈവിധ്യമാര്‍ന്ന ഭക്ഷണമൊരുക്കി സമയം പാഴാക്കാതെ വീട്ടമ്മമാരും ലൈലത്തുല്‍ ഖദ്റിന്‍റെ ഈ ധന്യനിമിഷം ആരാധനയില്‍ മുഴുകുക. സമയം അപഹരിക്കുന്ന മറ്റൊരു കാര്യമാണ് നമ്മുടെ ഉറക്കം. സ്വയം നിയന്ത്രിക്കുക മാത്രമാണ് പരിഹാരം.
10. ഭാവി ആസൂത്രണം ചെയ്യുക
ഒരു വര്‍ഷത്തെ കണക്കെടുപ്പ് പൂര്‍ത്തിയായി മറ്റൊരു വര്‍ഷത്തിലേക്കുള്ള തയ്യാറെടുപ്പിന്‍റെ അവസരമാണ് ലൈലത്തുല്‍ ഖദ്റിന്‍റെ ദിനങ്ങള്‍. അടുത്ത റമദാന്‍ ആവുമ്പോഴേക്കും വ്യക്തിതലത്തിലും സാമൂഹ്യ തലത്തിലും എന്തെല്ലാം നേട്ടങ്ങള്‍ ആര്‍ജ്ജിച്ചിരിക്കണം എന്നതിനെ കുറിച്ച് ആലോചിച്ച് ഒരു രൂപരേഖ ഉണ്ടാക്കുന്നത് ഉത്തമമാണ്. ലക്ഷ്യം സുനിര്‍ണ്ണിതവും ആസൂത്രണം കൃത്യവുമാണെങ്കില്‍ ഏത് പദ്ധതികളും വിജയിക്കും. ലൈലത്തുല്‍ ഖദ്റിന്‍റെ സുദിനങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ അല്ലാഹുവിന്‍റെ പ്രതേകമായ സഹായം ലഭിക്കും.
മുകളില്‍ സൂചിപ്പിച്ചതും അല്ലാത്തതുമായ,സകാത്തുല്‍ ഫിത്ര്‍ ഉള്‍പ്പടെയുള്ള, നിരവധി സല്‍കര്‍മ്മങ്ങള്‍ കൊണ്ട് ലൈലതുല്‍ ഖദ്റിന്‍റെ ദിനങ്ങള്‍ പുണ്യകരമാക്കുക. നമ്മുടെ രാജ്യത്തെ പൗരവകാശ പ്രശ്നങ്ങളും അതിന്‍റെ മുന്നണി പോരാളികള്‍ നേരിടുന്ന മനുഷ്യവകാശ ധ്വസനങ്ങളുമെല്ലാം ഇനിയുള്ള ദിനങ്ങളില്‍ നമ്മുടെ സജീവമായ പ്രാര്‍ത്ഥനകളില്‍ ഉണ്ടായിരിക്കട്ടെ.
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1