عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا: أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ، كَانَ يَعْتَكِفُ العَشْرَ الأَوَاخِرَ مِنْ رَمَضَانَ حَتَّى تَوَفَّاهُ اللَّهُ، ثُمَّ اعْتَكَفَ أَزْوَاجُهُ مِنْ بَعْدِهِ.
ആഇശ(റ)യില്‍ നിന്ന് നിവേദനം. നബി(സ) മരണപ്പെടുന്നതുവരെ റമദാനിലെ അവസാനത്തെ പത്ത് നാളുകളില്‍ ഇഅ്കാഫ് ഇരിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിയോഗ ശേഷം അവിടുത്തെ പത്‌നിമാര്‍ ഇഅ്തികാഫ് ഇരുന്നു. (ബുഖാരി, മുസ്‌ലിം)
يَعْتَكِفُ : ഭജനമിരുന്നു
تَوَفَّى : മരിപ്പിച്ചു
زَوْج (ج) أزواج : ഇണ
തടഞ്ഞുവെക്കുക, പിടിച്ചു നിര്‍ത്തുക, താമസിക്കുക, ഭജനമിരിക്കുക എന്നെല്ലാമാണ് ഇഅ്തികാഫ് എന്നതിന്റെ ഭാഷാര്‍ഥം. അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ച് ഇബാദത്തുകളില്‍ മുഴുകി പള്ളിയില്‍ താമസിക്കുക എന്ന് സാങ്കേതിക ഭാഷ്യം.
ഏറെ ശ്രേഷ്ഠകരമായ ഒരു പുണ്യകര്‍മവും ആത്മീയ വളര്‍ച്ചക്കുള്ള ഒരു മാര്‍ഗവുമാണ് ഇഅ്തികാഫ്. മുഹമ്മദ് നബിക്ക് മുമ്പും നിലനിന്നിരുന്ന ഒന്നാണത്. ഉമര്‍(റ) ഒരിക്കല്‍ നബി(സ)യോട് പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, മസ്ജിദുല്‍ ഹറാമില്‍ ഒരു രാത്രി ഇഅ്തികാഫിരിക്കാന്‍ ജാഹിലിയ്യാ കാലത്ത് ഞാന്‍ നേര്‍ച്ചയാക്കിയിരുന്നു. (ഞാനത് നിറവേറ്റണമോ?). നബി(സ) പറഞ്ഞു: നിന്റെ നേര്‍ച്ച നീ പൂര്‍ത്തീകരിക്കുക. (ബുഖാരി, മുസ്‌ലിം)
റമദാനിലും അല്ലാത്തപ്പോഴും ഇഅ്തികാഫ് അനുഷ്ഠിക്കാവുന്നതാണ്. നബി(സ) ശവ്വാല്‍ മാസത്തിലെ അവസാനത്തെ പത്ത് നാളുകളില്‍ ഇഅ്തികാഫ് ഇരുന്നതായി ഹദീസില്‍ കാണാം. ഒരു റമദാനില്‍ ആഇശ(റ)യും ഹഫ്‌സ്വ(റ)യും സൈനബും(റ) ഇഅ്തികാഫിനായി പ്രത്യേകം തമ്പുകള്‍ ഉണ്ടാക്കിയത് കണ്ടപ്പോള്‍ പ്രവാചകന്‍ ഇഅ്തികാഫ് വേണ്ടെന്ന് വെക്കുകയും പിന്നീട് ശവ്വാലിലെ പത്ത് ദിവസം ഇഅ്തികാഫിരിക്കുകയും ചെയ്തു. (ബുഖാരി)
മദീനയിലെത്തിയ ശേഷം റമദാനിലെ അവസാനത്തെ പത്തില്‍ ഇഅ്തികാഫ് അനുഷ്ഠിക്കുക പ്രവാചകന്റെ ശീലമായിരുന്നു. എന്നാല്‍ ഒരു റമദാനില്‍ പ്രവാചകന്‍ ഇഅ്തികാഫ് ഉപേക്ഷിച്ചുവെന്ന് ഹദീസില്‍ കാണാം. അനസി(റ)ല്‍ നിന്ന് നിവേദനം: നബി(സ) റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളില്‍ ഇഅ്തികാഫിരിക്കാറുണ്ടായിരുന്നു. ഒരു വര്‍ഷം ഇഅ്തികാഫിരുന്നില്ല. അടുത്ത വര്‍ഷം അദ്ദേഹം ഇരുപത് ദിവസം ഇഅ്തികാഫിരുന്നു. (തിര്‍മിദി, അബൂദാവൂദ്). ഇഅ്തികാഫ് നിര്‍ബന്ധമല്ലെന്ന് പഠിപ്പിക്കാനാണ് പ്രവാചകന്‍ ഒരു വര്‍ഷം അത് ഒഴിവാക്കിയത് എന്ന് ചില പണ്ഡിതന്‍മാര്‍ വിശദീകരിക്കുന്നു. അതേസമയം ഇഅ്തികാഫ് വാജിബാണെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു. ഒരു വര്‍ഷം പ്രവാചകന്‍ ഇഅ്തികാഫ് ഇരുന്നിട്ടെങ്കില്‍ അടുത്ത വര്‍ഷം പത്ത് ദിവസം കൂടുതല്‍ ഇരുന്നുകൊണ്ട് പ്രവാചകന്‍ അത് നികത്തിയിട്ടുണ്ട് എന്നാണ് അവരുടെ ന്യായം.
പ്രവാചകന്റെ ഭാര്യമാരും ഇഅ്തികാഫ് അനുഷ്ഠിച്ചിരുന്നുവെന്ന് ആദ്യം ഉദ്ധരിച്ച ഹദീസ് വ്യക്തമാക്കുന്നു. നാസ്വിറുദ്ദീന്‍ അല്‍ബാനി പറയുന്നു: ‘സ്ത്രീകള്‍ക്കും ഇഅ്തികാഫ് ആകാമെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. എന്നാല്‍ കൈകാര്യകര്‍ത്താക്കളുടെ അനുമതിയുണ്ടായിരിക്കുക, ഫിത്‌നഃയുടെ കാര്യത്തില്‍ സുരക്ഷിതത്വമുണ്ടാവുക, അന്യപുരുഷന്മാരുമൊത്ത് ഏകാന്തതക്ക് സാഹചര്യമുണ്ടാകാതിരിക്കുക തുടങ്ങിയ നിബന്ധനകളോടുകൂടി മാത്രമേ അത് അനുവദിക്കപ്പെടൂ എന്നതില്‍ പക്ഷാന്തരമില്ല. ഈ പറഞ്ഞവ നിര്‍ബന്ധമാണന്ന് കുറിക്കുന്ന ധാരാളം തെളിവുകള്‍ നമ്മുടെ മുമ്പിലുണ്ട്.’
ഇഅ്തികാഫിന്റെ പൊരുളിനെ കുറിച്ച് ഇബ്‌നുല്‍ ഖയ്യിം രേഖപ്പെടുത്തുന്നു: മനസ്സിനെ അല്ലാഹുവില്‍ ഏല്‍പിക്കുക, ദൈവസ്മരണയില്‍ അതിനെ തളച്ചിടുക, അല്ലാഹുവോടൊപ്പം തനിച്ചാവുക, ലൗകിക കാര്യങ്ങളില്‍ നിന്നകന്ന് അല്ലാഹുവിന്റെ കാര്യത്തില്‍ വ്യാപൃതനാവുക തുടങ്ങിയ കാര്യങ്ങളാണ് ഇഅ്തികാഫിന്റെ ലക്ഷ്യവും ചൈതന്യവും. അങ്ങനെ അല്ലാഹുവിനോടുള്ള സ്‌നേഹവും അവനെ കുറിച്ച സ്മരണയും അവനോടുള്ള താല്‍പര്യവും മനസ്സില്‍ നിറയും. അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും കരസ്ഥമാക്കുന്നതിനെ കുറിച്ചായിരിക്കും പിന്നെ അവന്റെ ചിന്ത മുഴുവന്‍. അങ്ങനെ സ്രഷ്ടാവിനോടുള്ള സഹവര്‍ത്തിത്വം അവന് ഏറെ പ്രിയങ്കരമായിമാറും. ഖബ്‌റിലെ ഏകാന്തതയില്‍ അല്ലാഹു മാത്രമായിരിക്കുമല്ലോ കൂട്ട് എന്ന ചിന്തയിലേക്ക് അത് നയിക്കും. ഇതാണ് ഇഅ്തികാഫിന്റെ മഹത്തായ ലക്ഷ്യം. (സാദുല്‍ മആദ്)
ആത്മീയ വളര്‍ച്ച നേടാനുള്ള ശ്രമങ്ങളുടെ കൂട്ടത്തില്‍ ഇഅ്തികാഫ് ഏറെ പ്രധാനപ്പെട്ട ഒരു കര്‍മമാണെന്നതില്‍ സംശയമില്ല. എന്നാല്‍ അത് സഹജീവികളോടുളള ബാധ്യതകള്‍ നിറവേറ്റുന്നതിന് വിഘാതമാവാത്തവിധം സന്തുലിതമായി ക്രമീകരിക്കണമെന്നും പ്രവാചകന്‍ ഉണര്‍ത്തിയതായി ഹദീസില്‍ കാണാം. നബി(സ) ഒരിക്കല്‍ പറഞ്ഞു: എന്റെ ഒരു സഹോദരന്റെ ആവശ്യപൂര്‍ത്തീകരണത്തിനായി ഇറങ്ങിപ്പുറപ്പെടലാണ് ഈ പള്ളിയിയില്‍ (മസ്ജിദുന്നബവി) ഒരു മാസം ഇഅ്തികാഫ് ഇരിക്കുന്നതിനേക്കാള്‍ എനിക്ക് പ്രിയങ്കരം (ത്വബ്‌റാനി/ ഇത് സ്വഹീഹാണെന്ന് അല്‍ബാനി പറയുന്നു). ഇഅ്തികാഫിന് ഏറെ പുണ്യമുള്ളതുകൊണ്ടാണ് ജനസേവനത്തെ അതുമായി പ്രവാചകന്‍ തുലനം ചെയ്തത്. ഇഅ്തികാഫിനെ നിസ്സാരവല്‍ക്കരിക്കുകയല്ല, മറിച്ച് പുണ്യകര്‍മങ്ങളില്‍ മുന്‍ഗണനാക്രമം പാലിക്കണമെന്ന് പഠിപ്പിക്കുകയാണ് ഈ തിരുവചനം.
ഒരിക്കല്‍ പള്ളിയില്‍ ഇഅ്തികാഫിലായിരുന്ന ഹുസൈനുബ്‌നു അലിയോട് ഒരാള്‍ തന്റെ ഒരത്യാവശ്യത്തിനായി കൂടെ വരുമോ എന്ന് ചോദിച്ചപ്പോള്‍ പിന്നീട് വരാനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇക്കാര്യം ആരോ ഹസന്‍ ബസ്വരിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ‘അയാളുടെ കൂടെ ഇറങ്ങിപ്പുറപ്പെടലായിരുന്നു ഇഅ്തികാഫിനേക്കാള്‍ അദ്ദേഹത്തിന് അനുയോജ്യം. അല്ലാഹുവാണ! ഒരു മാസം ഇഅ്തികാഫ് അനുഷ്ഠിക്കുന്നതിനേക്കാള്‍ എനിക്ക് പ്രിയങ്കരമായിട്ടുള്ളത് താങ്കളുടെ ആവശ്യപൂര്‍ത്തീകരണത്തിനായി താങ്കളുടെ കൂടെ പുറപ്പെടലാണ്.’
ഏതാനും ദിവസം ഇതര ജീവിത വ്യവഹാരങ്ങളില്‍ നിന്നെല്ലാം പരമാവധി അകന്നുനിന്ന് അല്ലാഹുവിനെ ധ്യാനിച്ച് പള്ളിയില്‍ കഴിയുന്നത് ആത്മാവിനെ വിമലീകരിക്കാനും ഈമാന്‍ റീചാര്‍ജ് ചെയ്യാനും തഖ്‌വയുടെ ഗ്രാഫ് ഉയര്‍ത്താനും സഹായകവുമെന്ന് മാത്രമല്ല, അല്ലാഹുവിങ്കല്‍ വമ്പിച്ച പ്രതിഫലത്തിന് നമ്മെ അര്‍ഹരാക്കുകയും ചെയ്യും. ഇഅ്തികാഫിന്റെ ശ്രേഷ്ഠതയെ കുറിച്ച് പ്രവാചകന്‍ പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്ന വചനങ്ങളെല്ലാം ദുര്‍ബലമോ വ്യാജനിര്‍മിതമോ ആണെന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തുന്നുണ്ടെങ്കിലും, ഖുര്‍ആന്‍ സവിശേഷം എടുത്തുപറഞ്ഞ ഒരു ഇബാദത്തായതിനാല്‍ അതിന്റെ ശ്രേഷ്ഠതയില്‍ സംശയിക്കേണ്ടതില്ല.
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1