Current Date

Search
Close this search box.
Search
Close this search box.

ധാർമ്മികതക്ക് ഊന്നൽ നൽകിയ മതം

വിശ്വസ്ഥത,സത്യം, പരോപകാരം, സഹകരണം, ലാളിത്യം തുടങ്ങിയ എല്ലാ സദ്ഗുണങ്ങൾക്കും മുന്തിയ പരിഗണന നൽകിയ മതമാണ് ഇസ്ലാം. ഇത്തരം സദ്ഗുണങ്ങളാണ് ജീവിതാവസ്ഥകളെ നന്മയായും തിന്മയായും വേർതിരിക്കുന്നത്. സദ്ഗുണങ്ങൾ മുറുകെ പിടിച്ച് ജീവിക്കുന്നതാണ് നമുക്ക് ഗുണകരമായിട്ടുള്ളതെന്ന കാര്യത്തിൽ സംശയമില്ല. സദ്ഗുണങ്ങളില്ലാത്ത ജീവിതത്തെ കുറിച്ച് ഒന്ന് ആലോചിച്ച് നോക്കൂ. നമ്മുടെ പ്രവർത്തനങ്ങൾ വികലമാവുകയും വാക്കുകളെല്ലാം പൊള്ളയാവുകയും ചെയ്യുന്ന അവസ്ഥ എന്ത്മാത്രം വേദനാജനകമാണ്. എന്നാൽ ദുർഗുണങ്ങൾ നിറഞ്ഞ ജീവിതമാകട്ടെ നമുക്ക് ദുരിതമാണ് നൽകുന്നത്.

ഖുർആനും പ്രവാചക വചനങ്ങളും പരിശോധിക്കുമ്പോൾ ഒരു കാര്യം വ്യക്തം. ഇസ്ലാം എല്ലാ സദ്സ്വഭാവങ്ങൾക്കും സദ്ഗുണങ്ങൾക്കും പ്രതിഫലമായി ഈ ജീവിതത്തിൽ മാനസികമായ സമാധാനവും പരലോകത്ത് സ്വർഗ്ഗവും വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിനാൽ അത്തരം സദ്സ്വഭാവവുമായി ബന്ധപ്പെട്ട ഇസ്ലാമിക അധ്യാപനങ്ങൾ എന്താണെന്ന് നാം അറിഞ്ഞിരിക്കുകയും അത് ജീവിതത്തിൽ പകർത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. അവയിൽ ചിലത് ചുവടെ പരാമർശിക്കാം.

മിതത്വവും സംതൃപ്തിയും
മുസ്ലിംകൾ എല്ലാ കാര്യങ്ങളിലും മിതത്വം കൈകൊള്ളണമെന്ന് ഇസ്ലാം നിഷ്കർശിക്കുന്നു. ദൂർത്തും പിശുക്കും ഇസ്ലാം അനുവദിക്കുന്നില്ല. മുസ്ലിംകൾ നിത്യജീവിതത്തിൽ പാലിക്കേണ്ട ഒരു അനിവാര്യ സദ്ഗുണാമാണിത്. അത്പോലെ ഇസ്ലാം ഊന്നൽ നൽകുന്ന മറ്റൊരു കാര്യമാണ്, ഉള്ളത് കൊണ്ട് സംതൃപ്തനാവുക എന്നത്. നബി (സ) പറഞ്ഞു: യഥാർത്ഥ ഐശ്വര്യം മനസ്സിൻെറ ഐശ്വര്യമാണ്. മനുഷ്യൻെറ മാനസികമായ ആരോഗ്യത്തിൻെറ കാര്യത്തിൽ വളരെ സുപ്രധാനമായ നിർദ്ദേശമാണ് സംതൃപ്തിയെ കുറിച്ച ഈ പരാമർശം. സംതൃപ്തിയില്ലാത്ത ജീവിതാവസ്ഥ പീഡന തുല്യമാണ്.

ഒരാൾ എപ്പോഴും അസംതൃപ്തനാണെങ്കിൽ അയാൾക്ക് സന്തോഷം അനുഭവിക്കാൻ കഴിയുന്നില്ല. അപ്പോൾ സംതൃപ്തി ഉണ്ടായാൽ മാത്രമേ സന്തോഷമുണ്ടാവുകയുള്ളൂ. ഇവിടെ ഇസ്ലാം മനുഷ്യനോട് സംതൃപ്തനായിരിക്കാൻ ഉപദേശിക്കുകയാണ് ചെയ്യുന്നത്. കാരണം മനുഷ്യന് ആഗ്രഹങ്ങളുണ്ട് എന്നത് ഒരു പരമാർത്ഥമാണല്ളൊ? അതേയവസരം അനന്തമായ ഈ ആഗ്രഹങ്ങളെ മനുഷ്യൻ നിയന്ത്രിക്കേണ്ടതുണ്ട്. അവൻ അസീമമായ ആഗ്രഹങ്ങളുടെ അടിമയാവുന്നതിന് പകരം അവയുടെ കടിഞ്ഞാണേന്തുന്നവനായിത്തീരുകയാണ് ചെയ്യേണ്ടത്.

തനിക്ക് ലഭ്യമായ ജീവിതാവസ്ഥയിൽ ഒരാൾക്ക് സംതൃപ്തി തോന്നുന്നില്ളെങ്കിൽ അയാൾ സ്വയം തന്നെ നശിക്കാൻ വിധിക്കപ്പെട്ടവനാണ്. ഒരാളുടെ അധികാരം, സമ്പത്ത്, അറിവ്, തൊഴിൽ എന്നിവ കൊണ്ടൊന്നും അദ്ദേഹം സംതൃപ്തനല്ളെങ്കിൽ അയാൾക്ക് ഒരിക്കലും ജീവിതത്തിൽ സന്തോഷത്തിൻെറ രുചി ആസ്വദിക്കാൻ കഴിയുകയില്ല. അത്കൊണ്ടാണ് ഇസ്ലാം ഒരു വിശ്വാസിയെ തനിക്ക് ലഭ്യമായത്കൊണ്ട് സംതൃപ്തനാവാൻ പ്രേരിപ്പിക്കുന്നത്.

കഠിനാധ്വാനം
ഉള്ളത് കൊണ്ട് തൃപ്തനായിരിക്കുക എന്നതിനർത്ഥം ഒരു മുസ്ലിം ഒരിക്കലും അലസനും നിഷ്ക്രിയനുമായിരിക്കണമെന്നല്ല. പ്രവാചകൻ (സ) പറഞ്ഞു: ഉയർന്ന കൈ താഴ്ന്ന കൈയ്യെക്കാൾ ഉത്തമമാണ്. അഥവാ മറ്റുള്ളവരിൽ നിന്ന് ഒൗദാര്യം പറ്റുന്നതിനെക്കാൾ ഉത്തമം മറ്റുള്ളവർക്ക് നൽകാൻ കഴിയുക എന്നതാണ്. മറ്റൊരു നബി വചനം ഇങ്ങനെ: വിറക് ശേഖരിക്കാൻ മലകയറുന്നത് യാചിക്കുന്നതിനെക്കാൾ നല്ലതാണ്. ഈ വചനങ്ങളിലൂടെ പ്രവാചകൻ വിശ്വാസികളെ അധ്വാനിക്കാൻ പ്രേരിപ്പിക്കുകയും മറ്റുള്ളവരെ ആശ്രയിക്കരുതെന്ന് കർശനമായി വിലക്കുകയും ചെയ്യുന്നു. അല്ലാഹു ഖുർആനിൽ പറയുന്നു: നമസ്കാരത്തിൽനിന്നു വിരമിച്ചു കഴിഞ്ഞാൽ ഭൂമിയിൽ വ്യാപിക്കുക. അല്ലാഹുവിൻ്റെ അനുഗ്രഹം തേടുകയും അല്ലാഹുവെ ധാരാളമായി സ്മരിക്കുകയും ചെയ്യക. നിങ്ങൾ വിജയം വരിച്ചക്കോം. 62: 10 നബി (സ) പറഞ്ഞു: നിങ്ങൾ കൈകൊണ്ട് അധ്വാനിച്ച് കഴിക്കുന്ന ആഹാരമാണ് ഏറ്റവും ഉത്തമമായ ആഹാരം.

അല്ലാഹുവിനെ ആശ്രയിക്കൽ
അല്ലാഹുവിനെ ആശ്രയിക്കുന്നതിനും സ്വാശ്രയത്തിനുമിടയിൽ സന്തുലിതത്വം പാലിച്ച മതമാണ് ഇസ്ലാം. കഠിന പ്രയത്നം ചെയ്യുവാനും സ്വന്തത്തെ തന്നെ ആശ്രയിച്ച്കൊണ്ട് മുന്നേറുവാനും അല്ലാഹു നമ്മോട് കൽപിച്ചിരിക്കുന്നു. കാരണം ആകാശം നമുക്ക് സ്വർണ്ണമൊ വെള്ളിയൊ വർഷിച്ചുതരികയില്ലല്ളൊ? അതേയവസരം അല്ലാഹു നമ്മോട് അവനെ ആശ്രയിക്കാനും അവൻെറ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുവാനും കൽപിക്കുന്നുണ്ട്. ഈ സന്തുലിതത്വം മുസ്ലിമിൻെറ മനസ്സിൽ ആന്തരികമായ സമാധാനം സൃഷ്ടിക്കുന്നു. അത് യുക്തിഭദ്രവുമാണ്. കാരണം മനുഷ്യൻെറ കഴിവുകൾക്ക് പരിമിതിയുണ്ട്. എല്ലാം നേടാനൊ എല്ലാ പ്രതിസന്ധികളേയും മറികടക്കാനൊ അവന് സാധ്യമല്ല. പരാജയം ഒരു മുസ്ലിമിന് നിരാശയല്ല നൽകുന്നത്. കാരണം അവൻ അല്ലാഹുവുമായി നേരിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്. ആ ശക്തിയെ പൂർണ്ണമായും ആശ്രയിക്കുകയും ചെയ്യുന്നു.

ഉദാര മനസ്കത
പരോപകാര തൽപരതക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഉദാര മനസ്കതക്കും ഊന്നൽ നൽകുന്ന മതമാണ് ഇസ്ലാം. അല്ലാഹു ഖുർആനിൽ ഇങ്ങനെ പറയുന്നു: ധർമമാർഗത്തിൽ നിങ്ങൾ ചെലവഴിക്കുന്നതെന്തും നിങ്ങൾക്കുവേണ്ടിത്തന്നെയുള്ള നന്മയാകുന്നു.2:272 ഇതിനർത്ഥം നീ മറ്റുള്ളവർക്ക് ഒരു നന്മ ചെയ്താൽ അല്ലാഹു നിനക്ക് മറ്റുള്ളവരിലൂടെ ഈ ജീവിതത്തിലും മരണാനന്തര ജീവിതത്തിലും സ്വർഗമുൾപ്പടെ പ്രതിഫലം നൽകുന്നതാണ് എന്നാണ്. പ്രവാചകൻ (സ) പറഞ്ഞു: ഒരു കാരക്ക ചീന്ത് കൊണ്ടെങ്കിലും നിങ്ങൾ നരകത്തെ സൂക്ഷിക്കുക. ഇതിലൂടെ മുസ്്ലിമിനെ ഒരു കഷ്ണം ഈത്തപ്പഴമെങ്കിലും കൊടുക്കാൻ പ്രേരിപ്പിക്കുകയാണ് പ്രവാചകൻ. നിങ്ങൾ നൽകുക നിങ്ങൾക്കും നൽകപ്പെടുന്നതാണ് എന്നും അവിടന്ന് പറഞ്ഞു. അതേയവസരം ഒരു മുസ്ലിം പിശുക്കനാവുന്നതിനെ ഇസ്ലാം കർശനമായി വിലക്കുന്നു. പിശുക്കിൽ നിന്ന് ആർ രക്ഷപ്പെട്ടുവൊ അയാൾ വിജയിച്ചു എന്ന് ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്.

മരണം ഒരു മുന്നറിയിപ്പ്
ഭൗതികാഗ്രഹങ്ങൾക്കും സ്വർഗ്ഗീയ അഭിലാഷങ്ങൾക്കും ഇടയിൽ സന്തുലിതത്വം പാലിക്കാൻ ഖുർആനും പ്രവാചക വചനങ്ങളും നമ്മെ ഉണർത്തുകയും മരണത്തെ കുറിച്ച് നമ്മെ നിരന്തരമായി ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. ഖുർആൻ പറയുന്നു: സമസ്ത മനുഷ്യരും മരണം രുചിക്കേണ്ടവരാകുന്നു. 3:185 മറ്റൊരിടത്ത് ഇങ്ങനെ കാണാം: നാളെ താൻ എന്താണ് സമ്പാദിക്കാനിരിക്കുന്നതെന്ന് ഒരു ജീവിയും അറിയുന്നില്ല. ഏതു മണ്ണിലാണ് താൻ മരിക്കുകയെന്നും ഒരാളും അറിയുന്നില്ല. 34:34

പ്രവാചകൻ പറഞ്ഞു: വൈകുന്നേരമായാൽ പ്രഭാതം പ്രതീക്ഷിക്കരുത്. പ്രഭാതമായാൽ വൈകുന്നേരവും പ്രതീക്ഷിക്കരുത്. ആരോഗ്യാവസ്ഥയിൽ രോഗാവസ്ഥയിലേക്കും ജീവിതത്തിൽ നിന്ന് മരണത്തിലേക്കും കരുതിവെക്കാൻ പ്രവാചകൻ ഓർമ്മപ്പെടുത്തുന്നു. ഈ ജീവിതം എന്നെന്നും നിലനിൽക്കുന്നതാണെന്ന വിചാരത്തോടെ പ്രവർത്തിക്കുമ്പോൾ തന്നെ ഒരു നാൾ മരിക്കുമെന്ന ബോധത്തോടെ നമ്മുടെ രണ്ടാമത്തെ ജീവിതത്തിന് വേണ്ടി പ്രവർത്തിക്കുക. അങ്ങനെ ജീവിതത്തിനും മരണത്തിനുമിടയിൽ സന്തുലിതത്വം കൈവരിച്ച മതമാണ് ഇസ്ലാം.

ലാളിത്യവും പവിത്രതയും
ലളിതവും പവിത്രവുമായ സമീപനം സ്വീകരിക്കുവാൻ ഇസ്ലാം മുസ്ലിംകളെ ശക്തമായി പ്രേരിപ്പിക്കുന്നു. അല്ലാഹു ഖുർആനിൽ പറയുന്നു: മനുഷ്യരേ, നിങ്ങളെ നാം ഒരാണിൽനിന്നും പെണ്ണിൽനിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിങ്കൽ നിങ്ങളിലേറ്റവും ആദരണീയൻ നിങ്ങളിൽ കൂടുതൽ സൂക്ഷ്മതയുള്ളവനാണ്; തീർച്ച. അല്ലാഹു സർവജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.49:13

എല്ലാവരേയും തുല്യരായി കാണാൻ ഈ സൂക്തം നമ്മെ പ്രേരിപ്പിക്കുന്നു. വർണ്ണം, വംശം, ലിംഗം, ഗോത്രം തുടങ്ങിയവ ഇസ്ലാമിക കാഴ്ചപ്പാടിൽ ഒൗന്നത്യത്തിൻെറ മാനദണ്ഡങ്ങളല്ല. മറിച്ച് ഒരാളുടെ ഭക്തിയാണ് ഒൗന്നിത്യത്തിൻെറ അടയാളം. നബി പറഞ്ഞു: ലാളിത്യം സ്വീകരിക്കുക. ഒരാൾ മറ്റൊരാളോട് ഗർവ്വ് നടിക്കാൻ പാടില്ല. നിങ്ങൾ മിതത്വമുളളവരാണെങ്കിൽ അല്ലാഹു നിങ്ങളെ ഉയർത്തുക തന്നെ ചെയ്യും. ഒരിക്കൽ കുട്ടികൾ പ്രവാചകൻെറ അരികിലൂടെ കടന്ന് പോയപ്പോൾ അവടുന്ന് അവരെ അഭിവാദ്യം ചെയ്യുകയുണ്ടായി. അഹങ്കരിക്കുന്നവർക്ക് ഇസ്ലാം കർശന മുന്നറിയിപ്പ് നൽകുന്നു. ഖുർആൻ പറയുന്നു: ” നീ ഭൂമിയിൽ അഹങ്കരിച്ചുനടക്കരുത്. ഭൂമിയെ പിളർക്കാനൊന്നും നിനക്കാവില്ല. പർവതങ്ങളോളം പൊക്കംവെക്കാനും നിനക്കാവില്ല; ഉറപ്പ്.” 17:37

അഹങ്കരിച്ച് നടക്കുന്നവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ളെന്നും നബി (സ) അരുളുകയുണ്ടായി. അങ്ങനെ നല്ല ഉപചാരങ്ങൾ സ്വീകരിക്കുവാൻ ഇസ്ലാം മുസ്ലിംകളോട് കൽപിക്കുന്നു. പണം ചിലവഴിക്കുന്നതിലും ഈ മിതമായ സമീപനം സ്വീകരിക്കേണ്ടതാണ്. ഒരു മുസ്ലിം ഉള്ളത്കൊണ്ട് തൃപ്തിപ്പെടുകയും അതേയവസരം മെച്ചപ്പെട്ട അവസ്ഥക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യേണ്ടതാണ്. മുസ്ലിംകൾ തങ്ങളുടെ പ്രവർത്തനങ്ങളെ ആശ്രയിക്കുന്നതോടൊപ്പം ദൈവത്തേയും ആശ്രയിക്കേണ്ടതാണെന്ന് അല്ലാഹു കൽപിക്കുന്നു.

സത്യവിശ്വാസികൾ തീർച്ചയായും ഉദാരമതികളാവേണ്ടതാണ്. സ്വന്തം അഭിലാഷങ്ങളെ കടിഞ്ഞാണിടുന്നതിന് വേണ്ടി സ്വർഗ്ഗം, നരകം, മരണം, വിചാരണ ദിനം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വിശ്വാസികളെ അടിക്കടി ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഖുർആനും തിരുവചനങ്ങളും പരായണം ചെയ്യുന്നതിലൂടെയും കേൾക്കുന്നതിലൂടെയും ഇക്കാര്യങ്ങളാണ് അവനെ ഓർമ്മപ്പെടുത്തുന്നത്. നല്ല ഉപചാരങ്ങളിലൂടെ ഒരു മുസ്ലിമിന് സ്വയം സന്തോഷവാനായി ജീവിക്കാൻ കഴിയുന്നു എന്ന് മാത്രമല്ല മറ്റുള്ളവരുടെ ജീവിതത്തേയും സന്തോഷിപ്പിക്കാൻ സാധിക്കുന്നു.

മറ്റുള്ളവരുമായി ഇടപഴുകുമ്പോൾ തൻെറ കോപത്തെ അടക്കിയിരുത്തണമെന്ന് ഇസ്ലാം നിഷ്കർഷിക്കുന്നു. ഇത്തരം അടിച്ചമർത്തൽ സമൂഹത്തിൽ സംഘർഷം കുറക്കാൻ സഹായിക്കും. അതിനാൽ ഒരു മുസ്ലിം മറ്റൊരാളോട് അപമര്യാദയായി പെരുമാറുമ്പോൾ അയാളുടെ പ്രതികരണം അല്ലാഹു താങ്ങൾക്ക് പൊറുത്ത് തരട്ടെ എന്നായിരിക്കും.

കാരുണ്യം
പ്രവാചകൻ പറഞ്ഞു: അല്ലാഹു കാരുണ്യവാനാണ്. അവൻ കാരുണ്യത്തെ ഇഷ്ടപ്പെടുന്നു. കാരുണ്യത്തെ കുറിച്ച കാഴ്ചപ്പാട് ഒരു വിശ്വാസി ദിനേന നിരവധി തവണ ആവർത്തിക്കുന്നു. പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിൻ്റെ നാമത്തിൽ എന്ന് അവൻ പല പ്രാവിശ്യം ആവർത്തിക്കുന്നു. കാരുണ്യമെന്ന സവിശേഷ ഗുണം ഒരു മുസ്ലിമിൻെറ ജീവിതത്തിൽ രൂഡമൂലമാവനാണ് ഈ വചനം ഇങ്ങനെ ദിനേന പലവുരു ഉരുവിടുന്നത്. വിശ്വാസികൾ കാരുണ്യമുള്ളവരായിരിക്കാൻ ഇസ്ലാം പ്രേരിപ്പിക്കുന്നു. പ്രവാചകൻ പറഞ്ഞു: ഒരാൾക്ക് കാരുണ്യം നഷ്ടപ്പെട്ടാൽ അയാൾക്ക് എല്ലാ നന്മയും നഷ്ടമായി. ഒരാൾ പ്രവാചകനോട് ഒരു ഉപദേശം ആവശ്യപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: നീ കോപിക്കരുത്.
അത്പോലെ മറ്റുള്ളവർക്ക് മാപ്പ് നൽകാനും സ്വയം നിയന്ത്രിക്കാനും ദേഷ്യപ്പെടാതിരിക്കാനും ഇസ്ലാം വിശ്വാസി സമൂഹത്തെ പ്രേരിപ്പിക്കുന്നു. മല്ലയുദ്ധത്തിൽ വിജയിക്കുന്നവനല്ല ശക്തൻ. കോപത്തെ നിയന്ത്രിക്കന്നവനാണ് വിജയി എന്ന് പ്രവാചകൻ അരുളുകയുണ്ടായി.

ഉത്തരവാദിത്തബോധം
ഇസ്ലാമിക നിയമങ്ങൾ ഉല്ലംഘിക്കപ്പെടുമ്പോൾ മുസ്ലിംകൾ അതിനെതിരെ പ്രതികരിക്കണമെന്ന് ഇസ്ലാം പ്രേരിപ്പിക്കുന്നുണ്ട്. പ്രവാചകൻ അരുളി: നിങ്ങൾ ഒരു തിന്മ കാണുകയാണെങ്കിൽ, അതിനെ കൈകൊണ്ട് തടയുക. അതിന് സാധ്യമല്ളെങ്കിൽ നാവ്കെണ്ട് തടയുക. അതിനും സാധ്യമല്ളെങ്കിൽ മനസ്സ് കൊണ്ടെങ്കിലും വെറുക്കുക. കുറ്റം വ്യക്തിപരമാണെങ്കിൽ, തിരിച്ച് മറുപടി പറയാനൊ മാപ്പ്നൽകാനൊ ഇസ്ലാം ആവശ്യപ്പെടുന്നു. ഇനി ദു:സ്വഭാവം വ്യക്തിപരമല്ളെങ്കിൽ കാര്യങ്ങൾ ശരിയാവാൻ വേണ്ടി നല്ലത് പ്രവർത്തിക്കുകയൊ അല്ളെങ്കിൽ നല്ലത് പറയുകയൊ ചെയ്യാം. ഇതിനർത്ഥം ഇസ്ലാമിൽ ഉത്തരവാദിത്തം ഏതാനും വ്യക്തികളുടെ ചുമലിൽ മാത്രം പരിമിതമല്ല എന്നാണ്. ഇസ്ലാമിനെ സംരക്ഷിക്കുവാൻ ഓരോ മുസ്ലിമും പ്രതിജ്ഞാബദ്ധനാണ്.

നീതി
ഭരണാധികാരി കാരുണ്യമുള്ളവനായിരിക്കാൻ ഇസ്ലാം കൽപ്പിക്കുന്നു. ഭരണാധികാരി തൻ്റെ പ്രജകളെ കുറിച്ച് ഉത്തരവാദിത്തമുള്ളവനാണ്. കുടുംബനാഥൻ കുടൂംബ കാര്യങ്ങളിലും ഗൃഹത്തെ കുറിച്ച് കുടുംബിനിയും ഉത്തരവാദിത്തമുള്ളവരാണ്. വേലക്കാരൻ ഉടമസ്ഥൻെറ സമ്പത്തിനെ കുറിച്ചും ഉത്തരവാദിത്തമുള്ളവനാണ്. ചുരുക്കത്തിൽ ഇസ്ലാമിൽ എല്ലാവരും ഉത്തരവാദികളാണ്. ഇസ്ലാം ഒരു സമ്പൂർണ്ണ ജീവിത വ്യവസ്ഥയാണ്. അത് കേവലം ആരാധനകൾ മാത്രമല്ല. പ്രവർത്തിക്കുന്നതിലും പറയുന്നതിലും നീതി പാലിക്കാൻ ഇസ്ലാം ആവശ്യപ്പെടുന്നു. അല്ലാഹു പറയുന്നു: “നീതി പാലിക്കുക. നീതി പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.” 49:9

വിചാരണ ദിവസം
നമ്മുടെ എല്ലാ കർമ്മങ്ങളേയും വാക്കുകളേയും ഇസ്ലാം പ്രതിഫലം, ശിക്ഷ, വിചാരണ ദിവസം, സ്വർഗ്ഗ നരഗം എന്നിവയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഖുർആൻ നല്ലത് ചെയ്യാൻ കൽപിക്കുമ്പേഴെല്ലാം, മിക്ക സനദർഭങ്ങളിലും അതിൻെറ പ്രതിഫലവും പരാമർശിച്ചതായി കാണാം. തിന്മയെ കുറിച്ച് മുന്നറയിപ്പ് നൽകുമ്പോൾ മിക്കപ്പോഴും ശിക്ഷയെ കുറിച്ച് പരാമർശിച്ചതും കാണാം. അഞ്ച് നേരത്തെ നമസ്കാരത്തിലൂടെ വിശ്വാസികളെ അല്ലാഹുവുമായി ബന്ധിപ്പിച്ചപ്പോൾ ഇസ്ലാം അതിൻെറ സന്ദേശം ഫലപ്രദമാക്കുകയാണ് ചെയ്തത്. നമസ്കാരം അല്ലാഹുവുമായി നിരന്തരമായി അടുപ്പിക്കാനും അവൻെറ കൽപനകൾ ശിരസ്സാ വഹിക്കുവാനം അവരെ പ്രാപ്തമാക്കുന്നു.

അത് പോലെ ഒരു മുസ്ലിം ജീവിതത്തിൽ പാലിക്കേണ്ട മറ്റൊരു സദ്ഗുണമാണ് വാഗ്ദാനം പാലിക്കുക എന്നത്. വാഗ്ദാന പാലനത്തിന് വളരെയധികം ഊന്നൽ നൽകിയ മതമാണ് ഇസ്ലാം. അല്ലാഹു ഖുർആനിൽ പറയുന്നു: നിങ്ങൾ കരാർ പാലിക്കുക. കരാറിനെക്കുറിച്ച് ചോദ്യം ചെയ്യപ്പടും; തീർച്ച. 17:34 . വിശ്വാസികളുടെ ജീവിതത്തിലെ ഒരു പൊതു സ്വഭാവമായി അത് മാറേണ്ടതുണ്ട്്. പ്രവാചകൻ (സ) പറഞ്ഞു:കപട വിശ്വാസിയുടെ ലക്ഷണങ്ങൾ മൂന്നാണ്: സംസാരിച്ചാൽ കളവ് പറയും. കരാർ ചെയ്താൽ ലംഘിക്കും. വിശ്വസിച്ചാൽ വഞ്ചിക്കും.

അതിഥിയെ സൽകരിക്കൽ
അഥിതികളെ വളരെ ആത്മാർത്ഥമായി സൽകരിക്കാൻ ഇസ്ലാം കൽപിക്കുന്നു. പ്രവാചകൻ (സ) പറഞ്ഞു: അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവർ അതിഥികളെ സൽക്കരിക്കട്ടെ. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവർ കുടുംബ ബന്ധം പുലർത്തട്ടെ. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവർ നല്ലത് പറയട്ടെ അല്ളെങ്കിൽ നിശ്ശബ്ദരായിരിക്കട്ടെ. അത്പോലെ നമ്മൾ തീൻമേശയിൽ പാലിക്കേണ്ട ഉപചാരങ്ങളെ കുറിച്ചും ഇസ്ലാം പഠിപ്പിക്കുന്നുണ്ട്. തിന്നുന്നതിന് മുമ്പായി അല്ലാഹുവിൻെറ നാമം ഉച്ചരിക്കേണ്ടതുണ്ട്. വലത് കൈകൊണ്ട് ഭക്ഷിക്കുവാനും പ്രവാചകൻ കൽപിച്ചു. അല്ലാഹുവിനെ കുറിച്ച നിദാന്ത ഓർമ്മ നമ്മുടെ മനസ്സിൽ ഉണ്ടാവാനാണ് ഇതെല്ലാം പഠിപ്പിക്കുന്നത്.

പ്രവാചകൻ മാതൃക
പ്രവാചകനാണ് സത്യവിശ്വാസികളുടെ ഏക മാതൃക. അദ്ദേഹം പറഞ്ഞതും ചെയ്തതും അംഗീകരിച്ചതുമായ കാര്യങ്ങൾ പിന്തുടരാൻ അവർ ബാധ്യസ്ഥരാണ്. അതെല്ലാം ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തുകയും അനേകായിരം വിശ്വാസികൾ വായിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രവാചകൻെറ തിരുസുന്നത്ത് ഇസ്ലാമിലെ നിയമ നിർമ്മാണത്തിൻെറ ദ്വിതീയ ഉറവിടമായി പരിഗണിക്കുന്നു. ഖുർആനാണ് ഒന്നാമത്തെ ഉറവിടമെന്ന കാര്യം ഏവർക്കും അറിവുള്ളതാണ്.

ജീവിതത്തിൻെറ എല്ലാ മേഖലകളിലും ഇസ്ലാം മുസ്ലിംകൾക്ക് വ്യക്തമായ മാർഗ്ഗദർശനം നൽകിയിട്ടുണ്ട്. മറ്റൊരാളുടെ വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ പാലിക്കേണ്ട നിയമം പോലും ഖുർആൻ നമ്മെ പഠിപ്പിക്കുന്നു. ” വിശ്വസിച്ചവരേ, നിങ്ങളുടെതല്ലാത്ത വീടുകളിൽ നിങ്ങൾ പ്രവേശിക്കരുത്; ആ വീട്ടുകാരോട് നിങ്ങൾ അനുവാദംതേടുകയും അവർക്ക് സലാംപറയുകയും ചെയ്യുന്നത്വരെ. അതാണ് നിങ്ങൾക്കുത്തമം. നിങ്ങൾ ചിന്തിച്ചുമനസ്സിലാക്കാനാണിത്. “24:27

അഭിവാദ്യവും പ്രത്യഭിവാദ്യവും
അഭിവാദ്യവും പ്രത്യഭിവാദ്യവും എങ്ങനെയാണ് ചെയ്യേണ്ടതെന്ന് അല്ലാഹു നമ്മെ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അസ്സലാമു അലൈകും എന്ന ഇസ്ലാമിക അഭിവാദ്യത്തിൻെറ അർത്ഥം തന്നെ താങ്ങൾക്ക് സമാധാനം നേരുന്നു എന്നാണ്. എന്നാൽ ഒരാളുടെ പ്രത്യഭിവാദ്യമാകട്ടെ അത് പോലെയൊ അതിനെക്കാൾ ഉദാത്തമായ രീതിയിലൊ ആയിരിക്കേണ്ടതാണ്. അല്ലാഹു ഖുർആനിൽ പറയുന്നു:

” നിങ്ങളെ ആരെങ്കിലും അഭിവാദ്യം ചെയ്താൽ നിങ്ങൾ അതിലും നന്നായി പ്രത്യഭിവാദ്യം ചെയ്യക. അല്ലങ്കെിൽ അവ്വിധമെങ്കിലും തിരിച്ചുനൽകുക.” 4:86

അഭിവാദ്യത്തിന് ഉത്തമമായ നിലയിൽ പ്രത്യഭിവാദ്യം ചെയ്യാൻ, അല്ലാഹുവിൻെറ സമാധാനവും കാരുണ്യവും അങ്ങയിൽ വർഷിക്കട്ടെ എന്നുകൂടി പറയുക. ഏഴ് കാര്യങ്ങൾ ചെയ്യാൻ പ്രവാചകൻ കൽപിക്കുകയുണ്ടായി: ഒരാൾ രോഗി ആയാൽ സന്ദർശിക്കുക, മയ്യത്തിനെ പിന്തുടരുക, ദുർബ്ബലനെ സഹായിക്കുക, അഭിവാദ്യം ചെയ്യുക, വാഗ്ദത്തം പാലിക്കുക, തുമ്മിയാൽ അല്ലാഹുവിനോട് പ്രാർത്ഥിക്കുക എന്നിവയാണ് അത്. പ്രവാചകൻ പറഞ്ഞു: വിശ്വസിക്കുന്നത് വരെ നിങ്ങൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. പരസ്പരം സ്നേഹിക്കുന്നത് വരെ നിങ്ങൾ വിശ്വാസികളാവുകയില്ല. നിങ്ങൾ പരസ്പരം സ്നേഹിക്കാനുള്ള മാർഗ്ഗം ഞാൻ പറഞ്ഞ് തരട്ടെയൊ? പരസ്പരം അഭിവാദ്യം ചെയ്യുക.

സമ്പൂർണ്ണ മാർഗ്ഗദർശനം
നമ്മൾ മനസ്സിലാക്കിയത് പോലെ, എങ്ങനെ തിന്നണം, എന്ത് ഭക്ഷിക്കണം, മറ്റുള്ളവരോട് എങ്ങനെ പെരുമാറണം, മറ്റുള്ളവരെ എങ്ങനെ അഭിവാദ്യം ചെയ്യണം, അഭിവാദ്യം ചെയ്യുമ്പോൾ എന്ത് പറയണം, എന്ത് ചെയ്യണം, എന്ത് ചെയ്യരുത്, എന്താണ് നന്മ, എന്താണ് തിന്മ തുടങ്ങിയ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങൾക്കും ഇസ്ലാം കൃത്യമായ മാർഗ്ഗ ദർശനം നൽകിയതായി കാണാം. കോപം അടക്കിവെക്കേണ്ടതിൻെറ ആവശ്യകതയും കാരുണ്യവാനാകേണ്ടതിൻെറ പ്രാധാന്യവും ഇസ്ലാം നമ്മെ പഠിപ്പിക്കുന്നു. നീതിയോടൊപ്പം നിലകൊള്ളുവാനൂം വാഗ്ദാനം നിറവേറ്റാനും, അല്ലാഹുവിനെ സദാ സ്മരിക്കുവാനും, അന്യവീടുകളിൽ പ്രവേശിക്കുന്നതിന് മുമ്പായി അനുവാദം ചോദിക്കുവാനും പരിചയമുള്ളവരോടും ഇല്ലാത്തവരോടും അഭിവാദ്യം ചെയ്യാനും ഇസ്ലാം നമ്മെ ഉണർത്തുന്നു.

ഇത്തരം അനേകം സദ് ഗുണങ്ങൾ സ്വാംശീകരിക്കുന്നതിലൂടെ സത്യവിശ്വാസികൾക്ക് സന്തോഷകരമായ ജീവിതം നയിക്കാൻ കഴിയുമെന്ന് മാത്രമല്ല അവർക്ക് മറ്റുള്ളവരുടെ സന്തോഷത്തിൻെറ ഉറവിടമായിത്തീരാനും സാധിക്കുന്നതാണ്. ഇസ്ലാം ഉപചാരങ്ങൾക്ക് ഊന്നൽ നൽകുന്നു എന്ന കാര്യത്തിൽ സംശയമില്ല. കാരണം അത് നമ്മുടെ മാത്രമല്ല എല്ലാവരുടേയും മാനസികമായ ആരോഗ്യത്തിനും സന്തോഷത്തിനും അനിവാര്യമാണ്.

വിവ: ഇബ്റാഹീം ശംനാട് , മൂസക്കുട്ടി വെട്ടിക്കാട്ടിരി

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles