Current Date

Search
Close this search box.
Search
Close this search box.

നിയമ പരിഷ്കരണത്തിന് പ്രായോഗിക മാതൃക

ഇസ്ലാം വിമർശകർ മുഹമ്മദ് നബിയെ ആക്ഷേപിക്കാൻ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്താറുള്ളത് സൈനബുമായുള്ള വിവാഹമാണ്.

സൈനബിന്റെ പിതാവ് ജഹ്ശാണ്. മാതാവ് അബ്ദുൽ മുത്തലിബിന്റെ മകൾ ഉമൈമയും. അതിനാൽ അവർ പ്രവാചകന്റെ പിതൃസഹോദരിയുടെ അഥവാ അമ്മായിയുടെ മകളാണ്. ശൈശവത്തിലും ബാല്യത്തിലും യൗവനത്തിലും അവർ പരസ്പരം കാണുകയും അടുത്തിടപഴകുകയും ചെയ്തിരുന്നു. അപരിചിതത്വമോ അകൽച്ചയോ അവർക്കിടയിൽ ഒട്ടുമേ ഉണ്ടായിരുന്നില്ല. സൈനബിന്റെ ശരീര സൗന്ദര്യമായിരുന്നു അവരെ വിവാഹം കഴിക്കാൻ പ്രവാചകനെ പ്രേരിപ്പിച്ചിരുന്നതെങ്കിൽ കന്യകയായിരിക്കെ തന്നെ നബി തിരുമേനിക്ക് അവരെ ജീവിതപങ്കാളിയാക്കാൻ തടസ്സമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ പ്രവാചകൻ അവരെ പത്നീ പദത്തിലേക്ക് കൊണ്ടുവരാൻ ഒട്ടും ആഗ്രഹിച്ചിരുന്നില്ല. അതിനാൽ നബിതിരുമേനി തന്നെ മുൻകൈയ്യെടുത്ത് സൈനബിനെ സൈദിന് വിവാഹം കഴിപ്പിച്ചു കൊടുക്കുകയായിരുന്നു.

സൈദ് ഖദീജ ബീവിയുടെ അടിമയായിരുന്നു. അവർ വിവാഹിതയായപ്പോൾ അദ്ദേഹത്തെ പ്രവാചകന് നൽകി. ഏറെ കഴിയും മുമ്പേ പ്രവാചകൻ സൈദിനെ സ്വതന്ത്രനാക്കി. തുടർന്ന് അവനെ ദത്തെടുത്തതായി പരസ്യ പ്രഖ്യാപനം നടത്തുകയും ചെയ്തു. ദത്തു പുത്രൻ എന്ന നിലയിൽ അദ്ദേഹം സൈദ് ബ്നു മുഹമ്മദ് അഥവാ മുഹമ്മദ് മകൻ സൈദായി അറിയപ്പെടാൻ തുടങ്ങി. പ്രവാചകത്വ ലബ്ധിയോടെ ആദ്യമായി ഇസ്ലാം സ്വീകരിച്ചവരിൽ ഒരാൾ സൈദാണ്.

ലോകത്തിന്റെ ഇതര ഭാഗങ്ങളിലെന്നപോലെ അറേബ്യയും അന്ന് സാമൂഹ്യ ഉച്ചനീചത്വങ്ങൾക്ക് കേളികേട്ട നാടായിരുന്നു. ഇസ്ലാം സാമൂഹിക അസമത്വങ്ങൾക്ക് അറുതി വരുത്തി. കുലമഹിമയും ഗോത്ര വികാരവും ഏറെ പ്രകടമാകുന്ന വൈവാഹിക രംഗത്ത് തന്നെ സമൂലമായ മാറ്റമുണ്ടാകണമെന്ന് പ്രവാചകൻ തീരുമാനിച്ചു. അങ്ങനെയാണ് തന്റെ പിതൃസഹോദരിയുടെ മകൾ സൈനബിനെ നേരത്തെ അടിമയായിരുന്ന സൈദിനുവേണ്ടി തെരഞ്ഞെടുത്തത്. ഖുറൈശി ഗോത്രാംഗവും ഹാഷിം കുടുംബത്തിൽ പെട്ടവളുമായ തന്റെ സഹോദരിയെ സൈദിന് വിവാഹം ചെയ്തു കൊടുക്കാൻ അബ്ദുല്ലാഹിബ്നു ജഹ്ശ് വിസമ്മതിച്ചു. കുടുംബത്തിന്റെ സമീപനവും അതു തന്നെയായിരുന്നു.സൈനബിന്റെ നിലപാടും മറിച്ചായിരുന്നില്ല. അവർ പറഞ്ഞു: “”ഭർത്താവായി ഞാനദ്ദേഹത്തെ ഇഷ്ടപ്പെടുന്നില്ല. ഞാൻ കുലീനയായ ഒരു ഖുറൈശി പുത്രിയാണല്ലോ.” സഹോദരനും മറ്റു കുടുംബാംഗങ്ങളും ഇതേ വികാരം പ്രകടിപ്പിച്ചു. ഇതൊക്കെയും വളരെ സ്വാഭാവികമായിരുന്നു. വിമോചിതനായ അടിമക്ക് ഒരുന്നത കുലജാതയെ വിവാഹം ചെയ്തു കൊടുക്കുക അക്കാലത്ത് അവിടെയെന്നല്ല, എവിടെയും തീർത്തും അചിന്ത്യമായിരുന്നു. അതോടൊപ്പം ഗോത്ര മഹിമയുടെയും കുലീനതയുടെയും പേരിലുള്ള വീരസ്യങ്ങൾക്ക് വിരാമം കുറിക്കാൻ സ്വന്തം കുടുംബാംഗം തന്നെ മാതൃകയാവണമെന്ന് നബിതിരുമേനിക്ക് നിർബന്ധമുണ്ടായിരുന്നു. അതിനാൽ സൈദുമായുള്ള വിവാഹത്തിന് സൈനബിനെയും സഹോദരനെയും നിർബന്ധിച്ചു.

അവസാനം നിർബന്ധത്തിന് വഴങ്ങി സൈനബും കുടുംബവും പ്രവാചകന്റെ നിർദേശം അംഗീകരിച്ചു. അങ്ങനെ പ്രവാചകൻ തന്നെ വിവാഹത്തിന് കാർമികത്വം വഹിച്ചു. സൈദിനുവേണ്ടി വിവാഹ മൂല്യമായി പത്ത് ദീനാറും 60 ദിർഹമും നൽകി. വിവാഹ വസ്ത്രങ്ങളും വീട്ടാവശ്യങ്ങൾക്കുള്ള വസ്തുക്കളും കൊടുത്തയച്ചു. ഹിജ്റ നാലാം വർഷമായിരുന്നു അത്.

സൈദ്- സൈനബ് ദാമ്പത്യത്തിൽ വിള്ളലുകളുണ്ടാകാൻ ഏറെക്കാലം വേണ്ടി വന്നില്ല. സൈദിന്റെ അപകർഷബോധവും സൈനബിന്റെ ഒൗന്നത്യ ബോധവും അവരുടെ ദാമ്പത്യ ജീവിതത്തെ ഉലച്ചു കൊണ്ടിരുന്നു. എന്നിട്ടും അവർ പരമാവധി പിടിച്ചുനിൽക്കാൻ ശ്രമിച്ചു. പ്രവാചകൻ നടത്തിക്കൊടുത്ത വിവാഹമാണല്ലോയെന്ന ചിന്ത ഇരുവർക്കും ഉണ്ടായിരുന്നു. എന്നാൽ അവരുടെ ആ ശ്രമം പരാജയപ്പെടുകയായിരുന്നു.

സൈദ് വിവാഹമോചനം നടത്തുകയാണെങ്കിൽ വിവാഹമോചിതയാകുന്ന സൈനബിന്റെ സംരക്ഷണം ഏറ്റെടുക്കാൻ ഒരർഥത്തിൽ പ്രവാചകൻ ബാധ്യസ്ഥനാണ്. അദ്ദേഹമാണല്ലോ വിജയിക്കാതെ പോയ വിവാഹത്തിന് മുൻ കയ്യെടുത്തത്.

ഇതിനിടെ കുട്ടികളെ ദത്തെടുക്കുന്ന സമ്പ്രദായം ഇസ്ലാം പൂർണമായും അവസാനിപ്പിച്ചു. ഏതൊരാളെയും സ്വന്തം മാതാപിതാക്കളുമായി ബന്ധപ്പെടുത്തിയാണ് പരിചയപ്പെടുത്തേണ്ടതെന്ന് പഠിപ്പിച്ചു. ചേർത്ത് പറയേണ്ടതും അവരിലേക്ക് തന്നെ. വിശുദ്ധ ഖുർആനിലെ മുപ്പത്തിമൂന്നാം അധ്യായത്തിലെ നാലും അഞ്ചും വാക്യങ്ങൾ ഇക്കാര്യം സംശയത്തിനിടയില്ലാത്ത വിധം വ്യക്തമാക്കി.

ദത്തുപുത്രന്മാരെ അനന്തരാവകാശമുൾപ്പെടെ എല്ലാകാര്യത്തിലും സ്വന്തം മക്കളെപ്പോലെ ഗണിക്കുകയും അവർ വിവാഹമോചനം ചെയ്ത സ്ത്രീകളെ ദത്തെടുത്ത പിതാക്കന്മാർ കല്യാണം കഴിക്കുന്നത് നീചവും നികൃഷ്ടവുമായി കാണുകയും ചെയ്തിരുന്ന അക്കാലത്ത് സമൂലമായ നിയമ പരിഷ്കരണത്തിനും സാമൂഹ്യ പരിവർത്തനത്തിനും മാതൃകയാവേണ്ടത് പ്രവാചകൻ തന്നെയാണല്ലോ. ഇക്കാരണത്താലും സൈനബിനെ സൈദ് വിവാഹ മോചനം നടത്തിയാൽ നബിതിരുമേനി അവരെ വിവാഹം ചെയ്യേണ്ടതുണ്ടായിരുന്നു. ഇക്കാര്യം അല്ലാഹു നേരത്തെതന്നെ അദ്ദേഹത്തെ അറിയിക്കുകയും ചെയ്തിരുന്നു.

അതിനാൽ സൈനബിനെ വിവാഹ മോചനം നടത്താൻ സൈദ് സമ്മതം ചോദിച്ചപ്പോഴെല്ലാം പ്രവാചകൻ അതിനെ നിരുത്സാഹപ്പെടുത്തിക്കൊണ്ടേയിരുന്നു. സൈദ് വിവാഹ മോചനം നടത്തിയാൽ താൻ സൈനബിനെ കല്യാണം കഴിക്കേണ്ടി വരുമെന്നും അത് സമൂഹത്തിൽ വലിയ ആക്ഷേപ വിമർശനങ്ങൾക്കും അവഹേളനങ്ങൾക്കും വഴിയൊരുക്കുമെന്ന ആശങ്കയുമായിരുന്നു അതിന്റെ പ്രധാനകാരണം. ദത്ത്പുത്രന്മാരെ സ്വന്തം മക്കളെപ്പോലെയാണ് സമൂഹം കണക്കാക്കിയിരുന്നതെന്നതിനാൽ മകൻ വിവാഹമോചനം ചെയ്ത മകന്റെ ഭാര്യയെ കല്യാണം കഴിച്ചു എന്ന വിമർശനം ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു.

എന്നിട്ടും സൈദിന്റെ സമ്മർദവും സൈനബിന്റെ നിർബന്ധവും ശക്തമായപ്പോൾ നബി തിരുമേനിക്ക് വിവാഹമോചനത്തിനു സമ്മതം മൂളേണ്ടി വന്നു. അങ്ങനെ സൈദ് അവരെ വിവാഹമോചനം നടത്തി. തുടർന്ന് അല്ലാഹുവിന്റെ ആജ്ഞയനുസരിച്ച് നബി തിരുമേനി അവരെ വിവാഹം കഴിക്കുകയും ചെയ്തു.

ഇതിനെക്കുറിച്ചാണ് ഖുർആനിൽ ഇങ്ങനെ പറഞ്ഞത്: “”അല്ലാഹുവും നീയും ഒൗദാര്യം ചെയ്തുകൊടുത്ത ഒരാളോട് നീയിങ്ങനെ പറഞ്ഞ സന്ദർഭം: “നീ നിന്റെ ഭാര്യയെ നിന്നോടൊപ്പം നിർത്തുക. അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു വെളിവാക്കാൻ പോകുന്ന ഒരു കാര്യം നീ മനസ്സിൽ ഒളിപ്പിച്ചു വെക്കുകയായിരുന്നു. ജനങ്ങളെ ഭയപ്പെടുകയും. എന്നാൽ നീ ഭയപ്പെടേണ്ടത് അല്ലാഹുവിനെയാണ്. പിന്നീട് സൈദ് അവളിൽ നിന്ന് തന്റെ ആവശ്യം നിറവേറ്റി കഴിഞ്ഞപ്പോൾ നാം അവളെ നിന്റെ ഭാര്യയാക്കി തന്നു. തങ്ങളുടെ ദത്തു പുത്രന്മാർ അവരുടെ ഭാര്യമാരിൽനിന്ന് ആവശ്യം നിറവേറ്റി കഴിഞ്ഞാൽ അവരെ വിവാഹം ചെയ്യുന്ന കാര്യത്തിൽ സത്യവിശ്വാസികൾക്കൊട്ടും വിഷമമുണ്ടാകാതിരിക്കാനാണിത്. അല്ലാഹുവിന്റെ കൽപന നടപ്പാക്കപ്പെടുക തന്നെ ചെയ്യും.’ (33:37)

അഭിമാനക്ഷതം ഭയപ്പെടാതെ ദൈവശാസന ശിരസാവഹിച്ച് സമൂലമായ സാമൂഹിക വിപ്ലവത്തിന്റെ ഉജ്ജ്വലമായ രണ്ടു മാതൃകകൾ സൃഷ്ടിച്ച ഇൗ സംഭവത്തെ പ്രവാചകനെ അവമതിക്കാൻ ഉപയോഗിക്കുന്നത് അത്യന്തം അക്ഷന്തവ്യവും ഹീനവുമത്രെ.

പ്രവാചകൻ യാദൃശ്ചികമായി സൈനബിനെ കാണുകയും അവരിൽ ആകൃഷ്ടനാവുകയും അങ്ങനെ സൈദിനോട് അവരെ വിവാഹമോചനം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തുവെന്നാണ് ഇസ്ലാം വിമർശകർ പറഞ്ഞുണ്ടാക്കിയ കള്ളക്കഥ. സൈദ് അവരെ വിവാഹമോചനം ചെയ്യണമെന്ന് നബി ആഗ്രഹിച്ചുവെന്നും അത് മറച്ചു വെച്ച് മറിച്ചു പറഞ്ഞുവെന്നും അവർ പ്രചരിപ്പിക്കുന്നു. ഇസ്രായേല്യർ പടച്ചുണ്ടാക്കിയ കള്ളക്കഥകൾ അതേ പടി പകർത്തി വെച്ച ചില ഖുർആൻ വ്യാഖ്യാന ഗ്രന്ഥങ്ങളാണ് പാശ്ചാത്യർ അവലംബമായി സ്വീകരിച്ചത്. അതുതന്നെ ആവർത്തിക്കുകയാണ് കേരളത്തിലെ ഇസ്ലാം വിമർശകരും ചെയ്യുന്നത്. എന്നാൽ നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ അതൊക്കെയും തീർത്തും കള്ളക്കഥകളാണെന്ന് പ്രമുഖ പണ്ഡിതനും ഖുർആൻ വ്യാഖ്യാതാവുമായ ഇബ്നു കസീർ, ഹദീഥ് പണ്ഡിതനായ ഇബ്നു ഹജറുൽ അസ്കലാനി പോലുള്ളവർ പ്രമാണ ബദ്ധമായും യുക്തി നിഷ്ഠമായും തെളിയിച്ചിട്ടുണ്ട്.

സൈനബിനെ വിവാഹം കഴിക്കണമെന്നത് പ്രവാചകന്റെ അഭീഷ്ടമായിരുന്നെങ്കിൽ കന്യകയായിരിക്കെ തന്നെ അതാകാമായിരുന്നു. അവർ അത്രയേറെ പരസ്പരം അറിയുകയും മനസ്സിലാക്കുകയും ചെയ്ത അടുത്ത ബന്ധുക്കളായിരുന്നല്ലോ. പ്രവാചകന് സൈനബിനെ വിവാഹം ചെയ്യാൻ താല്പര്യം ഉണ്ടായിരുന്നുവെങ്കിൽ സെനബിനും കുടുംബത്തിനും ഒട്ടും ഇഷ്ടമില്ലാതിരുന്നിട്ടും അവരെ സൈദിന് വിവാഹം ചെയ്തു കൊടുക്കുമായിരുന്നില്ല. മനസ്സിൽ ഒളിപ്പിച്ചു വെച്ചിരുന്നത് എന്ന് ഖുർആൻ പറയുന്നത് സൈനബിനെ കല്യാണം കഴിക്കാനുള്ള ദൈവിക കല്പനയാണ്. സൈദ് അവരെ വിവാഹം മോചനം ചെയ്യുമെന്നതും. ഖുർആനിലൂടെ അല്ലാഹു അറിയിച്ചപോലെ അവൻ വെളിപ്പെടുത്തിയതും അതു തന്നെയാണല്ലോ.

മറ്റു പലതിലുമെന്നപോലെ ദത്ത് സമ്പ്രദായവും അതിന്റെ അനുബന്ധ സമ്പ്രദായങ്ങളും അവസാനിപ്പിക്കുകയെന്ന മഹത്തായ സാമൂഹ്യ പരിഷ്കരണത്തിന് പ്രവാചകൻ സ്വയം മാതൃക കാണിക്കുകയായിരുന്നു. അഥവാ അല്ലാഹു അദ്ദേഹത്തിലൂടെ അതിനു മാതൃക സൃഷ്ടിക്കുകയായിരുന്നു.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles