Current Date

Search
Close this search box.
Search
Close this search box.

ഏക കന്യക

മുഹമ്മദ് നബി വിവാഹം ചെയ്ത ഏക കന്യകയാണ് ആയിശാ ബീവി. ഖദീജാ ബീവിയുടെ വിയോഗാനന്തരം വയോവൃദ്ധയായ സൗദാ ബീവിയെയാണല്ലോ പ്രവാചകൻ വിവാഹം ചെയ്തത്. പിന്നീടാണ് ആയിശാ ബീവിയെ ജീവിതപങ്കാളിയായി സ്വീകരിച്ചത്.

നബി തിരുമേനിയുടെ ആത്മ മിത്രവും സന്തത സഹചാരിയും ഏറ്റവുമാദ്യം ഇസ്ലാം സ്വീകരിച്ചവരിൽ ഏറെ പ്രമുഖനുമായ അബൂബക്കർ സിദ്ദീഖിന്റെ ഇഷ്ട പുത്രിയാണ് ആയിശാ ബീവി. പ്രവാചകത്വത്തിന്റെ തൊട്ടടുത്ത വർഷമായിരുന്നു അവരുടെ പിറവി. കൊച്ചു പ്രായത്തിൽ തന്നെ അസാധാരണമായ ബുദ്ധിശക്തിയും കാര്യ ഗ്രഹണ ശേഷിയും സ്വഭാവ സവിശേഷതകളും പെരുമാറ്റ മേന്മകളും വിസ്മയകരമായ വിവേകവും കാണിച്ച വ്യത്യസ്തമായ വ്യക്തിത്വത്തിന്നുടമയായിരുന്നു അവർ. ശൈശവം തൊട്ടേ നന്നായി അടുത്തറിയുന്ന മുഹമ്മദ് നബിക്ക് അവരുടെ എല്ലാ സാമർഥ്യവും സവിശേഷതകളും നന്നായി മനസ്സിലാക്കാൻ സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ വരും കാലത്ത് ഇസ്ലാമിനും ഇസ്ലാമിക സമൂഹത്തിനും മനുഷ്യരാശിക്കും ലോകത്തിനും തന്നോടൊപ്പമുള്ള അവരുടെ സാന്നിധ്യം ഉപകരിക്കുമെന്ന് പ്രവാചകൻ തിരിച്ചറിഞ്ഞു. അതിനാൽ അവരെ തന്നെ ജീവിത പങ്കാളിയാക്കാൻ അദ്ദേഹം ആഗ്രഹിച്ചു. അപ്പോഴാണ് ജുബൈറ് ബ്നു മുത്ഇം അവരെ വിവാഹാലോചന നടത്തിയത്. എന്നാൽ അദ്ദേഹം ഇസ്ലാം സ്വീകരിക്കാത്തതിനാൽ അബൂബക്കർ സിദ്ദീഖ് അതംഗീകരിച്ചില്ല. വിവരമറിഞ്ഞ പ്രവാചകൻ മറ്റാരും വിവാഹാലോചന നടത്തുന്നതിന് മുമ്പേ തന്റെ ആഗ്രഹം അബൂബക്കർ സിദ്ദീഖിനെ അറിയിച്ചു. അദ്ദേഹത്തെ അത് അത്യധികം സന്തോഷിപ്പിച്ചുവെന്ന് പറയേണ്ടതില്ലല്ലോ. അങ്ങനെ അബൂബക്കർ സിദ്ദീഖ്, ആയിശാ ബീവിയെ പ്രവാചകന് വിവാഹം ചെയ്തു കൊടുത്തു. ഇത് അവരുടെ ആറാമത്തെയോ ഏഴാമത്തെയോ വയസ്സിലായിരുന്നു. ചില ആധുനിക ഇസ്ലാമിക പണ്ഡിതന്മാർ പതിനാലാം വയസ്സിലായിരുന്നുവെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ പൂർവകാല പണ്ഡിതന്മാരും അല്ലാമാ ഷിബിലി നുഅമാനി, സയ്യിദ് സുലൈമാൻ നദ്വി പോലുള്ള പ്രമുഖരായ പ്രവാചക ചരിത്രകാരന്മാരും അതംഗീകരിച്ചിട്ടില്ല. ഹദീസും അതിനെതിരാണ്.

പ്രവാചകത്വത്തിന്റെ പത്താം വർഷമാണ് നബി തിരുമേനി ആയിശാ ബീവിയെ വിവാഹം ചെയ്തത്. അഞ്ഞൂറ് ദിർഹമായിരുന്നു വിവാഹമൂല്യം.

മൂന്നു വർഷം പിന്നിട്ട ശേഷമാണ് നബി തിരുമേനി ആയിശാ ബീവിയോടൊന്നിച്ചുള്ള ദാമ്പത്യം ആരംഭിച്ചത്. ഹിജ്റക്ക് ശേഷമായിരുന്നു അത്.
ഈ വിവാഹത്തിലൂടെ അബൂബക്കർ സിദ്ദീഖുമായുള്ള പ്രവാചകന്റെ ആത്മബന്ധത്തിന് ഒന്നുകൂടി ദൃഢത ലഭിച്ചു. അത് അടിയുറച്ച കുടുംബ ബന്ധമായി മാറുകയും ചെയ്തു.

ഹിജ്റ മൂന്നാം വർഷം നടന്ന ഉഹ്ദ് യുദ്ധത്തിൽ യോദ്ധാക്കൾക്ക് വെള്ളം എത്തിച്ചു കൊടുക്കുന്ന ഭാരിച്ച ഉത്തരവാദിത്തം നിർവഹിച്ചത് ആയിശാ ബീവിയാണ്. ചെറുപ്രായത്തിൽ തന്നെ വെള്ളം നിറച്ച തോൽ പാത്രവുമായി യുദ്ധക്കളത്തിൽ അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കുന്ന അവരുടെ ചടുലത വളരെയേറെ പ്രശംസിക്കപ്പെടുകയുണ്ടായി.

പണ്ഡിത ശ്രേഷ്ഠ
ആയിശാ ബീവി അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതയായിരുന്നു. സമകാലികരിൽ പാണ്ഡിത്യത്തിൽ അവർക്ക് സമാനരായവർ വളരെ വിരളമായിരുന്നു. അബൂബക്കർ സിദ്ദീഖും ഉമറുൽ ഫാറൂഖും ഉസ്മാനു ബ്നു അഫ്ഫാനും അവരോട് മതവിധി തേടിയിരുന്നു. അനന്തരാവകാശം പോലുള്ള സങ്കീർണ വിഷയങ്ങളിൽ ആധികാരിക അവലംബമായിരുന്നു അവർ. വിശുദ്ധ ഖുർആനിലും പ്രവാചക ചര്യയിലും അഗാധമായ പാണ്ഡിത്യമുണ്ടായിരുന്ന ആയിശാ ബീവിയിൽ നിന്ന് 2210 ഹദീസുകൾ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അവരുടെ ഉജ്ജ്വലമായ പാണ്ഡിത്യത്തിന് ഇതുതന്നെ മതിയായ സാക്ഷ്യമത്രെ.

ഇസ്ലാമിക വിഷയങ്ങൾക്ക് പരിഹാരം തേടുമ്പോൾ അടിസ്ഥാന പ്രമാണങ്ങൾക്കൊപ്പം അവർ ബുദ്ധിയും യുക്തിയും യഥാവിധി ഉപയോഗപ്പെടുത്തി.

ദാമ്പത്യത്തെയും കുടുംബ ജീവിതത്തെയും സംബന്ധിച്ച് ശരിയായ വെളിച്ചം നൽകാൻ അവർക്ക് സാധിച്ചു. പ്രവാചകനോടൊന്നിച്ച് ദീർഘകാലം അവർ ദാമ്പത്യം പങ്കിട്ടിട്ടില്ലായിരുന്നുവെങ്കിൽ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട പല നിയമങ്ങളും പ്രവാചക മാതൃകകളും നമുക്ക് ലഭിക്കുമായിരുന്നില്ല. നബിതിരുമേനി എന്തിന് ആയിശാ ബീവിയെ വിവാഹം കഴിച്ചുവെന്ന് മനസ്സിലാക്കാൻ അവരിലൂടെ ലഭ്യമായ ഇസ്ലാമിക ജ്ഞാന ശേഖരം തന്നെ ധാരാളമാണ്.

അറബി കവിതകൾ ധാരാളമായി ഹൃദിസ്ഥമാക്കിയിരുന്ന ആയിശാ ബീവി വംശ ചരിത്രത്തിലും വിദഗ്ധയായിരുന്നു. വിശുദ്ധ ഖുർആന്റെ ആത്മാവറിഞ്ഞ് അവർ നൽകിയിരുന്ന വ്യാഖ്യാനം ഏവർക്കും ഏറെ സ്വീകാര്യമായിരുന്നു. ഇവ്വിധം തന്റെ നിയോഗ നിർവ്വഹണത്തിന് വളരെയേറെ സഹായകമാകുമെന്നതിനാലാണ് നബിതിരുമേനി പ്രതിഭാധനയായ ഹസ്റത് ആയിശാ ബീവിയെ തന്റെ ജീവിത പങ്കാളിയാക്കിയത്.
പ്രവാചകന് ഏറെ പ്രിയങ്കരിയായിരുന്ന അവരുടെ മടിയിൽ തല വെച്ചാണ് അവിടുന്ന് ഇൗ ലോകത്തോട് വിട വാങ്ങിയത്. രോഗിയായിരിക്കെ നബി തിരുമേനിയെ ശുശ്രൂഷിച്ചതും അവർ തന്നെ.

ഹിജ്റ വർഷം അൻപത്തെട്ട് റമദാൻ പതിനേഴിന് എക്കാലത്തെയും പണ്ഡിത ശ്രേഷ്ഠകളിൽ പ്രഥമസ്ഥാനീയയായിരുന്ന ആയിശാ ബീവി പരലോകം പ്രാപിച്ചു.

വിവാഹപ്രായവും വിമർശനങ്ങളും
മുഹമ്മദ് നബി ഒമ്പതുവയസുകാരിയെ ബലാൽസംഗം ചെയ്തു. ശൈശവവിവാഹത്തെ പ്രോൽസാഹിപ്പിച്ചു. അതുവഴി സ്ത്രീയുടെ വിദ്യാഭ്യാസത്തിനും സ്വാതന്ത്ര്യത്തിനും നൈസർഗിക വളർച്ചക്കും വ്യക്തിത്വ വികാസത്തിനും തടസ്സം സൃഷ്ടിച്ചു. അൻപത്തഞ്ചുകാരൻ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിക്കുകയായിരുന്നു. മുഹമ്മദ് മാതൃകാ പുരുഷനാണെങ്കിൽ മുസ്ലിംകൾ ഇന്നും ആ മാതൃക പിന്തുടേണ്ടതല്ലേ? തുടങ്ങി പ്രവാചകന്റെ മഹത് വ്യക്തിത്വത്തെ അപഹസിക്കുന്ന ചോദ്യങ്ങളും വിമർശനങ്ങളുമാണ് കേരളത്തിലെ ഇസ്ലാം വിമർശകർ ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. ഇതിനെയെല്ലാമാണ് ഇവിടെ വിശകലന വിധേയമാക്കുന്നത്.

1. പ്രവാചകന്റെ കാലത്ത് ആറും ഏഴും വയസ്സുള്ള കുട്ടികളെ വിവാഹം ചെയ്യുക പതിവായിരുന്നു. ആയിശാ ബീവിയെ വിവാഹാലോചന നടത്തിയ ആദ്യ വ്യക്തിയല്ല മുഹമ്മദ് നബി. അതിനുമുമ്പ് ജുബൈറുബ്നു മുത്വ്ഇം അവരെ വിവാഹാലോചന നടത്തിയിരുന്നു. പ്രവാചകൻ ആയിശാ ബീവിയെ വിവാഹം കഴിച്ചതിൽ എന്തെങ്കിലും അസ്വാഭാവികതയോ അസാംഗത്യമോ ഉണ്ടായിരുന്നെങ്കിൽ അതിനെ പ്രവാചകനെ ആക്ഷേപ ശകാരങ്ങൾ കൊണ്ടു പൊതിഞ്ഞിരുന്ന എതിരാളികൾ കൈകാര്യം ചെയ്യുമായിരുന്നു. സമകാലികരോ അടുത്തകാലംവരെയോ ഒരാൾപോലും ആറു വയസ്സുകാരിയെ വിവാഹം ചെയ്തതിന്റെ പേരിൽ പ്രവാചകനെ കുറ്റപ്പെടുത്തുകയോ വിമർശിക്കുകയോ ചെയ്തിട്ടില്ല.

2. ആയിശാ ബീവി ജീവിതത്തിലൊരിക്കൽ പോലും, തന്നെ ചെറുപ്രായത്തിൽ വിവാഹം ചെയ്തതിന്റെ പേരിൽ ദുഃഖിക്കുകയോ സങ്കടപ്പെടുകയോ പരാതി പറയുകയോ ചെയ്തിട്ടില്ല. തന്നെ ചെറുപ്രായത്തിൽ വിവാഹം ചെയ്തു കൊടുത്തതിന്റെ പേരിൽ മാതാപിതാക്കളെ കുറ്റപ്പെടുത്തിയിട്ടുമില്ല. മറിച്ച് പ്രവാചകനെ ജീവിതപങ്കാളിയായി ലഭിച്ചതിൽ എന്നും എപ്പോഴും അതിയായി സന്തോഷിക്കുകയും അഭിമാനിക്കുകയുമാണ് ചെയ്തിരുന്നത്.

3. പ്രവാചകനുമായുള്ള വിവാഹം ആയിശാ ബീവിയുടെ പഠനത്തെയോ സർഗാത്മകതയെയോ ധൈഷണിക വളർച്ചയെയോ വ്യക്തിത്വ വികാസത്തെയോ ഒട്ടും പ്രതികൂലമായി ബാധിച്ചില്ലെന്ന് മാത്രമല്ല, അതിനെല്ലാം വളരെയേറെ സഹായമാവുകയാണുണ്ടായത്. അവർ എക്കാലത്തെയും ഏറ്റവും പ്രഗത്ഭയും ശ്രേഷ്ഠയും അത്യുജ്ജ്വലയുമായ പണ്ഡിതയും നേതാവുമൊക്കെയായി മാറിയത് പ്രവാചകൻ ചെറുപ്രായത്തിൽ വിവാഹം ചെയ്തതിനാലാണ്. വളരെ ചെറിയ പ്രായം തൊട്ട് തന്നെ അവരെ വളർത്തി, ഉയർത്തിക്കൊണ്ടു വരാൻ സാധിച്ചതിനാലാണ് അവർ ഇന്നോളമുള്ള മനുഷ്യ ചരിത്രത്തിലെ ഏറ്റവും ശ്രേഷ്ഠരും ശ്രദ്ധേയരുമായ വനിതകളുടെ മുന്നണിയിലെത്തിയത്.

4. പ്രവാചകൻ വിവാഹം ചെയ്തതിലൂടെ അവർ വിശ്വാസികളുടെ മാതാവ് എന്ന അത്യുന്നത പദവിയിലേക്കുയർന്നു. ഇതൊക്കെയും സാധ്യമാക്കിയ കൃത്യത്തെയാണ് വിമർശകന്മാർ പരിഹസിക്കുന്നതും ആക്ഷേപി
ക്കുന്നതും.

ദാമ്പത്യബന്ധത്തെ കേവലം ലൈംഗികതയായി കാണുകയും കണക്കാക്കുകയും ചെയ്യുന്നവർക്ക് പ്രവാചകൻ ആയിശാ ബീവിയെ വിവാഹം കഴിച്ചതിന്റെ ഉദ്ദേശ്യവും ലക്ഷ്യവും മനസ്സിലാക്കാനോ ഉൾക്കൊള്ളാനോ കഴിയണമെന്നില്ല. പ്രവാചകനെന്ന നിലയിൽ സമൂഹത്തിലേക്ക് പ്രസരിപ്പിക്കേണ്ട ഒട്ടേറെ ആശയങ്ങളും മൂല്യങ്ങളും നിയമങ്ങളും മാർഗനിർദേശങ്ങളും തലമുറകൾക്ക് പകർന്നു കൊടുക്കാൻ അവരെപ്പോലെ അസാധാരണത്വമുള്ള ഒരു ജീവിത പങ്കാളി അനിവാര്യമായിരുന്നു. സ്ത്രീകളുമായി ബന്ധപ്പെട്ട നിരവധി നിയമനിർദേശങ്ങളും വിധിവിലക്കുകളും സ്വഭാവചര്യകളും പെരുമാറ്റ മര്യാദകളും ആയിശാ ബീവിയിലൂടെയാണ് ലോകത്തിന് കിട്ടിയത്. അബൂഹുറയ്റയെ കഴിച്ചാൽ പ്രവാചകനിൽ നിന്ന് ഏറ്റവും കൂടുതൽ ഹദീസുകൾ നിവേദനം ചെയ്തത് അവരാണ്. ഇക്കാര്യത്തിൽ വനിതകളിൽ ഒന്നാം സ്ഥാനക്കാരിയും അവർ തന്നെ. അതുകൊണ്ട് തന്നെയാണ് പ്രവാചകൻ ചെറുപ്രായത്തിൽ തന്നെ അവരെ പത്നീ പദത്തിലേക്കുയർത്തിയത്. മറ്റൊരു ഭാഷയിൽ അല്ലാഹു അത്തരമൊരു ബന്ധത്തിന് അവസരമൊരുക്കിയത്.

5. പ്രവാചകനും ആയിശാ ബീവിയും തമ്മിലുള്ള ബന്ധം എത്രമേൽ സ്നേഹോഷ്മളവും ഗാഢവുമായിരുന്നുവെന്ന് അതേക്കുറിച്ച് അന്വേഷിക്കുന്ന ഏവർക്കും അനായാസം ബോധ്യമാകും. ചെറുപ്രായത്തിൽ തന്നെ ദാമ്പത്യ ബന്ധം ആരംഭിച്ചുവെന്നത് അതിനെ ദുർബലമാക്കുകയല്ല; മറിച്ച് അങ്ങേയറ്റം ശക്തിപ്പെടുത്തുകയാണുണ്ടായത്.

6. മഹത്തായ ദൗത്യ നിർവഹണത്തിനായി പതിനാലു നൂറ്റാണ്ട് മുമ്പ് പ്രവാചകൻ ചെയ്തതിനെ സ്വന്തം മാനദണ്ഡമുപയോഗിച്ച് ആക്ഷേപിക്കുന്നത് അബദ്ധ പൂർണമാണ്. ഇക്കാര്യത്തിൽ കടുത്ത ഇസ്ലാമിക ശരീഅത്ത് വിമർശകനായ ഡോ. എൻ.എം. മുഹമ്മദലിയും യോജിക്കുന്നു. അദ്ദേഹം എഴുതുന്നു.: “”മുഹമ്മദിന്റെ ഉറ്റമിത്രവും അനുയായിയുമായിരുന്ന അബൂബക്കർ സ്വന്തം പുത്രി ആയിശയെ തന്റെ നേതാവിന് വിവാഹം ചെയ്തുകൊടുക്കാൻ തീരുമാനിച്ചു. പക്ഷേ, മകൾ ആറോ ഏഴോ വയസ്സ് മാത്രമുള്ള ബാലികയായതിനാൽ വിവാഹ നിശ്ചയം മാത്രമെ നടത്തിയുള്ളൂ. കുടുംബങ്ങളും കുലങ്ങളും തമ്മിലുള്ള ബന്ധം സ്ഥാപിക്കാനും സൗഹൃദം നിലനിർത്താനും വിവാഹബന്ധത്തെ അറബികൾ ഉപാധിയാക്കുക പതിവായിരുന്നു. അല്ലാഹുവിന്റെ ദൂതനായ മുഹമ്മദുമായി സ്ഥായിയായ കുടുംബബന്ധം ഉറപ്പ് വരുത്താൻകൂടിയായിരുന്നു അബൂബക്കർ ബാലികയായ പുത്രിയെ മദ്ധ്യവയസ്കനായ മുഹമ്മദിന് വിവാഹം ചെയ്തുകൊടുക്കാൻ തീരുമാനിച്ചത്. ആയിശയുമായുള്ള വിവാഹം ചൂണ്ടിക്കാട്ടി മുഹമ്മദ് ബാലരതിക്കാരൻ (ജലറീുവശഹ) ആണെന്ന് പറയുന്നവരുണ്ട്. ആയിശക്ക് ആറോ ഏഴോ വയസ്സ് പ്രായമുള്ളപ്പോഴാണ് വിവാഹം നടന്നതെങ്കിലും വിവാഹം പൂർത്തീകരിച്ചത് മുഹമ്മദും അനുയായികളും മദീനയിലേക്ക് കുടിയേറിയതിന് ശേഷമാണ്. ആപ്പോൾ ആയിശക്ക് ഒമ്പതോ പത്തോ വയസ്സായി. ആറാം നൂറ്റാണ്ടിലെ അറബികൾക്ക് അത് ഒരു അസാധാരണ വിവാഹവുമായിരുന്നില്ല. അറബികളുടെ മാനദണ്ഡം വെച്ച് നോക്കിയാലും മുഹമ്മദ് ചെയ്തത് തെറ്റായിരുന്നുവെന്ന് മാക്സിം റോഫിൻസൻ പറയുന്നത് മുഹമ്മദിനെ താറടിച്ചു കാണിക്കുകയെന്ന ദുരുദ്ദേശ്യത്തോടെയാണ്.” (മുഹമ്മദ് എന്ന മനുഷ്യൻ: മൈത്രി ബുക്സ് പുറം: 109)
അക്കാലത്ത് സമൂഹത്തിൽ സർവ്വ സാധാരണമായിരുന്ന ഒന്നാണ് അത്തരം വിവാഹങ്ങളെന്നും അതിന്റെ പേരിൽ പ്രവാചകനെ അധിക്ഷേപിക്കുന്നതിലർഥമില്ലെന്നുമാണ് അദ്ദേഹം പോലും അഭിപ്രായപ്പെട്ടത്.

7. പ്രവാചകൻ ചെയ്തതുപോലെ ആറുവയസ്സുകാരിയേയോ ഏഴുവയസ്സുകാരിയേയോ വിവാഹം കഴിക്കാൻ ഇസ്ലാം ആവശ്യപ്പെട്ടിട്ടില്ല. അത് പുണ്യകർമമോ എെച്ഛിക കാര്യമോ ആണെന്ന് ഇന്നോളം ഒരൊറ്റ ഇസ്ലാമിക പണ്ഡിതനും അഭിപ്രായപ്പെട്ടിട്ടില്ല. മുസ്ലിംകളാരും അങ്ങനെ വിശ്വസിക്കുന്നുമില്ല. തന്റെ ജീവിത ചര്യയും മാതൃകകളും സമൂഹത്തിന് കൈമാറാൻ കടപ്പെട്ടിരുന്ന പ്രവാചകനെപ്പോലെ മറ്റാരും ലോകത്തില്ല. അതുകൊണ്ടുതന്നെ തദാവശ്യാർഥം അദ്ദേഹം ചെയ്ത കാര്യം മറ്റുള്ളവർ പിന്തുടരേണ്ട ഒരാവശ്യവുമില്ല. ഇത് അക്കാലത്തെ അദ്ദേഹത്തിന്റെ അനുയായികൾ തൊട്ട് ഇന്നോളമുള്ള മുസ്ലിംകൾക്ക് മനസ്സിലാക്കാൻ ഒട്ടും പ്രയാസപ്പെടേണ്ടി വന്നിട്ടില്ല. ഇസ്ലാം വിമർശകർക്ക് മനസ്സിലായില്ലെങ്കിലും. വിവാഹത്തിന് ഇസ്ലാം നിശ്ചയിച്ച വ്യവസ്ഥ ദമ്പതിമാർക്ക് കാര്യ ബോധമുണ്ടാകണമെന്നാണ്. എത്ര വയസ്സാകണമെന്നല്ല.

8. തന്നേക്കാൾ പ്രായം കുറഞ്ഞ ആയിശാ ബീവിയെ വിവാഹം ചെയ്തതിന്റെ പേരിൽ പ്രവാചകനെ പരിഹസിക്കുന്നവർ ഝാൻസി രാജാവായിരുന്ന ഗംഗാധരൻ റാവു, സോഷ്യൽ കോൺഫ്രൻസ് മൂവ്മെൻറ് സ്ഥാപകനും സാമൂഹിക പരിഷ്കർത്താവുമായ മഹാദേവ് ഗോവിന്ദ് റാം, എ.കെ. ഗോപാലൻ പോലുള്ള അസംഖ്യം പ്രമുഖന്മാരായ നേതാക്കന്മാരുടെ കാര്യത്തിൽ എന്തു പറയുന്നുവെന്നറിയാൻ താല്പര്യമുണ്ട്.

9. തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി.കേശവൻ, ശ്രീരാമകൃഷ്ണ പരമഹംസൻ പോലുള്ള അതിപ്രശസ്തർ ആറും ഏഴും വയസ്സുള്ള പെൺകുട്ടികളെ കല്യാണം കഴിച്ചവരാണ്. ഡോക്ടർ ധോണോ കേശവ് കർവെയും ശ്രീനിവാസ് രാമാനുജനും ഒമ്പതുവയസ്സുകാരികളെയാണ് വിവാഹം ചെയ്തത്.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും രാജ്യം കണ്ട ഏറ്റവും പ്രഗൽഭനായ ന്യായാധിപരിൽ ഒരാളുമായ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരും പ്രമുഖ നാസ്തികനായ പെരിയാർ രാമസ്വാമിയും മനോരമയുടെ സ്ഥാപക നേതാവ് മാമൻ മാപ്പിളയും അതുപോലുള്ള നൂറുകണക്കിന് പ്രഗത്ഭരും വിവാഹം കഴിച്ചത് പത്തോ പന്ത്രണ്ടോ പതിനാലോ വയസ്സുള്ള പെൺകുട്ടികളെയാണ്. മാമ്മൻമാപ്പിളയുടെ ഭാര്യ പ്രസവിച്ചത് പതിനൊന്നാമത്തെ വയസ്സിലാണ്.

ശ്രീകുമാരൻ തമ്പി എഴുതുന്നു: “”പത്തു വയസ്സിൽ വിവാഹിതരാകുന്ന പെൺകുട്ടി പതിമൂന്നാം വയസ്സിൽ അമ്മയാകും. എന്റെ അമ്മച്ചിയും മൂത്ത മകളും തമ്മിൽ പതിമൂന്ന് വയസ്സിന്റെ വ്യത്യാസമേയുള്ളൂ. വല്യമ്മയും അവരുടെ മൂത്ത പുത്രി ചെല്ലമ്മ തങ്കച്ചിയും തമ്മിലും അതേ വ്യത്യാസം മാത്രമേയുള്ളൂ.” (മാതൃഭൂമി ആഴ്ചപ്പതിപ്പ്: 2019 സെപ്തംബർ 22-28)

ഇന്ന് ഇന്ത്യയിൽ ആരെങ്കിലും അങ്ങനെ ചെയ്താൽ പോക്സോ പ്രകാരം അറസ്റ്റ് ചെയ്യപ്പെടും. അടുത്ത കാലം വരെയും ഇന്ത്യയിലുടനീളം അഞ്ചും ആറും ഏഴും വയസ്സുള്ള പെൺകുട്ടികളെ കല്യാണം കഴിക്കുന്ന പതിവുണ്ടായിരുന്നു. അതിനേക്കാൾ ചെറിയകുട്ടികളെയും വിവാഹം ചെയ്യുന്ന സമ്പ്രദായം പലേടത്തും നിലനിന്നിരുന്നു. അതുകൊണ്ടുതന്നെയാണ് പ്രവാചകന്റെ ആയിശാ ബീവിയുമായുള്ള വിവാഹം വിവാദ വിഷയം പോലും ആകാതിരുന്നത്.

ഇതൊന്നും അടുത്തകാലം വരെയും ലോകത്തെവിടെയും ആക്ഷേപകരമോ വിമർശന വിധേയമോ ആയിരുന്നില്ല. അമേരിക്ക പോലുള്ള പല നാടുകളിലും പന്ത്രണ്ടാമത്തെ വയസ്സിൽ പെൺകുട്ടികൾ ഇപ്പോഴും വിവാഹം ചെയ്യപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ ആയിശാ ബീവിയെ വിവാഹം ചെയ്തതിന്റെ പേരിൽ പ്രവാചകനെ വിമർശിക്കുന്നവരും പരിഹസിക്കുന്നവരും സ്വന്തം മനസ്സിന്റെ വൈകല്യവും മാലിന്യവും തുറന്നു കാണിക്കുകയാണ് ചെയ്യുന്നത്. ( തുടരും )

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles