Current Date

Search
Close this search box.
Search
Close this search box.

ഇസ്ലാമിക പ്രബോധനത്തിന്‍റെ ഗൃഹപാഠം ( 3 – 6 )

പെരുമാറ്റ രീതികള്‍ക്കും സ്വഭാവ മര്യാദകള്‍ക്കും പുറമെ, മനുഷ്യ ജീവതവുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളില്‍ ഇസ്ലാം വ്യക്തമായ ദിശയും നിയമങ്ങളും സമര്‍പ്പിക്കുന്നുണ്ട്. ഇസ്ലാമിന്‍റെ കാഴ്ചപ്പാടില്‍ പ്രാര്‍ഥനകളും ആരാധനകളും മാത്രമല്ല, ജീവതം മുഴുവനും അല്ലാഹുവിന്‍റെ ദീനിന് പൂര്‍ണമായും കീഴ്പ്പെട്ട്കൊണ്ടായിരിക്കണം. മനുഷ്യന്‍ അല്ലാഹുവന്‍റെ അടിമയാണ്. ആ നിലയില്‍ അല്ലാഹുവിനെ അവഗണിക്കാനും തന്‍റെ ഇഛ പോലെ ജീവിത ഇടപാടുകള്‍ നടപ്പാക്കാനും അയാള്‍ക്ക് അവകാശമില്ല. അങ്ങനെ അയാള്‍ ചെയ്യുകയാണെങ്കില്‍ എല്ലാ പരിധികളും ലംഘിച്ചുകൊണ്ടുള്ള കടുത്ത അനീതിയായിരിക്കും അത്. അതിന് ഇഹ ലോകത്തും പരലോകത്തും മറുപടി പറയേണ്ടി വരും. അയാളുടെ അന്ത്യമാകട്ടെ നല്ല നിലയിലുമായിരിക്കുകയുമില്ല.

അത്കൊണ്ട് സ്വന്തം ജീവിത പ്രശ്നങ്ങളുടെ പരിഹാരത്തിനായി ഒരാള്‍ സ്വയം അല്ലാഹുവിന്‍റെ സ്ഥാനത്ത് അവരോധിതനാവുകയാണെങ്കില്‍ അയാള്‍ രണ്ട് ആത്യന്തിക നിലപാടുകളിലാണ് ഉള്‍പ്പെടുന്നത്. അയാള്‍ക്ക് സത്യത്തിന്‍രെയും നീതിയുടേയും സംരക്ഷണം നഷ്ടപ്പെടുന്നു. അത്തരമൊരു മാറ്റം ഉടലെടുക്കുമ്പോള്‍ ചിലപ്പോള്‍ വ്യക്തികള്‍ മര്‍ദിക്കപ്പെടുന്നു. മറ്റു ചിലപ്പോഴാകട്ടെ ചിലര്‍ ചിലരെ മര്‍ദിക്കുന്നു. അങ്ങനെ ശക്തര്‍ ദുര്‍ബലരെ ചൂഷണം ചെയ്യുന്നത് തുടര്‍ന്ന് കൊണ്ടിരിക്കുന്നു. നമ്മുടെ ജീവിത വ്യവഹാരങ്ങള്‍ അല്ലാഹുവില്‍നിന്ന് വേര്‍പെടുത്തുമ്പോള്‍ സംഭവിക്കുന്ന സ്വഭാവിക പരിണാമമാണിത്. കഴിഞ്ഞ കാലത്ത് മനുഷ്യന് ഇത് ഒഴിവാക്കാന്‍ കഴിഞ്ഞിട്ടില്ല. ഭാവിയിലും അത് അങ്ങനെ തന്നെയായിരിക്കും.

ഇസ്ലാമില്‍ അല്ലാഹുവിന്‍റെ ഇഛയനുസരിച്ച് മനുഷ്യമുഖമുള്ള സമ്പദ് വ്യവസ്ഥയും സമൂഹഘടനയും രാഷ്ട്രീയ സംവിധാനവുമാണുള്ളത്. നീതിയുടെ അടിസ്ഥാനത്തില്‍ കുടുംബം മുതല്‍ സമൂഹം വരേയും അവിടെനിന്ന് രാഷ്ട്രം വരേയും ജീവിതത്തിന്‍റെ വിവിധ ഘടകങ്ങളെ സമന്വയിപ്പിക്കാന്‍ വേണ്ടിയാണിത്. രാജകുമാരനും പുരോഹിതനും തമ്മില്‍ യാതൊരു വിത്യാസവുമില്ലാത്ത സന്തുലിതമായ നിയമമാണ് അത് നല്‍കുന്നത്. മര്‍ദിതര്‍ക്ക് അവരുടെ പൂര്‍ണ അവകാശം ലഭിക്കണമെന്നും കുറ്റവാളികള്‍ക്ക് അവരുടെ കുറ്റത്തിന് ശരിയായ ശിക്ഷ ലഭിക്കണമെന്നും ഇസ്ലാം ഉദ്ഘോഷിക്കുന്നു. ഏറ്റവും ദുര്‍ബലനായ ഒരു മനുഷ്യന് പോലും തനിക്ക് സംരക്ഷണം ലഭിക്കുന്നുണ്ട് എന്നും ഏറ്റവും ശക്തനായ മനുഷ്യന്‍ മറ്റുള്ളവര്‍ക്ക് നേരെ മര്‍ദനം അഴിച്ച് വിടുന്നതിന് മുമ്പായി നൂറു വട്ടം അതേക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതുമായ നിയമമാണ് ഇസ്ലാം രൂപപ്പെടുത്തുന്നത്. നീതി ഉയര്‍ത്തിപിടിക്കുന്ന ഏറ്റവും നല്ല വ്യവസ്ഥയാണ് ഇസ്ലാം. അത് മുഴുവന്‍ ലോകത്തു സ്ഥാപിതമാവാന്‍ അത് ആഗ്രഹിക്കുന്നു.

ഇസ്ലാം ഒരു പ്രബോധന മതം
ഇസ്ലാമിനെ കുറിച്ച ലഘുപരിചയപ്പെടുത്തലാണ് ഇതുവരെ നടത്തിയത്. അത് ഒരു ക്ഷണമാണ്; പ്രസ്ഥാനമാണ്; വിപ്ലവമാണ്. ആത്മീയ പ്രസ്ഥാനങ്ങളുടേയും ഭൗതിക ചിന്താസരണികളുടേയും ഉയര്‍ച്ച ലോകം കണ്ടുകൊണ്ടിരിക്കുന്നു. ഭൗതിക പ്രസ്ഥാനങ്ങള്‍ മനുഷ്യന്‍റെ ഭൗതിക പ്രശ്നങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുമ്പോള്‍ ആത്മീയ പ്രസ്ഥാനങ്ങള്‍ ആത്മാവിനെ ശുദ്ധീകരിക്കുന്നതിന് ഊന്നല്‍ നല്‍കുന്നു. ഭൗതിക പ്രസ്ഥാനങ്ങള്‍ ഒുന്നുകില്‍ മനുഷ്യന്‍റെ സാമ്പത്തിക പ്രശ്നങ്ങളില്‍ പരിമിതമാണ് അല്ലെങ്കില്‍ രാഷ്ട്രീയ അധികാരം പിടിച്ചെടുക്കുക എന്നതാണ് അവയുടെ ലക്ഷ്യം. മറ്റു ചിലര്‍ ചിന്തിക്കുന്നത് അസ്പൃശ്യതയാണ് ലോകത്തെ ഏറ്റവും വലിയ പ്രശ്നമെന്നാണ്. വേറെ ചിലരാകട്ടെ വിദ്യാഭ്യാസവും വ്യവസായവും സാങ്കേതിക വിദ്യയുമൊക്കെയാണ് വലിയ പ്രശ്നമെന്ന് കരുതി അതിന് ഊന്നല്‍ നല്‍കുന്നു. മറ്റൊരു പ്രശ്നവും അവരുടെ മുമ്പിലില്ല.

ആത്മാവിന്‍റെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആത്മീയ സംഘങ്ങള്‍ ഭൗതികലോകത്തിന്‍റെ തിരസ്കാര സുവിഷേശമാണ് പ്രചരിപ്പിക്കുന്നത്. സന്യാസത്തിലധിഷ്ഠിതമായ ആത്മനിയന്ത്രണത്തിലൂടെ ഭൗതിക വ്യവഹാരങ്ങളില്‍നിന്ന് പിന്‍വാങ്ങുന്നതിന്‍റെ കലയാണ് അവര്‍ അഭ്യസിപ്പിക്കുന്നത്.

ഇതിന് നേര്‍ വിപരീതമെന്നോണം ഇസ്ലാം മനുഷ്യ അസ്തിത്വത്തിന്‍രെ ഏതെങ്കിലും ഒരു പ്രശ്നമല്ല ഏറ്റെടുക്കുന്നത്. മനുഷ്യന്‍റെ എല്ലാ പ്രശ്നങ്ങളും അത് കൈകാര്യം ചെയ്യുന്നു. ഭൗതികവും ആത്മീയവുമായ കാര്യങ്ങള്‍ക്ക് പ്രത്യേക ദിശ നിര്‍ണയിച്ചുകൊടുക്കുകയും അവന്‍റെ എല്ലാ ആവശ്യങ്ങളും പൂര്‍ത്തീകരിക്കേണ്ടത് എങ്ങനെ എന്ന് പഠിപ്പിക്കുകയും ചെയ്യുന്നു. ഈ ഉദ്ദ്യേശം മുമ്പില്‍ വെച്ചാണ് ഇസ്ലാമിക പ്രബോധകന്‍ തന്‍റെ സാഹസിക യത്നത്തിന് മുതിരുന്നത്. എത്ര ഉത്തമായ കര്‍ത്തവ്യമാണ് അവര്‍ക്ക് ഏറ്റെടുത്ത് നടത്താനുള്ളത്!

പ്രബോധന പ്രവര്‍ത്തനങ്ങളുടെ ഗൃഹപാഠം
തനിക്കായി സ്വയം തെരെഞ്ഞെടുത്ത സത്യം മറ്റുള്ളവര്‍ക്ക് കൂടി പകര്‍ന്ന്കൊടുക്കലാണ് പ്രബോധന പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനം. താന്‍ സത്യമെന്ന് കരുതുന്ന ഒരു പാന്ഥാവിലേക്ക് മറ്റുള്ളവരെ കൂടി ക്ഷണിക്കാന്‍ അയാള്‍ ബാധ്യസഥനാണ്. താന്‍ തെരെഞ്ഞെടുത്ത വിശ്വാസവും കര്‍മ്മവും സമൂഹവും രാഷ്ട്രീയവും ഭരണഘടനയും നിയമവും മറ്റുള്ളവര്‍ക്ക് കൂടിയുള്ളതാണെന്ന് അയാള്‍ പരിഗണിക്കണം. അയാള്‍ക്ക് സ്വീകാര്യമല്ലാത്ത ഒരു ദൈവം മറ്റുള്ളവര്‍ക്കും സ്വീകാര്യമാകാവതല്ല എന്ന വിപ്ലവബോധം അയാളില്‍ ജനിക്കണം. പാപങ്ങളും കുറ്റകൃത്യങ്ങളും അയാള്‍ക്കെന്ന പോലെ മറ്റുള്ളവര്‍ക്കും ഹാനികരമാണ്. പരലോക ജീവിതത്തില്‍ വിശ്വാസമില്ലാത്ത ജീവിതം അയാള്‍ക്കെന്ന പോലെ മറ്റുള്ളവര്‍ക്കും അപ്രായോഗികമാണ്.

സ്വന്തം ജീവിതത്തിനായി സത്യം തെരെഞ്ഞെടുത്ത ഒരാള്‍ അത് മറ്റുള്ളവര്‍ക്ക് ലഭിക്കാതിരിക്കുമ്പോള്‍ അടങ്ങിയിരിക്കുന്നതില്‍ എന്തൊ അസ്വാഭാവികതയുണ്ട്. അല്ലാഹുവന്‍റെ ദീനില്‍ വിശ്വാസമുണ്ടെങ്കിലും അത് ലോകത്ത് സ്ഥാപിക്കുന്നതിലുള്ള ശ്രദ്ധയില്ലായ്മയാണ് അവിടെ കാണാന്‍ കഴിയുക. ചുറ്റുമുള്ള കാര്യങ്ങള്‍ ശരിയല്ലെന്ന അറിവുണ്ടെങ്കിലും സ്വയം യാതൊരു ചലനവും സൃഷ്ടിക്കാത്തവരെ കാണാം.

തങ്ങളുടെ ലക്ഷ്യവും മാര്‍ഗവും ശരിയാണെന്ന് പ്രഖ്യാപിക്കുകയും സ്വന്തം ജീവിതത്തില്‍ അത് സ്വീകരിക്കുകയും ചെയ്തതിന് ശേഷം അത് മറ്റുള്ളവരെ സ്വീകരിക്കാന്‍ പ്രേരിപ്പിക്കാത്തവര്‍ ശുചിത്വത്തെ കുറിച്ച് തികഞ്ഞ ഔചിത്യബോധം ഉണ്ടായിരുന്നിട്ടും സ്വന്തം മൂക്കിന് ചുവട്ടില്‍ മാലിന്യം അടിഞ്ഞുകൂടുന്നത് കാണാത്തവരെ പോലെയാണ്. കുന്നുകൂടിയ ചപ്പുചവറുകള്‍ വൃത്തിയാക്കാനും ആ സ്ഥാനത്ത് നറുമണമുള്ള പുഷ്പങ്ങള്‍ വിതറാനും അവര്‍ക്ക് താല്‍പര്യമില്ല എന്നാണര്‍ത്ഥം. അത്തരം നിഷ്ക്രിയരായ വ്യക്തികള്‍ക്ക് മുമ്പില്‍ ഇസ്ലാമിന്‍റെ വാതില്‍ തുറക്കപ്പെടുന്നില്ല. അത്തരക്കാര്‍ കടന്നുവന്നാല്‍ തന്നെ ആ കൂട്ടായ്മയില്‍നിന്ന് അവര്‍ പെട്ടെന്ന് വേര്‍പെട്ട് പോകും.

പ്രബോധന പ്രവര്‍ത്തന മേഖല
പ്രബോധന പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ ഉത്തരവാദിത്വമെന്തെന്നും പ്രബോധന പ്രവര്‍ത്തന മേഖല ഏതെന്നും ചില ആളുകള്‍ അത്ഭുതത്തോടെ ചോദിക്കും. അല്ലാഹുവിന്‍റെ ദീന്‍ ഭൂമിയില്‍ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് വരുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഈ ചോദ്യത്തിന് ഒട്ടും പ്രസക്തിയില്ല. അവന് ചുറ്റും ധാരാളം ജോലികളുണ്ട്. കപട ദൈവങ്ങളുടെ അടിമത്വത്തില്‍നിന്ന് ജനങ്ങളെ മോചിപ്പിച്ച് ഒരൊറ്റ അല്ലാഹുവിന്‍റെ അധീനതയിലേക്ക് അവരെ കൊണ്ടുവരേണ്ടതുണ്ട്. നിരീശരത്വത്തിനും ബഹുദൈവത്വത്തിനും എതിരെ അയാള്‍ക്ക് രണാങ്കണത്തിലിറങ്ങേണ്ടതുണ്ട്.

അവിശ്വാസത്തേയും മതനിരാസത്തേയും നേരിടണം. അധാര്‍മികതക്കും ദുരഭിമാനത്തിനും വഞ്ചന, കൈക്കൂലി, തട്ടിപ്പ് എന്നിവക്കെതിരെയും അയള്‍ക്ക് പൊരുതേണ്ടതുണ്ട്. ശരിയായ വിശ്വാസത്തിലേക്കും കര്‍മങ്ങളിലേക്കും ഉന്നത സ്വഭാവ ഗുണങ്ങളിലേക്കും അല്ലാഹുവിന്‍റെ അനുസരണത്തിലേക്കും സംസ്കാരത്തിലേക്കും രാഷ്ട്രീയതിലേക്കും ജനങ്ങളെ ക്ഷണിക്കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. നന്മ കല്‍പിക്കാനും തിന്മ വിരോധിക്കാനുമാണ് അയാള്‍ നിലകൊള്ളുന്നത്. ചുരുക്കത്തില്‍ ഒരു തിന്മയും ഭൂമിയില്‍ അവശേഷിക്കാതിരിക്കുകയും മുഴുവന്‍ നന്മയും ചെയ്ത് തീരാത്തേടുത്തോളവും പ്രബോധകന്‍രെ ജോലി തുടര്‍ന്ന്കൊണ്ടേയിരിക്കും.

ഭൗതിക പ്രസ്ഥാനങ്ങളും അവയുടെ സജീവ പ്രവര്‍ത്തകരും പരിമിതമായ ലക്ഷ്യ സാക്ഷാല്‍കാരത്തിനും ഒരു പ്രത്യേക ദേശത്തിനും ജനവിഭാഗത്തിനും വേണ്ടി പ്രവൃത്തിക്കുന്നു. ചിലര്‍ തൊഴിലാളി വര്‍ഗ്ഗത്തിനും മറ്റുചിലര്‍ മുതലാളിത്ത താല്‍പര്യങ്ങള്‍ക്കും മറ്റു ചിലര്‍ കുലീന ജാതിക്കാര്‍ക്കായും മറ്റു ചിലര്‍ താഴ്ന്ന ജാതിക്കാര്‍ക്കായും സമരം നടത്തുന്നു. ചിലര്‍ ന്യൂനപക്ഷങ്ങളില്‍ താല്‍പര്യം കാണിക്കുമ്പോള്‍ വേറെ ചിലരാകട്ടെ ഭൂരിപക്ഷ സമൂഹത്തിലാണ് കണ്ണ്. ചിലര്‍ അവരുടെ കാഴ്ചപ്പാടിലുള്ള പ്രത്യേക ദേശത്തിനായും മറ്റുചിലര്‍ സാമൂഹ്യ പരിഷ്കരണത്തിനായും വേറെ ചിലര്‍ വിദ്യാഭ്യാസ പുരോഗതിക്കായും നിലകൊള്ളുന്നു.

എന്നാല്‍ വെറെ ചിലരകട്ടെ സാമ്പത്തിക വിപ്ലവത്തിന് മുദ്രാവാക്യം മുഴക്കുമ്പോള്‍ മറ്റു ചിലര്‍ രാഷ്ട്രീയ മുന്നേറ്റത്തിന് ശബ്ദമുയര്‍ത്തുന്നു. അങ്ങനെ പലതിനായും മുറവിളി ഉയരാറുണ്ട്. സത്യത്തില്‍ ഓരോ സംഘവും ഇടുങ്ങിയ വൃത്തത്തില്‍ ബന്ധിതരാണ്. ഈ വൃത്തത്തിനപ്പുറം മറ്റൊരു ജോലിയും ഇല്ലാത്തതു പോലെ ലക്ഷ്യം തന്നെ വളരെ പരിമിതപ്പെടുത്തിയിരിക്കുകയാണ് ഇവിടെ. അങ്ങനെ പരിമിതപ്പെടുത്തിയവര്‍ക്ക് പോലും, വേണ്ടത്ര പ്രവര്‍ത്തിക്കാനുണ്ടെങ്കില്‍, മനുഷ്യന്‍റെ ഇഹ പര വിജയം ഉറപ്പ് വരുത്തുന്ന, സര്‍വ മനുഷ്യരെയും ഉള്‍കൊള്ളുന്ന ഇസ്ലാമിന്‍റെ വാക്താക്കള്‍ക്ക് പ്രത്യേകമായ ഉത്തരവാദിത്തം ഇല്ലാതിരിക്കുക എന്നത് എന്തൊരു അത്ഭുതമാണ്? ( തുടരും )

വിവ: ഇബ്റാഹീം ശംനാട്

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles