Current Date

Search
Close this search box.
Search
Close this search box.

ഇസ്ലാമിക പ്രബോധനത്തിന്‍റെ ഗൃഹപാഠം ( 2 – 6 )

വിശ്വാസ പ്രമാണങ്ങള്‍ക്ക് ശേഷം ഇസ്ലാമില്‍ ഏറ്റവും പ്രാധാന്യമുള്ള കാര്യമാണല്ലോ ആരാധനകള്‍. നമസ്കാരം, നോമ്പ്, ഹജ്ജ്, സകാത്ത്, ദിക്ര്‍, ദുആ, പാപമോചനം അതെല്ലാം ആരാധനകളുടെ വകഭേദങ്ങളാണ്. മനുഷ്യന്‍ തന്‍റെ അസ്തിത്വത്തിന്‍റെ പല വശങ്ങളിലൂടെയും അല്ലാഹുവുമായി ബന്ധം സ്ഥാപിക്കുന്നു. അല്ലാഹുവുമായുള്ള ബന്ധത്തെ വെളിപ്പെടുത്തുന്നതാണ് ഇസ്ലാമിലെ ആരാധനകള്‍. അങ്ങേയറ്റത്തെ വണക്കവും സമര്‍പ്പണവുമാണ് നമസ്കാരം. നമസ്കാരത്തിലൂടെ മനുഷ്യന്‍ പരിപൂര്‍ണനായ അടിമയായി പരിവര്‍ത്തിപ്പിക്കപ്പെടുന്നു. കുമ്പിടുന്നതിലൂടെ അയാള്‍ അല്ലാഹുവിന്‍റെ ദിവ്യത്വം പൂര്‍ണമായി അംഗീകരിക്കുകയാണ് ചെയ്യുന്നത്.

തന്‍റെ സമ്പത്ത് അല്ലാഹുവിന്‍റെ കല്‍പന പ്രകാരം ചെലവഴിക്കുമെന്നതിന്‍റെ അടയാളപ്പെടുത്തലാണ് സക്കാത്ത്. തന്‍റെ ശരീരവും ആത്മാവും അല്ലാഹുവിന് അടിയറവെച്ച് തന്‍റെ സമ്പത്തും ആരോഗ്യവും സൃഷ്ടാവിന്‍റെ മുമ്പില്‍ സമര്‍പ്പിക്കുകയാണ് വിശ്വാസി ചെയ്യുന്നത്. നമസ്കാരവും സക്കാത്തും രക്ഷിതാവിനോടുള്ള സേ്നഹത്തിന്‍റെ പ്രകടനമെന്നത് പോലെ സഹജീവികളോടുള്ള ആര്‍ദ്രതയുടേയും ദയാവായ്പിന്‍റെയും പ്രതീകം കൂടിയാണ്. വൃതാനുഷ്ഠാനം വിശ്വാസികളില്‍ അല്ലാഹുവിനോടുള്ള ഭയവും സന്മാര്‍ഗനിഷ്ഠയും സൃഷ്ടിക്കുന്നു. അത് നമ്മെ സഹനത്തിന്‍റെ പാഠം പഠിപ്പിക്കുന്നു.

അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ജീവിത സാക്ഷാല്‍കാരത്തിനുള്ള സമരത്തിന്‍റെയും ത്യാഗത്തിന്‍റെയും പേരാണല്ലോ ഹജ്ജ്. ഇത്തരത്തിലുള്ള ആരാധനകളും പ്രര്‍ത്ഥനകളുമെല്ലാം അല്ലാഹുവിനും അവന്‍റെ അടിമക്കും ഇടയില്‍ നിലനില്‍ക്കുന്ന, അല്ലെങ്കില്‍ നിലനില്‍ക്കേണ്ട ബന്ധങ്ങളെയാണ് വെളിപ്പെടുത്തുന്നത്.

ആരാധനകളും പ്രര്‍ത്ഥനകളും അതിന്‍റെ യഥാര്‍ത്ഥ ചൈതന്യത്തോടെ നിര്‍വഹിക്കുമ്പോള്‍ ഭയഭക്തി, സന്മാര്‍ഗ നിഷ്ഠ, ദൈവഭയം,ആദരവ്, സമര്‍പ്പണബോധം, ആത്മാര്‍ത്ഥത, ദൈവത്തിന് മുമ്പിലെ പ്രണാമം തുടങ്ങിയ എല്ലാ സദ്ഗുണങ്ങളും അയാളില്‍ സന്നിവേശിപ്പിക്കപ്പെടുന്നു. തന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളും അല്ലാഹുവിന് പ്രത്യേകമാക്കിയിരിക്കുകയാണ്. അതോടൊപ്പം അയാള്‍ ദൈവത്തെ ഭയപ്പെടാനും ആരാധിക്കാനും തുടങ്ങുന്നു. അവനെ ആരാധിക്കുവാനും അനുസരിക്കുവാനും അയാള്‍ക്ക് അതിയായ താല്‍പര്യമാണ് ഉണ്ടാകുന്നത്. അവനെ ധിക്കരിക്കുന്നതൊ നന്ദികേട് കാണിക്കുന്നതൊ അയാള്‍ക്ക് ആലോചിക്കാന്‍ പോലും സാധ്യമല്ല.

വിശ്വാസ പ്രമാണങ്ങള്‍ക്ക് ശേഷം ഇസ്ലാമില്‍ ഏറ്റവും പ്രാധാന്യമുള്ള കാര്യമാണല്ലോ ആരാധനകള്‍. നമസ്കാരം, നോമ്പ്, ഹജ്ജ്, സകാത്ത്, ദിക്ര്‍, ദുആ, പാപമോചനം അതെല്ലാം ആരാധനകളുടെ വകഭേദങ്ങളാണ്.

അധര്‍മത്തിനെതിരായ സമരബോധം സത്യവിശ്വാസയില്‍ ആളിപ്പടരുന്നു. ഏത് വിപല്‍ഘട്ടത്തിലും ഉറച്ച് നില്‍ക്കാനുള്ള ആര്‍ജവം അയാള്‍ കാണിക്കുന്നു. സഹജീവികളെ സഹായിക്കണമെന്നും അവരെ സേവിക്കണമെന്നും അവരോട് ആര്‍ദ്രത കാണിക്കണമെന്നുമുള്ള ബോധം അയാളില്‍ ശക്തിപ്പെടുകയും അങ്ങനെ ജീവിതം മുഴുവന്‍ അല്ലാഹുവിന് സമര്‍പ്പിക്കുകയും ചെയ്യുന്നു. ആത്മാര്‍ത്ഥമായി ഇതെല്ലാം ചെയ്യുമ്പോള്‍ അതെല്ലാം യഥാര്‍ത്ഥ ആരാധനകളായി മാറുന്നു. ഖുര്‍ആന്‍ പറയുന്നു: പറയുക: നിശ്ചയാമായും എന്‍റെ നമസ്കാരവും ആരാധനാകര്‍മങ്ങളും ജീവിതവും മരണവുമെല്ലാം പ്രപഞ്ചനാഥനായ അല്ലാഹുവിനുള്ളതാണ്. ( അല്‍ അന്‍ആം: 162 )

പെരുമറ്റ രീതി
വിശ്വാസ പ്രമാണങ്ങളും ആരാധനകളും കഴിഞ്ഞാല്‍ ഇസ്ലാം ഏറ്റവും പ്രാധാന്യം നല്‍കിയ കാര്യമാണ് നമ്മുടെ പെരുമാറ്റ രീതി. ഉന്നത സ്വഭാവ ഗുണങ്ങള്‍ മനുഷ്യ ബന്ധങ്ങളില്‍ ഊഷ്മളതയും സൗന്ദര്യവും സൃഷ്ടിക്കുകയും അത് മനുഷ്യന്‍റെ നിലനില്‍പിന് താങ്ങും തണലുമായി വര്‍ത്തിക്കുകയും ചെയ്യുന്നു. പെരുമാറ്റരീതിയാണ് മനുഷ്യ സ്വഭാവം അളക്കാനുള്ള ഏറ്റവും നല്ല മാപിനി. ജീവിത വ്യവഹാരങ്ങളില്‍ മനുഷ്യന്‍റെ നിലപാടുകള്‍ മനസ്സിലാക്കാനുള്ള സൂചികയാണത്. മറ്റുള്ളരോടുള്ള സേ്നഹത്തിന്‍റെ തീവ്രത എത്ര, അവര്‍ക്ക് വേണ്ടി എന്തെല്ലാം ത്യാഗം സഹിക്കാന്‍ സദ്ധനാണ്, അവരുടെ പങ്കപ്പാടുകളെ കുറിച്ച് അയാള്‍ എത്രത്തോളം മനസ്സിലാക്കുന്നു, അവര്‍ക്ക് വേണ്ടി എന്ത് സഹായം നല്‍കുന്നു തുടങ്ങിയ കാര്യങ്ങള്‍ അതില്‍ പ്രധാനമാണ്. ഉന്നത സ്വഭാവ ഗുണങ്ങളുടെ അഭാവത്തിലാകട്ടെ മനുഷ്യന്‍ നിശ്ചലമായ യന്ത്രമായി ചുരുങ്ങുകയോ വന്യ മൃഗത്തോളം അധപതിക്കുകയോ ചെയ്യുന്നു.

വിശ്വാസികളുടെ ഗുണഗണങ്ങള്‍ ഖുര്‍ആന്‍ വിശദീകരിക്കുന്നേടത്തെല്ലാം അവരുടെ സ്വഭാവ ഗുണത്തിനാണ് പരമപ്രാധാന്യം നല്‍കിയതെന്ന് കാണാം. ഒരു സത്യവിശ്വാസി എന്നാല്‍ ഉന്നത സ്വഭാവ ഗുണമുള്ളവന്‍ എന്നല്ലാതെ ഖുര്‍ആന്‍ മനസ്സിലാക്കി തരുന്നില്ല. വിശ്വാസികള്‍ ആളുകളോട് അനുകമ്പയുള്ളവരും അവരുടെ ഗുണകാംക്ഷികളുമാണ് എന്ന് ഖുര്‍ആന്‍ പറയുന്നു. അവര്‍ വിശ്വസ്തരാണ്, ആത്മാര്‍തഥയുള്ളവരാണ്, സത്യസന്ധരാണ്. അവര്‍ അവരുടെ കരാറുകളും വാഗ്ദാനങ്ങളും പൂര്‍ത്തീകരിക്കുന്നു. മ്ലേച്ച കാര്യങ്ങളില്‍നിന്നും തെറ്റായ ചെയ്തികളി നിന്നും അവര്‍ ഒഴിഞ്ഞു നില്‍ക്കുകയും പാതിവൃത്യം സംരക്ഷിക്കുകയും ചെയ്യുന്നു. മാപ്പ് നല്‍കുന്ന പ്രൃകൃതമാണവര്‍ക്കുള്ളത്.

ഇസ്ലാമില്‍ ധാര്‍മിക മൂല്യങ്ങള്‍ക്ക് ഒരിക്കലും മാറ്റം വരുന്ന പ്രശ്നമില്ല. അത് ക്ഷണികമല്ലെന്നു മാത്രമല്ല സനാതന മൂല്യങ്ങളാണവ. സത്യവും സത്യസന്ധതയും എല്ലാവരിലും സ്ഥായിയായി ഉണ്ടാവേണ്ട ഗുണങ്ങളാണ്.

ആഢംബരവും ഗര്‍വ്വും അവരെ തൊട്ട് തീണ്ടുകയില്ല. വിനയവും എളിമയും വിശ്വാസികളുടെ മുഖമുദ്രയത്രെ. അവര്‍ സൗമ്യമായി സംസാരിക്കുന്നവരും ശാന്ത പ്രകൃതരുമാണ്. അജ്ഞത അവര്‍ പ്രകടിപ്പിക്കുകയില്ല. അപരിഷ്കൃതത്വം അവരുടെ സ്വഭാവവുമല്ല. അല്ലാഹു ഏല്‍പിച്ച ഒരു ഉത്തരവാദിത്തം എന്ന നിലയിലാണ് അവര്‍ സമ്പത്തിനെ കാണുന്നത്. അമിതമായോ തെറ്റായ കാര്യങ്ങള്‍ക്കായോ അവര്‍ സമ്പത്ത് ചെലവഴിക്കുകയില്ല. മറ്റുള്ളവരുടെ അവകാശങ്ങള്‍ അവര്‍ അംഗീകരിക്കുകയും ക്രൂരതയില്‍ നിന്നും അക്രമ പ്രവര്‍ത്തനങ്ങളില്‍നിന്നും അവര്‍ സ്വയം മുക്തരായിരിക്കും. അവര്‍ നിരപരാധികളുടെ രക്തം ചിന്തുകയൊ മറ്റുള്ളവരുടെ സമ്പത്ത് അന്യായമായി കൈയ്യടക്കുകയൊ ഇല്ല. വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയില്ല. അവര്‍ അല്ലാഹുവിന്‍റെ വിനീത ദാസന്മാരാണ്. അല്ലാഹുവിന്‍റെ മറ്റ് അടിമകളെ ദ്രോഹിക്കാത്ത സച്ചരിതരായ അടിമകള്‍.

സര്‍വോപരി ഇസ്ലാമില്‍ ധാര്‍മിക മൂല്യങ്ങള്‍ക്ക് ഒരിക്കലും മാറ്റം വരുന്ന പ്രശ്നമില്ല. അത് ക്ഷണികമല്ലെന്നു മാത്രമല്ല സനാതന മൂല്യങ്ങളാണവ. സത്യവും സത്യസന്ധതയും എല്ലാവരിലും സ്ഥായിയായി ഉണ്ടാവേണ്ട ഗുണങ്ങളാണ്. സത്യസന്ധത ഇല്ലായ്മ, കൃത്യതയില്ലാത്ത ഇടപാടുകള്‍ ഇവയെല്ലാം ശക്തമായി അപലപിക്കപ്പെടേണ്ടതുണ്ട്. സത്യസന്ധതയും വിനയവും എന്ത് വില കൊടുത്തും സംരക്ഷിക്കണം. വാഗദാനവും പ്രതിജ്ഞയും പൂര്‍ത്തീകരിക്കപ്പെടണം. അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും ന്യായീകരിക്കുക സാധ്യമല്ല.

അങ്ങനെ ഇസ്ലാം അതിന്‍റെ എല്ലാ വിശദംശങ്ങളോടുകൂടി തന്നെ ധാര്‍മികതയുടേയും അധാര്‍മികതയുടേയും പെരുമാറ്റ രീതിയെ കുറിച്ച് വ്യക്തമായ ധാരണ നല്‍കുന്നു. അധാര്‍മികതയെ അത് നിരുല്‍സാഹപ്പെടുത്തുമ്പോള്‍ തന്നെ, ധാര്‍മികതയുടെ സംസഥാപനത്തിന് എല്ലാവിധ പ്രോത്സാഹനവും നല്‍കുന്നു. ഇതോടെപ്പം ചേര്‍ത്ത് മനസ്സിലാക്കേണ്ട മറ്റൊരു കാര്യമാണ് വിശ്വാസികള്‍ സത്യത്തിന്‍റെ പ്രകാശ വാഹകരാണെന്നത്. ഈ ലോകത്ത് ധര്‍മവും നീതിയും സ്ഥാപിച്ചത് അവരാണ്. ഈ മഹത്തായ ദൗത്യ നിര്‍വഹണത്തിന് ഇന്നും ഉന്നതമായ സ്വഭാവ ഗുണങ്ങള്‍ അനിവാര്യമാണ് . സത്യത്തിന്‍റെ ദ്വജവാഹകരാണവര്‍, തിന്മയുടെ ശത്രുക്കളും.

എടുത്തുചാടാതെ,ക്ഷമയോടെ മുസ്ലിംങ്ങള്‍ പ്രയാസങ്ങളെ തരണം ചെയ്യുന്നു. ആത്മവിശ്വാസമുള്ളവരാണവര്‍. സ്വന്തം കഴിവില്‍ അവര്‍ക്ക് വശ്വാസമുണ്ട്. ഉറച്ച പാറക്കല്ല് പോലെയാണവര്‍. അതിനെ കഷ്ണമാക്കാന്‍ സാധിച്ചെന്നിരിക്കും. പക്ഷെ അതിനെ ഒരിക്കലും നീക്കാന്‍ കഴിയില്ല. ധൈര്യത്തിന്‍റെയും നെഞ്ചുറപ്പിന്‍റെയും മൂര്‍ത്തിമദ്ഭാവമാണവര്‍. അല്ലാഹുവിനെ കുറിച്ച ഭയം മാത്രമാണ് അവരുടെ ഹൃദയത്തില്‍. തങ്ങളുടെ ലക്ഷ്യ സാക്ഷാല്‍കാരത്തിനായ് അവര്‍ ജീവന്‍ പണയം വെച്ചേക്കാം; സമ്പാദ്യവും ബന്ധുമിത്രാതികളേയും ഉറ്റവരേയും ഉടയവരേയും ഉപേക്ഷിച്ചേക്കാം. തൂക്കുമരത്തിന്‍റെ നിഴലില്‍ പോലും സത്യസാക്ഷ്യ വചനം എങ്ങനെ ഉച്ചരിക്കണം എന്ന് അവര്‍ക്ക് അറിയാം. അവരെ ഒരിക്കലും വിലക്കെടുക്കുക സാധ്യമല്ല. അല്ലാഹുവിന്‍റെ ദീനിന് വേണ്ടി അവര്‍ ജീവിക്കുന്നു, മരിക്കുന്നു. അവരുടെ സേ്നഹവും ശത്രുതയും അവന്‍റെ പ്രീതിക്ക് വേണ്ടി മാത്രം.
( തുടരും )

വിവ: ഇബ്റാഹീം ശംനാട്

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles