നമുക്ക് സുപരിചിതമായ അറബി പദമാണ് ‘ബര്‍കത്’. അളവറ്റ സമൃദ്ധി എന്നാണ് അതുകൊണ്ട് വിവിക്ഷിക്കുന്നത്. ‘ബര്‍കത്’ എന്ന വാക്കിന്റെ വിവിധ സന്ദര്‍ഭങ്ങളിലുള്ള ഉപയോഗമനുസരിച്ച് അതിന് ചെറിയ അര്‍ത്ഥ മാറ്റം സഭവിക്കുന്നു. ഉദാഹരണമായി കുടുബത്തില്‍ ബര്‍കത്ത് ഉണ്ടാവണമെ എന്ന് പറയുമ്പോള്‍ കുടുബ വളര്‍ച്ചയും തലമുറകളുടെ നൈരന്തര്യവുമാണ് ഉദ്ദേശിക്കുന്നത്. സല്‍കര്‍മ്മങ്ങളില്‍ ബര്‍കത് ഉണ്ടാവണം എന്ന് പ്രാര്‍ത്ഥിക്കുമ്പേള്‍ കര്‍മ്മങ്ങള്‍ സ്വീകരിക്കുകയും അതിന് പ്രതിഫലം ലഭിക്കുകയും ചെയ്യണം എന്നാണ് താല്‍പര്യം.
അന്യ ഭാഷയിലെ സാങ്കേതിക പദത്തിന് മാതൃഭാഷയില്‍ തത്തുല്യവും സമാനവുമായ പദം കണ്ടത്തെുന്നതിന് പരിമിതിയുണ്ട്. ഈ പരിമിതിയെ മറികടക്കാന്‍ അതേ പദം ഉപയോഗിക്കുകയാണ് പരിഹാരം. ‘ബറക’ എന്ന ധാതുവില്‍ നിന്ന് നിഷ്പന്നമായ അറബി പദമാണ് ബര്‍കത്. ആരോഗ്യം, സന്താനം, സമ്പത്ത് തുടങ്ങിയ കാര്യങ്ങളില്‍ അതിന്റെ ആധിക്യത്തേക്കാളേറെ അല്ലാഹുവിന്റെ പ്രത്യേകമായ അനുഗ്രഹം ഉണ്ടാവാന്‍ ഉപയോഗിക്കുന്ന പദമാണ് ബര്‍കത്.
ബര്‍കത് ലഭിക്കാനുള്ള വഴികള്‍
1. മഹത്തായ അനുഗ്രഹമുടയവനാണ് അല്ലാഹു എന്ന് ഖുര്‍ആനില്‍ പല വചനങ്ങളിലും പരാമര്‍ശിച്ചിട്ടുണ്ട്. ‘അല്ലാഹുവിന്റെ ദാസന് ശരിതെറ്റുകളെ വേര്‍തിരിച്ചുകാണിക്കുന്ന ഈ പ്രമാണം ഇറക്കിക്കോടുത്ത അല്ലാഹു അളവറ്റ അനുഗ്രഹമുള്ളവനാണ് ‘(25:1). ആ അനുഗ്രങ്ങളുടെ ഉടയവനായ അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കലാണ് ബര്‍കത് ലഭിക്കാനുള്ള വഴി. അവന്റെ കല്‍പനകള്‍ അനുസരിക്കുകയും അവന്‍ നിരോധിച്ചതില്‍ നിന്ന് വിട്ട്നില്‍ക്കലുമാണ് അത്കൊണ്ടുള്ള വിവിക്ഷ.
2. ബര്‍കത് ലഭിക്കാനുള്ള മാര്‍ഗ്ഗമാണ് ഖുര്‍ആനുമായുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നത്. ഖുര്‍ആന്‍ ബര്‍കത്താണെന്ന് സൂക്തം (38:27) ല്‍ വ്യക്തമാക്കുന്നു. അതിന് തഫ്ഹീമുല്‍ ഖുര്‍ആന്‍ നല്‍കിയ വിവരണം ഇങ്ങനെ: ബര്‍കത്തിന്റെ ഭാഷാര്‍ഥം ‘സുഖസൗഭാഗ്യ പോഷണം’ എന്നാണ്. ഖുര്‍ആനെ ബര്‍കത്തുടയത് (അനുഗൃഹീത) വേദം എന്നു പറയുന്നതിന്റെ താല്‍പര്യം ഇതാണ്: ഇത് മനുഷ്യന് ഏറ്റവു പ്രയോജനകരമായ വേദമാണ്. ജീവിതം സംസ്കരിക്കുന്നതിനു ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.
3. തഖ് വയോടെയുള്ള ജീവിതം നയിക്കുകയാണ് ബര്‍കത് ലഭിക്കാനുള്ള മറ്റൊരു വഴി. അല്ലാഹുവിന്റെ നിയമങ്ങളെ പിന്‍പറ്റുകയും നിരോധിച്ചതില്‍ നിന്ന് വിട്ട് നില്‍ക്കലുമാണ് തഖ് വ. ഖുര്‍ആന്‍ ഒരു ജനതയെക്കുറിച്ച് പറയുന്നു: ” അന്നാട്ടുകാര്‍ വിശ്വസിക്കുകയും ഭക്തരാവുകയും ചെയ്തിരുന്നെങ്കില്‍ നാമവര്‍ക്ക് വിണ്ണില്‍നിന്നും മണ്ണില്‍നിന്നും അനുഗ്രഹങ്ങളുടെ കവാടങ്ങള്‍ തുറന്നുകൊടുക്കുമായിരുന്നു. എന്നാല്‍ അവര്‍ നിഷേധിച്ചുതള്ളുകയാണുണ്ടായത്. അതിനാല്‍ അവര്‍ സമ്പാദിച്ചുവെച്ചതിന്റെ ഫലമായി നാം അവരെ പിടികൂടി. 7:96
4. അല്ലാഹുവിനോട് നന്ദി കാണിക്കുന്നവര്‍ക്ക് അവന്‍ സമൃദ്ധി വര്‍ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്: “നിങ്ങള്‍ നന്ദിയുള്ളവരായാല്‍ നിശ്ചമായും ഞാന്‍ നിങ്ങള്‍ക്ക് -അനുഗ്രങ്ങള്‍ – വര്‍ധിപ്പിച്ചുതരുന്നതാണ്. നിങ്ങള്‍ നന്ദികേടു കാണിച്ചാല്‍ കഠിനമായിരിക്കും എന്റെ ശിക്ഷ എന്ന് നിങ്ങളുടെ രക്ഷിതാവ് പ്രഖ്യാപിച്ചത് ശ്രദ്ധേയമായ സന്ദര്‍ഭമാണ്.” (14/ 7). അല്ലാഹുവും നബി (സ) യും കല്‍പിച്ച കാര്യങ്ങള്‍ നടപ്പിലാക്കുകയും നിരോധിച്ചതില്‍ നിന്ന് വിട്ട് നില്‍ക്കുകയുമാണ് നന്ദി പ്രകടിപ്പിക്കല്‍.
5. ചേര്‍ന്നിരുന്നു ഭക്ഷണം കഴിക്കുന്നത് ബര്‍കത്തിന് കാരണമാവുമെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ നബിയോട് ചിലര്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരെ. ഞങ്ങള്‍ക്ക് ഭക്ഷണം കഴിച്ചിട്ട് സംതൃപ്തി തോന്നുന്നില്ല. എന്തായിരിക്കാം കാരണം? അവിടുന്ന് പറഞ്ഞു: നിങ്ങള്‍ വേറിട്ടായിരിക്കും ഭക്ഷണം കഴിക്കുന്നത്. അവര്‍ പറഞ്ഞു: അതെ, നബി (സ) അരുളി: എന്നാല്‍ നിങ്ങള്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കൂക. അല്ലാഹുവിന്റെ നാമം ഉച്ചരിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് ബര്‍കത് നല്‍കപ്പെടുന്നതാണ്. (അബൂദാവൂദ്.)
6. അല്ലാഹുവിന്റെ ബര്‍ക്കത് ലഭിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗമാണ് പ്രാര്‍ത്ഥന. എല്ലാ കാര്യങ്ങളിലും നീ ബര്‍കത് ചൊരിയേണമേ എന്ന് പ്രാര്‍ത്ഥിക്കൂ. സന്ദര്‍ഭാനുസരണം അത്തരം പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിക്കുന്നത് അല്ലാഹുവിന്റെ ബര്‍കത്ത് ലഭിക്കാന്‍ ഇടയാക്കും. തന്റെ അടിമ തന്നോട് മാത്രം ചോദിക്കുന്നത് അല്ലാഹുവിന് ഏറെ ഇഷ്ടപ്പെട്ട കാര്യമാണ്. അവിടെയാണ് ബര്‍കത് വര്‍ധിക്കാനുള്ള പ്രാര്‍ത്ഥനയുടെ പ്രസക്തി.
7. അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുക. നബി (സ) യില്‍ നിന്ന് ഒരു ഹദീസ്: ഇബ്നുമര്‍ദവൈഹി യസീദുര്‍റഖാശിയില്‍നിന്നു നിവേദനം: ഒരാള്‍ നബി(സ)യോട് ചോദിച്ചു: ‘ഞങ്ങള്‍ യശസ്സിനുവേണ്ടി ദാനം ചെയ്യറുണ്ട്. ഇതിന് ഞങ്ങള്‍ക്ക് പാരത്രിക പ്രിതഫലം വല്ലതും ലഭിക്കുമോ?’ തിരുമേനി പറഞ്ഞു: ‘ഇല്ല.’ അയാള്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ പ്രതിഫലവും ഐഹിക യശസ്സും, രണ്ടും ഉദ്ദേശ്യമാകാമോ?’ “തിരുമേനി പറഞ്ഞു: “തനിക്ക് മാത്രമായിട്ടുള്ള കര്‍മമല്ലാതെ അല്ലാഹു സ്വീകരിക്കുന്നതല്ല.
8. വിശുദ്ധ മക്ക, മദീന, മസ്ജിദുല്‍ അഖ്സ എന്നീ പുണ്യസ്ഥലങ്ങള്‍ ഇസ്ലാമില്‍ പ്രത്യേകമായ ബര്‍കത്ത് നിശ്ചയിച്ച പ്രദേശങ്ങളാണ്. അത് പോലെ ചില ദിവസങ്ങള്‍ക്കും സമയങ്ങള്‍ക്കും ഇസ്ലാമില്‍ വലിയ പുണ്യമാണുള്ളത്. അത്തരം സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക. പുണ്യ സമയങ്ങളിലൂം ദിവസങ്ങളിലും പ്രത്യേകം പ്രാര്‍ത്ഥിക്കുക. ബര്‍കത്ത് ലഭിക്കാനുള്ള വഴിയാണിതെന്ന് സൂറ: ഇസ്റാഅ് 1, സൂറ : ഖദ്ര്‍ 1,2,3 എന്നീ ഖുര്‍ആന്‍ അധ്യായങ്ങള്‍ കാണുക.
9. ബര്‍കത് ലഭിക്കാനുളള വഴിയാണ് ഹലാലായ മര്‍ഗ്ഗത്തിലൂടെയുള്ള സമ്പാദ്യം. ഹറാമായ ഭക്ഷണവും വസ്ത്രവും ഉപയോഗിക്കുന്നവരുടെ പ്രാര്‍ത്ഥനകള്‍ സ്വീകരിക്കുകയില്ലെന്ന നബി വചനം പ്രസിദ്ധമാണ്. അപ്പോള്‍ അനുവദനീയമായ മാര്‍ഗ്ഗത്തിലൂടെ മാത്രമെ ഏത് കാര്യവും ചെയ്യാന്‍ പാടുള്ളൂ.
10. അല്ലാഹുവിന് തൊണ്ണൂറ്റൊമ്പത് ഉത്തമ നാമങ്ങളുണ്ടെന്ന് പ്രവാചകന്‍ പഠിപ്പിക്കുകയുണ്ടായി. പ്രസ്തുത നാമങ്ങള്‍ ഉച്ചരിച്ച് പ്രാര്‍ത്ഥിക്കല്‍, ജീവിതത്തിലുടനീളം സത്യസന്ധതയും നീതിയും പാലിക്കല്‍, കച്ചവടത്തിലും ഇടപാടുകളിലും സൂക്ഷ്മത പുലര്‍ത്തല്‍ തുടങ്ങിയവയിലൂടെ അല്ലാഹുവിന്റെ ബര്‍കത്ത് ലഭിക്കും.
എല്ലാ സല്‍കര്‍മ്മങ്ങളും അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ലഭിക്കാനുള്ള വഴികളാണ്. മുകളില്‍ വിവരിച്ചതും അല്ലാത്തതുമായ സല്‍കര്‍മ്മങ്ങള്‍ ചെയ്തു അല്ലാുഹുവുമായി കൂടുതല്‍ അടുക്കുക. അപ്പോള്‍ അവന്റെ പ്രത്യേകമായ സമൃദ്ധിയിലേക്കുള്ള (ബര്‍കത്തിലേക്കുള്ള) വാതയാനങ്ങള്‍ നമുക്കായി തുറക്കപ്പെടുന്നു.
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1