Current Date

Search
Close this search box.
Search
Close this search box.

ഫാത്വിമാ ബീവിയുടെ ഹിജാബ്

മുഖവും മുൻകൈയ്യും ഒഴികെയുള്ള ഭാഗം വെള്ളയോ കറുപ്പോ തുണികൊണ്ട് മറച്ചാൽ ഇസ്ലാമിലെ ഹിജാബ് ആയി എന്ന് തെറ്റുധരിക്കുന്ന സഹോദരിമാരുണ്ടെന്ന് ചില വനിതാ മീറ്റിങുകളിൽ നിന്നും സമ്മേളനങ്ങളിൽ നിന്നും മനസ്സിലായി. കറുത്ത തുണികൊണ്ട് ഇറച്ചി പൊതിഞ്ഞു കെട്ടിവെക്കലാണ് ഹിജാബ് എന്ന് ഉത്തരേന്ത്യയിലെ നിഖാബ് ധാരിണികൾ പോലും മനസ്സിലാക്കിയിട്ടുണ്ട് എന്നു തോന്നുന്നു. പർദ്ദയുടെ വിഷയത്തിൽ മൗദൂദി സാഹിബിന്റെ ആശയങ്ങളോട് കർമശാസ്ത്ര പരമായ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും മുസ്ലിം സ്ത്രീക്ക് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ ഡ്രെസ്കോഡ് ഉണ്ട് എന്ന വിഷയത്തിൽ ഈ കുറിപ്പ് വായിക്കുന്നവരിൽ അഭിപ്രായാന്തരം ഉണ്ടാവാൻ വഴിയില്ല. ഇസ്‌ലാം സ്ത്രീകൾക്ക് അവരുടെ അവകാശങ്ങൾ നൽകി എന്ന് പറയുന്നത് എത്രമാത്രം ശരിയാണോ അത് പോലെ തന്നെ പ്രധാനമാണ് അവരെ സംരക്ഷിക്കാനും അവരുടെ പെണ്മ പരിപാലിക്കാനുമുള്ള ദീനീ /ശർഈ നിയമങ്ങൾ . ആ നിയമങ്ങളുടെ ഫ്രെയിമിനുള്ളിൽ നിന്നു കൊണ്ട് അവർക്ക് അറിവ് തേടാനും സമ്പാദിക്കാനും അനന്തരാവകാശം പോലെയുള്ള പ്രിവിലേജുകൾ ആസ്വദിക്കാനും ദീൻ പഠിക്കാനും പഠിപ്പിക്കാനും സമൂഹത്തിൽ പ്രസരിപ്പിക്കാനും കഴിയുന്നു.

ഹിജാബ് എന്നത് തന്നെ അവളുടെ സാമൂഹ്യപരതയുടെ അടയാളവും വിശ്വാസിനിയാണ് എന്നതിന്റെ വിളംബരവുമാണ് ഈയ്യുള്ളവന്റെ പക്ഷം . സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി എന്തും പ്രൊജക്റ്റ് ചെയ്യുന്ന വേഷവിധാനത്തെ തബർറുജുൽ ജാഹിലിയ്യ (അന്തരാളകാലത്തിന്റെ പൊലിമ ) എന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്.

ശരീരാവയവങ്ങളുടെ നിറവും പിണ്ഡവും തുറന്നുകാട്ടുന്നതും അന്യപുരുഷനിൽ ലൈംഗിക ചോദനയുണ്ടാക്കുകയും ചെയ്യുന്ന വേഷം – അത് കറുത്ത പർദ്ദയായാലും – ഇസ്ലാമികമല്ല. അത് സ്ത്രീ – പുരുഷ സങ്കലനത്തിലേക്കും ധാർമിക – സദാചാര മൂല്യങ്ങളുടെ ഇടിവിനും കാരണമാവുന്നു. « خير للمرأة أن لا ترى رجلاً ولا يراها رجل » (المناقب 3 : 341) സ്ത്രീ പുരുഷനേയോ പുരുഷൻ സ്ത്രീയേയോ കാണാതിരിക്കലാണ് അവൾക്കുത്തമം എന്ന് ഫാത്വിമാ ബീവി (റ) പറഞ്ഞത് അതിന്റെ അടിസ്ഥാനത്തിലാണ്. ഇലവന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും കേട് ഇലയ്ക്ക് എന്ന് പറയുന്നതിന്റെ മതകീയ വായനയാണാ ലളിത വാചകം.

വീടിനകത്തും പുറത്തും തന്റെ കർത്തവ്യം പരമാവധി നിർവഹിച്ചുകൊണ്ട് തന്നെ ഒരു മുസ്ലീം സ്ത്രീ വേഷത്തിലും പവിത്രതയിലും എങ്ങനെ ആയിരിക്കണം എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമായിരുന്നു ബീവി ഫാത്വിമത്ത് അസ്സഹ്‌റ (റ). അവരുടെ തലയിലെ മൂടുപടം മാത്രം അവരുടെ ശരീരത്തിന്റെ മുകൾഭാഗത്തിന്റെ പകുതിയോളം എത്തിയതായിരുന്നു എന്ന് ത്വബരസി ഉദ്ധരിക്കുന്നുണ്ട്. വീട്ടിലേതെങ്കിലും അന്ധർ വന്നാൽ പോലും അവരാ വേഷമല്ലാതെ ധരിക്കാറുണ്ടായിരുന്നില്ല എന്ന് ചരിത്ര ഗ്രന്ഥങ്ങൾ പറയുന്നു. രണ്ടു കണ്ണും കാണുന്ന സന്ദർശകർ വരുമ്പോൾ അവരെത്ര മാത്രം സൂക്ഷ്മത പാലിക്കാൻ ശ്രമിച്ചിട്ടുണ്ടാവുമെന്ന് ഊഹിച്ചു നോക്കൂ …

സ്വർഗീയ സ്ത്രീകളുടെ നായിക (ബുഖാരി :3623) എന്ന് നബി തങ്ങൾ പറഞ്ഞിരിക്കുന്നതിന്റെ കാരണം നമുക്ക് ചിന്തിക്കാവുന്നതേയുള്ളൂ. ഒരിക്കൽ വൈകുന്നേരം മസ്ജിദുന്നബവിയിൽ നിന്നും പുറത്തേക്ക് വരുമ്പോൾ നബി (സ ) ഫാത്വിമാ ബീവിയുടെ വീടിന്റെ വാതിൽ മുട്ടി സലാം പറഞ്ഞ സംഭവം ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം. അപ്പോൾ നബി (സ) പറഞ്ഞത് : ഞാനും കൂടെയുള്ളവരും കയറിക്കോട്ടേ എന്നായിരുന്നു. അപ്പോൾ നബിയുടെ പുന്നാര മകളും കരളിന്റെ കഷ്ണവുമായ ഫാത്വിമ പറഞ്ഞത് ഞാനൊന്ന് ഹിജാബ് നേരെയാക്കട്ടെ ഉപ്പാ എന്നാണ്. (കാഫി 5 : 528 | 5 ). ഇത് ഫാത്വിമ രോഗാവസ്ഥയിലായിരിക്കുമ്പോഴായിരുന്നു എന്നാണ് ഹിൽലതുൽ ഔലിയാഇലുള്ളത്.

നോക്കൂ, രോഗാവസ്ഥയിൽ പോലും സ്വന്തം ഹിജാബിന്റെ കാര്യത്തിൽ ഇത്രമാത്രം സൂക്ഷ്മത ഇക്കാലത്ത് പ്രബോധകകളിൽ പോലും പലപ്പോഴും കണ്ടിട്ടില്ല. ഫാത്വിമാ ബീവിയുടെ ഹിജാബ് ധരിക്കാനുള്ള പ്രതിബദ്ധതയും ഖുർആനിക ജീവിതം നയിക്കാനുള്ള സൂക്ഷ്മതയും ജാഗ്രതയും പല സന്ദർഭളിലും ചരിത്രത്തിൽ നമുക്ക് കാണാം. റസൂലുല്ലാഹ് വഫാതായി അധികം താമസിയാതെ ഫദകിലെ അനന്തരാവകാശ വിഷയത്തിൽ സംസാരിക്കാൻ ഖലീഫാ അബൂബക്ർ (റ)ന്റെ സദസിൽ വരുമ്പോഴും ആപാദമസ്തകം മൂടിയിട്ടായിരുന്നു അവർ പ്രത്യക്ഷപ്പെട്ടത് എന്നും ഹിൽയയിൽ കാണാം ..

മയ്യിത്ത് കട്ടിൽ രണ്ട് വടിക്കഷണങ്ങളിൽ മാത്രമായിരുന്ന കാലത്ത് തന്റെ ബാല്യകാല സുഹൃത്തായ അസ്മാ ബിന്ത് ഉമൈസ് (റ) യോട്
മുസ്ലിം സ്ത്രീകളെ ഖബറിസ്ഥാനിലേക്ക് കൊണ്ടു പോവുന്ന കട്ടിൽ അബിസീനിയക്കാർ ഉണ്ടാക്കുന്നത് പോലെ എല്ലാം മറയുന്ന രീതിയിലൊന്നു വേണമെന്ന് പറയുമ്പോൾ മരണക്കട്ടിലിൽ കിടക്കുകയായിരുന്നു ഫാത്വിമാ ബീവിയെന്ന് നാം മറക്കരുത്. അഞ്ച് തുണികൊണ്ട് ശരീരം മുഴുവൻ പൊതിയുന്ന കഫനിലായാലും തന്റെ ശരീരം അന്യ പുരുഷന്മാർ കാണാൻ പാടില്ല എന്ന നിർബന്ധ ബുദ്ധികൊണ്ടാണ് അവർ ആത്മമിത്രത്തോട് തന്റെ അന്ത്യാഭിലാഷം പങ്കു വെച്ചത്. അതോടെയാണ് മയ്യിത്ത് കട്ടിൽ / സ്വുൻദൂഖിന് മുകൾ ഭാഗത്ത് മൂടിയുണ്ടായത് എന്ന് പറയുമ്പോൾ മയ്യിതായ സ്വന്തം ശരീരം “അഞ്ച് പർദ്ദയിലും” അന്യപുരുഷന്മാർ കാണാതിരിക്കാൻ അവർ പുലർത്തിയ സൂക്ഷ്മത ഇന്നത്തെ യൗവ്വനയുക്തകളായ ഇസ്ലാമിക പ്രവർത്തകകളെങ്കിലും പുലർത്തിയിരുന്നെങ്കിലാശിച്ചു പോവുന്നു ..

അവലംബം :
1- حلية الأولياء | أبو نعيم 2 : 42 ، 2-وسير أعلام النبلاء | الذهبي 2 : 128 .

Related Articles