Current Date

Search
Close this search box.
Search
Close this search box.

അല്ലാഹു ഇഷ്ടപ്പെടുന്നവർ

സത്യവിശ്വാസിയുടെ ജീവിതത്തിൽ ഏറ്റവും വലിയ സൗഭാഗ്യം അഖില ലോകങ്ങളെയും സൃഷ്ടിച്ചവനും സകല ചരാചരങ്ങളുടെ നിയന്താവുമായ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടവനായിത്തീരലാണ്. അഥവാ നശ്വരമായ ഐഹിക ജീവിതത്തിൽ അല്ലാഹുവിൻെറ പ്രീതിയും സ്നേഹവും കരസ്ഥമാക്കുക. അതവന് നൽകുന്ന അനുഗ്രഹങ്ങളിൽ ഏറ്റവും മഹത്തരവും മികച്ചതുമാണ്. അല്ലാഹു പറഞ്ഞു: ‘വിശ്വാസികളായ സ്ത്രീപുരുഷന്മാർക്കായി അല്ലാഹു താഴ്ഭാഗങ്ങളിലൂടെ ആറുകളൊഴുകുന്ന ആരാമങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. അവരതിൽ നിത്യവാസികളായിരിക്കും. ആ ശാശ്വത സ്വർഗങ്ങളിൽ അവർക്കു വേണ്ടി പാവനമായ വസതികളുണ്ടായിരിക്കും. സർവ്വോപരി അല്ലാഹുവിൻെറ പ്രീതി എത്ര മഹത്തരം!. ഇതുതന്നെയാകുന്നു വമ്പിച്ച വിജയം’ (തൗബ:72)

ദൈവപ്രീതിയേക്കാൾ ഇഷ്ടപ്പെട്ട, മഹത്തായ മറ്റൊന്നും യഥാർഥ വിശ്വാസിയുടെ മനസ്സിലുണ്ടാകില്ല. അതവനെ സൗഭാഗ്യത്തിൻെറയും സന്തോഷത്തിൻെറയും വിഹായസ്സിലേക്ക് ഉയർത്തും. ജീവിതത്തിൽ ആനന്ദവും കുളിർമയുമുണ്ടാക്കും. ആത്മാവിന് ആനന്ദവും അനുഭൂതിയും സമാധാനവും പകരും. അനുഗ്രഹവും ഐശ്വശ്യവും ചൊരിയും. ഉന്നതവും ഉദാത്തവുമായ ആ പദവിയിലേക്ക് മനുഷ്യന് എത്തിപ്പെടാൻ വ്യക്തമായ മാർഗരേഖ അല്ലാഹു വരച്ചുകാട്ടിയിട്ടുണ്ട്. അതിനുവേണ്ടിയാണ് പലകാലങ്ങളിലായി വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ഥ സമൂഹങ്ങളിലേക്ക് അല്ലാഹു ദൈവദൂതന്മാരെ അയച്ചത്. വേദഗ്രന്ഥങ്ങൾ അവതരിപ്പിച്ചത്. അല്ലാഹുവിൽ വിശ്വാസിക്കുകയും അവൻെറ ദൂതന്മാരെ പിന്തുടർന്ന് സൽകർമങ്ങളിലേർപ്പെട്ടും ദൈവിക മാർഗത്തിൽ ജീവിതമർപ്പിച്ചും ജീവിതം നയിക്കുന്നവർക്കാണ് അല്ലാഹുവിൻെറ സ്നേഹവും പ്രീതിയും ലഭിക്കുകയെന്ന് അല്ലാഹു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ‘സത്യവിശ്വാസം കൈക്കൊള്ളുകയും സൽക്കർമങ്ങളാചരിക്കുകയും ചെയ്തവരോ, നിശ്ചയം, അവരത്രേ സൃഷ്ടികളിലേറ്റവും ഉൽകൃഷ്ടരായവർ. അവരുടെ പ്രതിഫലം അവരുടെ റബ്ബിങ്കൽ സ്ഥിരവാസത്തിനുള്ള സ്വർഗമാകുന്നു. അതിനു കീഴെ ആറുകളൊഴുകികൊണ്ടിരിക്കും. അവിടെ അവർ എന്നെന്നും വസിക്കും. അല്ലാഹു അവരിൽ സംപ്രീതനായിരിക്കുന്നു. അവർ അല്ലാഹുവിലും സംപ്രീതരായിരിക്കുന്നു. ഇതൊക്കെഴും തൻെറ റബ്ബിനെ ഭയപ്പെട്ടവന്നുള്ളതത്രേ’(ബയ്യിന:7, 8).

മനുഷ്യ പ്രകൃതിയിൽ പലവിധത്തിലുള്ള സ്വഭാവഗുണങ്ങൾ അല്ലാഹു സന്നിവേശിപ്പിച്ചിട്ടുണ്ട്. സ്നേഹം, സന്തോഷം, സന്താപം, വെറുപ്പ്, കോപം പോലെ. ആർക്കും അങ്ങിനെയുള്ള സ്വഭാവങ്ങളിൽ നിന്ന് വേർപ്പെട്ടു കഴിയുക സാധ്യമല്ല. സ്നേഹം ജീവിതത്തിന് സന്തോഷവും ആനന്ദവുമുണ്ടാക്കുന്ന സ്വഭാവമാണ്. പലരേയും പലതിനേയും സ്നേഹിക്കാനും ഇഷ്ടപെടാനും അല്ലാഹു കൽപിച്ചിട്ടുണ്ട്. ചില സ്നേഹപ്രകടങ്ങൾ അല്ലാഹുവിനോടുള്ള സ്നേഹപ്രകടനത്തിൻെറ ഭാഗമാക്കിയിട്ടുണ്ട്. വിശ്വാസപൂർത്തീകരണത്തിനും സ്വർഗപ്രവേശത്തിനുമുള്ള ഉപാധിയായി നിശ്ചയിച്ചിട്ടുണ്ട്. അതിലേറ്റവും ഉദാത്തവും മഹത്വവും പുണ്യമേറിയതുമാണ് അല്ലാഹുവിനോടുള്ള സ്നേഹം. ഇഹപര വിജയത്തിന് അതനിവാര്യമാണ്. ഒരോ വിശ്വാസിക്കും ഐഹിക ലോകത്ത് മറ്റാരേക്കാളും എന്തിനേക്കാളും ഏറ്റവും ഇഷ്ടം അല്ലാഹുവിനോടായിരിക്കണം. ദൈവിക സ്നേഹവും പ്രീതിയുമായിരിക്കണം അവൻെറ മുഴുവൻ തേട്ടവും ലക്ഷ്യവും. അതിനനുസരിച്ചായിരിക്കണം അവൻെറ ജീവിതം. അപ്പോഴെ അല്ലാഹുവിൻെറ സ്നേഹവും ഇഷ്ടവും പ്രീതിയും അവന് നേടാനാവൂ.

യഥാർഥ വിശ്വാസി ഏതൊരു കാര്യത്തിലേക്ക് മുന്നിട്ടിറങ്ങുമ്പോഴും അവൻെറ ചിന്തയിലേക്ക് ആദ്യം കടന്നുവരിക അല്ലാഹുവിൻെറ ഇഷ്ടാനിഷ്ടങ്ങളായിരിക്കും. ജീവിതത്തിൻെറ എല്ലാ മേഖലകളിലും ആ നിലപാടായിരിക്കും പിന്തുടരുക. അവനെപ്പോഴും ദൈവിക പ്രീതിക്കായിരിക്കും മുൻഗണന നൽകുക. ജനങ്ങളുടെയോ, തനിക്ക് വേണ്ടപ്പെട്ടവരുടെയോ തൃപ്തിയല്ല. ദൈവ തൃപ്തിയും സ്നേഹവും നേടാനാകാത്ത ചിന്തകളിൽ നിന്നും കർമങ്ങളിൽ നിന്നും ബഹുദൂരമകന്ന് നിൽക്കും. ആത്യന്തിക ലക്ഷ്യം ദൈവിക സ്നേഹവും പ്രീതിയും മാത്രമായിരിക്കുമ്പോഴാണ് ഏതൊരു കർമവും അല്ലാഹുവിങ്കൽ സ്വീകാര്യമാകൂവെന്ന് ശരിക്കും മനസ്സിലാക്കും. അല്ലാഹുവിൻെറ സ്നേഹവും കാരുണ്യവും അവനെപ്പോഴും ഓർക്കും. പരീക്ഷണങ്ങളെയും അനുഗ്രഹങ്ങളെയും ആ പരിപ്രേക്ഷ്യത്തിലൂടെയാകും അവൻ നോക്കികാണുക. വല്ല അനുഗ്രഹവും നന്മയും അവനെ തേടിയെത്തിയാൽ അല്ലാഹുവിന് നന്ദികാണിക്കും. തനിക്ക് ലഭിച്ച അനുഗ്രഹം ഏത് സമയം എടുത്തുകളയാൻ കഴിവുള്ളവനാണ് അല്ലാഹുവെന്ന് ദൃഢമായി വിശ്വാസിക്കും. പരീക്ഷണങ്ങളുണ്ടാകുമ്പോൾ ക്ഷമ അവലംബിക്കും. അവ അല്ലാഹുവിങ്കൽ നിന്നാണെന്ന് കരുതി സമാധാനിക്കും. അതിനേക്കാൾ കൂടുതൽ എന്നെ പരീക്ഷിക്കാൻ കഴിവുള്ളവനാണ് അല്ലാഹുവെന്നവൻ മനസ്സിലാക്കും.
വിശുദ്ധ ഖുർആനും പ്രവാചക ചര്യയും മാർഗമായി അംഗീകരിച്ച് അതിനനുസരിച്ച് ജീവിതം പൂർണമായും സമർപ്പിക്കുന്നവർക്കാണ് ദൈവപ്രീതിയും സ്നേഹവും നേടാനാകൂ. അതിനവർ അല്ലാഹുവിൻെറ ഇഷ്ടാനിഷ്ടങ്ങളെ വ്യക്തമായും തിരിച്ചറിയപ്പെടേണ്ടതുണ്ട്. അല്ലാഹുവിന് ഇഷ്ടപെട്ട കാര്യങ്ങളിലേക്ക് അടുക്കുകയും വെറുപ്പും കോപമുണ്ടാക്കുന്ന കാര്യങ്ങളിൽ നിന്ന് അകന്ന് നിൽക്കുകയും ചെയ്യേണ്ടതുണ്ട്. അല്ലാഹുവിനോടുള്ള സ്നേഹമനുസരിച്ചായിരിക്കും സൃഷ്ടികളോടുള്ള അല്ലാഹുവിൻെറ സ്നേഹം. സ്നേഹം കൂടുംന്തോറും അവനോടുള്ള അല്ലാഹുവിൻെറ സ്നേഹം വർധിക്കും.

ഖുദ്സിയായ ഹദീസിലുണ്ട്: അല്ലാഹു പറഞ്ഞു: “അടിമ (മനുഷ്യൻ) എന്നോടൊരു ചാൺ അടുത്താൽ ഞാൻ അവനോടൊരു മുഴം അടുക്കും. അവൻ എന്നോടൊരു മുഴം അടുത്താൽ ഞാൻ അവനോടൊരു മാറ് അടുക്കും. അവൻ എൻെറയടുത്തേക്ക് നടന്നുവന്നാൽ ഞാൻ അവൻെറയടുത്തേക്ക് ഓടിച്ചെല്ലും’ (ബുഖാരി).

മറ്റൊരു ഹദീസിലിങ്ങനെ കാണാം. “എൻെറ അടിമക്ക് ഞാൻ നിർബന്ധമാക്കിയിട്ടുള്ള കർമങ്ങളേക്കാൾ എനിക്കിഷ്ടമുള്ള യാതൊന്നും അവന്ന് എൻെറ സാമീപ്യം നേടാൻ ഉപയുക്തമായതായിട്ടില്ല. ഐഛികമായ ആരാധനകൾ മുഖേന എൻെറ അടിമ എന്നോട് അടുത്തുകൊണ്ടേയിരിക്കും. അങ്ങനെ, ഞാനവനെ സ്നേഹിക്കും. ഞാൻ സ്നേഹിച്ചുകഴിഞ്ഞാൽ പിന്നെ, അവൻ കേൾക്കുന്ന കാതും കാണുന്ന കണ്ണും പിടിക്കുന്ന കയ്യും നടക്കുന്ന കാലും ഞാനായിരിക്കും. എന്നോട് ചോദിച്ചാൽ ഞാനവന് ഉത്തരം നൽകും. അഭയം തേടിയാൽ ഞാനവന് അഭയം നൽകും’ (ബുഖാരി).

വാക്കും പ്രവർത്തികളും ദൈവകൽപനകൾക്ക് വിരുദ്ധമാകുകയും ദൈവസ്നേഹിയാണെന്ന് പറഞ്ഞുനടക്കുകയും ചെയ്യുന്ന എത്രയോ പേരുണ്ട്. അങ്ങിനെയുള്ളവരുടെ ദൈവസ്നേഹപ്രകടനം കാപട്യവും വ്യാജവുമാണ്. അല്ലാഹുവിനോടുള്ള സ്നേഹം നിഷക്കളങ്കമായിരിക്കേണ്ടതുണ്ട്. സ്നേഹമുണ്ടെന്ന് പറഞ്ഞാൽ മാത്രം പോരാ. വാക്കും പ്രവർത്തിയും അല്ലാഹുവിൻെറ കൽപനകൾക്കനുസരിച്ചാകണം. അതിനനുസരിച്ച് പ്രവർത്തിക്കുകയും ജീവിതം നയിക്കുകയും അതിലൂടെ അല്ലാഹുവുമായി അടുക്കുകയും ബന്ധം ശക്തിപെടുത്തുകയും ചെയ്യുന്നവർക്കാണ് അല്ലാഹുവിൻെറ സ്നേഹവും പ്രീതിയും ലഭിക്കുക. അവരെ അല്ലാഹുവിൻെറ ഇഷ്ട ദാസന്മാരിൽ ഉൾപെടൂ. “സത്യവിശ്വാസികളെ, നിങ്ങൾ ചെയ്യാത്തതെന്തിന് നിങ്ങൾ പറയുന്നു. നിങ്ങൾ ചെയ്യാത്തതു നിങ്ങൾ പറയുക എന്നുള്ളത് അല്ലാഹുവിങ്കൽ വലിയ ക്രോധത്തിനു കാരണമായിരിക്കുന്നു'(സ്വഫ്: 2,3).

അബീ സഇൗദ് ഖുദ്റി(റ) നിന്ന് നിവേദനം: നബി(സ) പറഞ്ഞു: “പ്രതാപശാലിയും മഹാനുമായ അല്ലാഹു സ്വർഗത്തിലുള്ളവരോട് പറയും. ഹേ, സ്വർഗാവകാശികളേ, അപ്പോൾ അവർ പറയും: “ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിതാ നിനക്ക് ഉത്തരം നൽകിയിരിക്കുന്നു’. അല്ലാഹു ചോദിക്കും: ” നിങ്ങൾക്ക് തൃപ്തിയായിട്ടുണ്ടോ?’ അവർ പറയും: “ഞങ്ങളെന്തു കൊണ്ട് തൃപ്തരാകാതിരിക്കണം. നിൻെറ സൃഷ്ടികളിൽ ആർക്കും നൽകാത്തത്ര നീ ഞങ്ങൾക്ക് നൽകിയിരിക്കുന്നുവല്ലോ ?. അല്ലാഹു പറയും: അതിനേക്കാൾ ശ്രേഷ്ഠമായത് ഞാൻ നിങ്ങൾക്ക് നൽകും. അവർ ചോദിച്ചു: “രക്ഷിതാവേ, അതിനേക്കാൾ ശ്രേഷ്ഠമായത് എന്താണ്?!’ അല്ലാഹു പറയും: എൻറെ തൃപ്തി നിങ്ങളുടെ മേലിലുണ്ടായിരിക്കുന്നു. ഇനിയൊരിക്കലും നിങ്ങളുടെ മേലിൽ എൻെറ വെറുപ്പുണ്ടാകില്ല’ (ബുഖാരി, മുസ്ലിം).

വിശുദ്ധ ഖുർആനും സുന്നത്തും അടിസ്ഥാനപ്രമാണമായി അംഗീകരിക്കുകയും അതിനനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്തവർക്ക് ദൈവസ്നേഹത്തിൻറെയും ആത്മീയാനുഭൂതിയുടെയും മാധുര്യം മനസ്സിൽ അനുഭപ്പെടും. അങ്ങിനെയുള്ളവരുടെ ജീവിതത്തിൻറെ ഒരോ രംഗങ്ങളിലും ദൈവസ്നേഹം പലരൂപത്തിൽ പ്രകടമാകും. ഇബ്നു ജൗസി പറഞ്ഞു: “അല്ലാഹുവിനോടുള്ള സ്നേഹത്തിൻറെ പ്രതിഫലനം അവൻറെ അടിമകളുടെ (യഥാർഥ വിശ്വാസികളുടെ) മനസ്സിൽ ധാരാളം സന്ദർഭങ്ങളിൽ പ്രകടമാകുന്നത് കാണാം. അവൻ ഉറങ്ങാൻ പോകുന്നത് ദൈവത്തെ മനസ്സിൽ സ്മരിച്ചുകൊണ്ടായിരിക്കും. ഉറക്കിൽ നിന്ന് ഉണരുമ്പോൾ അവൻറെ മനസ്സിലേക്ക് ആദ്യംകടന്നുവരിക ദൈവത്തെക്കുറിച്ച സ്മരണയാകും. നമസ്കാരത്തിലേക്ക് പ്രവേശിച്ചാൽ മറ്റെല്ലാ ചിന്തകളിൽ നിന്നും അകന്ന് മനസ്സ് പൂർണമായും ദൈവസ്മരണയിലാണ്ടിരിക്കും. പ്രയാസങ്ങളും ഭീതിയുണ്ടാകുമ്പോൾ ഓർക്കുകയും രക്ഷതേടുകയും ചെയ്യുക അവനേറ്റവും ഇഷ്ടപെടുന്ന അല്ലാഹുവിലേക്കായിരിക്കും’.

വിശുദ്ധ ഖുർആനിൽ പല സ്ഥലങ്ങളിലായി അല്ലാഹു ഇഷ്ടപെടുന്നവർ ആരാണെന്ന് വിവരിച്ചിട്ടുണ്ട്. അല്ലാഹുവിലേക്ക് വിശ്വാസികളെ അടുപ്പിക്കുന്നതും അവൻെറ സ്നേഹവും പ്രീതിയും നേടാൻ സഹായിക്കുന്നതുമായ സ്വഭാവഗുണങ്ങൾ എടുത്തു പറയുകയും ചെയ്തിരിക്കുന്നു. ഇഹ്സാൻ മുറുകെ പിടിക്കുന്നവർ, നീതിപാലിക്കുന്നവർ, ക്ഷമകൈക്കൊള്ളുന്നവർ, അല്ലാഹുവിൽ ഭരമേൽപിക്കുന്നവർ, ദൈവഭക്തരായവർ, വിശുദ്ധി കൈകൊള്ളുന്നവർ, പശ്ചാത്തപിക്കുന്നവർ ,ദൈവ മാർഗത്തിൽ സമരത്തിലേർപ്പെട്ടവർ എന്നീ വിഭാഗങ്ങൾ വിശുദ്ധ ഖുർആനിൽ അല്ലാഹു ഇഷ്ടപെടുന്നു എന്ന വാക്യത്തിനു ശേഷം എണ്ണിപ്പറഞ്ഞവരാണ്.

Related Articles