Current Date

Search
Close this search box.
Search
Close this search box.

അമാനത്ത് നിര്‍വ്വഹണം: സാമൂഹ്യപുരോഗതിയുടെ അടിസ്ഥാനമൂല്യം

ലോകത്ത് കാണുന്ന യുദ്ധത്തിന്‍റെയും കൊടും പൈശാചികതയുടേയും യഥാര്‍ത്ഥ കാരണം അമാനത്ത് നിര്‍വ്വഹിക്കുന്നതിലുള്ള പരാജയമാണെന്ന കാര്യത്തില്‍ സംശയമില്ല. കരാറുകള്‍ ലംഘിക്കപ്പെടുന്നു, വാഗ്ദാനങ്ങള്‍ നിറവേറ്റുന്നില്ല, ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നില്ല തുടങ്ങിയവ ഭൂഗോളത്തെ അഗ്നികുണ്ഠമാക്കിയിരിക്കുന്നു. ഇതില്‍ നിന്നും മാറ്റം ആവശ്യമാണ് എന്ന് ആഗ്രഹിക്കുന്ന എല്ലാവരും നിര്‍ഹിക്കേണ്ട ചുമതലകളാണ് അമാനത്ത് എന്ന് പറയുന്നത്.

ദിനേനയുള്ള ഉപയോഗത്തിലൂടെ പ്രചുരപ്രചാരം നേടിയ അറബി പദങ്ങളില്‍ ഒന്നാണ് അമാനത്ത്. ഇസ്ലാമിക ശരീഅത്ത് പടുത്തുയര്‍ത്തപ്പെട്ട മഹത്തായ മൂല്യങ്ങളിലൊന്നാണത്. അല്ലാഹു തന്‍റെ ദാസന്മാരുടെ മേല്‍ നിര്‍ബന്ധമാക്കിയ എല്ലാ കാര്യങ്ങളും അമാനത്താണെന്ന് അല്‍കഫ്വിയ്യ് എന്ന പണ്ഡിതന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അല്ലാഹുവിനോടും സ്വന്തത്തോടും സമൂഹത്തോടുമുള്ള, സാമ്പത്തികമുള്‍പ്പടെയുള്ള, എല്ലാ ബാധ്യതകളേയും സമഗ്രമായി ഉള്‍കൊള്ളുന്ന, മറ്റു ഭാഷകളില്‍ പകരംവെക്കാനില്ലാത്ത, അര്‍ത്ഥവൈപുല്യവും ആശയ സമ്പുഷ്ടവുമായ പദമാണ് അമാനത്.

‘അമിന’ എന്ന അറബി പദത്തില്‍ നിന്നും നിഷ്പദിച്ച ഈ പദത്തിന്‍റെ വിവിധ രൂപങ്ങളായ, അമാനത്, ഈമാന്‍, മുഅ്മിന്‍, അമീന്‍ തുടങ്ങിയ വകഭേദങ്ങള്‍ ഖുര്‍ആനിലും തിരുവചനങ്ങളിലും ധാരാളമായി പരാമര്‍ശിക്കപ്പെട്ടുണ്ട്. സാമൂഹ്യപുരോഗതിയുടെ അടിസ്ഥാനങ്ങളില്‍ ഒന്നാണത്. അത് കൃത്യമായി നിര്‍വ്വഹിക്കാതെ ഒരു സമൂഹത്തിനും പുരോഗതി പ്രാപിക്കുക സാധ്യമല്ല. ഒരാളെ സമ്പത്തുള്‍പ്പടെയുള്ള സാമൂഹികവും വ്യക്തിപരവുമായ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുന്നത് മുതല്‍ ആരംഭിക്കുന്ന അനേകം കാര്യങ്ങള്‍ ഉള്‍പ്പെടുന്നതാണത്.

മൂന്ന് വിഭാഗം ആളുകള്‍

അമാനത്ത് അടിസ്ഥാനമാക്കി മനുഷ്യരെ മൂന്ന് വിഭാഗമായി തരംതിരിക്കാം:

1. അമാനത്ത് യഥാവിധി നിര്‍വ്വഹിക്കുന്നവര്‍. അമാനത്ത് വിശ്വാസികളുടെ സ്വഭാവഗുണമെന്ന് ഖുര്‍ആന്‍ പറയുന്നു: സത്യവിശ്വാസികള്‍ തങ്ങളുടെ ബാധ്യതകളും കരാറുകളും പൂര്‍ത്തീകരിക്കുന്നവരാണ്. (23:8)

2. അമാനത്തിനോട് കാപടനയം- സമീപനം സ്വീകരിക്കുന്നവര്‍. ബാഹ്യമായി അംഗീകരിക്കുകയും എന്നാല്‍ ആന്തരികമായി അതിനോട് അവജ്ഞ കാണിക്കുകയും ചെയ്യുന്നവർ.

3. അമാനത്തില്‍ തീരെ വിശ്വാസമില്ലാത്തവര്‍. ഈ രണ്ട് വിഭാഗക്കാര്‍ക്ക് ഇരുലോകത്തും ശിക്ഷ ലഭിക്കും. അമാനത്തില്ലാത്തവര്‍ക്ക് ഈമാനില്ലന്നും കരാര്‍ പാലിക്കാത്തവര്‍ക്ക് ദീനുമില്ലന്നും നബി തിരുമേനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അമാനത്ത് നിര്‍വ്വഹിക്കാത്ത സമൂഹത്തിന് നിലനില്‍ക്കാന്‍ അര്‍ഹതയില്ല. പ്രവാചകന്‍ പറഞ്ഞു: “അമാനത്ത് നഷ്ടപ്പെട്ടാല്‍, നിങ്ങള്‍ അന്ത്യദിനം പ്രതീക്ഷിച്ചുകൊള്ളുക.” അമാനില്ലാത്ത വിധിപ്രസ്താവം, സാക്ഷ്യംനില്‍ക്കല്‍, കച്ചവടംചെയ്യല്‍, തൊഴില്‍ ഒന്നും സത്യസന്ധമായിരിക്കുകയില്ല.

അമാനത്തിന്‍റെ പ്രയോജനങ്ങള്‍

അമാനത്ത് നിര്‍വ്വഹിക്കുന്നതിലൂടെ ലഭിക്കുന്ന പ്രയോജനങ്ങള്‍ നിരവധിയാണ്. പരസ്പരം വിശ്വാസം പുലര്‍ത്തുന്ന, ഉത്തരവാദിത്വ ബോധമുള്ള, ഒരു സമൂഹത്തിന്‍റെ സൃഷ്ടിയാണ് അതിലൊന്ന്. സംസ്കാരസമ്പന്നമായ ജീവിതത്തിന്‍റെ അടിത്തറയാണത്. ഏല്‍പിക്കപ്പെട്ട ചുമതലകള്‍ നിര്‍വ്വഹിക്കുമ്പോള്‍ ലഭിക്കുന്ന സ്നേഹവും ആദരവും ഊഷ്മള ബന്ധങ്ങള്‍ക്കും സന്തോഷത്തിനും നിമിത്തമാവുന്നു.

സമൂഹത്തില്‍ സമാധാനം കൈവരിക്കാനുള്ള നല്ല മാര്‍ഗം അമാനത്ത് നിര്‍വ്വഹിക്കലാണ്. ഭരണകൂടം അവരുടെ ഉത്തരവാദിത്വവും ഭരണീയര്‍ അവരുടെ ഉത്തവാദിത്വവും നിര്‍വ്വഹിക്കുന്ന സുന്ദരമായ ലോകത്ത് ഭയപ്പെടാനായി ഒന്നുമുണ്ടാവുകയില്ല. അമാനത്ത് നിര്‍വ്വഹിക്കുന്നതിലൂടെ പരസ്പര വിശ്വാസവും സഹകരണവും വര്‍ധിക്കും. മനുഷ്യരുടെ വിശ്വാസം, അഭിമാനം, ധനം, ശരീരം തുടങ്ങിയവയുടെ സംരക്ഷണം അമാനത്തിലൂടെ സാധിക്കും.

അമാനത്തായി പണമൊ മറ്റു വല്ലതൊ ഒരാളെ ഏല്‍പിക്കുന്നു. അദ്ദേഹം അത് തിരിച്ചുതരാന്‍ വൈമനസ്യം കാണിക്കുമ്പോള്‍ ഉടമക്കുണ്ടാവുന്ന മാനസിക സംഘര്‍ഷം പറയേണ്ടതില്ല. അത് പോലെയാണ് മറ്റെല്ലാ അമാനത്തുകളുടേയും കാര്യവും. അമാനത്ത് അനര്‍ഹരെ ഏല്‍പിച്ചതാണ് ഇസ്റായേല്‍ ജനതയുടെ ഏറ്റവും വലിയ അബദ്ധം. അതിനാല്‍ നേതാക്കളെ നിശ്ചയിക്കുന്നതില്‍ സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട്. അവര്‍ ദുഷിച്ചാല്‍ സമൂഹം നശിച്ചത് തന്നെ.

അമാനത്തുകള്‍ മൂന്ന് തരം

1. അല്ലാഹുവിനോടുള്ള അമാനത്ത്. അവന്‍റെ ഏകത്വത്തിലുള്ള വിശ്വാസവും അവന്‍ നല്‍കിയ കല്‍പനകളുടെ അനുസരണവും നിരോധിച്ചതില്‍ നിന്ന് വിട്ടുനില്‍ക്കലുമാണ്.

2. സ്വന്തത്തോടുള്ള അമാനത്ത്. സ്വന്തം സത്തയുടെ ബാധ്യതകള്‍ നിര്‍വ്വഹിക്കേണ്ടത് അതിലുള്‍പ്പെടുന്നതാണ്.

3. കുടുംബത്തോടും സമൂഹത്തോടുമുള്ള അമാനത്ത് നിര്‍വ്വഹിക്കല്‍.

അമാനത്ത്: രണ്ട് സുപ്രധാന ആയത്തുകള്‍

1. “അല്ലാഹു നിങ്ങളോടിതാ കല്‍പിക്കുന്നു: നിങ്ങളെ വിശ്വസിച്ചേൽപ്പിച്ച വസ്തുക്കള്‍ അവയുടെ അവകാശികളെ തിരിച്ചേൽപ്പിക്കുക. ജനങ്ങള്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കുകയാണെങ്കില്‍ നീതിപൂര്‍വം വിധി നടത്തുക. എത്ര നല്ല ഉപദേശമാണ് അല്ലാഹു നിങ്ങള്‍ക്കു നല്‍കുന്നത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്.” ( 4: 58 )

2. തീര്‍ച്ചയായും ആകാശഭൂമികളുടെയും പര്‍വതങ്ങളുടെയും മുമ്പില്‍ നാം ഈ അമാനത്ത് സമര്‍പ്പിച്ചു. അപ്പോള്‍ അതേറ്റടെുക്കാന്‍ അവ വിസമ്മതിച്ചു. അവ അതിനെ ഭയപ്പെട്ടു. എന്നാല്‍ മനുഷ്യന്‍ അതേറ്റടെുത്തു. അവന്‍ കൊടിയ അക്രമിയും തികഞ്ഞ അവിവേകിയും തന്നെ. ( 33: 72 )

പ്രവാചകന്‍റെ മാതൃകകള്‍

അല്‍അമീന്‍ എന്ന അപരനാമത്താല്‍ വിശ്രുതനായിരുന്ന പ്രവാചകന്‍ ജീവിതത്തിലുടനീളം അമാനത്ത് യഥാവിധി നിര്‍വ്വഹിച്ചിരുന്നു. മക്ക വിജയമുണ്ടായപ്പോള്‍, കഅ്ബയുടെ താക്കോല്‍ സൂക്ഷിച്ചിരുന്നത് ഉസ്മാന്‍ ഇബ്നു തല്‍ഹയായിരുന്നു. മക്ക വിജയത്തോടെ അതിന്‍റെ അധികാരം നബിക്ക് ലഭിച്ചിട്ടും, കഅ്ബയുടെ താക്കോല്‍ സൂക്ഷിക്കാന്‍ ഉസ്മാന്‍ ഇബ്നു തല്‍ഹയെ ചുമതലപ്പെടുത്തിയത് അമാനത്ത് അതിന്‍റെ ആളുകളെ തന്നെ ഏല്‍പിക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു.

അമാനത്ത് പരിശീലിക്കാന്‍

എല്ലാ ധാര്‍മ്മിക മൂല്യങ്ങളേയും പോലെ, അല്ലാഹു നമ്മില്‍ സന്നിവേശിപ്പിച്ച മൂല്യമാണ് അമാനത്ത്. പല കാരണങ്ങളാല്‍ അതിന് നഷ്ടം സംഭവിക്കാറുണ്ട്. അല്ലാഹുവിലും പരലോകത്തിലുമുള്ള അചഞ്ചലമായ വിശ്വാസത്തിലൂടെയും ആരാധനാ കര്‍മ്മങ്ങളിലൂടെയും അത് നേടി എടുക്കാന്‍ കഴിയും. അത്പോലെ, സച്ചരിതരോടൊപ്പമുള്ള സഹവാസത്തിലൂടെയും ഖുര്‍ആന്‍ പഠനത്തിലൂടെയും
അത് ആര്‍ജ്ജിക്കാന്‍ കഴിയുന്നതാണ്.

അമാനത്ത് നിര്‍വ്വഹിക്കേണ്ടത് അല്ലാഹുവിന്‍റെ കല്‍പനയാണെന്നും അതിന് ഇഹപരലോകത്ത് അളവറ്റ പ്രതിഫലമുണ്ടെന്ന വിശ്വാസം അത് നിര്‍വ്വഹിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. പരലോകത്ത് അമാനത്തിനെ കുറിച്ച് ചോദ്യം ചെയ്യപ്പെടുമെന്ന ഉറച്ചബോധ്യമുള്ള ഒരാള്‍ അമാനത്ത് നിര്‍വ്വഹിക്കാന്‍ അഹമഹമികയാ മുന്നോട്ട് വരും. അമാനത്ത് നിര്‍വ്വഹിച്ചതിന്‍റെ അനുഭൂതി അറിഞ്ഞാല്‍ അത് നടപ്പിലാക്കാന്‍ തയ്യാറാവും.

അമാനത്ത് യഥാവിധി നിര്‍വ്വഹിക്കാത്തതും, അത് അനര്‍ഹരെ ഏല്‍പിച്ചതിന്‍റെയും ദുരന്തഫലമാണ് നാം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. അത് നിര്‍വ്വഹിക്കുന്നതിലൂടെ മാത്രമെ നമ്മുടെ പൂര്‍വ്വ പ്രതാപം തിരിച്ചുപിടിക്കാന്‍ കഴിയൂ.

 

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles