Current Date

Search
Close this search box.
Search
Close this search box.

ഗ്രഹണം, ഗ്രഹണ നമസ്കാരം, അന്ധവിശ്വാസം

നാസ്തികർ പരിഹാസ്യമായി ചിത്രീകരിക്കാറുള്ള ഇസ്ലാമിക നിർദേശങ്ങളിലൊന്നാണ് ഗ്രഹണ നമസ്കാരവും തദ്സംബന്ധമായി പ്രവാചകൻ പറഞ്ഞ കാര്യങ്ങളും. ഇസ്ലാമിക വീക്ഷണത്തിൽ ഗ്രഹണ നമസ്കാരം പ്രബലമായ സുന്നത്താണ്. സൂര്യ-ചന്ദ്ര ഗ്രഹണങ്ങൾ ഉണ്ടാകുമ്പോൾ അതവസാനിക്കുന്നത് വരെ പള്ളിയിൽവെച്ച് മുസ്ലിംകൾ സംഘടിത നമസ്കാരം നിർവഹിക്കുകയും ഇമാം ജനങ്ങളെ ഉപദേശിക്കുകയും ചെയ്യണമെന്നാണ് പ്രവാചകാധ്യാപനം. നബി(സ)യുടെ കാലത്ത് സൂര്യ ഗ്രഹണമുണ്ടായപ്പോൾ ലോകാവസാനം സംഭവിക്കുന്നോ എന്ൻ അവിടുന്ന് ഭയപ്പെടുകയും വിഹ്വലതയോടെ എഴുന്നേറ്റ് പള്ളിയിലേക്ക് ധൃതിപ്പെടുകയും ചെയ്തു. ഗ്രഹണത്തിലൂടെ അല്ലാഹു മനുഷ്യരെ ഭയപ്പെടുത്തുകയാണ് ചെയ്യുന്നത് എന്ൻ ജനങ്ങളെ ഉദ്ബോധിപ്പിക്കുകയും, ഗ്രഹണം ദൃശ്യമായാൽ നമസ്‌കരിക്കാനും അല്ലാഹുവിനോട് പ്രാർഥിക്കാനും അവന്റെ മഹത്വം വഴ്ത്താനും ദാനധർമങ്ങൾ ചെയ്യാനും നിർദേശിക്കുകയും ചെയ്തു എന്ൻ ഹദീസുകളിൽ കാണാം. (ബുഖാരി 1041, 1059, മുസ്ലിം 911, 912)

‘ചന്ദ്രൻ വന്ന് സൂര്യനെ അല്പനേരം മറക്കുന്നതാണ് ഗ്രഹണമെന്നും, അതിൽ ഭയപ്പെടാനൊന്നുമില്ലെന്നും അല്ലാഹു മുഹമ്മദിന് പറഞ്ഞുകൊടുത്തില്ല, ഗ്രഹണ സമയത്ത് നമസ്‌കരിക്കാൻ പള്ളിയിലെത്തണമെന്ന നിർദേശത്തിലൂടെ അതിലെ ശാസ്ത്രീയത കണ്ടെത്താനുള്ള സാഹചര്യം മുഹമ്മദ് മുസ്‌ലിംകൾക്ക് നഷ്ടപ്പെടുത്തുകയും അവരെ അന്ധവിശ്വാസത്തിലേക്ക് നയിക്കുകയുമാണ് ചെയ്തത്’ എന്നൊക്കെയാണ് യുക്തിവാദി വിമർശനം. എപ്പോഴൊക്കെ ഗ്രഹണം സംഭവിക്കുന്നുവോ അപ്പോഴൊക്കെയും ഇഎ ജബ്ബാറിനെപ്പോലുള്ള ഇസ്ലാം വിമർശകർ ഇത്തരം വാദങ്ങളുമായി രംഗത്തുവരുന്നത് കാണാം.

എന്തുകൊണ്ട് ഗ്രഹണമുണ്ടാകുന്നു എന്ൻ വിവരിച്ചുകൊടുക്കൽ പ്രവാചക ദൗത്യത്തിന്റെ ഭാഗമായിരുന്നില്ല. എന്തുകൊണ്ട് അതിന്റെ രഹസ്യം അല്ലാഹു പ്രവാചകന് അറിയിച്ചുകൊടുത്തില്ല എന്ൻ ചോദിച്ചാൽ കൃത്യമായ ഉത്തരം അല്ലാഹുവിന് മാത്രമേ അറിയൂ. മനുഷ്യനെ അവൻ സൃഷ്ടിച്ചിരിക്കുന്നത് വികാസക്ഷമതയുള്ള ബുദ്ധിയോടും യുക്തിയോടും കൂടിയാണ്. പ്രകൃതിയെ കുറിച്ചും അതിലെ പ്രതിഭാസങ്ങളെകുറിച്ചും കണ്ടെത്താൻ അല്ലാഹു നിശ്ചയിച്ച വഴിയും അത് തന്നെയാണെന്നാണ് ഇസ്ലാമിന്റെ കാഴ്ചപാട്. എന്നാൽ ഗ്രഹണവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടായിരുന്ന അന്ധവിശ്വാസത്തിന് അറുതിവരുത്തിക്കൊണ്ടാണ് പ്രവാചകൻ തദ്സംബന്ധമായ നിർദേശങ്ങൾ നൽകിയത് തന്നെ. മുഗീറതുബ്‌നു ശുഅ്ബയിൽനിന്ന് ഇമാം ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇങ്ങനെയാണ്: “നബി(സ)യുടെ കാലത്ത് (നബിപുത്രൻ) ഇബ്‌റാഹീം മരിച്ച ദിവസം സൂര്യഗ്രഹണമുണ്ടായി. അപ്പോൾ ജനങ്ങൾ പറഞ്ഞു ഇബ്‌റാഹീമിന്റെ മരണം മൂലമാണ് സൂര്യഗ്രഹണമുണ്ടായത്. തദവസരം റസൂൽ പറഞ്ഞു: ഒരാളുടെയും മരണം കാരണത്താലോ ജീവിതം കാരണത്താലോ സൂര്യനും ചന്ദ്രനും ഗ്രഹണം ബാധിക്കുകയില്ല. ഗ്രഹണം ബാധിച്ചതായി കണ്ടാൽ നിങ്ങൾ നമസ്‌കരിക്കുകയും അല്ലാഹുവിനോട് പ്രാർഥിക്കുകയും ചെയ്യുക.” അന്ധവിശ്വാസങ്ങൾക്ക് പ്രോത്സാഹനം നൽകുകയാണ് മുഹമ്മദ് നബി ചെയ്തത് എന്ന വിമർശനം ഇവിടെ പൊളിയുന്നു.

പ്രപഞ്ച നാഥനെത്തന്നെ നിഷേധിക്കുന്നവർക്ക് അവൻ നിയോഗിച്ച ദൂതനെക്കുറിച്ചോ, ആ ദൂതനിലൂടെ അവതീർണമായ വേദഗ്രന്ഥത്തെക്കുറിച്ചോ, അതിന്നദ്ദേഹം നൽകിയ വിശദീകരണത്തെ കുറിച്ചോ മനസ്സിലാക്കാൻ സാധിക്കുകയില്ലല്ലോ. ജീവിതത്തെ തന്നെ കളിതമാശയായി കാണുന്ന അവരെ സംബന്ധിച്ചേടത്തോളം ഇസ്ലാമിന്റെ ആത്മീയപ്രധാനമായ നിർദേശങ്ങൾ തമാശയായും പരിഹാസ്യമായും അനുഭവപ്പെടുക സ്വാഭാവികം മാത്രം. ഗുരുനാഥന്റെ മഹത്വവും സ്ഥാനവും അറിയുന്നവർക്കാണല്ലോ അദ്ദേഹത്തെ ആദരിക്കാനും അദ്ദേഹത്തിന്റെ ഉപദേശ-നിർദേശങ്ങളെ വിലമതിക്കാനും കഴിയുക. പ്രപഞ്ചാതീതനായ ദൈവത്തെ, പ്രപഞ്ചത്തിനകത്തെ പദാർഥപരമായ ശാസ്ത്രീയ വിശകലനങ്ങളിലൂടെ കണ്ടെത്തുക സാധ്യമല്ലെന്നപോലെ, എല്ലാറ്റിനെയും ഭൗതികമായി മാത്രം നോക്കിക്കാണുന്നവർക്ക് ആത്മീയതയെക്കുറിച്ച് മനസ്സിലാക്കാനും സാധിച്ചുകൊള്ളണമെന്നില്ല. ഗ്രഹണ സംബന്ധിയായ പ്രവാചകാധ്യാപനങ്ങളെ പ്രതി നാസ്തികർ ഉന്നയിക്കുന്ന വിമർശനങ്ങളുടെ അവസ്ഥയും അതുതന്നെയാണ്. ശാസ്ത്രത്തിന്റെ പരീക്ഷണ-നിരീക്ഷണങ്ങൾക്കപ്പുറമുള്ള കാര്യങ്ങളെല്ലാം അന്ധവിശ്വാസമാണ് എന്ന തരത്തിലാണവരുടെ വ്യാഖ്യാനം! ഗ്രഹണത്തിലൂടെ അല്ലാഹു ജനങ്ങളെ ഭയപ്പെടുത്തുകയാണ്, അത് കണ്ടാൽ അവനോട് പ്രാർഥിക്കുകയും നമസ്കരിക്കുകയും ചെയ്യുക എന്ൻ തുടങ്ങിയ പ്രവാചക വചനങ്ങളെ അവർക്ക് ഉൾകൊള്ളാൻ കഴിയാത്തതും അതുകൊണ്ടുതന്നെ.

ഗ്രഹണം ദൃശ്യമായപ്പോൾ പ്രവാചകൻ ഭയവിഹ്വലനായെങ്കിൽ അതിൽ ആശ്ചര്യപ്പെടാന്നൊന്നുമില്ല. അല്ലാഹുവിന്റെ പ്രവൃത്തികളിൽ സാധാരണമോ അസാധാരണമോ ആയ എല്ലാറ്റിനും അവൻ അതിന്റേതായ കാരണങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. അവനിച്ഛിക്കുന്ന ഒരു കാര്യത്തിൽ കാര്യകാരണ ബന്ധങ്ങളെ പരസ്പരം വേർപെടുത്താനും അവന്ൻ കഴിയും. ഈ യാഥാർഥ്യം അംഗീകരിക്കുന്നവരിൽ ഒരു സാധാരണ സംഭവവും ഭയമുണർത്തിയേക്കാം. കൂടാതെ, പൂർവിക സമുദായങ്ങൾക്ക് ശിക്ഷ ഭവിച്ചപ്പോൾ -ഗ്രഹണ സമയത്ത് ദൃശ്യമാകുന്ന പോലെ- ആകാശം ഇരുണ്ട് കൂടിയിരുന്നു എന്ന് കാണാം. ദൈവനിഷേധികൾ വിചാരിച്ചു മഴവർഷിക്കാൻ പോകുകയാണെന്ന്. പക്ഷെ, അവരുടെ മേൽ വർഷിച്ചത് ശിക്ഷയുടെ പേമാരിയായിരുന്നു. ഇതുസംബന്ധിച്ച വിശുദ്ധ സൂക്തങ്ങൾ അവതരിച്ചുകൊണ്ടിരുന്ന കാലഘട്ടത്തിൽ സമാന നിഷേധം തുടർന്നുകൊണ്ടിരിക്കെ ആകാശം ഇരുണ്ട് കൂടിയപ്പോൾ പ്രവാചകൻ ഭയപ്പെട്ടുവെങ്കിൽ അത് സ്വന്തം ശരീരത്തെ പേടിച്ചായിരിക്കില്ല എന്നത് പ്രവാചകൻമാരെ അറിയുന്നവരോട് വിശദീകരിക്കേണ്ടതില്ല. ഗ്രഹണമാണെന്ന് മനസ്സിലായപ്പോൾ അതുമായി ബന്ധപ്പെട്ട് സമൂഹത്തിലുണ്ടായ ഒരന്ധവിശ്വാസം അദ്ദേഹം ദൂരീകരിക്കുകയും ആളുകളെ പള്ളിയിൽ ഒരുമിച്ച് കൂടി നമസ്‌കരിക്കുകയും ചെയ്തു. അക്കാലത്ത് ദൈവം ഇടപ്പെട്ട്, നബി(സ)യോട് ഭയപ്പെടേണ്ടതില്ല എന്ന് പറയുകയോ, നമസ്കരിക്കേണ്ടതില്ല എന്ൻ നിർദേശിക്കുകയോ ചെയ്തിട്ടില്ലെങ്കിൽ അതിന്നർഥം, ഗ്രഹണം പോലുള്ള അനുഭവങ്ങൾ അല്ലാഹുവിന്റെ ദൃഷ്ടാന്തമായും, പരീക്ഷണങ്ങളെയും ശിക്ഷയെയും കുറിച്ച മുന്നറിയിപ്പായും സംഭവിക്കാമെന്നതായിരിക്കാം. സൂര്യനും ചന്ദ്രനും കൃത്യമായ കണക്കനുസരിച്ചാണ് സഞ്ചരിക്കുന്നത്, അതിന്റെ ഭാഗമായിട്ടാണ് ഗ്രഹണവും ഉണ്ടാകുന്നത് എന്നത് ഈ വസ്തുതയുടെ നിഷേധമാകുന്നില്ല; രോഗബാധ അല്ലാഹുവിന്റെ തീരുമാനപ്രകാരമാണ്, അതിന് ശമനം നൽകുന്നതും അവൻ തന്നെ എന്ന വിശ്വാസം, ഇന്നയിന്ന കാരണങ്ങൾ കൊണ്ടാണ് രോഗം ബാധിക്കുന്നത്, ഇന്നയിന്ന മരുന്ന് കഴിച്ചാലാണ് അത് ഭേദമാവുക എന്ന ശാസ്ത്ര നിരീക്ഷണത്തിന് എതിരല്ലാത്തപോലെത്തന്നെ. കാര്യങ്ങളുടെയും കാരണങ്ങളുടെയും സ്രഷ്ടാവ് അല്ലാഹുവാണല്ലോ.

അതുപോലെ, ഗ്രഹണ സമയത്ത് നമസ്കരിക്കാൻ നബി(സ) നിർദേശിച്ചു എന്നതിലും എന്തെങ്കിലും തരത്തിലുള്ള തെറ്റോ പഠന-നീരീക്ഷണങ്ങളെ നിരുത്സാഹപ്പെടുത്തലോ ഇല്ല. നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യനെ നോക്കാനിടവരികയും അതവരുടെ കാഴ്ചയെ ബാധിക്കുകയും ചെയ്യുമായിരുന്ന അവസ്ഥയിൽനിന്ന് അന്നത്തെ ജനങ്ങളെയും പിന്നീടുള്ള ജനതയേയും രക്ഷപ്പെടുത്താൻ ഒരുപരിധിവരെ അതുപകരിച്ചു എന്ൻ വേണമെങ്കിൽ പറയാവുന്നതാണ്. അതെന്താണെങ്കിലും അക്കാലത്ത് അതിന്റെ ശാസ്ത്രീയത വിശദീകരിക്കാൻ നിൽക്കുന്നതിലേറെ മണ്ടത്തരം വേറെയുണ്ടാവില്ല! മാത്രമല്ല അത് മനുഷ്യന് വിട്ടുകൊടുക്കുകയാണ് അല്ലാഹു ചെയ്തിട്ടുള്ളത്. പ്രവാചകൻമാരെ അയക്കുന്നത് പ്രപഞ്ച പ്രതിഭാസങ്ങളുടെ ശാസ്ത്രീയത വിശദീകരിക്കാനല്ല. അവയ്ക് പിന്നിലുള്ള അസ്തിത്വത്തെ പരിചയപ്പെടുത്താനാണ്. അത് ശാസ്ത്രം കൊണ്ട് ലഭിക്കുകയില്ല. അത് കണ്ടെത്താൻ കഴിയാത്ത അൽപന്മാരാണ് വിശ്വാസികളുടെ കാര്യത്തിൽ കൂട്ടവിലാപമുയർത്തുന്നത്.

സൂര്യനും ചന്ദ്രനും ദൈവികദൃഷ്ടാന്തങ്ങളിൽ പെട്ട രണ്ട് ദൃഷ്ടാന്തമാണ് എന്ന് പറഞ്ഞതിലൂടെ തന്നെ അതിനെ വായിക്കാനും പഠിക്കാനുമുള്ള പ്രേരണയുണ്ട്. ആയത്തുകൾ പഠിക്കാനുള്ളതാണ്. ഖുർആനിലെ സൂക്തങ്ങൾക്കും ആയത്തുകൾ എന്നാണ് പറയുക എന്നോർക്കുക. ഖുർആനിക സൂക്തങ്ങൾ ചിന്തിക്കാനും മനനംചെയ്യാനുമുള്ളതാണ് എന്നതാണ് അവയിലെ സാമ്യത. ഗ്രഹണ നമസ്കാരം നിർബന്ധ ബാധ്യതയല്ലാത്തതിനാൽ യുക്തിവാദികൾ തെറ്റിദ്ധരിപ്പിക്കുന്നപോലെ, ചന്ദ്രനെക്കുറിച്ചും സൂര്യനെക്കുറിച്ചും പഠിക്കുന്നവർക്കൊന്നും നമസ്കാരം അതിനൊരു തടസ്സമാകുന്നുമില്ല.

അടിസ്ഥാന പ്രാധാന്യമുള്ള മറ്റൊരു കാര്യം കൂടി ഇത്തരം വിഷയങ്ങളോട് ചേർത്ത് മനസ്സിലാക്കേണ്ടതുണ്ട്. പ്രവാചകന് പ്രപഞ്ചത്തിലെ എല്ലാ രഹസ്യങ്ങളും അറിമായിരുന്നു എന്നോ, എല്ലാം രഹസ്യവും പ്രവാചകന് അല്ലാഹു അറിയിച്ച് കൊടുത്തിട്ടുണ്ട് എന്നോ ഇസ്ലാം പഠിപ്പിച്ചിട്ടില്ല. അങ്ങനെ ആരെങ്കിലും വാദിക്കുന്നുണ്ടെങ്കിൽ അതിന്നർഥം അയാൾക്ക് പ്രവാചകന്മാരെക്കുറിച്ചോ പ്രവാചകത്വമെന്തെന്നോ അറിയില്ല എന്നാണ്. എല്ലാ കാര്യങ്ങളും അറിയുന്നവൻ അല്ലാഹു മാത്രമാണ്. അവൻ അറിയിച്ചുകൊടുത്തതല്ലാത്ത ഒരു കാര്യവും പ്രവാചകനറിയുമായിരുന്നില്ല. അതിനാൽതന്നെ, അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്നോ, പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ രഹസ്യങ്ങളെക്കുറിച്ചോ ബോധ്യപ്പെടുത്തുക എന്നത് പ്രവാചക ദൗത്യത്തിന്റെ ഭാഗമായിരുന്നുമില്ല.

ഡോക്ടർ യൂസുഫുൽ ഖറദാവി എഴുതുന്നു: സ്വീകാര്യമായ നിവേദനങ്ങളിലൊന്നിലും ഗ്രഹണം ദൈവകോപത്തിന്റെ ഫലമാണെന്ന് പറഞ്ഞതായി കാണുകയില്ല.. ഗ്രഹണം ഒരു പ്രാപഞ്ചിക പ്രതിഭാസം തന്നെ. അത് സംഭവിക്കേണ്ടുന്ന സമയത്തിലോ കാലത്തിലോ സ്ഥലത്തിലോ മാറ്റം സാധ്യവുമല്ല. പക്ഷേ, പാകൃതിക പ്രതിഭാസങ്ങൾ ദൈവികേച്ഛയുടെയോ ദിവ്യശക്തിയുടെയോ വൃത്തത്തിന് പുറത്തുള്ള ഒന്നല്ല. വാനലോകത്തെ വൻ ഗോളങ്ങളിൽ ദൃശ്യമാകുന്ന പ്രതിഭാസങ്ങൾ ദൈവികാധിപത്യത്തിന്റെ മഹത്വവും അവന്റെ ഇച്ഛയുടെ വ്യാപ്തിയും ശക്തിയുടെ പ്രയോഗവും യുക്തിയുടെ മാഹാത്മ്യവും പ്രപഞ്ച സംവിധാനത്തിലെ ആസൂത്രണവും സംബന്ധിച്ച് മനുഷ്യ മനസ്സുകളെ ബോധവൽക്കരിക്കാൻ ഏറെ പര്യാപ്തമാണ്. അതുവഴി മനസ്സ് ആദര-ബഹുമാന നിർഭരമായി അവനിലേക്ക് തിരിയുകയും നാവുകൾ ഭക്തി പുരസ്സരം പ്രാർഥനാമന്ത്രങ്ങൾ ഉരുവിടുകയും പാണികൾ വിനയപൂർവം കൂമ്പുകയും കപോലങ്ങൾ അർപ്പണ പൂർവം പ്രണാമം നടത്തുകയും ചെയ്യാൻ പ്രേരിതമായിത്തീരും.

വിവിധ പ്രാപഞ്ചിക പ്രതിഭാസങ്ങൾ ദൃശ്യമാകുന്ന അവസരങ്ങളിൽ ഉരുവിടേണ്ടതും സ്മരിക്കേണ്ടതുമായ പല ദുആകളും ദിക്റുകളും നബിതിരുമേനി പഠിപ്പിച്ചിട്ടുണ്ട്. മനുഷ്യൻ അല്ലാഹുവുമായുള്ള മാനസബന്ധം സദാ നിലനിർത്തുക എന്നതാണ് ഈ ദിക്റുകളുടെയും ദുആകളുടെയും ഉദ്ദേശ്യം. അതുമൂലം തുറന്ന ഹൃദയത്തോടും ചൈതന്യവത്തായ അനുഭൂതിയോടും സജീവവും ഉണർവുള്ളതുമായ ബോധത്തോടും കൂടി പുതിയ ഏത് സംഭവവികാസത്തെയും അഭിമുഖീകരിക്കാൻ വിശ്വാസിക്ക് സാധ്യമാകുന്നു. പ്രഭാതവും പ്രദോഷവും പോലെ നിത്യവും ആവർത്തിച്ചുവരുന്നതോ ഭക്ഷ്യപാനീയങ്ങൾ കഴിക്കുന്നതുപോലെ ഒരേദിവസം പലതവണ സംഭവിക്കുന്നതോ ആയ എല്ലാറ്റിനോടും മനുഷ്യൻ ഇമ്മാട്ടിൽ പ്രതികരിക്കേണ്ടിയിരിക്കുന്നു.

വിശ്വാസി സംഭവങ്ങൾ വീക്ഷിക്കുന്ന രീതി ഇതര ജനങ്ങളുടേതിൽനിന്ൻ തികച്ചും ഭിന്നമാണ്. സാമാന്യ ജനങ്ങൾ ബാഹ്യ നയനങ്ങൾ കൊണ്ട് വീക്ഷിക്കുന്നു. സ്വനയനങ്ങൾക്ക് മുന്നിൽ ആവർത്തിക്കപ്പെടുന്ന കാര്യങ്ങളുമായി അവർ ഇണങ്ങിച്ചേരുന്നു. എന്നാൽ വിശ്വാസി ഹൃദയം കൊണ്ടും ഉൾകണ്ണുകൾ കൊണ്ടുമാണ് കാണുന്നത്. സർവ പ്രതിഭാസങ്ങൾക്കും പിന്നിൽ അവൻ ദൈവത്തിന്റെ കരങ്ങൾ ദർശിക്കുന്നു. ദൈവത്തിന്റെ ദൃഷ്ടികൾ കാണുന്നു. അപ്പോഴവൻ ആ ദൈവത്തെ കീർത്തിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. പ്രാർഥിക്കുകയും വിനയാന്വിതനാവുകയും ചെയ്യുന്നു.. ചിരപരിതവും നിത്യസാധാരണവുമായ കാര്യങ്ങളിൽ പോലും ഇതാണ് ഒരു വിശ്വാസിയുടെ നിലപാടെങ്കിൽ സംവത്സരങ്ങൾ കൂടുമ്പോൾ ഒരിക്കൽ സംഭവിക്കുന്ന സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും പോലുള്ള കാര്യങ്ങളെ അയാൾ എങ്ങനെ വീക്ഷിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ദൈവിക ശക്തിയുടെ സുവ്യക്ത ദൃഷ്ടാന്തങ്ങളായ ഇത്തരം സംഭവങ്ങളെ അശ്രദ്ധരും അലസരുമായ മറ്റു മനുഷ്യരെപ്പോലെ നിസ്സാരമായി അവഗണിച്ചുകളയാൻ അയാൾക്ക് സാധ്യമല്ല. ദിനേനയോ മാസാന്തമോ ആവർത്തിച്ചുവരുന്ന സംഭവങ്ങളിൽ അയാൾക്ക് ദിക്റും ദുആയും കൊണ്ട് സംതൃപ്തനാവാൻ കഴിഞ്ഞേക്കാം. പക്ഷേ അപൂർവ പ്രതിഭാസങ്ങളോട് അതിനേക്കാൾ ശക്തമായി പ്രതികരിക്കേണ്ടതുണ്ട്. അതാണ് നമസ്കാരം. കൂടാതെ, ദൈവത്തിന്റെ സൃഷ്ടിവൈഭവം കാണുന്ന മാത്രയിൽ ചൈതന്യവത്തായ ഹൃദയമുള്ളവരിൽ ദൈവഭക്തി അധീശത്വം നേടും. സാധാരണ സംഭവങ്ങൾക്ക് പിന്നിൽ പോലും തങ്ങൾക്ക് അജ്ഞാതവും ദൈവത്തിന്നു മാത്രം അറിയാവുന്നതുമായ ഒരു സൃഷ്ടി രഹസ്യമുണ്ടെന്നവർ മനസ്സിലാക്കും.

ഇമാം ഇബ്നു ദഖീഖിൽ ഈദ് പറയുന്നു: “ഗണിതശാസ്ത്രജ്ഞന്മാരുടെ നിഗമനങ്ങൾ ‘അവമൂലം അല്ലാഹു തന്റെ ദാസൻമാരിൽ ഭീതിജനിപ്പിക്കുകയാണ്’ എന്ന തിരുവാക്യത്തെ നിരാകരിക്കുന്നു എന്ൻ ചിലർ വിശ്വസിക്കുന്നുണ്ടാകാം. അത് അടിസ്ഥാനരഹിതമാണ്. കാരണം, അല്ലാഹുവിന്റെ പ്രവൃത്തികളിൽ ചിലത് സാധാരണവും മറ്റു ചിലത് അസാധാരണവുമാണ്. അവൻ എല്ലാറ്റിനും അതിന്റേതായ കാരണങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. അവനിച്ഛിക്കുന്ന ഒരു കാര്യത്തിൽ കാര്യകാരണ ബന്ധങ്ങളെ പരസ്പരം വേർപെടുത്താനും അവന്ൻ കഴിയും. ഇത് അംഗീകരിക്കുന്നവരിൽ, ഒരു സാധാരണ സംഭവം ഭയമുണർത്തുക സ്വാഭാവികമാണ്. പതിവ് ലംഘിക്കാൻ അല്ലാഹുവിനുള്ള കഴിവിന്റെ അപരിമേയത്വത്തിലും അല്ലാഹു താൻ ഇച്ഛിക്കുന്നത് ചെയ്യുമെന്ന കാര്യത്തിലും ഉള്ള ഉറച്ച വിശ്വാസത്തിന്റെ ഫലമാണത്. സാധാരണ സംഭവങ്ങൾക്ക് പിന്നിൽ അല്ലാഹു ഇച്ഛിച്ചാൽ മാത്രം ലംഘിക്കപ്പെടുന്ന കാര്യകാരണ ബന്ധങ്ങൾ ഉണ്ടാവുന്നതിന് ഈ വിശ്വാസം തടസ്സമല്ല.”

ഗ്രഹണത്തിന്റെ ബാഹ്യഭാവം ഒരു പ്രത്യേക കാര്യത്തെ കുറിച്ച് വിശ്വാസിയിൽ ബോധമുണർത്തുകയും അവന്റെ ശ്രദ്ധ പിടിച്ചെടുക്കുകയും ചെയ്യും. ഈ കാര്യം മറ്റുള്ളവർക്ക് ആലോചനാ വിഷയമാകണമെന്നില്ല. അന്ത്യനാളിനെക്കുറിച്ചും ഈ ലോകത്തിന്റെ സമ്പൂർണ നാശത്തെ കുറിച്ചുമുള്ള ചിന്തയത്രേ അത്.. അവന്റെ ചിന്ത ഇന്നിൽനിന്ൻ നാളേയിലേക്ക് നീങ്ങുന്നു. നബി(സ)യുടെ കാലത്തുണ്ടായ സൂര്യഗ്രഹണത്തെക്കുറിച്ചുള്ള ചില നിവേദനങ്ങളിൽ കാണുംവിധം, -ആ നിവേദനം സ്വീകാര്യമാണെങ്കിൽ- തിരുദൂതർ അന്ത്യദിനം സംഭവിക്കുകയാണോ എന്ന പരിഭ്രാന്തിയോടെ എഴുന്നേറ്റതിന്റെ രഹസ്യം ഇതാകാം. അല്ലാഹുവിന്റെ പ്രാപഞ്ചിക നിയമ വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രത്യേകമായ വല്ല കാരണങ്ങളാലുമാണ് ഗ്രഹണം സംഭവിക്കുന്നതെന്ന് സൂചിപ്പിക്കുന്ന ഒന്നും തന്നെ നബി(സ)യുടേതായി സ്ഥിരപ്പെട്ട വചനങ്ങളിലില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്.” (ഫതാവാ മുആസ്വിറ 238-244)

ചുരക്കത്തിൽ, ഗ്രഹണം എന്നത് ചില അപൂർവ്വ സന്ദർഭങ്ങളിൽ നടക്കുന്ന പ്രാപഞ്ചിക പ്രതിഭാസമാണ്. അത് നടക്കുന്നത് ദൈവികമായ നിയന്ത്രണത്തിന്റെ/ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലാക്കുന്ന ഒരു വിശ്വാസി, അത്തരം സന്ദർഭങ്ങൾ ദൈവത്തെ സ്തുതിക്കാനും സൽകർമങ്ങളനുഷ്ഠിക്കാനും അതിലൂടെ അവനിലേക്ക് അടുക്കാനും ഉപയോഗപ്പെടുത്തുന്നു. അത് അല്ലാഹുവിലുള്ള അവന്റെ വിശ്വാസം കൂടുതൽ വർദ്ധിക്കാൻ കാരണമാകുന്നു. യുക്തിവാദികൾക്കാകട്ടേ, ദൈവനിഷേധം കൂടുതൽ വർദ്ധിപ്പിക്കാനും അതോടൊപ്പം കൂടുതൽ തിന്മചെയ്യാനും (അല്ലാഹുവിനെയും പ്രവാചകനെയും പരമാവധി പരിഹസിക്കുക, വിശ്വാസികളോടുള്ള വെറുപ്പും വിദ്വേഷവും വർദ്ധിപ്പിക്കുക തുടങ്ങിയ…) ഇടയാക്കുന്നു. ദൈവംതന്നെയില്ലെന്ന് വിചാരിക്കുകയും, കാണാത്തതൊന്നും വിശ്വസിക്കില്ലെന്ന് വാദിക്കുകയും ചെയ്യുന്നവർക്ക് വിശ്വാസപരമായ ഏത് കാര്യവും അന്ധവിശ്വാസമായി തോന്നുക സ്വാഭാവികമാണല്ലോ!

(ലേഖകൻ എഴുതിക്കൊണ്ടിരിക്കുന്ന ‘നാസ്തികരുടെ ഇസ്ലാം വിമർശനങ്ങൾ’ എന്ന പുസ്തകത്തിൽനിന്ന്)

Related Articles