Current Date

Search
Close this search box.
Search
Close this search box.

നാസ്തികത:ചരിത്രവും സിദ്ധാന്തവും

നാസ്തികര്‍, നിരീശ്വരവാദികള്‍, യുക്തിവാദികള്‍, എന്നീ വ്യത്യസ്ത പേരുകളില്‍ അറിയപ്പെടുന്ന വിഭാഗത്തിന്റെ തത്ത്വദര്‍ശനത്തേയും ചരിത്രത്തേയും കുറിച്ചുള്ള ഒരവലോകനമാണ് ഈ പ്രബന്ധം. ഇന്ന് സ്വതന്ത്ര ചിന്തകള്‍ എന്നും ഇവര്‍ സ്വയം വിശേഷിപ്പിക്കുന്നുണ്ട്, മാത്രമല്ല നേരത്തേ തന്നെയും അത്തരം വിശേഷണങ്ങള്‍ ഉണ്ടായിട്ടുണ്ട് അതത്ര വ്യാപകമായിരുന്നില്ല എന്നു മാത്രം. ഈ വിശേഷണങ്ങളേയും പേരുകളേയും കുറിച്ചുള്ള ഒരു വിശകലനം തുടക്കത്തില്‍ തന്നെ പ്രസക്തമാന്നെന്ന് തോന്നുന്നു. അത് സ്വയം സ്വീകരിച്ചിരിക്കുന്ന പേരുകളും, അവകാശങ്ങളും, വിശേഷണങ്ങളും പോലും എത്രത്തോളം അനര്‍ഹമായി കടം കൊണ്ടതാണ് എന്ന് ചിന്തിക്കാന്‍ ഒരു പക്ഷേ നിമിത്തമായിത്തീര്‍ന്നേക്കാം

നാസ്തികം
നാസ്തി എന്നു പറഞ്ഞാല്‍ അസ്തി എന്നതിന്റെ വിപരീതമാണ്. സംസ്‌കൃതത്തില്‍ നഃ എന്ന് ഒരു prefix ആയിട്ട് വന്നാല്‍ ഇംഗ്ലീഷില്‍ nay, not എന്നിങ്ങനെയുള്ള അര്‍ത്ഥമാണുള്ളത് അസ്തി എന്നു പറഞ്ഞാല്‍ there is, there exist എന്നൊക്കെയാണ് അര്‍ഥം സ്വഭാവികമായി ആസ്തികം എന്നു പറയുമ്പോള്‍ to know that something exists. എന്തെങ്കിലുമൊന്ന് നിലനില്‍ക്കുന്നുണ്ട് അല്ലെങ്കില്‍ ഏതെങ്കിലുമൊന്നിന് അസ്തിത്വമുണ്ട് എന്ന് അറിയലാണ് യഥാര്‍ത്ഥത്തില്‍ ആസ്തികം എന്നത് കൊണ്ടര്‍ത്ഥമാക്കുന്നത്. ഇതിന്റെ negation അഥവാ നിഷേധം ആണ് നാസ്തികം.

അപ്പോള്‍ ഇത് ഏതിന്റെ അസ്തിത്വത്തെയാണ് നിഷേധിക്കുന്നത്? ഈ പദം സംസ്‌കൃത പദമായാത് കൊണ്ട് തന്നെ ഇന്ത്യന്‍ ഫിലോസഫിയിലും ഇന്ത്യന്‍ methology ലുമൊക്കെ ഉപയോഗിക്കുന്നത് ഏത് അര്‍ത്ഥത്തില്‍ ആണെന്ന് പരിശോധിക്കാം. നാസ്തികോ വേദനിന്ദകഃ എന്ന ഒരു പരാമര്‍ശം മനുസ്മൃതിയില്‍ ഉണ്ട് വേദനിന്ദകന്മാര്‍ ആണ് നാസ്തികര്‍ എന്നര്‍ത്ഥം. രാമായണത്തില്‍ ബുദ്ധനെ നാസ്തികനെന്ന് ശ്രീരാമന്‍ വിശേഷിപ്പിച്ചതായി കാണാം (യഥാഹി ചോരഃ സതഥാഹി ബുദ്ധസ്തഥാഗതം നാസ്തികമത്രവിദ്ധി) ഇത് ജാബാലി മുനിയോട് ശ്രീരാമന്‍ പറഞ്ഞ വാക്കാണ്. ശ്രീരാമനെ അയോധ്യയിലേക്ക് തിരികെ കൊണ്ടുപോകാന്‍ വന്ന ഭരതന്റെ സംഘത്തില്‍ ജാബാലിയും ഉണ്ടായിരുന്നു. ജാബാലി, ബുദ്ധാനുയായി ആണെന്ന സങ്കല്പത്തില്‍ നിന്നാണ് ഇങ്ങനൊരു വര്‍ത്തമാനം ശ്രീരാമന്‍ പറയുന്നത് അച്ഛന്റെ വാക്ക് പാലിക്കാന്‍ വേണ്ടി മകന്‍ ഇങ്ങനെ കഷ്ടപ്പെടുന്നതില്‍ വലിയ ധാര്‍മികമഹത്വമൊന്നുമില്ല എന്നായിരുന്നു ജാബാലിയുടെ വാദം ആ സമയത്താണ് ശ്രീരാമന്‍ ഇത് പറയുന്നത് അതില്‍ പറയുന്നത് ബുദ്ധന്‍ ചോരനും നാസ്തികനുമാണ് എന്നാണ്. തഥാഗതം എന്ന പദം ഉപയോഗിച്ചത് കൊണ്ട് യഥാര്‍ത്ഥത്തില്‍ ശ്രീ ബുദ്ധന്‍ തന്നെയാണ് ഉദ്ദേശിക്കപെട്ടത് എന്ന് വ്യക്തമാണ് അതില്‍ നാസ്തികം എന്ന പദമുണ്ടല്ലോ. അവിടെയും ആര്‍ഷ, ആര്യ വേദങ്ങളെ അവലംബിച്ചുകൊണ്ടുള്ളതല്ലാത്ത ഒരു തത്വശാസ്ത്രം വികസിപ്പിച്ചു എന്ന അര്‍ത്ഥത്തിലാണ് ബുദ്ധനെ നാസ്തികന്‍ എന്ന് വിശേഷിപ്പിച്ചത്. അല്ലാതെ നിരീശ്വരവാദം എന്ന അര്‍ത്ഥത്തില്‍ അല്ല.

പൊതുവെ ഇന്ത്യന്‍ ഫിലോസഫിയില്‍ വേദങ്ങളുടെ ആസ്തിക്യത്തെ അംഗീകരിക്കുന്ന ദര്‍ശനങ്ങളെ ആണ് ആസ്തികം എന്ന് വിശേഷിപിക്കാറുള്ളത്. വേദങ്ങളുടെ അസ്തിത്വത്തെ നിഷേധിക്കുന്ന ദര്‍ശനങ്ങളെ നാസ്തികം എന്നും പറയും. സ്വാഭാവികമായും ഈ പദങ്ങള്‍ക്ക് അതിന്റെ നിഷ്പത്തിയില്‍ ഈശ്വരാസ്തിത്വവുമായി ഒരു ബന്ധവും ഇല്ല. മാത്രവുമല്ല ഉപനിഷത്തുകളില്‍ ആസ്തികം എന്ന പദം ആത്മത്തിലുള്ള വിശ്വാസവുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ട്. അതായത് ആത്മവിശ്വാസം ഉള്ളവന്‍ ആസ്തികന്‍, അതില്ലാത്തവര്‍ നാസ്തികന്‍.

ഇവിടെ, വേദത്തിന്റെ സ്ഥാനത്ത് ഈശ്വരനെ നിര്‍ത്തിയാല്‍, ഈശ്വരാസ്തിത്വത്തെ നിഷേധിക്കുന്നവനായി നാസ്തികന്‍. അത് അംഗീകരിക്കുന്നവന്‍ ആസ്തികനും ആവുന്നു. ഇപ്രകാരം ഈശ്വരവിശ്വാസത്തെ ഉപേക്ഷിക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നവരെ നാസ്തികര്‍ എന്ന് വിശേഷിപ്പിക്കാമെങ്കിലും പൊതുവെ ഇവര്‍ അറിയപ്പെടുന്നത് യുക്തിവാദികള്‍ എന്ന പേരിലാണ്.

ഇപ്പോള്‍ സ്വതന്ത്ര ചിന്തകര്‍ എന്ന പേരും വ്യാപകമാണ്. എന്നാല്‍ സ്വതന്ത്രചിന്ത എന്നത് യഥാര്‍ത്ഥത്തില്‍ വ്യാജമാണെന്നാണ് എന്റെ അഭിപ്രായം. സാധാരണഗതിയില്‍ ഒരു മനുഷ്യന്‍ ചിന്താഗതിയില്‍ തീര്‍ത്തും സ്വതന്ത്രനാവണമെങ്കില്‍ അയാള്‍ക്ക് ഒരാആശയത്തോടും യാതൊരുവിധ ആഭിമുഖ്യവും ഉണ്ടാകരുത്. ഒരു തരത്തിലുള്ള മുന്‍വിധിയും അയാളെ നയിക്കാന്‍ പാടില്ല ഇങ്ങനെ വരുമ്പോള്‍ മാത്രമാണ് അയാളെ സ്വതന്ത്രന്‍ എന്ന് വിശേഷിപ്പിക്കാന്‍ പറ്റുക. അതേസമയം നിരീശ്വരവാദികള്‍ നിരീശ്വരവാദം എന്ന പ്രതലത്തില്‍ നിന്നുകൊണ്ട് മാത്രമേ സംസാരിക്കൂ. അതിനെ നിരാകരിക്കുന്ന, അതിന് പോറല്‍ ഏല്‍പിക്കുന്ന തരത്തിലുള്ള ഒരു ആര്‍ഗുമെന്റും അവരുടെ പക്ഷത്തു നിന്ന് ഒരുതരത്തിലും ഉണ്ടാവുകയില്ല. ചിന്താപരമായ സ്വാതന്ത്ര്യത്തിന്റെ പരിമിതിയെത്തന്നെയാണ് അത് സൂചിപ്പിക്കുന്നത് വിശ്വാസിയുടെ കാര്യവും അങ്ങനെത്തന്നെ. വിശ്വാസം അല്ലെങ്കില്‍ അവര്‍ കൈകൊണ്ടിട്ടുള്ള മത സമ്പ്രദായം, ദര്‍ശനം എന്നിവയ്‌ക്കെതിരായി വരുന്ന യാതൊരു ആര്‍ഗുമെന്റും അവര്‍ മുന്നോട്ട് വെക്കില്ല.

അതായത്, സ്വതന്ത്രചിന്ത എന്നത് ഒരു മിത്തയാണ്. വിശ്വാസത്തെ delusion എന്ന് വിശേഷിപ്പിച്ചത് ഫ്രോയ്ഡ് ആണ്. ഫ്രോയ്ഡിനെ ഉപജീവിച്ചാണ് റിച്ചഡ് ഡോക്കിന്‍സ് അദ്ദേഹത്തിന്റെ പുസ്തകത്തിന് God Delusion എന്ന് പേര് നല്‍കിയത്. ഇതുപോലെയുള്ള ഒരു delusion മാത്രമാണ് ഈ പറഞ്ഞ സ്വതന്ത്ര ചിന്ത. പിന്നെയുള്ളത് യുക്തിവാദം എന്ന് പറയുന്ന ആശയമാണ്. യഥാര്‍ത്ഥത്തില്‍ എന്താണ് യുക്തിവാദം? ആധുനിക പാശ്ചാത്യ തത്വചിന്തയില്‍ തത്വചിന്ത രണ്ട് ഭാഗമായി വേര്‍പിരിഞ്ഞതില്‍ ഒരു വിഭാഗം അറിയപ്പെട്ടത് റാഷണലിസ്റ്റുകള്‍ അഥവാ യുക്തിവാദികള്‍ എന്നാണ്. എംപിരിസിസ്റ്റുകള്‍ അഥവാ അനുഭവമാത്രവാദികള്‍ ആണ് മറുവിഭാഗം. സാധാരണ മനുഷ്യന് അറിവ് നേടാന്‍ പറ്റുന്നത് മൂന്ന് വിധത്തിലാണ്. സെന്‍സ് അഥവാ ശാരീരികേന്ദ്രിയങ്ങളാണ് പ്രാഥമികം. രണ്ടാമത്തെത് കാരണങ്ങളുമായി ബന്ധപ്പെട്ട വിശകലനം അഥവാ റീസനിങ്. ലോജിക് അഥവാ യുക്തിയാണ് മൂന്നാമത്തെത്.

ഇതില്‍ സെന്‍സിന് പ്രാധാന്യം നല്‍ക്കുന്നതോ സെന്‍സിനെ മാത്രം അംഗീകരിക്കുന്നതോ ആയ ആശയങ്ങളേയാണ് എംപിരിസിസം അഥവാ അനുഭവമാത്രപരം എന്ന് വിശേഷിപ്പിക്കാറുള്ളത്. മറുഭാഗത്ത് റീസണിനും ലോജിക്കിനും പ്രാധാന്യം നല്‍കുന്ന ആളുകള്‍ റാഷണലിസ്റ്റുകള്‍ അഥവാ യുക്തിവാദികള്‍ എന്നും വിളിക്കപ്പെട്ടു. ഈ രണ്ട് ധാരയിലും ഈശ്വരവിശ്വാസികളും നിരീശ്വരവാദികളുമുണ്ട്. അതുകൊണ്ട് യുക്തിവാദം എന്നൊരു വാദം നിരീശ്വരവാദത്തെ ഒരു നിലക്കും അടയാളപ്പെടുത്തുനില്ല. ഈ രണ്ട് വിഭാഗത്തിലുമതുണ്ട് എന്നതാണ് ചരിത്രം. തന്നെയുമല്ല, കുറേ കൂടി കൂടുതലായി ഈ പറഞ്ഞ നാസ്തികവാദം അല്ലെങ്കില്‍ നിരീശ്വരവാദം ബന്ധപ്പെട്ടു നില്‍ക്കുന്നത് റാഷണലിസത്തോടല്ല, മറിച്ച് എംപിരിസത്തോടാണ്.

അതായത്, നിരീശ്വരവാദികളെസ്സംബന്ധിച്ചിടത്തോളം, റാഷണലിസ്റ്റ് എന്നത് ഒരു അവകാശവാദം മാത്രമാണ്. എതീസ്റ്റ് എന്ന് വിശേഷിപ്പിക്കാം. അതിനപ്പുറം റാഷണലിസ്റ്റ് എന്ന വിശേഷണം അവര്‍ക്ക് ഒരിക്കലും ചേരുന്നതല്ല ദൈവത്തെ നിഷേധിക്കുന്നതിന്റെ പ്രധാന കാരണമെന്താണ്? ദൈവത്തിന്റെ ആസ്തിക്യത്തെ സ്ഥാപിക്കുന്നതിന് empirical evidence ഒന്നുമില്ല, അനുഭവമാത്രമായ തെളിവുകളൊന്നുമില്ല എന്നാണ് അവര്‍ വാദിക്കുന്നത് , അനുഭവമാത്രമായ തെളിവുകളുടെ അഭാവത്തില്‍ ദൈവത്തെ നിഷേധിക്കുമ്പോള്‍ കൂടുതലായി അവര്‍ ചേര്‍ന്നു നില്‍ക്കുന്നത് എംപിരിസത്തോടാണ്, റാഷനലിസത്തോടല്ല.

ദൈവം എന്ന ആശയത്തെ യുക്തി കൊണ്ട് അംഗീകരിക്കാന്‍ നമുക്ക് പറ്റിയേക്കും. പക്ഷെ ആ യുക്തിയെ ഒരു നിലക്കും ഇവര്‍ അംഗീകരിക്കുന്നില്ല.. യുക്തിവാദം എന്ന വിശേഷണം ഒരിക്കലും നിരീശ്വരവാദികള്‍ക്ക് ചേരുന്നതല്ല. അതായത് വസ്തുനിഷ്ഠതയാണ് എംപിരിസത്തിന്റെ പ്രധാന അടിസ്ഥാനം. അതേ സമയം യുക്തിവാദം intuitionന് മുന്‍ഗണന കൊടുക്കുന്നതായി കാണാം. യുക്തിവാദികളുടെ ആചാരന്മാരായ റെനെ ദെകാര്‍ത്ത്, ബാറൂച് സ്പിനോസ, ലെയ്ബനിസ് തുടങ്ങിയവര്‍ ദൈവവിശ്വാസികളാണെന്ന് മാത്രമല്ല യുക്തി കൊണ്ട് ദൈവാസ്തിക്യത്തെ സ്ഥാപിച്ചവരുമാണ്. Argument from the origin of the idea of God എന്ന തത്വം തന്നെ അവതരിപ്പിച്ചിട്ടുണ്ട് ദെകാര്‍ത്ത്. Intuition ന് പ്രാധാന്യം നല്‍കാതെ അനുഭവത്തിന് മാത്രം പരിഗണന നല്‍കുന്ന രീതി യുക്തിവാദത്തിന്റെതല്ല. അതായത്, നിരീശ്വരവാദം ഒരിക്കലും ഒരു യുക്തിവാദമല്ല.

ജ്ഞാനോദയത്തിന്റെ ആരംഭത്തിലാണ് ഫിലോസഫിയില്‍ ഈ പറഞ്ഞ രണ്ടു പ്രതിഭാസവും വന്നിട്ടുള്ളത്. ദെകാര്‍ത്തിന്റെയും മറ്റും വാദത്തെ continental rationalism എന്നും പറയാറുണ്ട്. മെയിന്‍ലാന്‍ഡ് യൂറോപ്പില്‍ (കോണ്‍ടിനെന്റല്‍ യൂറോപ്പില്‍ ഉല്‍ഭവിച്ചതു കൊണ്ടാണിത്). മറുഭാഗത്ത് British empiricism എന്നാണ് അനുഭവമാത്രവാദം അറിയപ്പെട്ടത്.

ഇവ തമ്മിലുള്ള സംവാദത്തിലൂടെ എംപിരിസിസത്തിന് ചില ഉള്‍പ്പിരിവുകളുണ്ടായി
1. relativism (ആപേക്ഷികവാദം). അതായത് അറിവ്, സത്യം, ധാര്‍മികത ഇതെല്ലാം ചരിത്ര വികാസങ്ങളുമായി മാത്രം ബസപ്പെടുന്നതാണ്. അറിവ് കേവലമല്ല. കേവലമായ ജ്ഞാനം എന്നൊന്നില്ല. മനുഷ്യന്റെ ജ്ഞാനവും സംസ്‌കാരവും, മനുഷ്യന്റെ ധാര്‍മികത പോലും അടിസ്ഥാനപരമായി truth തന്നെയും ചരിത്രപരമായ സാഹചര്യങ്ങളും അതിന്റെ വികാസവുമായി ബന്ധപ്പെട്ട് മാത്രം മനസ്സിലാക്കേണ്ടതാണ്. ഒന്നിനും കേവലം എന്ന സ്ഥാനം നല്‍കാന്‍ പറ്റില്ല.

2. metaphysical (അതിഭൗതികവാദപരം). ശരിയെന്ന് പറയാന്‍ പറ്റുന്ന അറിവ് ഇന്ദ്രിയങ്ങളാല്‍ ലദിക്കുന്ന അറിവ് മാത്രമാണെന്നാണ് ഇവരുടെയും വാദമെങ്കിലും ഭൗതികാതീതമായ ഒരാശയം ഉണ്ട് എന്നിവര്‍ സമ്മതിക്കുന്നു. ഇതാണ് അവരെ അതിഭൗതികവാദികള്‍ ആക്കിയത്.

3. scientism (ശാസ്ത്രവാദം). അറിവ് നേടാന്‍ ഭൗതിക ശാസ്ത്രം കൊണ്ട് മാത്രമേ സാധിക്കൂ എന്നാണ് ഇവരുടെ വാദം.

നിരീശ്വരവാദം നിലകൊള്ളുന്നത് റിലേറ്റിവിസത്തിന്റെയും സയന്റിസത്തിന്റെയും ആധാരത്തിലാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ലോകത്തെക്കുറിച്ചുള്ള അവരുടെ വ്യാഖ്യാനവും ധാര്‍മികതയെ കുറിച്ചുള്ള ചിന്തയുമെല്ലാം ഇതില്‍ത്തന്നെയാണ്. ധാര്‍മികത എന്നത് തീര്‍ത്തും റിലേറ്റീവ് ആയി വരുമ്പോള്‍ സനാതനമായ, ശ്വാശ്വതമായ അടിസ്ഥാനപരമായ മൂല്യങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നാണല്ലോ അതിന്റെ അര്‍ത്ഥം.

സയന്റിസത്തില്‍ സയന്‍സ് മാത്രമാണ് ശരി. ഇതാണ് ദൈവനിരാകരണത്തിന്റെ പ്രധാനകാരണവും. അറിവിന്റെ സ്രോതസ്സ് സത്യത്തില്‍ സയന്‍സ് മാത്രമാണോ? ആണെന്നാണ് പൊതുവെ എല്ലാ നാസ്തികരുടെയും വാദം. ദൈവാസ്തിക്യത്തിന് സയന്‍സില്‍ തെളിവില്ല എന്ന് പറഞ്ഞു കൊണ്ട് മുന്നോട്ട് വെക്കാറുള്ള ഒരു വാദമുണ്ട്. Absence of evidence is the evidence of absence എന്നതാണത്. തെളിവിന്റെ അഭാവം അഭാവത്തിനുള്ള തെളിവാണത്രേ. absence എന്നതിനെപ്പോലും കൃത്യമായി വിശകലനം ചെയ്യാത്തതിന്റെ കുഴപ്പമാണിത്. തത്വചിന്തകന്മാര്‍ അഭാവത്തെ അനലൈസ് ചെയ്തിട്ടുണ്ട്. പൗരാണിക ഇന്ത്യന്‍ തത്വചിന്തകനായ കണാദന്‍ -പ്രത്യക്ഷത്തില്‍ ഒരു ഭൗതികവാദിയാണ് കണാദന്‍- നാല് തരം അഭാവങ്ങളെ പരാമര്‍ശിക്കുന്നുണ്ട്.
1. ഒന്ന് ഉണ്ടാകുന്നതിന് മുമ്പുള്ള അഭാവം
2. ഒന്ന് നശിച്ചുകഴിഞ്ഞുള്ള അഭാവം
3. അന്യോന്യാഭാവം (ഒന്ന് മറ്റൊന്നല്ലെന്നതു പോലെ)
4. അത്യന്താഭാവം (ഇതാണ് അബ്‌സോല്യൂട്ട് നോണ്‍ എക്‌സിസ്റ്റന്‍സ്)
അതായത് ഒന്നിന്റെ അഭാവം പലതരത്തിലാവാം അതുകൊണ്ട് തന്നെ absence of evidence എന്നുവെച്ചാല്‍ evidence of absence ആവില്ല. ഇത് absence എന്നതിനെ കുറിച്ചുള്ള തിരിച്ചറിവില്ലായ്മയുടെ പ്രശ്‌നമാണ്. ഒന്നിന്റെ സാന്നിധ്യത്തിന് തെളിവില്ലെങ്കില്‍ അത് lack of evidence ആവാം. എന്നുവെച്ചാല്‍ ലഭ്യമായ തെളിവുകളുടെ കുറവ്. അല്ലെങ്കിലത് അജ്ഞതയുമാവാം, ignorence of evidence.

അല്ലാതെ ഒരിക്കലും തെളിവില്ലായ്മ ഇല്ലായ്മയുടെ തെളിവാവുന്നില്ല. അത് തത്വശാസ്ത്രപരമായോ യുക്തിപരമായോ ശരിയല്ല.

യഥാര്‍ത്ഥത്തില്‍ ശാസ്ത്രത്തിന്റെ പ്രചോദനം തന്നെ സത്യാന്വേഷണം അല്ല. ശാസ്ത്രം നാഗരികതയുമായാണ് ബന്ധപ്പെടുന്നത്. അതേസമയം സംസ്‌കാരവുമായി ബന്ധപ്പെടുന്നത് മതമാണ്. യഥാര്‍ത്ഥത്തില്‍ ശാസ്ത്രത്തിന്റെ പ്രചോദനം അതിജീവനമത്രേ. ശാസ്ത്രത്തെക്കാള്‍ മുന്നേ സാങ്കേതിക വിദ്യയുണ്ട്. മനുഷ്യന്‍ പുരോഗമിക്കുന്നത് പലതരത്തിലുള്ള സാങ്കേതികവിദ്യകളുടെ പ്രയോഗത്തിലൂടെയാണ്. ഓരോ സാങ്കേതികവിദ്യയും പുരോഗമിച്ചു വരുന്നത് മനുഷ്യന്റെ അതിജീവനവുമായി ബന്ധപ്പെട്ടുമാണ്.

ഇവിടെ സത്യാന്വേഷണം എന്നത് പ്രചോദനമായി വരുന്നില്ല. ആധുനികശാസ്ത്രം നിരീക്ഷണ, പരീക്ഷണങ്ങളുടേതായ കൃത്യത സൃഷ്ടിച്ചു എന്ന് സമ്മതിക്കാം. അപ്പോഴും ഇത് ഒരു കേവലയാഥാര്‍ത്ഥ്യത്തെക്കുറിച്ച അന്വേഷണം ആകുന്നില്ല. അങ്ങനെ ശാസ്ത്രജ്ഞന്മാരാരും അവകാശപ്പെട്ടിട്ടുമില്ല. ഒരു സാമൂഹികധാര്‍മികത രൂപപ്പെടുത്താന്‍ ശാസ്ത്രത്തിന് സ്വയം ശേഷിയില്ല. ശാസ്ത്രം തന്നെ ധാര്‍മികതയായി മാറുകയാണെങ്കില്‍ അത് ലോകത്ത് ഉണ്ടാക്കാന്‍ പോകുന്ന പ്രശ്‌നങ്ങളെ പറ്റി ശാസ്ത്രജ്ഞന്മാര്‍ തന്നെ മുന്നറിയിപ്പുകള്‍ തന്നിട്ടുമുണ്ട്.

വേറൊരു കാര്യമുള്ളത്, പലപ്പോഴും സയന്‍സ് പകരുന്ന അറിവുകള്‍ പലതും സയന്‍സില്‍ നിന്ന് ഉല്‍ഭവിച്ച് തല്ല. ശാസ്ത്രവാദത്തില്‍ എക്‌സ്ട്രീമായ ചിലര്‍ സൈക്കോളജിയെപ്പോലും തള്ളിപ്പറയുന്നത് കാണാം. മനുഷ്യന്റെ ‘മനസ്സ് വായിക്കാന്‍’ ന്യൂറോ സയന്‍സിനാണ് പറ്റുകയെന്നും അതുണ്ടായിരിക്കെ മറ്റ് തത്വങ്ങളെല്ലാം അപ്രസക്തമായിത്തീരുന്നു എന്നുമാണ് വാദം.

ഇവിടെ മറ്റൊരു പ്രശ്‌നമുണ്ട്. മനസ്സ് എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കാറുള്ള പദങ്ങളോ ആശയങ്ങളോ ഒന്നും യഥാര്‍ത്ഥത്തില്‍ ശാസ്ത്രത്തിന്റെ സംഭാവനയല്ല. സൈക്ക്, മൈന്‍ഡ് തുടങ്ങിയ വാക്കുകളൊക്കെ മതവും തത്വചിന്തയുമായി ബന്ധപ്പെട്ട് ഉല്‍ഭവിച്ചതാണ്. ഖുര്‍ആനായാലും മറ്റ് വേദഗ്രന്ഥങ്ങളായാലും, ഒന്നും ഈ അര്‍ത്ഥത്തിലുള്ള പദങ്ങള്‍ ഉപയോഗിക്കാതെ പോയിട്ടേയില്ല. ഇതെല്ലാം മോഡേണ്‍ സയന്‍സ് രൂപപ്പെടുന്നതിന് മുന്നേ ഉള്ളതാണ്. ക്ലാസ്സിക്കല്‍ ഗ്രീക് ഫിലോസഫിയുടെ സംഭാവനയാണ് സൈക്ക് എന്ന ആശയം. ന്യൂറോ സയന്‍സ് മനസ്സിനെ കുറിച്ച് പഠിക്കുന്നുവെങ്കിലും ഇതിന്റെ ആശയവും കാമ്പും കിടക്കുന്നത് ശാസ്ത്രത്തിലല്ല.

ആശയം ഇല്ലാതെ ഒന്നിനെപ്പറ്റിയും പഠിക്കാന്‍ പറ്റില്ലല്ലോ. അങ്ങനെ വരുമ്പോള്‍ സയന്‍സ് മാത്രമാണ് അറിവ് നേടാനുള്ള ഒരേ ഒരു വഴി എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല.

തീവ്രസയന്റിസ്റ്റുകള്‍ പറയുന്നതുപോലെ അറിവ് നേടാനുള്ള ഒരേയൊരു വഴി സയന്‍സ് മാത്രമല്ല. അതുപോലെ തെളിവുകള്‍ ഇല്ല എന്നത് ഒന്നിനെയും നിരാകരിക്കാനുള്ള കാരണവും അല്ല തെളിവുകളെ പറ്റി തത്വശാസ്ത്രത്തില്‍ രണ്ടഭിപ്രായമുണ്ട്. ഒന്നിനെ തെളിവുകളാല്‍ സ്ഥാപിക്കുന്നത് വരെ ഒന്നും സത്യമല്ല എന്നതാണൊന്ന്. ഇനി ഇതിന് വിപരീതമായ മറ്റൊരഭിപ്രായം തെളിവ് കൊണ്ട് ഒന്ന് തെറ്റെന്ന് തെളിയുന്നത് വരെ എല്ലാം സത്യമാണെന്നാണ്. ഇത് രണ്ടും തത്വശാസ്ത്രപരമായി സാധൂകരണമുള്ള വാദങ്ങളാണ്. ഇതില്‍നിന്ന് നമുക്ക് എത്താവുന്ന ആശയം എന്തെന്നാല്‍ ലാക് ഓഫ് എവിഡന്‍സ് എന്നത് ഒന്നിനെയും നിരാകരിക്കാനോ സത്യമാണെന്ന് പറയാനോ കാരണമല്ല ഇത് വെച്ച് ഒരു പ്രപൊസിഷനെയും (പ്രസ്താവനയേയും) സാധൂകരിക്കാനോ
തള്ളിക്കളയാനോ പറ്റില്ല.

നിരീശ്വരവാദത്തിന് പ്രാചീനമായ ഒരു ചരിത്രമുണ്ട്. ഭൗതികവാദപരമായി ചിന്തിക്കുന്ന സാമൂഹിക ചിന്തകന്മാര്‍, പ്രകൃതിയുമായുള്ള മനുഷ്യന്റെ സങ്കീര്‍ണ്ണ ബന്ധങ്ങള്‍ സൃഷ്ടിച്ച ആശയക്കുഴപ്പങ്ങളില്‍ നിന്നാണ് ദൈവസങ്കല്‍പം ഉണ്ടായതെന്ന് വാദിക്കുന്നു. ഫ്രീഡ്രിഷ് എംഗല്‍സിന്റെ ആന്റി ഡ്യൂറിങ് എന്ന പുസ്തകത്തില്‍ ഈ വാദം ഉന്നയിക്കുന്നുണ്ട്. മറ്റൊന്നുകൂടി പറയുന്നുണ്ട് എംഗല്‍സ്. കാലം മുന്നേട്ട് പോയി സമൂഹം അല്‍പം കൂടി വികസിച്ചപ്പോള്‍ പ്രകൃതിശക്തികളോടൊപ്പം സാമൂഹികശക്തികളും ഈ പറയുന്ന ദൈവ സങ്കല്‍പത്തിലേക്ക് ചേര്‍ക്കപ്പെട്ടത്രേ.

ഇത്തരം സങ്കല്‍പങ്ങളോടുള്ള എതിര്‍പ്പുമായി രംഗത്ത് വന്നവരാണ് നാസ്തികന്മാര്‍ എന്നതാണ് പൊതുവായുള്ള വിശകലനം.

പ്രാചീന കാലത്ത് ഇന്ത്യയിലെ ചാര്‍വാകന്‍ മുതല്‍ ഗ്രീസിലെ എപിക്യൂറസ്, ഡെമോക്രിറ്റസ് തുടങ്ങിയവരൊക്കെയും ദൈവനിരാകരണവാദത്തിന്റെ വക്താക്കളായിരുന്നു. പ്രാചീന നാസ്തികരായിരുന്നു ഇവര്‍.

ആധുനികകാലത്താകട്ടെ, ജ്ഞാനോദയത്തിന്റെ  പശ്ചാത്തലത്തിലാണ് നിരീശ്വരവാദം ശക്തിപ്പെടുന്നത്. അവിടെ മതവും ശാസ്ത്രവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അന്ന് സ്വതന്ത്ര ചിന്ത അനിവാര്യമായിരുന്നു. അതായത്, ഒന്നിനോടും പ്രതിബദ്ധതയില്ലാത്ത ചിന്തകള്‍. കാരണമെന്തെന്നാല്‍,  അത്രത്തോളം കര്‍ക്കശമായ മതാധിപത്യം അന്ന് യൂറോപ്പിനെ വരിഞ്ഞുമുറുക്കിയിരുന്നു. ചര്‍ച്ച് പറയുന്നതിനെതിരായി ചിന്തിക്കുന്നത് പോയിട്ട്, ചര്‍ച്ച് പറയുന്ന സമയത്ത് അല്ലാതെ ഉച്ഛ്വാസവായു വിടാന്‍ പോലും പറ്റാത്ത ഒരന്തരീക്ഷമായിരുന്നെന്ന് പറഞ്ഞാല്‍ തെല്ലും അതിശയോക്തിയുണ്ടാവില്ല. ഈ സമയത്ത് മതാധിപത്യവുമായി, ‘തിയോക്രസി’യുമായി ഏറ്റുമുട്ടിക്കൊണ്ടാണ് ഈ ചിന്തകളൊക്കെ വികാസം പ്രാപിച്ചത്. ആധുനികത അടക്കം.

നമുക്ക് ഗലീലിയോയുടെ ചരിത്രം അറിയാം. കെപ്ലറുടെയും ടൈക്കോബ്രാഹെയുടെയുമൊക്കെ ചരിത്രമറിയാം. സത്യം പറഞ്ഞതിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത ശാസ്ത്രജ്ഞരാണിവര്‍. ചിലരെ ചുട്ടെരിച്ചു കൊന്നുകളഞ്ഞു. ഗലീലിയോയെപ്പോലുള്ളവര്‍ ജീവിതാവസാനം വരെ വീട്ടുതടങ്കലിലുമായി.

മതവും സ്വതന്ത്രചിന്തയും തമ്മിലുള്ള ഈ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് ആധുനിക ഹ്യൂമനിസം വളര്‍ച്ച പ്രാപിച്ചത്. സ്വാഭാവികമായും അതൊരു സെക്യുലര്‍ ലിബറല്‍ ഹ്യൂമനിസമായി മാറി.

ശാസ്ത്രത്തോട് കൂടുതല്‍ ചേര്‍ന്നു നിന്ന ആധുനിക ഹ്യൂമനിസം ആദ്യം ക്രൈസ്തവാധിപത്യത്തെയാണ് ചോദ്യം ചെയ്തത്. പിന്നീടത് െ്രെകസ്തവ തത്വങ്ങള്‍ക്കും വിശ്വാസത്തിനുമെതിരെയുള്ള എതിര്‍പ്പുകളായി മാറി. താമസിയാതെ മതത്തെയും മതതത്വങ്ങളെയും നിരാകരിക്കുന്ന നിരീശ്വരവാദവും ആയിത്തീര്‍ന്നു.

ഈ നിരീശ്വരവാദം തന്നെ നാല് തരത്തിലുണ്ട്. തനിദ്രവ്യവാദികളാണ് അതില്‍ ഒന്നാമത്തെ വിഭാഗം. ശുദ്ധ മെറ്റീരിയലിസ്റ്റുകള്‍. എംപിരിക്കല്‍ അല്ലാത്ത ജ്ഞാനത്തോട് അവര്‍ പൂര്‍ണമായും അകലം പാലിച്ചു. സെന്‍സറി എക്‌സ്പീരിയന്‍സ് ഇല്ലാത്ത ഒന്നിനെയും അംഗീകരിക്കാത്ത ഒരു നിലപാടാണത്. യാന്ത്രിക ഭൗതികവാദം എന്ന് മാര്‍ക്‌സ് വിശേഷിപ്പിച്ച ലുദ്‌വിഗ് ഫൊയര്‍ബാഹിന്റെയും മറ്റും ചിന്തകള്‍ അതില്‍പ്പെടുന്നു. ഒപ്പം മാര്‍ക്‌സും വൈരുധ്യാത്മക ഭൗതികവാദവും ഇതേ പക്ഷത്ത് തന്നെയാണ് നില്‍ക്കുക എന്നും മനസ്സിലാക്കേണ്ടതാണ്. ജ്ഞാനത്തിന്റെ അടിസ്ഥാനം കേവലദ്രവ്യം ആയിത്തീരുന്നു ഇതില്‍.

എഗ്‌നോസ്റ്റിക് എതീസ്റ്റുകളാണ് രണ്ടാമത്തെ വിഭാഗം. തോമസ് ഹക്‌സ്‌ലിയും മറ്റും ഇതിന്റെ വക്താക്കളാണ്. ദൈവം എന്ന ആശയത്തിന് തൃപ്തികരമായ തെളിവുകളൊന്നും ലഭ്യമല്ല, എന്നാല്‍ അതിനെ തള്ളിക്കളയാനും പറ്റില്ല എന്ന് ഇവരുടെ നിലപാടിനെ ചുരുക്കാം.

മൂന്നാമത്തേത് ഇതില്‍ നിന്നും ഉല്‍ഭവിച്ച ഒരു ആത്മീയ നിരീശ്വരവാദം ആണ്.അതിനെ നമ്മള്‍ പാന്‍തീയിസം എന്നാണ് വിളിക്കുക. പ്രകൃതിതത്വവാദം അഥവാ പ്രകൃതിദൈവവാദം. പ്രകൃതിയും അതിലെ പ്രതിഭാസങ്ങളുമല്ലാതെ വേറെ ദൈവമില്ല എന്നവാദമാണത്.

നാലാമത്തെ വിഭാഗത്തെ നിരാകരണവാദികള്‍ എന്ന് വിളിക്കാം. അവര്‍ മതത്തെയും തത്വങ്ങളെയും ദൈവത്തെയും എല്ലാം തള്ളിക്കളഞ്ഞു. എന്നാല്‍ അത് ദ്രവ്യവാദികളുടേത് പോലെയായിരുന്നില്ല. മതത്തോടും മതാധിപത്യത്തോടും പൊരുതിക്കൊണ്ട് സ്വാതന്ത്ര്യത്തെയും സ്വതന്ത്രചിന്തയെയും സ്ഥാപിക്കാന്‍ ശ്രമിച്ചവരാണവര്‍. ബര്‍ട്രന്റ് റസ്സലിനെ പോലെയുള്ളവരുടെ നിരീശ്വരവാദ ചിന്തകള്‍ ഈയിനത്തിലാണ് പെടുകയെന്ന് ചിന്തിക്കാം.

തനിക്കായി മനുഷ്യന്‍ സ്വയം തന്നെ നിര്‍മിച്ച പ്രതിദ്വന്ദ്വമാണ് ദൈവം എന്ന നിരീക്ഷണമാണ് ഫൊയര്‍ബാഹ് നടത്തുന്നത് (Essence of Christianity). അതായത്, തന്റെ തന്നെ പ്രതിപക്ഷസ്ഥാനി. ഒപ്പം പരിമിതികളെ അതിജയിക്കാനുള്ള മനുഷ്യന്റെ അഭിലാഷവും കൂടിയാണത്. മനുഷ്യന്റെ മോഹങ്ങളും കാമിനകളും ഭാവനകള്‍ ആയി മാറി ദൈവത്തില്‍ അത് ഗുണങ്ങളായി ആരോപിക്കുകയുമാണ് ചെയ്യുന്നത്. മനുഷ്യന്‍ അപൂര്‍ണനാണ്, ദൈവം പൂര്‍ണതയുള്ളവനും. പല കാര്യങ്ങളിലും മനുഷ്യന്‍ അശക്തനായിരിക്കെ, ദൈവം സര്‍വശക്തനാണ്. മനുഷ്യന്റെ ജ്ഞാനത്തിന് പരിമിതികളുണ്ട്, എന്നാല്‍ ദൈവം സര്‍വജ്ഞനാണ്. ദൈവം എന്ന ആശയത്തിന്റെ ഉല്‍പത്തിയെ ഫൊയര്‍ബാഹ് ഇപ്രകാരമാണ് വിശദീകരിക്കുന്നത്.

A Contribution to the Critique of Hegel’s Philosophy of Rights എന്ന ഗ്രന്ഥത്തിലാണ് കാള്‍ മാര്‍ക്‌സ് മതത്തെ opium of the masses എന്ന് വിശേഷിപ്പിച്ചത്. മനുഷ്യസമൂഹത്തെ മയക്കുന്ന കറുപ്പാണ് മതം. ചരിത്രപരമായും സാമൂഹ്യമായും മതത്തിന്റെ സ്ഥാനത്തെ അടയാളപ്പെടുത്താനും അദ്ദേഹമതില്‍ മുതിരുന്നുണ്ട്. ഫൊയര്‍ബാഹിന്റെ യാന്ത്രികഭൗതികവാദം അല്ല മാര്‍ക്‌സിന്റെത്. മര്‍ദ്ദിത ജീവിയുടെ നിശ്വാസമാണ് മതം. ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമാണത്. ഉന്മേഷരഹിത സാഹചര്യങ്ങളിലെ ലഹരിയും. മതം എന്നാല്‍ മനുഷ്യന്റെ ഓപ്പിയം ആണ്. ലഹരിവസ്തു എന്നതോടൊപ്പം വേദനസംഹാരി കൂടിയാണ് ഓപ്പിയം. അങ്ങനെ ചിന്തിക്കുമ്പോള്‍ കുറേക്കൂടി ക്രിയാത്മകമാണ് മാര്‍ക്‌സിന്റെ സമീപനം. എന്നാല്‍, സാമൂഹ്യബോധത്തിന്റെയും പ്രതിഷേധത്തിന്റെയും ആവിഷ്‌കാരമായി മതത്തെ കാണുന്നുണ്ടെങ്കിലും ഒളിച്ചോട്ടമാണ് ഈ പ്രതിഷേധത്തിന്റെ സ്വഭാവം എന്നും അദ്ദേഹം വിലയിരുത്തുന്നുണ്ട്. ഇനിയും സ്വയം കണ്ടെത്താത്തവനോ കണ്ടെത്തിയിട്ടും സ്വയം നഷ്ടപ്പെട്ടവനോ ആയ മനുഷ്യന്റെ ആത്മബോധവും ആത്മസംവേദനവുമാണ് മതം. തലകുത്തിനിര്‍ത്തപ്പെട്ട ലോകബോധമാണത്രേ അത്.

എന്നാല്‍, മനുഷ്യന്‍ എന്തായിട്ടാണോ ഭൂമിയില്‍ നിലകൊള്ളേണ്ടത്, അതിലേക്ക് അവനെ പരിവര്‍ത്തിപ്പിക്കലാണ് മതം എന്ന് അലി ഇസത്‌ബെഗോവിച് പറയുന്നു. എന്നുപറഞ്ഞാല്‍ ഭൗതികവും മാനസികവുമായ സന്തുലിതത്വമുള്ള മനുഷ്യനെ സൃഷ്ടിക്കലാണ് ഇസ്‌ലാം. ഇതൊരു തിരിച്ചറിവ് അഥവാ അന്തഃപ്രജ്ഞ ആണ്. അന്തഃപ്രജ്ഞയെ (intuition) നിരാകരിക്കുമ്പോഴാണ് അനുഭവമാത്രവാദം ഉണ്ടാവുന്നത്. എന്നാല്‍ intuition ആയാണ് വെളിപാടുകള്‍ നിലനില്‍ക്കുന്നത്. intuition നെ യുക്തിഭദ്രമായി വിവരിക്കുന്നുണ്ട് ദെകാര്‍ത്ത്. ഇന്റ്യൂഷനെ നിരാകരിക്കലാണല്ലോ ഒരര്‍ത്ഥത്തില്‍, അറിയപ്പെടുന്ന യുക്തിവാദം. തത്വശാസ്ത്രത്തില്‍ യുക്തിവാദത്തിന്റെ ആചാര്യനായ ദെകാര്‍ത്ത് ആകട്ടെ, അന്തഃപ്രജ്ഞയെ വിശദീകരിക്കുകയാണ് ചെയ്യുന്നത്. വെളിപാടുകളെയും അദ്ദേഹം യുക്തിബോധത്തോടെ സമര്‍ത്ഥിക്കുന്നു.

നന്മതിന്മകളെക്കുറിച്ച അവബോധത്തെപ്പോലും ഇങ്ങനെയാണ് ദെകാര്‍ത്ത് കാണുന്നത്. മനുഷ്യനില്‍ ധാര്‍മികചിന്തകള്‍ ഉല്‍ഭവിക്കുന്നത് എവിടെ നിന്നാണ്? അതൊരിക്കലും തന്നെ ശാസ്ത്രത്തില്‍ നിന്നാവാന്‍ സാധ്യതയില്ല. അത് മനുഷ്യന്റെ വികാസത്തില്‍ നിന്നുണ്ടാകുന്നതാണ്. അതിന്റെ വിശദാംശങ്ങള്‍ സയന്‍സിനോ ന്യൂറോ സയന്‍സിനോ കണ്ടെത്താന്‍ സാധിക്കും എന്ന് പറയന്നത് ഒരു ലളിതയുക്തിയാണ്. മനുഷ്യചരിത്രം എന്നത് അത്ര എളുപ്പത്തില്‍ വായിക്കാന്‍ പറ്റുന്ന ഒരു സംഗതിയല്ല. അത് വളരെ സങ്കീര്‍ണമാണ്. അപ്പോള്‍ അതുകൊണ്ടുതന്നെ അതിനെ ശരിയായി മനസ്സിലാക്കി കഴിഞ്ഞാല്‍ നമ്മള്‍ കാണേണ്ടത് ധാര്‍മികത എന്നത് intution മായി ബന്ധമുള്ളതാണെന്നാണ്. ഇത് തത്വചിന്തയിലെ യുക്തിവാദികള്‍ വളരെ കൃത്യമായി വിശദീകരിച്ചതാണ്.

അവരവിടെ മനുഷ്യന്റെ പ്രകൃതിയെ കുറിച്ച് പറയുന്നുണ്ട്. മനുഷ്യന്റെ സഹജ പ്രകൃതിയെ സംബന്ധിച്ച്. ഈ സഹജ പ്രകൃതിയെ ആണ് വിശുദ്ധ ഖുര്‍ആന്‍ ഫിത്വ്‌റഃ എന്നടയാളപ്പെടുത്തുന്നത്. ഫിത്വ്‌റഃയുമായി ബന്ധപ്പെടുത്തുമ്പോള്‍ ധാര്‍മികാവബോധം മനുഷ്യനില്‍ സ്വാത്മപ്രചോദിതമായി നിലകൊള്ളുന്ന ഒന്നാണെന്ന് വരും. ധര്‍മാധര്‍മവിവേചനബോധം മനുഷ്യനില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് ഖുര്‍ആന്‍ അത് സംബന്ധമായി പറയുന്നു. ഓരോ മനുഷ്യ വ്യക്തിക്കും  അവന്റെ യുക്തിയില്‍ തന്നെയുള്ള ഘടകമാണ് ഈ വിവേചനബോധം. ഇതില്‍ നിന്നാണ് ധാര്‍മികത ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ധാര്‍മിക ബോധം എന്നുപറഞ്ഞാല്‍ മനുഷ്യന്റെ എംപിരിക്കല്‍ ആയ ജ്ഞാനത്തില്‍ നിന്ന് കിട്ടുന്നതല്ല. അത് intution നിന്ന് കിട്ടുന്നതാണ്. സ്വാഭാവികമായും അതിലൂടെ മാത്രമേ മനുഷ്യന്റെ  അതിജീവനം സാധ്യമാവുകയുള്ളൂ, ഒപ്പം വിമോചനവും.

ആത്യന്തികമായി ശാസ്ത്രത്തിന്റെ ലക്ഷ്യം സത്യാന്വേഷണമല്ല. സത്യത്തെക്കാള്‍ അതിജീവനവുമായാണ് അതിന് ബന്ധം. അതിജീവനം മതത്തിന്റെയും വിഷയമാകുന്നുണ്ട്.

ഇസ്‌ലാമിന്റെ തിയോളജി, ഒറ്റവാക്കില്‍ തൗഹീദ് ആണ്. ഇതിന് വിരുദ്ധമായ ദൈവശാസ്ത്രത്തെയാണ് ഖുര്‍ആന്‍ ശിര്‍ക് എന്ന് വിശേഷിപ്പിക്കുന്നത്. ശിര്‍ക്കിനെ ഖുര്‍ആന്‍ ളുല്‍മ് എന്ന് വിശേഷിപ്പിക്കുന്നുണ്ട്. അക്രമം എന്നും അനീതി എന്നും അര്‍ത്ഥമുള്ള പദമാണത്. സ്വാഭാവികമായും തൗഹീദ് എന്നാല്‍ നീതിയാണ്. ഇതാണ് ഇസ്‌ലാമിന്റെ എതിക്‌സിന്റെ പ്രധാന അടിസ്ഥാനം.

തത്വശാസ്ത്രപരമായി യുക്തിവാദത്തിന്റെയും അനുഭവവാദത്തിന്റെയും സമന്വയത്തിലാണ് ഇസ്‌ലാം നിലകൊള്ളുന്നത്. ആശയവാദം, ഭൗതികവാദം എന്നിവയുടെ കാര്യത്തിലും അത് അങ്ങനെത്തന്നെയാണ്. എന്തുകൊണ്ടെന്നാല്‍ ഇസ്ലാം ഒരു മധ്യമ ചിന്തയാണ്.

 

തയ്യാറാക്കിയത്- മുഹമ്മദ് വിദാദ്

Related Articles