Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമും യേശുക്രിസ്തുവും

reading3.jpg

അതൊരു വേനല്‍ക്കാലമായിരുന്നു. സൂര്യന്‍ ആകാശം മുഴുവന്‍ പ്രകാശപൂരിതമാക്കിയിരുന്നു. എന്റെ മുമ്പിലുളള വൃക്ഷത്തിന്റെ ചില്ലകള്‍ക്കിടയിലൂടെ ആ പ്രകാശം അരിച്ചിറങ്ങുന്നുണ്ടായിരുന്നു. എന്റെ വീട്ടിലേക്കുള്ള പ്രവേശന കവാടത്തിനരികിലായിരുന്നു ഞാന്‍ ഇരുന്നിരുന്നത്. എനിക്കേറ്റവും ഇഷ്ടപ്പെട്ട സ്ഥലമായിരുന്നു അത്. അധികം ചൂടോ തണുപ്പോ ഇല്ലാതിരുന്ന കാലവാസ്ഥയായിരുന്നു അന്ന്. എപ്പോഴും അങ്ങനെത്തെന്നയാകണമെന്ന് ഞാനഗ്രഹിച്ചിരുന്നു.

മരത്തിന്റെ ഇലകളെ തലോടിക്കൊണ്ടിരുന്ന ഇളംകാറ്റ് ഞാനേറെ ആസ്വദിച്ചിരുന്നു. തിരമാലകളുടെ ശബ്ദമായിരുന്നു ആ കാറ്റിനുണ്ടായിരുന്നത്. ഒരില കൈയ്യിലെടുത്ത് ഞാന്‍ കറക്കിക്കൊണ്ടിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോഴാണ് ഒരു കാര്‍ പെട്ടെന്ന് ബ്രേക്കിട്ട് നിറുത്തുന്ന ശബ്ദം ഞാന്‍ കേട്ടത്. ഒരു മരത്തിന്റെ അരികിലായിട്ടായിരുന്നു ആ കാര്‍ നിര്‍ത്തിയത്. പെട്ടെന്ന് അതില്‍ നിന്ന് ഒരു മാഗസിന്‍  പുറത്തേക്ക് തെറിക്കുകയുണ്ടായി. പെട്ടെന്ന് തന്നെ കാര്‍ പോവുകയും ചെയ്തു. ഡ്രൈവര്‍ അറിയാതെയാണോ മാഗസിന്‍ പുറത്തേക്ക് വീണതെന്ന് കരുതി കുറച്ച് നേരം ഞാനവിടെ കാത്തുനിന്നു. കാര്‍ തിരിച്ച് വരുമെന്നായിരുന്നു ഞാന്‍ കരുതിയത്.

വര്‍ണശബളമായ പുറം ചട്ടയായിരുന്നു മാഗസിനുണ്ടായിരുന്നത്. വായിച്ച് കഴിഞ്ഞത് കൊണ്ടായിരിക്കാം ഡ്രൈവര്‍ ആ മാഗസിന്‍ ഉപേക്ഷിച്ചത് എന്ന് ഞാന്‍ കരുതി. ആവശ്യമുള്ളവര്‍ വായിച്ചോട്ടെ എന്നദ്ദേഹം കരുതിയിട്ടുണ്ടാവണം.

കുറേനേരം ഞാനവിടെത്തന്നെ നിന്നെങ്കിലും ആ കാര്‍ പിന്നെ തിരിച്ചുവന്നില്ല. അതിനാല്‍ തന്നെ ഞാന്‍ ആ മാഗസിന്‍ എടുക്കുകയും പേജുകളെല്ലാം മറിച്ചുനോക്കുകയും ചെയ്തു. അതിന്റെ കവറില്‍ പുഞ്ചിരിയോടെ നില്‍ക്കുന്ന താടിയുള്ള ഒരാളുടെ ഫോട്ടോയാണ് ഉണ്ടായിരുന്നത്. തനിക്ക് ചുറ്റുമുള്ള അനുയായികളോട് അദ്ദേഹം പുഞ്ചിരിയോടെ അഭിസംബോധന ചെയ്യുന്ന ചിത്രമായിരുന്നു അത്.

The Watchtower എന്നായിരുന്നു മാഗസിന്റെ പേര്. ഞാനതുമായി എന്റെ റൂമിലേക്ക് പോകുകയും പേജുകളിലൂടെ ഒന്ന് കണ്ണോടിച്ച് നോക്കുകയും ചെയ്തു. ‘യേശു’ എന്ന പേര് അതില്‍ പലയിടങ്ങളിലായി എനിക്ക് കാണാന്‍ കഴിഞ്ഞു. ഞാനുടനെ അടുക്കയിലേക്ക് പോവുകയും ഉമ്മയോട് കാര്യം തിരക്കുകയും ചെയ്തു:

‘ഉമ്മാ, ആരാണ് യേശു?’

പാത്രങ്ങള്‍ കഴുകുകയായിരുന്ന ഉമ്മ തിരിഞ്ഞ് നിന്ന് കൊണ്ടുപറഞ്ഞു: ‘അദ്ദേഹം പ്രവാചകരിലൊരാളാണ്.’

ഞാനത്ഭുതപ്പെട്ടു. കാരണം ആദ്യമായിട്ടാണ് ഞാന്‍ പ്രവാചകന്‍ യേശുവിനെക്കുറിച്ച് കേള്‍ക്കുന്നത്. മുഹമ്മദ്, മോസസ്, നോഹ തുടങ്ങിയ പ്രവാചകരെയെല്ലാം എനിക്കറിയാമായിരുന്നെങ്കിലും യേശുവിനെക്കുറിച്ച് ഇപ്പോഴാണ് കേള്‍ക്കുന്നത്. ഞാന്‍ പറഞ്ഞു: ‘ഈ മാഗസിനില്‍ പറയുന്നത് അദ്ദേഹം മിശിഹാ (Messiah) ആണെന്നാണ്’

അപ്പോള്‍ ഉമ്മ അത് ശരിവെക്കുകയും ഒരുകാലത്ത് യേശു തിരിച്ച് വരുമെന്ന് കൂടി പറയുകയും ചെയ്തു. യേശുവിനെക്കുറിച്ച് ഉമ്മ വിശദീകരിച്ച് തന്നപ്പോള്‍ എനിക്ക് നല്ല ആശ്വാസം തോന്നുകയുണ്ടായി.

ഒരിക്കല്‍ എന്റെ ഉപ്പ ടെലിവിഷന്‍ കണ്ട്‌കൊണ്ടിരിക്കുകയായിരുന്നു. അന്ന് ഞാന്‍ സീനിയര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. ഉപ്പ എന്നെ വിളിച്ച് കൂടെയിരിക്കാന്‍ ആവശ്യപ്പെടുകയുണ്ടായി. ടിവിയില്‍ വെളുത്ത താടി വെച്ച ഒരാള്‍ പ്രഭാഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. മടുപ്പിക്കുന്ന പ്രഭാഷണമായിരിക്കും അതെന്നാണ് ഞാനാദ്യം കരുതിയത്. മനസ്സില്ലാ മനസ്സോടെ ഞാന്‍ ഉപ്പയുടെ അടുത്തിരുന്ന് ആ പ്രഭാഷണം ശ്രവിക്കുകയും ചെയ്തു.

എന്നാല്‍, എന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച പ്രഭാഷണമായിരുന്നു അത്. എന്റെ മനസ്സിനെ മഥിച്ചിരുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളായിരുന്നു അയാള്‍ നല്‍കിയത്. യേശുവിനെക്കുറിച്ച് വളരെ വിശദമായി അദ്ദേഹം സംസാരിക്കുകയുണ്ടായി. ഖുര്‍ആനെക്കുറിച്ചും ബൈബിളിനെക്കുറിച്ചുമുള്ള വിവരങ്ങളുമുണ്ടായിരുന്നു അതില്‍.

അഹ്മ്ദ് ദീദാത്തായിരുന്നു പ്രഭാഷകന്‍. അതിന് ശേഷം ഞാന്‍ അദ്ദേഹത്തിന്റെ എല്ലാ പ്രഭാഷണങ്ങളും സംഘടിപ്പിച്ച് കേള്‍ക്കുകയുണ്ടായി. അവയില്‍ പലതും എനിക്ക് മനപ്പാഠമാണ്. മാത്രമല്ല, യേശുവിനെക്കുറിച്ച സംശയങ്ങളുമായി എന്റെയെടുക്കല്‍ വരുന്നവര്‍ക്കെല്ലാം തൃപ്തികരമായ മറുപടി കൊടുക്കാനും അവരുമായി സംവദിക്കാനും പിന്നീട് എനിക്ക് സാധിക്കുകയുണ്ടായി.

തീര്‍ച്ചയായും ഇസ്‌ലാമിലും മുഹമ്മദ് നബിയിലുമുള്ള എന്റെ വിശ്വാസം മൂലമാണ് എനിക്ക് യേശുവില്‍ വിശ്വസിക്കാനും അദ്ദേഹത്തെ ആദരിക്കാനും സാധിക്കുന്നത്. ഇന്ത്യയില്‍ നിന്നാണ് എന്റെ പൂര്‍വ്വികര്‍ വരുന്നത്. അവരെല്ലാം ഹിന്ദുക്കളായിരുന്നു. ഇസ്‌ലാം സ്വീകരിച്ചതിന് ശേഷമാണ് അവര്‍ക്ക് യേശു ക്രിസ്തുവിനെക്കുറിച്ച് ശരിക്കും മനസ്സിലാക്കുന്നത്.

വിവ: സഅദ് സല്‍മി

Related Articles