Current Date

Search
Close this search box.
Search
Close this search box.

‘ഖിറാആത്തുസ്സബ്അ്’; ഖുർആൻ പാരായണത്തിലെ വൈവിധ്യങ്ങൾ

മാനവരാശിക്ക് മാര്‍ഗദര്‍ശനമായിട്ടാണ് വിശുദ്ധ ഖുർആൻ അവതരിച്ചിട്ടുള്ളത് . അറബി ഭാഷയിൽ ഖറ‌അ (വായിച്ചു) എന്ന ക്രിയയുടെ ധാതുവാണ് ഖുർആൻ.  ഖുർആനിന്റെ അവതരണത്തെ സംബന്ധിച്ച്, അഥവാ,ഖുർആൻ ഏഴ് ഹർഫുകളിലായി ഇറങ്ങിയിട്ടുണ്ടോ, ഖുർആനിലെ ഏഴ് പാരായണ ശൈലികൾ എന്നത് ഏഴ് ഹർഫുകൾ എന്നതിനോട് സമാനമാണോ തുടങ്ങിയ ചർച്ചകൾ പണ്ഠിത ലോകത്ത് കാണാവുന്നതാണ്. ഇതിനെ തെറ്റായി മനസ്സിലാക്കി കൊണ്ട് ഖുർആനുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ ആശയങ്ങൾ പ്രചരിക്കുന്നുമുണ്ട്.

അടിസ്ഥാനപരമായി ഈ വിഷയത്തിൽ മനസ്സിലാക്കേണ്ടത് അതിന്റെ ചരിത്രവശമാണ്. ഒരേ അർത്ഥത്തിൽ തന്നെയുള്ള ഏഴ് വിവിധ ഗോത്ര ഭാഷകളിലായി നബി (സ) തങ്ങൾക്ക് ജിബ്‌രീൽ (അ) ഖുർആൻ ഓതികൊടുത്തതാണ് അഹ്റുഫുസ്സബ്അ് എന്ന് പറയപ്പെടുന്നത്. ഹര്‍ഫ് എന്ന പദത്തിന് ഒന്നിലധികം അര്‍ത്ഥങ്ങളുണ്ട്. സാഹിബുല്‍ ഖാമൂസ് (റ) എഴുതുന്നു :വക്ക്, തെല്ല്, പര്‍വ്വതത്തിന്റെ ഉച്ചി, മെലിഞ്ഞ ഒട്ടകം, തടിച്ച ഒട്ടകം, അക്ഷരമാലയിലെ ഒരക്ഷരം, രൂപം, ഭാഷ തുടങ്ങി വ്യത്യസ്ഥ അര്‍ത്ഥങ്ങള്‍ക്ക് വേണ്ടി ഹര്‍ഫ് എന്ന പദം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.

ഖുര്‍ആന്റെ അവതരണം സംബന്ധിയായി സ്ഥിരപ്പെട്ട ഹദീസുകളില്‍ ഉപയോഗിക്കപ്പെട്ട ഈ പദത്തിന് രൂപം എന്ന അര്‍ത്ഥമാണ് കൂടുതല്‍ സംഗതമെന്ന് ഇമാം സുര്‍ഖാനി മനാഹിലുല്‍ ഇര്‍ഫാനില്‍ രേഖപ്പെടുത്തുന്നു. ഈ വിഷയത്തെ സംബന്ധിച്ച് ധാരാളം ഹദീഥുകൾ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇബ്നു അബ്ബാസ്(റ) പറയുന്നു: നബി(സ്വ) തങ്ങൾ പറഞ്ഞു:എനിക്ക് ജിബ്‌രീൽ (അ) ഒരു ഹർഫിൻറെ മേൽ ഖുർആൻ ഓതിത്തന്നു, ഞാൻ കൂട്ടിത്തരാൻ വേണ്ടി ആവശ്യപ്പെട്ട് കൊണ്ടിരിക്കുകയും ഏഴ് ഹർഫ് വരെ എനിക്ക് വർദ്ധിപ്പിച്ച്തരികയും ചെയ്തു.(ബുഖാരി,മുസ്ലിം)

ഉബയ്യ്ബ്നു കഅ്ബ് (റ) പറയുന്നു: ജിബ്‌രീൽ (അ) നബി (സ) തങ്ങളുടെ അടുത്തു വന്നു പറഞ്ഞു:നബിയേ,നിങ്ങളുടെ ഉമ്മത്തിന്ന് ഒറ്റ ഹർഫിൽ ഖുർആൻ ഓതിക്കൊടുക്കണമെന്ന് അള്ളാഹു കൽപ്പിക്കുന്നു. തങ്ങൾ പറഞ്ഞു: എൻറെ ഉമ്മത്തിന്നത് ബുദ്ധിമുട്ടാവും, അള്ളാഹുവേ നിന്റെ കൃപ ഞാൻ പ്രതീക്ഷിക്കുന്നു. ജിബ്‌രീൽ (അ) രണ്ടാമതും വന്നു: നബിയേ നിങ്ങൾക്ക് രണ്ട് ഹർഫിൽ ഓതാൻ സമ്മതമുണ്ട്.നബി തങ്ങൾ മുൻ മറുപടി തന്നെ ആവർത്തിച്ചു. മൂന്നാമത് ജിബ്‌രീൽ (അ) വന്ന് പറഞ്ഞു: നബിയേ,മൂന്ന് ഹർഫുകളിലായി ഓതാൻ സമ്മതമുണ്ട്.നബി(സ)തങ്ങൾ അതേ മറുപടി ആവർത്തിച്ചു,നാലാമത് ജിബ്‌രീൽ (അ) വന്ന് പറഞ്ഞു: നബിയേ ഏഴ് ഹർഫുകളിലായിട്ട് ഖുർആൻ ഓതിക്കൊടുക്കാൻ അള്ളാഹു കൽപ്പിക്കുന്നു,ഏത് തിരഞ്ഞെടുത്താലും അവർക്ക് തെറ്റുകയില്ല.

മറ്റൊരു ഹദീഥിൽ ഇങ്ങനെ കാണാം, ഉമർ(റ) പറയുന്നു:എനിക്ക് നബി (സ) ഓതിത്തന്ന രീതിയിലല്ലാതെ ഹിശാം (റ) ഓതുന്നത് ഞാൻ ശ്രദ്ധിച്ചു. നിസ്കാരം കഴിഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തിൻറെ കോളറിനു പിടിക്കുകയും നബി(സ) തങ്ങളുടെ അടുത്ത് കൊണ്ട് പോവുകയും ചെയ്തു. ഉമർ (റ) പറഞ്ഞു, നബിയേ അങ്ങെനിക്ക് ഓതിത്തന്ന രീതിയിലല്ല ഹിശാം (റ) ഓതിയത്. നബി (സ) തങ്ങൾ ഹിശാമി (റ) നോട് പറഞ്ഞു: ഹിശാം നീ ഓതുക.ഞാൻ നേരത്തെ കേട്ടപ്രകാരം അദ്ദേഹം ഓതി.നബി (സ) തങ്ങൾ പറഞ്ഞു: ഇതുപോലെയാണ് ഇറക്കപ്പെട്ടത്.ശേഷം പറഞ്ഞു: ഉമർ നീ ഓതുക,എനിക്ക് നബി  (സ)മുമ്പ് ഓതിത്തന്നത് പ്രകാരം ഞാൻ ഓതി.അപ്പോൾ തങ്ങൾ പറഞ്ഞു: ഇങ്ങനെയാണ് ഇറക്കപ്പെട്ടത്,പിന്നെ പറഞ്ഞു: ഖുർആൻ ഏഴ് അഹ്‌റുഫുകളിലായിട്ടാണ് ഇറക്കപ്പെട്ടത്, നിങ്ങൾക്ക് എളുപ്പമായത് അതിൽ നിന്നും തിരഞ്ഞെടുക്കാം (ബുഖാരി,മുസ്ലിം,അബൂദാവൂദ്, നസാഇ,തുർമുദി) 

ഖിറാആത്തുസ്സബ്അ്  എന്നതിലേക്ക് കേന്ദ്രീകരിക്കുകയാണെങ്കിൽ, ഒരേ ഖുറൈശി ഭാഷയിൽ സ്ഥിരപ്പെട്ട ഒരു പദത്തിൻറെ വ്യത്യസ്ത പാരായണ ശൈലികളാണ് അൽ ഖിറാആത്തുസ്സബ്‌അ (പ്രാദേശിക മൊഴിഭേദങ്ങൾ) എന്നും പിന്നീട് അൽഖിറാആത്തുൽ അശറ എന്നും അറിയപ്പെട്ടത്. പ്രവാചകനിൽ നിന്ന് പാരായണത്തിന്റെ ഇമാമുകളിലേക്ക് ഒരു ഗുരു പരമ്പര വഴിയാണ് ഖിറാഅത്ത് എത്തിചേർന്നത്. ഉദാഹരണത്തിന്, നബി, അബ്‌ദുല്ലാഹിബ്നു മസ്ഊദ്, സിർറുബ്‌നു ഹുബൈശ്, ആസ്വിമുബ്നു അബിന്നജൂദ് എന്നതൊരു പരമ്പരയാണ്. ഈ പരമ്പരക്ക് ഇസ്‍നാദ് എന്നു പറയുന്നു. ഈ ഇസ്‌നാദ് വഴി ആസ്വിമിനു ലഭിച്ച ഖുർആൻ പാരായണ രീതിയെയാണ് ആസ്വിമിൻ്റെ ഖിറാഅത് എന്നു പറയുന്നത്. 

അന്നത്തെ എഴുത്തിന് സ്വരചിഹ്നങ്ങളോ, പുള്ളികളോ, ഒന്നും ഉണ്ടായില്ല. അതിനാൽ തന്നെ വ്യത്യസ്ത രീതിയിലായിരുന്നു പലരും വായിച്ചത്, അഥവാ അങ്ങനെയായിരുന്നു മുസ്ഹഫിന്റെ ലിപി. അതുകൊണ്ടുതന്നെ ഖിറാഅത് പഠിച്ചവർക്കേ മുസ്ഹഫിനെ അവലംബിക്കാൻ കഴിയുമായിരുന്നുള്ളൂ. മൂന്നാം ഖലീഫ ഉസ്മാൻ  (റ) മുസ്ഹഫുകൾ പകർത്തി വിവിധ നഗരങ്ങളിലേക്ക് അയച്ചുകൊടുത്തപ്പോൾ, അവയുടെ കൂടെ ഖിറാഅത് അറിയുന്ന ആളുകളെയും അയച്ചത് അക്കാരണത്താലാണ്. 

നബിയിൽനിന്ന് ഖിറാഅത്ത് സ്വായത്തമാക്കിയ സ്വഹാബികൾ പിൽക്കാലത്ത് പല ദേശങ്ങളിൽ ചിതറി. അവരിൽനിന്ന് താബിഇകൾ ഖിറാഅത്ത് പഠിച്ചു. അങ്ങനെ താഴോട്ടുവന്ന് പ്രസിദ്ധരായ ഖാരിഉകളുടെ ഇമാമുകളിലെത്തി. ഖിറാഅത്തിൽ സവിശേഷമായ അവഗാഹം നേടിയവരായിരുന്നു ഇവർ. ഇങ്ങനെയാണ് ഖിറാഅത്ത് വിജ്ഞാനീയ (ഇൽമുൽ ഖിറാഅത്ത്)ത്തിന്റെ ഉദ്ഭവം. അടിസ്ഥാനപരമായി മനസ്സിലാകേണ്ട മറ്റൊരു കാര്യം, ഖുർആനിലെ ആയത്തുകൾ വ്യത്യസ്ത പാരായണങ്ങളിലായി നിലനിൽക്കുന്നുണ്ടെങ്കിലും ഖുർആനിന്റെ അടിസ്ഥാന ആശയങ്ങളെയോ, മൗലികതെയോ  അവ ബാധിക്കുന്നില്ല.

സ്വഹാബികളുടെ കാലം തൊട്ട് ഓരോ തലമുറകളിലും ഖാരിഉകൾ നിലനിന്നിരുന്നു. പിന്നീട് ഇപ്പോൾ അറിയപ്പെടുന്ന ഖാരിഉകളുടെ ഇമാമുകളിലേക്ക് എത്തിചേരുകയും അവിടുന്ന് ഏഴോളം ഇമാമുകളുടെ പേരിൽ ഓരോ ഖിറാഅത്തും പ്രശസ്തമാവുകയാണുണ്ടായത്. 

ഖിറാഅത്തിന്റെ എണ്ണത്തിന്റെ കാര്യത്തിൽ അത് ഏഴാണെന്നും, പത്താണെന്നും, പതിനാലാണെന്നും തുടങ്ങി വ്യത്യസ്ക അഭിപ്രായങ്ങളുണ്ട്. എന്നാൽ പ്രബലമായത് ഏഴ് എന്ന അഭിപ്രായമാണ്. നാഫിഉബ്നു അബ്ദുറഹ്മാനിബ്നി അബീ നുഐമിൽ മദീനി, അബൂബക്ർ ആസ്വിമുബ്‌നു അബിന്നജൂദിൽ അസദി, അബൂ ഉമാറ ഹംസതുബ്‌നു ഹബീബിസ്സയ്യാതിൽ കൂഫി, അബ്ദുല്ലാഹിബ്നു ആമിർ, അബ്ദുല്ലാഹിബ്നു കഥീർ, അബൂഅംരിബ്നുൽ അലാഅ്, അലിയ്യുൽ കിസാഈ എന്നിവരാണ് പ്രസ്‌തുത ഏഴുപേർ. 

ഇവർക്കുപുറമെ അബൂ ജഅ്ഫർ യസീദുബ്‌നുൽ ഖഅ്ഖാഅ്, അബൂ മുഹമ്മദ് യഅ്ഖൂബുബ്നു‌ ഇസ്ഹാഖൽ ഹള്റമി, അബൂമുഹമ്മദ് ഖലഫുബ്നു ഹിശാമിബ്നിഥ്‌ ഥഅ്ലബ് എന്നീ മൂന്നുപേരെ കൂടി ചേർത്താണ് 10 ഖിറാഅത്തുകൾ അറിയപ്പെടുന്നത്. ഇതിൽ സൂചിപ്പിച്ച ഓരോ പ്രശസ്ത ഇമാമുകളിൽ നിന്നും നേരിട്ട് ഖിറാഅത്ത് പഠിച്ചവർ ഇമാമുകളുടെ റാവികളായി അറിയപ്പെടുന്നു. ഇന്ന് ലോകവ്യാപകമായ ഖിറാഅത്ത്, ഇമാം ആസ്വിമിന്റേതാണ് (അബൂബക്കർ ആസ്വിമുബ്നു അബിന്നജൂദിൽ അസദി). 

ഇദ്ദേഹത്തിൽ നിന്ന് നേരിട്ട് ഖിറാഅത്ത് കേട്ടവരായി അറിയപ്പെടുന്നത് ഇമാം ഹഫ്സും, ഇമാം ശുഅ്ബയുമാണ്. ഇതിൽ ഇമാം ഹഫ്സ് ഇമാം ആസിമിന്റെ പോറ്റുമകനായിരുന്നു. ബാല്യം മുതലേ ആസ്വിമിൽ നിന്ന് പഠിച്ചതിനാൽ ശുഅ്ബയെക്കാൾ അവഗാഹമുള്ള ആളായിത്തീർന്നു. അതിനാൽ തന്നെ നമുക്കിടയിൽ കൂടുതൽ വ്യാപകമായ ഖിറാഅത്ത്, അഥവാ ‘നമ്മൾ പിൻപറ്റുന്നത് ഇമാം ഹഫ്സിന്റെ ഖിറാഅത്താണ്’ എന്ന പേരിലാണ് അറിയപ്പെട്ടുകൊണ്ടിരിക്കുന്നത്. 

ചില ഉപാധികളോടു കൂടിയാണ് ഖിറാഅത്തിന്റെ സ്വീകാര്യത നിലനിൽക്കുന്നത്. ഖിറാഅത്ത് ഏതെങ്കിലുമൊരു ഉഥ്മാനി മുസ്ഹഫിന് അനുസൃതമായിരിക്കണം. അറബി ഭാഷാ പ്രയോഗങ്ങളിൽ ഒന്നിനോടെങ്കിലും യോജിച്ചതാവണം. നിവേദക പരമ്പര കുറ്റമറ്റതായിരിക്കണം. ഈ ഉപാധികൾ ഒത്തുചേരാത്ത ഖിറാഅത്ത് സ്വീകാര്യമല്ല. അത്ത്വീബയുടെ കർത്താവ് പറയുന്നു: “വ്യാകരണ നിയമങ്ങൾ പാലിച്ചതും, (ഉഥ്മാനി) ലിപിക്ക് ഉൾക്കൊള്ളാനാവുന്നതും, നിവേദകപരമ്പര കുറ്റമറ്റതുമായാൽ ഖുർആനായി. ഇവയാണ് മൂന്ന് ഘടകങ്ങൾ. ഇവയിലൊന്ന് തകരാറിലാണെങ്കിൽ ഖിറാഅത് ശാദ്ദ് (ഒറ്റപ്പെട്ടത്) ആയി ഗണിക്കപ്പെടും; ഏഴു ഖാരിഉകളിൽപ്പെട്ടവരുടേതായാൽ പോലും.

ഖിറാഅത്തിലെ അടിസ്ഥാനങ്ങളെയും ഉപാധികളെയും കൃത്യമായി മനസ്സിലാക്കാതെ ഒരു വശത്തേക്ക് മാത്രം കാര്യങ്ങളെ കേന്ദ്രീകരിച്ച് വായിച്ച് മനസ്സിലാക്കിയതിന്റെ പ്രശ്നമാണ് ഓറിയന്റലിസ്റ്റുകളും, ആധുനിക കാലത്തെ ചില തൽപരകക്ഷികളും ഈ വിഷയത്തിൽ വിവിധ വാദങ്ങൾ പ്രചരിപ്പിക്കാൻ കാരണമെന്നും നാം തിരിച്ചറിയേണ്ടതുണ്ട്.

Related Articles