Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിന്റെ ഭാവിയെക്കുറിച്ചുള്ള ആലോചന

ഇരുപതാം നൂറ്റാണ്ടിലെ മുസ്‌ലിംകളുടെ ബൗദ്ധിക പ്രതിരോധങ്ങളിൽ ഭൂരിഭാഗവും മതേതരത്വം, ജനാധിപത്യം, സ്വത്വസമരങ്ങൾ എന്നിവയെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു. ഇതൊന്നും തന്നെ ഭാവിയിലേക്ക് നീളുന്ന വിമർശനങ്ങളായി മാറിയില്ല. ഇത് ഇസ് ലാമിക ചിന്തകരിൽ മാത്രം ഒതുങ്ങി നിൽക്കുന്ന പ്രശ്‌നമല്ല. ആധുനിക ഇസ് ലാമിക വിമർശകരും അവരുടെ ബൗദ്ധിക വിമർശനങ്ങളെ വിമസിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും നടത്തിയിട്ടില്ല. അവരെല്ലാവരും തന്നെ ഉഭയകക്ഷി വിവാദങ്ങളുടെ വൃത്തത്തിൽ കുടുങ്ങിക്കിടന്നു.

ഈയൊരു സാഹചര്യത്തിലാണ്, ഭാവിയിൽ ഇസ് ലാമിനെ വീണ്ടും അവതരിപ്പിക്കാനുള്ള ഒരു ബൗദ്ധിക മാതൃക എന്ന നിലയിൽ പടിഞ്ഞാറൻ ഇസ് ലാമിലെ പ്രധാന ചിന്തകരിലൊരാളായ സിയാഉദ്ധീൻ സർദാറിനെ നാം വായിക്കേണ്ടത്. അറബ് ലോകത്തെ കേന്ദ്രീകരിച്ചുള്ള സർദാറിന്റെ ചിന്തകളെയാണ് നാം കൂടുതൽ പ്രാധാന്യത്തോടെ ചർച്ചക്കെടുക്കേണ്ടത്. ഇസ് ലാമിന്റെ അടിസ്ഥാന കാര്യങ്ങളെ പുതുക്കുക വഴി അതിവേഗം മാറിക്കൊണ്ടിരിക്കുന്ന, സങ്കീർണമായൊരു സമൂഹത്തിന് ഉചതവും സമ്പന്നവുമായൊരു ഇസ് ലാമിക ഭാവി നിർമിച്ചെടുക്കാനാകുമെന്നു അദ്ദേഹം നിരീക്ഷിക്കുന്നു.

ജ്ഞാനത്തിന്റെയും ശാസ്ത്രത്തിന്റെയും സമൃദ്ധമായ മിശ്രിതമാണ് സർദാറിന്റെ ചിന്തകൾ. ജ്ഞാനത്തെക്കുറിച്ചും ശാസ്ത്രത്തെക്കുറിച്ചും അതോടൊപ്പം തന്നെ ഐഡന്റിറ്റിയെക്കുറിച്ചും ആഴമേറിയ പഠനം നടത്തിയ ഇസ് ലാമിക വിജ്ഞാനകോശ പണ്ഡിതനായ അബൂ റയ്ഹാൻ അൽബിറൂനിയുമായാണ് സർദാറിന് കൂടുതൽ അടുപ്പം. പലതരം ഐഡന്റികളുടെ സങ്കരമാണ് താനെന്ന് സർദാർ തന്നെ പറയുന്നുണ്ട്. പാശ്ചാത്യൻ രാജ്യങ്ങളിൽ ജീവിക്കുമ്പോൾ തന്നെ അദ്ദേഹമൊരു പാശ്ചാത്യനല്ല. മതപരമായ പ്രതിബദ്ധത ഉള്ളിൽ സൂക്ഷിക്കുമ്പോൾ തന്നെ അദ്ദേഹം മതമൗലികവാത്തോട് അകലം പാലിക്കുന്നു. ഒരു അക്കാദമിക് പശ്ചാത്തലം ഉള്ളപ്പോൾ തന്നെ ആഗോള അക്കാദമിക് വ്യവഹാരങ്ങളുടെ കെണിയിലകപ്പെടാതെ സൂക്ഷിക്കുന്നു. ഉത്തരാധുനിക ഉപകരണങ്ങൾ ഉപയോഗിക്കുന്നുവെങ്കിലും അദ്ദേഹം ഒരിക്കലുമൊരു ഉത്തരാധുനികനല്ല.

ആരാണ് സിയാഉദ്ധീൻ സർദാർ

ബ്രിട്ടീഷ് ഗ്രന്ഥകാരനും സാംസ്‌കാരിക നിരൂപകനും പാക്കിസ്ഥാൻ വംശജനുമായ സിയാഉദ്ധീൻ സർദാർ 31 ഒക്ടോബർ 1951ലാണ് ജനിക്കുന്നത്. ഇസ് ലാമിന്റെ ഭാവി, ജ്ഞാനം, സാസ്‌കാരിക ബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പ്രാവീണ്യൻ. പ്രോസ്‌പെക്റ്റ് മാഗസിൻ ബ്രിട്ടനിലെ ഏറ്റവും പ്രശസ്തരായ 100 ബുദ്ധിജീവികളിൽ ഒരാളായി അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. ‘ബ്രിട്ടനിൽ ഒരു മുസ് ലിം പണ്ഡിതനുണ്ട്’ എന്ന തലക്കെട്ടിൽ ദി ഇൻഡിപെൻഡന്റ് അദ്ദേഹത്തെക്കുറിച്ച് ഒരു ഫീച്ചറും ചെയ്തിരുന്നു.

പാക്കിസ്ഥാനിലെ പഞ്ചാബിൽ ദിബാൽപൂരിലാണ് ജനിച്ചതെങ്കിലും വളർന്നത് ബ്രിട്ടനിലാണ്. ലണ്ടനിലെ സിറ്റി യൂണിവേഴ്‌സിറ്റിയിൽ നിന്നും ഭൗതികശാസ്ത്രവും സയൻസ് ഇൻഫർമേഷനും പഠിച്ചു. ഒരു സാഹസിക ശാസ്ത്രജ്ഞന്റെ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ലോകത്തുടനീളം സർദാർ സഞ്ചരിച്ചു. 1974നും 1979നുമിടയിൽ സഊദിയിലെ ജിദ്ദയിൽ ചെന്ന് താമസിച്ചു. 1977ൽ പുറത്തിറങ്ങിയ ‘ഇസ് ലാമിക ലോകത്തെ ശാസ്ത്രവും സാങ്കേതിക വിദ്യയും വികാസവും’ എന്ന തന്റെ പുസ്തത്തിന്റെ രചനാവശ്യാർത്ഥം ഇസ് ലാമിക ലോകത്തിന്റെ പല ഭാഗങ്ങളിലൂടെയും സഞ്ചരിച്ചു. ചിക്കാഗോയിലെ ഈസ്റ്റ്-വെസ്റ്റ് യൂണിവേഴ്‌സിറ്റി, സെന്റർ ഫോർ ഫ്യൂച്ചർ സ്റ്റഡീസ് ആൻഡ് റിസർച്ച് സ്ഥാപിക്കുന്നതിന് മുമ്പ് 1980കളുടെ തുടക്കത്തിൽ പ്രമുഖ ഇസ് ലാമിക് ജേണലായ ‘എൻക്വയറി’യുടെ പത്രാധിപരായി പ്രവർത്തിച്ചു. 1990കളിൽ ക്വലാലംപൂരിലായിരുന്നു സർദാറിന്റെ താമസം. അന്നേരം മലേഷ്യയുടെ മുൻ ഉപപ്രധാനമന്ത്രിയും നിലവിൽ പ്രതിപക്ഷ നേതാവുമായ അൻവർ ഇബ്രാഹീമിന്റെ രാഷ്ട്രീയ ഉപദേഷ്ടാവായി ജോലി ചെയ്തു. ചിക്കാഗോ, ഹേഗ് എന്നിവിടങ്ങളിലേത് പോലെ കയ്‌റോയിലും ഫെസിലും ഹ്രസ്വകാലം അദ്ദേഹം തങ്ങി.

ക്രിറ്റിക്കൽ എൻസൈക്ലോപീഡിക്

ബിബിസി 2 ടെലിവിഷന് വേണ്ടി ദി ലൈഫ് ഓഫ് മുഹമ്മദ് എന്ന പേരിൽ ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന മൂന്ന് ഭാഗങ്ങളുള്ള ഡോക്യുമെന്ററിക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. 2011 ജൂലൈ മാസമായിരുന്നു അതിന്റെ പ്രക്ഷേപണം. പല ടെലിവിഷൻ പ്രോഗ്രാമുകളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

സിയാഉദ്ധീൻ സർദാർ ‘ക്രിറ്റിക്കൽ എൻസൈക്ലോപീഡിക്’ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. വൈവിധ്യം, ബഹുത്വം, വിയോജിപ്പ് തുടങ്ങി വിത്യസ്ത ഭാവകങ്ങളുള്ളതാണ് അദ്ദേഹത്തിന്റെ ശൈലി. സർദാറിനെക്കുറിച്ച് പ്രമുഖ മാധ്യമപ്രവർത്തകൻ ഇഹ്‌സാൻ മഹ്മമൂദ് പറയുന്നു: ഓരോ കാര്യത്തെയും വളരെ ശ്രദ്ധാപൂർവും സമീപിച്ച് അതിനെ പരിഷ്‌കരിച്ചെടുക്കാനാണ് അദ്ദേഹം ശ്രമിക്കുക. ഓരേസമയം തന്നെ പല വിഷയങ്ങളിലേക്കും അദ്ദേഹത്തിന്റെ ചിന്തകൾ കടന്നുപോകുന്നു.

‘ഒരു മനുഷ്യനാകാൻ ഒന്നിലധികം വഴികളുണ്ട്’ എന്നതാണ് സിയാഉദ്ധീൻ സർദാറിന്റെ ചിന്തകളുടെ അടിസ്ഥാന തത്വങ്ങളിലൊന്ന്. ‘നിങ്ങൾക്ക് എങ്ങനെ അറിയാം?’ എന്ന മറുചോദ്യമാണ് സർദാർ എപ്പോഴും ഉന്നയിക്കുക. നിങ്ങൾ ലോകത്തെ കാണുന്നതെങ്ങനെയാണ്?, നിങ്ങളുടെ അന്വേഷണങ്ങൾ രൂപപ്പെടുന്നതെങ്ങനെ? നിങ്ങളുടെ ചിന്തകളെയെല്ലാം നിർവചിക്കുന്ന തരത്തിൽ നിങ്ങളെ സ്വാധീനിച്ച സംസ്‌കാരമേതാണ്? എപ്പോഴാണ് നിങ്ങളുടെ ചിന്തകളെല്ലാം രൂപപ്പെട്ടുവന്നത്? തുടങ്ങിയ നിരവധി ചോദ്യങ്ങൾ നിങ്ങൾ ആരാണെന്ന അടിസ്ഥാന കാര്യത്തെ ആശ്രയിച്ചിരിക്കുന്നവെന്ന് സർദാർ നിരീക്ഷിക്കുന്നുണ്ട്.

ഇസ്‌ലാമിക ലോകത്തായാലും പാശ്ചാത്യ ലോകത്തായാലും നിലവിലെ ബൗദ്ധിക പാറ്റേണുകളോട് എല്ലായിപ്പോഴും ഒരു അപര മനോഭാവമാണ് അദ്ദേഹം സ്വീകരിക്കുന്നത്. അത് പലപ്പോഴും അവവയുടെ ആധിപത്യത്തിൽ നിന്ന് പുറത്തുകടക്കാൻ തനിക്ക് സഹായകമാകുന്നുവെന്ന് അതിനെയദ്ദേഹം വിശദീകരിക്കുന്നു.

ആധുനികതയും ഉത്തരാധുനികതയും: വിമർശനങ്ങൾ

വൈവിധ്യത്തെയും ബഹുസ്വരതയെയും അടിസ്ഥാനമാക്കിയുള്ള ഒരു സാർവത്രിക മനുഷ്യ സ്വത്വത്തിലുള്ള വിശ്വസത്തിനാണ് സർദാർ പ്രാധാന്യം നൽകുന്നത്. സ്വത്വത്തെക്കുറിച്ച ഇസ്‌ലാമികമോ പാശ്ചാത്യമോ ആയ അടഞ്ഞ ചിന്തകളിൽ നിന്ന് അകലം പാലിക്കാൻ അത് സഹായകമാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. തന്റെ നാൽപതിൽപരം കൃതികളിലൂടെ പാശ്ചാത്യ ആധുനികതയെയും ഉത്തരാധുനികയെയും എതിർക്കുമ്പോൾ തന്നെ ഏകപക്ഷീയമായ ദർശനങ്ങൾ അടിസ്ഥാനമാക്കിയുള്ള ഇസ് ലാമിക മതമൗലിക ചിന്തയെയും അദ്ദേഹം വിമർശന വിധേയമാക്കുന്നു. മതമൗലികവാദികൾ, മതേതരവാദികൾ, ആധുനികതാവാദികൾ, ഉത്തരാധുനികതാവാദികൾ, അവസരവാദ രാഷ്ട്രീയക്കാർ തുടങ്ങിയവരിൽ നിന്നും ഇസ്‌ലാമിനെ മോചിപ്പിച്ചെടുക്കാനുള്ള ശ്രമമായിരുന്നു സർദാറിന്റേത്.

ഇജ്തിഹാദിന്റെ വാതിൽ അടക്കപ്പെട്ടതോടെ ഇസ്‌ലാമിക ചിന്ത വളരെ അപകടകരമായ പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത് എന്ന് ചില പണ്ഡിതന്മാർ വിശ്വസിക്കുന്നു. മതമൗലികവാദികളുടെ ബന്ധികളായിത്തീർന്ന ഒരു ആഗോള ദർശനമായി ഇസ്‌ലാമം മാറിയെന്നും അത് ഇസ്‌ലാമിക നാഗരികതയെ ഗുരുതരമായ പ്രതിസന്ധികളിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്തിരിക്കുന്നുവെന്നതാണ് അവരുടെ ധാരണ. ഇസ്‌ലാമിന് അകത്ത് നിന്ന് തന്നെയുള്ള ആന്തരിക വിമർശനത്തിലൂടെ മാത്രമേ ഈ വെല്ലുവിളിയെ നേരിടാനാകൂ. 2011 സെപ്തംബർ സംഭവത്തിനു മുമ്പും ശേഷവുമുള്ള സാഹചര്യത്തെ സർദാർ വിലയിരുത്തുന്നുണ്ട്. ഇസ്‌ലാമിന്റെ ആത്മാവിൽ നിന്നും മുസ്‌ലിംകൾ വളരെയധികം അകന്നുപോയി. കാരണം, മാനവിക മൂല്യങ്ങളെയും സമത്വത്തെയും നീതയെയും ഏകീകരിക്കാനുള്ള ബൗദ്ധിക ചാലകശക്തയും വിമോചനശക്തിയും മാത്രമായാണ് അവർ ഇസ്‌ലാമിനെ മനസ്സിലാക്കിയത്. സെപ്തംബർ സംഭവത്തോടെ പാശ്ചാത്യൻ ഓറിയന്റലിസ്റ്റ് പ്രതിനിധാനങ്ങളെയെല്ലാം അവർ ഇസ്‌ലാമിന്റെ ആന്തരിക ഭാഗമാക്കി മാറ്റി.

പാശ്ചാത്യ നാഗരികതയോടുള്ള വിമർശനം

ഓരേസമയം ഇസ്‌ലാമിനെ നവീകരിക്കാനും പാശ്ചാത്യൻ നാഗരികതയെ വിമർശനവിധേയമാക്കാനുമാണ് സർദാർ ലക്ഷ്യം വെക്കുന്നത്. അദ്ദേഹത്തെ സംബന്ധിച്ചെടുത്തോളം അവ രണ്ടും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. വിവേചനപരമായ ഒരു വിമർശനാത്മക വീക്ഷണത്തിലൂടെയാണ് സർദാർ പാശ്ചാത്യ നാഗരികതയെ വിമർശിക്കുന്നത്. തിന്മ-നന്മ, ശരി-തെറ്റ് എന്നിവക്കിടയിലെ വേർതിരിവാണ് അതിന്റെ ലക്ഷ്യം. പാശ്ചാത്യ നാഗകരികതയെ പൂർണമായി നിരാകരിക്കുന്നതിന് പകരം നന്മകൊണ്ട് കൽപിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുകയെന്ന ഇസ്‌ലാമിക തത്വത്തിലൂടെ അവരെ സമീപിക്കുകയെന്നതാണ് സർദാറിന്റെ ഉദ്ദേശ്യം. ഇസ് ലാമിന്റെ ആധുനികവൽകരണത്തെ സംബന്ധിച്ചെടുത്തോളം, ഇസ്‌ലാമിന്റെ ഭാവിയെ ഒരു തരത്തിലുമത് ദോഷകരമായി ബാധിക്കുകയോ അതിനെ ബലഹീനമാക്കുകയോ ചെയ്യുന്നില്ല.

ഭാവിയിലെ നവീന നാഗരികത അടിസ്ഥാനപ്പെടുത്തി ഇസ്‌ലാമിക നാഗരികതയെ കല്ലോട് കല്ല് ചേർത്ത് പണിയണമെന്ന് സർദാർ നിരീക്ഷിക്കുന്നു. പടിഞ്ഞാറൻ കൊളോണിയലിസത്തിന്റെ ഇരയായി മാറുകയെന്ന അപകടകരമായ ഭാവി പ്രതിസന്ധിയെ ഇതിലൂടെ തരണം ചെയ്യാനാകും. കാരണം, ഇസ്‌ലാമിന്റെ ഭാവി പഠന രംഗത്തെ ഏറ്റവും വലിയ പ്രതിസന്ധിയായി മാറുക പാശ്ചാത്യൻ കൊളോണിയലിസം തന്നെയായിരിക്കും.
ഫ്യൂച്ചർ സ്റ്റഡീസ് എന്നത് കേവലമൊരു പഠനശാഖയല്ലെന്ന് സർദാർ വിശ്വസിക്കുന്നു. മറിച്ച്, സങ്കീർണമായ ഒരു സാമൂഹിക വ്യവസ്ഥിതിയുടെ ഭാഗമാണത്. ഫ്യൂച്ചർ സ്റ്റഡീസിനെ സംബന്ധിച്ചെടുത്തോളം, അത് കൈകാര്യം ചെയ്യുന്ന സമയത്ത് ഫ്യൂച്ചർ സ്റ്റഡീസ് കർശനവും നിർണിതവുമായ അതിരുകളുള്ള ഡിസിപ്ലിൻ ആണെന്നും അതിന്റെ അടിത്തറയും പദരൂപീകരണങ്ങളും അസ്തിത്വവുമെല്ലാം മഹാന്മാരാണ് സ്ഥാപിച്ചതെന്നുമുള്ള ചിന്തകൾ ആദ്യമേ ഉപേക്ഷിക്കപ്പെടണം. സർദാർ തുടരുന്നു: ഭാവിയിൽ സംഭവിക്കാനിരിക്കുന്ന കോളനിവൽകരണം വർത്തമാനകാല കോളനിവൽകരണത്തിന്റെ തുടർച്ച തന്നെയായിരിക്കും. പാശ്ചാത്യ നാഗരികത ഇപ്പോഴും അതിന്റെ ആധിപത്യ മനോഭാവം തുടരുന്നുണ്ട്. സാങ്കേതികവും ശാസ്ത്രീയവുമായ ഉൽപന്നങ്ങൾ, ആശയവിനിമയ സാങ്കേതികവിദ്യകൾ, വാർത്താ ചാനലുകൾ തുടങ്ങിയവയെല്ലാം പാശ്ചാത്യ മുൻവിധികളുടെയും ചിന്തയുടെയും അടിസ്ഥാനത്തിലാണ് രൂപപ്പെട്ടുവരുന്നത്. കൊളോണിയൽ കാലഘട്ടം മുതൽ ലോകത്ത് നിലനിന്നിരുന്ന ഈ പാശ്ചാത്യൻ അജണ്ടകളും ചിന്തകളും ആഗോളവൽകരണമെന്ന് പേരിൽ ഇന്ന് സമ്പൂർണാധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കുന്നു.

നിലവിലെ പഠനങ്ങളെയും യാഥാർത്ഥ്യങ്ങളെയും ചെറുക്കുന്ന ഒരു സർഗാത്മക പ്രസ്ഥാനമാക്കി ഫ്യൂച്ചർ സ്റ്റഡീസിനെ മാറ്റണമെന്നാണ് സർദാർ പറഞ്ഞുവെക്കുന്നത്. അതിന് പാശ്ചാത്യ ചട്ടക്കൂടുകളെ ആശ്രയിച്ച് രൂപപ്പെടുത്തപ്പെട്ട ഇസ്‌ലാമിക ആശയ സംവിധാനങ്ങളെ പൊളിച്ചുവാർക്കണം. അല്ലാത്തപക്ഷം, അവ പാശ്ചാത്യേതര സമൂഹമെന്ന ഒന്ന് അന്യമായിത്തന്നെ നിലനിൽക്കും.

ഇസ്‌ലാമിക ചിന്തയോടുള്ള വിമർശനം

ആഗോള നാഗരികതക്ക് ഭാവിയിൽ അടിസ്ഥാനമായി സ്വീകരിക്കാവുന്ന ബദലാണ് ഇസ്‌ലാമിക ചിന്തയെന്ന് സർദാർ അഭിപ്രായപ്പെടുന്നു. അതേസമയം ഇസ് ലാം പ്രതിനിധാനം ചെയ്യുന്ന ബഹുസ്വരതയും ബഹുത്വവും അല്ലാഹു മനുഷ്യരാശിയെ സൃഷ്ടിച്ച സ്വാഭാവിക അവസ്ഥയെ മുൻനിർത്തിയുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണെന്നതിനാൽ തന്നെ ഇസ് ലാമിക ചിന്തയുടെ പൈതൃകത്തെയും ആധുനിക രൂപത്തെയും സർദാർ വിമർശിക്കുകയും ചെയ്യുന്നുണ്ട്. സർദാറിന്റെ ചിന്തയെ രൂപപ്പെടുത്തിയ സമ്പന്നമായ ബൗദ്ധിക പ്രവാഹങ്ങളാണ് അദ്ദേഹത്തിന്റെ വിമർശനങ്ങളെയും രൂപപ്പെടുത്തിയെടുത്തത്. ലോകത്തെ കാണാനും രൂപപ്പെടുത്താനുമുള്ള ഒരു മാർഗമായും അറിവ്, അസ്തിത്വംസ പ്രവർത്തനം എന്നിവക്ക് അനുയോജ്യമായൊരു സംവിധാനമായും സ്വീകരിക്കാവുന്ന ഒരു സാർവത്രിക ദർശനമായാണ് സർദാർ ഇസ്‌ലാമിനെ സമീപിക്കുന്നത്. അക്ഷരാർത്ഥത്തിൽ ഇസ്‌ലാം സമർപ്പണവും സമാധാനവുമാണ്. മുസ്‌ലിമാവുകയെന്നാൽ സർവശക്തനായ അല്ലാഹുവിന്റെ ഇച്ഛക്ക് വിധേയപ്പെട്ട് ജീവിക്കുകയും അതുവഴി സമാധാനം നേടിയെടുക്കുകയും ചെയ്യുകയെന്നതാണ് അർത്ഥം. വിശുദ്ധ ഖുർആനും തിരുമൊഴികളും വ്യക്തമാക്കിയ കാലാതീതമായ ആശയങ്ങളിലൂടെയും മൂല്യങ്ങളിലൂടെയും നമുക്ക് സമാധാനം കൈവരിക്കാനാകും. ലോകത്തിന് മുമ്പിൽ ഇസ്‌ലാമിക ദർശനത്തെ രൂപപ്പെടുത്തിയ അടിസ്ഥാന വീക്ഷണം ഏകദൈവ വിശ്വാസമാണ്. എന്നാൽ, മനുഷ്യരാശിയുടെയും പ്രകൃതിയുടെയും ഏകത്വമായും അതിനെ വ്യാഖ്യാനിക്കാം.

ഏകദൈവ വിശ്വാസമെന്ന അളവുകോൽ വെച്ചുനോക്കുമ്പോൾ സ്രഷ്ടാവിന്റെ മുമ്പിൽ പുരുഷന്മാരും സ്ത്രീകളും തുല്യരാണ്. അവിടെ വർണ, വർഗ വിത്യസാമില്ല. ഓരോരുത്തർക്കും അവരുടേതായ ഉത്തരവാദിത്വങ്ങളുണ്ടെന്ന് മാത്രമല്ല പാരത്രിക ലോകത്ത് അതിനെക്കുറിച്ച് അവർ ചോദ്യം ചെയ്യപ്പെടുക തന്നെചെയ്യും. രണ്ട് കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് മനുഷ്യന്റെ വിശ്വാസ്തതയിലുള്ള ഉത്തരവാദിത്വബോധത്തെ അളക്കാറ്; ജ്ഞാനവും നീതിയുമാണത്. ഭൂമി ലോകത്തെ അല്ലാഹുവിന്റെ പ്രതിനിധികളുടെ പ്രവർത്തനങ്ങളും ചിന്തകളും അന്തമായ വിശ്വാസം അടിസ്ഥാനപ്പെടുത്തിയല്ല, മറിച്ച് ജ്ഞാനവും അതിൽ അതിപ്രധാനമാണ്.

ഈ പ്രവർത്തികളുടെയും ചിന്തകളുടെയുമെല്ലാം ഉത്തരവാദിത്വം ഒന്ന് മാത്രമാണ്, നീതിയുടെ സംസ്ഥാപനം. സമവായം, കൂടിയാലോചന, പൊതുതാൽപര്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് അറിവും നീതിയുമെല്ലാം കൈവരിക്കാൻ സാധ്യമാകുന്നത്. ഈ മൂല്യ ചട്ടക്കൂടിനകത്ത് നിൽക്കുമ്പോൾ എല്ലാത്തരം അറഇവും പ്രവർത്തനവും അനുവദനീയമാകും. ധാർമ്മകമതക്ക് നിരക്കാത്ത മറ്റെല്ലാ കാര്യങ്ങളും പടിക്കുപുറത്താവുകയും ചെയ്യും. ചരിത്ര ഘട്ടങ്ങൾക്ക് അനുയോജ്യമായ രീതിയിൽ അനുവദനീയമായ കാര്യങ്ങളെ എങ്ങനെ രൂപപ്പെടുത്തിയെടുക്കുമെന്നതാണ് ഓരോ മുസ്‌ലിം സമൂഹവും ഇന്നുനേരിടുന്ന വെല്ലുവിളി.

കർമ്മശാസ്ത്രപരവും ബൗദ്ധികവുമായ ഗവേഷണത്തിന്റെ വാതിൽ കൊട്ടിയടച്ചതോടെയാണ് ഇസ്‌ലാമിക നാഗരികതയുടെ പ്രതിസന്ധി ആരംഭിച്ചതെന്ന് സർദാർ നിരീക്ഷിക്കുന്നു. ഇസ്‌ലാമിക ബൗദ്ധി ചരിത്രത്തിലെ മൂന്ന് മെറ്റാഫിസിക്കൽ ദുരന്തമെന്നാണ് സർദാർ ഇതിനെ വിശേഷിപ്പിക്കുന്നത്. ശരീഅത്തിനെ ആർക്കും ഇടപെടാൻ സാധ്യമാകാത്ത തരത്തിൽ ദിവ്യപദവിയിലേക്ക് ഉയർത്തുക, വിശ്വാസികളുടെ അധികാരത്തെ ഇല്ലായ്മ ചെയ്യുക, ഇസ്‌ലാമിനെ ഭരണകൂടത്തോട് സാമ്യപ്പെടുത്തുക തുടങ്ങിയവയൊക്കെയാണത്. സർദാർ പറയുന്നു: ശരീഅത്തിൽ എല്ലാത്തിനെയും പവിത്രമായി കാണണമെന്നില്ല. ഇസ്‌ലാമിൽ പവിത്രകൽപിക്കപ്പെടേണ്ട ഒന്ന് വിശുദ്ധ ഖുർആനാണ്. ദിവ്യഹിതം മനസ്സിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഉണ്ടായിത്തീർന്ന മനുഷ്യ നിർമിതിയാണ്. ശരീഅത്തിന്റെ വലിയൊരു ഭാഗം കർമ്മശാസ്ത്രമാണ്. മുൻകാല കർമ്മശാസ്ത്ര പണ്ഡിതന്മാരുടെ ശർഇയ്യായ അഭിപ്രായങ്ങളാണ് അവയെല്ലാം. അബ്ബാസി ഖിലാഫത്തിന് മുമ്പും കർമ്മശാസ്ത്രമൊരു പുതിയ സംഭവമോ മതവിരുദ്ധമോ ആയിരുന്നില്ല. പിന്നീട് അബ്ബാസി കാലഘട്ടത്തിലാണ് അതിന്റെ ക്രോഡീകരണമെല്ലാം വരുന്നത്. ഈ ഘട്ടത്തിൽ, കർമ്മശാസ്ത്രം മുസ്‌ലിംകളുടെ മനോഭാവത്തിൽ വലിയ രീതിയിലുള്ള വിപുലീകരണമുണ്ടാക്കിയിട്ടുണ്ട്.

ഇത് മറ്റൊരു ദുരന്തിലേക്കാണ് നയിക്കുന്നത്. കർമ്മശാസ്ത്രപരമായ നിയമങ്ങളടങ്ങുന്ന ശരീഅത്തിന് പവിത്രത കൽപിക്കുന്നത് വിശ്വാസികളുടെ അധികാരത്തെ നീക്കം ചെയ്യപ്പെടാൻ കാരണമാകുമെന്നതിനപ്പുറം വിമർശനത്തിനും ചിന്തക്കും ഇസ്‌ലാമിൽ ഇടമില്ലാതായിത്തീരും. അതോടെ സ്വന്തം താൽപര്യത്തിനനുസൃതമായതൊന്നും അന്വേഷിക്കാനാകാതെ വിശ്വാസി നിഷ്‌ക്രിയനായിത്തീരും. ഇസ് ലാമിക സമൂഹങ്ങളെ നയിക്കുന്ന തത്വങ്ങളും മൂല്യങ്ങളുമല്ലാതെ മറ്റൊന്നുമല്ല ശരീഅത്തെന്ന് സർദാർ വാദിക്കുന്നു. പ്രശ്‌ന പരിഹാരങ്ങൾക്കുള്ള ഒരു രീതി മാത്രമാണത്. ശരീഅത്തിലുള്ള ശ്രദ്ധക്ക് പുറമെ വിശുദ്ധ ഖുർആനിലെ സൂക്തങ്ങളെ നിരന്തരം പുനർവ്യാഖ്യാനം ചെയ്യാനും നാം ശ്രമിക്കണം.

ഇസ്‌ലാം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു കാര്യം രാഷ്ട്രീയ പാർട്ടികൾ കാണിക്കുന്നതുപോലെ ഭരണകൂടവുമായി അതിനെ തുലനം ചെയ്യാനുള്ള ശ്രമങ്ങളാണ്. സർദാർ പറയുന്നു: ഇസ്‌ലാമിനെ അതിന്റെ പ്രത്യയശാസത്രത്തിനകത്ത് കുരുക്കിയിടുന്ന ദർശനമാണിത്. ഇസ്‌ലാമിക രാഷ്ട്രമാക്കി മാറ്റുന്നതിന് വേണ്ടി ഈ പ്രത്യയശാസ്ത്രത്തെ ദേശീയ രാഷ്ട്രീയത്തിലേക്ക് കടത്തിക്കൂട്ടുന്നു. ഇസ്‌ലാമിക രാഷ്ട്രങ്ങൾ എന്ന് വിളിക്കപ്പെടുന്നവയെല്ലാം തന്നെ അസംബന്ധ അനുമാനങ്ങളെ അടിക്കല്ലായി നിർമ്മിച്ചെടുത്തതാണ്. അതിനേക്കാൾ അപകടകരമായ മറ്റൊരു കാര്യം, ഇസ്‌ലാം അതിന്റെ എല്ലാ ഘടകങ്ങളോടും വസ്തുതകളോടും കൂടിത്തന്നെ ഒരു പ്രത്യേക സംഘം നേതൃത്വം കൊടുക്കുന്ന ചലനാത്മ പ്രത്യയശാസ്ത്രമായി മാറിക്കൊണ്ടിരിക്കുന്നുണ്ട്. അത് അതിന്റെ മാനവികതയെ നഷ്ടപ്പെടുത്തുകയും ധാർമ്മികതയിൽ നിന്നും യുക്തിയിൽ നിന്നും നീതിയിൽ നിന്നും വിദൂരം പ്രാപിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പോരാട്ടങ്ങൾക്കുള്ള വേദിയായി മാറും. മതത്തിന്റെ പേരിൽ എല്ലാ നിയന്ത്രിക്കാൻ ഭരണകൂടത്തെ പ്രേരിപ്പിക്കുന്ന, അർത്ഥമില്ലാത്ത രാഷ്ട്രീയ പരിപാടികൾ സംഘടിക്കപ്പിക്കുന്ന, എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളെയും ഇസ്‌ലാംവൽകരിക്കുന്ന ഒരു ടോട്ടലിറ്റേറിയൻ ഐഡിയോളജിയായിട്ടാണ് സർദാർ ഇതിനെ കാണുന്നത്.

ബൗദ്ധിക അസ്ഥിരതക്കുള്ള പരിഹാരം

സർദാറിന്റെ വീക്ഷണപ്രകാരം, മതമൗലികവാദത്തെയും ബൗദ്ധിക സ്തംഭനത്തെയും ചികിത്സിക്കാനുള്ള മുസ്‌ലിംകളുടെ കഴിവിനെ ആശ്രയിച്ചാണ് ഇസ് ലാമിന്റെ ഭാവി. ഒരു സാർവത്രിക ദർശനമായ ഇസ്‌ലാമിനെ മാറ്റിയെടുക്കാൻ സഹായകമാകുന്ന അടിസ്ഥാനകാര്യങ്ങളിലൂടെയാണ് അത് സാധ്യമാകുന്നത്. പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും നിരാസമല്ല അതുകൊണ്ട് ലക്ഷീകരിക്കുന്നത്. പ്രമുക ഇന്ത്യൻ ചിന്തകനായ ആശിഷ് നന്ദിയെ, പാരമ്പര്യത്തെ അന്ധമായി വിശ്വസിക്കാത്ത പാരമ്പര്യവാദിയാണ് അദ്ദേഹം, ഉദ്ധരിച്ച് സർദാർ പറയുന്നു: പാരമ്പര്യങ്ങളെ നിരന്തരം നവീകരിക്കുകയും പുതുക്കുകയും ചെയ്യേണ്ടതുണ്ട്. നൂറ്റാണ്ടുകളായി മസ്‌ലിം ജനതയുടെ ജീവിതരീതിയും സ്വത്വവും സംരക്ഷിക്കുന്നതിൽ ഈ പാരമ്പര്യം വിജയിച്ചിട്ടുണ്ടെന്നത് അതിന് പവിത്രത കൽപിക്കണമെന്ന് അർത്ഥമാക്കുന്നില്ല. ഇതിൽനിന്നും ശരീഅത്ത് ഒരു മനുഷ്യ ചരിത്ര നിർമിതിയാണെന്ന് നമുക്ക് മനസ്സിലാക്കാം.

വിശുദ്ധ ഖുർആനിനെ സംബന്ധിച്ചെടുത്തോളം, അത് ഇസ്‌ലാമിന്റെ തുടർച്ചയെയും പവത്രമായ സത്തയെയും ഉൾകൊള്ളുന്നുണ്ട്. എന്നിരുന്നാലും, അതിന്റെ വ്യാഖ്യാനവും പുനർവ്യാഖ്യാനവും ഓരോ സന്ദർഭത്തിനും അനുസരിച്ച് പുതിയ വായനകൾ നടത്താൻ സാധിക്കണം. മനുഷ്യനും ജീവിതവും മാറുന്ന കാലത്തോടൊപ്പം തന്നെ മതവും അതിന്റെ ധാരണകളെ പുതുക്കണമെന്നാണ് ഇതിനർത്ഥം.

ഇസ്‌ലാമിക പൈതൃകത്തെക്കുറിച്ചുള്ള തന്റെ വിമർശനത്തിന്, ശരീഅത്തിന്റെ വിവരണവും കർമ്മശാസ്ത്ര പണ്ഡിതന്മാരുടെ അധികാരത്തെ പുനർനിർമ്മിക്കുന്നത് അടിസ്ഥാനമാക്കിയുള്ള ഉത്തരാധുനിക ഉപകരണങ്ങളും സർദാർ ഉപയോഗിക്കുന്നുണ്ട്. ശരീഅത്തിനെ തന്നെ തകർക്കാനുള്ള ശ്രമമല്ലത്. സർദാറിന്റെ ഉത്തരാധുനികതാ വിമർശനത്തിന്റെ സത്തയാണ് വിമർശനവും തകർക്കലും. സൽമാൻ റുഷ്ദിയുടെ ‘ദി സാത്താനിക വേഴ്‌സസ്’ എന്ന നോവലും അതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന കോലാഹലങ്ങളും, പ്രത്യേകിച്ച് റുഷ്ദിയെ കൊല്ലാൻ ഇറാനിയൻ വിപ്ലവത്തിന്റെ പരമോന്നത നേതാവായ ആയതുല്ലാഹ് ഖുമൈനിയുടെ ഫത്‌വയും സർദാറിന്റെ ധൈഷണിക ജീവിതത്തിൽ വലിയൊരു വഴിത്തിരിവായിരുന്നു. ഉത്തരാധുനികത മനുഷ്യ നാഗരികതക്കും പൊതുവേ ഇസ്‌ലാമിനും വരുത്തിവെച്ചേക്കാവുന്ന അപകടത്തെക്കുറിച്ച് സർദാർ മുന്നറിയിപ്പ് നൽകുന്നുണ്ട്. സർദാറിനെ സംബന്ധിച്ചെടുത്തോളം ഉത്തരാധുനികതയെന്നത്, ജീവിതവും മരണവും, പ്രതിച്ഛായയും യാഥാർത്ഥ്യവും, ആധികാരികതയും അസത്യവും തമ്മിലുള്ള അതിരില്ലാത്ത അവസ്ഥയാണ്. അതിൽ, ഭയമൊരു സാധാരണ അവസ്ഥയായി മാറുന്നു. എല്ലാം മതേതരവും മതപരവുമായ കേവല വാചക കസർത്തുകൾകൊണ്ട് ന്യായീകരിക്കാനാകും. കാരണം, റുഷ്ദിയുടെ നോവലും ഖുമൈനിയുടെ ഫത്‌വയും ഈ സാഹചര്യത്തിന്റെ ബാക്കിയായി വരുന്നതാണ്. റുഷ്ദിയുടെ കാര്യത്തിൽ പവിത്രത നിഷേധിക്കപ്പെടുകയും അതേസമയം ഖുമൈനിയുടെ കാര്യത്തിൽ ജീവിതം കേവലമായ ഒന്നായി പരിഗണിക്കുകയും ചെയ്യുന്നു.

ഇസ്‌ലാമിന്റെ അടിത്തറയെക്കുറിച്ചും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്തോടൊപ്പം മാറിക്കൊണ്ടിരിക്കുന്ന ജീവിതത്തോടുള്ള ഇസ്‌ലാമിക സമീപനത്തെക്കുറിച്ചുമുള്ള അവബോധമാണ് ഉത്തരാധുനിക ലോകത്ത് മുസ്‌ലിംകൾ നേരിടുന്ന വെല്ലുവിളികളിലൊന്നെന്ന് സർദാർ വാദിക്കുന്നു. സംരക്ഷിക്കപ്പെടേണ്ട ഒരു ഐഡന്റിറ്റിയെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. ഒരു വ്യക്തിയെ സംബന്ധിച്ചെടുത്തോളം, ജീവിക്കാനും മഹത്തായ മാനുഷിക മൂല്യങ്ങൾ തിരിച്ചറിയാനും നിരവധി മാർഗങ്ങളുണ്ട്. നീതി, സ്വാതന്ത്ര്യം, സമത്വം, മൗലികത, പാശ്ചാത്യ മതേതര രീതി എന്നിവ അതിൽ ചിലത് മാത്രമാണ്.

ഇസ്‌ലാമിക ഭാവിയുടെ രൂപം

തന്റെ ഒന്നിലധികം കൃതികളിൽ, ഇസ്‌ലാമിന്റെ അടിത്തറ സജീവമാക്കുന്നതിലൂടെ ഒരു നാഗരികതയും സംസ്‌കാരവും എന്ന നിലയിൽ ഇസ്‌ലാമിന്റെ ഭാവിയെക്കുറിച്ച് പഠിക്കാൻ ഉചിതമായൊരു ശാസ്ത്രീയ വീക്ഷണം വികസിപ്പിക്കാൻ സർദാർ ശ്രമിക്കുന്നുണ്ട്. ‘ഇസ്‌ലാമിക് ഫ്യൂച്ചേഴ്‌സ്’ എന്നാണ് അതിനെയദ്ദേഹം വിളിക്കുന്നത്. നിലവിലെ പ്രതിസന്ധികൾക്ക് ഒരു പരിഹാരമാർഗം കണ്ടെത്തുക, മാനേജ്‌മെന്റിനായുള്ള കാഴ്ചപ്പാടുകൾ വികസിപ്പിക്കുക, ഇസ്‌ലാമിക സമൂഹത്തിന് ഭാവിയിൽ അഭികാമ്യമായ ബദൽ പദ്ധതികൾ ആസൂത്രണം ചെയ്യുക തുടങ്ങിയവയാണ് അതിന്റെ ലക്ഷ്യങ്ങൾ. ഇസ്‌ലാമിക ഫ്യൂച്ചേഴ്‌സ് പ്രൊജക്റ്റിന് പരമ്പരാഗത ഇസ്‌ലാമിക് ചിന്തയുമായി നല്ല അന്തരമുണ്ട്. ആധുനികവും ഉത്തരാധുനികവുമായ ലോകത്തെക്കുറിച്ചുള്ള ഏകമാനമായ ധാരണയും മുസ്‌ലിം ഉമ്മത്ത് നേരിടുന്ന വെല്ലുവിളികൾക്കുള്ള ക്രിയാത്മകമായ പരിഹാരവും ഇതിന്റെ ലക്ഷ്യങ്ങളാണ്.

ഇസ്‌ലാമിക ലോകത്തിന്റെ അധപതനത്തെക്കുറിച്ചും അതിന്റെ മുൻകാല പുരോഗതിയുടെ കാരണങ്ങളെക്കുറിച്ചും പിന്നീടുണ്ടായ തകർച്ചയെക്കുറിച്ചുമുള്ള പഠനമാണ് ഇതിന്റെ അടിസ്ഥാനമായി വർത്തിച്ചത്. ഒഴിച്ചുകൂടനാവാത്ത പ്രതിഭാസമായി മാറിയ ആഗോളവൽകരണത്തിന്റെ കാലത്ത് അവ അവതരിപ്പിക്കുന്ന അവസരങ്ങളോടും വെല്ലുവിളികളോടും ക്രിയാത്മകമായല്ലാതെ ഇടപെടാനാകില്ല. ആഗോളവൽകരണ കാലഘട്ടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത അതിന്റെ ബഹുത്വമാണെന്ന് സർദാർ പറയുന്നു: പ്രകൃതിയുടെ തുടർച്ചയ്ക്ക് ബഹുസ്വരതയും വൈവിധ്യവും അനിവാര്യമാണെന്ന് മാത്രമല്ല, അവ സുസ്ഥിര സമൂഹങ്ങളുടെയും സുപ്രധാന സംസ്‌കാരങ്ങളുടെയും മൂലക്കല്ല് കൂടിയാണ്. ഏക സംസ്‌കാരത്തിന് ഭാവിയിൽ ഒട്ടും സ്ഥാനമുണ്ടാകാൻ സാധ്യതയില്ല.

സർദാർ പറയുന്നതുപോലെ ഇസ്‌ലാമിന് ഒരു ഭാവി പദ്ധതിയുണ്ട്. അതിന്റെ പൈതൃകത്തിൽ നിന്നും പ്രമാണങ്ങളിൽ നിന്നുമത് വായിച്ചെടുക്കാനാകും. സർദാർ പറയുന്നു: ഇസ്‌ലാം അതിന്റെ സ്വഭാവമനുസരിച്ച് ഭാവിയിലേക്കുള്ള ഒരു പ്രാപഞ്ചിക ദർശനമാണ്. വിശ്വാസികളെയും അവരുടെ ചരിത്രത്തെയും ഭാവിയെയും കുറിച്ച് അറിയാൻ വിശുദ്ധ ഖുർആൻ കൽപിക്കുന്നു: ‘നിങ്ങൾ അനുഗ്രഹീതരാകാനായി, മുന്നിലും പിന്നിലുമുള്ള ശിക്ഷയെപ്പറ്റി ബോധവാന്മാരാകണം എന്ന് നിർദേശിക്കപ്പെട്ടാൽ അവരവഗണിക്കുന്നു'(യാസീൻ: 45). ഇസ്‌ലാമിന്റെ ഭാവിയെക്കുറിച്ചും ഉത്തരവാദിത്തത്തെക്കുറിച്ചുമുള്ള ചിന്തകൾ രണ്ട് സുപ്രധാന ആശയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു; പരലോകവും അല്ലാഹു വിശ്വസ്തതയോടെ മനുഷ്യനെ ഏൽപിച്ച ഐഹിക ലോകത്തെ ഖിലാഫത്തും. ഇസ്‌ലാം വിശ്വാസിയുടെ ഭാവിയെക്കുറിച്ചുള്ള അവബോധത്തെ ശക്തിപ്പെടുത്തുക മാത്രമല്ല, അവയെ ഫലപ്രദമായി രൂപപ്പെടുത്തേണ്ടിതിന്റെ ആവശ്യകതയെക്കുറിച്ച് തെര്യപ്പെടുത്തുകയും ചെയ്യുന്നു.

പൊതുവായി പറഞ്ഞാൽ, സർദാറിന്റെ വൈവിദ്യവും സമൃദ്ധവുമായ ആശയങ്ങളെക്കുറിച്ച് അറബികൾക്കിടയിൽ വേണ്ടത്ര വായന നടന്നിട്ടില്ല. അദ്ദേഹത്തിന്റെ നാൽപത്തിയഞ്ച് കൃതികളിൽ ‘ഓറിയന്റെലിസം’ മാത്രമാണ് അറബിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടത്. അതിന്റെ രചന കഴിഞ്ഞ് പിന്നെയും പതിമൂന്ന് വർഷം കഴിഞ്ഞ് 2012ലാണ് അറബി ഭാഷയിലേക്ക് അത് വിവർത്തനം ചെയ്യപ്പെടുന്നത്. അറബ് ലോകത്തിന് ഇദ്ദേഹത്തിന്റെ ചിന്തയിലേക്കും ആശയങ്ങളിലേക്കും ആവശ്യമായി വന്നേക്കാം. അദ്ദേഹത്തിന്റെ ചിന്തകളെല്ലാം നിലവിലുള്ള പരസ്പരവിരുദ്ധമായ നാഗരിക വീക്ഷണകോണുകളിൽ നിന്നുള്ള പുരോഗമന മാതൃകയെയാണ് പ്രതിനിധീകരിക്കുന്നത് എന്നത് തന്നെയാണതിന് കാരണം.

കടപ്പാട്-islamonline.net

Related Articles