Current Date

Search
Close this search box.
Search
Close this search box.

ആധുനിക യുഗത്തിൽ ഇസ്‌ലാം നേരിടുന്ന വെല്ലുവിളികൾ ( 2- 2 )

സ്വതന്ത്രവും സുധാര്യവുമായ തെരെഞ്ഞെടുപ്പുകളിലൂടെ തങ്ങളുടെ രാഷ്ട്രീയ ഗവർണർമാരെ തീരുമാനിക്കുന്ന ഓരോ വ്യക്തിക്കും പരമാധികാരം നൽകുന്ന വ്യവസ്ഥിതിയെ അടിസ്ഥാനപ്പെടുത്തിയാണ് പാശ്ചാത്യ മതേതര രാഷ്ട്രീയം നിലനിൽക്കുന്നത്. എന്നാൽ, പരമാധികാരം അല്ലാഹുവിന് മാത്രമാണെന്നും ദൈവഹിതവും ശരീഅത്തിന്റെ വ്യവസ്ഥിതിയും അനുസരിക്കുന്ന കാലം മാത്രമേ നിയമാനുസൃതമായ ഒരു താൽക്കാലിക ഗവൺമെന്റിന് നിലനിൽപ്പുള്ളൂ എന്നുമാണ് ഇസ്‌ലാമിക വിശ്വാസം. അതിന്റെ സൈദ്ധാന്തിക വശം എന്തുതന്നെയായാലും, ശക്തമായ ധാർമിക നിയമങ്ങൾക്ക് കീഴിൽ സാമൂഹിക അഭിവൃദ്ധിയും ഐക്യവും ഉൽപാദിപ്പിക്കുന്ന സന്തുലിതാവസ്ഥ ഉണ്ടാക്കുകയെന്നത് സർക്കാറുകളുടെ ഉത്തരവാദിത്തമാണ്. നിയമസാധുതയെക്കുറിച്ചും വെളിപാടുകളെക്കുറിച്ചും വാദങ്ങളുന്നയിക്കുന്ന യാഥാസ്ഥികരും മതവിരുദ്ധരും തമ്മിൽ, ധാർമിക നിയമങ്ങൾ തന്നെ വിഭാഗീയ വിഭജനങ്ങൾക്ക് വിധേയമാക്കപ്പെടുമ്പോഴാണ് പ്രശ്‌നം കൂടുതൽ സങ്കീർണമാകുന്നത്. ചില ചോദ്യങ്ങൾ നാം ആവർത്തിക്കേണ്ടതുണ്ട്: എന്താണ് ഇസ്‌ലാം, ഇസ്‌ലാം ആരുടെതാണ്, എപ്പോളാണ്, എങ്ങനെയാണ് അതിന്റെ ഉത്ഭവവും വളർച്ചയും? രാജ്യത്തിന്റെ രാഷ്ട്രീയ വ്യവസ്ഥിതിയായി ഇസ്‌ലാമിനെ പ്രഖ്യാപിച്ച സൗദി അറേബ്യ, സുഡാൻ, പാകിസ്ഥാൻ, ഇറാൻ, അഫ്ഗാൻ തുടങ്ങിയ രാജ്യങ്ങളിൽ മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് അഭ്യന്തര കലഹങ്ങളും മുസ്‌ലിം / അമുസ്‌ലിം അയൽരാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങളും നന്നേ കുറവാണ്. ഫലപ്രദമായ സാമ്പത്തിക വിതരണവും പൊതുജനങ്ങലിലേക്ക് എത്തുന്ന തരത്തിലുള്ള സാമൂഹികവും സാമ്പത്തികവുമായ വികസനവും നേട്ടങ്ങളുമാണ് അതിന് കാരണം. ഇസ്‌ലാം വാഗ്ദാനം ചെയ്യുന്ന നേട്ടങ്ങൾ പൂർണമായും നേടിയെടുക്കാൻ ആർക്കും സാധ്യമാകുന്നില്ലെന്നതാണ് സത്യം. രാഷ്ട്രീയത്തിൽ മതേതര പ്രത്യേയശാസ്ത്രത്തിന് ഊന്നൽനൽകുന്ന തുർക്കി, ഈജിപ്ത് പോലെയുള്ള മുസ്‌ലിം രാജ്യങ്ങളിൽ സാമൂഹിക ക്ഷേമ പദ്ധതികൾ വേണ്ടത്ര സുധാര്യമല്ല. എന്നിരുന്നാലും വിശ്വാസങ്ങൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും വലിയ രീതിയിലുള്ള സ്വാതന്ത്ര്യം അവിടയെല്ലാം നൽകപ്പെടുന്നുണ്ട്. മതേതര ചിന്താഗതിയിലടിസ്ഥാനമായുള്ള ഗവൺമെന്റുകളെ അംഗീകരിച്ചാണ് ബഹുഭൂരിപക്ഷ മുസ്‌ലിംകളും ഇന്ന് ജീവിക്കുന്നത്. ഇത്തരം രാജ്യങ്ങൾക്കെല്ലാം തന്നെ ആധുനിക രാഷ്ട്രീയ, സാമൂഹിക സ്ഥാപനങ്ങളിലെ മോഡൽ പടിഞ്ഞാറാണ്. കണിശമായ ഇസ്‌ലാമിക സ്വഭാവം കാത്തുസൂക്ഷിക്കുന്നവരുടെ പോലും അവസ്ഥ ഇതാണ്.(6)

അപ്പോഴും നിലനിൽക്കുന്ന ചില ചോദ്യങ്ങളുണ്ട്: പൊതു ക്രമത്തോടും ധാർമികതയോടും ഇസ്‌ലാമെങ്ങനെയാണ് പ്രതികരിക്കുന്നത്? ഏത് സ്ഥാപന ചട്ടക്കൂടുകൾക്കാണ് സ്വകാര്യ ദുരാചാരത്തെയും പൊതു ധാർമികതയെയും നിർവചിക്കാനും വേർതിരിക്കാനും നിയന്ത്രിക്കാനും കഴിയുക? ദൈവം വെളിപ്പെടുത്തിയ നിർണായകവും സമഗ്രവുമായ ജീവിത പാത ഉണ്ടെന്ന് ശഠിക്കുന്ന ഭക്തർക്ക് ഇതിന് അനുകൂലവും പ്രതികൂലവുമായി എന്തെല്ലാം വാദങ്ങളാണ് ഉന്നയിക്കാനാവുക? ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ, യഥാർഥ ഭക്തരെയും സ്വന്തം നിലപാടുകൾ സ്ഥാപിച്ചെടുക്കാൻ വേണ്ടി മാത്രം മതചിഹ്നങ്ങൾ ഉപയോഗിക്കുന്നവരെയും വേർതിരിച്ചറിയാൻ നമുക്ക് സാധ്യമാകണം.
ഇസ്‌ലാമിന്റെതായ ജീവിത നിലവാരം കാത്തുസൂക്ഷിക്കുക, ഇസ്‌ലാം ഉയർത്തിപ്പിടിക്കുന്ന തത്വങ്ങൾക്കനുസരിച്ച് ജീവിക്കാൻ മറ്റുള്ളവരോട് ആവശ്യപ്പെടുക, ഇസ്‌ലാം ഐഡന്റിറ്റിയായി സ്വീകരിച്ച ഗവൺമെന്റുകളും പ്രസ്ഥാനങ്ങളും ചെയ്യുന്ന അതിരുകടന്ന പ്രവർത്തനങ്ങളെ വിമർശിക്കുകയും എതിർക്കുകയും ചെയ്യുക, മുസ്‌ലിം സമൂഹങ്ങളുടെ പരാജയങ്ങളുടെ ഉത്തരവാദിത്തത്തിൽ ഏറ്റെടുക്കുകയോ അതിൽ പങ്കാളിയാവുകയോ ചെയ്യുക, എല്ലാ പ്രശ്‌നങ്ങൾക്കും പടിഞ്ഞാറിനെ കുറ്റപ്പെടുത്താതിരിക്കുക തുടങ്ങിയ അനവധി വെല്ലുവിളിൽ വേറെയും ഇസ്‌ലാമിന് നേരിടേണ്ടതായുണ്ട്.(7)

മുസ്‌ലിം ഗവൺമെന്റുകൾ ന്യൂനപക്ഷങ്ങളോടെങ്ങനെ പെരുമാറുന്നു, മുസ്‌ലിമേതര ഗവൺമെന്റുകൾക്ക് കീഴിൽ മുസ്‌ലിംകളെങ്ങനെ ജീവിക്കുന്നുവെന്നതും വിശകലനം ചെയ്യപ്പെടേണ്ടതാണ്. മുസ്‌ലിംകളും അമുസ്‌ലിംകളും അടങ്ങുന്ന ഒരു ബഹുസ്വര സമൂഹത്തെ മുഴുവൻ പ്രീതിപ്പെടുത്താൻ ഇസ്‌ലാമിന്റെ രാഷ്ട്രീയ വീക്ഷണങ്ങൾക്ക് സാധ്യമായെന്ന് വരില്ല.(8) ഇത് സഹിഷ്ണുതയുടെ മാത്രം വിഷയമല്ല. ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ വിശ്വാസികളുടെയും പൗരാവകാശവും സമത്വവും ഇതിന്റെ ഭാഗം തന്നെയാണ്. രാഷ്ട്രീയ അഭിപ്രായഭിന്നതകൾ, കച്ചവട സംഘടനകൾ, മീഡിയ എന്നിവയുടെ സ്വാധീനം സാമൂഹികവും നിയമപരവുമായ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിൽതന്നെ വിലയിരുത്തപ്പെടണം.
മുസ്‌ലിം ന്യൂനപക്ഷങ്ങൾ തങ്ങളുടെ നാട്ടിലെ ഭരണവിഭാഗങ്ങളുമായി സമരസപ്പെടാൻ തയ്യാറാകണം. ഇന്ത്യൻ മുസ്‌ലിംകളും (ഏകദേശം 190 മില്യൺ, ജനസംഖ്യയുടെ പതിനാല് ശതമാനം) ഫിലിപ്പൻസ് മുസ്‌ലിംകളും (ഏകദേശം അഞ്ച് മില്യൺ, ജനസംഖ്യയുടെ ആറ് ശതമാനം) സ്വന്തം സമൂഹത്തിനിടയിൽ തന്നെയുള്ള തീവ്ര മനോഭാവത്തെയും നിലപാടുകളെയും നിയന്ത്രിക്കാൻ തയ്യാറാകണം. വിഭാഗീയത ഒരിക്കലും വിജയപ്രദമായ മാർഗമല്ലെന്നതിനുള്ള പ്രകടമായ തെളിവുകളാണ് ബംഗ്ലാദേശും പാകിസ്ഥാനും. സ്വരച്ചേർച്ചയുള്ള സമൂഹ നിർമിതിക്ക് ബോസ്‌നിയൻ സെർബുകളുടെ വർഗ പക്ഷപാതിത്വത്തിന്റെ അത്രപോലും പര്യാപ്തമല്ല മത സ്വജാതീയത്വം. മദ്ധ്യേഷ്യ, ആഫ്രിക്ക, അപൂർവം ചില പാശ്ചാത്യ രാജ്യങ്ങൾ എന്നിവിടങ്ങളിൽ വളർന്നുവരുന്ന മുസ് ലിം സമൂഹങ്ങൾക്കിടയിലേക്ക് വ്യാപിക്കുന്ന ഇസ്‌ലാമിക ഭീകരവാദത്തെ ശക്തമായിത്തന്നെ അടിച്ചമർത്തപ്പെടേണ്ടതുണ്ട്. അതേസമയംതന്നെ, മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ നിയമപരമായ ആവശ്യങ്ങളെ അംഗീകരിക്കാൻ മുസ്‌ലിമേതര നാടുകളിലെ ഗവൺമെന്റുകളും തയ്യാറാകണം. ചൈനയുടെ ജനസംഖ്യയിൽ കൃത്യമായൊരു ഇടം അമ്പത് മില്യണോളം വരുന്ന അവിടുത്തെ മുസ്‌ലിംകൾക്കും ലഭ്യമാകണം.

മുസ്‌ലിം ഗവൺമെന്റുകൾ ന്യൂനപക്ഷങ്ങളോടെങ്ങനെ പെരുമാറുന്നു, മുസ്‌ലിമേതര ഗവൺമെന്റുകൾക്ക് കീഴിൽ മുസ്‌ലിംകളെങ്ങനെ ജീവിക്കുന്നുവെന്നതും വിശകലനം ചെയ്യപ്പെടേണ്ടതാണ്.

അന്താരാഷ്ട്ര തലത്തിൽ രാഷ്ട്രീയമായും സാമ്പത്തികമായും പ്രാധാന്യം മുസ്‌ലിം നാടുകൾക്കുണ്ട്. ഇസ്‌ലാമിക പാരമ്പര്യങ്ങൾക്കതിഷ്ഠിതമായ താൽപര്യങ്ങളെക്കാളും പലപ്പോഴും ദേശീയ രാഷ്ട്രീയത്തിനും പ്രാദേശിക താൽപര്യങ്ങൾക്കുമാണ് ഉമ്മത്ത് പ്രാധാന്യം നൽകുന്നത്. പടിഞ്ഞാറിനോട് വിദ്വേഷം വെച്ചു പുലർത്തുന്ന ഇസ്‌ലാമിക രാജ്യങ്ങൾ(ലിബിയ, ഇറാൻ, ഇറാഖ്, യമൻ) അവർക്ക് പിന്തുണ നൽകുന്ന രാജ്യങ്ങളെക്കൊണ്ട്(സൗദി അറേബ്യ, പാകിസ്ഥാൻ, സിങ്കപ്പൂർ, മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലന്റ്, ഫിലിപ്പിൻസ്, ബ്രൂണെ) ബാലൻസ് ചെയ്യപ്പെടുന്നു. പടിഞ്ഞാറിനോട് ഗുണാത്മക ബന്ധം പുലർത്തുന്നവർ പടിഞ്ഞാറിന്റെ വിമർശകരല്ലെന്ന് ഒരിക്കലും പറയാനാകില്ല. മുൻ സിങ്കപ്പൂർ പ്രധാനമന്ത്രിമാരെപ്പോലെ ഡോ. മഹാതിർ, ലീ ക്വാൻ യൂ, ഗോഹ് ചൊക് ടോങ് പോലെ പടിഞ്ഞാറിലെ പ്രശ്‌നങ്ങളോട് വളരെ രൂക്ഷമായി പ്രതികരിച്ച ഒരുപാട് വ്യക്തികൾ ഉണ്ടായിട്ടുണ്ട്. പടിഞ്ഞാറൻ ആശയങ്ങൾക്ക് ആഗോളതലത്തിൽ അതിരുകവിഞ്ഞ സ്വാധീനമുണ്ടെങ്കിൽ പോലും എല്ലാത്തിനെയും മികച്ചു നിൽക്കുന്ന ഒരു ഏകശിലാത്മക രൂപമായി പടിഞ്ഞാറിന് നിലനിൽക്കാനാകില്ല. പടിഞ്ഞാറ് കൊണ്ടുവന്ന പ്രതിരൂപങ്ങൾക്കൊരിക്കലും ലോകത്ത് വ്യാപിച്ചു കിടക്കുന്ന കപട ന്യായീകരണങ്ങളെയും വ്യാജ നിർമിതകളെയും പ്രതിരോധിക്കാനാകില്ലെന്ന് ഇരുപതാം നൂറ്റാണ്ട തെളിയിച്ചു കഴിഞ്ഞതാണ്. യൂറോപ്യൻ രാജ്യങ്ങൾക്കിടയിലെ യുദ്ധങ്ങളെപ്പോലും അവർക്ക് പ്രതിരോധിക്കാനായിട്ടില്ല.

പടിഞ്ഞാർ ഇസ്‌ലാമിനെ കൂടുതൽ അടുത്തറിയേണ്ടതുണ്ട്. പടിഞ്ഞാറ് നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഇസ്‌ലാം എന്നതുകൊണ്ടല്ല, മറിച്ച് പരസ്പരം പങ്ക് വെക്കാവുന്ന (പടിഞ്ഞാറിലെ എല്ലാ മതേതര രാജ്യങ്ങൾക്കും) നിരവധി ധാർമിക മൂല്യങ്ങളും ആശയങ്ങളും ഇസ്‌ലാം വിഭാവനം ചെയ്യുന്നുണ്ട്. ലോകതലത്തിലുള്ള മുസ്‌ലിം അനുഭവങ്ങളിലുള്ള വൈവിധ്യങ്ങളുടെ സൗന്ദര്യം പടിഞ്ഞാർ മനസ്സിലാക്കേണ്ടതുണ്ട്. ഇസ്‌ലാമിക പ്രശ്‌നങ്ങൾ മാത്രമല്ല, പടിഞ്ഞാറ് നേരിടുന്ന രാഷ്ട്രീയ, സാമ്പത്തിക, ജൈവിക, സാമൂഹിക, ധാർമിക പ്രശ്‌നങ്ങളും മുസ്‌ലിം സമൂഹങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വരുന്നു. ഇൻഡിവിജ്വലിസം, ലിബറലിസം, കോസ്റ്റിറ്റിയൂഷണലിസം, മനുഷ്യാവകാശം, സമത്വം, സ്വാതന്ത്രം, ജനാധിപത്യം, സ്വതന്ത്ര മാർക്കറ്റുകൾ, രാജ്യത്തിന്റെയും ചർച്ചുകൾക്കുമിടയിലെ വിഭജനം(9) തുടങ്ങിയ ആശയങ്ങളിൽ വിശ്വസിക്കുന്ന പാശ്ചാത്യ രാജ്യങ്ങൾ അവയിൽ വിശ്വാസം വെച്ചുപുലർത്താത്തവരോട് സഹിഷ്ണുതാപരമായ സംവാദങ്ങളാണ് നടത്തേണ്ടത്.

ഗുഡ് സ്‌റ്റേറ്റ്, ബാഡ് സ്‌റ്റേറ്റ് എന്ന വിഭജനത്തെത്തന്നെ തള്ളിക്കളയേണ്ടതുണ്ട്. വലിയൊരളവിൽ മനുഷ്യാവകാശ ധ്വംസനം നടക്കുന്ന ചൈനയോടുള്ള മനോഭാവമല്ല അൾജീരിയയോടും ബോസ്‌നിയയോടും പടിഞ്ഞാറിനുള്ളത്. സൗദി അറേബ്യ, കുവൈത്ത്, പാകിസ്ഥാൻ പോലെയുള്ള മുസ്‌ലിം രാജ്യങ്ങളിലെ അധികാരികളോട് അമേരിക്ക പോലെയുള്ള പാശ്ചാത്യ രാജ്യങ്ങൾ കാണിക്കുന്ന സഹിഷ്ണുത ഇറാൻ, സിറിയ, ഇറാഖ്, സുഡാൻ പോലെയുള്ള രാജ്യങ്ങളോട് അവർക്ക് കാണിക്കാനാകുന്നില്ല. അഫ്ഗാനിസ്ഥാനിൽ ഹിസ്ബുൽ മുജാഹിദീനെ പിന്തുണക്കുന്ന അതേ പാശ്ചാത്യ രാജ്യങ്ങൾ തന്നെ ഫലസ്ഥീനികളെ അക്രമിക്കാൻ ഇസ്രയേലിനെ സഹായിക്കുന്നു. ഇസ്രയേലിന്റെ നിലനിൽപ് തന്നെ ചോദ്യം ചെയ്യപ്പെടേണ്ട ഒന്നായിരിക്കെ ഫലസ്ഥീനികളുടെ വേദനാജനകമായ അനുഭവങ്ങളോട് പാശ്ചാത്യൻ രാജ്യങ്ങൾക്ക് ഒട്ടും അനുതാപം തോന്നുന്നില്ല.

പാശ്ചാത്യ നാഗരികത ‘ലോക നാഗരികത’യായി ചിത്രീകരിക്കാനുള്ള കഠിന ശ്രമങ്ങളാണ് പടിഞ്ഞാറ് നടത്തിക്കൊണ്ടിരിക്കുന്നത്. സാംസ്‌കാരിക സാമ്രാജ്യത്വം, മനുഷ്യാവകാശ സാമ്രാജ്യത്വം എന്ന പുതിയ അധികാര ഘടനയെ പൊളിച്ചുകളയുന്ന ഒന്നായിട്ടത് മാറിയിട്ടുണ്ടെന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഇസ്‌ലാമിക, ഹിന്ദു സംസ്‌കാരങ്ങളിലെ യുവതലമുറക്കിടയിൽ പ്രാദേശികവും പരമ്പരാഗതവുമായ മൂല്യങ്ങളുടെ മതപരമായ നവോത്ഥാനങ്ങളും പുനഃസ്ഥാപനവും പാശ്ചാത്യ സംസ്‌കാരിക സ്വാധീനത്തിനെതിരെയുള്ള ബദലായി മാറുന്നത് ആശാവഹം തന്നെയാണ്.

തങ്ങളുടെ പ്രതിരൂപ നിർമാണങ്ങളുടെ മേൽകോയ്മയെ പാശ്ചാത്യ സമൂഹങ്ങൾ പുനരാലോചനക്ക് വിധേയമാക്കാൻ തയ്യാറാകണമെന്ന പോലെ തങ്ങളുടെ പാരമ്പര്യങ്ങളെ പുനർവ്യാഖ്യാനം നടത്താൻ മുസ്‌ലിം സമൂഹങ്ങളും തയ്യാറാകണം. ഇസ്‌ലാം അതുല്യമായൊരു പാരമ്പര്യമാണെന്നും അതെല്ലാത്തിനെയും മികച്ചു നിൽക്കുമെന്നുള്ള ഉലമാക്കളുടെ അഭിപ്രായങ്ങളിൽ കെട്ടിക്കിടക്കുന്നത് ഒട്ടും ഉചിതമല്ല. പാശ്ചാത്യ ആശയങ്ങളെ ചെറുതാക്കിക്കാണിക്കുന്നതിനപ്പുറം, പൂർണമായും സ്വീകരിക്കാൻ മാത്രം പര്യാപ്തമായ ഒന്നല്ലതെന്ന് മുസ്‌ലിം സമൂഹം തിരിച്ചറിയുകയും വേണം.(10) അതുപോലെ ഉൽകൃഷ്ടമായ ദൈവികതയിൽ വിശ്വസിക്കുന്നവർക്ക് അതിൽ അവിശ്വസിക്കുന്നവരെക്കൂടി ഉൾകൊള്ളാനാകണം. ഖുർആൻ വിശ്വാസിക്കാത്ത ഒരു സമൂഹത്തെ സംബന്ധിച്ചിടത്തോളം അതിന്റെ ആധികാരികത അവരെ ബോധ്യപ്പെടുത്തുന്നത് ബുദ്ധിയല്ല. മറിച്ച്, അതിനെ യുക്തിയുടെയും അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ മനസ്സിലാക്കിക്കൊടുക്കാനാകണം. അതിലൂടെ മാത്രമേ ഇസ്‌ലാമിക ആദർശങ്ങളെ കാലാനുവർത്തിയായി നിലനിർത്താനാകൂ.

ഇസ്‌ലാമും പടിഞ്ഞാറും പരസ്പരം കൈമാറേണ്ട ഒട്ടനവധി കാര്യങ്ങളുണ്ട്. പരസ്പര സംശയം, ഭയം, മതഭ്രാന്ത് എന്നിവ നിലനിൽക്കുന്ന കാലത്തോളം ഉത്പാദനക്ഷമമായ ഒരു വികാസവും സാധ്യമാവുകയില്ല. യൂറോപ്പ് കാടത്തത്തിലും നിരക്ഷരതയിലും അഭിരമിക്കുമ്പോൾ ജ്ഞാനോൽപാദനത്തിലും സംരക്ഷണത്തിലും സക്രിയമായ ഇടപെടലുകൾ നടത്തിയവരായിരുന്നു മുസ്‌ലിംകൾ. പിന്നീട് ഇസ്‌ലാം ഉത്പാദിപ്പിച്ച ജ്ഞാനങ്ങളിലെ വിശകലനങ്ങളും ഗവേഷണങ്ങളുമാണ് പടിഞ്ഞാറിനെ സയൻസിലും സാങ്കേതികവിദ്യയിലും അധിപന്മാരാക്കി മാറ്റിയത്. പിന്നീട് പാശ്ചത്യ സമൂഹങ്ങളിൽനിന്നും ഇസ്‌ലാമിക സമൂഹങ്ങളിലേക്കൊഴുകിയ പുതിയ ആലോചനകൾ മുസ്‌ലിം സമൂഹത്തിന് ആധുനിക ലോകത്ത് കൂടുതൽ ക്രിയാത്മ സാധ്യതകൾ നൽകി.

തങ്ങളുടെ പ്രതിരൂപ നിർമാണങ്ങളുടെ മേൽകോയ്മയെ പാശ്ചാത്യ സമൂഹങ്ങൾ പുനരാലോചനക്ക് വിധേയമാക്കാൻ തയ്യാറാകണമെന്ന പോലെ തങ്ങളുടെ പാരമ്പര്യങ്ങളെ പുനർവ്യാഖ്യാനം നടത്താൻ മുസ്‌ലിം സമൂഹങ്ങളും തയ്യാറാകണം.

കേവലം ഭൗതിക കൈമറ്റാം മാത്രം പോരാ. ഇരു സമൂഹങ്ങൾക്കിടയിലും അവരുടെ കേന്ദ്രആശയങ്ങളിൽ പുനർനിർമാണം അനിവാര്യമാണ്. മുഹമ്മദ് നബിക്ക് അല്ലാഹുവിൽനിന്നും ദിവ്യബോധനമുണ്ടായിട്ടുണ്ടെന്ന് അമുസ്‌ലിംകൾ അംഗീകരിക്കണം. നമ്മുടെത്തന്നെ ഏകശിലാത്മക പാരമ്പര്യത്തെ ആഴത്തിൽ ഉൾകൊണ്ടു കഴിഞ്ഞാൽ മറ്റു വിശ്വാസങ്ങളെയും അതിന്റെ ആചാര്യന്മാരെയും സഹിഷ്ണുതയോടെ സമീപിക്കാൻ നമുക്കാകും. ഇൻഡിവിജ്വലിസം, മെറ്റീരിയലിസം, കൺസ്യൂമറിസം, സെക്കുലറിസം പോലെയുള്ള ആശയങ്ങളാൽ കീഴ്‌പെടുത്തപ്പെട്ട പാശ്ചാത്യ സമൂഹത്തിന് ഒരുപാട് സംഭാവനകളർപ്പിക്കാൻ ഇസ്‌ലാമിന് സാധ്യമാകും.

മനുഷ്യകുലത്തിന്റെ സ്വഭാവങ്ങളെ വിശദീകരിക്കുന്ന ധാർമിക മൂല്യങ്ങളെക്കുറിച്ച് യഥേഷ്ടം സംവദിച്ച മതമാണ് ഇസ്‌ലാം. ഇസ്‌ലാം ആൻഡ് വെസ്റ്റ് ഫ്രഞ്ച് അസോസിയേഷന്റെ പ്രസിഡന്റായ ഫ്രാൻസിസ് ലാമാൻഡ് പറയുന്നു: ‘പവിത്രതാ ബോധം, നിയമ ബോധം, സാമൂഹിക ബോധം തുടങ്ങിയ പടിഞ്ഞാറിന്റെ മൂന്ന് സുപ്രധാന മൂല്യങ്ങൾക്ക് പുനർജന്മം നൽകാൻ ഇസ്‌ലാമിനാകും. ഇസ്‌ലാമിന് പാശ്ചാത്യ സമൂഹങ്ങൾക്ക് നൽകാനാകുന്ന സംഭാവനയും ഇതുതന്നെയാണ്.’.(11) പകരമായി ഇസ്‌ലാമിക സമൂഹത്തോടുള്ള അപരവിദ്വേഷവും വെറുപ്പും പാശ്ചാത്യ സമൂഹങ്ങളും അവസാനിപ്പിക്കണം.

അവലംബം:
6- ജെ.എൽ എസ്‌പോസിറ്റോ, ദി ഇസ്‌ലാമിക് ത്രെറ്റ്: മിത്ത് ഓർ റിയാലിറ്റി?, ന്യൂയോർക്ക്, ഓക്‌സ്‌ഫോർഡ്, 1992, പേ. 78.
7- ജെ.എൽ എസ്‌പോസിറ്റോ, ദി ഇസ്‌ലാമിക് ത്രെറ്റ്: മിത്ത് ഓർ റിയാലിറ്റി?, ന്യൂയോർക്ക്, ഓക്‌സ്‌ഫോർഡ്, 1992, പേ. 206, 209.
8- പി.ജെ വാറ്റികിയോറ്റിസ്, ഇസ്‌ലാം ആൻഡ് ദി സ്‌റ്റേറ്റ്, പേ. 97.
9- എസ്.പി ഹണ്ടിംഗടൺ, ക്ലാഷ് ഓഫ് സിവിലൈസേഷൻസ്?, ഫോറീൻ അഫേർസ്, വാല്യം. 72, 1993, പേ. 40.
10- പി.ജെ വാറ്റികിയോറ്റിസ്, ഇസ്‌ലാം ആൻഡ് ദി സ്‌റ്റേറ്റ്, പേ. 16.
11- എം.എ യമാനി, ഇസ്‌ലാം ഈസ് നോട്ട് ആൻ എനിമി ഓഫ് ദി വെസ്റ്റ്, ആസ്‌ട്രേലിയൻ മുസ്‌ലിം ന്യൂസ്, വാല്യം. 1, 1994, പേ. 9.

( അവസാനിച്ചു )

വിവ: മുഹമ്മദ് അഹ്‌സൻ പുല്ലൂർ

Related Articles