Current Date

Search
Close this search box.
Search
Close this search box.

മകനെ, ആനന്ദത്തെക്കുറിച്ചും നീ ചിലത് അറിയണം

ഖാബൂസ്‌നാമ - 9

മകനെ, നീ ആരെയെങ്കിലും ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ ലൈംഗികബന്ധത്തിലെ അത്യുന്മാദത്തിന്റെ മത്തിലും തെളിമയിലുമായി കഴിഞ്ഞുകൂടരുത്. കാരണം, നിന്നില്‍നിന്ന് കൈമാറ്റം ചെയ്യപ്പെടുന്ന വിത്ത് ഒരു ജീവന്റെയും ആത്മാവിന്റെയും ആദിബീജമാണ്. അതുകൊണ്ടുതന്നെ മദ്യാസക്തിയില്‍ ഒരിക്കലുംതന്നെ നീ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടരുത്. അത് വലിയ വിപത്ത് ഉണ്ടാക്കിവക്കും.  എന്നാല്‍, ആഗ്രഹം വരുമ്പോഴെല്ലാം അതിനു മുതിരുകയും ചെയ്യരുത്. ഓരോ പ്രവൃത്തിയുടെയും യഥാര്‍ഥ സമയത്തെക്കുറിച്ച് ബോധമില്ലാത്ത നാല്‍ക്കാലികളുടെ സ്വഭാവമാണത്. അതുകൊണ്ട്, നാല്‍ക്കാലിയെയും തന്നെയും പരസ്പരം വേര്‍തിരിക്കുന്ന ഒരു നിശ്ചിത സമയം ഉണ്ടായിരിക്കല്‍ മനുഷ്യനെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്.
ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍ ഒരാളില്‍മാത്രം ഒതുങ്ങിക്കൂടാതിരിക്കുക. മുമ്പ് സൂചിപ്പിച്ചതുപോലെ വിരളമായ ലൈംഗികബന്ധംപോലെത്തന്നെ നിരന്തരമായ ലൈംഗികതയും അപകടമാണ്. അത്യുഷ്ണത്തിലും അതിശൈത്യത്തിലും അമിത വികാരത്തെയും വികാരമില്ലായ്മയെയും സൂക്ഷിക്കുക. ഈ രണ്ടു കാലത്തും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക പ്രയാസമാണ്, പ്രായമായവര്‍ക്ക് പ്രത്യേകിച്ചും. വസന്തകാലമാണ് ഏറ്റവും നല്ല കാലം. അന്തരീക്ഷം അപ്പോള്‍ മിതശീതോഷ്ണമായിരിക്കും. നദികളും അരുവികളുമെല്ലാം ഉറവിടും. ലോകം മുഴുവന്‍ പ്രത്യേക തെളിമയും സന്തോഷവും പരക്കുന്ന കാലമാണത്. ഈ അത്യത്ഭുത പ്രപഞ്ചം അതിന്റെ യുവത്വം വീണ്ടെടുക്കുംപോലെ ചെറുലോകമായ നമ്മുടെ ശരീരവും അതിന്റെ ശക്തി വീണ്ടെടുക്കുന്ന കാലം. ശരീരത്തിലെ അനിയന്ത്രിത പ്രകൃതത്തിനെല്ലാം ഒരു മിതത്വം വരും. ഞരമ്പുകളില്‍ രക്തം എന്നപോലെ ഇടുപ്പില്‍ ബീജവും പെരുക്കും. അപ്പോള്‍ സ്വാഭാവികമായും മനുഷ്യന് ശാരീരികബന്ധത്തിലേക്കും ലൈംഗിക സുഖത്തിലേക്കും അമിതമായ താല്‍പര്യം ജനിക്കും. അപ്പോള്‍ മുളപൊട്ടുന്ന വികാരം സഹജമാണ്. ഈ സന്ദര്‍ഭത്തിലെ ലൈംഗിക വേഴ്ചകള്‍ പരിക്കുകള്‍ കുറക്കും.
കുളിപ്പുരയില്‍ പോകുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം
മകനെ, വയറുനിറഞ്ഞവനായിരിക്കെ നീ കുളിക്കാന്‍ പോകരുത്. അത് നിനക്ക് ദോഷം ചെയ്യും. അവിടെവച്ചും ഭാര്യയുമായി ലൈംഗികാസ്വാദനത്തില്‍ ഏര്‍പ്പെടുന്നത് ശ്രദ്ധിക്കണം, പ്രത്യേകിച്ചും ചൂടുവെള്ളം ഉപയോഗിക്കുന്ന കുളിപ്പുരകളില്‍ (ഹമ്മാം). മഹാനായ മുഹമ്മദ് ബ്ന്‍ സക്കരിയ അര്‍റാസി പറയുന്നു: ‘വയറുനിറഞ്ഞവനായിരിക്കെ കുളിപ്പുരയില്‍വച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവനെ മരണം പെട്ടെന്ന് പിടികൂടിയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.’ എങ്കിലും, ഹമ്മാം നല്ലൊരു സംവിധാനമാണ്. കഴിഞ്ഞുപോയ ഓരോ ഭരണാധികാരികളും തങ്ങളുടെ അധികാര കാലയളവില്‍ നടത്തിയ നിര്‍മാണങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് ഹമ്മാമുകളായിരിക്കും. എന്നിരുന്നാലും, ഹമ്മാമിലേക്ക് പോകുന്നത് ദൈനംദിന ശീലമാക്കുന്നത് നന്നല്ല. കാരണം, അത് നമ്മുടെ കെണുപ്പുകളെയും നാടീഞരമ്പുകളെയും മൃദുലമാര്‍ന്നതാക്കും. ഹമ്മാം ഉപയോഗം ഒരു പതിവായിക്കഴിഞ്ഞാല്‍ പിന്നീടൊരു തവണ പോകാതിരുന്നാല്‍ അന്നേ ദിവസം അവന്‍ ശാരീരികമായി അസ്വസ്ഥനാകുകയും രോഗിയാവുകയും ചെയ്യും. ശാരീരിക അവയവങ്ങളും പേശികളും ദുര്‍ബലമാകും.
രണ്ടു ദിവസം കൂടുമ്പോള്‍ ഒരു തവണ ഹമ്മാമില്‍ പോകുന്നത് ശാരീരികമായി ഗുണം ചെയ്യും. അന്നേരം ആദ്യം തണുത്ത വെള്ളമുള്ള ഹമ്മാമില്‍ പ്രവേശിക്കുക. പിന്നീട് മിതമായ തണുപ്പും ചൂടുമുള്ള വെള്ളമുള്ള മുറിയില്‍ ആവശ്യമായ സമയം തങ്ങുക. ഏറ്റവും ഒടുവില്‍ മാത്രമേ ചൂടുവെള്ളമുള്ള മുറിയില്‍ കടക്കാവൂ. ആവശ്യമായ സമയം അവിടെയും ചിലവഴിക്കുക. ഹമ്മാമിലെ ചൂടില്‍നിന്നുള്ള ഫലം ലഭിച്ചുകഴിഞ്ഞാല്‍ പിന്നെ അപ്പുറത്തെ സ്വകാര്യമുറിയില്‍ പോയി തല കഴുകുക.
ഹമ്മാമുകളില്‍ അധികനേരം തങ്ങാന്‍ പാടില്ല. അതുപോലെ അതിശക്തമായ തണുപ്പോ ചൂടോ ഉള്ള വെള്ളം നേരിട്ട് ശരീരത്തിലേക്ക് ഒഴിക്കാനും പാടില്ല. കുളിക്കാന്‍ എപ്പോഴും മിതമായ താപനിലയിലുള്ള വെള്ളം ഉപയോഗിക്കുക. ഹമ്മാം ഒഴിഞ്ഞു കിട്ടുന്നത് വലിയ അനുഗ്രഹമാണ്. ജ്ഞാനികള്‍ ആളൊഴിഞ്ഞ ഹമ്മാമുകളുടെ ഉപയോഗം നേട്ടമായാണ് കാണാറുള്ളത്. എല്ലാം കഴിഞ്ഞ് വളരെ ശാന്തമായേ ഹമ്മാമില്‍നിന്ന് പുറത്തിറങ്ങാവൂ. അതിനുമുമ്പേ മുടി നന്നായി തുടച്ച് ഉണക്കണം. ബുദ്ധിയും മാന്യതയും ഉള്ളവര്‍ അത് പ്രത്യേകം ശ്രദ്ധിക്കും. ഹമ്മാമില്‍നിന്ന് നനഞ്ഞ് വെള്ളം കുതിര്‍ന്നൊഴുകുന്ന മുടിയുമായി മുതര്‍ന്നവരെ സമീപിക്കരുത്. അത് അപമര്യാദയാണ്. ഹമ്മാമിന്റെ ഗുണവും ദോഷവുമാണ് ഞാന്‍ പറഞ്ഞത്.
വിവ. മുഹമ്മദ് അഹ്സൻ പുല്ലൂര്

Related Articles