Current Date

Search
Close this search box.
Search
Close this search box.

നഫ്സിൻ്റെ അവസ്ഥാന്തരങ്ങൾ

മനുഷ്യ മനസ്സിന്ന് ഇഡ്, ഈഗോ, സൂപ്പർ ഈഗോ എന്നിങ്ങനെ മൂന്ന് ഭാവങ്ങളുള്ളതായി ആധുനിക മനശ്ശാസ്ത്രജ്ഞന്മാരിൽ പ്രമുഖനായ സിഗ്മണ്ട് ഫ്രോയിഡ് സിദ്ധാന്തിക്കുന്നുണ്ട് . ഒരാളുടെ വ്യക്തിത്വത്തെ പ്രതിനിധാനം ചെയ്യുന്ന സ്ഥിരഘടകമായിട്ടാണ് പൊതുവെ ഇഡ് നിർവചിക്കപ്പെടുന്നത്. ഈ ഘടകം മനുഷ്യന്റെ ആഹ്ലാദ തത്ത്വത്താൽ നിയന്ത്രിക്കപ്പെടുന്നു (“pleasure principle”) എന്നാണ് വിശ്വാസം. ഫ്രോയിഡ് ഈ തത്വം ആവിഷ്കരിച്ച ആദ്യ കാലങ്ങളിൽ ഇഡിന്റെ ചാലകശക്തി ലൈംഗിക ജന്മ വാസനകൾ മാത്രമാണ് എന്ന് വിശ്വസിച്ചിരുന്നു. എന്നാൽ ഒന്നാം ലോകയുദ്ധത്തിന്നു മനുഷ്യന്റെ മൃത്യു ബോധവും ഈ ഭാവത്തിന്ന് ഊർജ്ജ്വം നൽകുന്നതായി അദ്ദേഹം തിരുത്തി. ഇതു വഴി മനുഷ്യ മനസ്സെന്ന പ്രതിഭാസത്തെ കൂടുതൽ വിശദീകരിക്കാൻ അദ്ദേഹത്തിന്നു പിന്നീടു സാധിച്ചു.

വ്യക്തിത്വത്തിന്റെ ഉപരിതലത്തെയാണ് ഈഗോ എന്നതുകൊണ്ട് ഫോയിഡ് വിവക്ഷിച്ചത്. നമുക്കനുഭവവേദ്യമാകുന്ന ലോകമാണത്. ഇഡ് മനുഷ്യനിൽ ഉണർത്തുന്ന അഭിലാഷങ്ങൾ പലതും ഈഗോയാൽ നിയന്ത്രിക്കപ്പെടുന്നു. യാഥാർത്യത്തിലധിഷ്ടിതമാണ് (“reality principle,”) ഈഗോ എന്നതുതന്നെ കാരണം. ജീവിതാനുഭവങ്ങളിലൂടെ വികാസം പ്രാപിക്കുന്ന ഈഗോയാണ് ഒരാളുടെ പെരുമാറ്റ രീതികൾക്കും വ്യുല്പത്തികൾക്കും അടിസ്ഥാനം. ഒരു യുവാവിൽനിന്നും നാം പ്രതീക്ഷിക്കുന്ന കഴിവുകൾ ഒരു പത്തുവയസ്സുകാരനിൽ നിന്നും പ്രതീക്ഷിക്കാത്തത് അതുകൊണ്ടാണ് .

ഈ ഭാവത്തിന്ന് രണ്ട് ഘടകങ്ങളുണ്ട്. ഒരാളുടെ മനസാക്ഷിയും ഈഗോ ഐഡിയലും. മനസാക്ഷി എന്താണ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കുന്നു. ഈഗോ ഐഡിയലാകട്ടെ ഒരാളുടെ ആദർശാധിഷ്ഠിതമായ ആത്മവീക്ഷണമാകുന്നു. ഒരാളുടെ ഈഗോ ഐഡിയലും യഥാർത്ഥപെരുമാറ്റവും തമ്മിലുള്ള താരതമ്യം നടക്കുന്നുണ്ട്. സൂപ്പർ ഈഗോ വിന്റെ രണ്ടു ഭാഗങ്ങളും വളർന്നുവികസിക്കുന്നത് സാമൂഹ്യ ഇടപെടലുകളി‌ലൂടെ ലഭിക്കുന്ന ജീവിതാനുഭവങ്ങളി‌ലൂടെയാണ്. ഫ്രോയിഡിന്റെ സിദ്ധാന്തപ്രകാരം ഇഡിന്റെ ജന്മവാസനകൾക്ക് കരുത്താർന്ന സൂപ്പർ ഈഗോ കടിഞ്ഞാണിടുന്നു. ദുർബലമായ സൂപ്പർ ഈഗോ വളരെ വേഗം ജന്മ വാസനകൾക്ക് അടിപ്പെടുകയും ചെയ്യുന്നു. സാന്മാർഗിക തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പ്രവർത്തിക്ക‍ുന്നത്.

ഖുർആനിൽ പരാമർശിച്ചിരിക്കുന്ന ഒരു പ്രത്യേക അറബി പദമാണ് നഫ്സ് . ഇത് അക്ഷരാർത്ഥത്തിൽ “ആത്മാവ്”, “അഹം” “മനസ്സ്” എന്നിവയെ പരാമർശിക്കാൻ ഉപയോഗിക്കുന്നു. ആത്മാവിൻ്റെ ഉണ്മയെ സൂചിപ്പിക്കാനും ഈ വാക്ക് ഖുർആനിൽ പരാമർശിച്ചിട്ടുണ്ട്.ഖുർആനിൽ ഈ വിഷയം കൈകാര്യം ചെയ്യുന്നത് വേറൊരു വീക്ഷണ കോണിലാണ് എന്ന് മാത്രം.

الأمّارة بالسوء – اللوامة -المطمئنة എന്നിങ്ങനെ മൂന്നു അവസ്ഥാന്തരങ്ങളിലായാണ് അവയെ കുറിച്ച് ഖുർആൻ അനാവരണം ചെയ്യുന്നത്.

അമ്മാറ /പ്രേരിപ്പിക്കുന്ന മനസ്സ് എന്നതിൽ നിന്ന് മുത്വ്മഇന്ന/സമാധാനമടഞ്ഞ മനസ്സിലേക്കുള്ള മാറ്റം (transformation) എങ്ങനെ സാധ്യമാവും ? . അതിനിടയിൽ വരുന്ന സ്റ്റേഷനുകളാണ് സൂഫികൾ പറയാറുള്ള മുൽഹിമ ملهمة (നല്ലതിന് പ്രേരിപ്പിക്കുന്ന),റാദിയ راضية (തൃപ്തിയുള്ള), മർദിയ്യ مرضية (പ്രീതി കരസ്ഥമാക്കിയ),കാമില كاملة (പരിപൂർണ്ണ) എന്നിവ. എന്നാൽ ഖുർആൻ പറയുന്ന അമ്മാറ /പ്രേരിപ്പിക്കുന്ന മനസ്സിനും സമാധാനമടഞ്ഞ മനസ്സിനും ഇടയിലുള്ള ഒരേയൊരു സ്റ്റേഷനാണ് ലവ്വാമ എന്ന കുറ്റപ്പെടുത്തുന്ന മനസ്സ് .

1- തിന്മയ്ക്ക് പ്രേരിപ്പിക്കുന്ന നഫ്സ്

(وَمَا أُبَرِّئُ نَفْسِي ۚ إِنَّ النَّفْسَ لَأَمَّارَةٌ بِالسُّوءِ إِلَّا مَا رَحِمَ رَبِّي ۚ إِنَّ رَبِّي غَفُورٌ رَحِيمٌ)
[سورة يوسف 53]

(‘എന്‍റെ മനസ്സിനെ ഞാന്‍ നിരപരാധിയാക്കി ഒഴിവാക്കുന്നുമില്ല. നിശ്ചയമായും മനസ്സ് തിന്‍മകൊണ്ടു ഉപദേശിക്കുന്ന [തിന്‍മക്കു പ്രേരിപ്പിക്കുന്ന]തു തന്നെയാണ്, എന്‍റെ റബ്ബ് കരുണചെയ്തവനൊഴികെ. നിശ്ചയമായും, എന്‍റെ റബ്ബ് വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.’)

2- കുറ്റപ്പെടുത്തുന്ന നഫ്സ്

(وَلَا أُقْسِمُ بِالنَّفْسِ اللَّوَّامَةِ)
[سورة القيامة 2]
(ഇല്ല, കുറ്റപ്പെടുത്തുന്ന മനസ്സിനെ ക്കൊണ്ടും ഞാന്‍ സത്യം ചെയ്തു പറയുന്നു)

3- സമാധാനമടഞ്ഞ നഫ്സ്

(يَا أَيَّتُهَا النَّفْسُ الْمُطْمَئِنَّةُ ۞ ارْجِعِي إِلَىٰ رَبِّكِ رَاضِيَةً مَرْضِيَّةً)
[سورة الفجر 27 – 28]

(‘ഹേ, സമാധാനമടഞ്ഞ മനസ്സേ!- തൃപ്തിപ്പെട്ടു കൊണ്ട്, തൃപ്തി ലഭിച്ചുകൊണ്ട്, നീ നിന്റെ രക്ഷിതാവിങ്കലേക്ക് മടങ്ങിക്കൊള്ളുക.)

അതായത്, ആശ്വസിക്കുന്ന മനസ്സ്, കുറ്റപ്പെടുത്തുന്ന ആത്മാവിൻ്റെ പ്രവർത്തന ഫലമാണ്. അഥവാ കുറ്റപ്പെടുത്തുന്ന മനസ്സോടെയാവണം യഥാർത്ഥ വിശ്വാസി ജീവിക്കുന്നത്. തിന്മകൾക്ക് ആജ്ഞാപിക്കുന്ന മനസ്സിനെ വിശ്വാസിയുടെ ഹൃദയം സദാ എതിർക്കുന്നു. അത് കേവല മനുഷ്യാത്മാവാണ്.മനുഷ്യാത്മാവ് എന്ന നിലയിൽ, അതിനെ ” കല്പിക്കുന്ന” എന്ന് വിളിക്കുന്നു എന്ന് മാത്രം. യൂസുഫ് നബി /അസീസിൻ്റെ ഭാര്യ രാജാവിനോട് പറഞ്ഞതുപോലെ: (‘എന്‍റെ മനസ്സിനെ ഞാന്‍ നിരപരാധിയാക്കി ഒഴിവാക്കുന്നുമില്ല. നിശ്ചയമായും മനസ്സ് തിന്‍മകൊണ്ടു ഉപദേശിക്കുന്ന [തിന്‍മക്കു പ്രേരിപ്പിക്കുന്ന]തു തന്നെയാണ്, എന്‍റെ റബ്ബ് കരുണചെയ്തവനൊഴികെ. നിശ്ചയമായും, എന്‍റെ റബ്ബ് വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.’)

അതായത്, എല്ലാ മനുഷ്യർക്കും ആജ്ഞാപിക്കുന്ന ആത്മാവ് ഉണ്ട്. ഈ ആജ്ഞാപിക്കുന്ന ആത്മാവിനെ ആരെങ്കിലും അനുസരിക്കുന്നുവോ, അവൻ്റെ ആത്മാവ് അവനെ കുറ്റപ്പെടുത്തുകയോ സമാധാനിക്കുകയോ ചെയ്യുന്ന നിലയിലേക്ക് ഒരിക്കലും എത്തുകയില്ല .

ما منْكم من أحدٍ إلَّا وقد وُكِّلَ بِهِ قرينُهُ منَ الملائِكةِ وقرينُهُ منَ الجنِّ. قالوا: وإيَّاكَ يا رسولَ اللَّهِ؟ قالَ: وإيَّايَ إلا أنَّ اللَّهَ أعانَني عليْهِ فأسلمَ

(മലക്കുകളിൽ നിന്നും ജിന്നുകളിൽ നിന്നും ഓരോ കൂട്ടുകാരനെ നമുക്കെല്ലാം കൂട്ടായി നിയോഗിക്കപ്പെട്ടിരിക്കുന്നു . എന്നാൽ അല്ലാഹുവിൻ്റെ സഹായത്താൽ നബിയോടൊപ്പമുള്ള ജിന്ന് കൂട്ടുകാരൻ അല്ലാഹുവിൻ്റെ സഹായത്താൽ മുസ്ലിമായി) എന്നർഥം വരുന്ന ഹദീസ് ആജ്ഞാപിക്കുന്ന മനസ്സ്  എല്ലാവരോടുമൊപ്പമുണ്ടെന്നറിയിക്കുന്നതാണ്.

കുറ്റപ്പെടുത്തുന്ന മനസ്സ് രക്ഷപ്പെട്ട ആത്മാവാണ്. അത് അതിൻ്റെ ഉടമയ്ക്ക് ഉറപ്പ് നൽകുന്നത് താൻ എന്തെങ്കിലും മോശം ചെയ്താൽ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് വിചാരണ ചെയ്യാൻ അനുമതി നല്കുകയും അതിൽ പശ്ചാത്തപിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. എന്തെങ്കിലും നല്ലത് ചെയ്താൽ, ആ മനസ്സ് പറയും: “എന്തുകൊണ്ടാണ് മികച്ചതും കൂടുതൽ പൂർണ്ണവുമായ എന്തെങ്കിലും ചെയ്തില്ല”,
എല്ലാ സാഹചര്യങ്ങളിലും ഏത് സാഹചര്യത്തിലും ഈ ആത്മാവ് അതിൻ്റെ ഉടമയെ കുറ്റപ്പെടുത്തുന്നു. ആത്മാവിനെ കുറ്റപ്പെടുത്തുന്നതിലൂടെ ആത്മാവ് സമാധാനം പ്രാപിക്കുന്നു. കുറ്റപ്പെടുത്തലിലൂടെയല്ലാതെ മനുഷ്യൻ്റെ മനസ്സ് അതിൻ്റെ പ്രലോഭനങ്ങളിൽ നിന്ന് ആശ്വാസം നേടുന്ന അവസ്ഥയിലേക്ക് നീങ്ങില്ല.

നമുക്ക് കുറ്റപ്പെടുത്തുന്ന ആത്മാവുണ്ടെങ്കിൽ ഉറപ്പുള്ള ആത്മാവുണ്ടെന്നർഥം.
ആത്മവിചാരത്തിനോ ഇഹ്തിസാബിനോ ഉള്ള മനസ്സില്ലെങ്കിൽ സ്വയം വിചാരണയോ
ബാഹ്യ വിമർശനമോ നമുക്ക് താങ്ങാനാവില്ല.

(وَنَفْسٍ وَمَا سَوَّاهَا ۞ فَأَلْهَمَهَا فُجُورَهَا وَتَقْوَاهَا ۞ قَدْ أَفْلَحَ مَنْ زَكَّاهَا ۞ وَقَدْ خَابَ مَنْ دَسَّاهَا)
[سورة الشمس 7 – 10]

ആത്മാവും, അതിനെ (ഘടന ഒപ്പിച്ച) ശരിപ്പെടുത്തിയതും [ആ മഹാശക്തിയും] തന്നെയാണ (സത്യം)!എന്നിട്ട്, അതിന് അതിന്റെ ദുഷ്ടതയും, അതിന്റെ സൂക്ഷ്മതയും അവന്‍ [ആ മഹാശക്തി] തോന്നിപ്പിച്ചു കൊടുക്കുകയും ചെയ്തിരിക്കുന്നു.തീര്‍ച്ചയായും, ആത്മാവിനെ പരിശുദ്ധമാക്കിയവന്‍ ഭാഗ്യം പ്രാപിച്ചു.അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു എന്ന് ഖുർആൻ പറയുന്നത് ഈ അവസ്ഥാന്തരങ്ങളെയെല്ലാം ഉൾക്കൊള്ളുന്നതാണ്.

അവലംബം :
1- “آفات النفس كما يصورها القرآن الكريم” (دراسة موضوعية)، نعيمة البرش .
2- “تربية النفس الإنسانية في ظل القرآن الكريم” أحمد المقري .
3- “هوى النفس” دراسة قرآنية موضوعية، محسن الخالدي .

Related Articles