Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആനെ കുറിച്ച ചിന്തയുടെ അര്‍ത്ഥവും വ്യാപ്തിയും

മനുഷ്യരുടെ ഭാവിഭാഗധേയത്വത്തെ നിര്‍ണ്ണയിക്കുന്ന സുപ്രധാന ഘടകങ്ങളാണ് അവരുടെ വിശ്വാസവും, ചിന്തയും, സംസാരവും, പ്രവര്‍ത്തനവും, സ്വഭാവും, ശീലവും. വിശ്വാസം ശരിയാവുന്നതിലൂടെ, അവരുടെ ചിന്തയും സംസാരവും ഭാവിഭാഗധേയവും ഉള്‍പ്പടെ എല്ലാം ശരിയാവുന്നതാണ്. എന്നാല്‍ അവരുടെ വിശ്വാസം ദുശിച്ചാല്‍ സംസാരവും പ്രവര്‍ത്തനവും സ്വഭാവവുമെല്ലാം ദുഷിക്കും. അതാണ് വിശ്വാസത്തിന്‍റെയും ചിന്തയുടേയും പ്രാധാന്യം.

ഖുര്‍ആനെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന നിരവധി സൂക്തങ്ങളും മഹദ് വചനങ്ങളുമുണ്ട്. “നിനക്കു നാം ഇറക്കിത്തന്ന അനുഗൃഹീതമായ വേദപുസ്തകമാണിത്. ഇതിലെ വചനങ്ങളെപ്പറ്റി ഇവര്‍ ചിന്തിച്ചറിയാന്‍. വിവേകശാലികള്‍ പാഠമുള്‍ക്കോള്ളാനും.” 38:29 മറ്റൊരു സൂക്തം ഇങ്ങനെ: “അവര്‍ ഖുര്‍ആന്‍ ആഴത്തില്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? അതല്ല; അവരുടെ ഹൃദയങ്ങളെ താഴിട്ട് പൂട്ടിയിട്ടുണ്ടോ?” 47:24

ഒരു മണിക്കൂര്‍ ചിന്തിക്കുന്നത് അറുപത് വര്‍ഷം ആരാധനകള്‍ അനുഷ്ടിക്കുന്നതിനെക്കാള്‍ ഉത്തമമാണെന്ന് നബി തിരുമേനി അരുളിയിട്ടുണ്ട്. തൊഴില്‍ ചെയ്യാതെ, പകല്‍ മുഴുവന്‍ ഖുര്‍ആന്‍ പരായണം ചെയ്തിരുന്ന ഒരു സഹാബിയോട് രണ്ടാം ഖലീഫ ഉമര്‍ ഇബ്നു ഖത്താബ് ചോദിച്ചു: പ്രവര്‍ത്തിക്കാന്‍ വേണ്ടി മാത്രമാണ് ഖുര്‍ആന്‍ ഇറക്കിയിട്ടുള്ളത്. താങ്കള്‍ പരായണം തന്നെ ഒരു തൊഴിലായി സ്വീകരിച്ചിരിക്കുകയാണൊ?”

പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിരക്ഷരരായ സമൂഹത്തോട് വായിക്കാന്‍ ആഹ്വാനം ചെയ്ത വിശുദ്ധ ഖുര്‍ആന്‍, അതിന്‍റെ ഉള്ളടക്കത്തെ കുറിച്ച് ചിന്തിക്കാനും അവരോട് ആഹ്വാനം ചെയ്തിട്ടുണ്ട്. കാരണം ചിന്തിക്കാതെ പാരായണം ചെയ്താല്‍ അത് ജീവിതത്തില്‍ പ്രതിഫലിക്കുകയില്ല. അതാകട്ടെ ഖുര്‍ആന്‍റെ ലക്ഷ്യത്തിന് തന്നെ എതിരാണല്ലോ? മദ്രസകളിലെ ഖുര്‍ആന്‍ പഠനം പോലും കേവലം അറബി അക്ഷരങ്ങള്‍ കൂട്ടിവായിക്കുക എന്നതില്‍ പരിമിതമാണ്. ചിന്തയിലേക്കുള്ള വാതിലായിത്തീരണം വായന. വായിക്കാന്‍ തുടങ്ങുന്നതോടെ ചിന്തിക്കാനും തുടങ്ങേണ്ടതുണ്ട്.

ഖുര്‍ആന്‍ ചിന്തക്ക് ആഹ്വാനം ചെയ്യുമ്പോള്‍ എന്താണ് അത്കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന് മനസ്സിലാക്കിയാലാണല്ലോ ചിന്തിക്കാന്‍ കഴിയുക. ഖുര്‍ആനെ കുറിച്ച് ചിന്തിക്കുക എന്നാല്‍ എന്താണ് അതിന്‍റെ വിവിക്ഷ? ഖുര്‍ആന്‍ സൂക്തങ്ങളെ മനസ്സിലാക്കുന്നതിനും ആഴത്തില്‍ വിചിന്തനം ചെയ്യുന്നതിനും അതിന്‍റെ ആശയം, വിധി, ഉദ്ദേശ്യം എന്നിവ ഗ്രഹിക്കുന്നതിനും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനുമാണ് ഖുര്‍ആനെ കുറിച്ച് ചിന്തിക്കുക എന്ന് പറയുന്നത്. വായനയുടെ അന്തിമ ഫലത്തിലേക്ക് എത്തിച്ചേരലാണ് അതിലൂടെ ലക്ഷ്യംവെക്കുന്നത്.

ചിന്തിക്കുന്നതിന്‍റെ അടയാളങ്ങള്‍

പാരായണം ചെയ്യുന്നവര്‍ ഖുര്‍ആനിനെ കുറിച്ചു ചിന്തിക്കുന്നുണ്ടൊ എന്ന് സ്വയം പരിശോധിക്കാനുള്ള അടയാളങ്ങള്‍ ഖുര്‍ആന്‍ വിവരിച്ചിട്ടുണ്ട്. ആ ലക്ഷണങ്ങള്‍ എന്താണെന്ന് ചുവടെ കൊടുക്കുന്ന ആയതുകളില്‍ നിന്ന് സുവ്യക്തമാണ്.

1. “സത്യം മനസ്സിലായതിനാല്‍, ദൈവദൂതന് അവതീര്‍ണമായ വചനങ്ങള്‍ കേള്‍ക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍ നിന്ന് കണ്ണീരൊഴുകുന്നത് നിനക്കു കാണാം. അവരിങ്ങനെ പ്രാര്‍ഥിക്കുന്നു: ”ഞങ്ങളുടെ നാഥാ! ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങളെയും നീ സത്യസാക്ഷികളുടെ കൂട്ടത്തില്‍ പെടുത്തേണമേ.” ( അല്‍ മാഇദ: 83 )

2. “അല്ലാഹുവിന്‍റെ പേര്‍ കേള്‍ക്കുമ്പോള്‍ ഹൃദയം ഭയചകിതമാകുന്നവര്‍ മാത്രമാണ് യഥാര്‍ഥ വിശ്വാസികള്‍. അവന്‍റെ വചനങ്ങള്‍ വായിച്ചുകേട്ടാല്‍ അവരുടെ വിശ്വാസം വര്‍ധിക്കും. അവര്‍ എല്ലാം തങ്ങളുടെ നാഥനില്‍ സമര്‍പ്പിക്കും.” ( അല്‍ അന്‍ഫാല്‍: 2)

3. “ഏതെങ്കിലും ഒരധ്യായം അവതീര്‍ണമായാല്‍ അവരില്‍ ചിലര്‍ പരിഹാസത്തോടെ ചോദിക്കും: ”നിങ്ങളില്‍ ആര്‍ക്കാണ് ഇതുവഴി വിശ്വാസം വര്‍ധിച്ചത്?” എന്നാല്‍ അറിയുക: തീര്‍ച്ചയായും അത് സത്യവിശ്വാസികളുടെ വിശ്വാസം വര്‍ധിപ്പിച്ചിരിക്കുന്നു. അവരതില്‍ സന്തോഷിക്കുന്നവരുമാണ്.” ( അത്തൗബ: 124 )

4. “പറയുക: നിങ്ങള്‍ക്കിത് വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യം. എന്നാല്‍ ഇതിനു മുമ്പു ദിവ്യജ്ഞാനം ലഭിച്ചവര്‍ ഇത് വായിച്ചുകേള്‍ക്കുമ്പോള്‍ മുഖം കുത്തി സാഷ്ടാംഗം പ്രണമിക്കുന്നതാണ്. അവര്‍ പറയും: ഞങ്ങളുടെ നാഥന്‍ എത്ര പരിശുദ്ധന്‍! ഞങ്ങളുടെ നാഥന്‍റെ വാഗ്ദാനം നിറവേറ്റപ്പെടുന്നതു തന്നെ. അവര്‍ കരഞ്ഞുകൊണ്ട് മുഖം കുത്തിവീഴുന്നു. അതവരുടെ ഭയഭക്തി വര്‍ധിപ്പിക്കുന്നു.” ( അല്‍ ഇസ്റാഅ് 107,108, 109 )

5. “ഇവരാണ് അല്ലാഹു അനുഗ്രഹിച്ച പ്രവാചകന്മാര്‍. ആദം സന്തതികളില്‍ പെട്ടവര്‍. നൂഹിനോടൊപ്പം നാം കപ്പലില്‍ കയറ്റിയവരുടെയും; ഇബ്റാഹീമിന്‍റെയും ഇസ്രയേലിന്‍റെ യു വംശത്തില്‍ നിന്നുള്ളവരാണിവര്‍. നാം നേര്‍വഴിയില്‍ നയിക്കുകയും പ്രത്യകേം തെരഞ്ഞെടുക്കുകയും ചെയ്തവരില്‍ പെട്ടവരും. പരമകാരുണികനായ അല്ലാഹുവിന്‍റെ വചനങ്ങള്‍ വായിച്ചുകേള്‍ക്കുമ്പോള്‍ സാഷ്ടാംഗം പ്രണമിച്ചും കരഞ്ഞും നിലം പതിക്കുന്നവരായിരുന്നു ഇവര്‍.” ( മര്‍യം 58 )

6. “തങ്ങളുടെ നാഥന്‍റെ വചനങ്ങളിലൂടെ ഉദ്ബോധനം നല്‍കിയാല്‍ ബധിരരും അന്ധരുമായി അതിന്മല്‍ വീഴാത്തവരും.” ( അല്‍ ഫുര്‍ഖാന്‍: 73)

7. “ഇത് അവരെ ഓതിക്കേള്‍പ്പിച്ചാല്‍ അവര്‍ പറയും: ”ഞങ്ങളിതില്‍ വിശ്വസിച്ചിരിക്കുന്നു. സംശയമില്ല; ഇതു ഞങ്ങളുടെ നാഥനില്‍ നിന്നുള്ള സത്യം തന്നെ. തീര്‍ച്ചയായും ഇതിനു മുമ്പുതന്നെ ഞങ്ങള്‍ മുസ്ലിംകളായിരുന്നുവല്ലോ.” ( അല്‍ ഖസസ്: 53 )

8. “ഏറ്റവും വിശിഷ്ടമായ വര്‍ത്തമാനമാണ് അല്ലാഹു ഇറക്കിത്തന്നത്. വചനങ്ങളില്‍ പരസ്പര ചേര്‍ച്ചയും ആവര്‍ത്തനവുമുള്ള ഗ്രന്ഥമാണിത്. അതു കേള്‍ക്കുമ്പോള്‍ തങ്ങളുടെ നാഥനെ ഭയപ്പെടുന്നവരുടെ ചര്‍മങ്ങള്‍ രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ ഓര്‍ക്കാന്‍ പാകത്തില്‍ വിനീതമാകുന്നു. ഇതാണ് അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനം. അതുവഴി അവനിച്ഛിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു. അല്ലാഹു വഴികേടിലാക്കുന്നവരെ നേര്‍വഴിയിലാക്കാന്‍ ആര്‍ക്കുമാവില്ല.” ( അസ്സുമര്‍: 23 )

ലക്ഷണങ്ങള്‍ ചുരുക്കത്തില്‍

മേല്‍ പറഞ്ഞ സൂക്തങ്ങളില്‍ നിന്ന് ചിന്തയുടെ എട്ട് ലക്ഷണങ്ങള്‍ നിര്‍ദ്ദാരണം ചെയ്തെടുക്കാം. നമ്മുടെ മനസ്സും ചിന്തയും സംയോജിപ്പിച്ച്, ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍, അത് പ്രകടിപ്പിക്കുന്ന ലക്ഷണങ്ങളാണ് അവ. അല്ലാഹുവിനെ ഭയപ്പെട്ട് കണ്ണീര്‍പൊഴിക്കലാണ് അതിലൊന്ന്. വര്‍ധിതതോതിലുള്ള ഭയമുണ്ടാവലാണ് ഖുര്‍ആന്‍ ചിന്തിച്ച് പരായണം ചെയ്യുന്നതിന്‍റെ മറ്റൊരു ലക്ഷണം. ഈമാന്‍ വര്‍ധിക്കലാണ് മറ്റൊരു ലക്ഷണം. മനസ്സിന് ലഭിക്കുന്ന സന്തോഷമാണ് മറ്റൊന്ന്. മനസ്സ് ഭയംകൊണ്ട് പ്രകമ്പിതനാവുക പിന്നെ പ്രതീക്ഷയും സമാധാനവും കൊണ്ട് കീഴ്പ്പെടുത്തപ്പെടുക. അല്ലാഹുവിനോടുള്ള ആദരവിന്‍റെ ഭാഗമായി സുജൂദ് ചെയ്യുക. ഇതില്‍ ഏതെങ്കിലും ഒന്നോ അതിലധികമോ ലക്ഷണം ഉണ്ടായാല്‍ ഖുര്‍ആനെ കുറിച്ചു ചിന്തിക്കുന്നുണ്ട് എന്ന് കരുതാവുന്നതാണ്.

Related Articles