Current Date

Search
Close this search box.
Search
Close this search box.

ശ്രീനഗർ ജാമിഅ മസ്ജിദ്: പതിനാലാം നൂറ്റാണ്ടിന്റെ അത്ഭുത സൃഷ്ടി

കശ്മീരിന്റെ ശൈത്യകല തലസ്ഥാനമായ ശ്രീനഗറിൽ നിന്ന് മൂന്ന് കിലോമീറ്റർ മാറി സ്ഥതി ചെയ്യുന്ന നൗഹാട്ട എന്ന പ്രദേശത്തെ അതിപുരാതന പള്ളിയാണ് മസ്ജിദേ ആഅ്ളം ശ്രീനഗർ. സാമൂഹികമായും രാഷ്ട്രീയമായും സാംസ്കാരികമായും കശ്മീരിന്റെ അതിസമ്പന്നമായ ചരിത്രത്തിന്റെ ഭാഗമാണ് ഈ പള്ളിയും. 1339 മുതൽ 1555 വരെ  കശ്മീർ ഭരിച്ചിരുന്ന ശാഹ്മീർ ഭരണകൂടത്തിന്റെ 10ാമത്തെ രാജാവായ ശിഖന്ദർ ശാഹ്മീർ കശ്മീറിലെ പ്രമുഖ ആത്മീയ നേതാവ് മുഹമ്മദ് ഹമദാനിയുടെ കല്പന പ്രകാരം 1394 ൽ തറക്കല്ലിട്ട് 1402 പണി കഴിപ്പിച്ചതാണ് ഈ മസ്ജിദ്. പിന്നീടങ്ങോട്ട് കശ്മീരി മുസ്‍ലിംകളുടെ മതകീയ മുഖമായി മാറുകയായിരുന്നു. 

ഒരേ സമയം 30,000 (മറ്റൊരു അഭിപ്രായത്തിൽ 40,000,33,333) പേർക്ക് ഒരുമിച്ച് നിസ്കരിക്കാൻ സാധിക്കുന്ന ഈ പള്ളിയുടെ വാസ്തുവിദ്യ മധ്യകാല മുസ്‍ലിം നിർമിതികളെ ഓർമിപ്പിക്കുന്ന ഇൻഡോ-സറാഷ്യൻ വാസ്തുവിദ്യയാണ്. ഇന്ത്യയിലെ മുഗൾ നിർമിതിയോടും ഏറെ സാമ്യമുണ്ട് ഈ നിർമാണ രീതിക്ക്. പള്ളിയുടെ മിനാരങ്ങൾ പുരാതന കാലത്തെ ബുദ്ധിസ്സ് പെഗോഡകളെ ഓർമിപ്പിക്കുന്നവയാണ്. നാലു കവാടങ്ങളാൽ ചുറ്റപ്പെട്ട പള്ളിയുടെ പ്രധാന പ്രവേശനമുഖം പടിഞ്ഞാറൻ കവാടമാണ്. ഈ കവാടം ഷാഹേ ദർവാസ എന്ന് അറിയപ്പെടുന്നു.

പിരമിഡിക്കൽ ഗോപുര മാതൃകയിൽ നിർമിക്കപ്പെട്ട കതകിലൂടെ ഉള്ളിലേക്ക് പ്രവേശിച്ചാൽ നാലു ഭാഗവും പള്ളിയാൽ ചുറ്റപ്പെട്ട് മധ്യഭാഗത്ത് ഒരു ഹൗളും ചുറ്റും വിശാലമായ മൈതാനവുമടങ്ങുന്ന ഒരു ചാർബാഗ് മാതൃകയിൽ സജ്ജീകരിച്ചതായി കാണാം. പ്രവേശന കവാടത്തിന്റെ മുമ്പിൽ എഴുതി വെച്ചത് പ്രകാരം ദേവദാരു മരങ്ങളാൽ ഇരുപത്തിയഞ്ച് അടി ഉയരത്തിലും അഞ്ചടി നിരപ്പിലും നിർമ്മിക്കപ്പെട്ട 376 തൂണുകൾ പള്ളിയിലുടനീളമായി പരന്നു കിടക്കുന്നു. ചൂടാക്കിയ കല്ലുകളും മരങ്ങളും കൊണ്ടാണ് ഒട്ടുമിക്ക ചുമരുകളും നിർമിച്ചിട്ടുള്ളത്. മിഹ്റാബിൽ അല്ലാഹുവിന്റെ 99 നാമങ്ങൾ മനോഹരമായ അറബിക് കാലിഗ്രഫിയിൽ കൊത്തിവെക്കപ്പെടുകയും ചെയ്തിട്ടുണ്ട് . ശിഖന്ദർ ശാഹ്‍മീറിന്റെ മരണ ശേഷം തന്റെ മകൻ സൈനുൽ ആബിദീനാണ് പള്ളിയുടെ വിപുലീകരണത്തിന് ചുക്കാൻ പിടിച്ചത്. 

മീർവാഹിസ് കുടുംബമാണ് പാരമ്പര്യമായി പള്ളിയുടെ വൈജ്ഞാനിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ആദ്യകാലത്ത് മതപരമായ കാര്യങ്ങളിൽ മാത്രം ഇടപെട്ടിരുന്ന ഇവർ പിന്നീട് കശ്മീരിലെ മുസ്‍ലിം രാഷ്ട്രീയത്തിലും സജീവമായി ഇടപെടാൻ തുടങ്ങി. പതിനാലാം നൂറ്റാണ്ടിൽ കശ്മീരിൽ എത്തിയ സൂഫി പണ്ഡിതൻ മീർ സയ്യിദ് അലി ഹംദാനിയുടെ പിൻതലമുറക്കാരായാണ് ഇവർ കണക്കാക്കപ്പെടുന്നത്.

മാറിമറിയുന്ന കശ്മീരിന്റെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ഈ പള്ളിയുടെ പങ്കും ഏറെ ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ്. കാശ്മീർ ലയന കാലത്ത് ഇന്ത്യക്കായി വാദിച്ച മുസ്‍ലിം കോൺഗ്രസ് പാർട്ടിയുടെ രൂപീകരണത്തിന്നും ഷെയ്ഖ് അബ്ദുല്ലയുടെ രാഷ്ട്രീയ ചുവടുവെപ്പുകൾക്കും നാന്ദികുറിക്കപെട്ടത് ജാമിഅ മസ്ജിദിൽ നിന്നായിരുന്നു . 1936 ൽ കശ്മീരിനെ നടുക്കിയ ദോഗ്ര പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട 22 കാശ്മീരികളെ ഈ പള്ളിയിലാണ് കൊണ്ടുവന്നിരുന്നതും മറമാടിയതും. അതിൽ പിന്നെ മത പഠന കേന്ദ്രമെന്നതിനപ്പുറം രാഷ്ട്രീയ കേന്ദ്രമായും മസ്ജിദ് മാറുകയായിരുന്നു. അതോടെ ഒരുപാട് കലാപങ്ങൾക്കും പ്രതിഷേധങ്ങൾക്കും മസ്ജിദ് സാക്ഷിയാവുകയും ചെയ്തു  

പള്ളി തികഞ്ഞ രാഷ്ട്രീയ ഇടമായതോടെ പലസമയങ്ങളിലായി അടച്ചിടലുകളും പതിവായി. ആദ്യമായി പള്ളി അടച്ചത് പത്തൊമ്പതാം നൂറ്റാണ്ടിൽ പഞ്ചാബ് രാജാവായിരുന്ന രാജ രജ്ഞിത്ത് സിങ്ജിയുടെ കാലത്തായിരുന്നു. നീണ്ട രണ്ട് പതിറ്റാണ്ട് കാലം പള്ളി അടഞ്ഞു തന്നെ കിടന്നു. പിന്നീട് 1816 ൽ സിഖ് രാജാവ് മോത്തി റാമിന്റെ കാലത്തുണ്ടായ അടച്ചിടൽ  27 വർഷം നീണ്ടു നിൽക്കുകയും തുടർന്ന് കാശ്മീർ ഗവർണർ ഗുലാം മുഹിയുദ്ദീന്റെ ഇടപെടലിനെ തുടർന്ന് 1943 ൽ തുറക്കുകയും നീണ്ട പതിനൊന്ന് കൊല്ലം ജുമുഅ മാത്രം നിസ്കരിക്കപ്പെടുകയും ചെയ്തു .

ശേഷം 2017, 2018 കാലങ്ങളിൽ മെഹ്ബൂബ മുഫ്ത്തിയുടെ കാലത്തും രാഷ്ട്രീയ സുരക്ഷ ഭയന്ന് പള്ളി അടച്ചിട്ടിരുന്നു. അവസാനമായി കശ്മീരിന്റെ പ്രത്യേക ഭരണഘടന പദവി എടുത്തുകളഞ്ഞപ്പോഴും ഫലസ്തീൻ ഐക്യദാർഢ്യവുമായി കശ്മീരികൾ രംഗത്തിറങ്ങിയപ്പോഴും പള്ളി അടച്ചിടുകയായിരുന്നു. ഈ കഴിഞ്ഞ റമദാനിലെ അവസാന  വെള്ളിയാഴ്ച്ച ജുമുഅ കഴിഞ്ഞ പള്ളി ഇപ്പോഴും വിശ്വാസികൾക്ക് മുമ്പിൽ തുറക്കാതെ കിടക്കുകയാണ്.

600 വർഷത്തെ പഴക്കമുള്ള ഈ പള്ളി പല കാലങ്ങളിലായി അനവധി അക്രമങ്ങളെ അതിജീവിച്ചുട്ടുണ്ട്. പ്രധാനമായും മൂന്ന് തീപിടുത്തങ്ങൾ. 1402 ൽ നിർമാണം പൂർത്തീകരിച്ച് 75 വർഷത്തിന്റെ ഉള്ളിൽ ആദ്യ തീപിടുത്തമുണ്ടായി. ഈ സമയം പള്ളി പുനർനിർമ്മിച്ചത് സുൽത്താൻ ഹസ്സൻ ഹാഷിമിയായിരുന്നു. തുടർന്ന് 1602 ൽ  ജഹാംഗീർ ചക്രവർത്തിയുടെ കാലത്തുണ്ടായ അപകടത്തിൽ പള്ളിക്ക് സാരമായ കേടുപാടുകൾ സംഭവിക്കുമായും പതിനേഴ് വർഷത്തെ ദീർഘ കാലയളവിൽ മലിക് ഹൈദറിന്റെ കീഴിൽ പുനർനിർമ്മിക്കുകയും ചെയ്തു. പിന്നാലെ 1674 ൽ മറ്റൊരു തീപിടുത്തത്തിന് ശേഷം ഇന്ന് കാണുന്ന രീതിയിലേക്ക് പള്ളി പരിഷ്കരിച്ചത് മുഗൾ രാജാവ് ഔറംഗസിബായിരുന്നു. അതുപോലെ കശ്മീരിലെ സിഖ് ഭരണ കാലത്തും (1752-1819) ദോഗ്ര കാലത്തും പള്ളി പലതവണകളായി പുനർനിർമാണങ്ങൾ നടന്നിട്ടുണ്ട്.

അഞ്ചുമനെ ഔഖാഫ് ജാമിഅയാണ് (അഅഖ) ഇന്ന് പള്ളി പരിപാലിച്ച് കൊണ്ടിരിക്കുന്നത്. കശ്മീർ കാണാനെത്തുന്ന സഞ്ചാരികൾക്ക് വേറിട്ട അനുഭവം സമ്മാനിക്കുന്ന ഒരു പുരാതന സൃഷ്ടിയായി ഇന്നും ജാമിഅ തിളങ്ങി നിൽക്കുന്നു.

Related Articles