Current Date

Search
Close this search box.
Search
Close this search box.

ഹസന്‍ ബസ്വരി -3

വിജ്ഞാനവും തത്വവും കൊണ്ട് നിബിഡമായ എണ്‍പത് വര്‍ഷങ്ങള്‍ ഹസന്‍ ബസ്വരി ജീവിച്ചു. വര്‍ഷങ്ങളോളം ഹൃദയങ്ങള്‍ക്ക് വസന്തമായി അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ തലമുറകള്‍ക്കിടയില്‍ നിലകൊണ്ടുവെന്നത് തന്നെ അദ്ദേഹത്തിന്റെ മഹത്വം വിളിച്ചോതുന്നു. ഹൃദയങ്ങളെ പിടിച്ച് കുലുക്കുന്ന, കണ്ണീരൊലിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വസ്വിയ്യത്തുകള്‍. അശ്രദ്ധരായി ജീവിച്ച് കൊണ്ടിരിക്കുന്നവരെ ഉണര്‍ത്താനും, ജനങ്ങള്‍ക്ക് മുന്നില്‍ നേര്‍മാര്‍ഗം സമര്‍പിക്കുന്നതിനും ഉതകുന്നതായിരുന്നു അവ. ഇഹലോകത്തെയും അതിന്റെ അവസ്ഥയെയും കുറിച്ച് ചോദിച്ചയാള്‍ക്ക് അദ്ദേഹം നല്‍കിയ മറുപടി അവയില്‍ പെടുന്നു.
നീ ഇഹ-പരലോകങ്ങളെക്കുറിച്ച് എന്നോട് ചോദിക്കുന്നു! ഇഹ-പരലോകങ്ങളുടെ ഉദാഹരണം കിഴക്കും പടിഞ്ഞാറും പോലെയാണ്. അവയിലേതെങ്കിലും ഒന്നിനോട് നീ അടുക്കുന്നതിനനുസരിച്ച് മറ്റേതില്‍ നിന്ന് അകന്ന് കൊണ്ടേയിരിക്കും.
ഈ വീടിനെ വര്‍ണിക്കണമെന്നാണോ നീ ആവശ്യപ്പെടുന്നത്! ഇഹലോകമെന്നത് ആദ്യം പ്രയാസവും അവസാനം നാശവുമായ സങ്കേതമാണ്. അതിലെ ഹലാലുകളില്‍ വിചാരണയും, ഹറാമുകളില്‍ ശിക്ഷയുമുണ്ട്. അതില്‍ ഐശ്വര്യവാനായവന്‍ പരീക്ഷിക്കപ്പെടുകയും, ദരിദ്രനായവന്‍ ദുഖിക്കുകയും ചെയ്യുന്നു.

മറ്റൊരിക്കല്‍ ഒരാള്‍ ഹസന്‍ ബസ്വരിയോട് അദ്ദേഹത്തിന്റെയും മറ്റ് ജനങ്ങളുടെയും അവസ്ഥകളെക്കുറിച്ച് ചോദിച്ചു. അദ്ദേഹം പറഞ്ഞു. നമുക്ക് നാശം… നാം നമ്മെക്കൊണ്ട് എന്തൊക്കെയാണ് പ്രവര്‍ത്തിച്ചിരിക്കുന്നത്. നാം നമ്മുടെ ദീനിനെ ശോഷിപ്പിക്കുകയും, ദുന്‍യാവിനെ തടിപ്പിക്കുകയും ചെയ്തു. സ്വഭാവം നുരുമ്പുകയും വസ്ത്രങ്ങളും, വിരുപ്പുകളും പുതുങ്ങുകയും ചെയ്തു. ഇടത് ഭാഗത്തേക്ക് ചെരിഞ്ഞിരുന്ന് തന്റേതല്ലാത്ത സമ്പത്ത് അപഹരിച്ച് തിന്നുന്നു. അവന്റെ ഭക്ഷണം നിഷിദ്ധമാണ്. അവന് ലഭിക്കുന്ന സേവനം ബലപ്രയോഗത്തിലൂടെ നേടിയതാണ്. പുളിപ്പുള്ളതിന് ശേഷം മധുരവും, തണുപ്പിന് ശേഷം ചൂടും, ഉണങ്ങിയതിന് ശേഷം നനുത്തതും അവന്‍ മാറിമാറി തിന്നും കുടിച്ചും കൊണ്ടേയിരിക്കുന്നു. ഒടുവില്‍ വയറ് നിറഞ്ഞതിന് ശേഷം പ്രയാസവും ദഹനക്കേടും അനുഭവപ്പെടുമ്പോള്‍ അവന്‍ പരിചാരകനെ വിളിക്കുന്നു.
‘ഏയ്, ഭക്ഷണം ദഹിപ്പിക്കാന്‍ വല്ലതും കൊണ്ട് വാ…’
അല്ലയോ വിഢ്ഢീ,  അല്ലാഹുവാണ, നീ നിന്റെ ദീനിനെയാണ് ദഹിപ്പിക്കുന്നത്.’
പട്ടിണി കിടക്കുന്ന അയല്‍വാസിയെ നീ ഓര്‍ത്തിട്ടുണ്ടോ? വിശന്ന് വലഞ്ഞ് ജീവിക്കുന്ന സമൂഹത്തിലെ അനാഥകളെക്കുറിച്ച് നീ ചിന്തിച്ചിട്ടുണ്ടോ? നിന്നിലേക്ക് പ്രതീക്ഷയോടെ നോക്കിയിരുന്ന അഗതികളെവിടെയാണ്? അല്ലാഹു താങ്കളെ ഉപദേശിച്ചവയൊക്കെയുമെവിടെ?
ഏതാനും എണ്ണമാണ് നീയെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ!ഓരോ ദിവസവും സൂര്യന്‍ അസ്തമിക്കുന്നതോടെ നിന്റെ എണ്ണം കുറഞ്ഞുകൊണ്ടേയിരിക്കുന്നു. നിന്റെ ചില ഭാഗങ്ങള്‍ അതിനോട് കൂടി കഴിഞ്ഞുപോകുന്നു.
ഹിജ്‌റ 120-ല്‍ റജബിലെ ആദ്യ വെള്ളിയാഴ്ച രാവില്‍ ഹസന്‍ ബസ്വരി തന്റെ നാഥന്റെ വിളിക്കുത്തരം നല്‍കി യാത്രയായി. പ്രഭാതം പുലര്‍ന്നപ്പോഴാണ് ആ ദുരന്തവാര്‍ത്ത ബസ്വറക്കാര്‍ അറിഞ്ഞത്. ബസ്വറയെ പിടിച്ച് കുലുക്കിയ വിയോഗമായിരുന്നു അദ്ദേഹത്തിന്റേത്. തന്റെ ജീവിതകാലം മുഴുവന്‍ പണ്ഡിതനും വിദ്യാര്‍ത്ഥിയുമായി കഴിച്ച് കൂട്ടിയ അതേ പള്ളിയില്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ മേല്‍ നമസ്‌കരിച്ചത്. ജനനിബിഡമായിരുന്നു അദ്ദേഹത്തിന്റെ ജനാസ. ബസ്വറയിലെ പള്ളിയില്‍ അസ്വര്‍ നമസ്‌കാരം ജമാഅത്തായി നടക്കാതിരുന്ന ഒരേയൊരു ദിവസം അന്നായിരുന്നു. കാരണം നമസ്‌കരിക്കാന്‍ അവിടെ ആരുമുണ്ടായിരുന്നില്ല. എല്ലാവരും ഹസന്‍ ബസ്വരിയുടെ ജനാസയുടെ കൂടെയായിരുന്നു. ബസ്വറ പള്ളിയുടെ ചരിത്രത്തില്‍ ആദ്യവും, അവസാനവുമായി അസ്വര്‍ നമസ്‌കാരം ജമാഅത്തായി നടക്കാതെ പോയത് ഹസന്‍ ബസ്വരിയുടെ വിയോഗദിനമായിരുന്നു.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles