Current Date

Search
Close this search box.
Search
Close this search box.

രാജകുമാരനും മന്ത്രിയും

ഉമര്‍ ബിന്‍ അബ്ദില്‍ അസീസിന്റെ മന്ത്രിയും ന്യായാധിപനും കൂടിയാലോചകനുമായ മൈമൂന്‍ ബിന്‍ മഹ്‌റാന്‍ പറയുന്നു: ഒരിക്കല്‍ ഞാന്‍ ഉമര്‍ ബിന്‍ അബ്ദില്‍ അസീസിന്റെ സവിധത്തിലെത്തിയപ്പോള്‍, അദ്ദേഹം പുത്രന്‍ അബ്ദുല്‍ മലികിനെ ഉപദേശിച്ചും, ഗുണദോഷിച്ചും, അപകടങ്ങളെ സംബന്ധിച്ച് ഓര്‍മ്മപ്പെടുത്തിയും, ആലോകനം ചെയ്തും, കത്തെഴുതുകയായിരുന്നു. അതില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങിനെയായിരുന്നു: ‘ബിസ്മിഹംദ്‌സ്വലാത്ത്‌സലാമുകള്‍ക്ക് ശേഷം. നീയാണ് എന്നെ ശരിക്കും പഠിച്ചതും എന്റെ വാക്കുകള്‍ ഗ്രഹിച്ചതും. അല്ലാഹു (അവനത്രെ സ്തുതികള്‍) തൂണിലും തുരുമ്പിലും നമുക്ക് അനുഗ്രഹം ചൊരിഞ്ഞു. കുഞ്ഞുമോനേ, നിനക്കും നിന്റെ പിതാവിനും അല്ലാഹു നല്‍കിയ ഔദാര്യം ഓര്‍മിക്കുക. അഹന്തയും അമിതത്വവും സൂക്ഷിക്കുക, അത് ചെകുത്താന്റെ കര്‍മമാണ്. അവന്‍ വിശ്വാസികളുടെ വെളിപ്പെട്ട ശത്രുവാണ്. നിന്റെ എന്തെങ്കിലും വിവരം അിറഞ്ഞത് കൊണ്ടല്ല ഈ കത്ത് എഴുതേണ്ടി വന്നത്. നിന്നെ സംബന്ധിച്ച് നല്ലതല്ലാതെ ഞാന്‍ അറിഞ്ഞിട്ടില്ല. പക്ഷെ, നീ സ്വയം സംതൃപ്തനാണെന്ന വിശേഷം ഞാന്‍ മനസ്സിലാക്കുന്നു. ഈ സംതൃപ്തി എനിക്ക് ഇഷ്ടമില്ലാത്തതിലേക്ക് നിന്നെ എത്തിക്കുമെങ്കില്‍, നിനക്ക് ഇഷ്ടമില്ലാത്തത് എന്നില്‍ നിന്നും നീ കാണേണ്ടി വരും’.

മൈമൂന്‍ പറയുന്നു: ഉമര്‍ എന്റെ നേരെ തിരിഞ്ഞു പറഞ്ഞു. ‘മൈമൂനേ, എന്റെ പുത്രന്‍ അബ്ദുല്‍ മലിക് എന്റെ കണ്ണിന്റെ അലങ്കാരമാണ്. അവന്റെ വിഷയത്തില്‍ ഞാന്‍ തെറ്റിദ്ധരിച്ചിരിക്കുകയാണ്. അവനോടുള്ള സ്‌നേഹം എന്റെ ബോധത്തെ അതിജയിക്കുമെന്ന് ഞാന്‍ ഭയക്കുന്നു. മക്കളുടെ ന്യൂനതകള്‍ കാണാതിരിക്കുന്ന പിതൃസവിശേഷതകള്‍ എന്നെയും പിടികൂടിയിരിക്കുന്നു. നീ അവന്റെ അടുക്കലേക്ക് പോവുക, യാഥാര്‍ത്ഥ്യം അന്വേഷിച്ചറിയുക. വമ്പോ അഹങ്കാരമോ പോലുള്ളത് വല്ലതും ഉണ്ടോയെന്ന് നോക്കുക. അവന്‍ നവയൗവ്വനത്തിലാണ്. അവന്റെ മേല്‍ പിശാചിനെ ഞാന്‍ ഭയക്കാതിരിക്കുന്നില്ല’.

ഉമര്‍ ബിന്‍ അബ്ദില്‍ അസീസിന്റെ മന്ത്രി മൈമൂന്‍ പറയുന്നു: ഞാന്‍ യാത്ര ചെയ്ത് ഖലീഫയുടെ പുത്രന്‍ അബ്ദില്‍ മലികിന്റ അടുത്തെത്തി. അനുവാദം തേടി ഉള്ളില്‍ കടന്നു. നിറയൗവ്വനത്തില്‍…… ചെറുപ്പത്തിന്റെ പ്രസരിപ്പില്‍…… കൗതുകമുണര്‍ത്തിക്കൊണ്ട്……. വിനയാന്വിതനായി.. തോല്‍വിരിപ്പിലെ ശുഭ്രശയ്യയില്‍ ഒരു യുവാവ് ഉപവിഷ്ടനായിരിക്കുന്നു. സ്വാഗതമോതിക്കൊണ്ട് അദ്ദേഹം എന്നോട് പറഞ്ഞു: എന്റെ പിതാവ് പറഞ്ഞിട്ടുണ്ട് അദ്ദേഹത്തിന് ലഭിച്ച നന്മയാണ് താങ്കളെന്ന്, അല്ലാഹു താങ്കളിലൂടെ അദ്ദേഹത്തിന് നന്മയേകട്ടെ.
മൈമൂന്‍: താങ്കള്‍ക്ക് എന്താണ് വിശേഷം?
അബ്ദുല്‍ മലിക്: അല്ലാഹുവിന്റെ അനുഗ്രഹം. പക്ഷെ, എന്റെ പിതാവ് എന്നെ സംബന്ധിച്ച് പുലര്‍ത്തുന്ന സദ്ഭാവനകള്‍ എനിക്ക് വിനയായേക്കാം എന്ന് പേടിയുണ്ട്. അദ്ദേഹം പ്രതീക്ഷിക്കുന്ന വിതാനത്തില്‍ എത്താന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. എന്നോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം ബോധത്തെ കവച്ചു വെക്കുമെന്ന് ഞാന്‍ ഭയക്കുന്നു, അങ്ങിനെയെങ്കില്‍ ഞാന്‍ അദ്ദേഹത്തിന് ആപത്താകും.
മൈമൂന്‍ പറഞ്ഞു രണ്ടാളുടേയും ധാരണകളുടെ ഒരുമയില്‍ ഞാന്‍ അത്ഭുതം കൂറി. ഞാന്‍ ചോദിച്ചു: ജീവിതച്ചെലവ് എങ്ങനെയാണ്?
അബ്ദുല്‍ മലിക്: അനന്തരമായി കിട്ടിയ മണ്ണ് അവകാശികളില്‍ നിന്നും വിലക്ക് വാങ്ങി, യാതൊരു സംശയത്തിനും സാധ്യതയില്ലാത്ത സമ്പത്ത് അതിനു വിലയായി നല്‍കി. അതിനാല്‍ ഖജനാവിലെ വിഹിതം വാങ്ങേണ്ടി വന്നില്ല.
മൈമൂന്‍: ഭക്ഷണം എങ്ങിനെയാണ്?
അബ്ദുല്‍ മലിക്: ഒരു രാത്രി ഇറച്ചി, പിന്നെ കടലയും എണ്ണയും, മറ്റൊരിക്കല്‍ സുര്‍ക്കയും എണ്ണയും. അത്രയൊക്കെ മതിയല്ലോ.
മൈമൂന്‍: സ്വയം മതിപ്പ് തോന്നുന്നാറുണ്ടോ?
അബ്ദുല്‍ മലിക്: കുറച്ചൊക്കെയുണ്ട്, ഉപദേശിക്കുമ്പോള്‍ പിതാവ് എന്റെ യഥാര്‍ത്ഥ നില കാണിച്ചു തരും, എന്നെ ചെറുതാക്കി കാണിക്കും, എന്നെ സംബന്ധിച്ചുള്ള എന്റെ നിലപാടുകള്‍ നിലവാരം കുറഞ്ഞതാണെന്ന് സമര്‍ത്ഥിക്കും. അല്ലാഹു അതെനിക്ക് ഫലവത്താക്കി തന്നു. അല്ലാഹു പിതാവിന് നന്മയേകട്ടെ.

മൈമൂന്‍ പറഞ്ഞു കൂറേ സമയം ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചും വര്‍ത്തമാനം ആസ്വദിച്ചും ഇരുന്നു. അനുഭവ സമ്പത്തില്ലാത്ത ചെറുപ്പക്കാരില്‍ ഇത്രയേറെ സുമുഖ വദനനും കൂര്‍മശാലിയും സംസ്‌കൃതനുമായ മറ്റൊരാളെ ഞാന്‍കണ്ടിട്ടേയില്ല. പകലിന്റെ ഒടുക്കത്തില്‍ ഒരു തൊഴിലാളി വന്നു പറഞ്ഞു: അല്ലാഹു താങ്കളില്‍ ഗുണമേകട്ടെ, ഞങ്ങള്‍ വിരമിച്ചു. അദ്ദേഹം മൗനമവലംബിച്ചു. ഞാന്‍ ചോദിച്ചു: എന്തില്‍ നിന്നാണ് അവര്‍ വിരമിച്ചത്.
അബ്ദുല്‍ മലിക്: കുളിപ്പുര
മൈമൂന്‍: എങ്ങിനെ?
അബ്ദുല്‍ മലിക്: ജന സമ്പര്‍ക്കത്തില്‍ നിന്നും അവര്‍ എനിക്ക് മോചനം നല്‍കി.
മൈമൂന്‍: ഇത് കേള്‍ക്കുന്നത് വരെ താങ്കളെ എനിക്ക് മതിപ്പായിരുന്നു.
ഭയാക്രാന്തനായി, ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍ (നാം അല്ലാഹുവിന്റേതാണ്, അവങ്കലേക്ക് മടങ്ങേണ്ടവരാണ്) എന്ന് അരുളിക്കൊണ്ട് അബ്ദുല്‍ മലിക് പറഞ്ഞു: അല്ലാഹു താങ്കളില്‍ കരുണയേകട്ടെ, അതിനെന്താണ് എളാപ്പാ?
മൈമൂന്‍: കുളിപ്പുര, താങ്കള്‍ക്കോ?
അബ്ദുല്‍ മലിക്: അല്ല.
മൈമൂന്‍: പിന്നെന്തേ അതില്‍ ജനങ്ങളെ പ്രവേശിപ്പിക്കുന്നില്ല? താങ്കള്‍ അവരേക്കാള്‍ മഹത്വം കല്‍പിക്കുന്നത് പോലെ? കൂടാതെ കുളിപ്പുര ഉടമയുടെ ദൈനംദിന വരുമാനം ഇല്ലാതാക്കുന്നു, അവിടെ വരുന്നവരെ നിസ്സാരക്കാരായി ഗണിക്കുന്നു.
അബ്ദുല്‍ മലിക്: കുളിപ്പുര ഉടമയ്ക്ക് തൃപ്തിയായത് ഞാന്‍ നല്‍കുന്നുണ്ട്.
മൈമൂന്‍: അഹങ്കാരത്തിന്റെ കലര്‍പ്പുള്ള അമിതവ്യയമാണിത്. ജനങ്ങളോടൊപ്പം അവിടെ കടക്കാന്‍ താങ്കള്‍ക്ക് എന്താണ് തടസ്സം? താങ്കള്‍ അവരെ പോലെയല്ലേ?
അബ്ദുല്‍ മലിക്: ചില അധസ്ഥിതര്‍ തുണി ഉടുക്കാതെ അവിടേക്ക് വരാറുണ്ട്, നഗ്നത കാണാന്‍ ഇഷ്ടമല്ലാത്തത് കൊണ്ടാണ്. വസ്ത്രം അഴിക്കുന്നതിനെ സംബന്ധിച്ച് അവരെ ഉണര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, അധികാരത്തിന്റെ ഗര്‍വ്വ് കൊണ്ടാണ് ഞാനത് ചെയ്തതെന്ന് അവര്‍ ധരിച്ചേക്കാം അനുകൂലമായിട്ടും പ്രതികൂലമായിട്ടും അധികാരം എന്നെ സ്വാധീനിക്കരുതെന്ന് ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നതാണ്. കൊള്ളാവുന്ന ഉപദേശം നല്‍കിയാലും, ഇതിന് ഒരു പരിഹാരം നിര്‍ദേശിച്ചാലും, അല്ലാഹു താങ്കള്‍ക്ക് കരുണയേകട്ടെ.
മൈമൂന്‍: വൈകുന്നേരം ജനങ്ങള്‍ കുളിപ്പുരകളില്‍ നിന്നും പോകുന്നത് വരെ കാത്തുനില്‍ക്കുക, അതിനു ശേഷം കടക്കുക.
അബ്ദുല്‍ മലിക്: തീര്‍ച്ചയായും ഇനി മുതല്‍ പകല്‍ ഒരിക്കലും ഞാന്‍ അവിടെ കടക്കുകയില്ല. ഇന്നാട്ടിലെ കടുത്ത തണുപ്പ് ഇല്ലായിരുന്നെങ്കില്‍ പകല്‍ അവിടേക്ക് പ്രവേശിക്കുമായിരുന്നേയില്ല.
എന്തോ ചിന്തയിലെന്നപോല്‍ അല്‍പ നേരം കുനിഞ്ഞിരുന്നു, പിന്നീട് തലയുയര്‍ത്തി മൈമൂനോട് പറഞ്ഞു: സത്യമായും ഈ സംഭവം എന്റെ ഉപ്പായെ അറിയിക്കരുത്, അദ്ദേഹം പിണങ്ങുന്നത് എനിക്കിഷ്ടമല്ല, അദ്ദേഹത്തിന്റെ തൃപ്തിയില്ലാതെ മരിക്കേണ്ടി വരുമെന്ന് ഞാന്‍ ആശങ്കിക്കുന്നു.
മൈമൂന്‍ പറയുന്നു, അദ്ദേഹത്തിന്റെ ബുദ്ധി പരിശോധിക്കാനായി ഞാന്‍ പറഞ്ഞു: അരുതാത്തത് എന്തെങ്കിലും നിന്നില്‍നിന്നും ദര്‍ശിച്ചുവോയെന്ന് അമീറുല്‍ മുഅ്മിനീന്‍ ചോദിച്ചാല്‍ ഞാന്‍ കളവ് പറയണമെന്നാണോ?
അബ്ദുല്‍ മലിക്: വേണ്ടാ…., അല്ലാഹുവില്‍ അഭയം, പക്ഷെ, താങ്കള്‍ അദ്ദേഹത്തോട് പറയൂ ‘ഒരു പ്രശ്‌നം കണ്ടിരുന്നു, ഉപദേശിക്കുകയും ഗുരുതരമായ അപരാധമായി കാണിച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്, എത്രയും വേഗത്തില്‍ അതില്‍ നിന്നും അവന്‍ മടങ്ങുന്നതാണ് എന്ന്. പരസ്യപ്പെടുത്താത്തത് അദ്ദേഹം താങ്കളോട് ചോദിക്കുകയില്ല. രഹസ്യം പരതേണ്ടി വരുന്നതില്‍ നിന്നും അദ്ദേഹം അല്ലാഹുവിനോട് ശരണം തേടിയിട്ടുണ്ട്.
മൈമൂന്‍ പറയുന്നു, ഇവരെ പോലുള്ള പിതാവിനെയും പുത്രനേയും ഞാന്‍ കണ്ടിട്ടേയില്ല. അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ.

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

ഉമര്‍ ബിന്‍ അബ്ദില്‍ അസീസ് – 1
ഉമര്‍ ബിന്‍ അബ്ദില്‍ അസീസ് – 2

Related Articles